Friday, December 29, 2006

മൂന്നു കുരങ്ങന്മാരും ചാരനിറമുള്ള കുറേ കണ്ണുകളും

Click here to download the PDF version of this post
നാട്ടിലെ നരന്‍‌റ്റെ ആദ്യത്തെ കൃസ്തുമസ്സ് സമയത്താണ് അവന്‍‌ സന്തോഷത്തോടെ ഓടി വന്ന് പറഞ്ഞത്.
“സാബ്, ലൈറ്റ്‌ഹൌസിന് പിറകിലുള്ള കോട്ടേജുകളില്‍‌ ഒരുപാട് വെള്ളക്കാര്‍‌ വന്നിരിക്കുന്നു. അവിടെയിപ്പോള്‍‌ നല്ല രസാണ്,... സദാ പാട്ടും കൂത്തും...”
സ്വതവേ തിളക്കമുള്ള അവന്‍‌റ്റെ ചാരക്കണ്ണുകള്‍‌ കൂടുതല്‍‌ തിളങ്ങി.
“അവരെന്നെ സ്ഥലങ്ങള്‍‌ കാണിച്ച് കൊടുക്കാന്‍‌ വിളിച്ചിട്ടുണ്ട്, നൂറു രൂപേം തന്നു. നാളേം ചെല്ലാന്‍‌ പറഞ്ഞിട്ടുണ്ട്...”.
നരന്‍‌ അവനെ തന്നെ നോക്കി നിന്നു. അവന്‍‌റ്റെ അതിരു കവിഞ്ഞ ഉത്സാഹം തന്നില്‍‌ നേരിയ അസ്വസ്ഥതയുണ്ടാക്കിയത് എന്തു കൊണ്ടാണെന്ന് നരനു മനസ്സിലായില്ല.
ആകാശത്തിനടിയില്‍‌ കടല്‍‌ മാത്രം ശാന്തമായിരുന്നു.

പിറ്റേന്ന് നരന്‍‌ അവനെ കാണുകയുണ്ടായില്ല. വൈകീട്ട് സാധാരണ പാലു കൊണ്ടു വരാറുള്ളതാണ്. അന്നതും ഉണ്ടായില്ല.
മൂന്നു ദിവസങ്ങള്‍‌ക്ക് ശേഷം പിന്നെ കണ്ടപ്പോള്‍‌ അവന്‍‌ വളരെ ക്ഷീണിതനായിരുന്നു. കണ്ണുകള്‍‌ വല്ലാതെ കലങ്ങിയിരുന്നു.
“ങ്ഹാ, നീ വന്നോ? എന്തൊക്കെയുണ്ടെടാ നിന്‍‌റ്റെ വെള്ളക്കാരുടെ വിശേഷങ്ങള്‍‌?”
അവനൊന്നും മിണ്ടാതെ, ഉമ്മറത്തെ കമ്പികാലിലെ ഇരുമ്പിന്‍‌റ്റെ പാടുകള്‍‌ ചിരണ്ടി കൊണ്ട്, അലസമായ് നിന്നു.
“നീയിരിക്ക്, ഞാനൊന്ന് കുളിച്ച് വരാം.
പക്ഷെ നരന്‍‌ കുളിച്ച് വന്നപ്പോള്‍‌ അവനെ അവിടെയുണ്ടായിരുന്നില്ല.

