Thursday, March 15, 2007

പറയാത്ത വേദന


അറിയാതെ പോയ ഒരു മനസ്സ് പതിയെ അകലുമ്പോള്‍, ആരും കാണാതെ ഒരു നെടുവീര്‍പ്പ് !






കരിമണികണ്‍കളില്‍ തിളക്കവും കണ്ടീല

കരിവളകൂട്ടത്തില്‍ കിലുക്കവും കേട്ടീല

ചിരിക്കുവാനാകാതെ ചിരിക്കുന്ന ചുണ്ടുകളില്‍

പറയുവാനാകാത്ത ഒത്തിരി കാര്യങ്ങള്‍

വായിപ്പൂ ഞാന്‍ സഖേ, കേള്‍പ്പൂ നിന്‍ പിന്മൊഴി.

എത്ര നാള്‍ കാണ്‍കിലും എത്ര വാക്കോതിലും
ചൊല്ലുവാനാകില്ല
, നിന്നെ അറിയിക്കാനാകില്ല
കരളുകള്‍ കൊത്തിപ്പറിക്കെ ഞാനറിയുമീ വേദന!
എതോ കാണാക്കരങ്ങളെന്‍ സ്വപ്നത്തിന്‍
‍ചിറകുകള്‍ അരിയവേ ഞാനറിയുമീ വേദന!

ഒരു മയില്‍പ്പീലി പോല്‍ ആകാശച്ചെരിവു പോല്‍
ചേലൊത്ത ഓര്‍മ്മകള്‍ അന്യമായ് തീരവേ,
ആത്മാവിന്നാഴത്തില്‍ ആരാരും കാണാത്ത,
ഏതൊരറിവിനും മീതെയായ് ഞാനറിയുമീ വേദന!

ഇനിയും പറയുവാനാകാത്ത ഒത്തിരി കാര്യങ്ങള്‍
‍അറിയുന്നു ഞാന്‍ സഖേ, കേള്‍പ്പൂ നിന്‍ പിന്മൊഴി.

Sunday, March 11, 2007

രണ്ടു തവളകള്‍

സ്കൂള്‍ ജീവിതകാലത്ത് പാടി പാടി നടന്നൊരു പാട്ട്, ഒത്തിരി കാലത്തിന് ശേഷം കേട്ടപ്പോള്‍, ആ വരികള്‍ വെറുതെ ഒന്നു പോസ്റ്റണം എന്ന് തോന്നി. മയങ്ങി കിടക്കുന്ന, നിങ്ങളുടെ ചില ഓര്‍മ്മകളെ ഇതുണര്‍ത്തുമെങ്കില്‍, ഞാന്‍ ഹാപ്പി!!!! നിങ്ങളുടെ കുട്ടികളെ പാടി കേള്‍പ്പിച്ചാല്‍ അവരും ഹാ‍പ്പി ആകുമായിരിക്കും, അല്ലേ?
(
ഇതിന്റെ പേരില്‍ കോപ്പിറൈറ്റ് ലംഘനമെന്ന് ബോര്‍ഡും പിടിച്ച് ആരും ഇങ്ങു വന്നേക്കരുത്,
പറഞ്ഞേക്കാം!!!)
“കൊടിയ വേനല്‍ക്കാലം...“ ഇവിടെ കേള്‍ക്കാം

രണ്ടു തവളകള്‍


കൊടിയ വേനല്‍ക്കാലം
കുളങ്ങള്‍ വറ്റിയ കാലം

കുതിച്ചും ചാടിയും രണ്ടു തവളകള്‍

കുണ്ടുകിണറ്റിന്നരികില്‍ വന്നു

ദാഹനീരിനായ് ദാഹനീരിനായ്

തുള്ളി വെള്ളം കണ്ടു തവളകള്‍
തുള്ളി തുള്ളി ചാടി

മൂത്ത തവള പറഞ്ഞു
അനിയാ
മുങ്ങാംകുഴികളിടാം ചാടാം ഒന്നിച്ചു ചാടാം

ഉള്ള വെള്ളം മുഴുവന്‍ നമ്മുടെ സ്വന്തമാക്കാം
നമ്മുടെ സ്വന്തമാക്കാം

ഒന്നു ചിന്തിച്ചിളയ തവളയും
വിക്കി വിക്കി പറഞ്ഞു

വേണ്ട ചേട്ടാ വേണ്ട വെറുതെ

കുഴപ്പം കാട്ടരുതെ ചാകാന്‍ ഒരുങ്ങിടല്ലേ

വെയില്‍ തുടര്‍ന്നാല്‍ കിണര്‍ വരണ്ടാല്‍

ഗതിയെന്താകും നമ്മുടെ ഗതിയെന്താകും

Saturday, March 10, 2007

അക്കരെ നിന്നൊരു ഫോണ്‍വിളി

(വെറുതെ ഒരു പോസ്റ്റ്)

ചെങ്കടലില്‍ കുളിച്ചു കുട്ടപ്പനായ് ദിനകരന്‍ വന്നതറിയാതെ, വീക്കെന്റുകളുടെ മാനം കളയരുതെന്നു നിര്‍ബന്ധബുദ്ധിയുള്ള അവന്‍‍, തന്റെ പ്രേമസര്‍വ്വസ്വത്തെ സ്വപ്നം കണ്ട്, ചിരിച്ചു കൊണ്ട്, കമ്പിളിപുതപ്പിനുള്ളിലെ സുഖമുള്ള ചൂടില്‍ മയങ്ങുകയായിരുന്നു. പുലരും വരെയുള്ള ശീട്ടുകളിയെ കുറിച്ചുള്ള ദു:സ്വപ്നങ്ങള്‍ അലട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചു തീര്‍ന്നില്ല, അപ്പോഴേക്കും ഉറങ്ങുന്നവരുടെ(യും) നിത്യശത്രുവായ ക്ഷുദ്രജീവി ചിലച്ചു തുടങ്ങി. ഒരു കൈ മാത്രം കമ്പിളിക്കു പുറത്തേക്ക് നീട്ടി കൊണ്ട് അവനെയെടുത്തു.


