
വലിയ ഒരു കൂടിനെ അനുസ്മരിപ്പിക്കുന്ന ജാലകപ്പടിയില്‍ ഇരുന്ന്, കഴിഞ്ഞ കുറെ സമയമായി സായ ആലോചിച്ചതു മുഴുവന്‍, ഉച്ചമയക്കത്തിന്നിടയില്‍ കണ്ട ഒരു സ്വപ്നത്തേയും സ്വപ്നത്തില്‍ കണ്ട മുഖങ്ങളെയും കുറിച്ചായിരുന്നു. സാധാരണ ഉച്ചക്ക് കിടന്നുറങ്ങുന്ന സ്വഭാവം ഇല്ലാത്തതാണ്. ഇന്നെന്തോ, അറിയാതെ ഉറങ്ങിപ്പോയി. ചായയുമായ് അമ്മ വന്ന് വിളിച്ചുണര്‍ത്തിയ മുതല്‍ അത് മനസ്സില്‍ കിടന്ന് കളിക്കുന്നു. മാളുവിനെ പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയപ്പോള്‍ അത് മറന്നതായിരുന്നു. ഇപ്പോള്‍, അര്‍ദ്ധരാത്രി കഴിഞ്ഞ ഈ സമയത്ത്, പുറത്തെ മഴയില്‍ നോക്കി ഇങ്ങനെയിരുന്നപ്പോള്‍ വീണ്ടുമോര്‍മ്മ വന്നു. കോര്‍ത്തഴിഞ്ഞ മുത്തുമണികള്‍ പോലെ പൊഴിയുന്ന മഴത്തുള്ളികള്‍ നോക്കി കൊണ്ട് സായ ആ സ്വപ്നശകലങ്ങള്‍ കോര്‍ത്തെടുത്തു-നരനെ കേള്‍പ്പിക്കാന്‍.
മഴ തോരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഇന്നും നരന് പാതിരാ കഴിഞ്ഞേ വരലുണ്ടാകൂ. കഴിഞ്ഞ രണ്ട് മാസമായി ഇതു തന്നെയാണ് സ്ഥിതി. ഈയിടെയായ് അപൂര്‍ണ്ണമായ മയക്കങ്ങള്ക്കിടയിലെ നേര്‍ത്ത ഒരു ചുംബനത്തിന്റ്റെ സാന്നിദ്ധ്യമായ് മാറിയിരിക്കുന്നു നരന് എന്ന് സായയ്ക്ക് തോന്നി. തോന്നിയ ഉടനെ തന്നെ ആ ചിന്ത അവള് പിന്‍വലിക്കുകയും ഒരിക്കലും നരനെ പറ്റി അങ്ങനെ ചിന്തിക്കാന്‍ പാടില്ല എന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. അകലെ നിന്ന് നരന്റ്റെ ബൈക്കിന്റ്റെ ശബ്ദം കേട്ടു.
അടുക്കള അടച്ചു പൂട്ടി സായ വന്നപ്പോള്‍, മുറിയില്‍ നരനില്ലായിരുന്നു. ഓ, കക്ഷി ചാരുപടിയില്‍ മലര്‍ന്നു കിടക്കുന്നുണ്ടാകും. ഉമ്മറത്ത് ചെന്നു നോക്കിയപ്പോള്‍ ശരിയാണ്. സായയെ കണ്ടതും നരന് പറഞ്ഞു.
“തല ചായ്ക്കാന്‍ ഒരു മടി വേണമെന്ന് ഇപ്പോള്‍ ആലോചിച്ചതേയുള്ളൂ.“
അവള് അവന്റ്റെ അടുത്ത് ചെന്നിരുന്നു. നരന് മെല്ലെ തല അവളുടെ മടിയിലേക്കെടുത്തു വച്ച്, അവളുടെ വിരലുകള്‍ തന്റ്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതും കാത്തിരുന്നു. കാത്തിരിപ്പിന്റ്റെ ദൈര്‍ഘ്യം പതിവിലും കൂടിയപ്പോള്‍ നരന് ചോദിച്ചു.
