Tuesday, May 26, 2009

ഭഗവതിരൂപിണി

വയറ്റാട്ടിപ്പാറുവില്‍ നിന്ന് എന്തെങ്കിലും ചോദ്യം പ്രതീക്ഷിച്ച് കൊണ്ട് തണുത്ത നിലത്ത് വിരിച്ച കൈതോലപ്പായയില്‍ രുദ്ര കിടന്നു. മുറിയുടെ ഒരു മൂലയ്ക്ക് തന്റെ മരുന്നു പെട്ടിയിലെ ശേഷിപ്പുകളില്‍ പരതുകയായിരുന്ന പാറുവിനോട് പുരയുടെ തണല്‍ തളര്‍ന്ന് കിടന്ന മുറ്റത്തെ പുളിമരത്തിന്നടിയില്‍ ബീഡിപ്പുകയില്‍ മറഞ്ഞിരിക്കുന്ന വൃദ്ധനാരെന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും, ഇനിയുമുണരാത്ത മൌനത്തെ ചോദ്യം ചെയ്യാനവള്‍ക്ക് ധൈര്യം വന്നില്ല. ചാണകം മെഴുകിയ തറയിലെ ഇരുട്ടുമായ് ഇണ ചേരാന്‍ ദ്രവിച്ച ഓലകളിലൂടെ കടന്ന് വന്ന സൂര്യകിരണങ്ങള്‍ മയക്കത്തിലേക്കൂര്‍ന്ന് കൊണ്ടേയിരുന്നു.

പുഴക്കരയിലെ പാറക്കെട്ടുകള്‍ക്ക് പിറകിലുള്ള ഈ കുടിലിലേക്ക് നിമിഷങ്ങള്‍ക്ക് മുന്‍പ് കടന്ന് വരുമ്പോള്‍ തന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കണം എന്ന ഭയം രുദ്രയ്ക്കുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ പടലേടത്തെ കുട്ടിയെ പാറു തിരിച്ചറിയുമെന്നതില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല. പാറുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെടുത്ത് മടിച്ച് മടിച്ച് കൊണ്ടുള്ള നില്‍പ്പിന്റെ പൊരുള്‍ അടിവയറ്റിലേക്കുള്ള ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ തലമുറകളെ ഭൂമിയിലേക്ക് സ്വാഗതം ചെയ്ത ആ കൈത്തഴക്കത്തിനായി. “അകത്തേക്ക് കിടന്നോളു’ എന്ന് മാത്രം പറഞ്ഞ് കൊണ്ട് കൂരയ്ക്കുള്ളിലെ ഇരുട്ടിലേക്ക് പാറു മറഞ്ഞപ്പോള്‍ പിന്തുടരാനേ അവള്‍ക്കായുള്ളൂ.
പുറത്ത് കരിയിലകള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു.

അരിച്ചരിച്ച് നീങ്ങിയ നിമിഷങ്ങളുടെ അസ്വസ്ഥതയില്‍ രുദ്ര കിടന്നു. കളിമണ്‍‌പാത്രങ്ങള്‍ കലഹിക്കുന്ന ശബ്ദത്തിനിടയില്‍ പാറുവിന്റെ ചുണ്ടുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വന്ന വാക്കുകള്‍ അവ്യക്തമായ് കേട്ടു. തന്റെ അരികിലേക്കടുത്ത് വരുന്ന അതിന്റെ താളത്തില്‍ ഏതോ പ്രാര്‍ത്ഥനകളുടെ പിറുപിറുക്കലുണ്ട്. പാറുവിന്റെ തണുത്ത കൈപ്പത്തി രുദ്രയുടെ നെറ്റിയില്‍ പതിയെ തലോടി. കണ്‍‌തടങ്ങളിലാകെ പരന്ന കരിമഷിയും നെറ്റിയിലാകമാനം പൂശിയ ഭസ്മവും അതിന്റെ നടുവിലെ കുങ്കുമരാശിയും ‘കുറിയപാറു’വിനെ സുന്ദരിയാക്കിയിട്ടുണ്ടെന്ന് അവള്‍ക്ക് തോന്നി. വെളുവെളുത്ത ഈ മേല്‍മുണ്ട് എപ്പോഴാണ് പാറു ഇട്ടത്?
“ഒന്നും പേടിക്കണ്ട. ഒരു ഉറുമ്പു കടിക്കുന്ന വേദന പോലുമില്ലാതെ പാറു നോക്കിക്കൊള്ളാം.”
കോടിയ ചുണ്ടുകളില്‍ ചിരിയൊളിപ്പിച്ച് കൊണ്ട് രുദ്ര കിടന്നു. തന്റെ വലത്തുകൈപ്പടം രുദ്രയുടെ അടിവയറ്റില്‍ വച്ചപ്പോഴും നെറ്റിയിലെ തലോടല്‍ പാറു തുടര്‍ന്ന് കൊണ്ടേയിരുന്നു. ഓലപ്പഴുതിലൂടെ നേരിയ വെളിച്ചം അവളുടെ അടിവയറ്റിനെ സ്പര്‍ശിച്ച് കൊണ്ടേയിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ വയറ്റാട്ടിപാറു കണ്ണുകളടച്ചപ്പോള്‍ പുറത്തേക്കുള്ള വാതില്‍ അടഞ്ഞു. മുറിയിലെ ഇരുട്ടിന് കനം വെച്ചു.
അടിവയറ്റിനെ തലോടികൊണ്ടിരുന്ന പാറുവിന്റെ കൈകള്‍ ഉടുമുണ്ടിന്റെ കെട്ട് വേര്‍പ്പെടുത്തിയപ്പോള്‍ അവളൊന്ന് പുളഞ്ഞു. കൂടുതല്‍ കനം വെച്ച് കൊണ്ടിരുന്ന ഇരുട്ടില്‍ പാറുവിന്റെ പിറുപിറുക്കലുകള്‍ വ്യക്തമായ് തുടങ്ങി. പൊക്കിള്‍‌ക്കൊടിയുടെ കീഴേയ്ക്ക് ഭ്രമണപഥം മാറിയ തലോടലിന്റെ വേഗതയില്‍ അരഞ്ഞാണം പൊട്ടിയൂര്‍ന്ന് പോയത് രുദ്രയറിഞ്ഞു.
“കണ്ണടച്ചോളൂ....”
പറഞ്ഞതാര്? കാതുകളില്‍ മുഴങ്ങുന്ന ശബ്ദം കണ്ണിയിണങ്ങാത്ത വാക്കുകളോ അതോ മന്ത്രോച്ചാരണങ്ങളോ? തന്റെ കണ്ണുകള്‍ മുന്‍പേ അടഞ്ഞിരുന്നതായിരുന്നുവെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ മുറുക്കിയടയുമ്പോള്‍ കറുപ്പും കറുപ്പിന്റെ ചുറ്റും മറ്റെല്ലാ നിറങ്ങളും ചേരുന്നു. മറ്റാരുടേയോ ശ്വാസം മുഖത്ത് പതിയുന്നുവോ? ഇല്ല... പക്ഷെ ആ ശ്വാസം ഒന്ന് പതിഞ്ഞിരുന്നെങ്കില്‍.... പൂ പോലെ തന്റെ അരക്കെട്ടു‌യര്‍ത്തി, നെറ്റിയിലെ വട്ടപൊട്ടിലേക്ക് ചുണ്ടുകളമര്‍ത്തി കൊണ്ട് വിളിച്ചത് ഒന്ന് കൂടെ കേട്ടിരുന്നെങ്കില്‍...
“ഭഗവതിരൂപിണീ....!!!”
ആ വിളി തന്നിലൂര്‍ജ്ജമായ് പടരുന്നു.... അയാളുടെ മുഖമോ മനസ്സില്‍ തെളിഞ്ഞത്... അതോ മറ്റാരോ മാറ്റാന്‍ ചൊല്ലി വിളിച്ചതോ?
“കുട്ടീ, ഗാന്ധര്‍വ്വത്തിന് ദാഹിക്കുന്ന മനസ്സുകളാണ് ചുറ്റും, സൂക്ഷിക്കണം.“
മുത്തശ്ശിയുടെ ശബ്ദം കേട്ടുവോ? അല്ല അത് അയാളുടെ ശബ്ദം പോലെ തന്നെ... അല്പ മുന്‍പ് കണ്ടപ്പോഴും തനിക്കാകര്‍ഷകമായ് തോന്നിയത് ആ ശബ്ദമാണ്. പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദം... ശരീരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും ഒരേ പോലെ മുഴങ്ങുന്ന ആ ശബ്ദം....