പിന്നീട് വളരെ നാളുകള്‍‌ക്ക് ശേഷം, ഒരു ഞായറാഴ്ച്ച ദിവസം സന്ധ്യക്ക് കടല്ക്കരയില്‍‌ വെച്ചാണ് നരന്‍‌ അവനെ കാണുന്നത്. അവന്‍‌റ്റെ കൂടെ കുതിരപ്പുറത്തൊരു സ്വര്‍‌ണ്ണമുടികളുള്ള സായ്പ്പുമുണ്ടായിരുന്നു. നരനെ കണ്ടപ്പോള്‍, സായ്പ്പിനോണ്ടെന്തോ പറഞ്ഞ ശേഷം അവന്‍ ഓടി വന്നു.
“നമസ്തേ സാബ്”
“നമസ്തെ. ഇതാണോ നിന്‍‌റ്റെ സായ്പ്പ്?”
“അയാള്‍ പോയി. ഇതു വേറെയാളാണ്”
“നിനക്കിപ്പോള്‍ നല്ല കോളാണല്ലോ? ഒരാള്‍ പോയാള്‍ മറ്റൊരാള്‍. സ്ഥലങ്ങളെല്ലാം കാണിച്ച് കഴിഞ്ഞോ?”
“അയാള്‍ക്ക് കാണേണ്ടതെല്ലാം കണ്ടുകഴിഞ്ഞു”
പതിഞ്ഞ ആ ശബ്ദത്തിന്‍‌റ്റെ പിറകെ വന്ന അസുഖകരമായ മൌനം അവര്‍ക്കിടയില്‍ വിറങ്ങലടിച്ചു നിന്നു.
അര്‍ത്ഥഗര്‍ഭമായ ആ നിശബ്ദതക്കു ഭംഗം വരുത്താതിരിക്കാനെന്നോണം തിരമാലകള്‍ ശാന്തനായി. അവന്‍‌റ്റെ കണ്ണുകള്‍ അസ്തമിക്കുന്ന സൂര്യനിലായിരുന്നു.
“എന്തിനാണ് സാബ്, ഈ സൂര്യനിങ്ങനെ ദിവസവും അസ്തമിക്കുന്നത്?“
“നല്ല ചോദ്യം. നിനക്കിതെന്തു പറ്റി?”
“ഓ, ഒന്നുമില്ല... വരട്ടെ സാബ്”
“നില്‍ക്ക്, ഞാനടുത്ത ആഴ്ച പോവുകയാണ്”
ഒന്നും മനസ്സിലാവാത്ത പോലെ അവന്‍ നരനെ നോക്കി.
“എനിക്ക് സ്ഥലം‌മാറ്റമാണ്.“
അവന്‍‌റ്റെ മുഖത്ത് ഒരു ഭാവഭേദവുമുണ്ടായില്ല എന്ന അറിവ് നരനെ അമ്പരിപ്പിച്ചു.
“നന്നായി സാബ്. ഇത് നശിച്ച ഭൂമിയാണ്. ഇവര്‍ക്കൊക്കെയേ ഇത് സ്വഗ്ഗമായ് തോന്നൂ.”
അയാള്‍ പേഴ്‌സിനായ് പോക്കറ്റില്‍ തപ്പുന്നത് കണ്ടീട്ട് അവന്‍ പറഞ്ഞു.
“വേണ്ട സാബ്, ഇപ്പോഴെനിക്ക് പൈസക്ക് ആവശ്യമില്ല.സാബ് പറഞ്ഞത് പോലെ ഒരാള്‍ പോയാല്‍ മറ്റൊരാള്‍... ഇവര്‍ക്കൊക്കെ ഇവിടേക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ? ഭൂമിയിലെ സ്വര്‍ഗ്ഗമല്ല്ലേ ഈ കടല്‍ത്തീരം!”.
ഒരു നിമിഷാര്‍ദ്ധം മാത്രം നീണ്ടു നിന്ന മൌനത്തിനു ശേഷം അവന്‍ തുടര്‍ന്നു. “അതോണ്ട് എന്നെ പോലുള്ളവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ല”.
ഒരു കാര്യം പെട്ടന്നാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. അവന്‍‌റ്റെ കണ്ണുകളില്‍ ആ പഴയ തിളക്കമുണ്ടായിരുന്നില്ല. പകരം മനസ്സിലാകാത്ത എന്തോ ഒന്ന്...
“ഇനി വീണ്ടും കാണാതിരിക്കട്ടെ സാബ്”
അവന്‍ തിരിഞ്ഞു നടന്നു. നടന്നകന്നിരുന്ന കുതിരയുടെ പിന്നാലെ ലൈറ്റ്‌ഹൌസിനു പിറകിലെ ഇരുട്ടില്‍ മറഞ്ഞു. പടിഞ്ഞാറന്‍കാറ്റിന്‍‌റ്റെ മൃഗീയതയില്‍ അനുസരണ നഷ്ടപ്പെട്ട മുടിയിഴകള്‍ അയാളുടെ കാഴ്ച്ചയെ മറച്ചു. കാലഘട്ടങ്ങളുടെ ദു:ഖഭാരം മുഴുവന്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന കടലിനെ പോലെ, കര്‍മ്മങ്ങളുടെ അനിശ്ചിതാവസ്ഥയില്‍ നരന്‍ നിന്നപ്പോള്‍ തിരമാലകള്‍ ശാന്തമായിരുന്നില്ല.

“സാ‍ബ്...”
ആകാശങ്ങള്‍ക്കപ്പുറത്തെവിടെയോ നിന്നെന്ന പോലെ കേട്ട ആ ശബ്ദം നരനെയുണര്‍ത്തി. നിറം മങ്ങിയ ഒരു മഞ്ഞസഞ്ചിയും പിടിച്ചു കൊണ്ട് ഒരു ചെറിയ പെണ്‍കുട്ടി. അവളുടെ മുഷിഞ്ഞ വസ്ത്രങ്ങളും ചെമ്പന്‍‌മുടിയും കാറ്റത്ത് വല്ലാതെ പാറുന്നുണ്ടായിരുന്നു.
“പ്രതിമ വേണോ സാബ്?”കയ്യിലൊതുക്കി പിടിച്ചിരുന്ന പ്രതിമ നരന്‍‌റ്റെ നേരെ നീട്ടി പിടിച്ചു കൊണ്ടവള്‍ ചോദിച്ചു.
അയാള്‍ ആ പ്രതിമയിലേക്ക് സൂക്ഷിച്ചു നോക്കി - മൂന്ന് കുരങ്ങന്മാര്‍!!
ഒന്നും കേള്‍ക്കാനാഗ്രഹിക്കാത്ത, ഒന്നും കാണാനാഗ്രഹിക്കാത്ത, ഒന്നും പറയാനാഗ്രഹിക്കാത്ത മൂന്നു കുരങ്ങന്മാര്‍!!!
അവയുടെ നിഴലില്‍ ആ പെണ്‍കുട്ടിയുടെ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരി മറഞ്ഞപ്പോള്‍ നരന്‍‌റ്റെ കാലടിയിലെ മണല്‍ത്തരികള്‍ ആഞ്ഞുവീശുകയായിരുന്ന കടല്‍ക്കാറ്റില്‍ പറന്നു പോയി... മിഴി ചിമ്മി തുറന്നപ്പോള്‍ ചുറ്റും കരിനാഗങ്ങള്‍ ഫണം ചീറ്റിയാടുന്നു...ആട്ടത്തിന്‍‌റ്റെ മൂര്‍ദ്ധന്യത്തില്‍, അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്ന വികാരങ്ങളുടെ വേലിയേറ്റത്തില്‍, ആ രൂപങ്ങള്‍ ചലിക്കുന്നതായ് നരന് തോന്നി... കരിനാഗങ്ങള്‍ക്കിടയില്‍ അവയും നിഴലായ് ചേര്‍ന്ന് നൃത്തമാടി. അനുഭൂതികളുടെ എല്ലാ അതിരുകളും തകര്‍ത്തെറിയുവാനുള്ള ആവേശത്തോടെ തിരമാലകളും അവയുടെ കൂടെ ചേര്‍ന്നാടി... പ്രളയത്തിന്‍‌റ്റെ കൊടിയഭാവം ആവേശിച്ചത് പോലെ ആഞ്ഞടിക്കുകയായിരുന്ന കടല്‍ അയാളെ ആശ്ലേഷിച്ചു. സൃഷ്ടിയുടെ ജലധാരയില്‍ ജീവന്‍‌റ്റെ അണുക്കള്‍ തന്നില്‍ വിളഭൂമി തേടുന്നതായ് നരന് തോന്നി... അവ ഉണരുന്നു...തന്നിലൊന്നായ് അവ വളരുന്നു... ആകാശങ്ങള്‍ മുട്ടേ...
പാപത്തിന്‍‌റ്റെ ബീജഗണങ്ങള്‍ക്ക് മുകളിലൂടെ, എങ്ങോട്ടെന്നില്ലാതെ നരനോടി.......

