Wednesday, January 31, 2007

ഒരു മുലപ്പാല്‍ ചിന്ത

Click here to download the PDF version of this post

അടുക്കളഭാഗത്തെ ലൈറ്റഞ്ഞപ്പോള്‍, പേപ്പര്‍ ചുരുട്ടികൂട്ടിയുണ്ടാക്കിയ താത്കാലികആഷ്‌ട്രേയില്‍ പാതി വലിച്ചു തീര്‍ന്ന സിഗരറ്റ് കുത്തികെടുത്തി, മതിലിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, നരന്‍ സായയെ കാ‍ത്തിരുന്നു.

സാധാരണയായ് വീട്ടിലിരുന്ന് വലിക്കാത്തതാണ്. മാളുവിന്‍‌റ്റെ മുന്നില്‍ ആരും സിഗററ്റ് വലിക്കുന്നത് സായക്കിഷ്ടമല്ല. താന്‍ വലിക്കുന്നതേ അവള്‍ക്കത്ര പഥ്യമുള്ള സംഗതിയല്ല. പിന്നെ അതിരു വിടാതിടത്തോളം കാലം, തന്‍‌റ്റെ കുടി-വലി ദുശ്ശീലങ്ങളില്‍ ഇടപെടില്ല എന്ന് കല്യാണത്തിനു മുന്നേ തന്ന ഒരു വാക്കിന്‍‌റ്റെ പുറത്ത് പ്രതിഷേധിക്കാറില്ല എന്നു മാത്രം. അവളെ ശല്യം ചെയ്യാത്ത രീതിയില്‍ ദുശ്ശീലങ്ങളെ നിയന്ത്രിക്കാന്‍ താന്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷെ ഊണ് കഴിഞ്ഞൊരു വലി, പതിവിലും നീളം കൂടിയ ഈ പ്രവര്‍ത്തിദിനത്തില്‍ ആവശ്യമാണെന്നു തോന്നി. ക്ലൈന്റുമായുള്ള ടെലികോള്‍ വിചാരിച്ചതിലേറെ നേരമെടുത്തതിനാല്‍, ഇന്ന് പതിവിലും നേരത്തെ ഓഫീസിലിരിക്കേണ്ടി വന്ന സായയെ പിക്കപ്പ് ചെയ്യാനും പറ്റിയില്ല. അതു കൊണ്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തൊരു തെളിച്ചക്കുറവ്. എന്തായാലും അവള്‍ വരട്ടെ, കിട്ടാനുള്ളത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ!

നിമിഷങ്ങള്‍ കഴിഞ്ഞിട്ടും സായ ഒന്നും മിണ്ടാതെയിരിക്കുകയാണെന്ന തിരിച്ചറിവ് നരനെ അസ്വസ്ഥനാക്കി. പണി തീര്‍ത്ത് വന്ന മുതല്‍ അവള്‍ ചൂരലൂഞ്ഞാലില്‍ എന്തോ ചിന്തിച്ചിരിക്കുകയാണ്. തന്നോടുള്ള പിണക്കമാണ് കാരണമെങ്കില്‍ സംസാ‍രം തുടങ്ങേണ്ട സമയം കഴിഞ്ഞു. ഇത് വേറെന്തോ സംഗതിയായിരിക്കണം. താന്‍ തന്നെ മുന്‍‌കൈ എടുത്ത് ചോദിക്കുകയാണ് നല്ലതെന്ന് നരന് തോന്നി.
"സായാസേ, എന്തു പറ്റിയടോ തനിക്ക്? ആകെ ഒരു മിണ്ടാട്ടമില്ലാതെ...?"
ഒരു ദീര്‍ഘനിശ്വാസമായിരുന്നു മറുപടി. തന്‍‌റ്റെ ചോദ്യം അവള്‍ കേട്ടുവെന്നും മറുപടിയ്ക്കായ് അവള്‍ വാക്കുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്നും തോന്നിയതിനാല്‍ നരന്‍ മൌനവലംബിച്ചു.

ഇത്തിരി നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കു ശേഷം സായ നരനോട് ചോദിച്ചു.
"നമ്മള്‍ മാളുവിനെ വളര്‍ത്തുന്ന രീതി ശരിയാണോ നരാ...?"
തികച്ചു അപ്രതീക്ഷിതമായ ആ ചോദ്യം നരന് മനസ്സിലായില്ല. അതു കണ്ടറിഞ്ഞ സായ തുടര്‍ന്നു.
"നമ്മളവള്‍ക്ക് കൊടുക്കുന്ന അറിവുകള്‍, അവള്‍ക്കായ് ചിലവഴിക്കുന്ന സമയം, അവളുമായുള്ള സംസാരത്തിന്‍‌റ്റെ ദൈര്‍ഘ്യം എല്ലാം ... എല്ലാത്തിനെയും കുറിച്ച് വീണ്ടും നമ്മളൊന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നെന്ന് എനിയ്ക്ക് തോന്നുന്നൂ നരാ..."
സായയുടെ വാക്കുകളിലെ പരിഭ്രമം നരന്‍ തിരിച്ചറിഞ്ഞു.
"എന്തേ ഇപ്പോള്‍ നീ ഇങ്ങനെയൊക്കെ ആലോചിക്കാന്‍?"
"ഇന്ന് മോള്‍ക്ക് ഊണ് കൊടുത്ത് കൊണ്ടിരിക്കുമ്പോള്‍ അവള്‍ വെറുതേ കുറേ കാര്യങ്ങള്‍ പറഞ്ഞു. സ്കൂളിലെ വിശേഷങ്ങള്‍‍, അവള്‍ വലുതായാല്‍ എന്താവും, എന്തൊക്കെ ചെയ്യും........ ചെറിയമ്മയെ കൂട്ടി ഗുരുവായൂരില്‍ പോയി കുന്നിക്കുരുവെറ്റി കളിക്കും, അമ്മൂമ്മേനേം വല്യച്ഛനേം നല്ലോണം നോക്കും, അവര്‍ക്കു പഞ്ചസ്സാര ഇട്ട ചായ കൊടുക്കും, അവളുടെ ആയയ്ക്ക് ചുരിദാര്‍ വാങ്ങി കൊടുക്കും, നന്ദുവേട്ടനെ പോലെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കും അങ്ങനെ കുറേയേറെ കാര്യങ്ങള്‍"
"അതിനെന്താ.. അവള്‍ അങ്ങനെ ഒക്കെ ആലോചിക്കുന്നത് നല്ലതല്ലേ?"
"അതെ നരാ... നല്ലതാണ്... പക്ഷെ ഒരുപാട് വേദനയോടെ ഞാന്‍ മനസ്സിലാക്കിയത് അവളുടെ ആലോചനകളില്‍ നമ്മളില്ല എന്ന സത്യമാണ്.. ! അവള്‍ പറഞ്ഞ അവളുടെ നാളെകളില്‍ അവള്‍ നമ്മളെ ചേര്‍ക്കുന്നില്ല... തീരെ... തീരെയില്ല!! അതെന്നെ വേദനിപ്പിക്കുന്നു.. എന്നെ ഭയപ്പെടുത്തുന്നു നരാ ‍!!!"
സായ മെല്ലെ എണീറ്റ് നരന്‍‌റ്റെ അടുത്തേക്ക് വന്നു, അവന്‍‌റ്റെ അരികില്‍ ഇരുന്ന്, തോളില്‍ തല ചായ്ച്ചു.

"അവള്‍ക്കായ് നാം കണ്ടെത്തുന്ന സമയം കൂട്ടണമെന്ന് കരുതി ഞാനിരിക്കെ, മാളു ഇന്നു നടന്ന ഒരു സംഭവം കൂടി പറഞ്ഞു."
"എന്തു സംഭവം?"
മാളു പറഞ്ഞത് ഓര്‍ത്തെടുത്തു കൊണ്ട് സായ തുടര്‍ന്നു.
"ഇന്നും ഇന്നലെയും ഞാന്‍ ഓഫീസില്‍ നിന്ന് വരാന്‍ വൈകിയല്ലോ. ഇന്നലെ നരനുണ്ടായിരുന്നു. ഇന്നു നരനും തിരക്കായ് പോയി. അമ്മയ്ക്ക് കാലിലെ ആ വേദന ഇത്തിരി കൂടുതലായിരുന്നത് കൊണ്ട് അവളെ ഇന്നു പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയില്ല. അതിനാല്‍ അവളും അമ്മയും ഗെയിറ്റിന്റടുത്ത് ഇരുന്ന്, വിമല്‍ കൊണ്ടു കൊടുത്ത ആ കാറില്ലേ, അതും ഉരുട്ടി കളിക്കുകയായിരുന്നു."
"എന്നീട്ട്..?"
"അപ്പോള്‍ ഒരു മുസ്ലീം സ്ത്രീ വന്നത്രേ... കറുത്ത പര്‍ദ്ദയൊക്കെയിട്ട്..മുഖം മാത്രം കാണിച്ചു കൊണ്ട്... "
നരന്‍ മൂളി കൊണ്ടിരുന്നു.
"സക്കാത്തും ചോദിച്ചാണ് അവര്‍ വന്നത്... അമ്മയുമായ് എന്തോക്കെയോ അവര്‍ സംസാരിക്കുകയും ചെയ്തു. അവരുടെ മക്കളെ പറ്റിയും, മക്കള്‍ അവരെ നോക്കത്തതിനെ പറ്റിയുമൊക്കെ...കുറച്ച് മാളുവിന് മനസ്സിലായി, കുറേ മനസ്സിലായതുമില്ലത്രേ."
സായ ഒന്നു പറഞ്ഞു നിര്‍ത്തി, പിന്നേയും തുടര്‍ന്നു
"പിന്നെ അവള്‍ എന്നോട് ചോദിച്ചു..."
സായ പിന്നെയും ഒന്നു നിര്‍ത്തി. ഇക്കുറി ഇടവേള നിമിഷങ്ങള്‍ പിന്നിട്ടു.
"ഇതു പറഞ്ഞു കഴിഞ്ഞ് മാളു ചോദിച്ചു, എന്തിനാ അമ്മേ നമ്മള്‍ മുസ്ലീങ്ങള്‍ക്ക് പൈസ കൊടുക്കുന്നതെന്ന്? അവളുടെ ചോദ്യം കേട്ട് ഞാന്‍ അന്തിച്ച് പോയി."
അത് നരനേയും ചിന്തയിലാഴ്ത്തി. സായ തുടര്‍ന്നു.