ചുമരിലേക്ക് തിരിഞ്ഞിരുന്ന് ഉണങ്ങികൊണ്ടിരുന്ന വ്രണത്തിലെ അടരുകള്‍ പൊളിച്ച് കൊണ്ടിരുന്ന അയാളെയാണ് പൂവള്ളിയിലെ വൈദ്യപ്പുരയിലേക്ക് കടന്ന് ചെന്നപ്പോള്‍ കണ്ടത്... അകമേ തോന്നിയത് സഹതാപമോ പകയോ? അകത്തേക്ക് കയറാന്‍ മടിച്ച് നിന്നപ്പോഴും എന്തിനാണ് അപ്പോളങ്ങോട്ട് ചെന്നത് എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു മനസ്സില്‍. മനസ്സിലുള്ളത് പറയണം. ആ നീറ്റല്‍, വര്‍ഷങ്ങള്‍ പഴുപ്പിച്ചെടുത്ത ആ നീറ്റലിന്റെ സുഖകരമായ പരിണാമം, മനസ്സിലാക്കാനായില്ലെങ്കിലും ഒരു പുരുഷനെങ്കിലും അതറിയണം!

പക്ഷെ അപ്പോള്‍ മുറിയില്‍ വേലുവിനെ തീരെ‍ പ്രതീക്ഷിച്ചിരുന്നില്ല. എഴുന്നേറ്റ് ഒരരികിലേക്ക് മാറി നിന്ന് തനിക്ക് നില്‍ക്കാനല്‍പ്പം സ്ഥലമുണ്ടാക്കവേ ചിരിച്ചെന്നൊന്ന് വരുത്തി. കണ്ണുകള്‍ നിലത്തും ഉലഞ്ഞിരിക്കുന്ന തന്റെ മേല്‍മുണ്ടിലുമായ് പായിച്ച് കൊണ്ട് വേലു പിറുപിറുത്തു.
“എന്തൊരു ദുര്‍വിധിയാണീശ്വരാ! എല്ലാം ജാതകദോഷം!!!”
അതെയോ... എല്ലാം ജാതകദോഷം തന്നെയോ?
താന്‍ ഒന്നും പ്രതികരിക്കുന്നില്ല എന്ന് കണ്ട് അയാള്‍ തുടര്‍ന്നു.
“പേരു കേട്ട ഇല്ലം... പണം പ്രതാപം. ദുര്‍മന്ത്രവാദവും ഒഴിപ്പിക്കലുകളും തുടങ്ങിയ മുതല്‍ ഞാന്‍ ഭയപ്പെട്ടതാ വള്ളിക്കാട്ടെ മൂസ്സതിന്റെ ഈ പതനം - ഇത്ര നേരത്തെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും! കര്‍മ്മഫലം!”
അതെയോ...? പുരുഷപ്രകൃതിയുടെ കര്‍മ്മങ്ങളെന്തല്ലാമായിരുന്നുവെന്ന് അന്വേഷിച്ചില്ലേ കാര്യസ്ഥന്‍ ‍എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. തന്റെ മൌനം അയാളെ അസ്വസ്ഥനാക്കിയോ...
“കുഞ്ഞിനിപ്പോള്‍ എല്ലാം സുഖായല്ലോല്ലേ.... അതും അദ്ദേഹത്തിന്റെ കൈപ്പുണ്യം”
ഒന്നു മൂളിയിരുന്നോ താന്‍. അറിയില്ല. വേലുവിന്റെ കണ്ണുകളില്‍ തന്നെയായിരുനു ശ്രദ്ധ. കണ്ണൊന്ന് പിഴച്ചാല്‍ കൊത്തിപ്പറിക്കാനെന്നോണമാണോ അയാളുടെ നോട്ടം? ആണെങ്കില്‍....
“പകലൊക്കെ മിണ്ടാട്ടല്ല്യാതെ ഇരിക്കും.. രാത്രീലൊക്കെ എന്തൊക്കെയോ പിറുപിറുക്കും... ചെലപ്പോ ആരെയൊക്കെയോ ശപിക്കും.... ശ്ലോകം ചൊല്ലും.... ഇടയ്ക്ക് പെട്ടന്നുള്ള ഒരു നെലവിളിയുണ്ട്, അതാ കഷ്ടം... കേക്കുമ്പം ചങ്കു പറിയും..... എത്ര മനസ്സുകള്‍ സുഖപ്പെടുത്തീതാ ഇദ്ദേഹം... അതിന്റെ പുണ്യം ഇങ്ങനയാണല്ലോ ഈശ്വരന്മാര്‍ കൊടുത്തത്...”
തന്നില്‍ നിന്നും മറുപടിയെന്തെങ്കിലുമുണ്ടാകുമെന്ന് കരുതി വേലു വീണ്ടും കാത്തു. മാത്രകള്‍ മരവിച്ച് നിന്നു.
“കുഞ്ഞുണ്ടാവില്ലേ ഇവിടെ ഇത്തിരി നേരം.... ഞാനൊന്ന് മുറുക്കീട്ട് വരാം... “