മരണം വരെ നീണ്ടു നില്‍കുന്ന ആ ഒളിച്ചോട്ടത്തിന്നിടയില്‍, അഴിഞ്ഞ ചെമ്പന്‍മുടിയും തിളക്കം നഷ്ടപ്പെടാത്ത കണ്ണുകളും അമ്മയുടെ ചൂട് മാറാത്ത മാറിടവുമുള്ള ആ പെണ്‍കുട്ടി, ലൈറ്റ്‌ഹൌസിന്‍‌റ്റെ പിറകിലെ ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നു.


പര്യവസാനം:
വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, വീടിന്‍‌റ്റെയുമ്മറത്ത് തന്‍‌റ്റെ മടിയില്‍ കിടക്കുന്ന നരന്‍‌റ്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് സായ ചോദിച്ചു.
“എന്തേ ഇത്ര വലിയ ആലോചന? കുറേ നേരമായല്ലോ ഒന്നും മിണ്ടാതെയുള്ള ഈ കിടത്തം.”
അകലെയെവിടെയോ, അടങ്ങാത്ത ആഗ്രഹത്തോടെ തീരങ്ങളെ പുണരുന്ന തിരകളെ കുറിച്ചുള്ള ചിന്തകള്‍ തല്‍കാലം അവസാനിപ്പിച്ച്, സായയോട് ഒന്നു കൂടി ചേര്‍ന്നു കിടന്നു കൊണ്ട് നരന്‍ ചോദിച്ചു
“നമ്മുടെ മോളുറങ്ങ്യോ?”

-------------- ശുഭം (?) --------------

Sunday, December 24, 2006

പ്രണയം

Click here to download the PDF version of this post
ഒരു വട്ടം കൂടിയൊരു നോക്കു കാണുവാന്‍‌
മൌനങ്ങള്‍‌ പൂക്കുമീ എകാന്തതീരത്തില്‍
കവിതകള്‍‌ വിരിയുന്ന കണ്‍കളുമായിതാ
കരളുകള്‍‌ പിടയുന്ന കദനമായ് നില്‍പ്പു നാം

പറയാനരുതാത്ത നൊമ്പരമോടെ നാം
ഹൃദയേ തുളുമ്പിടും പ്രണയവുമായ് നാം
പിരിയുന്നൊരീ നാളൊടുങ്ങിടും നേരവും
ഒരു വാക്കുമുരിയാതെയെന്തേയകലുന്നു

ഹൃദയങ്ങള്‍‌ നിറയുന്ന ദു:ഖത്തിന്നീണത്തില്‍
ശ്രുതികളുണര്‍ത്തുന്നു എന്‍‌ വീണതന്ത്രികള്‍‌
പാടിപതിഞ്ഞൊരാ ഗാനത്തിന്‍‌ മാധുര്യം
ഉള്‍ത്തടതാപത്തില്‍‌ ഹിമകണമാകുന്നു

നിന്‍‌ നഷ്ടം നിന്‍‌ വ്യഥ നിന്‍‌ മോഹവിഫലത
നിന്‍‌ ഹൃത്തിന്നാര്‍ദൃത എന്‍‌ ദുഖമാകുന്നു
സാന്ത്വനമേകാനായ് വാക്കുകള്‍‌ തിരയുന്നു
മാനസശോകമാ മൌനത്തില്‍‌ മറയുന്നു

പലകുറിയൊന്നു പറയാനൊരുങ്ങി ഞാന്‍‌
പിടയുമീ നെഞ്ചകമാകെ നിറയുന്നു
നീയെനിക്കേകിയ പ്രേമത്തിന്‍‌ നൊമ്പരം
നീന്‍‌ മന്ദഹാസത്തിന്‍‌ രാഗസുധാരസം

കഴിഞ്ഞില്ല, കാരണമെന്തെന്നറിയില്ല
വാക്കുകള്‍‌ പാതി വഴിയെ മടങ്ങുന്നു
വേപഥു പൂണ്ടിടും കണ്ഠത്തിന്‍‌ രോദനം
ഉയരുവാനാകാതെ വീണു മയങ്ങുന്നു

ഉണരുകില്ലേയീ മോഹത്തിന്‍‌ മലരുകള്‍‌
അടുക്കുകില്ലേയീ കരയും മനസ്സുകള്‍
[ മൌനത്തെ നടുക്കുമീ മൌനത്തിന്‍‌ വല്‍മീകം
ഇനിയില്ലൊരു കാലവും തകരുകില്ലാ!!! ]

അറിയാതെയെങ്കിലും ചിന്തിച്ചിടുന്നു ഞാന്‍‌
പ്രണയം, ഹാ ചിത്തഭംഗത്തിന്നാധാരം!
അകലങ്ങളില്‍‌ വെച്ചു പിരിയുന്നതേ ചിതം
പ്രണയം, ഹാ നിത്യദുഖത്തിന്നാരംഭം!

