Wednesday, January 21, 2009

വാക്കുകളില്‍ അച്ചടിമഷി പുരളുമ്പോള്‍


എന്റെ ഹൃദയമിടിപ്പ് എനിക്ക് ഉറക്കെ വ്യക്തമായി കേള്‍ക്കാം. അപ്പുറത്തെ മുറിയില്‍ നിന്ന് വെളിച്ചത്തോടൊപ്പം വരുന്ന സംഭാഷണശകലങ്ങള്‍ പക്ഷെ അവ്യക്തമാണ്. എന്റെ മുറിയിലെ ഇരുട്ടിലെത്തുമ്പോഴേക്കും മകന്റേയും ഭാര്യയുടേയും ശ്വാസോച്ഛ്വാസങ്ങളില്‍ അവ മുറിഞ്ഞ് പോകുന്നു. കഷ്ണങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ച് കിടന്നു. അപ്പുറത്ത് അച്ഛനുമമ്മയും‘പുഴ പറഞ്ഞ കഥ’ എന്ന പുസ്തകം വായിക്കുകയാണ്. അതിലെന്റെ ക്രെഡിറ്റ് കാര്‍ഡ് എന്ന കഥയുണ്ട്!

അച്ചടിമഷി പുരണ്ട എന്റെ വാക്കുകള്‍ - അത് കഥയാവട്ടെ കവിതയാവട്ടെ - അച്ഛനുമമ്മയും വായിക്കുന്നത് ടെന്‍ഷനുണ്ടാക്കുന്ന ഒരു സംഗതിയാണ്. കാരണമെന്തെന്നറിയില്ലെനിക്ക്. വായനാശീലത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് അവരോടാണ്. കൂട്ടി വായിക്കാന്‍ ആത്മവിശ്വാസം തോന്നിയ നാളുകളില്‍ പൈക്കോ ക്ലാസിക്സിന്റെ രൂപത്തില്‍ വിശ്വസാഹിത്യത്തിന്റെ ജാലകങ്ങള്‍ അവര്‍ എന്റെ മുന്നില്‍ തുറന്നു വെച്ചു. കല്ലായി റോഡിലെ ‘പൈക്കോ’ എന്ന നീലയും മഞ്ഞയും കലര്‍ന്ന ബോര്‍ഡുള്ള കെട്ടിടവും പാളയം ബസ്സ്‌സ്റ്റാന്‍ഡിലെ കൊച്ച്‌ബുക്ക്‍‌സ്റ്റാളും പ്രതിമാസകോഴിക്കോട്‌യാത്രകളിലെ സ്ഥിരം സ്റ്റോപ്പുകളായിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നും കടം വാങ്ങി കൊണ്ടു വരുന്ന എണ്ണമറ്റ പുസ്തകകൂട്ടങ്ങള്‍ വായനയ്ക്ക് ആഴവും പരപ്പുമേകിയെങ്കിലും വായിച്ചതിനെ കുറിച്ച് പറയാനും കേള്‍ക്കാനും എന്നെ പഠിപ്പിച്ചത് ദിനാന്ത്യത്തിലെ കുശലംപറച്ചിലുകള്‍ക്കിടയിലും യാത്രകള്‍ക്കിടയിലും അവര്‍ തമ്മില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ്.