"മതങ്ങളേയും മനുഷ്യരേയും പറ്റി അങ്ങനെ ഒരു കാഴ്ച്ചപ്പാട് അവള്‍ക്ക് കൊടുക്കാതിരിക്കാന്‍ നമ്മള്‍ നന്നേ ശ്രമിച്ചിട്ടില്ലേ നരാ... ഓണവും കൃസ്തുമസ്സും റംസാനും ഒക്കെ നമ്മള്‍ ആഘോഷിക്കാറില്ലേ? അമ്പലത്തിലും പള്ളിയിലും നമ്മള്‍ അവളെ കൊണ്ടുപോയിട്ടില്ലേ? പിന്നെ അവള്‍ക്ക് എവിടുന്ന് കിട്ടി ഈ വേര്‍തിരിവിന്‍‌റ്റെ കാഴ്ച്ചപ്പാട് ?"
സായ വിഷമത്തോടെ ചോദിച്ചു. നരന്‍ അവളെ ആശ്വസിപ്പിക്കാനായ് പറഞ്ഞു.
"സ്കൂളില്‍ വെച്ച് ആരെങ്കിലും പറഞ്ഞ് കേട്ടതാവും... അല്ലെങ്കില്‍ ഏതെങ്കിലും ടിവി പരിപാടിയില്‍ നിന്നാവാം. ഇന്നത്തെ കുട്ടികള്‍ പൊതുവേ ഇങ്ങനെയാ, ചെറിയ കാര്യങ്ങള്‍ വരെ വളരെ പെട്ടന്ന് പിടിച്ചെടുക്കും. നീ അതത്ര കാര്യമാക്കേണ്ട സായാ..."
"ശരിയായിരിക്കാം നരാ... പക്ഷെ...."
സായയുടെ വാക്കുകള്‍ ഇടറി.
നരന്‍ അവളെ തന്നിലേക്ക് ചേര്‍ത്തണച്ചു. അവള്‍ അവനോട് പറ്റിയിരുന്നു.
"നമ്മുടെ മോളുടെ ചിന്തകള്‍ നമ്മളറിയാതെ പോകരുത്. അവളുടെ വര്‍ത്തമാനത്തിലും ഭാവിയിലും നമ്മളുണ്ടാവണം. നമ്മള്‍ അവള്‍ക്കായ് കൂടുതല്‍ സമയം കണ്ടെത്തണം നരാ... ഇനിയും കൂടുതല്‍ ..."
നരന്‍ അവളെ സമാധാനിപ്പിച്ചു.
"കണ്ടെത്താം സായാ... കണ്ടെത്താം... നമുക്കൊരു രണ്ട്മൂന്ന് ദിവസത്തെ ബ്രേക്കെടുക്കാം, എങ്ങൊട്ടെങ്കിലും ഒരു യാത്ര പോകാം... നമ്മള്‍ മൂന്നു പേരും മാത്രം മതി... നമുക്കായ് മാത്രമുള്ള ഒരു യാത്ര...."
സായയുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിയുന്നത് കൌതുകത്തോടെ നരന്‍ കണ്ടു. അവന്‍ അവളെ കൂടുതല്‍ മുറുക്കത്തോടെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
"എന്നീട്ട് മോളുടെ ചോദ്യത്തിന് എന്തുത്തരം കൊടുത്തുവെന്ന് നീ പറഞ്ഞില്ല."
"ഞാന്‍ കൊടുത്ത ഉത്തരം അവള്‍ക്കു മനസ്സിലായോ എന്നെനിക്കറിയില്ല നരാ.. പക്ഷെ ഞാന്‍ പറഞ്ഞത് കേട്ടതിന് ശേഷം അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല."
"എന്തേ നീ പറഞ്ഞത്?"
"ഞാന്‍ പറഞ്ഞു - എല്ലാ അമ്മിഞ്ഞകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന്!"
സായയുടെ ചുണ്ടിലെ മന്ദഹാസം നരനിലേക്കും പടര്‍ന്നു.

പര്യവസാനം:
നാളുകള്‍ക്ക് ശേഷം, നരന്‍ നേരത്തെ ഓഫീസില്‍ നിന്ന് വന്ന ഒരു ദിവസം.
മാളുവിന്‍‌റ്റെ സ്കൂള്‍ബാഗ് തുറന്ന് ടിഫിന്‍ബോക്സെടുത്തു കൊണ്ട് സായ ചോദിച്ചു.
“ഇന്നെന്താ മാളൂ നീ ഉച്ചയ്ക്കൊന്നും കഴിയ്ക്കാഞ്ഞേ?”
മാളു ഒന്നും മിണ്ടിയില്ല.
സായ ദേഷ്യം പിടിച്ചു കൊണ്ട് അവളുടെ അടുത്തേക്കു വന്നു.
വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വെച്ച്, അമ്മയുടെയും മകളുടെയും വഴക്ക് ദൂരെ നിന്നു കണ്ട് കൊണ്ട്, നരന്‍ കസേരയില്‍ തന്നെ ഇരുന്നു.
“എന്നു മുതലാ നീ ഈ സ്വഭാവം തുടങ്ങിയേ?”
അമ്മയുടെ ഭാവമാറ്റം കണ്ട് മാളു മുഖം താഴ്ത്തി പതുക്കെ പറഞ്ഞു.
“എനിക്കു കഴിക്കാന്‍ തോന്നിയില്ല.”
“അതെന്താ നിനക്ക് തോന്നഞ്ഞതെന്ന്? ഉച്ചയ്ക്ക് മുഴുവനും കഴിക്കണംന്ന് അമ്മ പറഞ്ഞിട്ടില്ലെ?”
സായയുടെ ദേഷ്യം വര്‍ദ്ധിച്ചു.
“സോറി അമ്മേ... ഞാന്‍ ലഞ്ച് ബ്രേക്കിന് കഴിക്കാന്‍ പോകാനിരുന്നതാ... പക്ഷെ എന്‍‌റ്റെ കൂടെ വരാന്‍ പറഞ്ഞപ്പോ റസീന വന്നില്ല....”
“അതെന്താ അവള്‍ വന്നാലെ നിനക്ക് കഴിക്കാന്‍ പറ്റുള്ളൊ?”
“അതല്ലമ്മേ.. അവള്‍ക്ക് നൊമ്പാണത്രേ... അവള്‍ ഒന്നും കഴിക്കാതിരിക്കുമ്പോ കഴിക്കാന്‍ എനിക്കു തോന്നിയില്ലാ... സോറി അമ്മേ...”
സായ ഒന്നും മിണ്ടാനാകാതെ നിന്നു.
മാളുവിന്‍‌റ്റെ കണ്ണുകളിലെ നനവ് തങ്ങളിലേക്കും പടരുന്നത് നരനും സായയും അറിഞ്ഞു.

മാളുവിനെ ഉറക്കിക്കിടത്തിയതിന് ശേഷം ഉമ്മറത്തേക്ക് വന്ന സായയോട് നരന്‍ പറഞ്ഞു.
“എല്ലാ മുലകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന് അവള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നു തോന്നുന്നു, അല്ലേ സായാ...?”
സായ ചിരിച്ചു.

------------------- ശുഭം -------------------

Thursday, January 25, 2007

കാക്കത്തൊള്ളായിരം കുന്നിക്കുരു-2

(ഒന്നാം ഭാഗം: http://chinthukal.blogspot.com/2007/01/1.html)

Click here to download the PDF version of this post

പിറ്റേന്ന് നരന്‍ നേരത്തെ ഓഫീസില്‍ നിന്നു വന്നു. പതിവിലും നേരത്തെ അത്താഴം കഴിച്ച് ഉമ്മറത്ത് വന്നിരുന്നു. സായ മോളെ ഉറക്കിക്കിടത്തി, അടുക്കളപ്പണിയെല്ലാം സാവധാനം തീര്‍ത്ത് ഉമ്മറത്തെത്തി, തൂണും ചാരിയിരിക്കുന്ന നരന്‍‌റ്റെ മടിയില്‍ കിടന്ന് പറഞ്ഞു തുടങ്ങി.

പിന്നീടവര്‍ ദിവസവും കാണുമായിരുന്നു. കോളേജില്‍ നിന്നിറങ്ങുമ്പോഴൊക്കെ അവളുടെ നോട്ടം അവന്‍‌റ്റെ പാന്‍ ഷോപ്പിലേക്ക് അറിയാതെ നീളും. അവിടെ സിഗററ്റും പുകച്ചിരിക്കുന്ന കോളേജ്‌കുമാരന്മാര്‍ ആ നോട്ടം തന്താങ്ങള്‍ക്കാണെന്നു പറഞ്ഞു കലഹിക്കും. ഈ സംഭവങ്ങളുടെയൊന്നും അര്‍ത്ഥമറിയാതെ അവന്‍ മിഴിച്ചിരിക്കും. ആ കൊല്ലം മുഴുവന്‍ ഈ സംഭവപരമ്പര തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവം വന്നു. അവള്‍ കഥാരചനയിലും കവിതാരചനയിലും പങ്കെടുത്തു. അയാള്‍ അവരുടെ കോളേജിന്‍‌റ്റെ നാടകം സംവിധാനം ചെയ്തു. അവള്‍ അവസാനദിവസം വരെ കാത്തിരുന്നു. സമാപനചടങ്ങുകള്‍ക്ക് പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിക്കാനായ് അവള് പുറത്തുപോയി‍. ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍! അവര്‍ അതേ ഐസ്ക്രീം പാര്‍ലറിലെ അതേ മുറിയില്‍ രണ്ട് ഫ്രൂട്ട്സലാഡും കഴിച്ചിരുന്നു.

"ഇനിയെന്തെങ്കിലും വേണൊ?" - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
മൌനം.

"ഇഷ്ടമാണൊ എന്നു ചോദിക്കുന്നില്ലേ...?"
അവള്‍ ചോദിച്ചു.
അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
"എന്താ ചോദിക്കുന്നില്ലേ?"
"കുട്ടിക്കെന്നെ... ഇഷ്ടമാണോ?"
"അതെ!!!"
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
അവര്‍ ഒരുമിച്ച് പുറത്തേക്കിറങ്ങി.