കുറിപ്പ്: ഇതെന്‍‌റ്റെ അനുഭവത്തിന്‍‌റ്റെ വെളിച്ചത്തില്‍ എഴുതിയതല്ല, ഒരു പ്രസ്താവനയുമല്ല-വെറുമൊരു ചിന്താശകലം മാത്രം!

Tuesday, December 19, 2006

ഇഷ്ടം

എത്ര ശ്രമിച്ചിട്ടും വേര്‍പെടാനാകാത്ത
ഇഷ്ടമല്ലാത്തൊരീയിഷ്ടം
ഏവരും കേള്‍ക്കാതുറക്കെയോതീടുന്ന
ഇമ്പമാര്‍ന്നൊരീയിഷ്ടം
മറുവാക്കു ചൊല്ലാതെ പോയൊരെന്നോര്‍മ്മകള്‍
ഒരുമിച്ചരികെ വരുമ്പോള്‍
മൌനം മരവിച്ചു നില്‍ക്കുമിടങ്ങളില്‍
മുല്ലകള്‍ പൂത്ത സുഗന്ധം
ഇഷ്ടത്തിന്‍ മുല്ലകള്‍ പൂത്ത സുഗന്ധം

ഈ കൂട്ടുകൂടലിന്നന്ത്യമൊരു നൊമ്പര-
വേര്‍പാടെന്നറികിലും സ്നേഹിതേ
അകലെയെങ്കിലും അരികിലെന്നറിയുവാന്‍
വേണമീ മധുരമാം നിമിഷങ്ങളെന്നുള്ളില്‍
കരളുകള്‍ പിടയുന്നൊരീ വേദനയും
ഓര്‍ത്തിരിക്കുവാനാ മന്ദഹാസവും
വേണമീ സുന്ദരമാത്രകളെന്നെന്നുമോര്‍മ്മയില്‍

കാഴ്ച

നീ കാണും ആകാശമെനിക്കു കാണാം
നീ കാണും ചന്ദ്രനെയുമെനിക്കു കാണാം
നാം കാണും സൂര്യനും താരകളും ഒന്നു തന്നെ
പിന്നെന്തേ എനിക്കു നിന്നെ കാണാനാകാത്തൂ.... ?

ഒരു ITകാരന്‍‌റ്റെ സാദാ ആഗ്രഹം

Click here to download the PDF version of this post

ന്നലെ മുതലാണ് നരന് ആ ആഗ്രഹം കലശലായുണ്ടായത്. ഇതു വരെ അതു തോന്നുമ്പോളൊക്കെ അടക്കി പിടിച്ച് ഇരിക്കാറാണ് പതിവ്. അല്ലെങ്കില്‍ അവനത് തോന്നുന്നുണ്ടെന്ന് പ്രിയപത്നി സായ പെട്ടന്ന് മനസ്സിലാക്കുകയും അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. പക്ഷെ ഇക്കുറി ആ ആഗ്രഹം തന്‍‌റ്റെ ഉള്ളില്‍ മെല്ലെ മെല്ലെ വളര്‍ന്ന് കലശലാവുന്നത് നരനറിഞ്ഞു. അതിനു പ്രധാനകാരണം ഇക്കുറി അതു മെല്ലെ തല പൊക്കിയപ്പോഴൊക്കെ സായ കൂടെയുണ്ടായിരുന്നില്ല എന്നതാണെന്ന് തെല്ലൊരു അതിശയത്തോടെ അവന്‍ മനസ്സിലാക്കി. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ഒരുപാടുണ്ടായ ഏതോ മഹാനായിരിക്കണം "Behind every successful man there is a woman" എന്ന് പറഞ്ഞത്.

കാര്യം സീരിയസ്സായി തുടങ്ങിയത് ഇന്നലെ ഓഫീസ്സില്‍നിന്നു എല്ലാവരും കൂടി PVRല്‍ പോത്തന്‍ബാവ കാണാന്‍ പോയപ്പോഴാണ്. സാധാരണ PVRകാര്‍ക്ക് അങ്ങനെ പറ്റാറില്ലാത്തതാണ്. സംഗതി പടം സാമാന്യം ബോറായിരുന്നു എന്നത് പരമാര്‍ത്ഥം, പക്ഷെ എന്തൊക്കെയായാലും മമ്മൂക്ക വില്ലന്‍‌റ്റെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന നേരത്ത് കറന്‍‌റ്റ് പോകാമോ?

കോഴിക്കോട് അപ്സര, തൃശ്ശൂര്‍രാഗം, എറണാംകുളം ഷേണായീസ്, തിരുവന്തപുരം കൃപ മുതലായ A ക്ലാസ്സ് തിയേറ്ററുകളിലും ഫറോക്ക് പ്രീതി, കുണ്ടോട്ടി കവിത, മലപ്പുറം ഡിലൈറ്റ് മുതലായ B ക്ലാസ്സ് തിയേറ്ററുകളിലും രാമനാട്ടുകര ബാലകൃഷ്ണ, പുളിക്കല്‍അമ്പാടി, തൃക്കണ്ണാപുരം ശാന്തി മുതലായ C ക്ലാസ്സ് തിയേറ്ററുകളിലും തേഞ്ഞിപ്പാലം രമ്യ, ജലഹള്ളി യിലെ പേരില്ലാത്ത ഷെഡ്ഡ് കൊട്ടക തുടങ്ങിയ ക്ലാസ്സില്ലാത്ത തിയേറ്ററുകളിലും ഒരുപാട് ചലച്ചിത്രകാവ്യങ്ങള്‍ഇടിച്ചുത്തള്ളിയും തള്ളാതെയും കണ്ട ഒരു ശരാശരി മലയാളിപ്രേക്ഷകന് അത് സഹിക്കാനാവുമോ? അതും നാട്ടിലാണെങ്കില്‍ 2 സിനിമയും 1 ബിരിയാണിയും 1 പാക്കറ്റ് വില്‍‌സും വസൂലാക്കാവുന്ന 130രൂപ എന്ന വന്‍‌തുക കൊടുത്ത് സിനിമ കാണുമ്പോള്‍?