ആദ്യമായ് എന്റെ വാക്കുകള്‍ അച്ചടിച്ച് വന്നത് സ്കൂളില്‍ നിന്ന് കിട്ടികൊണ്ടിരുന്ന ‘സ്നേഹ‌സേന’ എന്ന കൊച്ച്‌മാഗസിനിലായിരുന്നു. വാര്‍ഷികവരിസംഖ്യ അടച്ച കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് കൊടുക്കുന്ന ഒരു കോണ്‍‌വെന്റ് മാസികയായിരുന്നു അത്. ദൈവഭക്തിയും ദൈവ‌വചനങ്ങളും സാരോപദേശകഥകളും കൂടി കലര്‍ന്ന പത്ത് പതിനഞ്ച് പേജുകള്‍ മാത്രമുള്ള ആ കുഞ്ഞ്പുസ്തകങ്ങള്‍ എന്റെ പുസ്തകശേഖരത്തില്‍ ഏറെ കാലമുണ്ടായിരുന്നു. കഴിഞ്ഞ കാലത്തിന്റെ വഴിയോരത്തെവിടെയോ ബാല്യത്തോടൊപ്പം അതുമെനിക്ക് നഷ്ടമായി. സ്നേഹസേനയുടെ കഥാമത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ആ കഥ ഏതെന്ന് പോലുമെനിക്കോര്‍മ്മയില്ല. ആ കഥ വന്ന ലക്കം ഊണ്‍‌മുറിയില്‍ അച്ഛന്റേയും അമ്മയുടെയും വായനയ്ക്കായ് ഉപേക്ഷിച്ച് വെച്ച ഓര്‍മ്മ മാത്രമേ ഇപ്പൊഴുള്ളൂ. സമ്മാനമായ് ഏതോ സുവിശേഷപുസ്തകമാണ് കിട്ടിയത്. ആ സംഭവത്തെ കുറിച്ച് അവരില്‍ നിന്ന് ഒരു വാക്കോ നോക്കോ ലഭിച്ചതായും ഓര്‍മ്മയില്ല. ഒരു പക്ഷെ അവര്‍ അത് കണ്ടിട്ടേ ഇല്ലായിരിക്കും.

ആദ്യമായ് ഒരു പ്രശംസ ലഭിച്ചത് ഞാന്‍ ‘ആത്മകഥ’ എഴുതാന്‍ തുടങ്ങിയപ്പോഴാണ്. ഗാന്ധിജിയുടെയും നെഹ്രുവിന്റേയും ആത്മകഥ വായിച്ച ഹാങോവറില്‍ ഒരു കൊച്ചുപയ്യന്‍ ആത്മകഥ എഴുതാന്‍ തുടങ്ങുന്നു. എന്തെഴുതണം എന്തിനെഴുതണം എന്നൊന്നുമറിയില്ല. ആരെ പറ്റി എഴുതണം എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് അച്ഛച്ഛന്റെ മുഖമാണ്. ഉച്ചക്ക് ഉറങ്ങുന്ന നേരത്ത് കളിക്കിടയില്‍ ബഹളം വെച്ച ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ വാക്കിംഗ്‌സ്റ്റിക്കുമായ് പാഞ്ഞ് വന്ന മൂപ്പരോടുള്ള ദേഷ്യം മുഴുവന്‍ വാക്കുകളില്‍ തീര്‍ത്തു. ആരു കാണാതെ ഒളിപ്പിച്ച് വെച്ച ആ നോട്ട്ബുക്കിലെ കടലാസുകഷണങ്ങള്‍ അമ്മ എങ്ങനെയോ കണ്ടെത്തി അച്ഛനെ ഏല്‍പ്പിച്ചു എന്നറിഞ്ഞത് ഇടക്കെപ്പോഴോ ഉറക്കമുണര്‍ന്നപ്പോള്‍ അതെ പറ്റി അവര്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ്. ‘നല്ല ഭാഷയാണ് ഇവന്റേത്’ എന്ന അന്ന് അച്ഛന്‍ പറഞ്ഞത് ഇന്നേ വരെ - അത് എന്തിന് വേണ്ടിയാണെങ്കിലും - എനിക്ക് കിട്ടിയ കോമ്പിമെന്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ്.