വേലു പോവുന്നതും നോക്കി താന്‍ കുറച്ച് നിന്നു. പിന്നില്‍ ചങ്ങലക്കൂട്ടം അനങ്ങുന്നുണ്ടെന്ന് അറിഞ്ഞുവെങ്കിലും തിരിഞ്ഞ് നോക്കിയില്ല. ആ നോട്ടം തന്റെ നേരെ നീളുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. തിരിഞ്ഞൊന്ന് നോക്കാന്‍ അപ്പോള്‍ തനിക്ക് ഇത്തിരി ഭയമുണ്ടായിരുന്നോ? അറിയില്ല, പക്ഷെ മനസ്സിലെന്തോ മുറുക്കമനുഭവപ്പെട്ടിരുന്നു. പിന്നില്‍ ഒരു പിറുപിറുക്കല്‍ കേട്ടു.
“വട്ടപൊട്ട്.... ചെമ്പരത്തിയുടെ ചുവപ്പുള്ള വട്ടപൊട്ട്”
തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. കാലിലെ വ്രണം വട്ടപൊട്ടായി മാറ്റിയിരിക്കുന്നു. ഉണങ്ങാത്ത ചോരക്കറയുള്ള കൈവിരല്‍ത്തുമ്പ് തന്റെ നെറ്റിക്ക് നേരെ നീട്ടി കൊണ്ട് പ്രതാപിയായ മൂസ്സത് പുലമ്പുന്നു - “വട്ടപ്പൊട്ട്!“.
തനിക്കെന്തോ അതൊരു ഹരമായ് തോന്നി. ചുണ്ടുകള്‍ മന്ദഹസിച്ചു. മുഖം അയാളുടെ കണ്ണുകളുടെ മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു.
“ഇതാ ചുവന്ന വട്ടപ്പൊട്ട്... മൂസ്സതിന്റെ ആവാഹനക്കളത്തില്‍ മതിഭ്രമവുമായ് പഴന്തുണി പോലെ ഇരുന്ന ആ പെണ്ണിന്റെ മുഖത്തെ അതേ വട്ടപ്പൊട്ട്...”
അയാള്‍ക്ക് തന്നെ മനസ്സിലായോ... ആ കണ്ണുകളില്‍ അപ്പോള്‍ സന്ദേഹമുയര്‍ന്നോ?
“നീ...”
“ഞാന്‍ തന്നെ.... അത് ഞാന്‍ തന്നെ... ആഴ്ചകള്‍ക്ക് മുന്‍പ് ഇല്ല്ലത്തെ അറപ്പുരയില്‍ ബ്രഹ്മചാരി കളമൊരുക്കിയത് എനിക്ക് വേണ്ടി തന്നെ.... ആയിരത്തൊന്ന് തിരികള്‍ക്ക് നടുവില്‍ മന്ത്രോച്ചാരണങ്ങള്‍ പൂകൊണ്ട് മൂടിയതും എന്നെ തന്നെ... ചെയ്താലും ചെയ്താലും ആണിന് മതി വരാത്ത പൂജയ്ക്കായ് ഹവസ്സായതും ഞാന്‍ തന്നെ.... ഒടുവില്‍ ഇപ്പോള്‍ വള്ളിക്കാട്ടെ ബ്രഹ്മചാരിയായ മൂസ്സതിന്റെ ഹേതുവാകാനുള്ള സൌഭാഗ്യം സിദ്ധിച്ചതും ഈ രുദ്രയ്ക്ക് തന്നെ! “
“ബ്രഹ്മചാരി.... ഞാന്‍.....”
മനസ്സില്‍ ആവേശം നുര പൊന്തുന്നു. വാക്കുകളില്‍ വജ്രമുനകളുയരുന്നു.
“ബാധയെ തന്നിലേക്കവാഹിച്ച് പെണ്ണിന് രോഗശാന്തി നല്‍കിയ കാര്‍മ്മികനെ ലോകം വാഴ്തും. പക്ഷെ എനിക്ക് മാത്രമറിയാം.... ബോധത്തിനും ബോധക്കേടിനുമിടയില്‍ ഞാന്‍ മാത്രമറിഞ്ഞ രഹസ്യം! മതിയുടെ പാരമ്യത്തില്‍ എന്റെ ബോധോദയം! വര്‍ഷങ്ങളുടെ അശാന്തിയുടെ പകരമായ് ഞാന്‍ കവര്‍ന്നത് അങ്ങയുടെ ബ്രഹ്മചര്യം! അന്ന് അഴിഞ്ഞ് വീണ മടിക്കുത്തില്‍ പരന്ന് കിടന്ന ചോരക്കറയാണ് ഈ വട്ടപ്പൊട്ടില്‍ ജ്വലിച്ച് നിന്നിരുന്നത്. കണ്ടോളൂ.... ഇതിലിപ്പോള്‍ ചെമ്പരത്തിയുടെയല്ല ചോരയുടെ ചുവപ്പാണുള്ളത്.... തിളങ്ങണ ചുവപ്പ്”
താന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മൂസ്സത് നിശ്ചലനായിരുന്നു, പാവം അയാള്‍ക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നുറപ്പ്.

