Friday, October 26, 2007

വേട്ടനായ

യക്കുമരുന്ന് കുത്തിവയ്ക്കവേ ചോക്ലേറ്റിന്റെ കവര്‍ കീറിയത് അയാളെ പരിഭ്രാന്തിയിലാഴ്ത്തി. പുറത്തിറങ്ങി പുതിയതൊന്ന് വാങ്ങിയ ശേഷം കാറിലേക്ക് കയറുമ്പോള്‍ അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തവണയായ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇക്കുറി ഇത്തിരി കൂടുതലാണെന്ന് തോന്നുന്നു. അയാള്‍ ഏ.സി. കൂട്ടി വെച്ചു.

ഇനി പത്തുപതിനഞ്ച് മിനിറ്റ് കൂടിയുണ്ട്. ഒരു സിഗററ്റ് എടുത്ത് കൊളുത്തി, ആഞ്ഞാഞ്ഞു വലിച്ച്, അയാള്‍ പദ്ധതി ഒന്നു കൂടി വിശകലനം ചെയ്തു ഉറപ്പ് വരുത്തി. ഇല്ല, ലൂപ്പ്‌ഹോള്‍സ് ഒന്നുമില്ല. അല്ലെങ്കിലും തന്റെ പ്ലാനിംഗ് തെറ്റാന്‍ സാദ്ധ്യതകള്‍ കുറവാണ്. അത്രയും ശ്രദ്ധയോടെയല്ലേ ഓരോന്നും താന്‍ ചെയ്യാറ്. പതിവു പോലെ ഇന്നലെയും, ചിലത് ഒഴിച്ച് മറ്റെല്ലാ ചാനലുകളും പത്രങ്ങളും ഇത്തരം സംഭവങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാം ഒരു ഗവേഷണവിദ്യാര്‍ത്ഥിയുടെ ഉത്സുകതയോടെ താന്‍ പഠിക്കാറുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്ന രീതിയും പിടിക്കപ്പെടുന്നവന്‍ കാണിച്ച പാളിച്ചകളും തന്റെ ലാപ്പ്ടോപ്പില്‍ സുരക്ഷിതമായ ഒരിടത്ത് സൂക്ഷിക്കുകയും ഇടയ്ക്കിടയ്ക്ക് വായിച്ച് രസിക്കുകയും ചെയ്യാറുണ്ട്. അതു കൊണ്ടൊക്കെയാണ് ഇന്നേ വരെ തന്റെ പ്രവര്‍ത്തികളില്‍ ആര്‍ക്കുമൊരു തുമ്പും ലഭിക്കാത്തത്. അയാള്‍ക്ക് സ്വയം അഭിനന്ദിച്ചു കൊണ്ട് മനസ്സാ ഒന്ന് ചിരിച്ചു!

റോഡിനു മറുവശം ബസ്സ് കാത്തു നില്‍ക്കുന്നവരെ നോക്കി അയാള്‍ സീറ്റിലേക്ക് ചാഞ്ഞു. ഓഫീസ് വിട്ടു പോകുന്ന വീട്ടമ്മമാര്‍. കോഫീഷോപ്പില്‍ കത്തിയടിച്ചിരിക്കുന്ന കോളേജ്കുകുമാരികള്‍. രസിപ്പിക്കാനാവാത്ത ആ കാഴ്ചകളില്‍ നിന്ന് മനസ്സ് വേര്‍പ്പെടുത്തിയെടുത്ത് അയാള്‍ അവളെ കുറിച്ചാലോചിച്ചു. അയാളുടെ ശരീരം കൂടുതല്‍ വിറച്ചു. മൂന്നാഴ്ചയായി അവള്‍ മനസ്സില്‍ കയറിയിട്ട്. ഇതു വരെ പറ്റിയ ഒരു സന്ദര്‍ഭം ഉണ്ടാക്കാനായില്ല. വിചാരിക്കാതെ വന്ന ഓഫീസ് ജോലികള്‍ക്കിടയില്‍ ഇതു തന്നെ ആയിരുന്നു ചിന്ത. രണ്ടാഴ്ചയായി ഈ നേരം ഇവിടെയിരുന്ന് അവളെ നിരീക്ഷിക്കുന്നു. കഴിഞ്ഞ നാലു ദിവസങ്ങളില്‍ സംസാരിക്കുകയും ചെയ്തു. അതു മതി. തനിക്ക് അത്രയും സമയം തന്നെ ധാരാളം!

സ്കൂള്‍ ഗേറ്റ് തുറന്ന് വിദ്യാര്‍ഥികള്‍ പുറത്തേക്ക് വന്നു തുടങ്ങി. കുറഞ്ഞ നിമിഷങ്ങളിലെ ഈ കാത്തിരിപ്പാണ് ദുസ്സഹം. പതുക്കെയൊഴിഞ്ഞ കൂട്ടത്തിനൊടുവില്‍ അവളെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി. നുണക്കുഴികള്‍ മാറ്റ് കൂട്ടുന്ന ചിരിയില്‍, മുട്ടിനുമൊത്തിരി മേലേ അവസാനിക്കുന്ന ഫ്രോക്ക് കാണിച്ചു തരുന്ന വെളുപ്പില്‍, അയാള്‍ സ്വയം മറന്നു. മനസ്സിലെ ലഹരി പതുക്കെ തലയ്ക്കുള്ളില്‍ നിറഞ്ഞു. ശരീരം ആലില പോലെ വിറച്ചു.
ചോക്ലേറ്റ് കയ്യിലെടുത്ത്, കാറിന്റെ വാതില്‍ തുറന്ന് അയാള്‍ മെല്ലെ ആ നാലു വയസ്സുകാരിയുടെ അടുത്തേക്ക് നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അയാളുടെ ശരീരത്തിലെ ആഴമേറിയ മുറിവുകളില്‍ നിന്ന് ചോര വാര്‍ന്നു കൊണ്ടേയിരുന്നു. നഗരാതിര്‍ത്തിയിലെ ഒഴിഞ്ഞ ആ കെട്ടിടത്തിനുള്ളില്‍ ഒന്നു ചലിക്കാന്‍ പോലുമാവാതെ അയാള്‍ കിടന്നു.

ഒരായിരം കുപ്പിച്ചില്ലുകള്‍ തുളച്ചിറങ്ങിയ വേദന. മേലാകെ പൊള്ളുന്നു. അരയ്ക്ക് താഴെ കനല്‍ വാരിയിട്ടത് പോലെ വേദന!.
അയാള്‍ പതുക്കെ തല അനക്കാന്‍ ശ്രമിച്ചു. ഇത്തിരി ദൂരെയായ് അവള്‍ കിടക്കുന്നു.
ഭ്രാന്തമായ വീര്യത്തോടെ തന്നെ ആക്രമിച്ച ഈ ജന്തുക്കള്‍ അവളെ ഒന്നു തൊട്ടിട്ടു പോലുമില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി.

ഇണയ്ക്കായ് തമ്മില്‍ തല്ലിയും, പരസ്പരം കടിച്ചും പറിച്ചും, നായ്ക്കള്‍ ബഹളം വച്ചു കൊണ്ടേയിരുന്നു. അവയില്‍ ചിലത് തന്റെ ശരീരത്തില്‍ നക്കുകയും തുടകള്‍ക്കിടയില്‍ കടിക്കുകയും ചെയ്യുന്നു. ബഹളങ്ങളില്‍‍ പങ്കെടുക്കാതെ അരികില്‍ നില്‍ക്കുന്ന ഒരു വെളുത്ത നായ നക്കിതോര്‍ത്തുന്നത് ചോരയില്‍ കുതിര്‍ന്ന തന്റെ വൃഷണങ്ങളാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു.

അവള്‍ ഒന്നനങ്ങിയോ? ആ മുഖം ആ നിമിഷത്തിലും അയാളെ മോഹിപ്പിച്ചു.
ഉദ്ധാരണത്തിന്റെയും സ്ഖലനത്തിന്റെയും ഇടയിലെ അവസ്ഥയും മരണവും ഒന്നു പോലെയാണെന്ന് അയാള്‍ക്ക് തോന്നി. കണ്ണുകള്‍ അടയുന്ന വരെ അവളെ തന്നെ നോക്കി അയാള്‍ കിടന്നു.

ഇരകളുടെയും ഇണകളുടെയും പലവിധശബ്ദങ്ങള്‍ ചുറ്റിലും നിറയവേ, വെളുത്ത ആ നായ പതിയെ അയാളുടെ വൃഷണത്തിലേക്ക് പല്ലുകളാഴ്ത്തി.

Wednesday, September 26, 2007

ഇനിയുമുറങ്ങാത്ത ‘മേഘമല്‍ഹാര്‍’


"യരുശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും, ഒരു ദിവ്യജ്വാലയും തന്നെ!"

- ശലോമോന്റെ ഉത്തമഗീതം (Solomon's Song of the songs) എട്ടാം അദ്ധ്യായം 4,6 വരികള്‍"നിന്നെ പ്രണയിക്കാതിരിക്കാനാകുന്നില്ല എന്നത് എന്റെ ദൌര്‍ബല്യമെങ്കില്‍, ആ ദൌര്‍ബല്യത്തെ ഞാന്‍ പ്രണയിക്കുന്നു!"
അവര്‍ക്കായ് അവളുണ്ടാക്കിയ ഇമെയില്‍ ഐഡിയിലേക്ക് രവി എഴുതിയ ഇ-മെയിലിലെ അവസാനവാചകം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞിരുന്നുവെന്ന് ജലജ അറിഞ്ഞു. കണ്‍പോളകള്‍ ഒന്നടച്ച് തുറന്നപ്പോള്‍ കണ്ണീരിന്റെ ചൂട് കവിളുകളില്‍ പടര്‍ന്നു. ലാപ്പ്ടോപ്പിന്റെ അടിയില്‍ കുടുങ്ങിക്കിടന്ന ചുരിദാറിന്റെ തലപ്പ് വലിച്ചെടുത്ത് അവള്‍ കണ്ണുകളൊപ്പി.

തമ്മില്‍ തമ്മില്‍ അയച്ച ഒരുപാട് സന്ദേശങ്ങള്‍. സന്തോഷിക്കുമ്പോഴും വ്യസനിക്കുമ്പോഴും നെഞ്ചിനെ ആയാസപ്പെടുത്താന്‍ കുറിച്ച വാക്കുകള്‍. പലയാവര്‍ത്തി വായിച്ച വാചകങ്ങള്‍. എല്ലാം സൂക്ഷിച്ചു വെച്ച, തങ്ങള്‍ക്ക് മാത്രമറിയാവുന്ന, തനിക്കും അവനും മാത്രം സന്ദേശങ്ങളയക്കാവുന്ന ഒരിടം. അവനോട് പറയാതെ, ഇവിടെ നിന്നും അവനെ അകറ്റി നിര്‍ത്താന്‍ പോവുകയാണ്. ഈ വേദന ഇനി അവന് വേണ്ട! മുന്‍‌കൂട്ടി നിശ്ചയിച്ച പോലെ, അവള്‍ അതിന്റെ പാസ്സ്‌വേര്‍ഡ് മാറ്റി. മധുരനൊമ്പരങ്ങളുടെ ഈ സ്വകാര്യസമ്പത്ത് ഇനി തനിക്ക് മാത്രം!

അഹോരാത്രം കന്യാകുമാരിയെ വണങ്ങുന്ന തിരമാലകളുടെ ശബ്ദം തുറന്നിട്ട വലിയ ജാലകങ്ങളിലൂടെ അവള്‍ക്കരികിലെത്തി.
Click here to download the PDF version of this post

അവള്‍ ലാപ്പ്ടോപ്പ് മടക്കി കട്ടിലിനരികിലെ സൈഡ്‌ടേബിളിലേക്ക് വെച്ചു. ഈ രാത്രി ഇനി ഉറങ്ങാനാകുമെന്ന് തോന്നുന്നില്ല. പതിയെ അരിച്ചരിച്ചെത്തുന്ന തണുപ്പ്. അവള്‍ കാലുകള്‍ കമ്പിളിക്കുള്ളിലേക്ക് പൂഴ്ത്തവേ ടി.വി.യുടെ റിമോട്ട് കയ്യില്‍ തടഞ്ഞു. ഇത്തിരി നേരം വല്ലതും കണ്ടിരിക്കാം. മലയാളം ചാനലുകള്‍ വല്ലതും ഉണ്ടാവാതിരിക്കില്ല. ചാനലുകളിലൂടെയുള്ള തിരച്ചില്‍, ഏഷ്യാനെറ്റിലെത്തിയപ്പോള്‍ നിര്‍ത്തി.എതോ സിനിമ തുടങ്ങുകയാണെന്ന് തോന്നുന്നു. ലൈറ്റണച്ച്, ഇത്തിരി കൂടെ കമ്പിളി മേലോട്ടുയര്‍ത്തി അവള്‍ തന്റെ കിടപ്പ് ശരിയാക്കി.

ഒരു സാന്ത്വനം പോലെ അനുഭവപ്പെട്ട തിരമാലകളുടെ ശബ്ദം മനസ്സില്‍ നിറയ്ക്കാന്‍ ജലജ ശ്രമിച്ചു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോള്‍ കൊണ്ടു പോകാന്‍ ഇതു മാത്രമേ തനിക്ക് വേണ്ടു. അവന്‍ പറഞ്ഞത് എത്ര ശരിയാണ്! ഇവിടത്തെ കടലിന് എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആ ഒരു നിമിഷം, അവന്‍ മുന്‍പ് പാതി കളിയായും പാതി കാര്യമായും പറഞ്ഞ ആ കന്യാകുമാരി യാത്ര നടത്താമായിരുന്നു എന്നവള്‍ക്ക് തോന്നി. എങ്കില്‍, രവിക്ക് ചുറ്റും എന്നും അനുഭവിച്ചിരുന്ന അദൃശ്യമായ ആ സുരക്ഷാവലയത്തിനുള്ളിലായേനേ തന്റെ ഈ കിടപ്പ്. ആ ചിന്ത തന്നെ ജലജയുടെ മനസ്സില്‍ പുതുമഴയുടെ കുളിരുറവാക്കി.

ടിവിയില്‍ പരസ്യങ്ങള്‍ ഓടിമായുകയാണ്. കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ പൊതിഞ്ഞ ഒരു അറബ്‌യുവതി ഒരു കുഞ്ഞിനെ മടിയിലിരുത്തി എന്തോ ഒരു പാനീയം നല്‍കുന്നു.
കണ്ണനിപ്പോള്‍ ഉറങ്ങി കാണണം. കിടക്കുന്നതിന് മുന്‍പ് ചന്ദ്രേട്ടന്‍ അവനെ ടോയ്‌ലറ്റില്‍ കൊണ്ട് പോയി കാണുമോ എന്തോ? ഇടക്കാലത്ത് നിര്‍ത്തിയതായിരുന്നു കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം. അടുത്തിടെ രണ്ടു വട്ടം ഉറക്കത്തില്‍ കാര്യം സാധിച്ചിരുന്നു. രാവിലെ എണീറ്റ് അടുക്കളയില്‍ വന്ന് ഫ്രിഡ്‌ജും ചാരി മിണ്ടാതെ നില്‍ക്കുന്നത് കണ്ടാലറിയാം പണി പറ്റിച്ചിട്ടുണ്ടെന്ന്. ഓഫീസ് ആവശ്യത്തിനിടെയുള്ള ഇത്തരം യാത്രകളില്‍ എന്തെങ്കിലും മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അതവനെയാണ്. അടുത്തിടെയായ് എന്തിനുമേതിനും താന്‍ തന്നെ വേണം. ഒരു തരത്തില്‍ ചിന്തിച്ചാല്‍ കണ്ണന്‍ ഇല്ലെങ്കില്‍ രവിയുമായ് ഇപ്പോള്‍ ഉണ്ടാക്കിയെടുത്ത ഈ അകല്‍ച്ച ഉണ്ടാകുമായിരുന്നില്ലല്ലൊ? രവിയെ കുറിച്ചുള്ള ചിന്ത വീണ്ടും അവളില്‍ മധുരമായ അസ്വസ്ഥതയുളവാക്കി. അല്ലെങ്കിലും അവനെ മറക്കാന്‍ ശ്രമിച്ചു തുടങ്ങിയപ്പോളാണ് തന്റെ മനസ്സില്‍ ആ പ്രണയം ഇത്രയധികം ആഴ്ന്നിറങ്ങിയിരുന്നു എന്ന് ബോധ്യമായത്. അത് മറക്കാനാകാത്തതിനാലല്ലേ, ദില്ലിയില്‍ നിന്നും മൂന്ന് ദിവസത്തിനായ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വന്ന മിസ്സിസ്സ് ജലജ ചന്ദ്രന്‍, ഇന്ന് ഈ കന്യാകുമാരിയിലെ കേരളാഹൌസിലെ പതിനെട്ടാം നമ്പര്‍ മുറിയില്‍ ഒറ്റക്ക് കിടക്കുന്നത്-ആരാരുമറിയാതെ!