അഭിമാനത്തിന്റെ ഗര്‍വ്വ് അച്ഛന്റെ മുഖത്ത് ആദ്യമായ് കണ്ടത് മാതൃഭൂമി ബാലപംക്തിയില്‍ ഒരു കഥ അച്ചടിച്ച് വന്നപ്പോഴാണ്. പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അവരുടെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ നൊമ്പരം ‘സാക്ഷി’ എന്ന കഥയായപ്പോള്‍ എനിക്ക് ലഭിച്ചത് അയല്‍പക്കങ്ങളില്‍ ‘ചുമ്മാ കഥയെഴുതുന്നവന്‍’ എന്ന പേരും 75രൂപയുടെ ഒരു മണിയോര്‍ഡറുമാണ്. പോസ്റ്റാപ്പീസില്‍ പോയി 75രൂപ വാങ്ങി വന്ന അച്ഛന്റെ മുഖം മനസ്സില്‍ ഇപ്പൊഴും ഒരു കുളിര്‍മ്മയാണ്. ആ കഥയെ പറ്റി ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും അമ്മയോട് പറഞ്ഞ ‘അവനാദ്യമായ് കിട്ടിയതല്ലേ, ഒരു 25രൂപ ഞാന്‍ പോസ്റ്റ്മാന് കൊടുത്തു’ എന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാന്‍. എം.ടി.യുടെ ‘കാല’ത്തില്‍ സേതുവിന് സമ്മാനം കിട്ടിയ പുസ്തകം നോക്കി ‘ബൈന്‍ഡിം‌ഗ് മോശം’ എന്ന് അഭിപ്രായം പറഞ്ഞ അച്ഛനേക്കാളും ഭേദമാണല്ലോ ഇത് എന്ന് ചിരിച്ച് കൊണ്ട് മനസ്സില്‍ പറഞ്ഞതും കുസൃതിയുള്ള ഒരോര്‍മ്മയായ് നില്‍ക്കുന്നു.

പിന്നെയും പലയിടങ്ങളിലായ് വന്ന കഥകളും മറ്റും അവര്‍ വായിച്ചിട്ടുണ്ടാകാം. പക്ഷെ നേരിട്ടൊരു അഭിപ്രായം ഇത് വരെ പറഞ്ഞിട്ടില്ല. അത് കൊണ്ടാവാം ഇപ്പോഴും അച്ചടി പുരണ്ട എന്റെ വാക്കുകള്‍ അവരുടെ മുന്നിലെത്തുമ്പോള്‍ മുപ്പത് വയസ്സുകാരന്‍ ഒരു മൂന്നു വയസ്സുകാരനാകുന്നത്- ചങ്കിനുള്ളില്‍ പഞ്ചാരിമേളം മുറുകുന്നത്!

രാവേറെയായിരിക്കുന്നു. അടുത്ത മുറിയില്‍ ഇനിയും ലൈറ്റണഞ്ഞിട്ടില്ല. പതിഞ്ഞ സംഭാഷണങ്ങള്‍ക്കായുള്ള എന്റെ കാതോര്‍ക്കലിനിടയില്‍ മകന്‍ എണീറ്റിരിക്കുന്നത് മുറിയിലെ മങ്ങിയ പച്ചവെളിച്ചത്തില്‍ ഞാനറിഞ്ഞു. ഉറക്കത്തിടയിലെ ഈ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകള്‍ അവന്റെ പതിവാണ്. ചോരയുടെ തിരിച്ചറിവില്‍ അവനെന്നെ നോക്കി ചിരിച്ചു. പിന്നെ പുതപ്പിനുള്ളിലൂടെ നൂര്‍ന്ന് കയറി എന്റെ മേലെ കയറി തല ചായ്ച്ച് കിടന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ചു. അപ്പുറത്തെ മുറിയിലെ വര്‍ത്തമാനം കൂടുതല്‍ കൂടുതല്‍ അവ്യക്തമായ് കൊണ്ടിരുന്നു. എന്നിട്ടും മനസ്സ് എന്തിനോ കാതോര്‍ത്തിരുന്നു.
----------------------------------------------------------------------------------------