Thursday, March 18, 2010

സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍: ജീവിതത്തിന്റെ തിരക്കഥ


തിരക്കഥാരൂപത്തിലൊരു കഥ... ഈ കഥയില്‍ സംഭാഷണങ്ങള്‍ ആവശ്യമില്ലല്ലോ അല്ലേ?
സ്വപ്നങ്ങളെ പിന്തുടരാന്‍ നമുക്കായെങ്കില്‍....!
- - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

സീന്‍ 1

ഇരുട്ട്. തിയറ്ററിലെ പ്രൊജക്ഷന്‍ റൂം.
പ്രൊജക്ടറിന്റെ ശബ്ദം. വളരെ ഫീബിള്‍ ആയി ഒരു സിനിമയുടെ ഡയലോഗുകളും ശബ്ദഘോഷങ്ങളും കേള്‍ക്കാം. കറങ്ങുന്ന ഫിലിം റോളില്‍ നിന്നും സൂം‌ഔട്ട് ആവുന്ന ക്യാമറ. പഴക്കം തോന്നിക്കുന്ന ഒരു ഫിലിം പ്രൊജക്ടറും അതില്‍ വിരലുകള്‍ അമര്‍ത്തി നില്‍ക്കുന്ന കൈലിയും വെള്ളബനിയനും ധരിച്ച ഒരു മനുഷ്യനെയും നമുക്കിപ്പോള്‍ കാണാം. സൂം ഔട്ട് ചെയ്ത ദൃശ്യം ഇപ്പോള്‍ ഒരു പ്രൊജക്ഷന്‍ റൂമിന്റെ വെളിയിലാണ്. മറ്റൊരാളിന്റെ - ഒരു കുട്ടിയുടെ - കാഴ്ചപ്പാടില്‍ ആ മുറി നമുക്ക് കൂടുതല്‍ വ്യക്തമാവുന്നു. പുറത്തേക്ക് നോക്കി ചിരിക്കുന്ന അയാള്‍ കുട്ടിയോട് വരാന്‍ ആംഗ്യം കാണിക്കുന്നു. മുന്നോട്ടു നീങ്ങുന്ന കുട്ടി (ക്യാമറ). അയാളിലൂടെ, പ്രൊജക്ടറിലൂടെ പതിയെ പ്രൊജക്ഷനിലേക്ക് നീങ്ങുന്ന കുട്ടി. പ്രൊജക്ടറിന്റെ മുന്നിലെ ദ്വാരത്തിലൂടെ അവന്റെ മുന്നില്‍ തെളിയുന്ന വെള്ളിത്തിര... കാണികള്‍...
വിടരുന്ന അവന്റെ കണ്ണുകള്‍ (സൈഡ് വ്യൂ - എക്സ്ട്രീം ക്ലോസ് അപ്പ്)

സീന്‍ 2
പകല്‍. കുട്ടിയുടെ വീട്.

കുട്ടിയുടെ കണ്ണുകളില്‍ നിന്ന് സൂം ഔട്ട് ആവുമ്പോള്‍ നാം കാണുന്നത് കയ്യിലൊരു ഫിലിം ബിറ്റുമായി നില്‍കുന്നവ അവനെയാണ്. അത് തിരിച്ചും മറിച്ചും നോക്കുന്ന മൂന്നു വയസ്സുകാരന്‍ (ക്ലോസ്‌അപ്പ്)

സീന്‍ 3
പകല്‍. കുട്ടിയുടെ വീട്. ഇരുട്ട്.
പതിയെ തുറക്കുന്ന ജനല്‍. അകത്തേക്ക് വരുന്ന വെളിച്ചം.
ഒരു കാര്‍‌ബോര്‍ഡ് ബോക്സിന്റെ ദ്വാരത്തില്‍ നിറുത്തിയിരിക്കുന്ന ഫിലിം ബിറ്റിലൂടെ, ബോക്സില്‍ നിറുത്തി വെച്ചിരിക്കുന്ന ബള്‍ബിലൂടെ ചുമരില്‍ തെളിയുന്ന ചിത്രത്തിലേക്ക് നമ്മുടെ കാഴ്ച നീങ്ങുന്നു.
കുറച്ച് കൂടെ മുതിര്‍ന്ന കുട്ടി. അവന്റെ മുഖത്ത് തെളിയുന്ന വിടര്‍ന്ന ചിരി.
അന്തരീക്ഷത്തില്‍ കയ്യടി.