ടിവി സ്ക്രീനിലെ ചിത്രങ്ങളില്‍ അവളുടെ കണ്ണുകളുടക്കി. മേഘമല്‍ഹാര്‍ ആണ് സിനിമ! ആകസ്മികമായ ആ യാദൃശ്ചികത അവളില്‍ അമ്പരപ്പുളവാക്കി. കണ്ട അന്ന് മുതല്‍, പിന്നെയുള്ള എണ്ണമറിയാതെ കാഴ്ചകള്‍ക്ക് ഇടയിലും ഒടുവിലും, മനസ്സില്‍ ഒരു വിങ്ങലായ് നില്‍ക്കുന്ന ഈ സിനിമയെ കുറിച്ച് വൈകുന്നേരം കടലിന്റെ അസ്തമയനിറഭേദങ്ങള്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണ്. രവിയെ കുറിച്ചോര്‍ക്കുമ്പോള്‍, തങ്ങളുടെ ബന്ധത്തെ കുറിച്ചോര്‍ക്കുമ്പോള്‍ , മനസ്സിന് ധൈര്യം പകരാന്‍ , ചെയ്യുന്നത് മുഴുവന്‍ പാപമല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കാന്‍, താന്‍ കണ്ടെത്തിയ അത്താണികളില്‍ പ്രമുഖമായിരുന്നു ഗൌരിയും മേഘമല്‍ഹാറും. വളരെ നാളുകള്‍ക്ക് മുന്‍പ്, അവനുമായ് ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോളാണ് അവനും ഇതേ കാരണങ്ങള്‍ ബോധപൂര്‍വ്വം കണ്ടെത്തിയിരുന്നു എന്നറിഞ്ഞത്. അന്ന് മുതല്‍ ഇതിലെ കഥാപാത്രങ്ങളെ തന്റെ ചുറ്റുമുള്ളവരുമായ് താരതമ്യം ചെയ്യാന്‍ പരോക്ഷമായ് ശ്രമിക്കുന്നുമുണ്ടായിരുന്നു. പക്ഷെ, ഇന്ന്, കന്യാകുമാരിയിലെ ഈ രാത്രിയിലെ ഈ കാഴ്ച തീരെ അപ്രതീക്ഷിതം! അവള്‍ മെല്ലെ സിനിമയില്‍ മുഴുകി.

ഒരു മഞ്ജുഹര്‍ഷമായ് *രാജീവിന്റെ ഹൃദയത്തില്‍ തുളുമ്പുന്ന *നന്ദിതയുടെ നിനവുകള്‍ പോലെ, പ്രണയത്തിന്റെ മീട്ടാതന്ത്രികള്‍ മൌനമാര്‍ന്നിരുന്ന തന്റെ മനസ്സിന്റെ താഴ്വരകളില്‍ രവിയുടെ സാമീപ്യമുണര്‍ത്തിയ സംഗീതം കുളിര്‍മഴയായ് പെയ്തിറങ്ങിയത് ജലജ ഒരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള കണ്ണുപൊത്തിക്കളിക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ചിന്തകളെ തത്‌ക്കാലത്തേക്ക് മാറ്റി നിര്‍ത്തിക്കൊണ്ട്, ആ ഗാനശകലങ്ങളില്‍ ശ്രദ്ധയൂന്നി കണ്ണുകളച്ച് അവള്‍ കിടന്നു. നിറുകയില്‍ നാളങ്ങള്‍ ചാര്‍ത്തുന്ന ചിരാതുകള്‍ നീന്തി നടക്കുന്ന യമുനയും രാപ്പകലുകളുടെ വിടവാങ്ങലുകള്‍ക്ക് മൂകസാക്ഷിയായ കടലിലെ തിരകളും മനസ്സിലാവാഹിച്ച്, അറിയാതെ അവള്‍ പതിയെ മയക്കത്തിലേക്കൂര്‍ന്ന് വീണു.

കടല്‍ തന്റെ സംഗീതാലാപനം തുടര്‍ന്നു.

എത്ര മാത്രകള്‍ക്കൊടുക്കമെന്നറിയില്ല, അവള്‍ ഉറക്കം ഞെട്ടിയുണര്‍ന്നു. റോഡിലെ സോഡിയം ലൈറ്റുകളുടെ പ്രകാശവും കടലലകളുടെ തീരാഗാനവും മുറിയില്‍ നിറഞ്ഞു നില്‍ക്കുന്നു. അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഉറക്കം വീണ്ടും കടാക്ഷിക്കുന്ന ലക്ഷണമില്ല. ഓര്‍ക്കും തോറും കൂടുന്ന ഉഷ്ണവും. അവള്‍ പതുക്കെ എണീറ്റ് ജനലിനരികിലേക്ക് നടന്നു. ശാന്തമായ കടല്‍. സൂര്യനില്‍ നിന്നേറ്റ് വാങ്ങിയ പ്രകാശം നിര്‍ലോഭം കടലിലേക്ക് കുടയുന്ന ചന്ദ്രനോടവള്‍ക്ക് ഇഷ്ടം തോന്നി. മെല്ലെ തഴുകുന്ന കാറ്റ്. മനസ്സും ശരീരവും ഒരു പോലെ ശാന്തമാകുന്നു. ഒന്നു കടല്‍ക്കരയിലൂടെ നടന്നാലോ? ആ ചിന്തയുടെ ഒടുക്കം അകാരണമായ ഒരു ഭയം അവളിലൂറി കൂടി. ഇത്തിരി കഴിഞ്ഞപ്പോള്‍ എന്തിനു ഭയം തോന്നണം എന്നായി ചിന്ത. കൂടുതല്‍ തല പുകയ്ക്കാന്‍ നില്‍ക്കാതെ ഒന്നു പുറത്തിറങ്ങി നോക്കാന്‍ അവള്‍ തീരുമാനിച്ചു.

കോറിഡോറിലൂടെ, തനിക്കും കോണിപ്പടികള്‍ക്കും കുറുകെ എന്തോ ഒന്ന് പെട്ടെന്ന് ഓടി പോയതായ് ജലജയ്ക്ക് തോന്നി. പോകണോ? ഈ രാത്രി, ഒരു പെണ്ണ് തനിച്ച്....! ആലോചനകള്‍ക്കിടയില്‍ നടന്ന് നടന്ന് കടല്‍ത്തീരത്തെത്തിയത് അവളറിഞ്ഞില്ല. പാദങ്ങളെ പതുക്കെ ജലവിതാനം തഴുകി. ലൈറ്റ്‌ഹൌസിന്റെ പ്രകാശരേഖ അവളിലൂടെ കടന്നു പോയി. അത് ലൈറ്റ്‌ഹൌസിന്റെ വെളിച്ചമോ അതോ കപ്പല്‍‌യാത്രക്കാരെ തുണച്ചിരുന്ന കന്യാകുമാരിയുടെ മൂക്കുത്തിയിലെ പ്രകാശമോ? ഉത്തരമറിഞ്ഞിട്ടും അവള്‍ ഉത്തരമാലോചിച്ചു. ഇഷ്ടപ്രാണേശ്വരനെ കാത്തുകാത്തിരുന്ന് ഒടുക്കം നിരാശയാല്‍ അലങ്കാരകോപ്പുകളും സ്വപ്നങ്ങളുമെല്ലാം കടലിനും തീരത്തിനുമായ് വീതിച്ച് കൊടുത്ത ദേവിയെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സ് കലങ്ങും. ആ മധുരനൊമ്പരം നുണഞ്ഞു കൊണ്ട് അവള്‍ മണലിലിരുന്നു.

"എന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ?"
അപ്രതീക്ഷിതമായ് പുറകില്‍ നിന്നൊരു സ്ത്രീ ശബ്ധം! ജലജയുടെ മനസ്സിലൊരു വെള്ളിടി വെട്ടി. ഭയം കൊണ്ടു അവളാകെ തരിച്ചു പോയി. മേലാകെ മരവിച്ച പോലെ! പുറകില്‍ ഒരു നിഴലായ് ആരോ ഉണ്ട്. തിരിഞ്ഞ് നോക്കാന്‍ ധൈര്യമനുവദിക്കുന്നില്ല. പതുക്കെ ആ നിഴല്‍ അവളെ ചുറ്റി മുന്നിലേക്ക് വന്നു. മിനുക്കങ്ങളൊന്നുമില്ലാത്ത നഗ്നമായ പാദങ്ങള്‍. അവള്‍ പതുക്കെ മുകളിലേക്ക് നോക്കി. തനിക്ക് തെറ്റിയില്ല. കേട്ടത് സ്ത്രീ ശബ്ധം തന്നെ.
"ചോദിച്ചത് കേട്ടില്ല്യേ? എന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ?"
അവള്‍ അവരെ വിസ്തരിച്ചൊന്ന് നോക്കി. നോട്ടം മുകളിലേക്ക് എത്തും തോറും വെളിച്ചം കണ്ണില്‍ കുത്തുന്നു. വെളിച്ചത്തിന്റെ മുന്നാമ്പുറത്ത് അവരുടെ മുഖം അവ്യക്തമായിരുന്നു. എഴുന്നേറ്റു കൊണ്ടവള്‍ പറഞ്ഞു.
"ഞാന്‍ ... വെറുതെ.... വെറുതെ കാറ്റ് കൊള്ളാന്‍..."
"ങ്‌ഹും.... കന്യാകുമാരിയിലെ കടലിനും കടലിന്റെ കാറ്റിനും ഒരു പ്രത്യേക സുഖാ... എത്ര കണ്ടാലും കൊണ്ടാലും മതി വരില്ല...."
സൂര്യനിറങ്ങി പോയ കടല്‍‌വഴികളില്‍ കണ്ണും നട്ട് നില്‍ക്കുന്ന ആ സ്ത്രീയെ അവള്‍ പഠിച്ചു. വെള്ള പ്രിന്റുള്ള ചുവപ്പ് കോട്ടണ്‍ സാരി. ചുവന്ന വട്ടപ്പൊട്ട്. ഫ്രെയിമില്ലാത്ത കണ്ണടക്കിടയിലൂടെ കണ്‍കള്‍ക്കടിയില്‍ കറുപ്പ് നിറം തെളിഞ്ഞു നില്‍ക്കുന്നു. മെടയാതെ അലസമായി കിടക്കുന്ന മുടി. കൈത്തണ്ടയില്‍ ഒറ്റയ്ക്കിരിക്കുന്ന, നിറം മങ്ങിയ സ്വര്‍ണ്ണവള. കാതുകളില്‍ പതിഞ്ഞ് കിടക്കുന്ന വെളുത്ത മുത്തുള്ള സ്റ്റഡ് അവര്‍ക്ക് ചേരുന്നേയില്ലെന്ന് ജലജയ്ക്ക് തോന്നി.

"കുറച്ച് നേരായ് ഞാന്‍ കുട്ട്യെ, ദാ അവിടെ നിന്ന്, ശ്രദ്ധിക്ക്‍ണൂ. നടന്ന് വരുന്നത് കണ്ടപ്പോള്‍ ആദ്യം ഭയം തോന്നി. ജീവിതം മനുഷ്യനെ കൊണ്ട് എന്തൊക്ക്യാ ചിന്തിപ്പിക്ക്യാന്നറീല്ലല്ലോ. പിന്നെ പൂഴിയിലിരിക്കണ കണ്ടപ്പളാ ഒന്നാശ്വാസായത്. ഞാന്‍ ബുദ്ധിമുട്ടിയ്ക്ക്യല്ല്ലല്ലോ?"
"ഏയ്, ഇല്ല.". അവള്‍ ഭംഗിവാക്കു പറഞ്ഞു.
ഇപ്പോള്‍, കന്യാകുമാരിയില്‍ നിന്ന് മടങ്ങും വരെയും, ആരോടും സംസാരിക്കാനുള്ള മൂഡിലല്ല താന്‍. പക്ഷെ അവരുടെ മുഖത്ത് നോക്കി മറുത്തൊന്ന് പറയാന്‍ തോന്നിയില്ല. എവിടെയോ കണ്ട് മറന്ന പോലെ ഒരു മുഖം. ഓര്‍മ്മകള്‍ ചിതറിക്കിടക്കുന്നു.

"എന്തു പറ്റി കുട്ടീ? മനസ്സ് ശരിയില്ലെന്ന് മുഖം പറയുന്നുണ്ടല്ലോ?"
അവളുടെ കണ്ണുകളിലേക്ക് അവര്‍ ഉറ്റിനോക്കി. എവിടെയാണ് താനിവരെ കണ്ടിരിക്കുന്നത്? ഒരു പിടിയും കിട്ടുന്നില്ല. അവര്‍ തുടര്‍ന്നു.
"ചില വിചാരങ്ങള്‍ ഇങ്ങന്യാ, ഉള്ളില്‍ തന്നെ ഇട്ടാല്‍ മനസ്സിന് ദഹിപ്പിക്കാനായി എന്ന് വരില്ല. ആരോടെങ്കിലും പറഞ്ഞ് കൊണ്ട് പുറത്തേക്ക് കളയുന്നതാ നല്ലത്. എന്നോട് പറയാന്‍ പറ്റുന്നതാണെങ്കില്‍ ആവാം."
അവളുടെ വരണ്ട കണ്ണുകള്‍ പറയുന്ന കഥകള്‍ക്കായ് അവര്‍ മനസ്സോര്‍ത്തു. കടല്‍ ഇരമ്പിക്കൊണ്ടേയിരുന്നു. മടിച്ച് മടിച്ച്, ഹൃദയത്തിന്റെ മിടിച്ചിലുകള്‍ അക്ഷരങ്ങളായ് മാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു തുടങ്ങി. അവര്‍ നടത്തം തുടര്‍ന്നു.

