Wednesday, September 26, 2007

ഇനിയുമുറങ്ങാത്ത ‘മേഘമല്‍ഹാര്‍’


"യരുശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും, ഒരു ദിവ്യജ്വാലയും തന്നെ!"

- ശലോമോന്റെ ഉത്തമഗീതം (Solomon's Song of the songs) എട്ടാം അദ്ധ്യായം 4,6 വരികള്‍"നിന്നെ പ്രണയിക്കാതിരിക്കാനാകുന്നില്ല എന്നത് എന്റെ ദൌര്‍ബല്യമെങ്കില്‍, ആ ദൌര്‍ബല്യത്തെ ഞാന്‍ പ്രണയിക്കുന്നു!"
അവര്‍ക്കായ് അവളുണ്ടാക്കിയ ഇമെയില്‍ ഐഡിയിലേക്ക് രവി എഴുതിയ ഇ-മെയിലിലെ അവസാനവാചകം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞിരുന്നുവെന്ന് ജലജ അറിഞ്ഞു. കണ്‍പോളകള്‍ ഒന്നടച്ച് തുറന്നപ്പോള്‍ കണ്ണീരിന്റെ ചൂട് കവിളുകളില്‍ പടര്‍ന്നു. ലാപ്പ്ടോപ്പിന്റെ അടിയില്‍ കുടുങ്ങിക്കിടന്ന ചുരിദാറിന്റെ തലപ്പ് വലിച്ചെടുത്ത് അവള്‍ കണ്ണുകളൊപ്പി.

തമ്മില്‍ തമ്മില്‍ അയച്ച ഒരുപാട് സന്ദേശങ്ങള്‍. സന്തോഷിക്കുമ്പോഴും വ്യസനിക്കുമ്പോഴും നെഞ്ചിനെ ആയാസപ്പെടുത്താന്‍ കുറിച്ച വാക്കുകള്‍. പലയാവര്‍ത്തി വായിച്ച വാചകങ്ങള്‍. എല്ലാം സൂക്ഷിച്ചു വെച്ച, തങ്ങള്‍ക്ക് മാത്രമറിയാവുന്ന, തനിക്കും അവനും മാത്രം സന്ദേശങ്ങളയക്കാവുന്ന ഒരിടം. അവനോട് പറയാതെ, ഇവിടെ നിന്നും അവനെ അകറ്റി നിര്‍ത്താന്‍ പോവുകയാണ്. ഈ വേദന ഇനി അവന് വേണ്ട! മുന്‍‌കൂട്ടി നിശ്ചയിച്ച പോലെ, അവള്‍ അതിന്റെ പാസ്സ്‌വേര്‍ഡ് മാറ്റി. മധുരനൊമ്പരങ്ങളുടെ ഈ സ്വകാര്യസമ്പത്ത് ഇനി തനിക്ക് മാത്രം!

അഹോരാത്രം കന്യാകുമാരിയെ വണങ്ങുന്ന തിരമാലകളുടെ ശബ്ദം തുറന്നിട്ട വലിയ ജാലകങ്ങളിലൂടെ അവള്‍ക്കരികിലെത്തി.
Click here to download the PDF version of this post

അവള്‍ ലാപ്പ്ടോപ്പ് മടക്കി കട്ടിലിനരികിലെ സൈഡ്‌ടേബിളിലേക്ക് വെച്ചു. ഈ രാത്രി ഇനി ഉറങ്ങാനാകുമെന്ന് തോന്നുന്നില്ല. പതിയെ അരിച്ചരിച്ചെത്തുന്ന തണുപ്പ്. അവള്‍ കാലുകള്‍ കമ്പിളിക്കുള്ളിലേക്ക് പൂഴ്ത്തവേ ടി.വി.യുടെ റിമോട്ട് കയ്യില്‍ തടഞ്ഞു. ഇത്തിരി നേരം വല്ലതും കണ്ടിരിക്കാം. മലയാളം ചാനലുകള്‍ വല്ലതും ഉണ്ടാവാതിരിക്കില്ല. ചാനലുകളിലൂടെയുള്ള തിരച്ചില്‍, ഏഷ്യാനെറ്റിലെത്തിയപ്പോള്‍ നിര്‍ത്തി.എതോ സിനിമ തുടങ്ങുകയാണെന്ന് തോന്നുന്നു. ലൈറ്റണച്ച്, ഇത്തിരി കൂടെ കമ്പിളി മേലോട്ടുയര്‍ത്തി അവള്‍ തന്റെ കിടപ്പ് ശരിയാക്കി.

ഒരു സാന്ത്വനം പോലെ അനുഭവപ്പെട്ട തിരമാലകളുടെ ശബ്ദം മനസ്സില്‍ നിറയ്ക്കാന്‍ ജലജ ശ്രമിച്ചു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോള്‍ കൊണ്ടു പോകാന്‍ ഇതു മാത്രമേ തനിക്ക് വേണ്ടു. അവന്‍ പറഞ്ഞത് എത്ര ശരിയാണ്! ഇവിടത്തെ കടലിന് എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആ ഒരു നിമിഷം, അവന്‍ മുന്‍പ് പാതി കളിയായും പാതി കാര്യമായും പറഞ്ഞ ആ കന്യാകുമാരി യാത്ര നടത്താമായിരുന്നു എന്നവള്‍ക്ക് തോന്നി. എങ്കില്‍, രവിക്ക് ചുറ്റും എന്നും അനുഭവിച്ചിരുന്ന അദൃശ്യമായ ആ സുരക്ഷാവലയത്തിനുള്ളിലായേനേ തന്റെ ഈ കിടപ്പ്. ആ ചിന്ത തന്നെ ജലജയുടെ മനസ്സില്‍ പുതുമഴയുടെ കുളിരുറവാക്കി.