(ഇതു വരെ കണ്ടിട്ടില്ലാത്ത) അന്തരാത്മാവില്‍നിന്നും (എന്നും കാണുന്ന) ശരീരത്തിന്‍‌റ്റെ ഓരോ രോമകൂപങ്ങളില്‍നിന്നും, സര്‍വ്വോപരി ഹൃദയത്തില്‍ നിന്നും, 20KHzനും മുകളില്‍പോയേക്കാവുന്നത്ര ശബ്ദത്തില്‍ ഒരു കൂവല്‍ ഉയര്‍ന്നു വന്നതാണ് !!! പക്ഷെ ഒരു ITകാരന്‍‌റ്റെ ദുരഭിമാനം അതേ ITകാരന്‍‌റ്റെ ഒരു സാദാ ആഗ്രഹത്തിന്‍‌റ്റെ കടയ്ക്കല്‍ കത്തി വച്ചു. പക്ഷെ ആ ആഗ്രഹത്തിന്‍‌റ്റെ കനല്‍ കെടുത്താന്‍ഇക്കുറി പറ്റിയില്ല. കെടുത്താന്‍ അവന്‍‌റ്റെ ബെറ്റര്‍ഹാഫും കൂടെ ഉണ്ടായിരുന്നില്ല!

സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങള്‍ഉള്ള മനുഷ്യര്‍ദുഷ്ടാത്മാക്കളായ് അലഞ്ഞുതിരിഞ്ഞ് നടക്കുമെന്ന ഭയം ഉള്ളില്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ഒന്നുറക്കെ കൂവുകഎന്ന ദുഷ്‌ചിന്ത നരനെ വിട്ടു പോയതേയില്ല. ഇന്നലെ രാത്രി ഒരു വിധമാണ് കിടന്നുറങ്ങിയത്. കട്ടിലില്‍തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് കണ്ട് സിഗററ്റ് വലി നിര്‍ത്തിയത്തിന്‍‌റ്റെ ആഫ്‌റ്റര്‍ഇഫക്ട് ആണോ?“ എന്ന് സായ ചോദിക്കുകയും ചെയ്തു. ഇക്കുറി ഒരു ഭര്‍ത്താവിന്‍‌റ്റെ ദുരഭിമാനം സത്യം തുറന്ന് പറയുന്നതില്‍നിന്ന് അവനെ വിലക്കി.

രാവിലെ എണീറ്റ് എല്ലാം ഒന്നു മറന്നിരിക്കുമ്പോഴാണ് പ്രിയപുത്രി മാളു "അച്ഛന്‍ഇന്നലെ രാത്രി ഉറങ്ങിയില്ലേ?“ എന്നു ചോദിച്ചു കൊണ്ട് സ്നേഹിക്കാന്‍വന്നത്. കൂടുതല്‍ സ്നേഹവുമായ് ഭാര്യാമാതാവും ഭാര്യാപിതാവും [ഭാര്യാ (മാതാവും പിതാവും) എന്നും വേണമെങ്കില്‍എഴുതാം, പണ്ട് കണക്ക് പഠിച്ചതിന്‍‌റ്റെ ഗുണമേ!] ചോദ്യം ഏറ്റുപിടിക്കുകയും ചെയ്തു. വന്ന കലിപ്പിന് നാവില്‍നിന്നും സംസ്കൃതം ഒന്നും വീഴിക്കല്ലേ പറശ്ശിനികടവ് മുത്തപ്പാ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നും മെല്ലെ വലിഞ്ഞു.

ആഗ്രഹം അതിന്‍‌റ്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത് ഓഫീസ്സില്‍എത്തി ഒരു client മീറ്റിംഗില്‍ പങ്കെടുത്തപ്പോഴാണ്. അമേരിക്കയില്‍നിന്നുള്ള ഡാറ്റാസെന്റര്‍ ഇന്‍ഡ്യയിലേക്ക് പറിച്ചു നടുന്നതിനെ പറ്റിയുള്ള കൂലംകഷമായ വട്ടമേശസമ്മേളനത്തിന്‍‌റ്റെ ഇടയില്‍, കമ്പനിയുടെ പുതിയ VP-Technical Operations ബല്‍‌വന്തര്‍ദോഷി സിംഗ് എന്ന B.D./ബീഡി സിംഗ് വന്ന് തമ്മില്‍ ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയാന്‍തുടങ്ങിയ നിമിഷം മുതല്‍, ഏദന്‍‌തോട്ടത്തില്‍ ഹവ്വായ്ക്ക് ഉണ്ടായ ആഗ്രഹത്തേക്കാള്‍ ശക്തിയില്‍ കൂവലാഗ്രഹം പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി. അക്വാഫിനായുടെ 2 കുപ്പി വെള്ളവും ഒരു സുലൈമാനിയും (സോറി, കണ്ഠ്കൌപീനധാരികളുടെയും ITകാരുടെയും language-ല്‍Lime Tea എന്നും പറയും). കുടിച്ചുത്തള്ളിയിട്ടും വയറ്റിലെ ആന്തല്‍ അടങ്ങിയില്ല. സിംഗിനോടുള്ള ദേഷ്യത്തില്‍ കുറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ വായിച്ചു നോക്കി. കയ്യിലുള്ള സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്തും വായിച്ചു നോക്കി. ഒരു രക്ഷയുമില്ല!
പാപ‌ചിന്തകള്‍ അടങ്ങുന്നില്ല!!

മീറ്റിംഗ് , ലഞ്ച് എന്നിവ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി, മഡിവാള സില്‍ക്ക് ബോര്‍ഡ് സിഗ്നലില്‍ കുടുങ്ങി കിടക്കുമ്പോള്‍, മനസ്സിന്‍‌റ്റെ ഒരു ഭാഗം ആഗ്രഹത്തിന്‍‌റ്റെ genuinityയെ പറ്റി ആലോചിച്ചു തുടങ്ങിയപ്പോളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. എത്ര ആലോചിച്ചിട്ടും നരന് മനസ്സിലായില്ല എന്തു കൊണ്ടാണ് ഇത്ര ചെറിയ ഒരു ആഗ്രഹം ഇത്ര വലിയ മാനസികപ്രശ്നമായ് മാറിയതെന്ന്. ഉറക്കെയൊന്നു കൂവുക എന്ന ചെറിയൊരു ആഗ്രഹം സഫലീകരിക്കാന്‍ കഴിയാത്ത ഈ ജീവിതമെന്ത് ജീവിതം?
ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം
??
എത്ര
ലക്ഷം ശമ്പളം കിട്ടിയിട്ടെന്തു കാര്യം???

ചിന്തകള്‍ ഇത്രടം ആയപ്പോളേക്കും വീടെത്തി.

സായ ഉണ്ടാക്കി തന്ന അടിപൊളി കട്ടങ്കാപ്പി കുടിച്ചു കൊണ്ട് തറയില്‍ മലന്നു കിടന്നു. പാപചിന്തകള്‍ മറക്കാനായി കുടിച്ച കട്ടങ്കാപ്പിയെ കുറിച്ചാലോചിച്ചു. അല്ലെങ്കിലും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഏത് ഡിഷും അവള്‍നന്നായി ഉണ്ടാക്കും.കഞ്ഞി, ജീരകവെള്ളം, മുട്ട ചിക്കി പൊരിച്ചത് എന്നത് ഉദാഹരണങ്ങളില്‍ ചിലത് മാത്രം. ചോറ്, സാമ്പാര്‍, മീന്‍‌കറി, കൂട്ടുകറി തുടങ്ങിയ അതിസങ്കീര്‍ണ്ണവിഭവങ്ങളിലുള്ള സ്പെഷലൈസേഷന്‍ കല്യാണം കഴിഞ്ഞ പിറ്റേ ദിവസം മുതല്‍ തുടങ്ങിയതാണ്. ഇനിയും പഠിച്ചു തീര്‍ന്നിട്ടില്ല എന്നാണ് കഴിഞ്ഞ ഞായറാഴ്ച അവളുണ്ടാക്കിയ രസം കഴിച്ചപ്പോള്‍ തനിക്ക് തോന്നിയത്. ആലോചനകള്‍ മുഖത്ത് പ്രതിഫലിച്ചപ്പോള്‍ "എന്തിനാണ് ചിരിക്കുന്നത്" എന്ന് അടുത്തിരുന്ന് ചുമരില്‍ ചിത്രം വരച്ചു കളിക്കുകയായിരുന്ന മാളു ചോദിച്ചു. അറിയാതെ ആലോചന പറഞ്ഞുപോയതോടെ നിലത്തെ സുഖകരമായ കിടപ്പ് അവസാനിപ്പിച്ച് കുളിക്കാന്‍ പോകേണ്ടി വന്നു. പക്ഷെ ഉറക്കെ കൂവുക എന്ന പാപ‌ചിന്തയെ കഴുകിനീക്കാന്‍ പൈപ്പിലൂടെ വരുന്ന കാവേരി വെള്ളത്തിനുമായില്ല!

അത്താഴം കഴിഞ്ഞ്, അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് 11മണിക്ക് സായ വന്നപ്പോഴും നരന്‍ ചിന്തകളുടെ വേലിയേറ്റത്തിലായിരുന്നു. "കിടക്കാറായില്ലേ?" എന്നവള്‍ ചോദിച്ചപ്പോള്‍ "നീ കിടന്നോ, പണിയുണ്ട്, ഞാന്‍വൈകും" എന്നു പറഞ്ഞ് ലാപ്‌ടോപ് തുറന്നുവെച്ച് വെറുതെ ബ്രൌസ് ചെയ്തിരുന്നു. ഈ നൂറ്റാണ്ടിലെ Mrs.ITകാരുടെ ഏറ്റവും വലിയ ശത്രുവായ ഈ ഉപകരണം തുറന്നു കഴിഞ്ഞാല്‍, പിന്നെ അവള്‍ തന്നെ ശല്യം ചെയ്യാന്‍ വരാറില്ല. പക്ഷെ ഇന്റര്‍വലയ്ക്കൊന്നും നരന്‍‌റ്റെ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ പറ്റിയില്ല. മടിമുകളിലിരിക്കുന്ന കുന്ത്രാണ്ടംടപ്പെന്ന് പൂട്ടി വെച്ച് നേരെ ടെറസ്സിലേക്ക് പോയപ്പോള്‍, പട പേടിച്ചു പന്തളത്തില്‍ പോയ പഴമക്കാരന്‍‌റ്റെ അവസ്ഥ!
ആ മഹാനഗരത്തിലെ
ശുനകരും അവരുടെ ബന്ധുക്കളും ബന്ധുക്കളുടെ ബന്ധുക്കളും എല്ലാം ആ പ്രദേശത്ത് ഒത്തു കൂടി, അന്താക്ഷരി കളിക്കുന്നത് പോലെ കൂവി കൂവി രസിക്കുന്നു!!!
ഒരുത്തന്‍ നിര്‍ത്തിയാല്‍ മറ്റൊരുത്തന ്‍തുടങ്ങും
, അവന്‍ നിര്‍ത്തിയാല്‍ മറ്റൊരുത്തന്‍. ആരും മിണ്ടാതായാല്‍ എല്ലാവരും ഒന്നിച്ച് കൂവും!!!
നായിന്‍‌റ്റെ മക്കള്‍!!!


