പുഴക്കരയിലെ പാറക്കെട്ടുകള്‍ക്ക് പിറകിലുള്ള ഈ കുടിലിലേക്ക് നിമിഷങ്ങള്‍ക്ക് മുന്‍പ് കടന്ന് വരുമ്പോള്‍ തന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കണം എന്ന ഭയം രുദ്രയ്ക്കുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ പടലേടത്തെ കുട്ടിയെ പാറു തിരിച്ചറിയുമെന്നതില് തെല്ലും സംശയമുണ്ടായിരുന്നില്ല. പാറുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെടുത്ത് മടിച്ച് മടിച്ച് കൊണ്ടുള്ള നില്‍പ്പിന്റെ പൊരുള്‍ അടിവയറ്റിലേക്കുള്ള ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ തലമുറകളെ ഭൂമിയിലേക്ക് സ്വാഗതം ചെയ്ത ആ കൈത്തഴക്കത്തിനായി. “അകത്തേക്ക് കിടന്നോളു’ എന്ന് മാത്രം പറഞ്ഞ് കൊണ്ട് കൂരയ്ക്കുള്ളിലെ ഇരുട്ടിലേക്ക് പാറു മറഞ്ഞപ്പോള്‍ പിന്തുടരാനേ അവള്‍ക്കായുള്ളൂ.
പുറത്ത് കരിയിലകള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു.
അരിച്ചരിച്ച് നീങ്ങിയ നിമിഷങ്ങളുടെ അസ്വസ്ഥതയില്‍ രുദ്ര കിടന്നു. കളിമണ്പാത്രങ്ങള് കലഹിക്കുന്ന ശബ്ദത്തിനിടയില്‍ പാറുവിന്റെ ചുണ്ടുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വന്ന വാക്കുകള്‍ അവ്യക്തമായ് കേട്ടു. തന്റെ അരികിലേക്കടുത്ത് വരുന്ന അതിന്റെ താളത്തില്‍ ഏതോ പ്രാര്‍ത്ഥനകളുടെ പിറുപിറുക്കലുണ്ട്. പാറുവിന്റെ തണുത്ത കൈപ്പത്തി രുദ്രയുടെ നെറ്റിയില്‍ പതിയെ തലോടി. കണ്‍തടങ്ങളിലാകെ പരന്ന കരിമഷിയും നെറ്റിയിലാകമാനം പൂശിയ ഭസ്മവും അതിന്റെ നടുവിലെ കുങ്കുമരാശിയും ‘കുറിയപാറു’വിനെ സുന്ദരിയാക്കിയിട്ടുണ്ടെന്ന് അവള്‍ക്ക് തോന്നി. വെളുവെളുത്ത ഈ മേല്‍മുണ്ട് എപ്പോഴാണ് പാറു ഇട്ടത്?
“ഒന്നും പേടിക്കണ്ട. ഒരു ഉറുമ്പു കടിക്കുന്ന വേദന പോലുമില്ലാതെ പാറു നോക്കിക്കൊള്ളാം.”
കോടിയ ചുണ്ടുകളില്‍ ചിരിയൊളിപ്പിച്ച് കൊണ്ട് രുദ്ര കിടന്നു. തന്റെ വലത്തുകൈപ്പടം രുദ്രയുടെ അടിവയറ്റില്‍ വച്ചപ്പോഴും നെറ്റിയിലെ തലോടല്‍ പാറു തുടര്‍ന്ന് കൊണ്ടേയിരുന്നു. ഓലപ്പഴുതിലൂടെ നേരിയ വെളിച്ചം അവളുടെ അടിവയറ്റിനെ സ്പര്‍ശിച്ച് കൊണ്ടേയിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ വയറ്റാട്ടിപാറു കണ്ണുകളടച്ചപ്പോള്‍ പുറത്തേക്കുള്ള വാതില്‍ അടഞ്ഞു. മുറിയിലെ ഇരുട്ടിന് കനം വെച്ചു.