ടിവിയില്‍ പരസ്യങ്ങള്‍ ഓടിമായുകയാണ്. കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ പൊതിഞ്ഞ ഒരു അറബ്‌യുവതി ഒരു കുഞ്ഞിനെ മടിയിലിരുത്തി എന്തോ ഒരു പാനീയം നല്‍കുന്നു.
കണ്ണനിപ്പോള്‍ ഉറങ്ങി കാണണം. കിടക്കുന്നതിന് മുന്‍പ് ചന്ദ്രേട്ടന്‍ അവനെ ടോയ്‌ലറ്റില്‍ കൊണ്ട് പോയി കാണുമോ എന്തോ? ഇടക്കാലത്ത് നിര്‍ത്തിയതായിരുന്നു കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം. അടുത്തിടെ രണ്ടു വട്ടം ഉറക്കത്തില്‍ കാര്യം സാധിച്ചിരുന്നു. രാവിലെ എണീറ്റ് അടുക്കളയില്‍ വന്ന് ഫ്രിഡ്‌ജും ചാരി മിണ്ടാതെ നില്‍ക്കുന്നത് കണ്ടാലറിയാം പണി പറ്റിച്ചിട്ടുണ്ടെന്ന്. ഓഫീസ് ആവശ്യത്തിനിടെയുള്ള ഇത്തരം യാത്രകളില്‍ എന്തെങ്കിലും മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അതവനെയാണ്. അടുത്തിടെയായ് എന്തിനുമേതിനും താന്‍ തന്നെ വേണം. ഒരു തരത്തില്‍ ചിന്തിച്ചാല്‍ കണ്ണന്‍ ഇല്ലെങ്കില്‍ രവിയുമായ് ഇപ്പോള്‍ ഉണ്ടാക്കിയെടുത്ത ഈ അകല്‍ച്ച ഉണ്ടാകുമായിരുന്നില്ലല്ലൊ? രവിയെ കുറിച്ചുള്ള ചിന്ത വീണ്ടും അവളില്‍ മധുരമായ അസ്വസ്ഥതയുളവാക്കി. അല്ലെങ്കിലും അവനെ മറക്കാന്‍ ശ്രമിച്ചു തുടങ്ങിയപ്പോളാണ് തന്റെ മനസ്സില്‍ ആ പ്രണയം ഇത്രയധികം ആഴ്ന്നിറങ്ങിയിരുന്നു എന്ന് ബോധ്യമായത്. അത് മറക്കാനാകാത്തതിനാലല്ലേ, ദില്ലിയില്‍ നിന്നും മൂന്ന് ദിവസത്തിനായ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വന്ന മിസ്സിസ്സ് ജലജ ചന്ദ്രന്‍, ഇന്ന് ഈ കന്യാകുമാരിയിലെ കേരളാഹൌസിലെ പതിനെട്ടാം നമ്പര്‍ മുറിയില്‍ ഒറ്റക്ക് കിടക്കുന്നത്-ആരാരുമറിയാതെ!

ടിവി സ്ക്രീനിലെ ചിത്രങ്ങളില്‍ അവളുടെ കണ്ണുകളുടക്കി. മേഘമല്‍ഹാര്‍ ആണ് സിനിമ! ആകസ്മികമായ ആ യാദൃശ്ചികത അവളില്‍ അമ്പരപ്പുളവാക്കി. കണ്ട അന്ന് മുതല്‍, പിന്നെയുള്ള എണ്ണമറിയാതെ കാഴ്ചകള്‍ക്ക് ഇടയിലും ഒടുവിലും, മനസ്സില്‍ ഒരു വിങ്ങലായ് നില്‍ക്കുന്ന ഈ സിനിമയെ കുറിച്ച് വൈകുന്നേരം കടലിന്റെ അസ്തമയനിറഭേദങ്ങള്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണ്. രവിയെ കുറിച്ചോര്‍ക്കുമ്പോള്‍, തങ്ങളുടെ ബന്ധത്തെ കുറിച്ചോര്‍ക്കുമ്പോള്‍ , മനസ്സിന് ധൈര്യം പകരാന്‍ , ചെയ്യുന്നത് മുഴുവന്‍ പാപമല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കാന്‍, താന്‍ കണ്ടെത്തിയ അത്താണികളില്‍ പ്രമുഖമായിരുന്നു ഗൌരിയും മേഘമല്‍ഹാറും. വളരെ നാളുകള്‍ക്ക് മുന്‍പ്, അവനുമായ് ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോളാണ് അവനും ഇതേ കാരണങ്ങള്‍ ബോധപൂര്‍വ്വം കണ്ടെത്തിയിരുന്നു എന്നറിഞ്ഞത്. അന്ന് മുതല്‍ ഇതിലെ കഥാപാത്രങ്ങളെ തന്റെ ചുറ്റുമുള്ളവരുമായ് താരതമ്യം ചെയ്യാന്‍ പരോക്ഷമായ് ശ്രമിക്കുന്നുമുണ്ടായിരുന്നു. പക്ഷെ, ഇന്ന്, കന്യാകുമാരിയിലെ ഈ രാത്രിയിലെ ഈ കാഴ്ച തീരെ അപ്രതീക്ഷിതം! അവള്‍ മെല്ലെ സിനിമയില്‍ മുഴുകി.