നരന് ദേഷ്യം വന്നു.
"എന്നാല്‍ പിന്നെ ഇതാദ്യമേ പറഞ്ഞാ പോരേ?"
"അപ്പോള്‍ അവള്‍ക്ക് പറയാന്‍ തോന്നിയില്ല. അത്ര തന്നെ!"
സായ പ്രതിരോധിച്ചു.
"പിന്നെ ഒരു കൊല്ലം കഴിഞ്ഞ് പറയാന്‍ തോന്നിയതോ?"
"അതിനു പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടായേക്കാം. അവള്‍ക്ക് മാത്രമറിയുന്ന ഒന്ന്."
[ഇനി കാരണങ്ങളൊന്നുമില്ലെങ്കിലും ഞാനത് അവളെ കൊണ്ട് ഇന്നലെ പറയിപ്പിക്കുമോ നരാ... പറഞ്ഞിരുന്നെങ്കില്‍ നീ ഇന്നു നേരത്തെ ഓഫീസില്‍ നിന്നു വരുമായിരുന്നോ? പെണ്ണുങ്ങളുടെ മനസ്സില്‍ മാത്രമല്ല, ബുദ്ധിരാക്ഷസന്മാരെന്ന് നടിക്കുന്ന ഐ.ടി.കാരന്‍‌റ്റെ ഉള്ളിലും തുടരന്‍ ആസ്വദിക്കുന്ന ഒരു ‘പൈങ്കിളി‘ മനസ്സുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലെ?]
"എന്തു കാരണം?"
"അതെനിക്കറിയില്ല, അതന്വേഷിക്കല്‍ എന്‍‌റ്റെ പണിയുമല്ല. ബാക്കി കേള്‍ക്കണമെങ്കില്‍ പറയാം, ഇല്ലെങ്കില്‍ നിര്‍ത്തി പോയി കിടന്നുറങ്ങാം!"
നരന്‍ കീഴടങ്ങി. സായ തുടര്‍ന്നു.

അവര്‍ പ്രണയിച്ചു.
കടലിന്‍‌റ്റെ ആഴങ്ങളോളം ആകാശത്തിന്‍‌റ്റെ അനന്തതയോളം അവര്‍ പരസ്പരം മനസ്സു കൊണ്ടു പ്രണയിച്ചു. എങ്കിലും അവന്‍ ഇടയ്ക്കിടക്ക് അവളോട് ചോദിക്കും.
"എന്നെ ഇഷ്ടമാണോ?"
"അതെ"അവന് ആ ഉത്തരം ബോദ്ധ്യപ്പെടില്ല. അവന്‍ വീണ്ടും ചോദിക്കും.
"എത്ര ഇഷ്ടമാണ്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറയും. അവന്‍ അവളുടെ കരം കൂടുതല്‍ മുറുക്കത്തോടെ ഗ്രഹിക്കും.

ഒരു നാള്‍ അവന്‍ പറഞ്ഞു.
"എനിക്കൊരുമ്മ വേണം!"
അവന് അതൊരാഗ്രഹമായിരുന്നില്ല, ആവശ്യമായിരുന്നു.
അവള്‍ക്കത് മനസ്സിലായി.
"തന്നാല്‍ എനിക്കെന്തു പകരം തരും?"
"എന്തു വേണം?"
അവള്‍ ആലോചിച്ചു.
"കുന്നിക്കുരു."
"എന്ത്?"
"ഒരുമ്മക്ക് ഒരു കുന്നിക്കുരു!!!"
അവനാകെ തകര്‍ന്നു. വിഷമത്തോടെ ചോദിച്ചു.
"കുന്നിക്കുരുവിന് ഞാനെവിടെ പോകും?"
"അതെനിക്കറിയില്ല. പക്ഷെ അത് വേണമെങ്കില്‍ ഇതും വേണം."
അവള്‍ ശഠിച്ചു.

നാല് നാളുകള്‍ക്കു ശേഷം, അവന്‍‌റ്റെ അനിയന്‍ അവള്‍ക്ക് തിരിച്ചു നല്‍കിയ നോട്ട്പുസ്തകത്തിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു- ഇന്നു രാത്രി ഞാന്‍ നിന്‍‌റ്റെ വീട്ടില്‍ വരും, ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ്! കാത്തിരിക്കുക!!

രാത്രിയായ്. അവള്‍ പടിപ്പുരയില്‍ കാത്തിരുന്നു.
അവന്‍ വന്നു. കറുപ്പ് നിറമുള്ള ഒരു മണിച്ചെപ്പവള്‍ക്കു കൊടുത്തു.
അവളത് തുറന്നു. കുന്നിക്കുരുക്കളുടെ ചുവപ്പുനിറം അവളുടെ കവിളുകളില്‍ പ്രതിഫലിച്ചു.
"ഇതെത്രയുണ്ട്?"
അവള്‍ ചോദിച്ചു.
"കാക്കത്തൊള്ളായിരം!!!"
"അയ്യേ കള്ളം. ഇതത്രയൊന്നുമില്ല?"
"ആരു പറഞ്ഞു? സംശയമുണ്ടെങ്കില്‍ എണ്ണി നോക്കൂ."
അവള്‍ കുന്നിക്കുരുക്കള്‍ എണ്ണിത്തുടങ്ങി. പക്ഷെ, അവളത് എണ്ണിത്തീര്‍ക്കുന്നതിന് മുന്‍പേ അവര്‍ പടിപ്പുരയിലിരിക്കുന്നത് ആരോ കണ്ടു.
വീട്ടുകാര്‍ ഉണര്‍ന്നു. അവരുടെ ബന്ധം നാട്ടിലാകെ പാട്ടായി.
അവളുടെ വീട്ടുകാര്‍ ശക്തിയായ് എതിര്‍ത്തു. വഴക്കായി, കയ്യാങ്കളിയായി.
അവസാനം വേര്‍പിരിയാന്‍ അവര്‍ തീരുമാനിച്ചു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്നെ കെട്ടിപ്പിടിക്കൂ."
നരന്‍ അവളെ തന്നോടു ചേര്‍ത്തു കിടത്തി. സായ കഥ തുടര്‍ന്നു.


വീട്ടുകാര്‍ അവളെ ഒരു വിദേശവാ‍സിയായ വരനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.
കരളില്‍ കാക്കത്തൊള്ളായിരം കുന്നിക്കുരുക്കളും കൊണ്ടവള്‍ അന്യദേശത്തേക്ക് പറന്നു.
ദിവസവും ആകാശത്തുദിക്കുന്ന കുന്നിക്കുരുവും നോക്കി അവനിരുന്നു.
അവന്‍‌റ്റെ കരളിന്‍‌റ്റെ ഖജനാവില്‍ ആ കുന്നിക്കുരുക്കള്‍ അവന്‍ സൂക്ഷിച്ചു വച്ചു.

കാലം കടന്നു പോയി.
അവര്‍ക്ക് വയസ്സായി, അവരുടെ പ്രണയം കൂടുതല്‍ ചെറുപ്പവും.
അവള്‍ അമ്മയായി, അമ്മൂമ്മയായി. അവന്‍ ഭൂമിയില്‍ കൂ‍ടുതല്‍ അനാഥനായി.
വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നു-ഭര്‍ത്താവിന്‍‌റ്റെ ശേഷക്രിയ ചെയ്യാന്‍! അവനത് അറിഞ്ഞുവെങ്കിലും അവളെ കാണാന്‍ ശ്രമിച്ചില്ല. ദിവസങ്ങള്‍ക്ക് ശേഷം അവനൊരു കത്ത് കിട്ടി-ആദ്യമായ് അവള്‍ അവനായ് എഴുതുന്ന കത്ത്.
- ഇന്നു രാത്രി ഞാന്‍ ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ് കാത്തിരിക്കും!!

അവന്‍ അവിടെയെത്തിയപ്പോള്‍ അവള്‍ പടിപ്പുരയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു-കയ്യിലൊരു മണിച്ചെപ്പുമായ്!
അവര്‍ പരസ്പരം നോക്കി. വര്‍ഷങ്ങളുടെ ഇപ്പുറത്തണ് തങ്ങളെന്ന് അവര്‍ക്കു തോന്നിയില്ല.
അവന്‍ ചോദിച്ചു.
"ഇതിനിയും എണ്ണി തീര്‍ന്നില്ലേ?"
"ഞാനെണ്ണി തിട്ടപ്പെടുത്തിയതാണ്."
"എത്രയുണ്ട്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറഞ്ഞു
മൌനം.
"ഉമ്മ വേണ്ടേ?"
അവള്‍ ചോദിച്ചു. അവന്‍‌റ്റെ മുഖന്‍ പ്രകാശിച്ചു.
"അതിനായ് ഞാന്‍ എന്‍‌റ്റെ മനസ്സു നിറയെ കുന്നിക്കുരു സൂക്ഷിച്ചു വെച്ചിട്ടുണ്ട്."
"മണിച്ചെപ്പിലുള്ളത് കൂടാതെ ഇനിയുമുണ്ടോ?"
"ഉണ്ട്."
"എത്ര?"
"കാക്കത്തൊള്ളായിരം!!!"
"ഈശ്വരാ... അപ്പോള്‍ മൊത്തം എത്രയായി?"
"കാക്കത്തൊള്ളായിരവും കാക്കത്തൊള്ളായിരവും കൂട്ടിയാല്‍...?"
"കൂട്ടിയാല്‍...?"
"കാക്കത്തൊള്ളായിരം!!!!!"
അവര്‍ ചിരിച്ചു.
അവന്‍ അവളുടെ കരം ഗ്രഹിച്ചു. അവളെ തന്നിലേക്കടുപ്പിച്ചു. അവള്‍ പതുക്കെ അവന്‍‌റ്റെയടുത്ത് പറ്റിയിരുന്നു. അവന്‍‌റ്റെ ചുളിവുകള്‍ വീണ കവിളില്‍ മെല്ലെ ഒരുമ്മ വെച്ചു.
അവന്‍ എണ്ണി- "ഒന്ന്."
അവള്‍ ഒരുമ്മ കൂടി കൊടുത്തു... അവന്‍ എണ്ണി.
പ്രണയത്തിന്‍‌റ്റെ സമവാക്യങ്ങള്‍ ഇന്നേ വരെ വിശദീകരിച്ചിട്ടില്ലാത്ത ആ കൂട്ടല്‍ പ്രക്രിയ, ഒരു സംഖ്യയില്‍ നിന്ന് അടുത്ത സംഖ്യയിലേക്ക് തുടര്‍ന്നു. ഒന്നിന്‍‌റ്റെയും കാക്കത്തൊള്ളായിരത്തിന്‍‌റ്റെയുമിടയ്ക്കുള്ള ഏതോ ഒരു സംഖ്യയില്‍ അവന് എണ്ണം പിഴച്ചപ്പോള്‍, അവള്‍ അവന്‍‌റ്റെ ശരീരത്തേക്ക് കുഴഞ്ഞു വീണു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"നരന്‍ ചോദിച്ചു.
"എന്താ എന്നെ കെട്ടിപ്പിടിക്കാത്തേ?"
"ഞാന്‍ കെട്ടിപിടിച്ചിട്ടുണ്ട്."
നരന്‍ അവളെ ഒന്നുകൂടി തന്നോടു ചേര്‍ത്തു കിടത്തി.
"നല്ല കഥ."
"അതിന് കഥ തീര്‍ന്നിട്ടില്ല."
സായ കഥ തുടര്‍ന്നു.