ഏഴു ദിനരാത്രങ്ങള്‍ കൊണ്ട് അയാള്‍ ആവാഹിച്ചെടുത്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍പ്പക്കാവിലെ ഇരുട്ടില്‍ ആരൊക്കെയോ തന്നില്‍ ആഴ്ന്നിറക്കിയ പാപബോധമാണ്. ആ പാപബോധമാണ് അയാളുടെ മനസ്സിലെ മിന്നല്‍‌പിണറുകള്‍- അത് തന്നേക്കാള്‍ നന്നായി ആര്‍ക്കറിയാം.
കന്യകാത്വം നഷ്ടപ്പെട്ട പെണ്ണിനെ പോലെയോ ബ്രഹ്മചര്യം നഷ്ടപ്പെട്ട പുരുഷന്‍? ശാസ്ത്രങ്ങള്‍ക്കുത്തരമില്ലാത്ത ചോദ്യം!
അല്ല എന്ന് തന്റെ വിവേകം ഉത്തരം നല്‍കി. ആണിന് ബ്രഹ്മചര്യം ഒരലങ്കാരമാണ്. പക്ഷെ പെണ്ണിന് മാനം പകരം വെയ്ക്കാനില്ലാത്തതാണ്.
രുദ്ര മൂസ്സതിനോടല്ല, പെണ്ണ് പുരുഷനോടാണ് പകരം വീട്ടിയിരിക്കുന്നത്!
അതില്‍ പേരുകള്‍ക്കെന്ത് പ്രസക്തി?
മാര്‍ഗ്ഗത്തിനെന്തിന് വിശദീകരണം?
ഇവിടെ താന്‍ തന്നെ ശരി!

അയാളുടെ കണ്ണുകളില്‍ നനവ് പരന്നിരുന്നു. തനിക്കപ്പോള്‍ അയാളോട് സഹതാപം തോന്നിയോ? ഇല്ല... പുരുഷന്‍ സഹതാപമര്‍ഹിക്കുന്നില്ല.
മുഖം ചേര്‍ത്ത് വെച്ച് അയാളുടെ ചുണ്ടുകളില്‍ മുത്തമിട്ട് തിരിഞ്ഞ് നടന്നപ്പോള്‍ അയാളുടെ നെറ്റിയിലും ഒരു വട്ടപ്പൊട്ടുദിച്ച് നിന്നിരുന്നു.

പാറുവിന്റെ കൈവിരലുകള്‍ തന്റെയുള്ളില്‍ ഒന്നുയര്‍ന്ന് താണപ്പോള്‍ ഉറുമ്പു കടിക്കുന്ന പോലത്തെ ആ വേദന രുദ്രയറിഞ്ഞു. പാറുവിന്റെ മന്ത്രോച്ചാരണങ്ങള്‍ നിലച്ചു. അപ്പോഴും കാതുകളില്‍ ആ വിളി മുഴങ്ങുന്നു - “എന്റെ ഭഗവതിരൂപിണീ....!!!”

രുദ്ര ചിരിച്ചു.
“വേദനിക്ക്‍ണ്‌ണ്ടോ?” പാറു ചോദിച്ചു.
ഓലക്കീറുകള്‍ക്കിടയിലൂടെ വീണ വെളിച്ചത്തില്‍ ചുവന്ന വട്ടപ്പൊട്ട് തിളങ്ങി.
അവള്‍ വീണ്ടും ചിരിച്ചു, ഇക്കുറി കുറേ കൂടി ഉറക്കെ....

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

Monday, May 25, 2009

മതപരിഷ്ക്കരണം

പ്രിയപ്പെട്ട വിശ്വാസികളേ...”

വേദിയില്‍ നിന്നുയര്‍ന്ന ഘനഗംഭീരശബ്ദം നദീത്തടങ്ങളും സമതലങ്ങളും മരുഭൂമികളും കവിഞ്ഞ് ഒത്തു കൂടി നില്‍ക്കുകയായിരുന്ന ജനകോടികളെ ഒരുമിച്ച് നിശബ്ദരാക്കി.

“കഴിഞ്ഞ കുറേ മാസങ്ങള്‍ ഞങ്ങള്‍ക്ക്, എന്ന് വെച്ചാല്‍ വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന സുപ്രധാന മത-സാമൂഹ്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക്, വിശ്രമമില്ലാത്ത നിമിഷങ്ങളായിരുന്നു. സംഭവത്തിന്റെ രത്നചുരുക്കം ഇതാണ്. നമ്മുടെ മതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും നിലനില്‍പ്പിനും പ്രചാരണത്തിനുമായ് ‘അദ്ദേഹം’ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ഞാനിവിടെ അധികമൊന്നും പറയേണ്ടതായിട്ടില്ല. നാം ഇന്ന് പിന്തുര്‍ന്ന് പോരുന്ന മതശാസനകളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുശിഷ്യന്മാരുടേയും കാഴ്ചപ്പാടുകളാണ്. കാലഘട്ടങ്ങള്‍ പഴക്കമുള്ള ചില എഴുത്തുകളും കുറിപ്പുകളും അതിന്റെ വിവര്‍ത്തനരേഖകളുംശ്രദ്ധാപൂര്‍വ്വം പഠിക്കുകയായിരുന്ന ഗവേഷണവിദ്യാര്‍ഥികളിലൊരാളാണ് ‘അദ്ദേഹ‘ത്തിന്റെ ഒരാഹ്വാനം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. തുടരന്വേഷണത്തില്‍ ‘അദ്ദേഹം’ പല അവസരത്തിലും ഇങ്ങനെ ആഹ്വാനം ചെയ്തതായ് പറഞ്ഞ് കേട്ടിരുന്നുവെന്ന് സ്വദേശ-വിദേശങ്ങളിളുള്ള ചില പഴമക്കാരും പഴമക്കാരുടെ പരിചയക്കാരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആദ്യവായനയില്‍ അഹിതമായ് തോന്നിയെങ്കിലും പുനര്‍‌വായനയില്‍ ആ ആഹ്വാനത്തിന്റെ അന്ത:സ്സാരം ഞങ്ങളെ അത്‌ഭുതപ്പെടുത്തുകയും ഉത്‌ബോധരാക്കുകയും ചെയ്തു. ദിനരാത്രങ്ങള്‍ നീണ്ട് നിന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മതപരിപാലനകമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാ‍നം ‘അദ്ദേഹ‘ത്തിന്റെ ഈ ആഹ്വാനം മതഗ്രന്ഥത്തിലൊരു ഭേദഗതിയായ് ഉള്‍പ്പെടുത്തുക എന്നതായിരുന്നു.“

വിശ്വാസസമൂഹം അതിശയത്തോടെ പ്രസ്താവന കേട്ടിരുന്നു. ചിലര്‍ ഭക്തിപൂര്‍വ്വം ആനന്ദചിത്തരായ് നിര്‍വൃതിയണഞ്ഞു. വിവിധശരീരദ്വാരങ്ങളിലൂടെ അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ പുറത്തേക്ക് വന്നു.