ഒരു മഞ്ജുഹര്‍ഷമായ് *രാജീവിന്റെ ഹൃദയത്തില്‍ തുളുമ്പുന്ന *നന്ദിതയുടെ നിനവുകള്‍ പോലെ, പ്രണയത്തിന്റെ മീട്ടാതന്ത്രികള്‍ മൌനമാര്‍ന്നിരുന്ന തന്റെ മനസ്സിന്റെ താഴ്വരകളില്‍ രവിയുടെ സാമീപ്യമുണര്‍ത്തിയ സംഗീതം കുളിര്‍മഴയായ് പെയ്തിറങ്ങിയത് ജലജ ഒരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള കണ്ണുപൊത്തിക്കളിക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ചിന്തകളെ തത്‌ക്കാലത്തേക്ക് മാറ്റി നിര്‍ത്തിക്കൊണ്ട്, ആ ഗാനശകലങ്ങളില്‍ ശ്രദ്ധയൂന്നി കണ്ണുകളച്ച് അവള്‍ കിടന്നു. നിറുകയില്‍ നാളങ്ങള്‍ ചാര്‍ത്തുന്ന ചിരാതുകള്‍ നീന്തി നടക്കുന്ന യമുനയും രാപ്പകലുകളുടെ വിടവാങ്ങലുകള്‍ക്ക് മൂകസാക്ഷിയായ കടലിലെ തിരകളും മനസ്സിലാവാഹിച്ച്, അറിയാതെ അവള്‍ പതിയെ മയക്കത്തിലേക്കൂര്‍ന്ന് വീണു.

കടല്‍ തന്റെ സംഗീതാലാപനം തുടര്‍ന്നു.

എത്ര മാത്രകള്‍ക്കൊടുക്കമെന്നറിയില്ല, അവള്‍ ഉറക്കം ഞെട്ടിയുണര്‍ന്നു. റോഡിലെ സോഡിയം ലൈറ്റുകളുടെ പ്രകാശവും കടലലകളുടെ തീരാഗാനവും മുറിയില്‍ നിറഞ്ഞു നില്‍ക്കുന്നു. അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഉറക്കം വീണ്ടും കടാക്ഷിക്കുന്ന ലക്ഷണമില്ല. ഓര്‍ക്കും തോറും കൂടുന്ന ഉഷ്ണവും. അവള്‍ പതുക്കെ എണീറ്റ് ജനലിനരികിലേക്ക് നടന്നു. ശാന്തമായ കടല്‍. സൂര്യനില്‍ നിന്നേറ്റ് വാങ്ങിയ പ്രകാശം നിര്‍ലോഭം കടലിലേക്ക് കുടയുന്ന ചന്ദ്രനോടവള്‍ക്ക് ഇഷ്ടം തോന്നി. മെല്ലെ തഴുകുന്ന കാറ്റ്. മനസ്സും ശരീരവും ഒരു പോലെ ശാന്തമാകുന്നു. ഒന്നു കടല്‍ക്കരയിലൂടെ നടന്നാലോ? ആ ചിന്തയുടെ ഒടുക്കം അകാരണമായ ഒരു ഭയം അവളിലൂറി കൂടി. ഇത്തിരി കഴിഞ്ഞപ്പോള്‍ എന്തിനു ഭയം തോന്നണം എന്നായി ചിന്ത. കൂടുതല്‍ തല പുകയ്ക്കാന്‍ നില്‍ക്കാതെ ഒന്നു പുറത്തിറങ്ങി നോക്കാന്‍ അവള്‍ തീരുമാനിച്ചു.

കോറിഡോറിലൂടെ, തനിക്കും കോണിപ്പടികള്‍ക്കും കുറുകെ എന്തോ ഒന്ന് പെട്ടെന്ന് ഓടി പോയതായ് ജലജയ്ക്ക് തോന്നി. പോകണോ? ഈ രാത്രി, ഒരു പെണ്ണ് തനിച്ച്....! ആലോചനകള്‍ക്കിടയില്‍ നടന്ന് നടന്ന് കടല്‍ത്തീരത്തെത്തിയത് അവളറിഞ്ഞില്ല. പാദങ്ങളെ പതുക്കെ ജലവിതാനം തഴുകി. ലൈറ്റ്‌ഹൌസിന്റെ പ്രകാശരേഖ അവളിലൂടെ കടന്നു പോയി. അത് ലൈറ്റ്‌ഹൌസിന്റെ വെളിച്ചമോ അതോ കപ്പല്‍‌യാത്രക്കാരെ തുണച്ചിരുന്ന കന്യാകുമാരിയുടെ മൂക്കുത്തിയിലെ പ്രകാശമോ? ഉത്തരമറിഞ്ഞിട്ടും അവള്‍ ഉത്തരമാലോചിച്ചു. ഇഷ്ടപ്രാണേശ്വരനെ കാത്തുകാത്തിരുന്ന് ഒടുക്കം നിരാശയാല്‍ അലങ്കാരകോപ്പുകളും സ്വപ്നങ്ങളുമെല്ലാം കടലിനും തീരത്തിനുമായ് വീതിച്ച് കൊടുത്ത ദേവിയെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സ് കലങ്ങും. ആ മധുരനൊമ്പരം നുണഞ്ഞു കൊണ്ട് അവള്‍ മണലിലിരുന്നു.