ഹലോ...

കഴിഞ്ഞ എട്ട് കൊല്ലമായ് കര്‍ണ്ണങ്ങള്‍ക്കമൃതായ ആ ശബ്ദം, മൈലുകള്‍ക്കപ്പുറത്തു നിന്നു തുടങ്ങി ഏതെല്ലാമോ ചാലകങ്ങളിലൂടെ തുടര്‍ന്ന തന്റെ യാത്ര, അവന്റെ കാതുകളില്‍ അവസാനിപ്പിച്ചു. ഉടനെ അടഞ്ഞ് തന്നെ കിടന്നിരുന്ന കണ്ണുകള്‍, സീറോ വാള്‍ട്ട് ബള്‍ബില്‍ ഹൈ-വോള്‍ട്ടേജ് കടന്നാലെന്ന പോലെ തുറന്നു.


പറ മോളൂ...

പുന്നാരം വേണ്ടാ... ഇന്നലെ ഷോപ്പിങ്ങ് വല്ലതും നടത്തിയോ എന്ന് ആദ്യം പറ
?”

അവന്റെ നാവില്‍ നിന്ന് ഉടനെ താളത്തില്‍ വന്നു ഒരു സംഗതി (നിമിഷകവി ആയാലുള്ള ഒരു ഗുണമേ) :


ഇവിടുത്തെ പണി തീര്‍ത്ത് മേയിലോ ജൂണിലോ

വജ്രം പതിച്ചൊരു മാലയും മുല്ലപ്പൂ-

മണമുള്ള അത്തറും ഓവനും മേത്തിട്ടാ-

ലിക്കിളി കൂട്ടുന്ന ഡ്രസ്സുമായ് ഞാന്‍ വരും


നമ്മുടെ പ്രണയം തളിര്‍ത്തൊരാ കാലത്തായ്

ഒന്നിച്ചു പാടിയ പാട്ടുകള്‍ മൊത്തത്തില്‍

കേട്ട് കേട്ട് ഓര്‍ത്തോര്‍ത്തിരിക്കുവാനായൊരു

ഓഡിയോ സിസ്റ്റവും കൊണ്ട് ഞാന്‍ വന്നിടും


* അഞ്ചിലും പിന്നൊയോരൊന്നിലും കൂടിയായ്

നിര്‍ത്താതെ ഗാനങ്ങള്‍ പാടുന്നൊരാ കൊച്ചു-

കുന്ത്രാണ്ടം വായുവില്‍ വീഴാതെ നിര്‍ത്തുവാന്‍

മൊഞ്ചുള്ള അഞ്ചാറു കൂടുകള്‍ പണിയുവാന്‍

ആശാരിയോടു നീ തഞ്ചത്തില്‍ ചൊല്ലണം

* 5.1 music system


മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീ

പലവകചില്ലറ ജംഗമവസ്തുകള്‍ തന്നുടെ

ഡീറ്റൈല്‍‌സും ചോദിച്ചു പാവം നിന്‍‌റ്റച്ഛന്‍‌റ്റെ

ഐ.എസ്.ഡി കാശൂടെ വെറുതെ കളയണ്ട.



മനസ്സിലായോടീ പോത്തെഎന്നു കൂടി ചേര്‍ത്ത് പറഞ്ഞു കൊണ്ട് അവന്‍ ഫോണ്‍ വെച്ചു, ധൃതിയില്‍ കൂടണഞ്ഞു.


വാല്‍കഷ്ണം:

‘ഇന്നല്ലെങ്കില്‍ നാളെ ഇതിനു തക്ക മറുപടി കിട്ടാതിരിക്കില്ല‘ എന്നോര്‍ക്കാതെ അവന്‍ കൂര്‍ക്കംവലി ഉച്ഛസ്ഥായിയില്‍ തുടര്‍ന്നപ്പോള്‍, “മുന്‍പ് അവന്റെ കീശയിലും, പക്ഷെ ഇപ്പോള്‍ എന്റെ കീശയിലുമായ ദിനാറുകള്‍“ കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന എന്റെ ചിന്ത തുടര്‍ന്ന്, ഞാനും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

Monday, March 05, 2007

യഹൂ‍ൂ‍ൂ‍ൂ.... ഞാനും പ്രതിഷേധിച്ചൂ...

യാഹൂവിന്‍‌റ്റെ ചോരണമാരണത്തില്‍ പ്രതിഷേധം.
http://kariveppila.blogspot.com/2007/03/protest-against-plagiarisation-of-yahoo.html

(ലോഗോ- കടപ്പാട് - ഹരീ)
കഥ ഇതു വരെ