രാവിലെ എഴുന്നേറ്റു വന്ന അവളുടെ മക്കള്‍ കണ്ടത് ഉമ്മറക്കോലായില്‍ മരിച്ചു കിടക്കുന്ന അമ്മയെയാണ്. അവര്‍ അവളെ ആ വളപ്പില്‍ തന്നെ ദഹിപ്പിച്ചു.
ചടങ്ങില്‍ അയാളും പങ്കെടുത്തു.

അന്നു രാത്രി എല്ലാരും ഉറങ്ങിയപ്പോള്‍, കയ്യിലൊരു മണിചെപ്പുമായ് അയാള്‍ പുറത്തിറങ്ങി.
പോകും വഴിയിലെല്ലാം ഓരോ കുന്നിക്കുരു നിലത്തിട്ട് കൊണ്ടയാള്‍ അവളുടെ കുഴിമാടത്തിന്നടുത്തെത്തി.

പിറ്റേന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്, അവളുടെ കുഴിമാടത്തിന്നരികില്‍ മരിച്ചു കിടക്കുന്ന അയാളെയായിരുന്നു.
ആ കുഴിമാടത്തില്‍ പൂക്കള്‍ വിരിഞ്ഞ പോലെ എണ്ണിയാല്‍ തീരാത്തത്രയും കുന്നിക്കുരുക്കളുണ്ടായിരുന്നു-കാക്കത്തൊള്ളായിരം കുന്നിക്കുരുക്കള്‍!!!


പര്യവസാനം:
നരന്‍‌റ്റെ മാറോട് ചേര്‍ന്നു കിടന്നു ഒരുറക്കം കഴിഞ്ഞെഴുന്നേറ്റ സായ ചോദിച്ചു.
"ഉറങ്ങിയില്ലേ ഇതു വരെ?"
"ഉറക്കം വന്നില്ല."
"എന്തേ?"
"ഞാനാലോച്ചിക്കുകയായിരുന്നു... ചില മനുഷ്യരെ മനസ്സിലാക്കാന്‍ എന്തു പ്രയാസമാണ്?..."
ഒരു നിമിഷാര്‍ദ്ധത്തെ മൌനത്തിന് ശേഷം, നരന്‍‌റ്റെ അഭിപ്രായത്തോട് സായ കൂട്ടിച്ചേര്‍ത്തു.
"ചില ബന്ധങ്ങളേയും...!!!"
എന്നീട്ട് സായ നരനെ തന്നാല്‍ കഴിയുന്നത്ര മുറുക്കെ കെട്ടിപ്പിടിച്ചു.

------------------ ശുഭം ------------------

Friday, January 19, 2007

കാക്കത്തൊള്ളായിരം കുന്നിക്കുരു-1

Click here to download the PDF version of this post


വലിയ ഒരു കൂടിനെ അനുസ്മരിപ്പിക്കുന്ന ജാലകപ്പടിയില്‍ ഇരുന്ന്, കഴിഞ്ഞ കുറെ സമയമായി സായ ആലോചിച്ചതു മുഴുവന്‍, ഉച്ചമയക്കത്തിന്നിടയില്‍ കണ്ട ഒരു സ്വപ്നത്തേയും സ്വപ്നത്തില്‍ കണ്ട മുഖങ്ങളെയും കുറിച്ചായിരുന്നു. സാധാരണ ഉച്ചക്ക് കിടന്നുറങ്ങുന്ന സ്വഭാവം ഇല്ലാത്തതാണ്. ഇന്നെന്തോ, അറിയാതെ ഉറങ്ങിപ്പോയി. ചായയുമായ് അമ്മ വന്ന് വിളിച്ചുണര്‍ത്തിയ മുതല്‍ അത് മനസ്സില്‍ കിടന്ന് കളിക്കുന്നു. മാളുവിനെ പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയപ്പോള്‍ അത് മറന്നതായിരുന്നു. ഇപ്പോള്‍, അര്‍ദ്ധരാത്രി കഴിഞ്ഞ ഈ സമയത്ത്, പുറത്തെ മഴയില്‍ നോക്കി ഇങ്ങനെയിരുന്നപ്പോള്‍ വീണ്ടുമോര്‍മ്മ വന്നു. കോര്‍ത്തഴിഞ്ഞ മുത്തുമണികള്‍ പോലെ പൊഴിയുന്ന മഴത്തുള്ളികള്‍ നോക്കി കൊണ്ട് സായ ആ സ്വപ്നശകലങ്ങള്‍ കോര്‍ത്തെടുത്തു-നരനെ കേള്‍പ്പിക്കാന്‍.

മഴ തോരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഇന്നും നരന്‍ പാതിരാ കഴിഞ്ഞേ വരലുണ്ടാകൂ. കഴിഞ്ഞ രണ്ട് മാസമായി ഇതു തന്നെയാണ് സ്ഥിതി. ഈയിടെയായ് അപൂര്‍ണ്ണമായ മയക്കങ്ങള്‍ക്കിടയിലെ നേര്‍ത്ത ഒരു ചുംബനത്തിന്‍‌റ്റെ സാന്നിദ്ധ്യമായ് മാറിയിരിക്കുന്നു നരന്‍ എന്ന് സായയ്ക്ക് തോന്നി. തോന്നിയ ഉടനെ തന്നെ ആ ചിന്ത അവള്‍ പിന്‍‌വലിക്കുകയും ഒരിക്കലും നരനെ പറ്റി അങ്ങനെ ചിന്തിക്കാന്‍ പാടില്ല എന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. അകലെ നിന്ന് നരന്‍‌റ്റെ ബൈക്കിന്‍‌റ്റെ ശബ്ദം കേട്ടു.

അടുക്കള അടച്ചു പൂട്ടി സായ വന്നപ്പോള്‍, മുറിയില്‍ നരനില്ലായിരുന്നു. ഓ, കക്ഷി ചാരുപടിയില്‍ മലര്‍ന്നു കിടക്കുന്നുണ്ടാകും. ഉമ്മറത്ത് ചെന്നു നോക്കിയപ്പോള്‍ ശരിയാണ്. സായയെ കണ്ടതും നരന്‍ പറഞ്ഞു.
“തല ചായ്ക്കാന്‍ ഒരു മടി വേണമെന്ന് ഇപ്പോള്‍ ആലോചിച്ചതേയുള്ളൂ.“
അവള്‍ അവന്‍‌റ്റെ അടുത്ത് ചെന്നിരുന്നു. നരന്‍ മെല്ലെ തല അവളുടെ മടിയിലേക്കെടുത്തു വച്ച്, അവളുടെ വിരലുകള്‍ തന്‍‌റ്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതും കാത്തിരുന്നു. കാത്തിരിപ്പിന്‍‌റ്റെ ദൈര്‍ഘ്യം പതിവിലും കൂടിയപ്പോള്‍ നരന്‍ ചോദിച്ചു.
“ഭവതി ഇന്നു വലിയ ആലോചനയിലാണെന്ന് തോന്നുന്നല്ലോ? എന്താണ് ഇന്നത്തെ ചിന്താവിഷയം?”
അവന്‍‌റ്റെ ഭാഗത്ത് നിന്നും ആ ഒരു തുടക്കമേ അവള്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. നരന്‍‌റ്റെ തലമുടിയിഴകളിലൂടെ സായയുടെ വിരലുകള്‍ മെല്ലെ നീങ്ങി തുടങ്ങി.

- യൂണിവേഴ്സിറ്റി കലോത്സവത്തിന്‍‌റ്റെ ആദ്യനാള്‍ വൈകീട്ട് വീണയാണ് അവള്‍ക്ക് അയാളെ കാണിച്ചു കൊടുത്തത്.
“നില്‍ക്ക് നില്‍‌ക്ക്... ഏതാണീ അവള്‍?”
“അവളുടെ പേരെനിക്കറിയില്ല.“
“പേരില്ലാതെയെങ്ങിനെയാ കഥ പറയുക?”
“ഒരു പേരു വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നമുക്കവളെ കുന്നിക്കുരു എന്ന് വിളിക്കാം.”
“കുന്നിക്കുരുവോ?”
“അതെ, കുന്നിക്കുരു! എന്താ വല്ല പ്രശ്നവുമുണ്ടോ?”
“ഇല്ല. കുന്നിക്കുരു, നല്ല പേര്! പക്ഷെ ഇങ്ങനെ ഒരു പേരിട്ടതിന്‍‌റ്റെ ഔചിത്യം മനസ്സിലായില്ല.”
“ഔചിത്യമെന്തെന്നു വഴിയെ മനസ്സിലാവും. എന്തായാലും കേള്‍ക്കാ‍ന്‍ സുഖമുള്ള ഒരു പേരല്ലേ അത്. ഇത്തിരി ഒരു കാല്പനികഭാവമുള്ള, ഗൃഹാതുരത്വമുണര്‍ത്തുന്ന, മനസ്സില്‍ കുളുര്‍മ്മ പകരുന്ന ഒരു പേര്!”
“അതു ശരിയാണ്.. എന്തായാലും കുന്നിക്കുരുവിന്‍‌റ്റെ ചന്തമുള്ള പെണ്‍കുട്ടിയെ ഞാന് മനസ്സില്‍ കണ്ടു കഴിഞ്ഞു... ഇനി നീ കഥയിലേക്ക് വാ...”
“അപ്പോളെന്താ പറഞ്ഞത്.. ആ...”
സായ കഥ തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവത്തിന്‍‌റ്റെ ആദ്യനാള്‍, വീണയാണ് അയാളെ അവള്‍ക്ക് കാണിച്ചു കൊടുത്തത്. ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയായിരുന്ന അവള്‍ അപ്പോള്‍ കവിതാരചനാമത്സരം കഴിഞ്ഞിറങ്ങിയതേയുണ്ടായിരുന്നുള്ളു. കണ്ട മാത്രയില്‍ അവളെ ആകര്‍ഷിച്ചത് അയാളുടെ നടത്തമായിരുന്നു - വളരെ വേഗത്തില്‍, തലയുയര്‍ത്തി ആരെയും കൂസാതെയുള്ള നടത്തം!
പിന്നെ അയാളെ കാണുമ്പോ‍ഴൊക്കെ വീണയുള്‍പ്പടെയുള്ള കൂട്ടുകാരൊക്കെ അയാളെ “എക്സ്പ്രസ്സ്” എന്ന് വിളിച്ച് കളിയാക്കി കൊണ്ടിരുന്നു. അവളാകട്ടെ, ആരുമറിയാതെ അയാളെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. പിറ്റേ ദിവസം കഥാരചനാമത്സരം കഴിഞ്ഞിറങ്ങുമ്പോള്‍ വീണ തന്നെയാണ് പറഞ്ഞത് അവരുടെ കോളേജിന്‍‌റ്റെ നാടകം സംവിധാനം ചെയ്യാനാണ് അയാള്‍ വന്നിരിക്കുന്നതെന്ന്. കലോത്സവത്തിന്‍‌റ്റെ അവസാ‍നദിവസം നടക്കുന്ന ഇനമാണ് നാടകമെന്നറിഞ്ഞപ്പോള്‍, പങ്കെടുക്കുന്ന മത്സരങ്ങളൊക്കെ കഴിഞ്ഞെങ്കിലും അവള്‍ കൂട്ടുകാരുടെയൊപ്പം അവിടെ തങ്ങി. രാത്രിയില്‍ നടക്കുന്ന മാപ്പിളപ്പാട്ട് കാണാനെന്ന വ്യാജേന ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി അവള്‍ നാടകറിഹേഴ്സല്‍ നടക്കുന്ന ഹാളില്‍ പോയി കൂട്ടുകാരോടൊപ്പം നേരം വെളുപ്പിച്ചു. അതിന്‍‌റ്റെ പ്രതിഫലമായ് കൂട്ടുകാര്‍ക്കെല്ലാം ‘സാഗറില്‍’ നിന്ന് വയറു നിറച്ചു ബിരിയാണിയും ഓഫര്‍ ചെയ്തു. അവളുടെ ഈ ക്രിയകളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നാടകമത്സരം കഴിഞ്ഞു. കൂട്ടുകാരെല്ലാം സമാപനചടങ്ങുകള്‍ കാണാനായ് മുഖ്യവേദിയിലേക്ക് പോയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായ് അവള്‍ പുറത്തേക്കിറങ്ങി. രാത്രിയാവുമ്പോഴേക്കുമെത്തുമെന്നു അച്ഛനോട് പറഞ്ഞ ശേഷം ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ അവളേയും കാത്ത് അയാള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. അവള്‍ ഉള്ളാലെ ഒന്നു ചിരിച്ചു.