"എന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ?"
അപ്രതീക്ഷിതമായ് പുറകില്‍ നിന്നൊരു സ്ത്രീ ശബ്ധം! ജലജയുടെ മനസ്സിലൊരു വെള്ളിടി വെട്ടി. ഭയം കൊണ്ടു അവളാകെ തരിച്ചു പോയി. മേലാകെ മരവിച്ച പോലെ! പുറകില്‍ ഒരു നിഴലായ് ആരോ ഉണ്ട്. തിരിഞ്ഞ് നോക്കാന്‍ ധൈര്യമനുവദിക്കുന്നില്ല. പതുക്കെ ആ നിഴല്‍ അവളെ ചുറ്റി മുന്നിലേക്ക് വന്നു. മിനുക്കങ്ങളൊന്നുമില്ലാത്ത നഗ്നമായ പാദങ്ങള്‍. അവള്‍ പതുക്കെ മുകളിലേക്ക് നോക്കി. തനിക്ക് തെറ്റിയില്ല. കേട്ടത് സ്ത്രീ ശബ്ധം തന്നെ.
"ചോദിച്ചത് കേട്ടില്ല്യേ? എന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ?"
അവള്‍ അവരെ വിസ്തരിച്ചൊന്ന് നോക്കി. നോട്ടം മുകളിലേക്ക് എത്തും തോറും വെളിച്ചം കണ്ണില്‍ കുത്തുന്നു. വെളിച്ചത്തിന്റെ മുന്നാമ്പുറത്ത് അവരുടെ മുഖം അവ്യക്തമായിരുന്നു. എഴുന്നേറ്റു കൊണ്ടവള്‍ പറഞ്ഞു.
"ഞാന്‍ ... വെറുതെ.... വെറുതെ കാറ്റ് കൊള്ളാന്‍..."
"ങ്‌ഹും.... കന്യാകുമാരിയിലെ കടലിനും കടലിന്റെ കാറ്റിനും ഒരു പ്രത്യേക സുഖാ... എത്ര കണ്ടാലും കൊണ്ടാലും മതി വരില്ല...."
സൂര്യനിറങ്ങി പോയ കടല്‍‌വഴികളില്‍ കണ്ണും നട്ട് നില്‍ക്കുന്ന ആ സ്ത്രീയെ അവള്‍ പഠിച്ചു. വെള്ള പ്രിന്റുള്ള ചുവപ്പ് കോട്ടണ്‍ സാരി. ചുവന്ന വട്ടപ്പൊട്ട്. ഫ്രെയിമില്ലാത്ത കണ്ണടക്കിടയിലൂടെ കണ്‍കള്‍ക്കടിയില്‍ കറുപ്പ് നിറം തെളിഞ്ഞു നില്‍ക്കുന്നു. മെടയാതെ അലസമായി കിടക്കുന്ന മുടി. കൈത്തണ്ടയില്‍ ഒറ്റയ്ക്കിരിക്കുന്ന, നിറം മങ്ങിയ സ്വര്‍ണ്ണവള. കാതുകളില്‍ പതിഞ്ഞ് കിടക്കുന്ന വെളുത്ത മുത്തുള്ള സ്റ്റഡ് അവര്‍ക്ക് ചേരുന്നേയില്ലെന്ന് ജലജയ്ക്ക് തോന്നി.

"കുറച്ച് നേരായ് ഞാന്‍ കുട്ട്യെ, ദാ അവിടെ നിന്ന്, ശ്രദ്ധിക്ക്‍ണൂ. നടന്ന് വരുന്നത് കണ്ടപ്പോള്‍ ആദ്യം ഭയം തോന്നി. ജീവിതം മനുഷ്യനെ കൊണ്ട് എന്തൊക്ക്യാ ചിന്തിപ്പിക്ക്യാന്നറീല്ലല്ലോ. പിന്നെ പൂഴിയിലിരിക്കണ കണ്ടപ്പളാ ഒന്നാശ്വാസായത്. ഞാന്‍ ബുദ്ധിമുട്ടിയ്ക്ക്യല്ല്ലല്ലോ?"
"ഏയ്, ഇല്ല.". അവള്‍ ഭംഗിവാക്കു പറഞ്ഞു.
ഇപ്പോള്‍, കന്യാകുമാരിയില്‍ നിന്ന് മടങ്ങും വരെയും, ആരോടും സംസാരിക്കാനുള്ള മൂഡിലല്ല താന്‍. പക്ഷെ അവരുടെ മുഖത്ത് നോക്കി മറുത്തൊന്ന് പറയാന്‍ തോന്നിയില്ല. എവിടെയോ കണ്ട് മറന്ന പോലെ ഒരു മുഖം. ഓര്‍മ്മകള്‍ ചിതറിക്കിടക്കുന്നു.