“ഭവതി ഇന്നു വലിയ ആലോചനയിലാണെന്ന് തോന്നുന്നല്ലോ? എന്താണ് ഇന്നത്തെ ചിന്താവിഷയം?”
അവന്റ്റെ ഭാഗത്ത് നിന്നും ആ ഒരു തുടക്കമേ അവള്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. നരന്റ്റെ തലമുടിയിഴകളിലൂടെ സായയുടെ വിരലുകള്‍ മെല്ലെ നീങ്ങി തുടങ്ങി.
- യൂണിവേഴ്സിറ്റി കലോത്സവത്തിന്റ്റെ ആദ്യനാള്‍ വൈകീട്ട് വീണയാണ് അവള്‍ക്ക് അയാളെ കാണിച്ചു കൊടുത്തത്.
“നില്ക്ക് നില്ക്ക്... ഏതാണീ അവള്?”
“അവളുടെ പേരെനിക്കറിയില്ല.“
“പേരില്ലാതെയെങ്ങിനെയാ കഥ പറയുക?”
“ഒരു പേരു വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നമുക്കവളെ കുന്നിക്കുരു എന്ന് വിളിക്കാം.”
“കുന്നിക്കുരുവോ?”
“അതെ, കുന്നിക്കുരു! എന്താ വല്ല പ്രശ്നവുമുണ്ടോ?”
“ഇല്ല. കുന്നിക്കുരു, നല്ല പേര്! പക്ഷെ ഇങ്ങനെ ഒരു പേരിട്ടതിന്റ്റെ ഔചിത്യം മനസ്സിലായില്ല.”
“ഔചിത്യമെന്തെന്നു വഴിയെ മനസ്സിലാവും. എന്തായാലും കേള്‍ക്കാന്‍ സുഖമുള്ള ഒരു പേരല്ലേ അത്. ഇത്തിരി ഒരു കാല്പനികഭാവമുള്ള, ഗൃഹാതുരത്വമുണര്‍ത്തുന്ന, മനസ്സില്‍ കുളുര്‍മ്മ പകരുന്ന ഒരു പേര്!”
“അതു ശരിയാണ്.. എന്തായാലും കുന്നിക്കുരുവിന്റ്റെ ചന്തമുള്ള പെണ്‍കുട്ടിയെ ഞാന്‍ മനസ്സില്‍ കണ്ടു കഴിഞ്ഞു... ഇനി നീ കഥയിലേക്ക് വാ...”
“അപ്പോളെന്താ പറഞ്ഞത്.. ആ...”
സായ കഥ തുടര്‍ന്നു.
യൂണിവേഴ്സിറ്റി കലോത്സവത്തിന്റ്റെ ആദ്യനാള്‍, വീണയാണ് അയാളെ അവള്‍ക്ക് കാണിച്ചു കൊടുത്തത്. ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയായിരുന്ന അവള് അപ്പോള്‍ കവിതാരചനാമത്സരം കഴിഞ്ഞിറങ്ങിയതേയുണ്ടായിരുന്നുള്ളു. കണ്ട മാത്രയില്‍ അവളെ ആകര്‍ഷിച്ചത് അയാളുടെ നടത്തമായിരുന്നു - വളരെ വേഗത്തില്‍, തലയുയര്‍ത്തി ആരെയും കൂസാതെയുള്ള നടത്തം!