രണ്ട് ഫ്രൂട്ട്സലാഡ് ഓര്‍ഡര്‍ ചെയ്ത്, ഫാമിലി റൂമിലെ ഏ.സി. കുളിരില്‍ അവരിരിക്കെ, അയാള്‍ ചോദിച്ചു.
“എന്താ കുട്ടീടെ പേര്?”
അവള്‍ പേരു പറഞ്ഞു.
“എന്താ പേര്?”. അവള്‍ ചോദിച്ചു.
അയാള്‍ പേരു പറഞ്ഞു.
ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു.
“എവിടെയാ വീട്?”
അവളുടെ കോളേജിന്‍‌റ്റെ അടുത്ത് തന്നെയായിരുന്നു അയാള്‍ പറഞ്ഞ സ്ഥലം.
വീണ്ടും മൌനം. ബെയറര്‍ രണ്ട് ഫ്രൂട്ട്സലാഡുമായ് വന്നു. അവര്‍ ഫ്രൂട്ട്സലാഡ് കഴിച്ചു തീര്‍ത്തു.
പിന്നെയും മൌനം.
“ഇനിയെന്തെങ്കിലും വേണൊ?” - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
“എന്നെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?”
ഇല്ലെന്ന് അവള്‍ തലയാട്ടി.
“തന്‍‌റ്റെ കോളേജിന്‍‌റ്റെ മുന്നിലുള്ള പാന്‍ ഷോപ്പ് കണ്ടിട്ടില്ലേ?”
ഉവ്വെന്നവള്‍ തലയാട്ടി.
“അതെന്‍‌റ്റേതാണ്. എന്‍‌റ്റെ അനിയന്‍ ------- നിങ്ങളുടെ കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റിയര്‍ ഫിസിക്സ്.”
“ഞാനും ഫസ്റ്റിയര്‍ ഫിസിക്സാണ്.”
“അറിയാം.”
അതവള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ തന്നെ കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!
“ഞാന്‍ കുട്ടിയെ കുറെ കാലമായ് ശ്രദ്ധിക്കുന്നു. പ്രീഡിഗ്രിക്കും ഇതേ കോളേജിലായിരുന്നില്ലെ?”
അതെയെന്നവള്‍ തലയാട്ടി.
ചെറിയൊരു മടിയോടെ അയാള്‍ തുടര്‍ന്നു.
“അന്നു മുതലേ കുട്ടിയെ എനിക്ക് ഇഷ്ടമാണ്... സത്യം പറഞ്ഞാല്‍ കുട്ടിയെ കാണാന്‍ വേണ്ടിയാ ഞാനീ നാടകത്തിന്...... ”
അവള്‍ അമ്പരപ്പോടെ അയാളെ നോക്കി. ഇത്ര പെട്ടന്ന് അയാളിങ്ങനെ പറയുമെന്ന് അവള്‍ കരുതിയില്ല. അവള്‍ മുഖം കുനിച്ചിരുന്നു.
അവളുടെ അസ്വസ്ഥത മനസ്സിലാക്കി കൊണ്ടയാള്‍ ചോദിച്ചു.
“കുട്ടിക്കെന്നെ ഇഷ്ടമാണൊ എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല...”
“അല്ല ചോദിച്ചോളൂ...”
അവള്‍ പറഞ്ഞു. അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
“എന്താ ചോദിക്കുന്നില്ലേ?”
“കുട്ടിക്കെന്നെ ...ഇഷ്ടമല്ലേ?”
“അല്ല!!!”
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
“ഫ്രൂട്ട്സലാഡിനു നന്ദി!!!”
അവള്‍ പുറത്തേക്കിറങ്ങി.

നരന്‍ അമ്പരന്നിരുന്നു. അവനൊന്നും മനസ്സിലായില്ല.
“ഇന്നിത്രയും മതി. എനിക്കുറക്കം വരുന്നു.”
സായ പറഞ്ഞു.
“അല്ല, അപ്പോള്‍ കഥ?”
നരന്‍‌റ്റെ ആകാംക്ഷ ആസ്വദിച്ചു കൊണ്ട് സായ പറഞ്ഞു.
“നാളെ പറയാം. എനിക്കുറക്കം വരുന്നു നരാ...!”
ഇനി ഇവളെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല-നരനോര്‍ത്തു.
അന്ന് രാത്രി സായ സുഖമായി ഉറങ്ങി.
‘കുന്നിക്കുരു‘വിന്‍‌റ്റെ നിരാസത്തിന്‍‌റ്റെ അര്‍ത്ഥമറിയാതെ, കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും നരന്‍ നേരം വെളുപ്പിച്ചു.

--- സായയുടെ കഥപറച്ചില്‍ തുടരും....

Tuesday, January 02, 2007

ദ്രുതയക്ഷി

Click here to download the PDF version of this post
This story has been published at http://www.puzha.com/puzha/magazine/html/story1_mar28_07.html
"ഉണ്ണ്യോളേ, പൊറത്ത് പോയി കളിക്ക്യാ. എത്ര പറഞ്ഞാലും അമ്പലനടയ്ക്കീന്നാണോ വിളയാട്ടം... അമ്പലനടയ്ക്കലും കൊട്ടിലിന്‍‌റ്റടുത്തും വേണ്ട നിങ്ങടെ കളികള് എന്ന് ഞാന്‍ പറഞ്ഞീട്ടില്ല്യേ? വിളിക്കണോ ഞാന്‍ ദ്രുതയക്ഷീനെ...?”

നശിച്ച തള്ള! നോക്കിക്കോ, ഇന്ന് കെട്ടണ മാല കൊണ്ടോയി പൊഴേലിടും! ഒറപ്പ്.
ഉണ്ണിക്ക് അസാരായിട്ടങ്ങട് ദേഷ്യം വന്നു. ദ്രുതയക്ഷി പോലും! ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ പേടിപ്പിക്കാന്‍ നോക്കണ്ട.
ജന്മിത്വത്തിന്‍‌റ്റെ കരുത്തും ഈ തട്ടകം വാഴുന്നതിന്‍‌റ്റെ ആഡ്യത്വോംള്ളോനാ ഉണ്ണി! ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ!!
കൂടെള്ളോര് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി പോകേം ചെയ്തു, ഇല്ലേല്‍ ഒന്നു കാണിച്ചു കൊടുക്കാര്ന്നു. എന്തിനാ വാരസ്സ്യാരെ ഇങ്ങനെ പേടിക്കുന്നത് എന്ന് ഉണ്ണിക്ക് മനസ്സിലായില്ല. വെറുതെ പൂ കോര്‍ത്ത് മാല കെട്ടി കുട്ട്യോളെ ചീത്ത പറഞ്ഞ് ഇരിക്ക്യല്ലാതെ, എണീറ്റ് വന്ന് ആരെയെങ്കിലും തല്ല്യതായ് ഉണ്ണി ഇതു വരെ കേട്ടിട്ടില്ല്യ, പ്രത്യേകിച്ചും ഉണ്ണി കൂടെയുള്ളപ്പോ!

“നിക്ക്, ഞാനൂണ്ട്.”
ആരോടെന്നുമില്ലാതെ പറഞ്ഞു കൊണ്ട് ഉണ്ണി ഓടി. അമ്പലപ്പറമ്പ് കഴിഞ്ഞ് പുഴക്കരയിലേക്ക് കടന്നപ്പോള്‍, നനഞ്ഞ മണലിലൂടെ ഓടാന്‍ ഉണ്ണി നന്നേ വിഷമിച്ചു. അല്ലേലും മഴ പെയ്താലിങ്ങനെയാണ്, മണലിന് ഒരു രസൂല്ല്യാ. അടുത്ത വെക്കേഷന് നല്ല വെയിലുള്ള കാലത്തു അമ്മാത്തേക്ക് വരണം. അപ്പോ പൊഴ കാണാന്‍ എന്തു ഭംഗ്യാ. ചാലുകളായ് കീറി, വെട്ടിത്തിളങ്ങുന്ന മണലിലൂടെ സൂര്യവെളിച്ചം പ്രതിഫലിക്കണ പൊഴ ഒഴുകുന്നത് കാണാനെന്തൊരു ചന്താ. രാവില്യന്നെ ഒന്നിറങ്ങി കുളിച്ചാലോ, പിന്നെ ഗായത്രി ചൊല്ലാനൊരു പ്രത്യേക സുഖാ...ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ മനസ്സിനൊരു ഉണര്‍വ്വ്.