വീണ്ടും അതേ ചിന്തകള്‍ തികട്ടി വന്നു. പട്ടികള്‍ വരെ ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത്ര കൂവുന്നു, കൂവി കൂവി പണ്ടാരമടങ്ങുന്നു, തനിക്കു മാത്രം...! ഉറക്കെയൊന്നു കൂവുക എന്ന ചെറിയൊരു ആഗ്രഹം സഫലീകരിക്കാന്‍ കഴിയാത്ത ഈ മനുഷ്യജീവിതമെന്ത് ജീവിതം?

ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം??
ജീവിതത്തിനെന്തര്‍ത്ഥം?? ?
എത്ര ലക്ഷം ശമ്പളം കിട്ടിയിട്ടെന്തു കാര്യം
????

"ഞാന്‍ ചുരിദാര്‍ ഉടുത്തു വരുന്നുതോ സാരിയുടുത്ത് വരുന്നതോ നിങ്ങള്‍ക്കിഷ്ടം?" എന്ന പഴയ ഷാഗു മിസ്സിന്‍‌റ്റെ ചോദ്യത്തിന്, ഇന്‍‌റ്റെര്‍ണല്‍‌സ് എന്ന അദ്ധ്യാപകതുറുപ്പുച്ചീട്ടിനെ തെല്ലും ഭയക്കാതെ "ടീച്ചര്‍ഒന്നുമുടുക്കാതെ വരുന്നതാ ഞങ്ങള്‍ക്കിഷ്ടം" എന്ന് പറയുകയും തുടര്‍ന്ന് ഉറക്കെ കൂവുകയും ചെയ്ത നരനാണോ ഇത്?????

ലജ്ജാവഹം!!!!!!!!

ആലോചനകള്‍ ഇത്രയും ആയപ്പോള്‍ നരനു കണ്‍‌ട്രോള്‍ചെയ്യാനായില്ല, അവന്‍പതുക്കെ ഒന്നു കൂവി...
കൂ...................

ഒന്നു കൂവിയ ആനന്ദത്തില്‍ ഒന്നു കൂടി... കൂ....ഒന്നു കൂടി... കൂ....പിന്നെ അണക്കെട്ടിന്‍‌റ്റെ ഷട്ടര്‍തുറന്ന പോലെ, ഇത്രയും കാലം നിയന്ത്രിച്ചു വെച്ച കൂവലാഗ്രഹങ്ങളെല്ലാം കൂടി ഒരൊറ്റ പ്രവാഹമായിരുന്നു, നീണ്ട ഒരു കൂവല്‍.....കൂ..............................................!!!!!!

ആനന്ദപ്രവാഹത്തിന്‍‌റ്റെ അവസാനത്തില്‍ അവന്‍ തളര്‍ന്ന് നിലത്തിരുന്നപ്പോള്‍, അവന്‍ നിര്‍ത്തിയിടത്തു നിന്ന് മുത്തപ്പസഖാക്കള്‍ തുടങ്ങി.

ഒരുറക്കമുണര്‍ന്ന് നോക്കിയപ്പോള്‍, തന്‍‌റ്റെ ഭര്‍ത്താവിനെ കട്ടിലില്‍കാണാതെ പരിഭ്രമിച്ച് ടെറസ്സിലേക്ക് വന്ന സായ കണ്ടത്, തെരുവുനായ്ക്കളുടെ കൂട്ടകൂവലിന്‍‌റ്റെ ആരോഹണോവരോഹണങ്ങളില്‍ മുഴുകി കണ്ണുമടച്ച് കിടക്കുന്ന നരനെയാണ്. അവന്‍‌റ്റെ മുഖത്ത് അപ്പോള്‍കണ്ട ചിരി അവള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു-കഴിഞ്ഞ appraisalല്‍100% hike ലഭിച്ചപ്പോഴോ ഒരു മാസം മുന്‍പു പ്രമോഷന്‍ കിട്ടിയപ്പോഴോ കണ്ടിട്ടില്ലാത്ത, ഒരു രസികന്‍പുഞ്ചിരി!

-----------
ശുഭം -----------

Monday, December 18, 2006

കലാലയദിനങ്ങള്‍ക്കൊരു ഓര്‍മ്മക്കുറിപ്പ്

പിരിയുന്ന നേരത്ത് മൌനങ്ങള്‍ കരയുമ്പോള്‍
സൌഹൃദപുഷ്പങ്ങളാകെയുലയുമ്പോള്‍
വിരഹത്തിന്‍ ഗ്രീഷ്മത്തിലെന്‍ ചിത്തം മൊഴിയുന്നു
പോവരുതെ നിങ്ങളീ ഹൃത്തടം വിട്ടെങ്ങും
ഒത്തിരി വേദന നല്‍കുവതെങ്കിലും
വേണമീ ദീപ്തമാം സാന്ത്വനമെന്നെന്നും
കരയിക്കുമെങ്കിലുമെന്‍ ജീവമാത്രകള്‍
നിറയുന്ന നിശ്വാസത്തിലീ നിങ്ങളില്ലയോ
പിരിയുന്നതെങ്ങിനെ ഞാനുമെന്‍ ഓര്‍മ്മകളും
സൌഹൃദമെന്തെന്നറിയിച്ച നിങ്ങളെ!!!