മനസ്സിലെ വിങ്ങലുകള്‍ ഒന്നൊഴിയാതെ, മന:പാഠമാക്കിയതുരുവിടുന്ന കുട്ടിയെ പോലെ, പറഞ്ഞു തീര്‍ത്തപ്പോള്‍, ഇത്രയും ഭാരം താന്‍ നെഞ്ചിലേറ്റിയിരുന്നോ എന്നവള്‍ അത്ഭുതപ്പെട്ടു.
അവര്‍ തന്നെ പറ്റി എന്തു കരുതുന്നുണ്ടാകും? ഛെ, വേണ്ടായിരുന്നു. അല്ലെങ്കിലും ഇതൊക്കെ ആരോടും, രവിയോട് പോലും, പറയണമെന്ന് തനിക്കില്ലായിരുന്നു. അവനെ തന്നിലേക്കടുപ്പിച്ചത് തന്നെ താന്‍ ചെയ്ത കൊടിയ അപരാധം! വെറുതെ മനസ്സമാധാനത്തോടെ കഴിഞ്ഞ അവനെ.... അരുവിയായ് പിറന്ന് പുഴയായ് മാറിയ അവന്റെ പ്രണയം, തന്നേക്കാള്‍ അവനെ ബാധിക്കുന്നു (അതോ...?) എന്ന് തിരിച്ചറിഞ്ഞപ്പോളാണ് ആ തെറ്റ് അവസാനിപ്പിക്കാന്‍, അവനെ തന്നില്‍ നിന്ന് പറിച്ചെറിയാന്‍, താന്‍ തന്നെ മുന്‍‌കൈയെടുക്കണം എന്ന് തീരുമാനിച്ചത്. നിരന്തരമായ അവന്റെ വിളികളും ഇ-മെയിലുകളും താന്‍ അവഗണിച്ചു. കുടുംബങ്ങള്‍ തമ്മില്‍ കണ്ട അവസരങ്ങളില്‍ അവനേക്കാളേറെ അവന്റെ ഭാര്യയോട് സംസാരിക്കാന്‍ ശ്രമിച്ചു. അവനോട് വരുതിയില്‍ നിന്ന് മാത്രം സംസാരിച്ചു, ഒഴിവാകാനാകാഞ്ഞ സംസാരങ്ങള്‍ വാക്കുകളിലൊതുക്കി. അവന്റെ കണ്ണുകളിലെ വേദന കാണുന്നില്ലെന്ന് നടിച്ചു. തന്നോടുള്ള അവന്റെ ദേഷ്യം കൂടി വരുന്നത് മനസ്സിലാക്കി - ഒത്തിരി സങ്കടത്തോടെ! പക്ഷെ, എന്തൊക്കെയോ തനിക്ക് നഷ്ടപ്പെടുന്നതായ് ഇടയ്ക്കിടെ തോന്നി പോകുന്നു. എങ്കിലും എല്ലാം എല്ലാവരുടെയും നല്ലതിനെന്ന് ...

"മറക്കാനാകുന്നില്ല എന്നതാണോ ഇപ്പോഴത്തെ പ്രശ്നം? അതോ മറക്കാന്‍ കഴിയുന്നു എന്നതോ?"
അവരുടെ ചോദ്യം ചിന്തകളില്‍ നിന്നവളെ വേര്‍പ്പെടുത്തി.
"അറിയില്ല... എനിക്കറിയില്ല... അതിനെ പറ്റി, ഇതിന്റെയൊക്കെ റിയാലിറ്റിയെ പറ്റി ആലോചിക്കാന്‍ എനിക്ക് പേടിയാണ്. ഒരാളോട് ഇതൊക്കെ സംസാരിക്കാന്‍ പോലും..."
അറിയാതെ ജലജ വിതുമ്പി.
"അങ്ങനെയൊക്കെ തോന്നാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോളാലോചിക്കുമ്പോള്‍ തെറ്റാണോ എന്ന് സംശയം തോന്നുന്നെങ്കിലും, എനിക്കത് വലിയൊരു ശരിയായിരുന്നു. ജീവിതത്തിലെ വലിയൊരു ശരി."
"ഇത്തരമൊരു ബന്ധം ഒരുപാട് തെറ്റുകള്‍ക്കും പ്രേരിപ്പിക്കും. അതാണ് പ്രശ്നം."
"സമൂഹം പ്രതീക്ഷിക്കുന്ന തെറ്റുകള്‍ക്ക് അവനെന്നെ പ്രേരിപ്പിച്ചിട്ടില്ല, അതിരുകളില്ലാത്ത ആഗ്രഹങ്ങളുണ്ടെങ്കിലും. കൈകോര്‍ക്കലുകളില്‍ തുടങ്ങി നെഞ്ചോട് ചേര്‍ത്ത ചുംബനങ്ങളില്‍ മാത്രമൊടുങ്ങുന്ന സമാഗമങ്ങള്‍, അവയുടെ ശരിയും തെറ്റും കൂട്ടിക്കിഴിക്കാന്‍ ഞാന്‍ ഇതേ വരെ ശ്രമിച്ചിട്ടുമില്ല. എങ്കിലും ചിലപ്പോള്‍, ചില നേരങ്ങളില്‍ ചന്ദ്രേട്ടനെ കാണുമ്പോള്‍... അപ്പോള്‍ മാത്രം..."
അവളുടെ വാക്കുകള്‍ മുറിഞ്ഞു.
"ങ്‌ഹും....എനിക്ക് മനസ്സിലാകും. മറ്റാരേക്കാളും... നിര്‍വചിക്കാനാവാത്ത ഈ ബന്ധത്തിന്റെ കാല്പനികതയും അതുണ്ടാക്കുന്ന പാപഭാരവും എനിക്ക് മനസ്സിലാകും."
അവരുടെ മുഖത്ത് നോക്കുമ്പോള്‍, കണ്ണീരിനിടയിലും ജലജയ്ക്ക് ആശ്വാസം തോന്നി. അവര്‍ പതുക്കെ അരികിലേക്ക് വന്ന്, അവളുടെ നെറുകയിലൂടെ വിരലുകളോടിച്ചു.
"കരയാതിരിക്കൂ കുട്ടീ.... ജീവിതം പഠിപ്പിക്കുന്ന വലിയ പാഠങ്ങളില്‍ ചിലത് മാത്രമാണിതെല്ലാം. സുഗമമായ ഒഴുക്കിനെ തടുക്കുന്ന ചെറിയ തടയിണകള്‍. എല്ലാം ശരിയാകും. എല്ലാം മറക്കാന്‍ ഈശ്വരന്‍ സഹായിക്കും."
വീശിയടിച്ച കാറ്റിലുടഞ്ഞ കണ്ണീര്‍ക്കണങ്ങള്‍ അവള്‍ തുടച്ച് കളഞ്ഞു. ദൂരെ വെളിച്ചത്തിന്റെ പൊട്ടുപൊടികള്‍ കാണുന്നുണ്ട്. അകലങ്ങളിലെ നക്ഷത്രങ്ങളോ നങ്കൂരമിട്ട കപ്പലുകളോ എന്ന് തിരിച്ചറിയുന്നില്ല.
"സമയം ഒരുപാടായ്. കുട്ടി പൊയ്ക്കോളൂ."
"ങ്‌ഹും... നേരം കുറേയായ്." അവള്‍ ശരി വെച്ചു.
"പേടിയുണ്ടോ ഒറ്റയ്ക്ക് പോകാന്‍? ഞാന്‍ തിരികെ കൊണ്ട് വിടണോ?"
"അപ്പോ ചേച്ചി....ചേച്ചിയെങ്ങോട്ടാ?" അവള്‍ അമ്പരപ്പോടെ ചോദിച്ചു.
"ഞാന്‍... ഞാനാ പാറക്കെട്ടുകള്‍ വരെ ..."
ഇത്തിരി ദൂരെയായ് കാണുന്ന, ഇരുട്ടിലൊളിച്ചിരിക്കുന്ന പാറക്കെട്ടുകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
"അവിടെ ... അവിടെയെന്താ ഈ നേരത്ത്..?"
അവര്‍ ആ ചോദ്യം പ്രതീക്ഷിരുന്നുവെന്ന് തോന്നുന്നു. വിടര്‍ന്ന ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
"എന്നെയും കാത്തൊരാള്‍ അവിടെ ഇരിപ്പുണ്ടാകണം."
‘ആര്?’ എന്നവള്‍ ചോദിച്ചില്ല. ചോദിച്ചാലും അവര്‍ മറുപടി പറഞ്ഞേക്കില്ലെന്ന് ജലജയ്ക്ക് തോന്നി. അവര്‍ മുന്നോട്ടേക്ക് നടന്നു. അവള്‍ പിറകെയും.

പാറക്കെട്ടുകള്‍ അടുക്കും തോറും തന്റെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിക്കുന്നത് ജലജ അറിഞ്ഞു. വിസ്മയകരമായ ഈ രാത്രിയില്‍ താനൊരാളെ കൂടെ കണ്ടുമുട്ടാന്‍ പോകുന്നു. കാറ്റിന്റെ ഗതിവിഗതികള്‍ക്കൊപ്പം അവളും നടന്നു നീങ്ങി.

"ഞാന്‍ പറഞ്ഞില്ലേ എന്നെ കാത്ത് ഇവിടെ ഇരിപ്പുണ്ടാകുമെന്ന്. അതാ നോക്കൂ..."
ഒരു കൊച്ചുകുട്ടിയുടെ ഭാവഹാവാദികളോടെ അവര്‍ ഉറക്കെ പറഞ്ഞു. കാതുകളില്‍ പതിഞ്ഞ് കിടക്കുന്ന വെളുത്ത മുത്തുള്ള സ്റ്റഡ് അവര്‍ക്ക് ഇപ്പോള്‍ നല്ല പോലെ ചേരുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി. നേര്‍മയുള്ള ആ ഇരുട്ടില്‍, ഇത്തിരി ഭയത്തോടെ അയാളെ അവള്‍ നോക്കി കണ്ടു. കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് കടലില്‍ ദൃഷ്ടിയുറപ്പിച്ച് ഒരു മനുഷ്യന്‍ ഇരിക്കുന്നു! കടുംനീല പാന്റും ഇന്‍‌ചെയ്യാതെ കിടക്കുന്ന, കോളര്‍ ബട്ടണ്‍ ഇല്ലാത്ത, വെള്ള ഹാഫ്‌കൈഷര്‍ട്ടും. നരച്ച് തുടങ്ങിയ കൃതാവ്, മീശ. മൂക്കിന്റെ വലത്ത് ഭാഗത്തായ് കറുത്ത മറുക്. കീശക്കുള്ളില്‍ നിന്നെത്തി നോക്കുന്ന കണ്ണടക്കവര്‍.
അവരുടെ വരവ് പ്രതീക്ഷിച്ചിട്ടെന്നോണം അയാള്‍ തിരിഞ്ഞു നോക്കി. അയാള്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചോ? അതോ തന്റെ തോന്നലണോ? ഇല്ല. തന്നെ അയാള്‍ കണ്ടിട്ടേ ഇല്ല എന്ന് ജലജയ്ക്ക് തോന്നി. അവരെ തന്നെ നോക്കി നില്‍ക്കുകയാണ് അയാള്‍. അവള്‍ അയാളേയും!
ഒരാണിന്റെ കണ്ണുകളില്‍ ഇത്രയേറെ വേദന ഇന്നേ വരെ കണ്ടിട്ടില്ല. ജലജ അറിയാതെ രവിയെ ഓര്‍ത്തു. അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ താന്‍ എന്നും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ചന്ദ്രേട്ടന്റെ സാന്നിദ്ധ്യത്തില്‍. നഗരത്തിലെ തിരക്കേറിയ ഷോപ്പിംഗ്‌മാളില്‍ വെച്ച് കുടുംബസമേതം അവസാനം കണ്ടപ്പോളും അവന്റെ കണ്ണുകളുടെ കാഴ്ചയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അവരുടെ കുശലം പറച്ചിലുകളില്‍ നിന്ന് താനിത്തിരി മാറി നിന്നെങ്കിലും, യാത്രാമൊഴിയോതവേ കണ്ണുകള്‍ അറിയാതെ കൊളുത്തി വലിച്ചതിന്റെ നൊമ്പരം ഇന്നും താനനുഭവിക്കുന്നു. വേര്‍പ്പാടിനിടയിലെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഓര്‍മ്മ അവളില്‍ മെല്ലെ ഒരു നെടുനിശ്വാസമായ് മാറി. കടല്‍ അതിനു താളം പിടിച്ചു.

അവര്‍ തിരിഞ്ഞു നിന്ന് അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പ്രണയത്തിന്റെ വിവിധവിതാനങ്ങള്‍ ഹൃദയത്തില്‍ കാക്കാനുള്ള സിദ്ധി, ദൈവം പെണ്ണിനു മാത്രം നല്‍കിയ വരം! സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രിയമായെതെന്തും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നമുക്കാകും. വിഷമിക്കാതിരിക്കൂ. രവിയുടെയും ചന്ദ്രന്റെയും നടുവില്‍ മനസ്സുലഞ്ഞു നില്‍ക്കുന്ന ജലജയെ ദൈവം കാണാതിരിക്കില്ല."
അവര്‍ മന്ദഹസിച്ചു. ആ ചിരിയില്‍ നിറയെ സ്നേഹമാണെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ കൊണ്ട് വിട പറഞ്ഞ് കൊണ്ടവര്‍ നടന്ന് നീങ്ങവേ അവള്‍ വിളിച്ച് ചോദിച്ചു.
"ചേച്ചീടെ പേര് പറഞ്ഞില്ല."
അവര്‍ തിരിഞ്ഞ് നിന്ന് അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു.
"നന്ദിത... നന്ദിത മേനോന്‍!"
അവര്‍ തിരിഞ്ഞു നടന്നു.

വരണ്ട മനസ്സുകളില്‍ നിന്ന് പുറത്തേക്ക് വരാനാകാതെ വാക്കുകള്‍ വിമ്മിഷ്ടപ്പെട്ടു നില്‍ക്കെ അവര്‍ അയാള്‍ക്കരികിലേക്ക് നീങ്ങി, ആ പാറപ്പുറത്തിരുന്നു. അയാളിലേക്ക് ചേര്‍ന്നിരിക്കുമ്പോള്‍ അവരില്‍ പ്രസന്നഭാവം തിരികെ വന്നത് പോലെ. അയാളുടെ തളര്‍ന്ന ശരീരത്തിലേക്ക് അവര്‍ തല ചായ്ച്ചു. കിഴക്കിന്റെ തെളിച്ചം പതുക്കെ കൂടുന്നുണ്ടായിരുന്നു.

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ പൂത്ത പോലെ, ചെമ്പകത്തിന്റെ സുഗന്ധം കടല്‍ക്കാറ്റില്‍ നിറഞ്ഞു.
നഷ്ടസ്മൃതികളുടെ വര്‍ണ്ണപ്പൊട്ടുകള്‍ കലര്‍ന്ന കന്യാകുമാരിയിലെ മണല്‍പ്പരപ്പിലൂടെ കയറി വന്ന കടല്‍ അവരുടെ കാലുകള്‍ തടവവെ, ആര്‍ത്തലച്ചടിക്കുന്ന തിരമാലകളുടെ ഉപ്പുരസം അവളറിഞ്ഞു.
തന്റെ നെഞ്ചിലെ ഭാരം കുറയുന്നതായ് ജലജയ്ക്ക് തോന്നി.

ജനലഴികള്‍ക്കിടയിലൂടെ വന്ന തണുത്ത കാറ്റിന്റെ തലോടലില്‍ അവള്‍ പതുക്കെ ഉണര്‍ന്നു. ഉദയാസ്തമയങ്ങള്‍ക്കിടയില്‍ നിലയ്ക്കാതെ തുടരുന്ന തിരയുടെയും തീരത്തിന്റെയും പ്രണയഭാവം മുഴുവനാവാഹിച്ച പോലെയുള്ള ആ സ്വരം അവളുടെ കാതുകളില്‍ മുഴങ്ങി.
"ഹലോ..."
"ഹലോ..."

ഹിന്ദുസ്ഥാനിരാഗത്തിന്റെ ആരോഹണാവരോഹണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ആ സംബോധന.
തിരമാലകളുടെ ഇരമ്പലിനൊടുവില്‍ പ്രളയമേഘങ്ങളോട് അനുഗ്രഹവര്‍ഷം പൊഴിയുവാന്‍ അപേക്ഷിക്കുന്ന ഗാനമുയരവെ, ‘മേഘമല്‍ഹാറിന്റെ‘ അവസാനടൈറ്റിലുകള്‍ ടി.വി.യില്‍ തെളിഞ്ഞു.