"എന്തു പറ്റി കുട്ടീ? മനസ്സ് ശരിയില്ലെന്ന് മുഖം പറയുന്നുണ്ടല്ലോ?"
അവളുടെ കണ്ണുകളിലേക്ക് അവര്‍ ഉറ്റിനോക്കി. എവിടെയാണ് താനിവരെ കണ്ടിരിക്കുന്നത്? ഒരു പിടിയും കിട്ടുന്നില്ല. അവര്‍ തുടര്‍ന്നു.
"ചില വിചാരങ്ങള്‍ ഇങ്ങന്യാ, ഉള്ളില്‍ തന്നെ ഇട്ടാല്‍ മനസ്സിന് ദഹിപ്പിക്കാനായി എന്ന് വരില്ല. ആരോടെങ്കിലും പറഞ്ഞ് കൊണ്ട് പുറത്തേക്ക് കളയുന്നതാ നല്ലത്. എന്നോട് പറയാന്‍ പറ്റുന്നതാണെങ്കില്‍ ആവാം."
അവളുടെ വരണ്ട കണ്ണുകള്‍ പറയുന്ന കഥകള്‍ക്കായ് അവര്‍ മനസ്സോര്‍ത്തു. കടല്‍ ഇരമ്പിക്കൊണ്ടേയിരുന്നു. മടിച്ച് മടിച്ച്, ഹൃദയത്തിന്റെ മിടിച്ചിലുകള്‍ അക്ഷരങ്ങളായ് മാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു തുടങ്ങി. അവര്‍ നടത്തം തുടര്‍ന്നു.

മനസ്സിലെ വിങ്ങലുകള്‍ ഒന്നൊഴിയാതെ, മന:പാഠമാക്കിയതുരുവിടുന്ന കുട്ടിയെ പോലെ, പറഞ്ഞു തീര്‍ത്തപ്പോള്‍, ഇത്രയും ഭാരം താന്‍ നെഞ്ചിലേറ്റിയിരുന്നോ എന്നവള്‍ അത്ഭുതപ്പെട്ടു.
അവര്‍ തന്നെ പറ്റി എന്തു കരുതുന്നുണ്ടാകും? ഛെ, വേണ്ടായിരുന്നു. അല്ലെങ്കിലും ഇതൊക്കെ ആരോടും, രവിയോട് പോലും, പറയണമെന്ന് തനിക്കില്ലായിരുന്നു. അവനെ തന്നിലേക്കടുപ്പിച്ചത് തന്നെ താന്‍ ചെയ്ത കൊടിയ അപരാധം! വെറുതെ മനസ്സമാധാനത്തോടെ കഴിഞ്ഞ അവനെ.... അരുവിയായ് പിറന്ന് പുഴയായ് മാറിയ അവന്റെ പ്രണയം, തന്നേക്കാള്‍ അവനെ ബാധിക്കുന്നു (അതോ...?) എന്ന് തിരിച്ചറിഞ്ഞപ്പോളാണ് ആ തെറ്റ് അവസാനിപ്പിക്കാന്‍, അവനെ തന്നില്‍ നിന്ന് പറിച്ചെറിയാന്‍, താന്‍ തന്നെ മുന്‍‌കൈയെടുക്കണം എന്ന് തീരുമാനിച്ചത്. നിരന്തരമായ അവന്റെ വിളികളും ഇ-മെയിലുകളും താന്‍ അവഗണിച്ചു. കുടുംബങ്ങള്‍ തമ്മില്‍ കണ്ട അവസരങ്ങളില്‍ അവനേക്കാളേറെ അവന്റെ ഭാര്യയോട് സംസാരിക്കാന്‍ ശ്രമിച്ചു. അവനോട് വരുതിയില്‍ നിന്ന് മാത്രം സംസാരിച്ചു, ഒഴിവാകാനാകാഞ്ഞ സംസാരങ്ങള്‍ വാക്കുകളിലൊതുക്കി. അവന്റെ കണ്ണുകളിലെ വേദന കാണുന്നില്ലെന്ന് നടിച്ചു. തന്നോടുള്ള അവന്റെ ദേഷ്യം കൂടി വരുന്നത് മനസ്സിലാക്കി - ഒത്തിരി സങ്കടത്തോടെ! പക്ഷെ, എന്തൊക്കെയോ തനിക്ക് നഷ്ടപ്പെടുന്നതായ് ഇടയ്ക്കിടെ തോന്നി പോകുന്നു. എങ്കിലും എല്ലാം എല്ലാവരുടെയും നല്ലതിനെന്ന് ...