മറ്റുള്ളോരെ കാണാനില്ല്യല്ലോ? ഉണ്ണി മെല്ലെ മെല്ലെ തന്‍‌റ്റെ മുന്നേ പോയവരുടെ കാല്‍പ്പാടുകള്‍ നോക്കി നടന്നു. ഓ, മാരാര് കൊടുങ്ങല്ലൂര്‍ന്ന് ഇന്നലെ എത്തീട്ടുണ്ടല്ലോ. അപ്പോളതാണ് അവര് വാരസ്യാര് പറഞ്ഞ ഒടനെ വിമ്മിഷ്ടൊന്നുല്ല്യാണ്ടെ ഓടി പോയത്. മാരാര്‍ടെ വെടിയും കേട്ട് ആല്‍ത്തറേലിരിക്ക്ണ്ണ്ടാവും. ഉണ്ണിക്ക് ചിരി വന്നു. ഇന്നെന്ത് കള്ളകഥ്യാണാവോ? കുടജാദ്രി കേറിയപ്പോ പിന്നീന്നൊരു പെണ്ണ് ചുണ്ണാമ്പ് ചോദിച്ചതോ? അതോ ദീപാരാധന കഴിഞ്ഞീട്ട് അമ്പലകുളത്തീന്ന് കാലു കഴുകി തിരിഞ്ഞപ്പോ ചുവപ്പുടുത്ത് നിക്കണ ശിവഭൂതത്തെ കണ്ട് പേടിച്ചതോ? അതോ സന്ധ്യക്ക് ഊട്ടുപ്പൊരേടുള്ളില് മുറുക്കിക്കൊണ്ടിരിക്കുമ്പോ കര്‍ണ്ണയക്ഷി വന്ന് ചെവിയില്‍ കുശലം ചോദിച്ചതോ? ചെലപ്പോ കൊട്ടിലിനകത്തുള്ള ദ്രുതയക്ഷിയെ കുറിച്ചാവും ഇന്നത്തെ കഥ. അല്ലെങ്കില്‍ അതു നക്കിയ കുട്ടികളെ കുറിച്ചാവും. അല്ലേലും മാരാര്‍ക്കുണ്ടോ കഥകള്‍ക്ക് പഞ്ഞം? കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷ്യോളേം ഭൂതങ്ങളേം ഭയോം‌ല്ല്യ ഇഷ്ടോം‌ല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

ചൂടു പിടിക്കുന്ന മണലിലൂടെ ഉണ്ണി ആഞ്ഞു നടന്നു.

“...കര്‍ക്കടകല്ലേ, രാമായണമാസത്തിലെ നാലമ്പലത്തൊഴല്‍... തൃപ്രയാറിലെ ശ്രീരാമസ്വാമിയെയും മൂഴിക്കുളത്തെ ലക്ഷ്മണനെയും പായമ്മലിലെ ശത്രുഘ്നനെയും തൊഴുത് കൂടലിലെത്തി. യാഗഭൂമി... ഗംഗയിറങ്ങിയ പുണ്യഭൂമി... ആദ്യായ്ട്ടാ ഞാനന്ന് കൂടലില്‍ക്ക് പോണത്. അമ്മാളത്തറേലെ ചാര്‍ച്ചക്കാരൂണ്ട് കൂട്ടിന്. കൂട്ടത്തിലോരുണ്ണീടെ അമ്മാത്താ താമസം. രാവിലെറങ്ങും അമ്പലത്തില്‍ക്ക്. പലതരം കളികളും മീനൂട്ടലും ഉച്ചപൂജ കഴിച്ച നേദ്യച്ചോറും ദീപാരാധന തൊഴലും രാത്രീലെ ഊട്ടും ഒക്കെ കഴിഞ്ഞ് ചാക്യാര്‍കൂത്തും കണ്ടേ മടങ്ങൂ. പത്താം ദിവസം, കൂത്തമ്പലത്തില് കൂട്ടരൊത്തു വെടി പറഞ്ഞിരിക്കുമ്പോ ഒരുള്‍വിളി വന്നു. ഒന്നു കുളത്തില് മുങ്ങണം. ആരാ അപ്പോ ആ നേരത്ത് അത് തോന്നിച്ചതെന്ന് നിയ്ക്കറീല്ല്യ. കൊളക്കരേല് ചെന്നു. ചെറിയൊരു ഭയല്ല്യാതില്ല്യ. സന്ധ്യാസമയം. രാമസോദരന് ഭൂതഗണങ്ങളില്ല്യങ്കിലും ദേവഗണങ്ങളുണ്ടാവാലോ? ഒന്നു മുങ്ങി നിവര്‍ന്നു. വെള്ളത്തിനാണെങ്കില്‍ ആതിരേലെ കുളിര്. രണ്ടും കല്‍പ്പിച്ച് ഒന്നു കൂടി മുങ്ങി. വെള്ളത്തിന്‍‌റ്റടീന്ന് കണ്ണ് തുറന്ന് നോക്ക്യപ്പോ, ദാ കാണ്‌ണൂ...രണ്ട് മാണിക്യങ്ങള്...ഒന്ന് പ്രതിഷ്ഠാചമയത്തിലേത്, മറ്റേത് മാറ്റ് നോക്കാന്‍ കൊണ്ടന്നത്. അതങ്ങ് കൂടുന്നത് ന്‍‌റ്റെ മുന്‍പില് തെളിഞ്ഞു. കണ്ണ് മഞ്ഞളിക്കുന്ന പ്രകാശം! ന്‍‌റ്റെ കൂടല്‍മാണിക്യസ്വാമീന്ന് ഒറക്കെ നെലോളിച്ച് വെള്ളത്തീന്നു പൊങ്ങി കരേല്‌ക്ക് വീണതേ ഓര്‍മ്മേല്‌ള്ളൂ...പിന്നെ കണ്ണ് തൊറന്നപ്പോ നേരം പരപരാന്ന് വെളുത്തിരിക്ക്‍ണൂ...”
മാരാരൊന്ന് നിര്‍ത്തി, എല്ലാരേം നോക്കി. വല്ല്യോരും കുട്ട്യോളും എല്ലാം അന്തിച്ച് നില്‍ക്കുകയാണ്. ആ കാഴ്ചയുടെ രസത്തില്‍ മാരാര്‍ അടുത്ത കഥയിലേക്ക് കടന്നു.
“ദേ മാതിര്യാ വിളക്കാട്ടെ ദേവൂട്ടീന്‍‌റ്റെ വേളീന്‍‌റ്റെ തലേന്ന് ദ്രുതയക്ഷീനെ കണ്ടപ്പോണ്ടായെ...അന്നു ഞാന്‍...”

ഓ, മാരാര്‍ തുടരാനാ ഭാവം. ഈ മാരാരുടെ ഓരോ വെടിപറച്ചിലുകള്‍? രണ്ടു മാണിക്യങ്ങള്‍ കൂടി ഒരു വലിയ മാണിക്ക്യം‌ത്രേ, നല്ല കഥ! വലിയ മാണിക്യം രണ്ടായി തീര്‍ന്ന കഥ കേട്ടിട്ടുണ്ട്. തിരിച്ച് ചെയ്യാനുള്ള മന്ത്രം ആര്‍ക്കാ വശം‌ള്ളതാവോ?
ഉണ്ണി മെല്ലെ വാസൂനെ തോണ്ടി താന്‍ കൊട്ടിലിന്നടുത്തുണ്ടാവുംന്ന് പറഞ്ഞു. ഈ കള്ളകഥകളും കേട്ടിരിക്കണേങ്കാട്ടിലും ഭേദം അവടെ പോയി കാറ്റും കൊണ്ട് കിടക്ക്ണതാ.
സൂര്യന്‍ ഉച്ചിയിലെത്തിയ നേരത്ത് ഉണ്ണി കൊട്ടിലിന്നടുത്തെത്തി. ആല്‍ത്തറയിലിരിക്കാനൊരുങ്ങുമ്പോള്‍ ഒന്നു ചിന്തിച്ചു. എന്തു കൊണ്ടു കൊട്ടിലിന്നകത്തിരുന്നു കൂടാ? ആഡ്യത്ത്വോം കരുത്തും ഉള്ള കളിയമ്പാട്ടെ ഉണ്ണിയെ ദ്രുതയക്ഷീടെ വാസസ്ഥലമായ കൊട്ടിലില്‍ കയറുന്നതില്‍ നിന്നു വിലക്കാ‍ന്‍ ആര്‍ക്കാ ധൈര്യം? എന്താ സംഭവിക്ക്യാ എന്ന് നോക്കാലോ. യക്ഷിയെന്നെ വിഴുങ്ങുമോ? അല്ലെങ്കിലും ഏതു യക്ഷി? ദ്രുതയക്ഷി പോലും ദ്രുതയക്ഷി..! നാട്ടാരെ പറ്റിക്കാന്‍ വെറുതെ ഓരോ കഥകള്‍!!
ഉണ്ണിക്കിതിലൊന്നും വിശ്വാസല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ!!!
രണ്ടും കല്പിച്ചു ഉണ്ണി കൊട്ടിലിന്നകത്തേക്ക് നടന്നു.
ഓ, ഉമ്മറവാതില്‍ക്കല്‍ തന്നെ കിടപ്പുണ്ട് പല്ലും നഖവും കൊഴിഞ്ഞ പാണ്ടന്‍ നായ. എത്ര കാലമായി ഇതിവിടെ കിടക്കുന്നു. മുത്തച്ഛന്‍‌റ്റെ കാലത്തൂണ്ടത്രെ ഇതിവിടെ. വരാവുന്ന ചീത്തത്തങ്ങളെല്ലാം തന്നിലേക്കെടുത്ത് തട്ടകത്തിനെ കാക്കുകയാണ് ഈ ജീവിയെന്നാണ് മാലോകരുടെ വിശ്വാസം! നശൂലം!! ഇതിനു മരണവുമില്ലേ? ഇതിവിടെ കിടക്കുന്നിടത്തോളം കാലം തനിക്ക് കൊട്ടിലില്‍ കടക്കാനാവില്ല.
ഉണ്ണി മെല്ലെ കൊട്ടിലിന്‍‌റ്റെ കിഴക്കുഭാഗത്തെ വാതിലിന്നടുത്തേക്ക് നടന്നു. ഭാഗ്യം, ഇവിടത്തെ വാതിലിന് വിചാരിച്ചത്ര ഉറപ്പില്ലെന്ന് തോന്നുന്നു. ഉണ്ണി വാതില്‍ ഉറക്കെ തള്ളി. ചെറിയ പരിശ്രമത്തിന് ശേഷം തുറന്ന വാ‍തിലിലൂടെ കൊട്ടിലില്‍ കേറി, മോളിലെ കഴുക്കോലും നോക്കി കൊണ്ട്, ഉണ്ണി തറയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കൂട്ടര് വരുമ്പോ വരട്ടെ!