ബോധത്തിന്റെയും അബോധത്തിന്റെയും അവസ്ഥാന്തരങ്ങള്‍ക്കിടയില്‍ ‘മേഘമല്‍ഹാര്‍‘ തീര്‍ത്ത സ്വപ്നശകലങ്ങളില്‍ നിന്നുണരുവാന്‍ വിസ്സമ്മതിച്ച് കൊണ്ട് ജലജ കട്ടിലില്‍ മലര്‍ന്നു കിടന്നു. പുറത്ത്, പ്രതലം മറയ്ക്കുന്ന ഗഹനതയില്‍ മുത്തും പവിഴവും നിറച്ച കടല്‍, സമാഗമത്തിന്റെ ആഹ്ലാദവും വേര്‍പ്പാടിന്റെ വേദനയും നിറഞ്ഞ തനിയാവര്‍ത്തനം തുടര്‍ന്നു.

തന്റെ മനസ്സ് എന്നത്തേക്കാളുമേറെ ശാന്തമായെന്ന് ജലജയ്ക്ക് തോന്നി. കണ്ണനെ മനസ്സിലോര്‍ക്കാന്‍ അവള്‍ ശ്രമിച്ചു. അറിയാതെ ചന്ദ്രേട്ടനും രവിയും ഓര്‍മ്മയില്‍ തെളിയുന്നു. അവള്‍ മന്ദഹസിച്ചു. എന്നീട്ട് പതിയെ മനസ്സിലുരുവിട്ടു.
"നിന്നെ പ്രണയിക്കാതിരിക്കാനാകുന്നില്ല എന്നത് എന്റെ ദൌര്‍ബല്യമെങ്കില്‍, ആ ദൌര്‍ബല്യത്തെ ഞാനും പ്രണയിക്കുന്നു-മൌനമായ് !"


--------------------------------------------------------------------------------------------------
* കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന മലയാളചലച്ചിത്രത്തിലെ നായകകഥാപാത്രങ്ങള്‍.

Friday, August 24, 2007

ഓണചിന്ത

ഇക്കുറിയോണമൊടുങ്ങുമ്പോള്‍
പൂക്കളമെല്ലാമൊഴിയുമ്പോള്‍
കാക്കുക നെഞ്ചിനകത്തളത്തില്‍
വാടാതെ നില്‍ക്കുമൊരോണപ്പൂവ് !!!
- ദൃശ്യന്‍

Tuesday, August 07, 2007

ക്രെഡിറ്റ് കാര്‍ഡ്

"ബാംഗ്ലൂരെത്ത്യാ മോനേ?"
കല്പറ്റയില്‍ നിന്നാണ് അയാള്‍ കയറിയത്. കോറത്തുണി കൊണ്ടുണ്ടാക്കിയ വീര്‍ത്തു നില്‍ക്കുന്ന മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടും, തിരുമ്പിയിട്ട് കാലങ്ങളായ് എന്ന് വിളിച്ചോതുന്ന അഴുക്കുവസ്ത്രങ്ങളുമായ് അയാള്‍. അലസമായ് കിടക്കുന്ന, ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്കൂര്‍ന്നു കിടക്കുന്നു. ക്ഷൌരക്കത്തി മറന്നു പോയ മുഖരോമങ്ങള്‍. കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകള്‍ ചടച്ച ആ ശരീരത്തിന്റെ ഭാഗമേ അല്ല എന്ന് തോന്നിപ്പിച്ചു. ബസ്സിലെ മറ്റു വൃത്തിയുള്ള ശരീരങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് കൊണ്ട് അയാള്‍ക്ക് ചുറ്റും പഴകിയ വിയര്‍പ്പു നാറ്റം തളം കെട്ടി നിന്നു. അയാള്‍ ബസ്സില്‍ കയറി, തന്റെ സീറ്റിന്റെ അടുത്തുള്ള കമ്പികാലില്‍ ചാരി നിന്ന മുതല്‍ നഷ്ടമായ ഉറക്കം തിരിച്ചു പിടിക്കാന്‍ റാള്‍ഫ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ആ ചോദ്യം വന്നത്. അവന്‍ തെല്ലരിശത്തോടെ പറഞ്ഞു.
"ഇനിയുമൊരുപാട് സമയം എടുക്കും."
ബസ്സിനു മുന്നിലെ ചില്ലിലൂടെ കാണുന്ന അകലങ്ങളിലേക്ക് നോട്ടം പായിച്ചു കൊണ്ടയാള്‍ കമ്പിക്കാലില്‍ ചാരി നിലത്തേക്കിരുന്നു.
"ഓ... മതി. ഇനി തിരക്കില്ല."

Click here to download the PDF version of this post

റാള്‍ഫ് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും മായാതെ നില്‍ക്കുന്ന വെളിച്ചത്തെയും ലൈറ്റണയ്ക്കാത്ത ഡ്രൈവറെയും അവന്‍ ശപിച്ചു. പ്രൈവറ്റ് ബസ്സില്‍ സീറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ വണ്ടിയില്‍ കയറേണ്ടി വന്ന - എം.ബി.എ. കഴിഞ്ഞ തനിക്കു വെറുമൊരു മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ ജോലി തന്ന - തന്റെ ദൌര്‍ഭാഗ്യത്തെ പഴിച്ചു കൊണ്ട്, നല്ലതെന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഈ മാസത്തെ ടാര്‍ഗറ്റ് ലഭിക്കാത്തതിന് നാളെ ഏരിയാമാനേജറുടെ കയ്യില്‍ നിന്നും കിട്ടാന്‍ പോകുന്ന തെറികളുടെ വൈവിധ്യത്തെയും, തന്നെ കാണുമ്പോള്‍ മുഖം കറുക്കുകയും വഴി മാറി നടക്കുകയും ചെയ്യുന്ന നൂറുകണക്കിന് വരുംകാല കസ്‌റ്റമേഴ്സിനെയും അവന്‍ മറക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ മാസം വിറ്റു തീര്‍ന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തനിക്ക് സമ്മാനിച്ച കമ്മീഷന്‍ തുകയെ കുറിച്ചുള്ള ചിന്ത അവന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ത്തി.

ഒന്നുറക്കം പിടിച്ചു വന്നപ്പോഴേക്കും വണ്ടി ഒന്നു കുലുങ്ങിച്ചാടി. ഒരു വളവും തിരിഞ്ഞ് സഡണ്‍‌ബ്രേക്കിട്ട് നിന്നു.
"ബത്തേരി... ബത്തേരി... പത്ത് മിനിറ്റ് താമസമുണ്ട്. ചായ കുടിക്കേണ്ടവര്‍ക്ക് കുടിക്കാം. മൂത്രമൊഴിക്കേണ്ട‌വര്‍ക്ക് അതാവാം."
ചിലര്‍ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നീങ്ങി തുടങ്ങി. ഉറക്കം മുടങ്ങിയതിലുള്ള നീരസം പ്രകടമാക്കിയ മറ്റു ദേഹങ്ങള്‍ അനങ്ങിയില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് അവനിരിരുന്നു.
"ബാംഗ്ലൂരെത്ത്യാ മോനേ?"
എല്ലാ അസ്വാസ്ഥ്യങ്ങള്‍ക്കുമിടയില്‍ അയാള്‍ അതേ ചോദ്യവും കൊണ്ട് ഒരിക്കല്‍ കൂടി വന്നിരിക്കുന്നു. റാള്‍ഫ് അയാളെ രൂക്ഷമായ് നോക്കി.
"ബാംഗ്ലൂരെത്ത്യാ മോനേ?"
വീണ്ടും അതേ ചോദ്യം.
"ഇല്ല!!!"
കടുപ്പിച്ച് പറഞ്ഞു കൊണ്ട് അവന്‍ എഴുന്നേറ്റു.
"ഓ... മതി. ഇനി തിരക്കില്ല." അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു. കറ വീണ പല്ലുകളും കവിളൊട്ടിയ മുഖവും ആ ശ്രമത്തെ പിന്തുണച്ചില്ല.


"ഒരു കാപ്പി."
"കടി വല്ലതും വേണോ."
"വേണ്ട."
അകലെയല്ലാതെ കാണുന്ന ഇരുട്ട് പിടിച്ച കാടും, ഒരിക്കലുമുറങ്ങാത്തവയെന്ന് അവന് തോന്നിയ ചീവീടുകളുടെ മൂളലും, മെല്ലെ വീശുന്ന കാറ്റിന്റെ തണുപ്പ് ശരീരത്തിലേക്കടിച്ച് കയറുമ്പോള്‍ ഉള്ളിലൂടെയിറങ്ങുന്ന ചുക്കുകാപ്പിയുടെ ചൂടും സ്വാദും ! ഊതിയൂതി ആസ്വദിച്ചു കൊണ്ടവന്‍ കാപ്പി കുടിച്ചു.
മൂത്രപ്പുരയുടെ അടുത്തെത്തിയപ്പോള്‍ മൂക്കിലേക്കടിച്ച രൂക്ഷഗന്ധം, തല്‍ക്കാലം കാര്യം സാധിക്കേണ്ട എന്ന് തീരുമാനത്തിലെത്തിച്ചു. തിരിച്ച് ബസ്സില്‍ കയറി. ഭാഗ്യം! അയാളെ കാണുന്നില്ല. വരാതിരുന്നാല്‍ മതിയായിരുന്നു, ശവം! അവന്‍ ഉറങ്ങാനുള്ള വട്ടം കൂട്ടി.


"ഡോ കിഴവാ, ഇവിടെ കിടക്കാന്‍ പറ്റില്ല."
ഡ്രൈവറുടെ ആക്രോശം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. മനസ്സില്ലാമനസ്സോടെ തലയുയര്‍ത്തി നോക്കി. അയാള്‍ ബോണറ്റിനരികില്‍ കിടക്കുകയാണ്.
"തന്നോടല്ലേടോ പറഞ്ഞത്. ഇവിടെ കിടക്കാന്‍ പാടില്ല. വന്നേ വന്നേ, ഏണീറ്റേ അവിട്‌ന്ന്..."
കണ്ടക്ടറും രംഗത്തെത്തി. കിഴവന്‍ എണീക്കാന്‍ ഭാവമില്ല.
"ശ്ശെടാ, ഇത് വലിയ ശല്യമായല്ലോ. എടോ, എണീക്കെടോ."
"ഞാനിവ്‌ടെ കെടന്നാലെന്താ സാറേ?"
"ഇവ്‌ടെ ഇങ്ങനെ കെടന്നുറങ്ങാന്‍ പറ്റില്ല. അതോണ്ട് ഡ്രൈവര്‍ക്കാ ബുദ്ധിമുട്ട്.". കണ്ടക്ടര്‍ വിശദീകരിച്ചു.
"അത് ശരിയാ. നിങ്ങള്‍ ഉറങ്ങുന്നത് കണ്ടാല്‍ അയാള്‍ക്കും ഉറക്കം വരില്ലേ?"
ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തും തങ്ങളുടെ ജീവനെ തന്നെ ബാധിക്കാം എന്ന തിരിച്ചറിവുണ്ടായ ഒരു യാത്രക്കാരന്‍ വേഗത്തില്‍ ഇടപെട്ടു.
"അതിന് ഞാനുറങ്ങണില്ല സാറെ. എനിക്കുറക്കല്ല്യാണ്ടായിട്ട് ദെവസം കൊറ്യായി."
അയാള്‍ മെല്ലെ എഴുന്നേറ്റിരിന്നു. അത് ഡ്രൈവര്‍ക്ക് ബോധിച്ചില്ലെന്ന് തോന്നുന്നു. അയാള്‍ വണ്ടിയെടുക്കാനുള്ള ഭാവമില്ല.
"കക്ഷി നല്ല വെള്ളത്തിലാണോ?"
അടുത്ത സീറ്റിലെ യാത്രകാരനന്റെ വക അന്വേഷണം. റാള്‍ഫിന്റെ ക്ഷമ നശിച്ചു. ഈ നാശം കയറിയ മുതല്‍ക്ക് മെനക്കേടാ.
"അങ്ങോരവിടെ ഇരുന്നോട്ടെ. ഇങ്ങക്കെന്താ ചേതം? പോവാന്‍ നോക്ക് സാറേ. ഇപ്പഴേ വൈകി."
മുന്‍‌സീറ്റിലെ ചില യാത്രക്കാരും അതേറ്റ് പിടിച്ചെന്ന് തോന്നുന്നു. വണ്ടി സ്റ്റാര്‍ട്ടായി.
കണ്ണുകള്‍ അടയ്ക്കുമ്പോള്‍, അയാള്‍ തന്നെ നോക്കി നന്ദിപൂര്‍വ്വം ചിരിക്കുകയാണെന്ന് അവന്‍ മനസ്സിലാക്കി. ബസ്സ് വേച്ച് വേച്ച് നീങ്ങി തുടങ്ങി.


ഒരു ബഹളം കേട്ടാണ് അവന്‍ ഉണര്‍ന്നത്. ബസ്സിന്റെ മുന്നില്‍ നിന്നാണ് ശബ്ദഘോഷം.
"ങ്ങളോടല്ലേന്ന് മിണ്ടാതിരിക്കാന്‍ പറഞ്ഞത്.". ഡ്രൈവറുടെ ശബ്ദം അവന്‍ മയക്കത്തിനിടയില്‍ തിരിച്ചറിഞ്ഞു.
"ഒന്ന് പറ മോനെ, ബാംഗ്ലൂരെത്ത്യാ?"
"ഇതിപ്പോ നാലാമത്തെ പ്രാവശ്യാ ഞാന്‍ പറേണത്... എത്ത്യാ ഞാന്‍ പറ്യേലെ?"
"പൊടിയ്ക്കിത്തിരി വട്ടുണ്ടെന്നാ തോന്നുന്നേ."
കൂട്ടത്തില്‍ നിന്നൊരു അശരീരി ശബ്ദം. മുരണ്ട് കൊണ്ട് ബസ്സ് അതിവേഗം സഞ്ചാരം തുടര്‍ന്നു.


"ബാംഗ്ലൂര്‍... ബാംഗ്ലൂര്‍...ലാസ്റ്റ് സ്റ്റോപ്പ്... എല്ലാരും എറങ്ങ്വാ..."
ആദ്യമേ എണീറ്റ ആളുകള്‍ ധൃതിയില്‍ തങ്ങളുടെ ബാഗുകളും പെട്ടികളും എടുത്ത് തുടങ്ങി. ഉറക്കമുണര്‍ന്ന ആളുകള്‍ തങ്ങളുടെ ഊഴം കാത്ത് സീറ്റില്‍ തന്നെ ഇരുന്നു. വേറെ ചിലര്‍ തിടുക്കം കാട്ടി തിക്കും തിരക്കും തുടങ്ങി. പുറത്ത് യാത്രക്കാരെ ക്ഷണിച്ച് കൊണ്ട് ഓട്ടോക്കാരും ടാക്സിക്കാരും, മലയാളം കലര്‍ന്ന കന്നഡത്തില്‍ ബഹളം കൂട്ടി. അലങ്കോലമായ് കിടന്ന തലമുടി ചീകി കൊണ്ട് റാള്‍ഫ് എണീറ്റു.
മണി അഞ്ചരയായതേയുള്ളൂ. ബസ്സ് വരാന്‍ ആറു മണിയെങ്കിലുമാകും. നല്ല തണുപ്പ്. സിറ്റി ബസ്സ്‌സ്റ്റാണ്ടിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍ നിന്ന് കൊണ്ട് അവനൊരു സിഗററ്റിന് തീ കൊളുത്തി.. കഴുത്തിന് ചുറ്റും നല്ല വേദന. ഉറക്കം ശരിയാകാത്തത് കൊണ്ടുള്ള സുഖക്കേട് വേറെയും. അവന്‍ ആഞ്ഞാഞ്ഞ് വലിച്ചു.