സീന്‍ 4
തിയേറ്ററിന്റെ ഉള്‍‌വശം. ഇരുട്ട്.
പത്തു വയസ്സുകാരനായ് കുട്ടി വളര്‍ന്നിരിക്കുന്നു. മുഖത്ത് അതേ ചിരി. സ്ക്രീനില്‍ നിന്നും പ്രസരിക്കുന്ന വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന അവന്‍.

സീന്‍ 5
പകല്‍. സ്കൂള്‍ ഗേറ്റിന് മുന്‍‌വശം.
അവന്റെതലയ്ക്ക് മുകളില്‍ സിനിമാനോട്ടീസുകള്‍‍.
സൈക്കിളില്‍ നിന്നും ചുറ്റും വീഴുന്ന
സിനിമാനോട്ടീസുകള്‍. ബഹളം കൂട്ടുന്ന സ്കൂള്‍ കുട്ടികള്‍. ഒരു സ്കൂളിലെ ലഞ്ച് ബ്രേക്കാണ്.
കുതിരപ്പുറത്തിരിക്കുന്ന നായകനുള്ള സിനിമാനോട്ടീസില്‍ ആരാധനാപൂര്‍വം നോക്കി നില്‍ക്കുന്ന ഏഴു വയസ്സുകാരന്‍. (ഡോളി സൂം ഷോട്ട്)

സീന്‍ 6
പകല്‍. തിയേറ്ററിന്റെ മുന്‍‌ഭാഗം.
കുതിരപ്പുറത്തിരിക്കുന്ന നായകന്റെ വലിയ പോസ്റ്ററിന് കീഴെ, ഒന്നര രൂപ ടിക്കറ്റ് കൌണ്ടറിലെ തിരക്കില്‍ നിലതെറ്റി നില്‍കുന്ന കുട്ടി. മുതിര്‍ന്നവരുടെ ബഹളത്തില്‍ ക്യൂവില്‍ നിന്നു അകന്നു പോവാന്‍ അവന്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. വലിയൊരു തള്ളല്‍ അവനെ ക്യൂവില്‍ നിന്നും വേര്‍പ്പെടുത്തുന്നു. തിരികെ കയറാന്‍ ശ്രമിക്കുമ്പോള്‍ കാലില്‍ വീഴുന്ന ലാത്തി. താഴെ നിന്നുള്ള അവന്റെ കാഴ്ചയില്‍ അവനെ ചീത്ത വിളിക്കുന്ന പോലീസുകാരന്‍.

സീന്‍ 7
കുട്ടിയുടെ വീട്. അടുക്കള.
മരുന്നു പുരട്ടിയിരിക്കുന്ന അവന്റെ കാലിലെ മുറിയില്‍ നിന്നും നമ്മുടെ കാഴ്ച അകലുമ്പോള്‍ ചെവി തിരുമുന്ന അവന്റെ അമ്മ, ഉറക്കെ കരയുന്ന കുട്ടി.

സീന്‍ 8
പകല്‍. പിറ്റേന്ന്. അതേ തിയേറ്ററിന്റെ മുന്‍‌ഭാഗം.
ഒന്നര രൂപ ടിക്കറ്റ് കൌണ്ടര്‍. ആദ്യമുള്ളത് പോലത്തെ തിരക്ക്. തിരക്കില്‍ കഷ്ടപ്പെട്ട് നില്‍ക്കുന്ന കുട്ടി. പോലീസുകാരന്‍ വരുമ്പോള്‍ മുന്നിലുള്ളവനെ മുറുക്കെ പിടിച്ച് വരി തെറ്റാതെ നില്‍ക്കാന്‍ ശ്രമിക്കുന്ന അവന്‍.