“‘അദ്ദേഹ’ത്തിന്റെ ചില സ്വകാര്യഎഴുത്തുകളും കുറിപ്പുകളും സംഭാഷണങ്ങളും വഹിച്ചിരുന്ന, കാലം നമ്മില്‍ നിന്നും ഇത്രനാള്‍ മറച്ച് വെച്ച ആ ‘ആഹ്വാനം’ കോടിക്കണക്കിന് വരുന്ന നമ്മുടെ മതവിശ്വാസികള്‍ക്കായ് ഞാനിതാ പകരുന്നു”

ഒന്ന് മുരടനക്കി കൊണ്ട് അയാള്‍ ‘അദ്ദേഹ‘ത്തിന്റെ ആഹ്വാനമെന്ന് അവകാശപ്പെടുന്ന പുതിയ ഭേദഗതി മൂന്നു തവണ ഉറക്കെ ചൊല്ലി.
“കാരണവര്‍ക്ക് അടുപ്പിലും തൂറാം!....
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!......
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!!........“

മതഗ്രന്ഥത്തിലെ പുതുപരിവര്‍ത്തനനിയമംഉരുവിട്ടു കൊണ്ട് വിശ്വാസികള്‍ മടങ്ങി. പരിഷ്ക്കരണത്തിന്റെ നവമന്ത്രധ്വനിയില്‍ പുരുഷപ്രജകള്‍ ആനന്ദനിര്‍വൃതിയണഞ്ഞപ്പോള്‍ നിത്യജോലികളില്‍ ഉണ്ടായേക്കാവുന്ന ‘കര്‍മ്മഭാര‘മോര്‍ത്ത് സ്ത്രീപ്രജകള്‍ നിര്‍വ്വികാരപ്പൂര്‍വ്വം കോട്ടുവായിട്ടു.

ആകാശവും ഭൂമിയും അതു പോലെ നിന്നു.
--------------------------------------------------------------------------------------------------------------------------------

Monday, February 23, 2009

തൂറ്റലാടീസ്

മകന്‍ രാവിലെ ഉറക്കമുണര്‍ന്നതേ കരഞ്ഞ് കൊണ്ടാണ്. കണ്ണുകള്‍ തുറക്കാതെ അവന്‍ ഉറക്കെയുറക്കെ കരഞ്ഞ് തുടങ്ങിയപ്പോള്‍ നല്ലപാതി പാലു കൊടുക്കാനൊരുങ്ങി. കരച്ചിലിന്റെ വോളിയം കൂടി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല. അവളുടെ ആവനാഴിയിലെ അമ്പുകളെല്ലാം നിഷ്‌ഫലമായപ്പോള്‍ ഞാന്‍ ചെന്ന് കുഞ്ഞിനെ എടുത്തു. നിമിഷങ്ങള്‍ക്കകം കരച്ചില്‍ നിന്നു. “കണ്ടോടീ എങ്ങനെയാ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തേണ്ടതെന്ന്?” എന്ന ചോദ്യത്തില്‍ പുരട്ടിയ എന്റെ നോട്ടം ഭാര്യ കണ്ടില്ലെന്ന് നടിച്ചിരിക്കുമ്പോഴാണ് അമ്മയുടെ “എന്താടാ ഈ പറ്റിച്ചത്?” എന്ന ഉറക്കെയുള്ള ചോദ്യം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ മകന്‍ എന്റെ മേല്‍ മലാഭിഷേകം നടത്തിയിരിക്കുന്നു! തലേന്ന് വാങ്ങിയ പുതുപുത്തന്‍ ടീഷര്‍ട്ടില്‍ നിന്നും അവസാനം അലക്കിയതെന്നെന്ന് എനിക്ക് ഓര്‍മ്മയില്ലാത്ത ജീന്‍സിലേക്ക് മഞ്ഞ‌ലായനി അരിച്ചിറങ്ങുന്നു. “ഇതിപ്പോ എത്രാമത്തെ തവണയാടാ?” എന്ന് അവനെ നോക്കി പല്ലിറുമി കൊണ്ട് ഞാന്‍ പറഞ്ഞു. അകത്ത് നിന്ന് ഓടി വന്ന് “നിന്റെയല്ലേ മോന്‍, പിന്നെ തൂറ്റലാടീസാവാതിരിക്കുമോ?“ എന്ന് പറഞ്ഞ് അവനെയേടുത്തോണ്ട് അമ്മ പോയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പപ്പാമാമയുടെ മുഖമാണ്.