"മോനേ..."
ആ ശബ്ദം. റാല്‍ഫ് ഞെട്ടിത്തിരിഞ്ഞു നോക്കി. പുഞ്ചിരിക്കാനുള്ള വൃഥാശ്രമവുമായ് അയാള്‍ വീണ്ടുമിതാ തന്റെ മുന്നില്‍! റാള്‍ഫിന് തന്റെ ഗതികേടിനെ വിശ്വസിക്കാനായില്ല. ഇങ്ങോര്‍ ഇവിടെയുമെത്തിയോ? ഇതിനെ പറ്റി പാടെ മറന്നിരിക്കുകയായിരുന്നു. ഇന്നത്തെ ദിവസം മോശമാകാതിരിക്കാന്‍ ഒരു വഴിയും കാണുന്നില്ല.
"നിങ്ങക്കെന്താ വേണ്ടത്?"
അയാള്‍ വലതു കയ്യിലിരുന്ന കവര്‍ അവന്റെ മുന്നിലേക്ക് നീട്ടി.
"ഈ വിലാസം ഏട്യാന്നൊന്ന് ..."
നീരസത്തോടെ അവന്‍ ആ കവറ് വാങ്ങി. അതിന് പുറത്ത് അവന്‍ ജോലി നോക്കുന്ന കമ്പനിയുടെ വലിയ ലോഗോ. ജിജ്ഞാസാപൂര്‍വ്വം അവന്‍ കവര്‍ തുറന്ന് നോക്കി. ക്രെഡിറ്റ് കാര്‍ഡിന്റെ മന്ത്‌ലി സ്റ്റേറ്റ്‌മെന്റാണ്. വര്‍ഷങ്ങള്‍ മുന്‍പുള്ള ഏതോ ഒരു തുക പെരുകി പെരുകി പേജിന്റെ മറുപുറത്ത് വലിയൊരു തുകയായ് നില്‍ക്കുന്നു. കടമെടുത്ത തുകയും, സമയത്തിന് അതടയ്ക്കാത്തതിനാലുള്ള പിഴയും, പിഴയടയ്ക്കാത്തതിനാല്‍ വന്ന പിഴയും, പിന്നെ വേറെ എന്തൊക്കെയോ കണക്കുകളും ചേര്‍ത്ത് വലിയൊരു കുടിശ്ശിക! തന്റെ മുന്നിലെ കടലാസില്‍ കാണുന്ന തുകയും ആ കടലാസുമായ് വന്ന മനുഷ്യനും തമ്മിലുള്ള പൊരുത്തക്കേടിന്റെ മുന്നില്‍ റാള്‍ഫ് അമ്പരന്നു നിന്നു. ഇതു വരെ അയാളോട് കാട്ടാത്തത്ര ആര്‍ദ്രതയോടെ അവന്‍ ചോദിച്ചു.
"ഇതാരുടെ ബില്ലാണ്?"
"ന്റെ ചെക്കന്റെ."
റാള്‍ഫിന്റെ ശ്രദ്ധ വീണ്ടും ആ സ്റ്റേറ്റ്‌മെന്റിലേക്ക് മാറി. വൃത്തിയില്‍ അച്ചടിച്ച ആ ബഹുവര്‍ണ്ണകടലാസിന്റെ ഏറ്റവും മുകളിലായ് കട്ടിയുള്ള അക്ഷരത്തില്‍ കുറിച്ച പേരില്‍ അവന്റെ കണ്ണുടക്കി - വിശ്വനാഥന്‍ വേലായുധന്‍!
അവന്‍ ആ പേര്‍ പതുക്കെ ഒന്നാവര്‍ത്തിച്ചു - വിശ്വനാഥന്‍ വേലായുധന്‍!

ഒരാഘാതമേറ്റ പോലെ റാള്‍ഫ് തന്റെ മുന്നില്‍ നില്‍ക്കുന്ന ആ വൃദ്ധനെ നോക്കി. ജീവനില്ലാത്ത കണ്ണുകളോടെ അയാള്‍ തന്നെ നോക്കി നില്‍ക്കുകയാണെന്ന് ഒരു ഞെട്ടലോടെ അവന്‍ മനസ്സിലാക്കി. നീണ്ട് കൂര്‍ത്ത അയാളുടെ മുഖത്തില്‍, സാധാരണതേതിലും വലിയ ആ ചെവികളില്‍, മുഖരോമങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന കവിളിലെ നുണക്കുഴികളില്‍ അവന്‍ മറ്റൊരു മുഖം തിരഞ്ഞു. അതില്‍, തന്റെ ആദ്യത്തെ ഉപഭോക്താവിന്റെ ഛായ അവന്‍ തിരിച്ചറിഞ്ഞു. വിശ്വനാഥന്‍ വേലായുധന്‍!!!

"വിലാസം അറ്യോ മോനേ?"
അയാളുടെ വിറയാര്‍ന്ന ശബ്ദം അവനെ ചുറ്റുപാടിലേക്ക് തിരിച്ചു കൊണ്ടു വന്നു.
"ആ... ഈ റോഡിന്റെ അപ്പുറം, ദാ ആ കാണുന്ന കറുത്ത ചില്ലിട്ട വലിയ കെട്ടിടമില്ലേ, അത് തന്നെ."
കുറച്ച് ദൂരെയായ് , ആകാശങ്ങളിലേക്ക് നോക്കി തലയുയര്‍ത്തി നില്‍ക്കുന്ന ആ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ അവന്‍ ചൂണ്ടി കാണിച്ചു. ആ കാഴ്ചയില്‍ എന്തോ ഓര്‍ത്തു നിന്ന അയാളുടെ മുഖത്ത് പതുക്കെ ദേഷ്യം ഇരമ്പി കയറവെ, റാള്‍ഫിന്റെ ചിന്തകള്‍ വാക്കുകളായ് പുറത്ത് വന്നു.
"ഇത് ... ഇത് ... നിങ്ങളുടെ മകനാണോ...?"
അതു വരെയുണ്ടായിരുന്ന ദേഷ്യം മനസ്സിലെ വിഷമത്തിന് വഴി മാറി. അത് അയാളുടെ മുഖത്ത് തെളിഞ്ഞു. അതേയെന്ന അര്‍ത്ഥത്തില്‍ അയാള്‍ മൂളി.
"ഈ ബില്ല്..?"
"അവന്‍ വര്‌ത്തി വെച്ച കടം. ആകെയുള്ള മോന്‍... പട്ടണത്തില്‌ പണി തേടി വന്ന മോന്‍... അവന്‍ വര്‌ത്തി വെച്ച കടം."
അയാളുടെ ശബ്ദം വല്ലാതെ വിറച്ചു തുടങ്ങി. സംസാരിക്കാന്‍ അയാള്‍ പ്രയാസപ്പെടുന്നതായ് അവന് തോന്നി. ബട്ടനുകള്‍ വേര്‍പ്പെട്ട് അലസമായ് കിടക്കുന്ന ഷര്‍ട്ടിനിടയിലൂടെ അഴുക്ക് പുരണ്ട നെഞ്ചില്‍ നീണ്ട നഖങ്ങളുള്ള കൈവിരലുകളോടിച്ച് ദുസ്സഹമായ വ്യഥയോടെ അയാള്‍ നിലത്തിരുന്നു.
"മോന്‍ ഇപ്പോ...?"
എന്തോ പറയാന്‍ അയാള്‍ ശ്രമിച്ചു. പറയാനാഞ്ഞ വാക്കുകളിലെ നൊമ്പരമോര്‍ത്ത് പറയാനാകാതെ അയാള്‍ ഒരു നെടുവീര്‍പ്പോടെ കണ്ണുകളടച്ചു.
ശ്വാസത്തിന്റെ താളം തിരിച്ചു കിട്ടിയപ്പോള്‍ അയാള്‍ - വല്ലാത്തൊരാവേശത്തോടെ - തുടര്‍ന്നു.
"ഈ പട്ടണം അവനെ നശിപ്പിച്ചു. അവന്റെ രാത്രികള്‍, പകലുകള്‍ ഇവിടെയുള്ളവര്‍ കട്ടു. അവന് കാശ് കൊടുത്ത് കൊടുത്ത് അവനെ കടക്കാരനാക്കി. കടം കൂട്യപ്പോള്‍ അവനെ പേടിപ്പിച്ചു. ഉപദ്രവിച്ചു. സഹിക്കാഞ്ഞ് ... ന്റെ മോന്‍ ന്റെടുത്ത് ഓടിയെത്തിയപ്പോള്‍ അവെടെയും അവരെത്തി. ഒടുക്കം, അവനെ കൊണ്ട് വേണ്ടാത്തത് തോന്നിപ്പിച്ച്.... നെല്ലിമലേന്റെ ചോട്ടീന്ന് ... ന്നെ ക്കൊണ്ടന്നെ ...ന്റെ മോന്റെ ശവം പെറ്‌ക്കിയെടുപ്പിച്ചു! ഇപ്പഴും.... ഇപ്പഴും ദാ അവന്റെ ശരീരത്തിന്റെ മണം..."
അയാള്‍ തന്റെ ശരീരം മണത്തു. മുഖം തോളിലമര്‍ത്തി പൊട്ടിക്കരഞ്ഞു.
തണുത്തുറഞ്ഞ നിശബ്ദത അവര്‍ക്കിടയില്‍ വേദനിച്ച് നിന്നു. ആ വേദന പതുക്കെ തന്നിലേക്ക് പകരുന്നതായ് റാള്‍ഫിന് തോന്നി.


കുറച്ച് സമയത്തിന് ശേഷം, ചിന്തകള്‍ ഒന്ന് ശമിച്ചപ്പോള്‍, റാള്‍ഫ് ചുറ്റും നോക്കി. അയാള്‍ അവിടെയില്ല! അവന്‍ ഏണീറ്റ് മുന്നോട്ട് നടന്നു. ബസ്സ് സ്റ്റാന്‍‌ഡിന് പുറത്തെത്തിയപ്പോള്‍, ദൂരെയായ് നടന്ന് നീങ്ങുന്ന അയാളെ കണ്ടു. കറുത്ത ചില്ലിട്ട ആ കെട്ടിടത്തെ ലക്ഷ്യമാക്കി, അയാള്‍ക്ക് പിറകെ അവനും നടന്നു.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

"നശിച്ചു പോട്ടെ! നീയും നിന്റെ മക്കളും നശിച്ച് പോട്ടെ!!!"
രണ്ട് കൈകളിലുമായ് കോരിയെടുത്ത മലം ആ കെട്ടിടത്തിന്റെ ഭിത്തികളില്‍ തേച്ച് പിടിപ്പിച്ച് കൊണ്ട്, വന്യമായ ഭാവത്തോടെ അയാള്‍ ഉറക്കെയുറക്കെ പറഞ്ഞു. വേച്ച് വേച്ച് നടക്കുന്ന നഗ്നമായ ആ ശരീരം ചുട്ടു പഴുത്ത ദേഷ്യത്താല്‍ വിറച്ചു.
"നശിച്ചു പോട്ടെ! നീയും നിന്റെ എല്ലാതും നശിച്ച് നശിച്ച് പോട്ടെ!!!"
കെട്ടിടത്തിന്റെ കറുത്ത ചില്ലുകളില്‍ അയാളുടെ വിസ്സര്‍ജ്ജനത്തിന്റെ മഞ്ഞ നിറം തിളങ്ങി നിന്നു. ഉദിച്ചുയരുകയായിരുന്ന സൂര്യന്റെ കിരണങ്ങള്‍ അതിന് മാറ്റ് കൂട്ടി.

ഒന്നു തടുക്കാന്‍ പോയപ്പോള്‍ കിട്ടിയ പ്രഹരത്തിന്റെ ഭീതിദമായ ഓര്‍മ്മ, ഒരിക്കല്‍ കൂടി അയാളെ തടുക്കുന്നതില്‍ നിന്നും സെക്യൂരിറ്റി ഗാര്‍ഡിനെ പിന്തിരിപ്പിച്ചു. കെട്ടിടത്തിന്റെ രണ്ടാം ഗെയിറ്റിനരികിലെ സെക്യൂരിറ്റിക്കാരെ വിളിക്കാന്‍ പോലും മറന്നു നിന്ന അയാള്‍ക്ക് പിറകില്‍, അപൂര്‍വ്വമായ ആ കാഴ്ച കാണാന്‍ നാലഞ്ച് വഴിയാത്രകാരും സ്ഥാനം പിടിച്ചു.

നടന്നതെല്ലാം ഒന്നോര്‍ത്തെടുക്കാനാകാതെ റാള്‍ഫ് സ്തംഭിച്ചു നിന്നു. കുറച്ച് മുന്‍പ്, കെട്ടിടമടുക്കും തോറും അയാളുടെ വേഗത വര്‍ദ്ധിച്ചത് അവന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ തന്റെ കയ്യിലെ ഭാണ്ഡം ശ്രദ്ധയോടെ ഒരരികില്‍ വെച്ച്, കാറ്റിന്റെ വേഗത്തില്‍ അയാള്‍ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുമെന്നും അവിടെയിരുന്ന് തന്നെ മലവിസര്‍ജ്ജനം നടത്തുമെന്നും ഭ്രാന്തമായ ചിന്തയില്‍ പോലും ആരും കരുതില്ലല്ലോ! ഉറക്കച്ചടവിലായിരുന്ന സെക്യൂരിറ്റിക്കാരനും ഒന്നും തന്നെ മനസ്സിലായി കാണില്ല. ഇത്ര നേരത്തെ ആയതിനാല്‍ ചുറ്റുവട്ടത്തൊന്നും പോലീസുകാരുമില്ല.

തന്റെ വിസര്‍ജ്ജനത്തിന്റെ ശേഷിപ്പുകള്‍ ആ കെട്ടിടത്തിലാകെ തന്നാല്‍ കഴിയും വിധം പകര്‍ത്തിയെന്ന് ബോദ്ധ്യമായപ്പോള്‍ അയാള്‍ നിലത്ത് വെച്ച ഭാണ്ഡത്തിനരികിലെത്തി. ലോലമായ എന്തോ ഒന്ന് കൈകാര്യം ചെയ്യുന്ന പോലെ പതിയെ തുറന്നു. ഒരു മണ്‍‌കലവും ഒരു പൊതിക്കെട്ടും എടുത്ത് പുറത്തേക്ക് വെച്ചു. അപ്പോള്‍ അയാളുടെ മുഖത്ത് കണ്ട ഭാവമാറ്റത്തില്‍ നിന്ന് ആ മണ്‍‌കലത്തിനുള്ളില്‍ എന്തായിരിക്കുമെന്ന് അവന്‍ ഊഹിച്ചു.

അയാള്‍ ഭാണ്ഡകെട്ടെടുത്ത് തിരിച്ച് കെട്ടിടത്തിനരികിലേക്ക് നടന്നു. തൊണ്ട പൊട്ടുമാറുറക്കെ നിലവിളിച്ച് കൊണ്ട് അയാള്‍ അത് മുകളിലേക്കെറിഞ്ഞു. അതിനുള്ളില്‍ നിന്ന് നോട്ടുകള്‍ കാറ്റിലേക്കിറങ്ങി. ചില്ലറകള്‍ നിലം പതിച്ചു.
"ഇന്നാ ഏട്‌ത്തോ... ന്റെ എല്ലാം നീ എടുത്തോടാ പിശാചേ... കൂര വിറ്റതും നെലം വിറ്റതും എല്ലാം... എല്ലാം നീയെടുത്തോ.... എന്നാലും എന്റെ മോനെ തിരിച്ചു തരാന്‍.....ആ...."
ഇത്ര നാളും ഉള്ളില്‍ സൂക്ഷിച്ച കണ്ണീരെല്ലാം അണപൊട്ടിയൊഴുകിയപ്പോള്‍, വല്ലാത്ത വേദനയോടെ അയാള്‍ കരഞ്ഞു. ഭാഷയും ഭാഷകള്‍ക്കതീതമായ കദനവും മനസ്സിലാകാത്ത ജനം മിഴിച്ചു നിന്നു.

മനസ്സിലെ വിങ്ങല്‍ ഒന്നടങ്ങിയപ്പോള്‍ അയാള്‍ ധൃതിയില്‍ എഴുന്നേറ്റ് ചുറ്റും നോക്കി. പൊതിക്കെട്ടെടുത്ത് കെട്ടിടത്തിന് മുന്നിലെ ഫൌണ്ട‌ന്‍‌ന്റെ അരികിലേക്ക് നടന്നു. അതിലേക്കിറങ്ങി അയാള്‍ മുങ്ങി. പലവട്ടം മുങ്ങി നിവര്‍ന്ന് ശവം നാറുന്ന തന്റെ ശരീരം ശുദ്ധിയാക്കി. അറപ്പ് കൊണ്ടോ ഭയം കൊണ്ടോ, ആരും അയാളെ തടുത്തില്ല.
കുളി കഴിഞ്ഞ്, പൊതിക്കെട്ടഴിച്ച് അയാള്‍ അലക്കിയ വസ്ത്രങ്ങള്‍ ധരിച്ചു. ചുറ്റുമുള്ളവരുടെ ശ്രദ്ധ അപ്പോള്‍ ചിതറി കിടക്കുന്ന നോട്ടുകളിലായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ കണക്കില്‍ കിട്ടാകടമായ് മാറിയ മകന്റെ ചിതാഭസ്മവുമായ് ആ അച്ഛന്‍ നടന്നു നീങ്ങി.
നടന്നതെല്ലാം മറക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു കൊണ്ട്, ഇനിയും പൂര്‍ത്തീകരിക്കാനാവാത്ത സെയില്‍‌സ് ടാര്‍ഗറ്റിന്റെ കണക്കുകളും, കസ്റ്റമേഴ്‌സിനായ് കമ്പനി നല്‍കുന്ന പുതിയ ഓഫറുകളുടെ മൂല്യങ്ങളും മനസ്സില്‍ ആവാഹിച്ച്, അവന്‍ ആ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി.

നഗരം ചലനം തുടര്‍ന്നു..
-------------------------------------------- ശുഭം --------------------------------------------

Monday, May 21, 2007

വേര്‍പാടിനിടയിലൊരു കൂടിക്കാഴ്ച

ചില പ്രണയങ്ങള്‍ - പ്രത്യേകിച്ചും മറക്കാനാകാത്ത പ്രണയങ്ങള്‍ - ഒരു ഗതികേടാണ് ...!
എത്ര ഒഴിഞ്ഞു മാറിയാലും, പരസ്പരം പിരിയാന്‍ തീരുമാനിച്ചാലും, പിരിഞ്ഞു കഴിഞ്ഞാലും, പ്രണയത്തിന്റെ ആ ഗതികേട് നമ്മെ വീണ്ടും പ്രണയത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും!

-------------------------------------------------------------------------------------------------------------------------------
ചിതറിക്കിടക്കുന്നാ കനവിന്റെ നൂലിഴകള്‍
നിനവാല്‍ തകരാതെ കാത്തു ഞാന്‍ വെയ്ക്കവേ,
കാലങ്ങള്‍ക്കപ്പുറം കണ്ടുമുട്ടി നാം
മാസങ്ങള്‍ വര്‍ഷങ്ങള്‍ എത്രയെന്നറിയാതെ.

നേര്‍ത്തൊരു മൌനത്തിന്‍ വല്‍മീകം പൂകി നാം
പരിചിതമല്ലാത്ത ചലനങ്ങള്‍ തുടരവേ,
നിനയാതെ കാഴ്ചകള്‍ കോര്‍ത്തപ്പോളെന്‍ മനം
കണ്‍കള്‍ മറയ്ക്കുവാന്‍ കാരണം തിരയവേ,
ഇനിയും ഉറങ്ങാത്ത പ്രണയത്തിന്‍ ഗതികേട്
നീ പോലും കേള്‍ക്കാതെ സംശയം ചോദിപ്പൂ-

“മറവിതന്‍ കല്ലറയ്ക്കുള്ളില്‍ പുതയ്ക്കാതെ
നീയെന്നെയെന്തിനായ് ഹൃദയത്തില്‍ വെയ്ക്കുന്നു?“


കരളുകള്‍ പിടയുന്ന വേദനയോര്‍ക്കാതെ,
നീ പോലും കേള്‍ക്കാതെ മറുപടി നല്‍കുന്നു-

“എത്ര വര്‍ഷങ്ങള്‍ മാറിമറഞ്ഞാലും (ഇപ്പോഴും)
എത്ര മനോഹരമാണവള്‍തന്‍ പ്രണയം
കൊല്ലങ്ങള്‍ മാത്രകളാക്കുമാ മോഹത്തെ
വെറുതെ ഞാനെന്തിനു തീര്‍ത്തും മറക്കണം?

[കേള്‍ക്കാത്ത വാക്കുകള്‍ക്കുണ്ടോ അര്‍ത്ഥങ്ങള്‍?
പറയാത്ത ആഗ്രഹങ്ങള്‍ക്കുണ്ടോ അവസാനം?!]

Friday, April 27, 2007

അന്യന്‍‌റ്റെ ഭാര്യ അഥവാ പരിണാമം


“ഹലോ”
“ഹലോ”
“ആ വിനയേട്ടാ, സുധിയാണ്. എന്തൊക്കെയുണ്ട് വിശേഷം? ഹൌ ആര്‍ യൂ?”
“ഞാനോ...? ഗ്രേറ്റ്!”
“ഇപ്പൊ ലക്ഷ്മി എന്നെ വിളിച്ചിരുന്നു.”
“ങ്ഹും”
“ഇന്നു രാവിലെ സൂര്യേച്ചി ലക്ഷ്മിയെ വിളിച്ചിരുന്നൂത്രേ.”
“ങ്ഹും”
“അവര്‍ ഒരുപാട് നേരം സംസാരിച്ചു. അവസാനം സൂര്യേച്ചി കുറേ കരഞ്ഞു.”
“ങ്ഹും”
“വിനയേട്ടാ, എന്താ പ്രശ്നം?”
“എന്ത് പ്രശ്നം?”
“എന്താ വിനയേട്ടന്റെ പ്രശ്നം?”
“എനിക്കെന്തു പ്രശ്നം?”
“കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും ചോദിക്കണമെന്നു വിചാരിച്ചു. കുറെ നാളായി ഞാനും ശ്രദ്ധിക്കുന്നു. വിനയേട്ടന്‍ ആകെ മാറിയിരിക്കുന്നു. ജോലി ചെയ്യുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ചിന്തിക്കുന്നത്.... എല്ലാം, എല്ലാം പഴയ വിനയേട്ടനെ പോലെ അല്ല. എന്തു പറ്റി, വിനയേട്ടാ? എനി പ്രോബ്ലം?“
“എന്തു പറ്റാന്‍? എനിക്കൊന്നും പറ്റിയില്ല.”
“ആരോടാ വിനയേട്ടാ പറയുന്നത്? എത്ര കാലമായി ഞാന്‍ വിനയേട്ടനെ കാണാന്‍ തുടങ്ങിയിട്ട്?”
“എത്ര കാലമായി?”
“ഇനി അതും ഞാന്‍ പറയണോ?”
“വേണ്ട.”
“പിന്നെ, എന്താ വിനയേട്ടന്റെ മനസ്സില്? ഇത്രയ്ക്കും മാറാന്‍ മാത്രം എന്താ സംഭവിച്ചത്? ലക്ഷ്മി പറഞ്ഞു സൂര്യേച്ചിയുടെ മുഖത്തു നോക്കി സംസാരിച്ചിട്ട് ആഴ്ചകളായി എന്ന്. എന്താ ഇതിനൊക്കെ അര്‍ത്ഥം? എന്താ സൂര്യേച്ചിയോട് സംസാരിക്കാന്‍ വിനയേട്ടന് ഇത്ര ഫോര്‍മാലിറ്റി? ”
“അന്യന്റെ ഭാര്യയോട് അധികം സംസാരിക്കുന്നതു ശരിയല്ലല്ലോ?”
“അന്യന്റെ .... അന്യന്റെ ഭാര്യയോ?.... സൂര്യേച്ചി...സൂര്യേച്ചി എങ്ങിനെയാ വിനയേട്ടന് അന്യന്റെ ഭാര്യയാകുന്നത്?”
“അത്... അത്....”
“എന്താ വിനയേട്ടാ... എന്തായാലും എന്നോട് പറയൂ...”
“അവളെങ്ങനെ അന്യന്റെ ഭാര്യയല്ലാതിരിക്കും?”
“എന്ത് ???”
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്... പിന്നെ അവളെങ്ങിനെ അന്യന്റെ ഭാര്യയാവാതിരിക്കും!!!”

വിനയേട്ടന്‍ ഫോണ്‍ വെച്ചത് സുധിയറിഞ്ഞു.

കളിയോ കാര്യമോ എന്ന് തിരിച്ചറിയാനാവാത്ത ആ വാ‍ചകത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ സുധി തിരയവേ, മറുവശത്ത്, ചേതനകളുടെ ഈ പരിണാമഘട്ടത്തിലും, വര്‍ഷങ്ങളായി ഉണര്‍ന്നിരിക്കുന്ന മോണിട്ടറിലെ ലക്ഷക്കണക്കിനു വരികളിലായി കിടക്കുന്ന ചലനമറ്റ കോഡുകളുടെ ഇടയിലൂടെ വിനയന്റെ ജീവസ്സുറ്റ കണ്ണുകള്‍ യാന്ത്രികമായി സഞ്ചരിച്ചു കൊണ്ടേയിരുന്നു.

Monday, April 09, 2007

പറയാതെ...

“ഈ നിമിഷം നാം മരിക്കുകയാണെങ്കില്‍, ഒന്നാലോചിച്ചു നോക്കൂ, എന്തൊക്കെയായിരിക്കും നമുക്ക് നഷ്ടപ്പെടുന്നത്?”
ഇടുങ്ങിയ ക്ലാസ്സുമുറിയില്‍ അവര്‍ മാത്രം അവശേഷിച്ചപ്പോള്‍ അവന്‍ അവളോട് ചോദിച്ചു.

പ്രകാശം തത്തി കളിക്കുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.
“മരണത്തെ കുറിച്ചേ നിനക്ക് പറയാനുള്ളൂ…?”
“മരണം സുന്ദരമല്ലേ? അതല്ലേ ഏറ്റവും സുന്ദരമായ കാല്പനികാനുഭവം? ദൈവം ക്രൂരനാണ്. അവന്‍ മനുഷ്യര്‍ക്ക് ആ അനുഭൂതി നല്‍കിയില്ല.”
“ദൈവത്തെ പഴിക്കരുത്. ആ അനുഭൂതിക്കായ് ദൈവവും കൊതിക്കുകയാവും.”
“ദൈവത്തിനും മോഹഭംഗങ്ങള്‍, അല്ലേ?”
“വിഷമിക്കണ്ട. മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹത്തീരങ്ങള്‍ വിളിക്കും എന്ന് മുന്‍പോരാള്‍ പാടിയിട്ടുണ്ട്.”
“തുടങ്ങി നീ അല്ലെ?”

അവന്‍ എപ്പോഴും ഒരു കാര്യത്തില്‍ അവളോട് പരിഭവിക്കുന്നു. അവന്‍ കവിതകളെ സ്നേഹിക്കുന്നു, അവള്‍ പഴയ സിനിമാഗാനങ്ങളേയും. അവള്‍ അതിനെ ‘സംഗീതത്തിന്‍‌റ്റെ മാസ്മരികത സ്പര്‍ശിച്ച കവിതകള്‍‘ എന്ന് വിളിക്കുമ്പോള്‍ അവന്‍ അതംഗീകരിക്കാറില്ല. പക്ഷെ അവനും അവയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എങ്കിലും അവന്‍‌റ്റെ മനസ്സില്‍ കവിതകള്‍ക്കായിരുന്നു എന്നും സ്ഥാനം.
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കവിതകള്‍!
ജീവിതത്തെ, അതിന്‍‌റ്റെ മൂല്യത്തെ, അതിന്‍‌റ്റെ നിസ്സാരതയെ, ഭാവതലങ്ങളെ എല്ലാം ഉള്‍കൊള്ളുന്ന കവിതകള്‍!
അവള്‍ക്കത് ‘ദഹിച്ചിരുന്നില്ലെങ്കിലും‘ അവനിലൂടെ അവളും അവയെ ഇഷ്ടപ്പെട്ടിരുന്നു.

“നാം മരിച്ചു കൊണ്ടിരിക്കും തോറും ഈ ഭൂമി കൂടുതല്‍ സുന്ദരമായി കൊണ്ടിരിക്കുകയാണ്. “
“നാം മരിക്കാതിരിക്കട്ടെ.”

അവര്‍ കമിതാക്കളാണെന്ന് തെറ്റിദ്ധരിക്കരുതേ!
അത് സത്യമല്ല, അസത്യവുമല്ല!
(ചില കാര്യങ്ങള്‍ അങ്ങനെയാണല്ലോ? ചിലപ്പോള്‍ സത്യം, ചിലപ്പോള്‍ അസത്യം! ലോകത്തില്‍ ഒന്നും സത്യമായ് നിലകൊള്ളുന്നില്ല. ഒന്നും അസത്യമായ് ഭവിക്കുന്നുമില്ല!)

ഇത് അവര്‍ പരിചിതരായിട്ട് അഞ്ചാം വര്‍ഷം.
ഈ അഞ്ചു വര്‍ഷക്കാലം അവന്‍ അവളെ മൌനമായ് സ്നേഹിക്കുന്നു. അവള്‍ അവനെ ഹൃദയത്തില്‍ വെച്ചാരാധിക്കുന്നു. ഒരിക്കലും ആ വിഗ്രഹത്തെ അവള്‍ വാക്കുകളാല്‍ തകര്‍ത്തിരുന്നില്ല. അവള്‍ സ്വതവേ മൌനിയായിരുന്നു. കണ്ണുകളില്‍ വിഷാദവും പ്രകാശവും ഇടകലര്‍ത്തിയവളായിരുന്നു. ആ വിഷാദത്തില്‍ അവന്‍ കവിതകള്‍ കണ്ടു; ആ പ്രകാശത്തില്‍ ജീവിതവും!

ആ സ്നേഹബന്ധം ഇന്നും ആ രണ്ടു ഹൃദയങ്ങളില്‍, ഉള്ളിന്‍‌റ്റെ ഉള്ളില്‍, ഒരു നൊമ്പരമായ് അവശേഷിക്കുന്നു.


“ഇന്നു നാം പിരിയുന്നു.”
“ചിലപ്പോള്‍ എന്നെന്നേക്കുമായ് ഒരിക്കലും കാണാതിരിക്കാം. ചിലപ്പോള്‍ ഈ വിശാലമായ ലോകത്ത് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം.”
“അന്ന് നിന്‍‌റ്റെ മുഖത്ത് ഒരു പുഞ്ചിരി കരുതണേ.”
“ഈ മനസ്സില്‍ പുഞ്ചിരികള്‍ ഞാന്‍ സൂക്ഷിച്ച് വെയ്ക്കും.”

അവന്‍ വാക്കുകള്‍ക്ക് കടിഞ്ഞാണിട്ടു. അവ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. അപകടം!