“വേണ്ട കളിയമ്പാട്ടുണ്ണീ... കളി ദ്രുതയക്ഷീനോട് വേണ്ട.”
കൊട്ടിലിന് പുറത്ത് നിന്ന്, അഴികള്‍ക്കിടയിലൂടെ കൂട്ടര്‍ വിളിച്ചു പറഞ്ഞു.
“ശരിയാ ഉണ്ണി. മാരാര് പറഞ്ഞീട്ട്‌ണ്ടല്ലോ ദ്രുതയക്ഷി നക്ക്യാ പൊടി പോലൂണ്ടാവില്ല്യാന്ന്”
“ങ്ങളും ങ്ങടെ മാരാരും. കളിയമ്പാട്ടുണ്ണിക്ക് ദ്രുതയയക്ഷീനേം പേടില്ല്യാ, കര്‍ണ്ണയക്ഷീനേം പേടില്ല്യാ, ശിവഭൂതത്തിനേം പേടില്ല്യാ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!“
“വേണ്ട ഉണ്ണീ, ഈ കളി നമുക്ക് വേണ്ടാ”
“അതുണ്ണി നോക്കിക്കോളാം. ഉശിരില്ലാത്ത കൂട്ടര്!!!”
ഉണ്ണിയുടെ മറുപടി കൂട്ടരെ ചൊടിപ്പിച്ചു.
“അത്ര ഉശിരാണേല് ‘ദ്രുതയക്ഷീ ദ്രുതം വാ’ന്നൊന്ന് ചൊല്ലാമോ?”
“ഓ, അതിനെന്താ?”“വേണ്ടാട്ടോ ഉണ്ണീ... യക്ഷി വരും, പിന്നെ രക്ഷണ്ടാവില്ല്യാ.”
“ശര്യാ, യക്ഷി ആരേലും വിളിക്കാന്‍ കാത്തിരിക്ക്യാ. ആരും സമ്മതം കൊടുക്കാതെ യക്ഷി വരില്ല്യാ, സമ്മതം കൊടുത്ത് വന്നാ പിന്നെ വിടില്ല, നക്ക്യേ അടങ്ങൂ” - കൂട്ടത്തില്‍ ഉണ്ണിയോട് കൂടുതല്‍ അടുപ്പമുള്ള ഒരുവന്‍ പറഞ്ഞു.
“നക്ക്വാച്ചാ നക്കട്ടെ. കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷീനെ ഭയം‌ല്ല്യാ”
“ന്നാ ഒന്ന് വിളി”
ഉണ്ണി വെല്ലുവിളി ഏറ്റെടുത്തു.
“അതിനെന്താ?“.
ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത്, കണ്ണുകളടച്ച്, ഉണ്ണി ചൊല്ലി.
“ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ.“
ശ്വാസം പുറത്തേക്കെടുത്ത്, കണ്ണുകള്‍ തുറന്ന്, കൂട്ടരെ നോക്കി കൊണ്ട് ഉണ്ണി ചോദിച്ചു.
“മൂന്നായി. എന്താ മതിയോ?”

കൂട്ടര്‍ ഇത്ര പെട്ടന്ന് അതു പ്രതീക്ഷിച്ചിരുന്നില്ല. കൊട്ടിലിന്നകത്ത് കയറിയ ഉണ്ണിയെ നോക്കി എല്ലാരും ഭയപ്പാടോടെ നില്‍ക്കുകയാണ്.
ഏതു നിമിഷവും കാറ്റുണരാം. ആലിലകള്‍ വിറയ്‌ക്കാം. പാദപതനം കേള്‍ക്കാം. ദ്രുതയക്ഷി വരാം!
വന്നാല്‍...? വന്നാല്‍ നക്ക്യേ അടങ്ങൂ.
ഉണ്ണിക്കൊരു കൂസലൂല്ല്യ. വന്നാലെന്താ, ഒന്നുമില്ലെങ്കില്‍ ഒരു യക്ഷിയല്ലെ, ഒന്നു കാണാലോ, അത്രന്നെ!
ആരും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്.
ഇലയനങ്ങുന്ന ശബ്ദം പോലും കേള്‍ക്കുന്നില്ല. കൊട്ടിലിനകത്തും പുറത്തും നിശബ്ദത ആരെയോ കാത്തിരുന്നു.

“ഉണ്ണീ...എന്‍‌റ്റുണ്ണീ...”
എവിടെ നിന്നോ ഒരു വിളി.
ഉണ്ണി ഞെട്ടി.
കൂട്ടരൊക്കെ ‘അയ്യോ‘ന്ന് നിലവിളിച്ചു കൊണ്ടോടി. പക്ഷെ ഉണ്ണി നിലവിളിച്ചില്ല, ഓടിയതുമില്ല.
ആരേം കാണാനില്ലല്ലൊ. വെളിച്ചമധികം കടക്കാത്ത കൊട്ടിലില് എന്തൊരു പ്രകാശം!
ഉണ്ണിയുറക്കെ വിളിച്ചു - “കൂട്ടരേ...”
“എന്താ ഉണ്ണീ...?”
അപ്പോ കേട്ടത് ശരിയാണ്... ദ്രുതയക്ഷ്യന്ന്യാവും...ഉണ്ണി ഒന്നു പരിഭ്രമിച്ചു.
“ആരാദ് ...?”
“ഞാനാ ഉണ്ണീ.”
“ആര്നേം കാണ്‌ണ്‌ല്ല്യല്ലോ?”
“ഉണ്ണിക്കെന്നെ കാണണോ?”
ഉണ്ണി തരിച്ചു നിന്നു പോയ്. ദേഹമാകെ മരവിച്ച പോലെ.
കാണെ കാണെ പ്രകാശം മങ്ങി. ചുറ്റിലും ചൂടകന്ന് തണുപ്പ് പടര്‍ന്നു. അന്തരീക്ഷത്തില്‍ മഞ്ഞുയര്‍ന്നു. ചുറ്റും മൂടല്‍മഞ്ഞ്. മഞ്ഞിന്‍പാളികളിലൂടെ ഉണ്ണി ഒരു സ്ത്രീരൂപം കണ്ടു.
ചുവന്ന തറ്റുടുത്തിരിക്ക്‍ണു. മൂക്കില്‍ മിനുങ്ങണ ചുവന്ന കല്ല് പതിച്ച മൂക്കുത്തി. ഇരുകൈകളിലും കടകവളകള്‍. നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ട്. കഴുത്ത് ശൂന്യം. മുടി മെടഞ്ഞിട്ടിട്ട്‌ണ്ടോന്ന് സംശയം തോന്നി. മുഖം നല്ല ശ്രീത്വള്ളത്.
ഏയ്, ഇതു ദ്രുതയക്ഷ്യാവാന്‍ വഴില്ല്യാ. യക്ഷിക്കിത്ര ഭംഗിണ്ടാവ്വ്വോ?
“ന്നെ കളിപ്പിക്കണ്ടാ. ങ്ങള് യക്ഷ്യല്ലല്ലോ?”
യക്ഷി ചിരിച്ചു.
നല്ല ഭംഗിയുള്ള ചിരി, കുടമുല്ല പൂത്ത പോലെ - ഉണ്ണി മനസ്സില്‍ പറഞ്ഞു.
“ഉണ്ണിക്ക് വിശ്വാസാവ്ണ്‌ല്ല്യേ?.... ന്നാ കണ്ടോളൂ...”
യക്ഷി വീണ്ടും ചിരിച്ചു. പക്ഷെ ഇക്കുറി ഉണ്ണിക്കത്ര ഭംഗി തോന്നിയില്ല.
യക്ഷിയുടെ മുഖത്തെ മന്ദഹാസം മെല്ലെ മങ്ങിയപ്പോള്‍, പതുക്കെ മഞ്ഞിന്‍പാളികളടര്‍ന്ന് വീണു. ചുറ്റും അന്ധകാരം. ആയിരമായിരം എല്ലുകള്‍ പൊടിഞ്ഞമരുന്ന ശബ്ദം. ആരൊക്കെയോ ഞെരിപൊരി കൊള്ളുന്ന സ്വരങ്ങള്‍. കൊട്ടിലില്‍ മെല്ലെ മെല്ലെ ചുവന്ന പ്രകാശം നിറഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുറ്റും ഉടലറ്റ ശിരസ്സുകള്‍. അതിലെ കണ്ണുകള്‍ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്നു. നാവുകള്‍ താനേ അടര്‍ന്നു വീഴുന്നു. നിലവിളികള്‍ ചുറ്റും മുഴങ്ങുന്നു.
ഉണ്ണി യക്ഷിയുടെ മുഖത്തേക്ക് നോക്കി.
ശ്രീത്വമേറിയ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. കണ്ണുകളിലത്ത്യധികം കണ്മഷി. നെറ്റിയില്‍ കുങ്കുമം. കാതില്‍ വലിയ കടുക്കകള്‍. മാറിടത്തില്‍ വലിയ തലയോട്ടിമാല. കയ്യില്‍ വലിയൊരു തുടയെല്ല്. പത്തു വിരലുകളിലെ നഖങ്ങള്‍ക്കും കൈകളോളം നീളം, കഠാരയോളം മൂര്‍ച്ച! പൊക്കില്‍കൊടിയിലൂടൊരു കരിനാഗം പുറത്തേക്കിറങ്ങി വരുന്നു. വായിലെ ദന്തങ്ങള്‍ ദംഷ്‌ട്രകളായി മാറുന്നു.
യക്ഷി ഉണ്ണിയെ തുറിച്ചു നോക്കി കൊണ്ട് അട്ടഹസിച്ചു.
“വരൂ ഉണ്ണീ... വരൂ....”
അട്ടഹാസങ്ങള്‍ ചുറ്റിലും നിന്നുയര്‍ന്നു.
ഉണ്ണി ഓടി. യക്ഷി പിന്നാലെ പറന്നു. കൈത്തോടുകളും കൈതവരമ്പുകളും താണ്ടി ഉണ്ണി ഓടി. മേഘങ്ങളിലൂടെ ഊളിയിട്ട്, പക്ഷികളെ വിരട്ടി മാറ്റി യക്ഷി പറന്നു. താഴെയുള്ള ഭൂമിയാകെ തരിച്ചു നിന്നു, ഉണ്ണി നിന്നില്ല. ഓടി ഊട്ടുപുരയില്‍ കയറി, മരവാതില്‍ അടച്ചു സാക്ഷയിട്ടു.
യക്ഷിയ്ക്കകത്തു കടക്കാന്‍ കഴിയുന്നില്ല, അവള്‍ പുറത്ത് കാ‍വലിരുന്നു.
അകത്തു നിന്ന് ഉണ്ണി ചിരിച്ചു.
“അയ്യേ പറ്റിച്ചേ... ദ്രുതയക്ഷീനെ പറ്റിച്ചേ...”
യക്ഷിയുടെ മുഖം കോപത്താല്‍ ചുവന്നു. ആകാശങ്ങളിലേക്ക് ആ ചുവപ്പ് വ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ആ ചുവപ്പിനെ കടമെടുത്തു. ആ ശോണിമയില്‍ അരിവാള്‍തലപ്പുകള്‍ തിളങ്ങി. നക്ഷത്രങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പ്രകാശിച്ചു. യക്ഷിയുടെ ദേഹമാസകലം വിറച്ചു. മുടിയഴിച്ചിട്ട് അവള്‍ ലാസ്യവും താണ്ഡവവും കലര്‍ന്നാടി. വാദ്യങ്ങള്‍ക്ക് അട്ടഹാസവും ചിലങ്കകള്‍ക്ക് കപാലമാലകളും പകരം നിന്ന ആ നടനത്തിന്‍‌റ്റെ പൊരുളറിയാതെ ചുവപ്പുനിറത്തില്‍ ഉണ്ണി കുളിച്ചുനിന്നു. എന്നിട്ടും ജന്മിത്വത്തിന്‍‌റ്റെ കരുത്തും തട്ടകം വാഴുന്നതിന്‍‌റ്റെ ആഡ്യത്ത്വവുമുള്ള അവന്‍ നടുങ്ങിയില്ല.
യക്ഷി വിളിച്ചാര്‍ത്തു.
“ഉണ്ണീ, നീയാണെന്നെ വിളിച്ചത്. വിളിച്ചു വരുത്തി അപമാനിക്കരുത്!!!”
ഉണ്ണി പറഞ്ഞു.
“കളിയമ്പാട്ടെ ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ! കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!!!“
“ഉണ്ണീ, ഞാനൊന്ന് ചോദിയ്ക്കട്ടെ?”
“എന്താ?”
“ഞാനൊന്ന്‍ നക്കട്ടെ?”
ഉണ്ണി ഞെട്ടിയില്ല. മറ്റാരായാലും ഞെട്ടി വിറച്ചേനെ. പക്ഷെ കളിയമ്പാട്ടെ ഉണ്ണി ആഡ്യത്ത്വള്ളോനാ. ആഡ്യത്ത്വള്ളോര്‍ ഞെട്ടാന്‍ പാടില്ല!
ദ്രുതിയക്ഷി വീണ്ടും ചോദിച്ചു.
“ഉണ്ണ്യേ ഞാനൊന്ന്‍ നക്കട്ടെ?”
ഇത്രയും കാലം സംഭരിച്ചു വെച്ച ധൈര്യമെല്ലാം ഊട്ടിയുറപ്പിച്ചു കൊണ്ട് ഉണ്ണി പറഞ്ഞു.
“ദ്രുതയക്ഷീ നക്കിക്കോ!!!”
പറഞ്ഞു കഴിയേണ്ട താമസം, സാക്ഷയിട്ട വാതില്‍ മലര്‍ക്കേ തുറന്നു. കൊടുങ്കാറ്റ് കണക്കേ യക്ഷി അകത്തേക്ക് കുതിച്ചു. എങ്ങും എല്ലുകള്‍ പൊടിയുന്ന ശബ്ദം... തലയോട് പിളരുന്ന മര്‍മ്മരം. ആ സ്വരങ്ങള്‍. ഞെരക്കങ്ങള്‍, ദീനരോദനങ്ങള്‍ ദിഗന്തങ്ങള്‍ തട്ടി പ്രതിദ്ധ്വനിച്ചു. എല്ലാം മറന്നുള്ള ദ്രുതയക്ഷിയുടെ പ്രചണ്ഡതാണ്ഡവത്തില്‍ കിഴക്കും പടിഞ്ഞാറും നടുങ്ങി. ഭൂമി വിറങ്ങലടിച്ചു. കാലങ്ങള്‍ മറവിയിലൊളിപ്പിച്ച വികാരങ്ങളുടെ പെരുങ്കളിയാട്ടത്തിന്നൊടുവില്‍, ദ്രുതയക്ഷി ഉണ്ണിയുടെ എല്ലുകള്‍ തന്‍‌റ്റെ മടിക്കുത്തില്‍ തിരുകി, തലയോട് മാറിലെ മാലയില്‍ കോര്‍ത്തു.
കിഴക്കിന്‍‌റ്റെയും പടിഞ്ഞാറിന്‍‌റ്റെയും ശോണിമ മാഞ്ഞു. നക്ഷത്രത്തലപ്പുകള്‍ മങ്ങി.
ആയിരങ്ങളുടെ തലയോടുകള്‍ ചിരിക്കുന്ന കുണ്ഡലം താളത്തില്‍ കിലുക്കി കൊണ്ട്, അഴിച്ചിട്ട വാര്‍മുടിയില്‍ കാലഘട്ടങ്ങളുടെ ദു:ഖങ്ങളൊളിപ്പിച്ചു കൊണ്ട്, അനന്തമായ വ്യാകുലതയോടുള്ള കാത്തിരിപ്പിന്‍‌റ്റെ തീച്ചൂളയിലേക്ക് ലോകത്തെ തള്ളിയിട്ടു കൊണ്ട്, ചുറ്റും മൂടല്‍മഞ്ഞ് സൃഷ്ടിച്ച അനാദിയായ, ദീപ്തമായ, തണുപ്പേറിയ വെളുപ്പിലേക്ക് ദ്രുതയക്ഷി ഒരു മായയായ് മറഞ്ഞു.

