മകന് രാവിലെ ഉറക്കമുണര്‍ന്നതേ കരഞ്ഞ് കൊണ്ടാണ്. കണ്ണുകള്‍ തുറക്കാതെ അവന് ഉറക്കെയുറക്കെ കരഞ്ഞ് തുടങ്ങിയപ്പോള്‍ നല്ലപാതി പാലു കൊടുക്കാനൊരുങ്ങി. കരച്ചിലിന്റെ വോളിയം കൂടി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല. അവളുടെ ആവനാഴിയിലെ അമ്പുകളെല്ലാം നിഷ്ഫലമായപ്പോള്‍ ഞാന്‍ ചെന്ന് കുഞ്ഞിനെ എടുത്തു. നിമിഷങ്ങള്‍ക്കകം കരച്ചില് നിന്നു. “കണ്ടോടീ എങ്ങനെയാ കുഞ്ഞിന്റെ കരച്ചില് നിര്‍ത്തേണ്ടതെന്ന്?” എന്ന ചോദ്യത്തില്‍ പുരട്ടിയ എന്റെ നോട്ടം ഭാര്യ കണ്ടില്ലെന്ന് നടിച്ചിരിക്കുമ്പോഴാണ് അമ്മയുടെ “എന്താടാ ഈ പറ്റിച്ചത്?” എന്ന ഉറക്കെയുള്ള ചോദ്യം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ മകന് എന്റെ മേല്‍ മലാഭിഷേകം നടത്തിയിരിക്കുന്നു! തലേന്ന് വാങ്ങിയ പുതുപുത്തന്‍ ടീഷര്‍ട്ടില്‍ നിന്നും അവസാനം അലക്കിയതെന്നെന്ന് എനിക്ക് ഓര്‍മ്മയില്ലാത്ത ജീന്‍സിലേക്ക് മഞ്ഞലായനി അരിച്ചിറങ്ങുന്നു. “ഇതിപ്പോ എത്രാമത്തെ തവണയാടാ?” എന്ന് അവനെ നോക്കി പല്ലിറുമി കൊണ്ട് ഞാന്‍ പറഞ്ഞു. അകത്ത് നിന്ന് ഓടി വന്ന് “നിന്റെയല്ലേ മോന്, പിന്നെ തൂറ്റലാടീസാവാതിരിക്കുമോ?“ എന്ന് പറഞ്ഞ് അവനെയേടുത്തോണ്ട് അമ്മ പോയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പപ്പാമാമയുടെ മുഖമാണ്.
പപ്പാമാമയുമായ് ഞങ്ങള്‍ക്കുള്ളത് അച്ഛന് വഴിയുള്ള അത്ര അകലെയല്ലാത്ത ബന്ധമാണ്. പത്മനാഭമേനോന്‍ എന്ന് പേരായിരിക്കും ‘പപ്പന്’ എന്നായത് എന്നാണെന്റെ ഊഹം. വീട്ടില്‍ ക്ഷണിക്കാതെ വരുന്ന വിരുന്നുകാരിലൊരുവനായ പപ്പാമാമ എനിക്കിട്ട പേരാണ് ‘തൂറ്റലാടീസ്’. ആ പേരിടാനുള്ള കാരണം സിംപിള്‍. മൂപ്പര് വരുമ്പോഴൊക്കെ എനിക്ക് വയറിളക്കമായിരിക്കും. മൂപ്പര് വരുമ്പോള്‍ മാത്രമല്ല കുട്ടികാലത്ത് മിക്ക സമയങ്ങളിലും എനിക്ക് വയര്‍സംബന്ധമായ് എന്തെങ്കിലുമൊക്കെ അസുഖം ഉണ്ടായികൊണ്ടേയിരുന്നിരുന്നു. കൊച്ചായിരിക്കുമ്പോഴേ ഗ്രഹണി, വിരശല്യം തുടങ്ങിയ മാരകരോഗങ്ങള്‍ നിര്‍ബാധം എന്നെ കീഴടക്കി കൊണ്ടിരുന്നു. ആ കാലത്തെ ഇഷ്ടവിഭവങ്ങളായ കല്ല്, സിമന്റ്, മൂക്കിള, ഇരുമ്പിപ്പുളി, പച്ചമാങ്ങ, പച്ചപറങ്കിമാങ്ങയുടെ പരിപ്പ്, കണ്ണില്‍ കണ്ട ഇലകള്‍ തുടങ്ങിയവ ആ രോഗാവസ്ഥയ്ക്ക് പൂരകങ്ങളായ് വര്‍ത്തിച്ചു. വിരകളുടെ പടയോട്ടത്തില്‍ തിരിഞ്ഞും മറിഞ്ഞും ചന്തിക്കിടയില്‍ കൈവിരലുകള്‍ തിരുകികളിച്ചും എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി തീര്‍ന്നു. ഈ ശല്യങ്ങളൊക്കെ ഒന്ന് ഒഴിവായ് കഴിയുമ്പോള്‍ ആയിരിക്കും ലീക്കേജ് ആരംഭിക്കുന്നത്. കുഴഞ്ഞ് മറിയുന്ന വയറിനുള്ളിലെ കോലാഹലങ്ങള്‍ ചെവിയോര്‍ത്ത് ഞെരങ്ങികഴിയുന്ന രാവുകളാണ് പിന്നെ. വിരയൊഴിച്ചു കളയാനും ശോദന ശരിയാകാനും അമ്മ തന്ന പേരും രുചിയുമില്ലാത്ത മരുന്നുകള്‍ക്കൊന്നും എന്നെ രക്ഷിക്കാനായില്ല. ഇത്തരം ശല്യങ്ങളെല്ലാം കൂടി ദുരിതമാക്കിയ എന്റെ ബാല്യത്തിലേക്കാണ് വെളുത്ത് കൊലുന്നനെയുള്ള പപ്പാമാമ ‘തൂറ്റലാടീസ്’ എന്ന പബ്ലിക്ക് വിളിപ്പേരുമായ് വന്നത്!
കുട്ടിക്കാലത്തെ ആ ദിവസങ്ങളില്‍ പപ്പാമാമയുടെ സാമീപ്യം ഒരു പേടിസ്വപ്നമായിരുന്നു. ശനി-ഞായര്‍ ദിവസങ്ങളിലെ ഒരു സുന്ദര പ്രഭാതം, സ്വാദിഷ്ഠമായ പ്രാതല്‍, കൂട്ടുകാരുമായ് തൊടിയില്‍ വിവിധതരം കളികള്‍ എന്നിങ്ങനെ നല്ല രീതിയില്‍ പോകുന്ന ഒരു പകലിലായിരിക്കും മുന്നറിയിപ്പില്ലാതെ പപ്പാമാമ കയറി വരിക. എന്തെന്നറിയില്ല, എവിടെ നിന്നെന്നറിയില്ല വയറിനുള്ളില്‍ ഒരു സഭാകമ്പമാണ് പിന്നെ. ആധി കയറി ഇടയ്ക്കിടയ്ക്ക് വയറിളകുന്നുണ്ടോ എന്ന് പരിശോധിക്കും. ഒന്നും പോയില്ലെങ്കില്‍ ആശ്വാസം. പരിശ്രമത്തിനൊടുവില്‍ ഇത്തിരിയെങ്ങാനും പോയാല്‍ പിന്നെ ടെന്‍ഷനായി. ഉറച്ചിട്ടാണോ പോയത്, അതോ ഇളകിയിട്ടുണ്ടോ? വൈകീട്ടത്തെ ചായ കഴിഞ്ഞ് മൂപ്പര് പോകുന്ന വരെ കണ്‍വെട്ടത്ത് നിന്നും ഒഴിഞ്ഞ് മാറി നടക്കും. പക്ഷെ പോകാറാവുമ്പോ ഉറക്കെ അകത്തേക്ക് വിളിച്ച് ഒരു ചോദ്യമുണ്ട് - “തൂറ്റലാടീസെവിടെടീ, കണ്ടില്ലല്ലോ” എന്ന്. അത് വരെ കാത്ത് വെച്ചിരുന്ന മണ്ണൊക്കെ കാല്‍ച്ചുവടില്‍ നിന്നൊലിച്ച് പോയ പ്രതീതിയാണ് അപ്പോള്‍.