സീന്‍ 9
തിയേറ്ററിന്റെ ഉള്‍‌വശം.
വെള്ളിത്തിരയിലെ വെളിച്ചം മാറിമിന്നുന്ന അവന്റെ മുഖം.വെളിച്ചത്തിന്റെ മിന്നിമായലുകളില്‍ പതിയെ വളരുന്ന അവന്റെ മുഖം. അവനിപ്പോള്‍ ഒരു യുവാവായിരിക്കുന്നു. കൈവിരലുകള്‍ വായില്‍ പിണച്ച് വെച്ച് ഒരു നീണ്ട വിസിലടി അവനില്‍ നിന്നും.

സീന്‍ 10
പകല്‍.
വിസിലടിക്കുന്ന അവന്‍.
ചുറ്റും കൂടുന്ന രണ്ട് മൂന്നു പേര്‍‍. ഒരു നാടകം അരങ്ങേറുകയാണ്.
ചുറ്റുമുള്ളവര്‍ കാലികളായും അവന്‍ തെളിക്കുന്ന കര്‍ഷകനായും വേദിയിലൂടെ ചലിക്കുന്നു.

സീന്‍ 11
രാത്രി‍. വീട്ടില്‍ അവന്റെ മുറി.
പുസ്തകം വായിക്കുന്ന അവന്‍. ചുമരിലെ ക്ലോക്കില്‍ സമയം നാലു മണി.
ബ്രൌണ്‍ പേപ്പര്‍ കൊണ്ട് വൃത്തിയില്‍ പൊതിഞ്ഞ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. വായിക്കുന്നതില്‍ ചില ഭാഗങ്ങള്‍ അവന്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട്. “ബസ്സ് കാത്ത് രവി കിടന്നു” എന്ന അവസാനവാചകത്തില്‍ ഒരു ചോദ്യചിഹ്നം ഇട്ടു കൊണ്ട് അവന്‍ പുറകോട്ട് ചാഞ്ഞിരുന്ന് കണ്ണുകളടയ്ക്കുന്നു.

സീന്‍ 12
പകല്‍. കോളേജ്. ക്ലാസ്സ് റൂം.
മുന്നില്‍ തുറന്ന് വെച്ചിരിക്കുന്ന പുസ്തകത്തില്‍ ചോദ്യചിഹ്നങ്ങള്‍ വരച്ചിരിക്കുന്ന അവന്‍. പേജില്‍ ഒരിടത്ത് കുറിച്ചിരിക്കുന്ന ഒരു നാലു വരി കവിത. അവന്റെ മുന്നില്‍ നിന്ന് ആ പുസ്തകം ആരോ എടുക്കുന്നു. അവന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ആ താളില്‍ നോക്കി നില്‍ക്കുന്ന ഒരു പെണ്‍‌കുട്ടി. അവള്‍ അവന്റെ കവിത വായിക്കുകയാണ്.
അവനെ നോക്കി ചിരിക്കുന്ന അവള്‍. അവളുടെ കണ്ണുകള്‍ വീണ്ടും കവിതയിലേക്ക്.

സീന്‍ 13
പകല്‍. കോളേജ്. ക്ലാസ്സ് റൂം.
താളുകളില്‍ ഇറ്റ് വീഴുന്ന കണ്ണീര്‍ത്തുള്ളികള്‍.
അവള്‍ കരയുകയാണ്. മുന്നിലുള്ളത് അവന്റെ കൈപ്പടയിലുള്ള ഒരു കഥയാണ്.
അവളുടെ കൈകള്‍ കവരുന്ന അവന്‍.

സീന്‍ 14
രാത്രി‍. വീട്ടില്‍ അവന്റെ മുറി.
അവളുടെ ഫോട്ടോയിലൂടെ മെല്ലെ ചലിക്കുന്ന അവന്റെ കൈവിരലുകള്‍. അരികില്‍ പാതി എഴുതി നിര്‍ത്തി വെച്ച ഒരു കഥ.