പപ്പാമാമയുമായ് ഞങ്ങള്‍ക്കുള്ളത് അച്ഛന്‍ വഴിയുള്ള അത്ര അകലെയല്ലാത്ത ബന്ധമാണ്. പത്മനാഭമേനോന്‍ എന്ന് പേരായിരിക്കും ‘പപ്പന്‍’ എന്നായത് എന്നാണെന്റെ ഊഹം. വീട്ടില്‍ ക്ഷണിക്കാതെ വരുന്ന വിരുന്നുകാരിലൊരുവനായ പപ്പാമാമ എനിക്കിട്ട പേരാണ് ‘തൂറ്റലാടീസ്’. ആ പേരിടാനുള്ള കാരണം സിം‌പിള്‍. മൂപ്പര്‍ വരുമ്പോഴൊക്കെ എനിക്ക് വയറിളക്കമായിരിക്കും. മൂപ്പര്‍ വരുമ്പോള്‍ മാത്രമല്ല കുട്ടികാലത്ത് മിക്ക സമയങ്ങളിലും എനിക്ക് വയര്‍‌സംബന്ധമായ് എന്തെങ്കിലുമൊക്കെ അസുഖം ഉണ്ടായികൊണ്ടേയിരുന്നിരുന്നു. കൊച്ചായിരിക്കുമ്പോഴേ ഗ്രഹണി, വിരശല്യം തുടങ്ങിയ മാരകരോഗങ്ങള്‍ നിര്‍ബാധം എന്നെ കീഴടക്കി കൊണ്ടിരുന്നു. ആ കാലത്തെ ഇഷ്ടവിഭവങ്ങളായ കല്ല്, സിമന്റ്, മൂക്കിള, ഇരുമ്പിപ്പുളി, പച്ചമാങ്ങ, പച്ചപറങ്കിമാങ്ങയുടെ പരിപ്പ്, കണ്ണില്‍ കണ്ട ഇലകള്‍ തുടങ്ങിയവ ആ രോഗാവസ്ഥയ്ക്ക് പൂരകങ്ങളായ് വര്‍ത്തിച്ചു. വിരകളുടെ പടയോട്ടത്തില്‍ തിരിഞ്ഞും മറിഞ്ഞും ചന്തിക്കിടയില്‍ കൈവിരലുകള്‍ തിരുകികളിച്ചും എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി തീര്‍ന്നു. ഈ ശല്യങ്ങളൊക്കെ ഒന്ന് ഒഴിവായ് കഴിയുമ്പോള്‍ ആയിരിക്കും ലീക്കേജ് ആരംഭിക്കുന്നത്. കുഴഞ്ഞ് മറിയുന്ന വയറിനുള്ളിലെ കോലാഹലങ്ങള്‍ ചെവിയോര്‍ത്ത് ഞെരങ്ങികഴിയുന്ന രാവുകളാണ് പിന്നെ. വിരയൊഴിച്ചു കളയാനും ശോദന ശരിയാകാനും അമ്മ തന്ന പേരും രുചിയുമില്ലാത്ത മരുന്നുകള്‍ക്കൊന്നും എന്നെ രക്ഷിക്കാനായില്ല. ഇത്തരം ശല്യങ്ങളെല്ലാം കൂടി ദുരിതമാക്കിയ എന്റെ ബാല്യത്തിലേക്കാണ് വെളുത്ത് കൊലുന്നനെയുള്ള പപ്പാമാമ ‘തൂറ്റലാടീസ്’ എന്ന പബ്ലിക്ക് വിളിപ്പേരുമായ് വന്നത്!

കുട്ടിക്കാലത്തെ ആ ദിവസങ്ങളില്‍ പപ്പാമാമയുടെ സാമീപ്യം ഒരു പേടിസ്വപ്നമായിരുന്നു. ശനി-ഞായര്‍ ദിവസങ്ങളിലെ ഒരു സുന്ദര പ്രഭാതം, സ്വാദിഷ്ഠമായ പ്രാതല്‍, കൂട്ടുകാരുമായ് തൊടിയില്‍ വിവിധതരം കളികള്‍ എന്നിങ്ങനെ നല്ല രീതിയില്‍ പോകുന്ന ഒരു പകലിലായിരിക്കും മുന്നറിയിപ്പില്ലാതെ പപ്പാമാമ കയറി വരിക. എന്തെന്നറിയില്ല, എവിടെ നിന്നെന്നറിയില്ല വയറിനുള്ളില്‍ ഒരു സഭാകമ്പമാണ് പിന്നെ. ആധി കയറി ഇടയ്ക്കിടയ്ക്ക് വയറിളകുന്നുണ്ടോ എന്ന് പരിശോധിക്കും. ഒന്നും പോയില്ലെങ്കില്‍ ആശ്വാസം. പരിശ്രമത്തിനൊടുവില്‍ ഇത്തിരിയെങ്ങാനും പോയാല്‍ പിന്നെ ടെന്‍ഷനായി. ഉറച്ചിട്ടാണോ പോയത്, അതോ ഇളകിയിട്ടുണ്ടോ? വൈകീട്ടത്തെ ചായ കഴിഞ്ഞ് മൂപ്പര്‍ പോകുന്ന വരെ കണ്‍‌വെട്ടത്ത് നിന്നും ഒഴിഞ്ഞ് മാറി നടക്കും. പക്ഷെ പോകാറാവുമ്പോ ഉറക്കെ അകത്തേക്ക് വിളിച്ച് ഒരു ചോദ്യമുണ്ട് - “തൂറ്റലാടീസെവിടെടീ, കണ്ടില്ലല്ലോ” എന്ന്. അത് വരെ കാത്ത് വെച്ചിരുന്ന മണ്ണൊക്കെ കാല്‍ച്ചുവടില്‍ നിന്നൊലിച്ച് പോയ പ്രതീതിയാണ് അപ്പോള്‍.

ശരിക്കും വയറിളക്കമുള്ള ദിവസങ്ങളാണ് കൂടുതല്‍ ഭീകരം. ഒറ്റയ്ക്ക് കക്കൂസില്‍ പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ മുറ്റത്തെ ഒരു തെങ്ങിന്‍ചുവട്ടിലാണ് അമ്മ ഇരുത്തുക. ട്രൌസറൂരി ഷര്‍ട്ട് കയറ്റി അരയ്ക്ക് കുത്തി കുന്തിച്ചിരിന്ന് കാര്യം സാധിക്കുമ്പോള്‍ കണ്ണ് ഗേറ്റിലായിരിക്കും. ദൂരെ ഒരു കഷണ്ടി വെയിലത്ത് തിളങ്ങുന്നുണ്ടോ? ഇത്തിരിയൊന്ന് കൂനി നിലത്ത് ദൃഷ്ടിയൂന്നി കൊണ്ട് ഒരു വെള്ളവസ്ത്രധാരി നടന്ന് വരുന്നുണ്ടോ? കിണറ്റിന്‍ കരയില്‍ പോയി കഴുകി വരുന്നത് വരെ ആ വെപ്രാളം തുടരും. പിന്നീട് ബാല്യത്തിന്റെ സായാഹ്നത്തില്‍ എന്തും ദഹിപ്പിക്കാന്‍ എന്റെ വയറിന് ശേഷി വന്നപ്പോഴും പപ്പാമാമ ആ വിളി ഒഴിവാക്കിയില്ല. പാപ്പാമാമയുടെ മരണശേഷം മറ്റുള്ളവര്‍ക്കൊപ്പം ഞാനും ആ വിളി പതിയെ മറന്നു.