“ഏതാള്‍ക്കൂട്ടത്തിനിടയിലും നീ എന്നെ തിരിച്ചറിയുമോ?”
“ഈ കണ്ണൂകളിലെ പ്രകാശം ഞാന്‍ മറക്കുകില്ല.”
ഒന്നു നിര്‍ത്തിയിട്ടവന്‍ തുടര്‍ന്നു.
“ഞാന്‍ ഇരുട്ടിനെ ഭയക്കുന്നു.”
“പേടിത്തൊണ്ടന്‍!”
“കോമ്പ്ലിമെന്‍‌റ്റിനു നന്ദി!”
“സൂക്ഷിച്ചു വെയ്ക്കുക.”
“തീര്‍ച്ചയായും.”
അവര്‍ മൌനം പൂകി.

ഈ നിമിഷം നാം മരിച്ചാല്‍….?

ആ വാക്കുകള്‍ അവരുടെ മനസ്സില്‍ മുഴങ്ങുകയാണ്. നഷ്ടപ്പെടുന്നവ വിലപിടിപ്പുള്ളതാണോ?
ഹൃദയത്തിന്‍‌റ്റെ അടിത്താട്ടില്‍ ഒളിഞ്ഞു കിടക്കുന്ന മോഹങ്ങള്‍, അവയുടെ നൊമ്പരങ്ങള്‍…
എല്ലാം നഷ്ടപ്പെടുകയില്ലേ?
മനസ്സിലെ നൊമ്പരങ്ങള്‍ മരണത്താല്‍ മറക്കുന്നതിനേക്കാള്‍ സുഖം അവയെ താലോലിക്കുന്നതാണ്. ഹൃദയത്തിന്‍‌റ്റെ പിടച്ചിലിനുമുണ്ട് ഒരു മധുരം!

അവളുടെ കണ്ണുകളില്‍ അവന്‍ നോക്കി. അവന്‍‌റ്റെ മനസ്സ് പിടഞ്ഞു. ആ പിടച്ചിലിന്‍‌റ്റെ നോവ് അവന്‍‌റ്റെ ഹൃദയത്തില്‍ കവിതയായി.

നിന്‍‌റ്റെ കണ്ണൂകളില്‍ കവിത വിരിയുമ്പോള്‍,
എന്‍‌റ്റെ അക്ഷരങ്ങളെ ഞാനകറ്റി നിര്‍ത്തുന്നു
കാരണം,
*‘സാഹിത്യത്തിലെ ആ ഏകാന്തപഥിക‘യെ പോലെ
ഒരു ആമയാണ് ഞാന്‍,
അംഗങ്ങള്‍ ഉള്‍ഭയത്താലുള്‍വലിയുന്ന ആമ.

അവന്‍ നാവിനെ അടക്കി നിര്‍ത്തി.
അവളുടെയും വിചാരങ്ങള്‍ അതു തന്നെയാണെന്ന് അവനറിഞ്ഞിരുന്നില്ല. അവനങ്ങനെ വിചാരിക്കുമെന്നു അവള്‍ കരുതിയതുമില്ല!

മണിയടിശബ്ദം വരാന്തയിലൂടെ അവര്‍ക്കരികിലെത്തി.
അവന്‍ എഴുന്നേറ്റു.
അവള്‍ കസേരയില്‍ ഒന്നു കൂടി അമര്‍ന്നിരുന്നു.
“വരട്ടെ.”
“കഴിഞ്ഞാല്‍, ഇനിയും കാണാം.”
“ഈശ്വരഹിതം!”
“കവിതകളെഴുതുക. താളുകളില്‍ സൂക്ഷിക്കാതെ അവയ്ക്ക് ശാപമോക്ഷം നല്‍കുക.”
കണ്ണുകളാല്‍ വിട ചൊല്ലി അവന്‍ തിരിഞ്ഞു നടന്നു.
അവന്‍‌റ്റെ നോട്ടത്തില്‍ നിന്നൊഴിഞ്ഞു മാറി അവള്‍ കസേരയില്‍ നിന്നെഴുന്നേറ്റു.

അവന്‍ വാതില്‍ കടന്ന് തിരിഞ്ഞപ്പോള്‍ അവള്‍ എതിര്‍വശത്തേക്ക് നടന്നു.

ഒരു വിളിക്കായ് കാതോര്‍ത്ത് ഇരുവരും നടന്നകലുമ്പോള്‍ ചക്രവാളത്തില്‍ ഒരു പുഷ്പം മെല്ലെ കൊഴിയുന്നു!

---------------------------------------------------------------------
*രാജലക്ഷ്മിയുടെ ‘നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന കവിതയെ കുറിക്കുന്നു

Thursday, March 15, 2007

പറയാത്ത വേദന


അറിയാതെ പോയ ഒരു മനസ്സ് പതിയെ അകലുമ്പോള്‍, ആരും കാണാതെ ഒരു നെടുവീര്‍പ്പ് !


കരിമണികണ്‍കളില്‍ തിളക്കവും കണ്ടീല

കരിവളകൂട്ടത്തില്‍ കിലുക്കവും കേട്ടീല

ചിരിക്കുവാനാകാതെ ചിരിക്കുന്ന ചുണ്ടുകളില്‍

പറയുവാനാകാത്ത ഒത്തിരി കാര്യങ്ങള്‍

വായിപ്പൂ ഞാന്‍ സഖേ, കേള്‍പ്പൂ നിന്‍ പിന്മൊഴി.

എത്ര നാള്‍ കാണ്‍കിലും എത്ര വാക്കോതിലും
ചൊല്ലുവാനാകില്ല
, നിന്നെ അറിയിക്കാനാകില്ല
കരളുകള്‍ കൊത്തിപ്പറിക്കെ ഞാനറിയുമീ വേദന!
എതോ കാണാക്കരങ്ങളെന്‍ സ്വപ്നത്തിന്‍
‍ചിറകുകള്‍ അരിയവേ ഞാനറിയുമീ വേദന!

ഒരു മയില്‍പ്പീലി പോല്‍ ആകാശച്ചെരിവു പോല്‍
ചേലൊത്ത ഓര്‍മ്മകള്‍ അന്യമായ് തീരവേ,
ആത്മാവിന്നാഴത്തില്‍ ആരാരും കാണാത്ത,
ഏതൊരറിവിനും മീതെയായ് ഞാനറിയുമീ വേദന!

ഇനിയും പറയുവാനാകാത്ത ഒത്തിരി കാര്യങ്ങള്‍
‍അറിയുന്നു ഞാന്‍ സഖേ, കേള്‍പ്പൂ നിന്‍ പിന്മൊഴി.

Sunday, March 11, 2007

രണ്ടു തവളകള്‍

സ്കൂള്‍ ജീവിതകാലത്ത് പാടി പാടി നടന്നൊരു പാട്ട്, ഒത്തിരി കാലത്തിന് ശേഷം കേട്ടപ്പോള്‍, ആ വരികള്‍ വെറുതെ ഒന്നു പോസ്റ്റണം എന്ന് തോന്നി. മയങ്ങി കിടക്കുന്ന, നിങ്ങളുടെ ചില ഓര്‍മ്മകളെ ഇതുണര്‍ത്തുമെങ്കില്‍, ഞാന്‍ ഹാപ്പി!!!! നിങ്ങളുടെ കുട്ടികളെ പാടി കേള്‍പ്പിച്ചാല്‍ അവരും ഹാ‍പ്പി ആകുമായിരിക്കും, അല്ലേ?
(
ഇതിന്റെ പേരില്‍ കോപ്പിറൈറ്റ് ലംഘനമെന്ന് ബോര്‍ഡും പിടിച്ച് ആരും ഇങ്ങു വന്നേക്കരുത്,
പറഞ്ഞേക്കാം!!!)
“കൊടിയ വേനല്‍ക്കാലം...“ ഇവിടെ കേള്‍ക്കാം

രണ്ടു തവളകള്‍


കൊടിയ വേനല്‍ക്കാലം
കുളങ്ങള്‍ വറ്റിയ കാലം

കുതിച്ചും ചാടിയും രണ്ടു തവളകള്‍

കുണ്ടുകിണറ്റിന്നരികില്‍ വന്നു

ദാഹനീരിനായ് ദാഹനീരിനായ്

തുള്ളി വെള്ളം കണ്ടു തവളകള്‍
തുള്ളി തുള്ളി ചാടി

മൂത്ത തവള പറഞ്ഞു
അനിയാ
മുങ്ങാംകുഴികളിടാം ചാടാം ഒന്നിച്ചു ചാടാം

ഉള്ള വെള്ളം മുഴുവന്‍ നമ്മുടെ സ്വന്തമാക്കാം
നമ്മുടെ സ്വന്തമാക്കാം

ഒന്നു ചിന്തിച്ചിളയ തവളയും
വിക്കി വിക്കി പറഞ്ഞു

വേണ്ട ചേട്ടാ വേണ്ട വെറുതെ

കുഴപ്പം കാട്ടരുതെ ചാകാന്‍ ഒരുങ്ങിടല്ലേ

വെയില്‍ തുടര്‍ന്നാല്‍ കിണര്‍ വരണ്ടാല്‍

ഗതിയെന്താകും നമ്മുടെ ഗതിയെന്താകും

Saturday, March 10, 2007

അക്കരെ നിന്നൊരു ഫോണ്‍വിളി

(വെറുതെ ഒരു പോസ്റ്റ്)

ചെങ്കടലില്‍ കുളിച്ചു കുട്ടപ്പനായ് ദിനകരന്‍ വന്നതറിയാതെ, വീക്കെന്റുകളുടെ മാനം കളയരുതെന്നു നിര്‍ബന്ധബുദ്ധിയുള്ള അവന്‍‍, തന്റെ പ്രേമസര്‍വ്വസ്വത്തെ സ്വപ്നം കണ്ട്, ചിരിച്ചു കൊണ്ട്, കമ്പിളിപുതപ്പിനുള്ളിലെ സുഖമുള്ള ചൂടില്‍ മയങ്ങുകയായിരുന്നു. പുലരും വരെയുള്ള ശീട്ടുകളിയെ കുറിച്ചുള്ള ദു:സ്വപ്നങ്ങള്‍ അലട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചു തീര്‍ന്നില്ല, അപ്പോഴേക്കും ഉറങ്ങുന്നവരുടെ(യും) നിത്യശത്രുവായ ക്ഷുദ്രജീവി ചിലച്ചു തുടങ്ങി. ഒരു കൈ മാത്രം കമ്പിളിക്കു പുറത്തേക്ക് നീട്ടി കൊണ്ട് അവനെയെടുത്തു.


ഹലോ...

കഴിഞ്ഞ എട്ട് കൊല്ലമായ് കര്‍ണ്ണങ്ങള്‍ക്കമൃതായ ആ ശബ്ദം, മൈലുകള്‍ക്കപ്പുറത്തു നിന്നു തുടങ്ങി ഏതെല്ലാമോ ചാലകങ്ങളിലൂടെ തുടര്‍ന്ന തന്റെ യാത്ര, അവന്റെ കാതുകളില്‍ അവസാനിപ്പിച്ചു. ഉടനെ അടഞ്ഞ് തന്നെ കിടന്നിരുന്ന കണ്ണുകള്‍, സീറോ വാള്‍ട്ട് ബള്‍ബില്‍ ഹൈ-വോള്‍ട്ടേജ് കടന്നാലെന്ന പോലെ തുറന്നു.


പറ മോളൂ...

പുന്നാരം വേണ്ടാ... ഇന്നലെ ഷോപ്പിങ്ങ് വല്ലതും നടത്തിയോ എന്ന് ആദ്യം പറ
?”

അവന്റെ നാവില്‍ നിന്ന് ഉടനെ താളത്തില്‍ വന്നു ഒരു സംഗതി (നിമിഷകവി ആയാലുള്ള ഒരു ഗുണമേ) :


ഇവിടുത്തെ പണി തീര്‍ത്ത് മേയിലോ ജൂണിലോ

വജ്രം പതിച്ചൊരു മാലയും മുല്ലപ്പൂ-

മണമുള്ള അത്തറും ഓവനും മേത്തിട്ടാ-

ലിക്കിളി കൂട്ടുന്ന ഡ്രസ്സുമായ് ഞാന്‍ വരും


നമ്മുടെ പ്രണയം തളിര്‍ത്തൊരാ കാലത്തായ്

ഒന്നിച്ചു പാടിയ പാട്ടുകള്‍ മൊത്തത്തില്‍

കേട്ട് കേട്ട് ഓര്‍ത്തോര്‍ത്തിരിക്കുവാനായൊരു

ഓഡിയോ സിസ്റ്റവും കൊണ്ട് ഞാന്‍ വന്നിടും


* അഞ്ചിലും പിന്നൊയോരൊന്നിലും കൂടിയായ്

നിര്‍ത്താതെ ഗാനങ്ങള്‍ പാടുന്നൊരാ കൊച്ചു-

കുന്ത്രാണ്ടം വായുവില്‍ വീഴാതെ നിര്‍ത്തുവാന്‍

മൊഞ്ചുള്ള അഞ്ചാറു കൂടുകള്‍ പണിയുവാന്‍

ആശാരിയോടു നീ തഞ്ചത്തില്‍ ചൊല്ലണം

* 5.1 music system


മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീ

പലവകചില്ലറ ജംഗമവസ്തുകള്‍ തന്നുടെ

ഡീറ്റൈല്‍‌സും ചോദിച്ചു പാവം നിന്‍‌റ്റച്ഛന്‍‌റ്റെ

ഐ.എസ്.ഡി കാശൂടെ വെറുതെ കളയണ്ട.മനസ്സിലായോടീ പോത്തെഎന്നു കൂടി ചേര്‍ത്ത് പറഞ്ഞു കൊണ്ട് അവന്‍ ഫോണ്‍ വെച്ചു, ധൃതിയില്‍ കൂടണഞ്ഞു.


വാല്‍കഷ്ണം:

‘ഇന്നല്ലെങ്കില്‍ നാളെ ഇതിനു തക്ക മറുപടി കിട്ടാതിരിക്കില്ല‘ എന്നോര്‍ക്കാതെ അവന്‍ കൂര്‍ക്കംവലി ഉച്ഛസ്ഥായിയില്‍ തുടര്‍ന്നപ്പോള്‍, “മുന്‍പ് അവന്റെ കീശയിലും, പക്ഷെ ഇപ്പോള്‍ എന്റെ കീശയിലുമായ ദിനാറുകള്‍“ കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന എന്റെ ചിന്ത തുടര്‍ന്ന്, ഞാനും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

Monday, March 05, 2007

യഹൂ‍ൂ‍ൂ‍ൂ.... ഞാനും പ്രതിഷേധിച്ചൂ...

യാഹൂവിന്‍‌റ്റെ ചോരണമാരണത്തില്‍ പ്രതിഷേധം.
http://kariveppila.blogspot.com/2007/03/protest-against-plagiarisation-of-yahoo.html

(ലോഗോ- കടപ്പാട് - ഹരീ)
കഥ ഇതു വരെ

Tuesday, February 20, 2007

അറിവിന്‍ പ്രകാശം

തിരയുന്നു ഞാന്‍ നിന്നെ വാചകക്കൂട്ടത്തില്‍
പൊരുളിന്റെ പൊരുളൂറും അക്ഷരക്കൂട്ടത്തില്‍
ഇരുളില്‍
, എന്നേകാന്തവഴികളില്‍ നിന്നുടെ
ഭാവനാമണിനാളം തെളിയ്ക്കുവാനായില്ലേ
?

