[സി.കോ - സിയംകണ്ടത്തെ കോയാക്ക]
സ്ഥലം: *സിയാംകണ്ടത്തെ ഒരു പാടശേഖരം, ദിവസം: വെള്ളിയാഴ്ച, സമയം: ഉച്ചനേരം
ഇദേടുത്തേക്ക് പോണതാര്ക്കും?
ഒറ്റവരമ്പ് കൈതത്തോട്ടിലെ വെള്ളത്തില്‍ ലയിച്ച് ചേരുന്ന മൂലയ്ക്ക്, കമ്പിക്കുട മൂന്നാംകാലാക്കി നിന്നു കൊണ്ട് കോയാക്ക ചിന്തിച്ചു. വലത്തെ കാലില്‍ പുതുതായ് മുള പൊട്ടിയ ചൊറിയുടെ വ്രണപ്പാടിലൂടെ ഇടതു കാല് പ്രേമപുരസ്സരം തലോടുന്നുണ്ടായിരുന്നു. മനസ്സിലെ ചിന്തകളുടെ ഭാരത്തിനനുസരിച്ച് തലോടലിന്റെ വേഗതയും മാറി. തലയ്ക്കു മുകളില്‍ കൂടി കരിപ്പൂരില്‍ നിന്ന് ഏതോ ഒരു ദേശത്തേക്കുള്ള യാത്രക്കാരെ വഹിച്ച് കൊണ്ട് വിമാനം കുതിച്ചുയര്‍ന്നു. സൂര്യവെളിച്ചമേറ്റ് വിമാനത്തിന്റെ അരികുകള്‍ തിളങ്ങി. അതിലേക്കാളേറെ, കോയാക്കയുടെ കണ്ണുകളും!
“ദെന്ത്ത്താ കോയാക്കാ ഇജ്ജ് മേപ്പോട്ടും നോക്കി വായും പൊളിച്ച് നിക്കണത്. അന്നെ ആരേലും കോടേല് കോര്‍ത്ത് ബെച്ചാ?” [കോടേല് = കുടയില്‍]
കോയാക്ക ഞെട്ടി തിരിഞ്ഞ് നോക്കി. മൊയ് ല്യാരാണ്. പള്ളി കഴിഞ്ഞുള്ള വരവായിരിക്കും.
“ഇല്ലാന്ന്.. ഞാനിങ്ങനെ... ആ പെയിന്റര്‍ കുഞ്ഞന്റോടേക്ക് പോവാണ്. മിനിഞ്ഞാന്ന് മൊതല് ഓനെ തപ്പി നടക്കാ ഞമ്മള്... പിടി തരില്ലാന്ന് ബെച്ചാ...”
“ഇയ്യെന്തിനാണപ്പാ ഓനെ തപ്പണത്. അന്റെ പൊര്യല്ലേ ഇത്തിരി കാലം മുന്നേ വെള്ള പൂശീത്?” [പൊര്യല്ലേ = പുരയല്ലേ]
കോയാക്ക ഒന്ന് മടിച്ച് നിന്നു. ഇങ്ങേരോട് പറഞ്ഞാല്‍ നാട് മൊത്തം പാട്ടാക്കും. പറഞ്ഞില്ലെങ്കില്‍ മറ്റെന്തെങ്കിലും കഥ പറഞ്ഞ് പരത്തുകയും ചെയ്യും. ഒന്നാലോചിച്ചാല്‍ പറയുന്നത് തന്നെയാ നല്ലത്. കുറച്ച് നാട്ടുകാര്‍ കൂടെ അറിയുന്നത് നല്ലതല്ലേ! ഞമ്മക്കുമിരിക്കട്ടെ ഇത്തിരി പവ്വറ്!
“അതെന്താച്ചാ മൊയ്ല്യാരേ, ഓനെ കൊണ്ട് ഞമ്മന്റെ പൊരേന്റെ ടെറസ്സൊന്നു പെയിന്റടിപ്പിക്കാനാ...”
“അള്ളാ അതെന്തിനാപ്പാ ടെറസ്സ് പെയിന്റടിപ്പിക്കണത്? അന്റെ കയ്യില്‍ കാശ് ഓള്ളെലും കൂടി പോയാ?”