പര്യവസാനം
സായ കഥ പറഞ്ഞു നിര്‍ത്തി.
നരന്‍‌റ്റെ പ്രതികരണത്തിനായ് കാത്ത്, റമദാനിലെ പൂര്‍ണ്ണചന്ദ്രനെ നോക്കി കൊണ്ട്, അവള്‍ കിടന്നു.
തന്‍‌റ്റെ മടിയില്‍ കിടക്കുന്ന സായയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് നരന്‍ ചോദിച്ചു.
“നിനക്കിത് കടലാസ്സിലേക്ക് പകര്‍ത്തി കൂടെ?”
“ഇത് പകര്‍ത്താന്‍ മാത്രമൊന്നുമില്ല നരാ...”
“അത് നിനക്കു വെറുതെ തോന്നുന്നതാ... പറയാന്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട് നിനക്ക് സായാ...”
“ഉണ്ടായിരിക്കാം... പക്ഷെ എനിക്കു വയ്യ...”
ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു.
“മരിച്ചതും മരിക്കാത്തതുമായ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും പട്ടം ചാര്‍ത്താനായ്, മാധ്യമങ്ങളും മാലോകരും മത്സരിച്ച് വാക്കുകളും നിര്‍വചനങ്ങളും തിരയുന്നത് കണ്ടപ്പോള്‍‍, പണ്ട് മനസ്സില്‍ കുറിച്ചിട്ട ഒരു കഥ വീണ്ടുമോര്‍ത്തു പോയ്... നിന്നോട് പറയണമെന്നു തോന്നി... ഇനിയിതെഴുതാനൊന്നും എന്നെ കൊണ്ട് വയ്യ.”
നരന്‍ ഒന്നും മിണ്ടിയില്ല. ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ അവള്‍ക്ക് തന്‍‌റ്റെ ചിന്തകള്‍ താളിലേക്ക് പകര്‍ത്തണം എന്നു തോന്നും, അന്ന് ചെയ്യട്ടെ. നിര്‍ബന്ധിച്ചിട്ട് കാര്യമില്ല.
“മോളുണര്‍ന്ന് കാണും, ഞാനവളെ എടുത്ത് കിടത്തിയിട്ട് വരാം”
സായ എഴുന്നേറ്റ് പോയപ്പോള്‍, അവള്‍ പറഞ്ഞിട്ടും പറയാതെ പോയ യക്ഷിക്കഥയിലെ പൊരുളും പൊരുത്തക്കേടുകളും ചികഞ്ഞെടുക്കുകയായിരുന്നു നരന്‍. തന്‍‌റ്റെ പ്രജ്ഞയില്‍ തന്‍‌റ്റെ തന്നെ ചിന്തകള്‍ നടത്തിയ തിരച്ചിലിനൊടുവിലുയര്‍ന്നു വന്ന ചോദ്യങ്ങളുടെ മുന്നില്‍ മിഴിച്ചു നില്‍ക്കാനേ നരനു കഴിഞ്ഞുള്ളൂ.

ഇനിയും കര്‍മ്മത്തിന്‍‌റ്റെ ശ്രുതിലയത്തോടെ കാറ്റുണരുമോ?
ഇരുട്ട് നിറഞ്ഞ കൊട്ടിലിലെ വാതിലുകള്‍ തുറക്കപ്പെടുമോ?
കഴിഞ്ഞ കാലങ്ങളിലെ പെരുങ്കളിയാട്ടത്തിന്‍‌റ്റെ കഥ പറയാനായ് യാഗഭൂമിയിലിന്നും മായാതെ കിടക്കുന്ന രക്തക്കറകളുടെ ശോണിമ വര്‍ദ്ധിക്കുമ്പോള്‍, തകര്‍ക്കപ്പെട്ട വിശ്വാസങ്ങള്‍ ഹവിസ്സായര്‍പ്പിച്ച് മനുഷ്യമനസ്സുകള്‍ പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍ കൂടി ദ്രുതയക്ഷി വരുന്നതിനായോ അതോ...?

------------------ ശുഭം (?) ------------------
This story has been published at http://www.puzha.com/puzha/magazine/html/story1_mar28_07.html

Monday, January 01, 2007

അമ്മചൂടും പുകയും നിറഞ്ഞോരടുപ്പിന്‍‌റ്റെ
ചോട്ടിലുരുകി ദഹിക്കുമമ്മ
വറ്റില്ലാക്കഞ്ഞിയൊഴിക്കുമ്പോഴിറ്റിടും
കണ്ണീരില്‍ മെല്ലെ ചിരിക്കുമമ്മ
ആകാശപ്പൂക്കളുണരുന്ന രാത്രികള്‍
താരാട്ടു പാടിനിറയ്‌ക്കുമമ്മ
പറയാതകലങ്ങള്‍ പൂകുന്ന കാലത്തും
ഓര്‍മ്മയില്‍ വാടാതിരിക്കുമമ്മ
സുന്ദരസ്വപ്നത്തിന്‍ പൂമുഖവാതിലില്‍
സ്നേഹത്തിന്‍ നിറവായ് നില്‍ക്കുമമ്മ
പ്രജ്ഞയിലെല്ലാം നിറയുന്ന നേരത്ത്
പ്രാണന്‍‌റ്റെ നാളമായാളുമമ്മ
തലചായ്ക്കാന്‍ മടിയേതുമില്ലെന്നറിയുമ്പോള്‍
ഓര്‍ത്തിടും നമ്മളേ നമ്മുടമ്മ!
നമ്മിലെ ജീവനേ നമ്മുടമ്മ!!!