ഇന്ന്, ഇത്തിരിയൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍, എന്തോ ആ പേര് ഞാനിഷ്ടപ്പെടുന്നു. പപ്പാമാമയ്ക്ക് മുന്‍പും പിന്‍പും ആരും ആ പേര് എവിടെയും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടില്ല എന്നത് കൊണ്ട് എന്റേത് മാത്രമായ ഒന്നെന്ന് ആ വിളി തോന്നിപ്പിക്കുന്നു. ആ തോന്നല്‍ എന്റെ സന്തോഷമാകുന്നു. ഇന്ന് ശോദന ശരിയാകാത്ത മകനെ ഞാന്‍ സ്വകാര്യത്തില്‍ ‘തൂറ്റലാടീസേ’ എന്ന് വിളിക്കുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാത്ത അവന്‍ അര്‍ത്ഥമറിയാതെ ചിരിക്കുന്നു. ആ ചിരിയില്‍ പപ്പാമാമയുടെ മുഖം തെളിയുന്നു. മഞ്ഞക്കറയുള്ള പല്ലുകള്‍ കാണിച്ച് കൊണ്ടുള്ള ആ പരിഹാസച്ചിരിയിലെ വാത്സല്യം മനസ്സിലെവിടെയോ കൊളുത്തിവലിയ്ക്കുന്നു. ആ ചിരിയും ‘തൂറ്റലാടീസേ’ എന്ന വിളിയും എന്റെ ബാല്യത്തിന്റെ അടയാളമാണ്. അങ്ങനെ എത്രയെത്ര അടയാളങ്ങള്‍ നഷ്ടപെട്ടതാണ് നമ്മുടെയൊക്കെ ജീവിതം?

--------------------------------------------------------------------------------------------------------------------------------

Wednesday, January 21, 2009

വാക്കുകളില്‍ അച്ചടിമഷി പുരളുമ്പോള്‍


എന്റെ ഹൃദയമിടിപ്പ് എനിക്ക് ഉറക്കെ വ്യക്തമായി കേള്‍ക്കാം. അപ്പുറത്തെ മുറിയില്‍ നിന്ന് വെളിച്ചത്തോടൊപ്പം വരുന്ന സംഭാഷണശകലങ്ങള്‍ പക്ഷെ അവ്യക്തമാണ്. എന്റെ മുറിയിലെ ഇരുട്ടിലെത്തുമ്പോഴേക്കും മകന്റേയും ഭാര്യയുടേയും ശ്വാസോച്ഛ്വാസങ്ങളില്‍ അവ മുറിഞ്ഞ് പോകുന്നു. കഷ്ണങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ച് കിടന്നു. അപ്പുറത്ത് അച്ഛനുമമ്മയും‘പുഴ പറഞ്ഞ കഥ’ എന്ന പുസ്തകം വായിക്കുകയാണ്. അതിലെന്റെ ക്രെഡിറ്റ് കാര്‍ഡ് എന്ന കഥയുണ്ട്!

അച്ചടിമഷി പുരണ്ട എന്റെ വാക്കുകള്‍ - അത് കഥയാവട്ടെ കവിതയാവട്ടെ - അച്ഛനുമമ്മയും വായിക്കുന്നത് ടെന്‍ഷനുണ്ടാക്കുന്ന ഒരു സംഗതിയാണ്. കാരണമെന്തെന്നറിയില്ലെനിക്ക്. വായനാശീലത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് അവരോടാണ്. കൂട്ടി വായിക്കാന്‍ ആത്മവിശ്വാസം തോന്നിയ നാളുകളില്‍ പൈക്കോ ക്ലാസിക്സിന്റെ രൂപത്തില്‍ വിശ്വസാഹിത്യത്തിന്റെ ജാലകങ്ങള്‍ അവര്‍ എന്റെ മുന്നില്‍ തുറന്നു വെച്ചു. കല്ലായി റോഡിലെ ‘പൈക്കോ’ എന്ന നീലയും മഞ്ഞയും കലര്‍ന്ന ബോര്‍ഡുള്ള കെട്ടിടവും പാളയം ബസ്സ്‌സ്റ്റാന്‍ഡിലെ കൊച്ച്‌ബുക്ക്‍‌സ്റ്റാളും പ്രതിമാസകോഴിക്കോട്‌യാത്രകളിലെ സ്ഥിരം സ്റ്റോപ്പുകളായിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നും കടം വാങ്ങി കൊണ്ടു വരുന്ന എണ്ണമറ്റ പുസ്തകകൂട്ടങ്ങള്‍ വായനയ്ക്ക് ആഴവും പരപ്പുമേകിയെങ്കിലും വായിച്ചതിനെ കുറിച്ച് പറയാനും കേള്‍ക്കാനും എന്നെ പഠിപ്പിച്ചത് ദിനാന്ത്യത്തിലെ കുശലംപറച്ചിലുകള്‍ക്കിടയിലും യാത്രകള്‍ക്കിടയിലും അവര്‍ തമ്മില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ്.

ആദ്യമായ് എന്റെ വാക്കുകള്‍ അച്ചടിച്ച് വന്നത് സ്കൂളില്‍ നിന്ന് കിട്ടികൊണ്ടിരുന്ന ‘സ്നേഹ‌സേന’ എന്ന കൊച്ച്‌മാഗസിനിലായിരുന്നു. വാര്‍ഷികവരിസംഖ്യ അടച്ച കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് കൊടുക്കുന്ന ഒരു കോണ്‍‌വെന്റ് മാസികയായിരുന്നു അത്. ദൈവഭക്തിയും ദൈവ‌വചനങ്ങളും സാരോപദേശകഥകളും കൂടി കലര്‍ന്ന പത്ത് പതിനഞ്ച് പേജുകള്‍ മാത്രമുള്ള ആ കുഞ്ഞ്പുസ്തകങ്ങള്‍ എന്റെ പുസ്തകശേഖരത്തില്‍ ഏറെ കാലമുണ്ടായിരുന്നു. കഴിഞ്ഞ കാലത്തിന്റെ വഴിയോരത്തെവിടെയോ ബാല്യത്തോടൊപ്പം അതുമെനിക്ക് നഷ്ടമായി. സ്നേഹസേനയുടെ കഥാമത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ആ കഥ ഏതെന്ന് പോലുമെനിക്കോര്‍മ്മയില്ല. ആ കഥ വന്ന ലക്കം ഊണ്‍‌മുറിയില്‍ അച്ഛന്റേയും അമ്മയുടെയും വായനയ്ക്കായ് ഉപേക്ഷിച്ച് വെച്ച ഓര്‍മ്മ മാത്രമേ ഇപ്പൊഴുള്ളൂ. സമ്മാനമായ് ഏതോ സുവിശേഷപുസ്തകമാണ് കിട്ടിയത്. ആ സംഭവത്തെ കുറിച്ച് അവരില്‍ നിന്ന് ഒരു വാക്കോ നോക്കോ ലഭിച്ചതായും ഓര്‍മ്മയില്ല. ഒരു പക്ഷെ അവര്‍ അത് കണ്ടിട്ടേ ഇല്ലായിരിക്കും.