“ഇങ്ങളോട് പറേണോണ്ടെന്താണ്. (ശബ്ദം താഴ്ത്തി) അതിലൊരു ബുദ്ധിന്‍ണ്ട്.”
“അതെന്ത് പുത്തി?”
“ഇങ്ങക്കറിയാലോ ഞമ്മള് ഹജ്ജിന് പോണ കാരിയം.”
“അള്ളാണേ അത് ഞമ്മള് മറന്ന് പോയി. ജ്ജ് നസീബുള്ളോനാടാ. അല്ല എന്നാ ഇയ്യ് പോണത്?”
“മറ്റന്നാള്‍. ബെളുപ്പിന് ആറരയ്ക്കാ ബിമാനം.”
“ഇന്ഷാ അള്ളാ, എല്ലാം ഉഷാറായി ബരട്ടെ. അല്ലാന്ന് അതും ടെറസ്സിലെ പെയിന്റടിയുമായി എന്താ ബന്ധം?”
“ഹജ്ജ്ന്ന് പറഞ്ഞാ ഞമ്മള്ക്ക് എല്ലാം അള്ളാഹുവിലേക്കുള്ള സമര്‍പ്പണമാണല്ലാ. ഇന്ഷാ അള്ളാ, പോയി തിരിച്ച് വരണ വരെ ഹലാക്കിലെ ഒരു ടെന്‍ഷനാര്ക്കും. ഞമ്മക്കാണെ കെട്ട്യോളേം കുട്ട്യോളേം വിട്ട് നിന്ന് ശീലോല്ല്യാ. അപ്പോ പിന്നെ നാട്ടീന്ന് ബ്ട്ണേന്റെ മുന്നെ ഒന്നൂടെ പൊരൊയൊന്ന് കാണണംന്നൊരു പൂതി.”
“അയിന് ജ്ജ് പൊരേന്നല്ലെ ബിമാനത്താവളത്തീക്ക് പോണത്?”
“അത് അങ്ങനന്യാണ് മൊയ്ല്യാരെ, പക്ഷേങ്കീ, വിമാനം കേറാന്‍ വെളിച്ചാവണേനും മുന്നേ പൊരേന്നെറങ്ങൂലേ. വിമാനത്തീ കേറി കയ്ഞ്ഞ്യാ പിന്നെ അതൊരു ബെഷമാവൂം. ഞമ്മടെ ട്രാവല്‍സിലെ ഷുക്കൂറാ ഈ ഐഡിയ പറഞ്ഞത്. പൊരേന്റെ ടെറസ് പെയിന്റടിക്കാന്‍. ഗള്‍ഫിലേക്ക് പോയ് ബരണ തോനെ പേര് ചെയ്യിന്ണ്ട്ത്രെ ഇത്.“
“യ്ക്കങ്ങ്ട് പുടി കിട്ടീല്യാ കോയാക്കാ....”
“ഞമ്മന്റെ പൊരേന്റെ ടെറസ്സില്‍ നല്ല പളപളാ മിന്നണ പച്ച പെയിന്റടിച്ചീന്ന് ബെയ്ക്ക്യാ, അപ്പൊ പിന്നെ ബിമാനം പറന്ന് കയിഞ്ഞ് ജനാലേലൂടെ ചോട്ടിലേക്ക് നോക്കിയാല്‍ ഞമ്മക്ക് ഒന്നൂടേ പൊര കാണാലോ - അതും ആകാശത്തൂന്ന്!”
“ന്റെ റബ്ബില്ലാലായ തമ്പിരാനേ, അതൊരു അലാക്കിലെ ഐഡിയ തന്ന്യാണല്ലാ”
മൊയ്ല്യാര് വണ്ടറടിച്ചു നിന്നു.
“അതല്ലേ ഞമ്മളത് ചെയ്യാന്ന് ഒറപ്പിച്ചത്.“
“അതുഷാറായി. നല്ല അസ്സല് പുത്ത്യന്നെ. അല്ല ഹജ്ജ്ന് പോണേന് മുന്നേ ഇയ്യ് പള്ളീലേക്കിറങ്ങല്ണ്ടാവോ?”