ശരിക്കും വയറിളക്കമുള്ള ദിവസങ്ങളാണ് കൂടുതല്‍ ഭീകരം. ഒറ്റയ്ക്ക് കക്കൂസില്‍ പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ മുറ്റത്തെ ഒരു തെങ്ങിന്‍ചുവട്ടിലാണ് അമ്മ ഇരുത്തുക. ട്രൌസറൂരി ഷര്‍ട്ട് കയറ്റി അരയ്ക്ക് കുത്തി കുന്തിച്ചിരിന്ന് കാര്യം സാധിക്കുമ്പോള്‍ കണ്ണ് ഗേറ്റിലായിരിക്കും. ദൂരെ ഒരു കഷണ്ടി വെയിലത്ത് തിളങ്ങുന്നുണ്ടോ? ഇത്തിരിയൊന്ന് കൂനി നിലത്ത് ദൃഷ്ടിയൂന്നി കൊണ്ട് ഒരു വെള്ളവസ്ത്രധാരി നടന്ന് വരുന്നുണ്ടോ? കിണറ്റിന് കരയില്‍ പോയി കഴുകി വരുന്നത് വരെ ആ വെപ്രാളം തുടരും. പിന്നീട് ബാല്യത്തിന്റെ സായാഹ്നത്തില്‍ എന്തും ദഹിപ്പിക്കാന്‍ എന്റെ വയറിന് ശേഷി വന്നപ്പോഴും പപ്പാമാമ ആ വിളി ഒഴിവാക്കിയില്ല. പാപ്പാമാമയുടെ മരണശേഷം മറ്റുള്ളവര്‍ക്കൊപ്പം ഞാനും ആ വിളി പതിയെ മറന്നു.
ഇന്ന്, ഇത്തിരിയൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍, എന്തോ ആ പേര് ഞാനിഷ്ടപ്പെടുന്നു. പപ്പാമാമയ്ക്ക് മുന്‍പും പിന്‍പും ആരും ആ പേര് എവിടെയും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടില്ല എന്നത് കൊണ്ട് എന്റേത് മാത്രമായ ഒന്നെന്ന് ആ വിളി തോന്നിപ്പിക്കുന്നു. ആ തോന്നല്‍ എന്റെ സന്തോഷമാകുന്നു. ഇന്ന് ശോദന ശരിയാകാത്ത മകനെ ഞാന്‍ സ്വകാര്യത്തില്‍ ‘തൂറ്റലാടീസേ’ എന്ന് വിളിക്കുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാത്ത അവന് അര്‍ത്ഥമറിയാതെ ചിരിക്കുന്നു. ആ ചിരിയില്‍ പപ്പാമാമയുടെ മുഖം തെളിയുന്നു. മഞ്ഞക്കറയുള്ള പല്ലുകള്‍ കാണിച്ച് കൊണ്ടുള്ള ആ പരിഹാസച്ചിരിയിലെ വാത്സല്യം മനസ്സിലെവിടെയോ കൊളുത്തിവലിയ്ക്കുന്നു. ആ ചിരിയും ‘തൂറ്റലാടീസേ’ എന്ന വിളിയും എന്റെ ബാല്യത്തിന്റെ അടയാളമാണ്. അങ്ങനെ എത്രയെത്ര അടയാളങ്ങള്‍ നഷ്ടപെട്ടതാണ് നമ്മുടെയൊക്കെ ജീവിതം?
--------------------------------------------------------------------------------------------------------------------------------
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
13 years ago