അടിവയറ്റിനെ തലോടികൊണ്ടിരുന്ന പാറുവിന്റെ കൈകള്‍ ഉടുമുണ്ടിന്റെ കെട്ട് വേര്‍പ്പെടുത്തിയപ്പോള്‍ അവളൊന്ന് പുളഞ്ഞു. കൂടുതല്‍ കനം വെച്ച് കൊണ്ടിരുന്ന ഇരുട്ടില്‍ പാറുവിന്റെ പിറുപിറുക്കലുകള്‍ വ്യക്തമായ് തുടങ്ങി. പൊക്കിള്‍ക്കൊടിയുടെ കീഴേയ്ക്ക് ഭ്രമണപഥം മാറിയ തലോടലിന്റെ വേഗതയില്‍ അരഞ്ഞാണം പൊട്ടിയൂര്‍ന്ന് പോയത് രുദ്രയറിഞ്ഞു.
“കണ്ണടച്ചോളൂ....”
പറഞ്ഞതാര്? കാതുകളില്‍ മുഴങ്ങുന്ന ശബ്ദം കണ്ണിയിണങ്ങാത്ത വാക്കുകളോ അതോ മന്ത്രോച്ചാരണങ്ങളോ? തന്റെ കണ്ണുകള്‍ മുന്‍പേ അടഞ്ഞിരുന്നതായിരുന്നുവെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ മുറുക്കിയടയുമ്പോള്‍ കറുപ്പും കറുപ്പിന്റെ ചുറ്റും മറ്റെല്ലാ നിറങ്ങളും ചേരുന്നു. മറ്റാരുടേയോ ശ്വാസം മുഖത്ത് പതിയുന്നുവോ? ഇല്ല... പക്ഷെ ആ ശ്വാസം ഒന്ന് പതിഞ്ഞിരുന്നെങ്കില്‍.... പൂ പോലെ തന്റെ അരക്കെട്ടുയര്‍ത്തി, നെറ്റിയിലെ വട്ടപൊട്ടിലേക്ക് ചുണ്ടുകളമര്‍ത്തി കൊണ്ട് വിളിച്ചത് ഒന്ന് കൂടെ കേട്ടിരുന്നെങ്കില്‍...
“ഭഗവതിരൂപിണീ....!!!”
ആ വിളി തന്നിലൂര്‍ജ്ജമായ് പടരുന്നു.... അയാളുടെ മുഖമോ മനസ്സില്‍ തെളിഞ്ഞത്... അതോ മറ്റാരോ മാറ്റാന്‍ ചൊല്ലി വിളിച്ചതോ?
“കുട്ടീ, ഗാന്ധര്‍വ്വത്തിന് ദാഹിക്കുന്ന മനസ്സുകളാണ് ചുറ്റും, സൂക്ഷിക്കണം.“
മുത്തശ്ശിയുടെ ശബ്ദം കേട്ടുവോ? അല്ല അത് അയാളുടെ ശബ്ദം പോലെ തന്നെ... അല്പ മുന്‍പ് കണ്ടപ്പോഴും തനിക്കാകര്‍ഷകമായ് തോന്നിയത് ആ ശബ്ദമാണ്. പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദം... ശരീരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും ഒരേ പോലെ മുഴങ്ങുന്ന ആ ശബ്ദം....
ചുമരിലേക്ക് തിരിഞ്ഞിരുന്ന് ഉണങ്ങികൊണ്ടിരുന്ന വ്രണത്തിലെ അടരുകള്‍ പൊളിച്ച് കൊണ്ടിരുന്ന അയാളെയാണ് പൂവള്ളിയിലെ വൈദ്യപ്പുരയിലേക്ക് കടന്ന് ചെന്നപ്പോള്‍ കണ്ടത്... അകമേ തോന്നിയത് സഹതാപമോ പകയോ? അകത്തേക്ക് കയറാന്‍ മടിച്ച് നിന്നപ്പോഴും എന്തിനാണ് അപ്പോളങ്ങോട്ട് ചെന്നത് എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു മനസ്സില്‍. മനസ്സിലുള്ളത് പറയണം. ആ നീറ്റല്‍, വര്‍ഷങ്ങള്‍ പഴുപ്പിച്ചെടുത്ത ആ നീറ്റലിന്റെ സുഖകരമായ പരിണാമം, മനസ്സിലാക്കാനായില്ലെങ്കിലും ഒരു പുരുഷനെങ്കിലും അതറിയണം!