പിന്നെ അയാളെ കാണുമ്പോഴൊക്കെ വീണയുള്‍പ്പടെയുള്ള കൂട്ടുകാരൊക്കെ അയാളെ “എക്സ്പ്രസ്സ്” എന്ന് വിളിച്ച് കളിയാക്കി കൊണ്ടിരുന്നു. അവളാകട്ടെ, ആരുമറിയാതെ അയാളെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. പിറ്റേ ദിവസം കഥാരചനാമത്സരം കഴിഞ്ഞിറങ്ങുമ്പോള്‍ വീണ തന്നെയാണ് പറഞ്ഞത് അവരുടെ കോളേജിന്റ്റെ നാടകം സംവിധാനം ചെയ്യാനാണ് അയാള്‍ വന്നിരിക്കുന്നതെന്ന്. കലോത്സവത്തിന്റ്റെ അവസാനദിവസം നടക്കുന്ന ഇനമാണ് നാടകമെന്നറിഞ്ഞപ്പോള്‍, പങ്കെടുക്കുന്ന മത്സരങ്ങളൊക്കെ കഴിഞ്ഞെങ്കിലും അവള് കൂട്ടുകാരുടെയൊപ്പം അവിടെ തങ്ങി. രാത്രിയില്‍ നടക്കുന്ന മാപ്പിളപ്പാട്ട് കാണാനെന്ന വ്യാജേന ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി അവള് നാടകറിഹേഴ്സല്‍ നടക്കുന്ന ഹാളില്‍ പോയി കൂട്ടുകാരോടൊപ്പം നേരം വെളുപ്പിച്ചു. അതിന്റ്റെ പ്രതിഫലമായ് കൂട്ടുകാര്‍ക്കെല്ലാം ‘സാഗറില്‍’ നിന്ന് വയറു നിറച്ചു ബിരിയാണിയും ഓഫര്‍ ചെയ്തു. അവളുടെ ഈ ക്രിയകളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
നാടകമത്സരം കഴിഞ്ഞു. കൂട്ടുകാരെല്ലാം സമാപനചടങ്ങുകള്‍ കാണാനായ് മുഖ്യവേദിയിലേക്ക് പോയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായ് അവള് പുറത്തേക്കിറങ്ങി. രാത്രിയാവുമ്പോഴേക്കുമെത്തുമെന്നു അച്ഛനോട് പറഞ്ഞ ശേഷം ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ അവളേയും കാത്ത് അയാള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. അവള് ഉള്ളാലെ ഒന്നു ചിരിച്ചു.
രണ്ട് ഫ്രൂട്ട്സലാഡ് ഓര്‍ഡര്‍ ചെയ്ത്, ഫാമിലി റൂമിലെ ഏ.സി. കുളിരില്‍ അവരിരിക്കെ, അയാള്‍ ചോദിച്ചു.
“എന്താ കുട്ടീടെ പേര്?”
അവള് പേരു പറഞ്ഞു.
“എന്താ പേര്?”. അവള് ചോദിച്ചു.
അയാള്‍ പേരു പറഞ്ഞു.
ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അവള് ചോദിച്ചു.
“എവിടെയാ വീട്?”
അവളുടെ കോളേജിന്റ്റെ അടുത്ത് തന്നെയായിരുന്നു അയാള്‍ പറഞ്ഞ സ്ഥലം.
വീണ്ടും മൌനം. ബെയറര്‍ രണ്ട് ഫ്രൂട്ട്സലാഡുമായ് വന്നു. അവര്‍ ഫ്രൂട്ട്സലാഡ് കഴിച്ചു തീര്‍ത്തു.
പിന്നെയും മൌനം.
“ഇനിയെന്തെങ്കിലും വേണൊ?” - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള് തലയാട്ടി.
“എന്നെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?”
ഇല്ലെന്ന് അവള് തലയാട്ടി.
“തന്റ്റെ കോളേജിന്റ്റെ മുന്നിലുള്ള പാന്‍ ഷോപ്പ് കണ്ടിട്ടില്ലേ?”
ഉവ്വെന്നവള്‍ തലയാട്ടി.
“അതെന്റ്റേതാണ്. എന്റ്റെ അനിയന് ------- നിങ്ങളുടെ കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റിയര്‍ ഫിസിക്സ്.”
“ഞാനും ഫസ്റ്റിയര്‍ ഫിസിക്സാണ്.”
“അറിയാം.”
അതവള് പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ തന്നെ കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!
“ഞാന്‍ കുട്ടിയെ കുറെ കാലമായ് ശ്രദ്ധിക്കുന്നു. പ്രീഡിഗ്രിക്കും ഇതേ കോളേജിലായിരുന്നില്ലെ?”
അതെയെന്നവള് തലയാട്ടി.