എത്രയോ ഗ്രന്ഥങ്ങളതിലെത്രയോ താളുകള്‍
എത്രയോ ചിന്തകള
,തുതിര്‍ക്കും തരംഗങ്ങള്‍
ക്ഷരമാകാ വേദത്തിന്‍ സത്താകും ഋക്കുകളിന്‍
ജ്ഞാനേ വിചാരേ പൊലിയും മനസ്സുകള്‍

ഇനിയെത്രയായിരം മന്വന്തരങ്ങള്‍ ഞാന്‍
അലയേണ്ടു ബഹുദൂരമീ തീരാവഴികളില്‍
നിന്നെയും തേടി നിന്നാലയം തേടി
,യെന്‍
ആത്മാവില്‍ നിറയുന്ന അറിവിന്‍ പ്രകാശമേ!!!

Monday, February 19, 2007

പ്രവാസം കൊതിച്ചവന്‍

Click here to download the PDF version of this post

ഒഴിഞ്ഞ മദ്യക്കുപ്പികളുടെ മുന്നില്‍, ഉറക്കം മയങ്ങി കിടക്കുന്ന കണ്ണുകളും, തീരുമാനത്തിലെത്താനാവാത്ത കുറെയേറെ ചിന്തകളുള്ള മനസ്സുമായ്, ബോംബെയിലെ ഗലികള്‍ക്കുള്ളിലുള്ള ഒരു ഗലിയിലെ ആ ഹോട്ടല്‍മുറിയില്‍ അവരിരുന്നു.

ആരാണീ അവര്‍?

പിസാഹട്ടിലെ ഒരു കോര്‍ണര്‍ടേബിളില്‍ നരന്റെ അരികില്‍ ഇരിക്കുകയായിരുന്ന സായ ചോദിച്ചു.

കേരളത്തിലെ ഒരു വടക്കന്‍ജില്ലയില്‍ നിന്നുള്ളവരായിരുന്നു അവര്‍ മൂന്നു പേര്‍. ഒരേ നാട്ടുകാര്‍. ‌‌‌‌‌-- യുടെ തടിമില്ലില്‍ ഒരുമിച്ചു പണി ചെയ്തവര്‍. ഇപ്പോള്‍ഗള്‍ഫിലേക്ക് പോകാനായ് ബോംബെയിലെത്തിയവര്‍.

ഓകെ. എന്താ അവരുടെ പേര്?”

പേര്... പേര് വേണമെന്നു നിര്‍ബന്ധമാണെങ്കില്‍അവരെ നമുക്ക് തല്‍ക്കാലം ’, ‘’, ‘എന്ന് വിളിക്കാം.

ങ്‌ഹും....ശരി.. എന്നീട്ട്...

ഇത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കാത്ത മദ്യത്തിന്റെ ഷണ്ഡത്തത്തെ കുറിച്ചായിരുന്നു ചിന്തിച്ചത്. നികുതിദായകരുടെ പോക്കറ്റ് കാലിയാക്കുന്ന ഇത്തരം മദ്യം നിറുത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തുടങ്ങിയ ചിന്ത, ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയാലുടനെ നാട്ടിലെ ക്ലബ് മുഖേന സ്ഥലം എമ്മെല്ലേയ്ക്ക് കൊടുക്കേണ്ട നിവേദനത്തിന്റെ കരടുരേഖയിലെത്തി നില്‍ക്കുമ്പോളാണ് ചോദിച്ചത്.

അപ്പോ എന്താ നമ്മുടെ തീരുമാനം?”

സ്വതേ മൌനിയും, കള്ള് - അതെന്തു നിറത്തിലും മണത്തിലും ഗുണത്തിലുമായാലും - കുടിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ മൌനിയാകുന്ന ’, കണ്ണ് മിഴിച്ച് യെ നോക്കി. മറ്റുള്ളവരില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാഞ്ഞതിനാല്‍തുടര്‍ന്നു.

നമ്മളിങ്ങനെ ഒന്നും മിണ്ടാതെയിരുന്നിട്ട് കാര്യമില്ല. സമയം പുലരാറായി. എന്തെങ്കിലും തീരുമാനം എടുത്തേ പറ്റൂ?”
വീണ്ടും ആരും പ്രതികരിച്ചില്ല. ഒഴിഞ്ഞ മദ്യക്കുപ്പി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന യെ നോക്കി ചോദിച്ചു.

“......, നീയെന്തു പറയുന്നു? നിനക്ക് .... നിനക്ക് കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലല്ലോ?”

കുപ്പിയില്‍നിന്നു തലയുയര്‍ത്തി യെ നോക്കി. അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ആത്മാവിലെന്തോ ആവേശിച്ചത് പോലെ, കുപ്പി ഉറക്കെ നിലത്ത് അടിച്ചുടച്ച് കൊണ്ട് അവന്‍അലറി.

പിന്നെ എന്റെ പെങ്ങന്മാരെ നീ കെട്ടിച്ചു വിടുമോടാ....?

ഒന്നും മിണ്ടിയില്ല. നിലത്തു വീണ കുപ്പിച്ചില്ലുകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട്, ഒന്നും മിണ്ടാതെ ഇരുന്നു.

അസുഖകരമായ മൌനം അവര്‍ക്കിടയില്‍വിറങ്ങലടിച്ചു നിന്നു.

നിലത്ത് നിന്നെഴുന്നേറ്റ് കട്ടിലിലേക്കിരുന്നു. തമ്മില്‍ തമ്മില്‍ നോക്കാനാവാതെ നിലത്തിരിക്കുന്ന യെയും നെയും നോക്കി.

ഇനിയും മൌനമവലംബിച്ചിട്ട് കാര്യമില്ലെന്ന് ‘ഇ’യ്ക്ക് തോന്നി. യുടെ നോട്ടം തന്നിലേക്കാണ് നീളുന്നതെന്ന് മനസ്സിലാക്കിയ പറഞ്ഞു.

എന്നോട് ചോദിക്കണ്ട. വീട്ടുകാരറിയാതെ വീടിന്റെ ആധാരം പണയം വെച്ചത് പോരാഞ്ഞ് ഭാര്യേടേം മക്കള്‍ടേം മേത്തെ ലാസ്റ്റ് തരി പൊന്നു പോലും വിറ്റാ ഇത്രയും ....... എനിയ്ക്കാവില്ലാ‍...

ദയനീയതയോടെ യെ നോക്കി. ആ നോട്ടം താങ്ങാനാവാതെ പറഞ്ഞു.

പിന്നെ നമ്മളെന്തു ചെയ്യും??? ആകെ രണ്ടു വിസയേ ശരിയാക്കാനാവൂ എന്ന് ആ ഏജന്റ് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? നമ്മളിലൊരാള്‍ഒഴിഞ്ഞേ പറ്റൂ...!!!

ആ ഒരാള്‍ ആരെന്ന ചോദ്യത്തോടെ അവന അവര്‍ രണ്ട് പേരെ നോക്കി, അവര തിരിച്ച് അവനേയും! അവരെ രണ്ട് പേരെയും നോക്കാതെ, ഒഴിഞ്ഞ ഒരു സോഡാക്കുപ്പി ഉരുട്ടി കളിച്ചു കൊണ്ട് നിലത്തിരുന്നു.

പരസ്പരം ഒരു വാക്കുമുരിയാടാന്‍ ധൈര്യമില്ലാതെ അവര്‍ ആ ഹോട്ടല്‍മുറിയിലെ പുഴുങ്ങുന്ന ചൂടില്‍ഇരുന്നു.

-------------------------------------------------------------------------------------------------‌‌‌‌‌‌‌

എനിക്ക് വിശക്കുന്നു.

പറഞ്ഞു. ആരും മറുമൊഴി നല്‍കിയില്ല.

എനിക്ക് വല്ലതും കഴിക്കണം... ആരെങ്കിലും വരുന്നോ?”

വീണ്ടും മറുപടി ഒന്നും കാണാഞ്ഞതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ് അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.

കഴിക്കണമെന്നു പറഞ്ഞു പുറത്തേക്കിറങ്ങിയെങ്കിലും, ‘നേരെ നടന്നത് ഗലിക്കപ്പുറത്തുള്ള കടല്‍ക്കരയിലേക്കായിരുന്നു. തുടരെ തുടരെയുയര്‍ന്നു വന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ചിതറിക്കിടക്കുന്ന ചിന്തകള്‍ക്കിടയില്‍ തിരഞ്ഞു കൊണ്ട്, ഒരിക്കലും ശാന്തമാകാത്ത ആ കടല്‍ക്കരയില്‍ അശാന്തമായ മനസ്സുമായ് കിടന്നു.


നിമിഷങ്ങള്‍ മണിക്കൂറുകളായി. ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് എഴുന്നേറ്റു. കൂട്ടുകാരാണ്. വിശപ്പ് കൂടിയപ്പോള്‍ എണീറ്റതാവും. തന്നെ കണ്ടപ്പോള്‍ അവര്‍ അവിടെ തന്നെ നിന്നു. പിന്നെ അരികിലുള്ള മതിലിന്നരികിലേക്ക് മാറി നിന്നു. അതു കണ്ടപ്പോള്‍ യ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നി. അല്ലെങ്കിലും ഇതു മലയാളികളുടെ ഒരു വര്‍ഗ്ഗസ്വഭാവമാണെന്ന് ഓര്‍ത്തു. ഒരുത്തന്‍ കര്‍മ്മപരിപാടിയില്‍ മുഴുകുന്നത് കണ്ടാല്‍ മതി, കാണുന്നവനും ഉടനെ വരും ശങ്ക! എഴുന്നേറ്റ് നിന്ന് ഒരു മറയ്ക്കായ് നോക്കി. അടുത്തൊന്നും കാണാഞ്ഞതിനാല്‍ കടലിലേക്കൊഴുക്കാം എന്നു കരുതി.

പുറത്തേക്കുള്ള ജലപ്രവാഹത്തില്‍ മനസ്സും ശാന്തമാകുന്നത് പോലെ യ്ക്ക് തോന്നി.

രാവിലെ ഒന്നു കൂടി ഏജന്റിനെ കാണാന്‍പോകാം. കാലില്‍ വീണാലും വേണ്ടില്ല, ഒരു വിസ കൂടി എങ്ങനെയെങ്കിലും തരപ്പെടുത്താന്‍ ‍കരഞ്ഞ് പറയണം. അയാള്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല. ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരുമായിരിക്കും.

മുന്നിലുള്ള കടലും കടലിക്കരെയുള്ള കാണാദേശവും നോക്കി അവന്‍നിന്നു.

പൂര്‍വ്വജന്മങ്ങളില്‍നിന്നെന്ന പോലെ ഒരു പ്രഹരം!!! ശരീരത്തില്‍ ഒളിച്ചിരുന്ന എല്ലാ വേദനകളും ഒരുമിച്ച് തലയ്ക്കു പിന്നില്‍ ഒത്തുകൂടിയിരിക്കുന്നു... പ്രജ്ഞയില്‍ തുളച്ചിറങ്ങുന്ന വേദന...
കൂട് വിട്ടു ആഹാരം തേടി പറവകള്‍ ആകാശങ്ങളിലൂടെ പറന്നു പോകുന്നത് കണ്ട് കൊണ്ടവന്‍ കടലിലേക്ക് വീണു... ഒരുപാട് പ്രവാസികളുടെ വ്യഥകളും വൃഥാമോഹങ്ങളും തന്നില്‍ ലയിപ്പിച്ച കടല്‍
, അവന്റെ മുറിവിലും ഉപ്പ് പകരാന്‍ തിരകളോട് പറഞ്ഞു. കടലിക്കരെയുള്ള കാണാദേശത്തേക്ക് അവനും രക്തം പുരണ്ടൊരു സോഡാക്കുപ്പിയും യാത്ര തുടങ്ങി..
തിരകള്‍ അവരെ പിന്തുടര്‍ന്നു.


നരന്‍പറഞ്ഞു നിര്‍ത്തി.

തണുത്ത് മരവിച്ച പിസയ്ക്ക് മുന്നില്‍, നുരകളടങ്ങിയ പെപ്സികുപ്പിയും കയ്യില്‍പിടിച്ചിരിക്കുകയായിരുന്ന സായ എഴുന്നേറ്റ് വന്ന് നരന്റെ അടുത്തിരുന്നു. അവന്റെ കയ്യോട് തന്റെ കൈ ചേര്‍ത്ത് വച്ചു.

ആ അസുഖകരമായ മൌനത്തില്‍, അന്തരീക്ഷത്തിലെ ഇളംതണുപ്പില്‍, ദേശങ്ങളുടെ അകലങ്ങള്‍ക്കിടയിലടിക്കുന്ന കടല്‍തിരമാലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത് അവര്‍ ഇരുന്നു. മുന്നിലെ ടി.വി.യില്‍നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വര്‍ണ്ണകാഴ്ചകളില്‍ കണ്ണുകളുടക്കിയപ്പോള്‍, തങ്ങളുടെ മനസ്സുകളിലെ ചൂട് കണ്ണീരായ് പൊഴിഞ്ഞത് അവര്‍അറിഞ്ഞില്ല.

----------------- ശുഭം -----------------

Wednesday, February 14, 2007

പ്രണയഘട്ടങ്ങള്‍


പ്രണയത്തിന്റെ വിവിധഘട്ടങ്ങള്‍ക്കിടയില്‍ പ്രണയം പ്രണയിതാവിന് നല്‍കുന്നത് വ്യത്യസ്ത ചിന്തകളാണ്, ഭാവങ്ങളാണ്. പ്രണയമെന്തെന്ന് മനസ്സിലാക്കാതെ പ്രണയിക്കുന്നവരുടെ, പ്രണയഘട്ടങ്ങളിലെ ചിന്തകള്‍...

Click here to download the PDF version of this post

പ്രണയം: പുലരി
നിനയാത്ത നേരത്തിളനിലാക്കുളിരു പോല്‍
കാണാക്കിനാക്കളെ മെല്ലെയുണര്‍ത്തി നീ

കാലങ്ങള്‍മായ്ക്കാത്ത കരളിന്‍മുറിപ്പാട്
സംഗീതക്കുളിരാലുറക്കി കിടത്തി നീ

നിന്റെ ഹൃത്തിലെയായിരം വര്‍ണ്ണങ്ങള്‍
മോഹത്തിന്നാകാശമാകെ പകര്‍ത്തിടാം

നിന്നുടെ ഭാവങ്ങള്‍ കണ്ണില്‍ നിറച്ചിടാം

നീ വരും നാളുകളെണ്ണി ഞാന്‍ കാത്തിടാം

നിന്‍വിരല്‍തൊട്ടൊരാ വീണതന്‍തന്ത്രിയില്‍

സ്നേഹത്തിന്‍രാഗങ്ങളോരോന്നായ് മീട്ടിടാം

കാത്തു ഞാന്‍നില്‍ക്കിലുമിന്നെന്റെയോമനേ

എന്‍സ്വരം നിന്നെയുണര്‍ത്തുകയില്ലയോ
?!

പ്രണയം: നട്ടുച്ച
ഇത്ര നാളുമെന്തേ പറയുവാനായില്ലേ
പറയുവാനുള്ളൊരു നാളുമകന്നു പോയ്

പഠിയാതെ പോയൊരാ പാഠങ്ങളൊക്കെയും

മയങ്ങി കിടക്കട്ടെ മറവിതന്‍മാളത്തില്‍!!

പ്രണയം: സായാഹ്നം

നിന്ദിക്കും നിന്‍മൃദുശബ്ദത്തിന്‍ചൂളയില്‍
നീറി പുകയുന്നു കോപത്താലിന്നു ഞാന്‍

ചേരാതെച്ചേര്‍ത്തൊരാ മോഹത്തിന്‍മുത്തുകള്‍

കോര്‍ത്തഴിഞ്ഞൂഴിത്തന്നാഴത്തിലായിതാ

ഓര്‍ത്തിരിക്കാനരുതാത്തതാം സ്വപ്നങ്ങള്‍

പേര്‍ത്തുവരുമ്പോള്‍മനസ്സേ
, വെറുക്ക നീ!!!

പ്രണയം: തനിയാവര്‍ത്തനം, ശുഭം!!!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------