പക്ഷെ അപ്പോള്‍ മുറിയില്‍ വേലുവിനെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എഴുന്നേറ്റ് ഒരരികിലേക്ക് മാറി നിന്ന് തനിക്ക് നില്‍ക്കാനല്‍പ്പം സ്ഥലമുണ്ടാക്കവേ ചിരിച്ചെന്നൊന്ന് വരുത്തി. കണ്ണുകള്‍ നിലത്തും ഉലഞ്ഞിരിക്കുന്ന തന്റെ മേല്‍മുണ്ടിലുമായ് പായിച്ച് കൊണ്ട് വേലു പിറുപിറുത്തു.
“എന്തൊരു ദുര്‍വിധിയാണീശ്വരാ! എല്ലാം ജാതകദോഷം!!!”
അതെയോ... എല്ലാം ജാതകദോഷം തന്നെയോ?
താന്‍ ഒന്നും പ്രതികരിക്കുന്നില്ല എന്ന് കണ്ട് അയാള്‍ തുടര്‍ന്നു.
“പേരു കേട്ട ഇല്ലം... പണം പ്രതാപം. ദുര്‍മന്ത്രവാദവും ഒഴിപ്പിക്കലുകളും തുടങ്ങിയ മുതല്‍ ഞാന്‍ ഭയപ്പെട്ടതാ വള്ളിക്കാട്ടെ മൂസ്സതിന്റെ ഈ പതനം - ഇത്ര നേരത്തെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും! കര്‍മ്മഫലം!”
അതെയോ...? പുരുഷപ്രകൃതിയുടെ കര്‍മ്മങ്ങളെന്തല്ലാമായിരുന്നുവെന്ന് അന്വേഷിച്ചില്ലേ കാര്യസ്ഥന് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. തന്റെ മൌനം അയാളെ അസ്വസ്ഥനാക്കിയോ...
“കുഞ്ഞിനിപ്പോള്‍ എല്ലാം സുഖായല്ലോല്ലേ.... അതും അദ്ദേഹത്തിന്റെ കൈപ്പുണ്യം”
ഒന്നു മൂളിയിരുന്നോ താന്‍. അറിയില്ല. വേലുവിന്റെ കണ്ണുകളില്‍ തന്നെയായിരുനു ശ്രദ്ധ. കണ്ണൊന്ന് പിഴച്ചാല്‍ കൊത്തിപ്പറിക്കാനെന്നോണമാണോ അയാളുടെ നോട്ടം? ആണെങ്കില്‍....
“പകലൊക്കെ മിണ്ടാട്ടല്ല്യാതെ ഇരിക്കും.. രാത്രീലൊക്കെ എന്തൊക്കെയോ പിറുപിറുക്കും... ചെലപ്പോ ആരെയൊക്കെയോ ശപിക്കും.... ശ്ലോകം ചൊല്ലും.... ഇടയ്ക്ക് പെട്ടന്നുള്ള ഒരു നെലവിളിയുണ്ട്, അതാ കഷ്ടം... കേക്കുമ്പം ചങ്കു പറിയും..... എത്ര മനസ്സുകള്‍ സുഖപ്പെടുത്തീതാ ഇദ്ദേഹം... അതിന്റെ പുണ്യം ഇങ്ങനയാണല്ലോ ഈശ്വരന്മാര് കൊടുത്തത്...”
തന്നില്‍ നിന്നും മറുപടിയെന്തെങ്കിലുമുണ്ടാകുമെന്ന് കരുതി വേലു വീണ്ടും കാത്തു. മാത്രകള്‍ മരവിച്ച് നിന്നു.