ചെറിയൊരു മടിയോടെ അയാള്‍ തുടര്‍ന്നു.
“അന്നു മുതലേ കുട്ടിയെ എനിക്ക് ഇഷ്ടമാണ്... സത്യം പറഞ്ഞാല്‍ കുട്ടിയെ കാണാന്‍ വേണ്ടിയാ ഞാനീ നാടകത്തിന്...... ”
അവള് അമ്പരപ്പോടെ അയാളെ നോക്കി. ഇത്ര പെട്ടന്ന് അയാളിങ്ങനെ പറയുമെന്ന് അവള് കരുതിയില്ല. അവള് മുഖം കുനിച്ചിരുന്നു.
അവളുടെ അസ്വസ്ഥത മനസ്സിലാക്കി കൊണ്ടയാള്‍ ചോദിച്ചു.
“കുട്ടിക്കെന്നെ ഇഷ്ടമാണൊ എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല...”
“അല്ല ചോദിച്ചോളൂ...”
അവള് പറഞ്ഞു. അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
“എന്താ ചോദിക്കുന്നില്ലേ?”
“കുട്ടിക്കെന്നെ ...ഇഷ്ടമല്ലേ?”
“അല്ല!!!”
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
“ഫ്രൂട്ട്സലാഡിനു നന്ദി!!!”
അവള് പുറത്തേക്കിറങ്ങി.
നരന് അമ്പരന്നിരുന്നു. അവനൊന്നും മനസ്സിലായില്ല.
“ഇന്നിത്രയും മതി. എനിക്കുറക്കം വരുന്നു.”
സായ പറഞ്ഞു.
“അല്ല, അപ്പോള്‍ കഥ?”
നരന്റ്റെ ആകാംക്ഷ ആസ്വദിച്ചു കൊണ്ട് സായ പറഞ്ഞു.
“നാളെ പറയാം. എനിക്കുറക്കം വരുന്നു നരാ...!”
ഇനി ഇവളെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല-നരനോര്‍ത്തു.
അന്ന് രാത്രി സായ സുഖമായി ഉറങ്ങി.
‘കുന്നിക്കുരു‘വിന്റ്റെ നിരാസത്തിന്റ്റെ അര്‍ത്ഥമറിയാതെ, കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും നരന് നേരം വെളുപ്പിച്ചു.
--- സായയുടെ കഥപറച്ചില്‍ തുടരും....
11 comments:
സായ, പകുതിക്ക് വെച്ച് കഥ നിര്‍ത്തിയത് നന്നായില്ല. ഇഷ്ടമല്ല എന്ന് എന്തിനാ പറഞ്ഞത് എന്നെങ്കിലും പറഞ്ഞിട്ട് നിര്ത്തിയാല്പ്പോരായിരുന്നോ? എന്തായാലും ബാക്കി പറയാന്‍ സായയെ കാത്തിരിക്കുന്നു. ദൃശ്യനേയും.
നരനറിയാമായിരുന്നില്ലെ.. അവള്‍ക്കു പൂച്ചനിരാസമെ സാധിക്കൂ എന്ന്.... നരനറിയില്ലെങ്കിലും അവനറിയാമായിരുന്നു.. അവള്‍ക്കും ... പിന്നെ കുന്നിക്കുരുവിനും .. :(
ഗാംഭീര്യമുള്ള നാടകസംവിധായകന്റെ പകിട്ട് ആ രൂപത്തിലുള്ള മുറുക്കാന്‍ കടക്കാരന് ഉണ്ടാവില്ല അല്ലേ, ഇതില്‍ 70’s ലെ കഥയുടെ തന്തുവും ഇരുപത്തൊന്നിലെ പെണ്‍കുട്ടിയുടെ തലയും ഒന്നിച്ചിട്ടോ..
(ഞാന്‍ ഈ നാട്ടുകാരിയല്ല)
:)
-പാര്‍വതി.
ആകാംഷയുടെ മുള്‍മുനയിലാണ് ഞങ്ങളും അടുത്തഭാഗം എന്നാ?
ഓ: ടോ: കൂടുപോലുള്ള ജാലകപ്പടിയിലിരിയ്ക്കുന്ന സായ എന്നത് പെട്ടന്ന് നായ എന്നു വായിച്ചു പോയി. വായനപ്പിശാച് :)
നന്നായിട്ടുണ്ട്..ഇതൊരു ആയിരത്തൊന്നു രാവുകളിലെ ആയിരത്തൊന്നു കഥകളായി പോരട്ടെ...
അതൊക്കെ സായേടെ ഒരു നമ്പറല്ലേ.
പണ്ട് പേര്‍ഷ്യയില്‍ ശശി എന്നൊരു രാജാവുണ്ടായിരുന്നു. അങ്ങേരുടെ പ്രധാന ഹോബി ഡെയിലി ഓരോ പെണ്ണു കെട്ടുക എന്നഅതായിരുന്നു. മാത്രമല്ല, ഇന്നു കെട്ടുന്ന പെണ്ണിനെ നാളെ കാലത്ത് കൊല്ലുകയും ചെയ്യും. അങ്ങനെയിരിക്കേ രാജാവ് ഒരു ദിവസം നമ്മടെ സായേടെ പോലത്തെ ഒരു പെണ്ണിനെ കെട്ടി. അവള് ഡെയിലി രാജാവിന് ഓരോ കഥ പറഞ്ഞ് കൊടുക്കും. പക്ഷെ പാതിവഴിക്ക് നിര്‍ത്തും. ബാക്കി കേക്കാനുള്ള കൊതികൊണ്ട് രാജാവവളെ പിറ്റേന്ന് കൊല്ലാംന്ന് വിചാരിക്കും. കഥ തീരാണ്ടിരുന്നതു കൊണ്ട് രാജാവിനവളെ കൊല്ലാന്‍ പറ്റിയില്ല. അവര്‍ പത്തിരുന്നൂറു വര്‍ഷം കഥ പറഞ്ഞും കേട്ടും ബോറഡിച്ച് ജീവിച്ചു.
1001 രാവുകള്‍ അഥവാ അലിഫ് ലൈല വ ലൈല പിറന്നത് അങ്ങനെയാണ്.
അതുപോലെ, ഡെയിലി കഥ കേള്‍ക്കാന്‍ നരന് വരാന്‍ വേണ്ടിയാണ് ബുദ്ധിമതിയായ സായ കഥ ഇടയ്ക്കുവച്ച് നിര്‍ത്തിയത്.
ദൃശ്യന്റെ സായ കഥാകഥനം തുടര്‍ന്നാല്‍ നമുക്കും ഡെയിലി വന്ന് കഥ കേള്‍ക്കാമല്ലോ.
നന്നായിരിക്കുന്നു.
ഇതൊരു തുടരനായില്ലെങ്കില് പോലും നന്ന്
ഇക്കാസേ.. ശശി മദ്ധ്യ തിരുവിതാംകൂറിലെ രാജാവല്ലേ.. :-)
ഇതിപ്പൊ, ഇതിന്റെ ബാക്കി വായിക്കാതെ പറ്റില്ലല്ലോ?... ഇക്കാസ് പറഞ്ഞതുതന്നെ, മനോരമ ആഴ്ചപ്പതിപ്പുകാരുടെ തന്ത്രം....
:)
ബാക്കി ഭാഗം വയനക്കറ്ക്ക് വിട്ടൊ...
ചങ്ങാതിമാരേ,
കഥ വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും കാക്കത്തൊള്ളായിരം നന്ദി.സന്തോഷം.
വൈകി നല്കുന്ന മറുപടിക്ക് സോറി. കുറച്ചു നാളായി ബ്ലോഗുകള്‍ നോക്കാന്‍ പറ്റിയില്ല.
ആദ്യമേ (മുന്‍കൂര്‍ ജാമ്യം പോലെ) പറയട്ടെ. ഇത് സാധാരണ കഥയാണ്, രണ്ട് മനസ്സുകളുടെ കഥ പറഞ്ഞ രീതിയും മറിച്ചല്ല. ഒരു സീരിയസ് കഥ പറച്ചിലിന്റ്റെ രീതി ബോധപൂര്‍വ്വം അവലംബിച്ചിട്ടില്ല.