സീന്‍ 15
പകല്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന അവള്‍. താളുകളില്‍‍ നിന്ന് കണ്ണെടുക്കുമ്പോള്‍ അവ നിറഞ്ഞിരിക്കുന്നു. അച്ചടിയിലൂടെ ചലിക്കുന്ന അവളുടെ വിരലുകള്‍. ആ തലോടല്‍ അവനുള്ളതാണ്.
മുന്നില്‍ ഒരു ചിരിയുമായ് നില്‍കുന്ന അവന്‍.

സീന്‍ 16
പകല്‍. പൂട്ടില്‍ നിന്നും വേര്‍പെടുന്ന താക്കോല്‍.
കോളേജ് ഗേറ്റിന്റെ വാതിലടച്ച് നടന്ന് നീങ്ങുന്ന ഒരു ജീവനക്കാരന്‍.
പുറത്ത് പൂമരത്തിനടിയില്‍ നില്‍ക്കുന്ന അവര്‍. അവളുടെ കൈകളില്‍ അവന്‍ ഒരു ചെപ്പ് വെക്കുന്നു. അവള്‍ അത് തുറന്ന് നോക്കുമ്പോള്‍ ഒരു മഞ്ഞ ചരട്.
അവനെ നോക്കുന്ന അവള്‍. തുളുമ്പിയ കണ്ണുകളില്‍ മെല്ലെ വിരിയുന്ന ചിരി.

സീന്‍ 17
പകല്‍. അവന്റെ മുറി.
പുസ്തകം വായിച്ച് കട്ടിലില്‍ കിടക്കുന്ന അവന്‍.
കയ്യിലൊരു കവറുമായ് കടന്ന് വരുന്ന അമ്മ. അവന്‍ കവര്‍ തുറന്ന് നോക്കുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അപേക്ഷാഫോറം ആണത്. ശ്രദ്ധയോടെ അത് മടക്കി മേശപ്പുറത്ത് വെക്കുന്നു. പോവാന്‍ ഭാവിക്കുന്ന അവന്‍ അമ്മയെ വിളിക്കുന്നു. മേശപ്പുറത്ത് വെച്ച പുസ്തകങ്ങളൊന്നില്‍ നിന്ന് അവന്‍ ഒരു ഫോട്ടോ എടുത്ത് അമ്മക്ക് കൊടുക്കുന്നു. അമ്പരപ്പോടെ അതിലേക്ക് നോക്കി നില്‍കുന്ന അമ്മ. അവന്‍ പതിയെ ഫോട്ടോ വാങ്ങി അതിന്റെ പിന്‍‌വശം അമ്മക്ക് നേരെ കാണിക്കുന്നു. അതിലെ അക്ഷരങ്ങള്‍ ഇങ്ങനെ പറഞ്ഞിരുന്നു.
“അഞ്ചു വര്‍ഷം കഴിഞ്ഞ് എല്ലാവരുടെയും സമ്മതത്തോടെ - ഞാന്‍ ഒരു ഫിലിം മേക്കറായതിന് ശേഷം!”
ഒന്ന് പുഞ്ചിരിച്ച് അവന്റെ നെറുകയില്‍ കൈവെക്കുന്ന അമ്മ.

സീന്‍ 18
രാത്രി. അവളുടെ മുറി.
വാതില്‍ തുറന്ന് വരുന്ന അവളുടെ അമ്മ. നീട്ടിയ കവര്‍ വാങ്ങി അവള്‍ തുറന്ന് നോക്കുമ്പോള്‍ അതില്‍ ഒരു ചെറുക്കന്റെ ഫോട്ടോ. അവളുടെ അരികില്‍ ഇരിക്കുന്ന അമ്മ. മെല്ലെ എഴുന്നേറ്റ് പോകുന്ന അവള്‍ (ടൈറ്റായി ഫോളോ ചെയ്യുന്ന ക്യാമറ)‍. എന്തോ തീര്‍ച്ചപ്പെടുത്തി, മേശപ്പുറത്തെ പുസ്തകത്തില്‍ നിന്ന് അവന്റെ ഫോട്ടോ എടുത്ത് അമ്മക്ക് കൊടുക്കാന്‍ തിരിയവെ വാതില്‍ക്കല്‍ അച്ഛന്‍.
വിറയ്ക്കുന്ന അവളുടെ കൈകള്‍.

സീന്‍ 19
പകല്‍. പാര്‍ക്ക്.
ബെഞ്ചില്‍ ഇരിക്കുന്ന അവള്‍‍. എതിര്‍‌വശത്തെ ബെഞ്ചിലിരിക്കുന്ന അവന്‍. പരസ്പം അറിയാത്തവരെ പോലെ അവര്‍.
അവര്‍ക്കിടയിലെ ശൂന്യതയിലൂടെ നടന്ന് പോകുന്ന അന്യര്‍.
ഒരു സംസാരത്തിന്റെ അവസാനത്തിലാണ് അവര്‍. കലങ്ങിയ കണ്ണുകള്‍ പരസ്പരം മറയ്ക്കാന്‍ ബദ്ധപ്പെടുന്നുണ്ട്.
അവള്‍ എഴുന്നേറ്റ് പോകാന്‍ തുടങ്ങവെ കൂടെ അവനും എഴുന്നേല്‍ക്കുന്നു. ഒന്നും പറയാതെ അവന്‍ തന്റെ വിരലുകള്‍ പൊക്കി ‘അഞ്ച്’ എന്ന് കാണിക്കുന്നു. ഒരപേക്ഷയുണ്ട് അവന്റെ മുഖത്ത്.
നിസ്സഹായയായ് അവള്‍ അവന്റെ അടുത്തേക്ക് വരുന്നു. അവരുടെ മുഖങ്ങള്‍ക്ക് - ജീവിതങ്ങള്‍ക്കിടയില്‍ - അഞ്ച് വിരലുകള്‍. അവള്‍ മെല്ലെ അവന്റെ കൈകള്‍ കവര്‍ന്ന് നാലു വിരലുകള്‍ താഴ്ത്തുന്നു.
തന്റെ മുന്നിലെ ‘ഒരു വര്‍ഷ‘ത്തിനു മുന്നില്‍ പകച്ച് നില്‍കുന്ന അവന്‍!

സീന്‍ 20
രാത്രി. അവന്റെ മുറി.
അപേക്ഷാഫോറം തുറന്നിരിക്കുന്ന അവന്‍. അരികില്‍ പുസ്തകത്താളുകളില്‍ നിന്ന് എത്തി നോക്കുന്ന അവളുടെ ഫോട്ടോ. അവന്‍ മെല്ലെ അതെടുത്ത് നോക്കുന്നു. ഒരു തീരുമാനമെടുക്കാനാവാത്ത ഇരുപത്തിഒന്നുകാരന്റെ നിസ്സഹായാവസ്ഥയില്‍ അവന്‍ ചൂഴുന്നു.

സീന്‍ 21
രാവിലെ. അവളുടെ മുറി.
അവന്റെ ഫോട്ടോയില്‍ നോക്കിയിരിക്കുന്ന അവള്‍. സജലങ്ങളായ കണ്ണുകള്‍.

സീന്‍ 20 – തുടര്‍ച്ച
രാത്രി. അവന്റെ മുറി.
അവന്റെ കയ്യില്‍ കത്തിച്ച് വെച്ച ഒരു മെഴുകുതിരി. മറുകയ്യിലെ ഫോട്ടോ അവള്‍ നാളത്തിനടുത്തേക്ക് കൊണ്ട് വരുന്നു.
നിലത്തേക്ക് വീഴുന്ന ഫോട്ടോ, പടരുന്ന തീനാളങ്ങള്‍.

സീന്‍ 21 തുടര്‍ച്ച
രാവിലെ. അവളുടെ മുറി.
ഫോട്ടോയിലൂടെ ഓടുന്ന അവളുടെ കൈവിരലുകളെ ഇം‌പോസ് ചെയ്തു കൊണ്ട് ഒരു കോളിംഗ് ബെല്‍.

സീന്‍ 21 തുടര്‍ച്ച
പകല്‍. അവളുടെ വീട്.
തുറക്കുന്ന മുന്‍‌വാതില്‍.
അമ്പരന്ന് നിലുന്ന അവള്‍. വെളിയില്‍ ചിരിച്ച് കൊണ്ട് അവന്‍.

സീന്‍ 20 തുടര്‍ച്ച
രാത്രി. അവന്റെ മുറി. (തലേ ദിവസം)
തീ ഫോട്ടോയിലെ അവളുടെ മുഖത്തേക്ക് വ്യാപിക്കുമ്പോള്‍ ഉദ്വേഗത്തോടെ നിലത്തിരി‍ക്കുന്ന അവന്‍. കൈകള്‍ കൊണ്ട് ഉറക്കെയടിച്ച് അവന്‍ തീ കെടുത്തുന്നു. അരികുകള്‍ കത്തിയ ഫോട്ടോയില്‍ ബാക്കിയുള്ളത് അവളുടെ കണ്ണുകള്‍ മാത്രം!
ഫ്രെയിമില്‍ ഡോമിനന്റ് ആയി നില്‍കുന്ന ഫോട്ടോ - കണ്ണുകള്‍.

സീന്‍ 21 തുടര്‍ച്ച
പകല്‍. അവളുടെ വീട്.
അവള്‍.
അവളുടെ പിറകില്‍ ഔട്ട് ഓഫ് ഫോക്കസ് ആയി അവളുടെ അച്ഛനും അമ്മയും.
അവര്‍ക്ക് മുന്നില്‍ ഉയരുന്ന അവന്റെ ഒരു വിരല്‍.
വിരലില്‍ നമ്മുടെ കാഴ്ച ഫോക്കസ്‌ഡ് ആവുമ്പോള്‍ അവളുടെ പുഞ്ചിരി പതിയെ തെളിയുന്നതായ് കാണാം.

സീന്‍ 20 തുടര്‍ച്ച
രാത്രി. അവന്റെ മുറി.
കത്തിയെരിയുന്ന അപേക്ഷാഫോറം.
തിളങ്ങുന്ന കണ്ണുകളുള്ള അവളുടെ ഫോട്ടോ.
അണയുന്ന വിളക്ക്. ഇരുട്ട്.

സീന്‍ 22
വര്‍ഷങ്ങള്‍ ശേഷം. പകല്‍. പാര്‍ക്ക്.
സൂം ചെയ്യുന്ന ഒരു സ്റ്റില്‍ക്യാമറ. പിറകില്‍ അവന്‍.
അടുത്ത് പൂവുകള്‍ക്കിടയില്‍ നില്‍ക്കുന്ന അവള്‍. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയിലെ മാറ്റം അവരിലുണ്ട്.
അവളുടെ നെറുകയില്‍ തിളങ്ങി നില്‍കുന്ന സിന്ദൂരം.

സീന്‍ 23
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
ടി വി കണ്ടിരിക്കുന്ന അവന്‍.മടിയില്‍ തുറന്നിരിക്കുന്ന ലാപ്പ്ടോപ്പ്.
മാറുന്ന ചാനല്‍. ദേഷ്യത്തോടെ അവന്‍ നോക്കുമ്പോള്‍ ചിരിച്ച് കൊണ്ട് നില്‍കുന്ന അവള്‍. അവന്റെ അടുത്തിരുന്ന് അവള്‍ ടിവിക്ക് നേരെ ചൂണ്ടി കാണിക്കുന്നു. ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-33”

സീന്‍ 24
പകല്‍. അവരുടെ കിടപ്പ് മുറി.
ഒരു പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കുന്ന അവര്‍. പുറം തിരിഞ്ഞ് കിടന്നുറങ്ങുന്ന അവള്‍. മെല്ലെ അടുത്തേക്ക് നീങ്ങി അവളോട് ചേര്‍ന്ന് കിടക്കുന്ന അവന്‍.
കണ്ണുകള്‍ തുറക്കാതെ പുഞ്ചിരിക്കുന്ന അവള്‍.

സീന്‍ 25
പകല്‍. അവരുടെ വീട്. ബാല്‍ക്കണി.
കാപ്പി കുടിച്ച് കൊണ്ട് ലാപ്പ്ടോപ്പില്‍ ശ്രദ്ധചെലുത്തിയിരിക്കുന്ന അവന്‍. ചിതറി കിടക്കുന്ന മുടിയിഴകള്‍.
അവന്റെ മുന്നിലേക്ക് മെല്ലെ നീളുന്ന ഒരു സ്ട്രിപ്പ്. മുന്നില്‍ ഒരു കുസൃതിചിരിയോടെ അവള്‍.

സീന്‍ 26
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
ടി വി കണ്ടിരിക്കുന്ന അവള്‍. എന്തിനോ വേണ്ടി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഓടി വരുന്ന അവന്‍. അവളെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കാതെ ഒരു ഗ്ലാസ്സില്‍ അവള്‍ക്ക് വെള്ളവും മരുന്നും നല്‍കുന്ന അവന്‍. അവനെ നോക്കി ചിരിച്ച് കൊണ്ട് മരുന്ന് കഴിച്ച് ഗ്ലാസ്സ് അവള്‍ തിരികെ ഏല്പിക്കുന്നു. അത് വാങ്ങി അവളുടെ അടുത്ത് ഇരുന്ന് അവന്‍ ടിവിയിലേക്ക് നോക്കുമ്പോള്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-333”

സീന്‍ 27
പകല്‍. ആശുപത്രി പരിസരം.
ഒരു ഗൈനക്കോളഗിസ്റ്റിന്റെ മുറിയുടെ പുറകിലിരിക്കുന്ന അവന്‍.
അല്പ നേരത്തിന് ശേഷം വാതില്‍ തുറന്ന് വരുന്ന അവള്‍. ആവേശത്തോടെ അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ ‘ഇല്ല’ എന്ന് തലയാട്ടുന്ന അവള്‍.
വിഷണ്ണമാവുന്ന അവന്റെ മുഖം.

സീന്‍ 28
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
സോഫയിലിരിക്കുന്ന അവള്‍. മടിയില്‍ കിടക്കുന്ന അവന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്ന അവളുടെ കൈവിരലുകള്‍.
ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-666”
ടിവി ഓഫ് ചെയ്യുന്ന അവള്‍.
നിലത്ത് വീഴുന്ന റിമോട്ട്.

സീന്‍ 29
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
തെളിയുന്ന ടിവി. ടിവി മറച്ച് കൊണ്ട് നടക്കുന്ന ആളുകള്‍. നമ്മള്‍ അവരുടെ മുഖങ്ങള്‍ കാണുന്നില്ല. വ്വിവിയില്‍ നിന്ന് സൂം ഔട്ട് ചെയ്ത് ക്യാമറ വരുന്നത് അവളുടെ മടിത്തട്ടാണ് - അതിലെ കുഞ്ഞും. ഫ്രെയിമിലേക്ക് വരുന്ന അവന്റെ മുഖം.
ക്ഷീണിച്ചതെങ്കിലും സന്തോഷമുള്ള മുഖം. കുഞ്ഞിന്റെ നെറുകയില്‍ ഒരുമ്മ വെച്ച് അവന്‍ മുകളിലോട്ട് നോക്കുന്നു (അവളുടെ റിയാക്ഷന്‍ നമുക്ക് ഊഹിക്കാം.). അവന്‍ ഫ്രെയിമില്‍ നിന്ന് മാറുമ്പോള്‍ ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വം‌സഹ എപ്പിസോഡ്-999”

സീന്‍ 30
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
‘2’ എന്ന് അടയാളപ്പെടുത്തിയ ഒരു മെഴുകുതിരി. ഒരു കൈ വന്ന് അത് തെളിയിക്കുന്നു. പുറകില്‍ നീങ്ങുന്ന രൂപങ്ങള്‍ നമുക്ക് കാണാം.
ഫ്രെയിമിലേക്ക് വരുന്ന കുഞ്ഞിന്റെ മുഖം. അവന്‍ വളര്‍ന്നിരിക്കുന്നു കുറച്ച് സൂം ഔട്ട് ചെയ്യുമ്പോള്‍ നമുക്ക് ഒരു ബര്‍ത്ത്ഡേകേക്ക് കാണാം. കുഞ്ഞ് അത് മെല്ലെ ഊതി കെടുത്തുന്നു.

സീന്‍ 31
പകല്‍. അവരുടെ വീട്. കിടപ്പു മുറി
കുഞ്ഞിനെ കിടക്കയിലേക്ക് കിടത്തുന്ന അവള്‍. അവന്‍ മുഖമമര്‍ത്തി കുഞ്ഞിന് ഒരു ഉമ്മ നല്‍കുന്നു. അവളും ഒരുമ്മ നല്‍കി അവന് നേരെ നോക്കുന്നു. അവന്‍ മെല്ലെ മേശക്കരികിലേക്ക് നടക്കുന്നു. തുറന്ന് വെച്ചിരിക്കുന്ന ലാപ്പ്ടോപ്പ്. അവന്‍ മെല്ലെ ലാപ്പ്ടോപ്പ് അടച്ച് ഓഫീസ്‌ബാഗിനുള്ളിലേക്ക് വെച്ച് സിബ്ബിടുന്നു.
അവനെ നോക്കുന്ന അവള്‍.
അവന്‍ മെല്ലെ വിരലുയര്‍ത്തി ‘രണ്ട്’ എന്ന് കാണിക്കുന്നു.
അവള്‍ ‘പറ്റില്ല’ എന്ന് രീതിയില്‍ തലയാട്ടുന്നു.
അവന്‍ തെല്ല് പരിഭവത്തോടെ മെല്ലെ വിരലുയര്‍ത്തി ‘ഒന്ന്’ എന്ന് കാണിക്കുന്നു.
അവള്‍ ‘പറ്റില്ല’ എന്ന് രീതിയില്‍ തലയാട്ടുന്നു. എന്നിട്ട് ഒരു ചിരിയോടെ വിരലുകളുയര്‍ത്തി ‘അഞ്ച്’ എന്ന് കാണിക്കുന്നു.
എന്നിട്ട് രണ്ട് കൈകളുമുയര്‍ത്തി അവന് നേരെ “തം‌പ്‌സ് അപ്പ്” എന്ന് കാണിക്കുന്നു.
തെളിയുന്ന അവന്റെ മുഖം. നിറഞ്ഞ പുഞ്ചിരി. ഒരു ഡോളി സൂം ഷോട്ടിലൂടെ നമ്മള്‍ കാണുന്ന അവന്റെ മുഖം പതിയെ ആ പഴയ ഏഴു വയസ്സുകാരന്റേതായ് മാറുന്നു - കുതിരപ്പുറത്തിരിക്കുന്ന നായകനുള്ള സിനിമാപോസ്റ്ററില്‍ ആരാധനാപൂര്‍വം നോക്കി നില്‍ക്കുന്ന ഏഴു വയസ്സുകാരന്‍!
അവന്റെ മുകളിലേക്ക് വന്ന് വീഴുന്ന വെളിച്ചം. ചിരിച്ച് കൊണ്ടവന്‍ നില്‍ക്കുമ്പോള്‍ പെട്ടന്ന് വിഷ്വല്‍ ഫ്രീസ് ആവുന്നു.
ക്ലാപ്പിന്റെ ശബ്ദം - നിശബ്ദത – പിന്നെ മുഴക്കത്തോടെ
“സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍”!

ബ്ലാക്ക് ഔട്ട്.

--------------------------------------------------------------- ശുഭം (?) ----------------------------------------------------------------------

3 comments:

salil | drishyan said...

തിരക്കഥാരൂപത്തിലൊരു കഥ... ഈ കഥയില്‍ സംഭാഷണങ്ങള്‍ ആവശ്യമില്ലല്ലോ അല്ലേ?

സ്വപ്നങ്ങളെ പിന്തുടരാന്‍ നമുക്കായെങ്കില്‍....

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ആ ചെറുക്കന് ദൃശ്യന്റെ ഛായയുണ്ടോ?

കൊള്ളാം ഈ പരീക്ഷണം..

ശ്രീ said...

കൊള്ളാമല്ലോ മാഷേ. ഇത് ഇനിയെന്നാണ് അഭ്രപാളികളില്‍ കാണാനാകുക?