“കുഞ്ഞുണ്ടാവില്ലേ ഇവിടെ ഇത്തിരി നേരം.... ഞാനൊന്ന് മുറുക്കീട്ട് വരാം... “
വേലു പോവുന്നതും നോക്കി താന്‍ കുറച്ച് നിന്നു. പിന്നില്‍ ചങ്ങലക്കൂട്ടം അനങ്ങുന്നുണ്ടെന്ന് അറിഞ്ഞുവെങ്കിലും തിരിഞ്ഞ് നോക്കിയില്ല. ആ നോട്ടം തന്റെ നേരെ നീളുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. തിരിഞ്ഞൊന്ന് നോക്കാന്‍ അപ്പോള്‍ തനിക്ക് ഇത്തിരി ഭയമുണ്ടായിരുന്നോ? അറിയില്ല, പക്ഷെ മനസ്സിലെന്തോ മുറുക്കമനുഭവപ്പെട്ടിരുന്നു. പിന്നില്‍ ഒരു പിറുപിറുക്കല്‍ കേട്ടു.
“വട്ടപൊട്ട്.... ചെമ്പരത്തിയുടെ ചുവപ്പുള്ള വട്ടപൊട്ട്”
തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. കാലിലെ വ്രണം വട്ടപൊട്ടായി മാറ്റിയിരിക്കുന്നു. ഉണങ്ങാത്ത ചോരക്കറയുള്ള കൈവിരല്‍ത്തുമ്പ് തന്റെ നെറ്റിക്ക് നേരെ നീട്ടി കൊണ്ട് പ്രതാപിയായ മൂസ്സത് പുലമ്പുന്നു - “വട്ടപ്പൊട്ട്!“.
തനിക്കെന്തോ അതൊരു ഹരമായ് തോന്നി. ചുണ്ടുകള്‍ മന്ദഹസിച്ചു. മുഖം അയാളുടെ കണ്ണുകളുടെ മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു.
“ഇതാ ചുവന്ന വട്ടപ്പൊട്ട്... മൂസ്സതിന്റെ ആവാഹനക്കളത്തില്‍ മതിഭ്രമവുമായ് പഴന്തുണി പോലെ ഇരുന്ന ആ പെണ്ണിന്റെ മുഖത്തെ അതേ വട്ടപ്പൊട്ട്...”
അയാള്‍ക്ക് തന്നെ മനസ്സിലായോ... ആ കണ്ണുകളില്‍ അപ്പോള്‍ സന്ദേഹമുയര്‍ന്നോ?
“നീ...”
“ഞാന്‍ തന്നെ.... അത് ഞാന്‍ തന്നെ... ആഴ്ചകള്‍ക്ക് മുന്‍പ് ഇല്ല്ലത്തെ അറപ്പുരയില്‍ ബ്രഹ്മചാരി കളമൊരുക്കിയത് എനിക്ക് വേണ്ടി തന്നെ.... ആയിരത്തൊന്ന് തിരികള്‍ക്ക് നടുവില്‍ മന്ത്രോച്ചാരണങ്ങള്‍ പൂകൊണ്ട് മൂടിയതും എന്നെ തന്നെ... ചെയ്താലും ചെയ്താലും ആണിന് മതി വരാത്ത പൂജയ്ക്കായ് ഹവസ്സായതും ഞാന്‍ തന്നെ.... ഒടുവില്‍ ഇപ്പോള്‍ വള്ളിക്കാട്ടെ ബ്രഹ്മചാരിയായ മൂസ്സതിന്റെ ഹേതുവാകാനുള്ള സൌഭാഗ്യം സിദ്ധിച്ചതും ഈ രുദ്രയ്ക്ക് തന്നെ! “
“ബ്രഹ്മചാരി.... ഞാന്‍.....”
മനസ്സില്‍ ആവേശം നുര പൊന്തുന്നു. വാക്കുകളില്‍ വജ്രമുനകളുയരുന്നു.
“ബാധയെ തന്നിലേക്കവാഹിച്ച് പെണ്ണിന് രോഗശാന്തി നല്കിയ കാര്‍മ്മികനെ ലോകം വാഴ്തും. പക്ഷെ എനിക്ക് മാത്രമറിയാം.... ബോധത്തിനും ബോധക്കേടിനുമിടയില്‍ ഞാന്‍ മാത്രമറിഞ്ഞ രഹസ്യം! മതിയുടെ പാരമ്യത്തില്‍ എന്റെ ബോധോദയം! വര്‍ഷങ്ങളുടെ അശാന്തിയുടെ പകരമായ് ഞാന്‍ കവര്‍ന്നത് അങ്ങയുടെ ബ്രഹ്മചര്യം! അന്ന് അഴിഞ്ഞ് വീണ മടിക്കുത്തില്‍ പരന്ന് കിടന്ന ചോരക്കറയാണ് ഈ വട്ടപ്പൊട്ടില്‍ ജ്വലിച്ച് നിന്നിരുന്നത്. കണ്ടോളൂ.... ഇതിലിപ്പോള്‍ ചെമ്പരത്തിയുടെയല്ല ചോരയുടെ ചുവപ്പാണുള്ളത്.... തിളങ്ങണ ചുവപ്പ്”
താന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മൂസ്സത് നിശ്ചലനായിരുന്നു, പാവം അയാള്‍ക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നുറപ്പ്.