സൂ, കഥ പകുതിക്ക് വച്ച് നിര്‍ത്താന്‍ പല കാരണങ്ങളുണ്ട്. അത്, ബാക്കി കഥ പറയുമ്പോള്‍ പറയാട്ടോ.
മാളൂസ്, ഇതിന്റ്റെ ഉത്തരം ബാക്കി കഥയിലുണ്ടാകും.
പാര്‍വതീ, പകിട്ടിന്റ്റെ കാര്യം ശരി തന്നെ. കഥാതന്തുവിനെ കുറിച്ച് അവകാശവാദങ്ങളൊന്നുമില്ല. :-)
പുള്ളീ, താഴ്വാരം, ഇക്കാസ്, സിജു ... :-)
സജിത്ത്, ആ തന്ത്രം ഉദ്ദ്യേശിച്ചിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.
മനു, വിട്ടിട്ടില്ല, വരുന്നുണ്ട് പിന്നാലെ.
സസ്നേഹം
ദൃശ്യന്‍
ബൂലോകചങ്ങാതിമാരേ,
‘കാക്കത്തൊള്ളായിരം കുന്നിക്കുരു‘വിന്റ്റെ അവസാനഭാഗം കുറിക്കുന്നു.
കുന്നുക്കുരുവിന്റ്റെ കഥ രണ്ടായ് പകുത്ത് പറയാമെന്ന് കരുതിയത് ‘മനോരമ’ തന്ത്രം ഉദ്ദേശിച്ചിട്ടല്ല-സത്യം.
ഒന്നാമത് ദൈര്‍ഘ്യം ഇത്തിരി കൂടുതലാണെന്നതാണ്.
രണ്ടാമത്, ഇതു മുഴുവന്‍ ഒരൊറ്റയിരിപ്പിന് ഒരു പ്രത്യേക മൂഡില്‍ എഴുതിയതാണ്. ആദ്യഭാഗം പോസ്റ്റ് ചെയ്തത് ഒരു പ്രൂഫും ചെയ്യാതെയും. രണ്ടാം ഭാഗം വായിച്ചു തിരുത്തണോ എന്ന കണ്‍ഫ്യൂഷണിലായിരുന്നു കുറച്ചു നാള്. പിന്നെ തോന്നി ആവശ്യമില്ല, ഒരു സാദാകഥപറച്ചിലിന്റ്റെ രീതി തന്നെ അവലംബിക്കാമെന്ന്-കാരണം പാര്‍വതി സൂചിപ്പിച്ചതു പോലെ, തന്തു 70ലേതാണല്ലോ.
കുന്നിക്കുരുവിന്റ്റെ നിരാസത്തിന്റ്റെ അര്‍ത്ഥങ്ങളെ പറ്റി ചിന്തിച്ചവരെ ഞാന്‍ നിരാശപ്പെടുത്തിയോ എന്നറിയില്ല. പെണ്ണിന്റ്റെ മനസ്സിലെ ആലോചനകള്‍ ഊഹങ്ങള്ക്കപ്പുറത്താണെന്ന് പറയാനാണ് ഇതു കുറിക്കുമ്പോള്‍ എനിക്കു തോന്നിയത്. അതു എന്റ്റെ തോന്നല്‍. പക്ഷെ, എന്തു കൊണ്ടായിരിക്കും അവള് ആദ്യം അവന്റ്റെ പ്രണയം നിരസിച്ചതെന്നതിനെ കുറിച്ചുള്ള നിങ്ങളുടെ ഊഹങ്ങളറിയാന് താല്പര്യപ്പെടുന്നു.
ഇക്കാസിന്റ്റെ ചിന്ത പോയ രീതി സമ്മതിച്ചിരിക്കുന്നു. ഞാന്‍ കുറിച്ചു വെച്ചതു അവന് ഊഹിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. :-)
തുറന്ന അഭിപ്രായങ്ങള്‍ക്കായ് കാത്തിരിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
Post a Comment