"മറക്കാനാകുന്നില്ല എന്നതാണോ ഇപ്പോഴത്തെ പ്രശ്നം? അതോ മറക്കാന്‍ കഴിയുന്നു എന്നതോ?"
അവരുടെ ചോദ്യം ചിന്തകളില്‍ നിന്നവളെ വേര്‍പ്പെടുത്തി.
"അറിയില്ല... എനിക്കറിയില്ല... അതിനെ പറ്റി, ഇതിന്റെയൊക്കെ റിയാലിറ്റിയെ പറ്റി ആലോചിക്കാന്‍ എനിക്ക് പേടിയാണ്. ഒരാളോട് ഇതൊക്കെ സംസാരിക്കാന്‍ പോലും..."
അറിയാതെ ജലജ വിതുമ്പി.
"അങ്ങനെയൊക്കെ തോന്നാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോളാലോചിക്കുമ്പോള്‍ തെറ്റാണോ എന്ന് സംശയം തോന്നുന്നെങ്കിലും, എനിക്കത് വലിയൊരു ശരിയായിരുന്നു. ജീവിതത്തിലെ വലിയൊരു ശരി."
"ഇത്തരമൊരു ബന്ധം ഒരുപാട് തെറ്റുകള്‍ക്കും പ്രേരിപ്പിക്കും. അതാണ് പ്രശ്നം."
"സമൂഹം പ്രതീക്ഷിക്കുന്ന തെറ്റുകള്‍ക്ക് അവനെന്നെ പ്രേരിപ്പിച്ചിട്ടില്ല, അതിരുകളില്ലാത്ത ആഗ്രഹങ്ങളുണ്ടെങ്കിലും. കൈകോര്‍ക്കലുകളില്‍ തുടങ്ങി നെഞ്ചോട് ചേര്‍ത്ത ചുംബനങ്ങളില്‍ മാത്രമൊടുങ്ങുന്ന സമാഗമങ്ങള്‍, അവയുടെ ശരിയും തെറ്റും കൂട്ടിക്കിഴിക്കാന്‍ ഞാന്‍ ഇതേ വരെ ശ്രമിച്ചിട്ടുമില്ല. എങ്കിലും ചിലപ്പോള്‍, ചില നേരങ്ങളില്‍ ചന്ദ്രേട്ടനെ കാണുമ്പോള്‍... അപ്പോള്‍ മാത്രം..."
അവളുടെ വാക്കുകള്‍ മുറിഞ്ഞു.
"ങ്‌ഹും....എനിക്ക് മനസ്സിലാകും. മറ്റാരേക്കാളും... നിര്‍വചിക്കാനാവാത്ത ഈ ബന്ധത്തിന്റെ കാല്പനികതയും അതുണ്ടാക്കുന്ന പാപഭാരവും എനിക്ക് മനസ്സിലാകും."
അവരുടെ മുഖത്ത് നോക്കുമ്പോള്‍, കണ്ണീരിനിടയിലും ജലജയ്ക്ക് ആശ്വാസം തോന്നി. അവര്‍ പതുക്കെ അരികിലേക്ക് വന്ന്, അവളുടെ നെറുകയിലൂടെ വിരലുകളോടിച്ചു.
"കരയാതിരിക്കൂ കുട്ടീ.... ജീവിതം പഠിപ്പിക്കുന്ന വലിയ പാഠങ്ങളില്‍ ചിലത് മാത്രമാണിതെല്ലാം. സുഗമമായ ഒഴുക്കിനെ തടുക്കുന്ന ചെറിയ തടയിണകള്‍. എല്ലാം ശരിയാകും. എല്ലാം മറക്കാന്‍ ഈശ്വരന്‍ സഹായിക്കും."
വീശിയടിച്ച കാറ്റിലുടഞ്ഞ കണ്ണീര്‍ക്കണങ്ങള്‍ അവള്‍ തുടച്ച് കളഞ്ഞു. ദൂരെ വെളിച്ചത്തിന്റെ പൊട്ടുപൊടികള്‍ കാണുന്നുണ്ട്. അകലങ്ങളിലെ നക്ഷത്രങ്ങളോ നങ്കൂരമിട്ട കപ്പലുകളോ എന്ന് തിരിച്ചറിയുന്നില്ല.
"സമയം ഒരുപാടായ്. കുട്ടി പൊയ്ക്കോളൂ."
"ങ്‌ഹും... നേരം കുറേയായ്." അവള്‍ ശരി വെച്ചു.
"പേടിയുണ്ടോ ഒറ്റയ്ക്ക് പോകാന്‍? ഞാന്‍ തിരികെ കൊണ്ട് വിടണോ?"
"അപ്പോ ചേച്ചി....ചേച്ചിയെങ്ങോട്ടാ?" അവള്‍ അമ്പരപ്പോടെ ചോദിച്ചു.
"ഞാന്‍... ഞാനാ പാറക്കെട്ടുകള്‍ വരെ ..."
ഇത്തിരി ദൂരെയായ് കാണുന്ന, ഇരുട്ടിലൊളിച്ചിരിക്കുന്ന പാറക്കെട്ടുകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
"അവിടെ ... അവിടെയെന്താ ഈ നേരത്ത്..?"
അവര്‍ ആ ചോദ്യം പ്രതീക്ഷിരുന്നുവെന്ന് തോന്നുന്നു. വിടര്‍ന്ന ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
"എന്നെയും കാത്തൊരാള്‍ അവിടെ ഇരിപ്പുണ്ടാകണം."
‘ആര്?’ എന്നവള്‍ ചോദിച്ചില്ല. ചോദിച്ചാലും അവര്‍ മറുപടി പറഞ്ഞേക്കില്ലെന്ന് ജലജയ്ക്ക് തോന്നി. അവര്‍ മുന്നോട്ടേക്ക് നടന്നു. അവള്‍ പിറകെയും.