ഏഴു ദിനരാത്രങ്ങള്‍ കൊണ്ട് അയാള്‍ ആവാഹിച്ചെടുത്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍പ്പക്കാവിലെ ഇരുട്ടില്‍ ആരൊക്കെയോ തന്നില്‍ ആഴ്ന്നിറക്കിയ പാപബോധമാണ്. ആ പാപബോധമാണ് അയാളുടെ മനസ്സിലെ മിന്നല്പിണറുകള്- അത് തന്നേക്കാള്‍ നന്നായി ആര്‍ക്കറിയാം.
കന്യകാത്വം നഷ്ടപ്പെട്ട പെണ്ണിനെ പോലെയോ ബ്രഹ്മചര്യം നഷ്ടപ്പെട്ട പുരുഷന്? ശാസ്ത്രങ്ങള്‍ക്കുത്തരമില്ലാത്ത ചോദ്യം!
അല്ല എന്ന് തന്റെ വിവേകം ഉത്തരം നല്കി. ആണിന് ബ്രഹ്മചര്യം ഒരലങ്കാരമാണ്. പക്ഷെ പെണ്ണിന് മാനം പകരം വെയ്ക്കാനില്ലാത്തതാണ്.
രുദ്ര മൂസ്സതിനോടല്ല, പെണ്ണ് പുരുഷനോടാണ് പകരം വീട്ടിയിരിക്കുന്നത്!
അതില്‍ പേരുകള്‍ക്കെന്ത് പ്രസക്തി?
മാര്‍ഗ്ഗത്തിനെന്തിന് വിശദീകരണം?
ഇവിടെ താന്‍ തന്നെ ശരി!
അയാളുടെ കണ്ണുകളില്‍ നനവ് പരന്നിരുന്നു. തനിക്കപ്പോള്‍ അയാളോട് സഹതാപം തോന്നിയോ? ഇല്ല... പുരുഷന് സഹതാപമര്‍ഹിക്കുന്നില്ല.
മുഖം ചേര്‍ത്ത് വെച്ച് അയാളുടെ ചുണ്ടുകളില്‍ മുത്തമിട്ട് തിരിഞ്ഞ് നടന്നപ്പോള്‍ അയാളുടെ നെറ്റിയിലും ഒരു വട്ടപ്പൊട്ടുദിച്ച് നിന്നിരുന്നു.
പാറുവിന്റെ കൈവിരലുകള്‍ തന്റെയുള്ളില്‍ ഒന്നുയര്‍ന്ന് താണപ്പോള്‍ ഉറുമ്പു കടിക്കുന്ന പോലത്തെ ആ വേദന രുദ്രയറിഞ്ഞു. പാറുവിന്റെ മന്ത്രോച്ചാരണങ്ങള്‍ നിലച്ചു. അപ്പോഴും കാതുകളില്‍ ആ വിളി മുഴങ്ങുന്നു - “എന്റെ ഭഗവതിരൂപിണീ....!!!”
രുദ്ര ചിരിച്ചു.
“വേദനിക്ക്ണ്ണ്ടോ?” പാറു ചോദിച്ചു.
ഓലക്കീറുകള്‍ക്കിടയിലൂടെ വീണ വെളിച്ചത്തില്‍ ചുവന്ന വട്ടപ്പൊട്ട് തിളങ്ങി.
അവള് വീണ്ടും ചിരിച്ചു, ഇക്കുറി കുറേ കൂടി ഉറക്കെ....
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *