Click here to download the PDF version of this post
വലിയ ഒരു കൂടിനെ അനുസ്മരിപ്പിക്കുന്ന ജാലകപ്പടിയില്‍ ഇരുന്ന്, കഴിഞ്ഞ കുറെ സമയമായി സായ ആലോചിച്ചതു മുഴുവന്‍, ഉച്ചമയക്കത്തിന്നിടയില്‍ കണ്ട ഒരു സ്വപ്നത്തേയും സ്വപ്നത്തില്‍ കണ്ട മുഖങ്ങളെയും കുറിച്ചായിരുന്നു. സാധാരണ ഉച്ചക്ക് കിടന്നുറങ്ങുന്ന സ്വഭാവം ഇല്ലാത്തതാണ്. ഇന്നെന്തോ, അറിയാതെ ഉറങ്ങിപ്പോയി. ചായയുമായ് അമ്മ വന്ന് വിളിച്ചുണര്‍ത്തിയ മുതല്‍ അത് മനസ്സില്‍ കിടന്ന് കളിക്കുന്നു. മാളുവിനെ പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയപ്പോള്‍ അത് മറന്നതായിരുന്നു. ഇപ്പോള്‍, അര്‍ദ്ധരാത്രി കഴിഞ്ഞ ഈ സമയത്ത്, പുറത്തെ മഴയില്‍ നോക്കി ഇങ്ങനെയിരുന്നപ്പോള്‍ വീണ്ടുമോര്‍മ്മ വന്നു. കോര്‍ത്തഴിഞ്ഞ മുത്തുമണികള്‍ പോലെ പൊഴിയുന്ന മഴത്തുള്ളികള്‍ നോക്കി കൊണ്ട് സായ ആ സ്വപ്നശകലങ്ങള്‍ കോര്‍ത്തെടുത്തു-നരനെ കേള്‍പ്പിക്കാന്‍.
മഴ തോരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഇന്നും നരന്‍ പാതിരാ കഴിഞ്ഞേ വരലുണ്ടാകൂ. കഴിഞ്ഞ രണ്ട് മാസമായി ഇതു തന്നെയാണ് സ്ഥിതി. ഈയിടെയായ് അപൂര്‍ണ്ണമായ മയക്കങ്ങള്‍ക്കിടയിലെ നേര്‍ത്ത ഒരു ചുംബനത്തിന്‍റ്റെ സാന്നിദ്ധ്യമായ് മാറിയിരിക്കുന്നു നരന്‍ എന്ന് സായയ്ക്ക് തോന്നി. തോന്നിയ ഉടനെ തന്നെ ആ ചിന്ത അവള്‍ പിന്‍വലിക്കുകയും ഒരിക്കലും നരനെ പറ്റി അങ്ങനെ ചിന്തിക്കാന്‍ പാടില്ല എന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. അകലെ നിന്ന് നരന്‍റ്റെ ബൈക്കിന്‍റ്റെ ശബ്ദം കേട്ടു.
അടുക്കള അടച്ചു പൂട്ടി സായ വന്നപ്പോള്‍, മുറിയില്‍ നരനില്ലായിരുന്നു. ഓ, കക്ഷി ചാരുപടിയില്‍ മലര്‍ന്നു കിടക്കുന്നുണ്ടാകും. ഉമ്മറത്ത് ചെന്നു നോക്കിയപ്പോള്‍ ശരിയാണ്. സായയെ കണ്ടതും നരന്‍ പറഞ്ഞു.
“തല ചായ്ക്കാന്‍ ഒരു മടി വേണമെന്ന് ഇപ്പോള്‍ ആലോചിച്ചതേയുള്ളൂ.“
അവള്‍ അവന്‍റ്റെ അടുത്ത് ചെന്നിരുന്നു. നരന്‍ മെല്ലെ തല അവളുടെ മടിയിലേക്കെടുത്തു വച്ച്, അവളുടെ വിരലുകള്‍ തന്‍റ്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതും കാത്തിരുന്നു. കാത്തിരിപ്പിന്‍റ്റെ ദൈര്‍ഘ്യം പതിവിലും കൂടിയപ്പോള്‍ നരന്‍ ചോദിച്ചു.
“ഭവതി ഇന്നു വലിയ ആലോചനയിലാണെന്ന് തോന്നുന്നല്ലോ? എന്താണ് ഇന്നത്തെ ചിന്താവിഷയം?”
അവന്‍റ്റെ ഭാഗത്ത് നിന്നും ആ ഒരു തുടക്കമേ അവള്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. നരന്‍റ്റെ തലമുടിയിഴകളിലൂടെ സായയുടെ വിരലുകള്‍ മെല്ലെ നീങ്ങി തുടങ്ങി.
- യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റ്റെ ആദ്യനാള്‍ വൈകീട്ട് വീണയാണ് അവള്‍ക്ക് അയാളെ കാണിച്ചു കൊടുത്തത്.
“നില്‍ക്ക് നില്‍ക്ക്... ഏതാണീ അവള്‍?”
“അവളുടെ പേരെനിക്കറിയില്ല.“
“പേരില്ലാതെയെങ്ങിനെയാ കഥ പറയുക?”
“ഒരു പേരു വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നമുക്കവളെ കുന്നിക്കുരു എന്ന് വിളിക്കാം.”
“കുന്നിക്കുരുവോ?”
“അതെ, കുന്നിക്കുരു! എന്താ വല്ല പ്രശ്നവുമുണ്ടോ?”
“ഇല്ല. കുന്നിക്കുരു, നല്ല പേര്! പക്ഷെ ഇങ്ങനെ ഒരു പേരിട്ടതിന്‍റ്റെ ഔചിത്യം മനസ്സിലായില്ല.”
“ഔചിത്യമെന്തെന്നു വഴിയെ മനസ്സിലാവും. എന്തായാലും കേള്‍ക്കാന്‍ സുഖമുള്ള ഒരു പേരല്ലേ അത്. ഇത്തിരി ഒരു കാല്പനികഭാവമുള്ള, ഗൃഹാതുരത്വമുണര്‍ത്തുന്ന, മനസ്സില്‍ കുളുര്‍മ്മ പകരുന്ന ഒരു പേര്!”
“അതു ശരിയാണ്.. എന്തായാലും കുന്നിക്കുരുവിന്‍റ്റെ ചന്തമുള്ള പെണ്‍കുട്ടിയെ ഞാന് മനസ്സില്‍ കണ്ടു കഴിഞ്ഞു... ഇനി നീ കഥയിലേക്ക് വാ...”
“അപ്പോളെന്താ പറഞ്ഞത്.. ആ...”
സായ കഥ തുടര്‍ന്നു.
യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റ്റെ ആദ്യനാള്‍, വീണയാണ് അയാളെ അവള്‍ക്ക് കാണിച്ചു കൊടുത്തത്. ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയായിരുന്ന അവള്‍ അപ്പോള്‍ കവിതാരചനാമത്സരം കഴിഞ്ഞിറങ്ങിയതേയുണ്ടായിരുന്നുള്ളു. കണ്ട മാത്രയില്‍ അവളെ ആകര്‍ഷിച്ചത് അയാളുടെ നടത്തമായിരുന്നു - വളരെ വേഗത്തില്‍, തലയുയര്‍ത്തി ആരെയും കൂസാതെയുള്ള നടത്തം!
പിന്നെ അയാളെ കാണുമ്പോഴൊക്കെ വീണയുള്‍പ്പടെയുള്ള കൂട്ടുകാരൊക്കെ അയാളെ “എക്സ്പ്രസ്സ്” എന്ന് വിളിച്ച് കളിയാക്കി കൊണ്ടിരുന്നു. അവളാകട്ടെ, ആരുമറിയാതെ അയാളെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. പിറ്റേ ദിവസം കഥാരചനാമത്സരം കഴിഞ്ഞിറങ്ങുമ്പോള്‍ വീണ തന്നെയാണ് പറഞ്ഞത് അവരുടെ കോളേജിന്‍റ്റെ നാടകം സംവിധാനം ചെയ്യാനാണ് അയാള്‍ വന്നിരിക്കുന്നതെന്ന്. കലോത്സവത്തിന്‍റ്റെ അവസാനദിവസം നടക്കുന്ന ഇനമാണ് നാടകമെന്നറിഞ്ഞപ്പോള്‍, പങ്കെടുക്കുന്ന മത്സരങ്ങളൊക്കെ കഴിഞ്ഞെങ്കിലും അവള്‍ കൂട്ടുകാരുടെയൊപ്പം അവിടെ തങ്ങി. രാത്രിയില്‍ നടക്കുന്ന മാപ്പിളപ്പാട്ട് കാണാനെന്ന വ്യാജേന ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി അവള്‍ നാടകറിഹേഴ്സല്‍ നടക്കുന്ന ഹാളില്‍ പോയി കൂട്ടുകാരോടൊപ്പം നേരം വെളുപ്പിച്ചു. അതിന്‍റ്റെ പ്രതിഫലമായ് കൂട്ടുകാര്‍ക്കെല്ലാം ‘സാഗറില്‍’ നിന്ന് വയറു നിറച്ചു ബിരിയാണിയും ഓഫര്‍ ചെയ്തു. അവളുടെ ഈ ക്രിയകളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
നാടകമത്സരം കഴിഞ്ഞു. കൂട്ടുകാരെല്ലാം സമാപനചടങ്ങുകള്‍ കാണാനായ് മുഖ്യവേദിയിലേക്ക് പോയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായ് അവള്‍ പുറത്തേക്കിറങ്ങി. രാത്രിയാവുമ്പോഴേക്കുമെത്തുമെന്നു അച്ഛനോട് പറഞ്ഞ ശേഷം ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ അവളേയും കാത്ത് അയാള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. അവള്‍ ഉള്ളാലെ ഒന്നു ചിരിച്ചു.