പാറക്കെട്ടുകള്‍ അടുക്കും തോറും തന്റെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിക്കുന്നത് ജലജ അറിഞ്ഞു. വിസ്മയകരമായ ഈ രാത്രിയില്‍ താനൊരാളെ കൂടെ കണ്ടുമുട്ടാന്‍ പോകുന്നു. കാറ്റിന്റെ ഗതിവിഗതികള്‍ക്കൊപ്പം അവളും നടന്നു നീങ്ങി.

"ഞാന്‍ പറഞ്ഞില്ലേ എന്നെ കാത്ത് ഇവിടെ ഇരിപ്പുണ്ടാകുമെന്ന്. അതാ നോക്കൂ..."
ഒരു കൊച്ചുകുട്ടിയുടെ ഭാവഹാവാദികളോടെ അവര്‍ ഉറക്കെ പറഞ്ഞു. കാതുകളില്‍ പതിഞ്ഞ് കിടക്കുന്ന വെളുത്ത മുത്തുള്ള സ്റ്റഡ് അവര്‍ക്ക് ഇപ്പോള്‍ നല്ല പോലെ ചേരുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി. നേര്‍മയുള്ള ആ ഇരുട്ടില്‍, ഇത്തിരി ഭയത്തോടെ അയാളെ അവള്‍ നോക്കി കണ്ടു. കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് കടലില്‍ ദൃഷ്ടിയുറപ്പിച്ച് ഒരു മനുഷ്യന്‍ ഇരിക്കുന്നു! കടുംനീല പാന്റും ഇന്‍‌ചെയ്യാതെ കിടക്കുന്ന, കോളര്‍ ബട്ടണ്‍ ഇല്ലാത്ത, വെള്ള ഹാഫ്‌കൈഷര്‍ട്ടും. നരച്ച് തുടങ്ങിയ കൃതാവ്, മീശ. മൂക്കിന്റെ വലത്ത് ഭാഗത്തായ് കറുത്ത മറുക്. കീശക്കുള്ളില്‍ നിന്നെത്തി നോക്കുന്ന കണ്ണടക്കവര്‍.
അവരുടെ വരവ് പ്രതീക്ഷിച്ചിട്ടെന്നോണം അയാള്‍ തിരിഞ്ഞു നോക്കി. അയാള്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചോ? അതോ തന്റെ തോന്നലണോ? ഇല്ല. തന്നെ അയാള്‍ കണ്ടിട്ടേ ഇല്ല എന്ന് ജലജയ്ക്ക് തോന്നി. അവരെ തന്നെ നോക്കി നില്‍ക്കുകയാണ് അയാള്‍. അവള്‍ അയാളേയും!
ഒരാണിന്റെ കണ്ണുകളില്‍ ഇത്രയേറെ വേദന ഇന്നേ വരെ കണ്ടിട്ടില്ല. ജലജ അറിയാതെ രവിയെ ഓര്‍ത്തു. അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ താന്‍ എന്നും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ചന്ദ്രേട്ടന്റെ സാന്നിദ്ധ്യത്തില്‍. നഗരത്തിലെ തിരക്കേറിയ ഷോപ്പിംഗ്‌മാളില്‍ വെച്ച് കുടുംബസമേതം അവസാനം കണ്ടപ്പോളും അവന്റെ കണ്ണുകളുടെ കാഴ്ചയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അവരുടെ കുശലം പറച്ചിലുകളില്‍ നിന്ന് താനിത്തിരി മാറി നിന്നെങ്കിലും, യാത്രാമൊഴിയോതവേ കണ്ണുകള്‍ അറിയാതെ കൊളുത്തി വലിച്ചതിന്റെ നൊമ്പരം ഇന്നും താനനുഭവിക്കുന്നു. വേര്‍പ്പാടിനിടയിലെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഓര്‍മ്മ അവളില്‍ മെല്ലെ ഒരു നെടുനിശ്വാസമായ് മാറി. കടല്‍ അതിനു താളം പിടിച്ചു.

അവര്‍ തിരിഞ്ഞു നിന്ന് അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പ്രണയത്തിന്റെ വിവിധവിതാനങ്ങള്‍ ഹൃദയത്തില്‍ കാക്കാനുള്ള സിദ്ധി, ദൈവം പെണ്ണിനു മാത്രം നല്‍കിയ വരം! സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രിയമായെതെന്തും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നമുക്കാകും. വിഷമിക്കാതിരിക്കൂ. രവിയുടെയും ചന്ദ്രന്റെയും നടുവില്‍ മനസ്സുലഞ്ഞു നില്‍ക്കുന്ന ജലജയെ ദൈവം കാണാതിരിക്കില്ല."
അവര്‍ മന്ദഹസിച്ചു. ആ ചിരിയില്‍ നിറയെ സ്നേഹമാണെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ കൊണ്ട് വിട പറഞ്ഞ് കൊണ്ടവര്‍ നടന്ന് നീങ്ങവേ അവള്‍ വിളിച്ച് ചോദിച്ചു.
"ചേച്ചീടെ പേര് പറഞ്ഞില്ല."
അവര്‍ തിരിഞ്ഞ് നിന്ന് അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു.
"നന്ദിത... നന്ദിത മേനോന്‍!"
അവര്‍ തിരിഞ്ഞു നടന്നു.