ആദ്യമായ് ഒരു പ്രശംസ ലഭിച്ചത് ഞാന്‍ ‘ആത്മകഥ’ എഴുതാന്‍ തുടങ്ങിയപ്പോഴാണ്. ഗാന്ധിജിയുടെയും നെഹ്രുവിന്റേയും ആത്മകഥ വായിച്ച ഹാങോവറില്‍ ഒരു കൊച്ചുപയ്യന്‍ ആത്മകഥ എഴുതാന്‍ തുടങ്ങുന്നു. എന്തെഴുതണം എന്തിനെഴുതണം എന്നൊന്നുമറിയില്ല. ആരെ പറ്റി എഴുതണം എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് അച്ഛച്ഛന്റെ മുഖമാണ്. ഉച്ചക്ക് ഉറങ്ങുന്ന നേരത്ത് കളിക്കിടയില്‍ ബഹളം വെച്ച ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ വാക്കിംഗ്‌സ്റ്റിക്കുമായ് പാഞ്ഞ് വന്ന മൂപ്പരോടുള്ള ദേഷ്യം മുഴുവന്‍ വാക്കുകളില്‍ തീര്‍ത്തു. ആരു കാണാതെ ഒളിപ്പിച്ച് വെച്ച ആ നോട്ട്ബുക്കിലെ കടലാസുകഷണങ്ങള്‍ അമ്മ എങ്ങനെയോ കണ്ടെത്തി അച്ഛനെ ഏല്‍പ്പിച്ചു എന്നറിഞ്ഞത് ഇടക്കെപ്പോഴോ ഉറക്കമുണര്‍ന്നപ്പോള്‍ അതെ പറ്റി അവര്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ്. ‘നല്ല ഭാഷയാണ് ഇവന്റേത്’ എന്ന അന്ന് അച്ഛന്‍ പറഞ്ഞത് ഇന്നേ വരെ - അത് എന്തിന് വേണ്ടിയാണെങ്കിലും - എനിക്ക് കിട്ടിയ കോമ്പിമെന്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ്.

അഭിമാനത്തിന്റെ ഗര്‍വ്വ് അച്ഛന്റെ മുഖത്ത് ആദ്യമായ് കണ്ടത് മാതൃഭൂമി ബാലപംക്തിയില്‍ ഒരു കഥ അച്ചടിച്ച് വന്നപ്പോഴാണ്. പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അവരുടെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ നൊമ്പരം ‘സാക്ഷി’ എന്ന കഥയായപ്പോള്‍ എനിക്ക് ലഭിച്ചത് അയല്‍പക്കങ്ങളില്‍ ‘ചുമ്മാ കഥയെഴുതുന്നവന്‍’ എന്ന പേരും 75രൂപയുടെ ഒരു മണിയോര്‍ഡറുമാണ്. പോസ്റ്റാപ്പീസില്‍ പോയി 75രൂപ വാങ്ങി വന്ന അച്ഛന്റെ മുഖം മനസ്സില്‍ ഇപ്പൊഴും ഒരു കുളിര്‍മ്മയാണ്. ആ കഥയെ പറ്റി ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും അമ്മയോട് പറഞ്ഞ ‘അവനാദ്യമായ് കിട്ടിയതല്ലേ, ഒരു 25രൂപ ഞാന്‍ പോസ്റ്റ്മാന് കൊടുത്തു’ എന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാന്‍. എം.ടി.യുടെ ‘കാല’ത്തില്‍ സേതുവിന് സമ്മാനം കിട്ടിയ പുസ്തകം നോക്കി ‘ബൈന്‍ഡിം‌ഗ് മോശം’ എന്ന് അഭിപ്രായം പറഞ്ഞ അച്ഛനേക്കാളും ഭേദമാണല്ലോ ഇത് എന്ന് ചിരിച്ച് കൊണ്ട് മനസ്സില്‍ പറഞ്ഞതും കുസൃതിയുള്ള ഒരോര്‍മ്മയായ് നില്‍ക്കുന്നു.

പിന്നെയും പലയിടങ്ങളിലായ് വന്ന കഥകളും മറ്റും അവര്‍ വായിച്ചിട്ടുണ്ടാകാം. പക്ഷെ നേരിട്ടൊരു അഭിപ്രായം ഇത് വരെ പറഞ്ഞിട്ടില്ല. അത് കൊണ്ടാവാം ഇപ്പോഴും അച്ചടി പുരണ്ട എന്റെ വാക്കുകള്‍ അവരുടെ മുന്നിലെത്തുമ്പോള്‍ മുപ്പത് വയസ്സുകാരന്‍ ഒരു മൂന്നു വയസ്സുകാരനാകുന്നത്- ചങ്കിനുള്ളില്‍ പഞ്ചാരിമേളം മുറുകുന്നത്!

രാവേറെയായിരിക്കുന്നു. അടുത്ത മുറിയില്‍ ഇനിയും ലൈറ്റണഞ്ഞിട്ടില്ല. പതിഞ്ഞ സംഭാഷണങ്ങള്‍ക്കായുള്ള എന്റെ കാതോര്‍ക്കലിനിടയില്‍ മകന്‍ എണീറ്റിരിക്കുന്നത് മുറിയിലെ മങ്ങിയ പച്ചവെളിച്ചത്തില്‍ ഞാനറിഞ്ഞു. ഉറക്കത്തിടയിലെ ഈ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകള്‍ അവന്റെ പതിവാണ്. ചോരയുടെ തിരിച്ചറിവില്‍ അവനെന്നെ നോക്കി ചിരിച്ചു. പിന്നെ പുതപ്പിനുള്ളിലൂടെ നൂര്‍ന്ന് കയറി എന്റെ മേലെ കയറി തല ചായ്ച്ച് കിടന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ചു. അപ്പുറത്തെ മുറിയിലെ വര്‍ത്തമാനം കൂടുതല്‍ കൂടുതല്‍ അവ്യക്തമായ് കൊണ്ടിരുന്നു. എന്നിട്ടും മനസ്സ് എന്തിനോ കാതോര്‍ത്തിരുന്നു.
----------------------------------------------------------------------------------------