“ഇന്ന് ഞമ്മള് ഫജ്റ്ന് ബന്നീര്‍ന്ന്, ഉച്ചക്ക് ഇത്തിരി പണിണ്ടേര്‍ന്നോണ്ട് നിസ്കാരം വീട്ടീന്ന് കയ്ച്ച്. വൈകീട്ട് മഗ്റീബിന് ബരാം.”
“എന്നാ അപ്പം കാണാ... ഞമ്മള്ന്നാ അങ്ങട്ട് നീങ്ങട്ടെ, ബയറ് ബല്ലാതെ പയ്ക്ക്‍ണ്”
വിശന്ന് കായുന്ന വയറുമായ് മൊയ്ല്യാര് വീട്ടിലേക്ക് വെച്ച് പിടിച്ചു ; പച്ച പെയിന്റടിച്ച ടെറസ്സുള്ള വീടും കിനാവു കണ്ട് കോയാക്ക പെയിന്ററെ അന്വേഷിച്ച് മുന്നോട്ട് നീങ്ങി. സിയാംകണ്ടത്തിന്റെ ആകാശത്ത് മറ്റൊരു വിമാനം പ്രത്യക്ഷമായി.
സ്ഥലം: പച്ചപെയിന്റടിച്ച ടെറസ്സ്, ദിവസം: ഞായറാഴ്ച ,സമയം: പ്രഭാതം
പച്ചപെയിന്റടിച്ച ടെറസ്സില്‍ നിന്ന് കൊണ്ട് ഫാത്തിമയും മക്കളും ആകാശം വലം വെയ്ക്കുന്ന വിമാനത്തെ നോക്കി കൈകള്‍ വീശി. “ബാപ്പാ റ്റാറ്റാ“ എന്നു നിലവിളിച്ചു കൊണ്ട് ആറാറ് മാസം പ്രായവ്യത്യാസമുള്ള കോയാക്കയുടെ മൂന്നു മക്കളും ചാടികളിച്ചു. ചാട്ടത്തിന്റെ ഊക്കിനനുസരിച്ച് അവരുടെ മൂക്കില്‍ നിന്നും മൂക്കള ഒലിച്ച് കൊണ്ടേയിരുന്നു. മേഘക്കാടിനിടയില്‍ വിമാനം അപ്രത്യക്ഷമായപ്പോള്‍ അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു - “റബ്ബില്ലാലായ തമ്പിരാനേ, യ്യ് അങ്ങേരെ കാത്തോളണേ!”. വിമാനം ഇപ്പൊഴും തങ്ങള്‍ക്ക് കാണുന്നുണ്ടെന്നും ഇല്ലെന്നും തര്‍ക്കിച്ച് കൊണ്ട് മക്കള്‍ റ്റാറ്റ കാണിച്ച് കൊണ്ടേയിരുന്നു, മൂക്കള ഒലിച്ച് കൊണ്ടേയും! പച്ചപെയിന്റടിച്ച ടെറസ്സ് സൂര്യന്റെ ആദ്യകിരണങ്ങളില്‍ തിളങ്ങി.
സ്ഥലം: സിയാംകണ്ടത്തിന്റെ ആകാശം, ദിവസം: ഞായറാഴ്ച ,സമയം: പ്രഭാതം
ഭൂമിയില്‍ കുടുംബം തനിയ്ക്കായ് പ്രാര്‍ത്ഥിക്കുമ്പോള്‍ കോയാക്കയുടെ മനസ്സില്‍ ഫാത്തിമയും മക്കളുമില്ലായിരുന്നു. ഇന്നലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പെയിന്റര്‍ കുഞ്ഞന്‍ പണി കഴിച്ച പച്ചപെയിന്റടിച്ച ടെറസ്സില്ലായിരുന്നു. വായുവില്‍ ചാഞ്ഞും ചാഞ്ചാടിയും ആകാശപേടകം നീങ്ങുമ്പോള്‍, അടിമുടി വിറച്ച് സീറ്റ്ബെല്‍ട്ടില്‍ അള്ളിപിടിച്ച് കൊണ്ടിരിക്കുന്ന കോയാക്കയുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു.
“ന്റെ പടച്ചോനേ, ഇതും ഹാജിയാന്മാര്‍ക്കുള്ള അന്റെയൊരു പരീക്ഷയാണോ?”
----------------------------------------------------------------------------------------------