വരണ്ട മനസ്സുകളില്‍ നിന്ന് പുറത്തേക്ക് വരാനാകാതെ വാക്കുകള്‍ വിമ്മിഷ്ടപ്പെട്ടു നില്‍ക്കെ അവര്‍ അയാള്‍ക്കരികിലേക്ക് നീങ്ങി, ആ പാറപ്പുറത്തിരുന്നു. അയാളിലേക്ക് ചേര്‍ന്നിരിക്കുമ്പോള്‍ അവരില്‍ പ്രസന്നഭാവം തിരികെ വന്നത് പോലെ. അയാളുടെ തളര്‍ന്ന ശരീരത്തിലേക്ക് അവര്‍ തല ചായ്ച്ചു. കിഴക്കിന്റെ തെളിച്ചം പതുക്കെ കൂടുന്നുണ്ടായിരുന്നു.

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ പൂത്ത പോലെ, ചെമ്പകത്തിന്റെ സുഗന്ധം കടല്‍ക്കാറ്റില്‍ നിറഞ്ഞു.
നഷ്ടസ്മൃതികളുടെ വര്‍ണ്ണപ്പൊട്ടുകള്‍ കലര്‍ന്ന കന്യാകുമാരിയിലെ മണല്‍പ്പരപ്പിലൂടെ കയറി വന്ന കടല്‍ അവരുടെ കാലുകള്‍ തടവവെ, ആര്‍ത്തലച്ചടിക്കുന്ന തിരമാലകളുടെ ഉപ്പുരസം അവളറിഞ്ഞു.
തന്റെ നെഞ്ചിലെ ഭാരം കുറയുന്നതായ് ജലജയ്ക്ക് തോന്നി.

ജനലഴികള്‍ക്കിടയിലൂടെ വന്ന തണുത്ത കാറ്റിന്റെ തലോടലില്‍ അവള്‍ പതുക്കെ ഉണര്‍ന്നു. ഉദയാസ്തമയങ്ങള്‍ക്കിടയില്‍ നിലയ്ക്കാതെ തുടരുന്ന തിരയുടെയും തീരത്തിന്റെയും പ്രണയഭാവം മുഴുവനാവാഹിച്ച പോലെയുള്ള ആ സ്വരം അവളുടെ കാതുകളില്‍ മുഴങ്ങി.
"ഹലോ..."
"ഹലോ..."

ഹിന്ദുസ്ഥാനിരാഗത്തിന്റെ ആരോഹണാവരോഹണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ആ സംബോധന.
തിരമാലകളുടെ ഇരമ്പലിനൊടുവില്‍ പ്രളയമേഘങ്ങളോട് അനുഗ്രഹവര്‍ഷം പൊഴിയുവാന്‍ അപേക്ഷിക്കുന്ന ഗാനമുയരവെ, ‘മേഘമല്‍ഹാറിന്റെ‘ അവസാനടൈറ്റിലുകള്‍ ടി.വി.യില്‍ തെളിഞ്ഞു.

ബോധത്തിന്റെയും അബോധത്തിന്റെയും അവസ്ഥാന്തരങ്ങള്‍ക്കിടയില്‍ ‘മേഘമല്‍ഹാര്‍‘ തീര്‍ത്ത സ്വപ്നശകലങ്ങളില്‍ നിന്നുണരുവാന്‍ വിസ്സമ്മതിച്ച് കൊണ്ട് ജലജ കട്ടിലില്‍ മലര്‍ന്നു കിടന്നു. പുറത്ത്, പ്രതലം മറയ്ക്കുന്ന ഗഹനതയില്‍ മുത്തും പവിഴവും നിറച്ച കടല്‍, സമാഗമത്തിന്റെ ആഹ്ലാദവും വേര്‍പ്പാടിന്റെ വേദനയും നിറഞ്ഞ തനിയാവര്‍ത്തനം തുടര്‍ന്നു.

തന്റെ മനസ്സ് എന്നത്തേക്കാളുമേറെ ശാന്തമായെന്ന് ജലജയ്ക്ക് തോന്നി. കണ്ണനെ മനസ്സിലോര്‍ക്കാന്‍ അവള്‍ ശ്രമിച്ചു. അറിയാതെ ചന്ദ്രേട്ടനും രവിയും ഓര്‍മ്മയില്‍ തെളിയുന്നു. അവള്‍ മന്ദഹസിച്ചു. എന്നീട്ട് പതിയെ മനസ്സിലുരുവിട്ടു.
"നിന്നെ പ്രണയിക്കാതിരിക്കാനാകുന്നില്ല എന്നത് എന്റെ ദൌര്‍ബല്യമെങ്കില്‍, ആ ദൌര്‍ബല്യത്തെ ഞാനും പ്രണയിക്കുന്നു-മൌനമായ് !"


--------------------------------------------------------------------------------------------------
* കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന മലയാളചലച്ചിത്രത്തിലെ നായകകഥാപാത്രങ്ങള്‍.