രണ്ട് ഫ്രൂട്ട്സലാഡ് ഓര്‍ഡര്‍ ചെയ്ത്, ഫാമിലി റൂമിലെ ഏ.സി. കുളിരില്‍ അവരിരിക്കെ, അയാള്‍ ചോദിച്ചു.
“എന്താ കുട്ടീടെ പേര്?”
അവള്‍ പേരു പറഞ്ഞു.
“എന്താ പേര്?”. അവള്‍ ചോദിച്ചു.
അയാള്‍ പേരു പറഞ്ഞു.
ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു.
“എവിടെയാ വീട്?”
അവളുടെ കോളേജിന്‍റ്റെ അടുത്ത് തന്നെയായിരുന്നു അയാള്‍ പറഞ്ഞ സ്ഥലം.
വീണ്ടും മൌനം. ബെയറര്‍ രണ്ട് ഫ്രൂട്ട്സലാഡുമായ് വന്നു. അവര്‍ ഫ്രൂട്ട്സലാഡ് കഴിച്ചു തീര്‍ത്തു.
പിന്നെയും മൌനം.
“ഇനിയെന്തെങ്കിലും വേണൊ?” - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
“എന്നെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?”
ഇല്ലെന്ന് അവള്‍ തലയാട്ടി.
“തന്‍റ്റെ കോളേജിന്‍റ്റെ മുന്നിലുള്ള പാന്‍ ഷോപ്പ് കണ്ടിട്ടില്ലേ?”
ഉവ്വെന്നവള്‍ തലയാട്ടി.
“അതെന്‍റ്റേതാണ്. എന്‍റ്റെ അനിയന്‍ ------- നിങ്ങളുടെ കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റിയര്‍ ഫിസിക്സ്.”
“ഞാനും ഫസ്റ്റിയര്‍ ഫിസിക്സാണ്.”
“അറിയാം.”
അതവള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ തന്നെ കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!
“ഞാന്‍ കുട്ടിയെ കുറെ കാലമായ് ശ്രദ്ധിക്കുന്നു. പ്രീഡിഗ്രിക്കും ഇതേ കോളേജിലായിരുന്നില്ലെ?”
അതെയെന്നവള്‍ തലയാട്ടി.
ചെറിയൊരു മടിയോടെ അയാള്‍ തുടര്‍ന്നു.
“അന്നു മുതലേ കുട്ടിയെ എനിക്ക് ഇഷ്ടമാണ്... സത്യം പറഞ്ഞാല്‍ കുട്ടിയെ കാണാന്‍ വേണ്ടിയാ ഞാനീ നാടകത്തിന്...... ”
അവള്‍ അമ്പരപ്പോടെ അയാളെ നോക്കി. ഇത്ര പെട്ടന്ന് അയാളിങ്ങനെ പറയുമെന്ന് അവള്‍ കരുതിയില്ല. അവള്‍ മുഖം കുനിച്ചിരുന്നു.
അവളുടെ അസ്വസ്ഥത മനസ്സിലാക്കി കൊണ്ടയാള്‍ ചോദിച്ചു.
“കുട്ടിക്കെന്നെ ഇഷ്ടമാണൊ എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല...”
“അല്ല ചോദിച്ചോളൂ...”
അവള്‍ പറഞ്ഞു. അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
“എന്താ ചോദിക്കുന്നില്ലേ?”
“കുട്ടിക്കെന്നെ ...ഇഷ്ടമല്ലേ?”
“അല്ല!!!”
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
“ഫ്രൂട്ട്സലാഡിനു നന്ദി!!!”
അവള്‍ പുറത്തേക്കിറങ്ങി.
നരന്‍ അമ്പരന്നിരുന്നു. അവനൊന്നും മനസ്സിലായില്ല.
“ഇന്നിത്രയും മതി. എനിക്കുറക്കം വരുന്നു.”
സായ പറഞ്ഞു.
“അല്ല, അപ്പോള്‍ കഥ?”
നരന്‍റ്റെ ആകാംക്ഷ ആസ്വദിച്ചു കൊണ്ട് സായ പറഞ്ഞു.
“നാളെ പറയാം. എനിക്കുറക്കം വരുന്നു നരാ...!”
ഇനി ഇവളെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല-നരനോര്‍ത്തു.
അന്ന് രാത്രി സായ സുഖമായി ഉറങ്ങി.
‘കുന്നിക്കുരു‘വിന്‍റ്റെ നിരാസത്തിന്‍റ്റെ അര്‍ത്ഥമറിയാതെ, കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും നരന്‍ നേരം വെളുപ്പിച്ചു.
--- സായയുടെ കഥപറച്ചില്‍ തുടരും....