ഉയരങ്ങളിലെ തണുപ്പില്‍ നിന്ന് …


Click here to download the PDF version of this post
ഇപ്പോള്‍ മഴയാണ്.
മൌനത്തിന്‍‌റ്റെ നിമിഷങ്ങളില്‍ വാചാലതയുടെ അസുലഭനിര്‍വൃതിയുണര്‍ത്തുന്ന മനസ്സിലുണര്‍ത്തുന്ന മഴ!
അന്ധകാരത്തിന്‍‌റ്റെ കളിയരങ്ങത്ത്, പ്രകാശരേഖകളെ ആനയിക്കുന്ന മിന്നലിന്‍‌റ്റെ അകമ്പടിയോടെയുള്ള മഴ!
മണ്ണിനോട് യാതൊരു ദാക്ഷിണ്യവുമില്ലാതെ പെയ്യുന്ന ഇത്തരം മഴകളെ എനിക്കിഷ്ട്മല്ല. മഞ്ഞു പെയ്യുന്നത് പോലെയുള്ള ചാറ്റല്‍ മഴയാണ് എനിക്കിഷ്ടം. ആ ചാറ്റലില്‍ ഒരമ്മയുടെ വാത്സല്യമുണ്ട്.
ഞാനിപ്പോള്‍ ഉയര്‍ന്നൊരു മലമുകളിലാണ്. എനിക്ക് ചുറ്റും മരങ്ങളുണ്ട്. വിവിധതരത്തിലുള്ള കുറേയെണ്ണം.
ആകാശത്തെ കീഴടക്കാനുയര്‍ന്നു പൊങ്ങുന്ന മാമരങ്ങള്‍. അവയോടു മത്സരിക്കാന്‍ കെല്പില്ലാത്ത ചെറുവൃക്ഷങ്ങള്‍.
കാറ്റിന്‍‌റ്റെ താളത്തിനൊത്ത്, സന്തോഷിക്കുന്ന ഹൃദയത്തെ പോലെ ചാഞ്ചാടുന്ന മെലിഞ്ഞ മരങ്ങള്‍, കുറ്റിച്ചെടികള്‍, മുള്‍ച്ചെടികള്‍, മാവുകള്‍, തെങ്ങുകള്‍, വാഴകള്‍, തലപ്പത്ത് യക്ഷികളെ ഒളിപ്പിച്ചിരിക്കുന്ന പനകള്‍, പാലമരങ്ങള്‍ ...അവയുടെയൊന്നും തലഭാഗം കാണാനേയില്ല. മഞ്ഞ്...

*******************************************

“മകന്‍ സ്ഥലത്തില്ലാത്തതോണ്ട് ആരേലുമൊന്ന് കൊളുത്തൂ...”
ചെറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ മുന്നോട്ട് വന്നു. കൂട്ടിയിട്ട കരിയിലകള്‍ക്ക് തീ കൊളുത്തുന്ന ലാഘവത്തോടെ...
വിറകുകള്‍ക്കിടയിലെ ശരീരങ്ങളിലെ വിഷത്തെയും നശിപ്പിച്ചു കൊണ്ട് തീനാളങ്ങള്‍ തിമിര്‍ത്തപ്പോള്‍ ഒരമ്മയും മകളും അകലെയേതോ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന എന്നേയും തേടി കൊണ്ട്, ഒഴുകുന്ന പുകച്ചുരുളുകളായ്... ഈ മഞ്ഞു പോലെ...

*******************************************

ഈ കുന്നിന്‍ച്ചെരുവില്‍ എന്തൊക്കെ തരം ചെടികളാണ്. ഇത്തരം പ്രദേശങ്ങളില്‍ സാധാരണ കാണാത്തവ,എനിക്കായ് തളിര്‍ത്ത പോലെ.
തെച്ചി, ചെമ്പകം, മന്ദാരം, തുളസി, അനന്തശയനം, അങ്ങനെ എന്തെല്ലാം. അവയ്ക്കരികില്‍ വാടി നില്‍ക്കുന്ന ഓര്‍ക്കിഡുകളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ഇവയെയെല്ലാം നനച്ചു കൊണ്ടാണ് മഴ പെയ്യുന്നത്. തളര്‍ന്ന ഇലകളില്‍ ജലകണികകള്‍ ഉണര്‍ത്തുന്ന പ്രത്യാശയുടെ ആനന്ദഹര്‍ഷം ഞാനറിയുന്നില്ല. ആ ദലങ്ങളിലെ ശ്രുതിലയങ്ങള്‍, സ്വപ്നഭംഗങ്ങള്‍, കണ്ണീരിന്‍‌റ്റെ, ചിന്തകളുടെ സൌന്ദര്യം ഒന്നും...ഒന്നും ഞാനറിയുന്നില്ല, ആസ്വദിക്കാനാവുന്നില്ല.കാരണം...?

*******************************************

“അവളെ അവര്‍ കൊന്നു കളയുമോടാ?”
“നീയെന്തിനു ഭയക്കുന്നു? അവളീ ചങ്ങലയിലെ ഒരു കണ്ണി മാത്രം. ഇത്തരം കണ്ണികളറുത്ത് മാറ്റാനാണ് ഏമാന്മാര്‍. അവരെ അറുത്തു മാറ്റാനാണ് നമ്മള്‍. ഇത്തരം അവസാനങ്ങള്‍ മുന്‍കൂട്ടി കാണാതെ അല്ലല്ലോ നമ്മള്‍ ഇറങ്ങിത്തിരിച്ചത്. മരണത്തെ കറുത്ത ചരടില്‍ കഴുത്തില്‍ കോര്‍ത്തവരല്ലേ നമ്മള്‍!”
“പക്ഷേ...”
“പ്രേമം, അല്ലേ?”
ഞാന്‍ തലകുനിച്ചിരുന്നു. അവന് പറയാനുള്ളത് മുഴുവന്‍ പറയട്ടെ.
“എന്തേ ഒന്നും മിണ്ടാത്തത്? നീ നമ്മുടെ ലക്‍ഷ്യങ്ങള്‍ മറക്കുന്നു. ആദര്‍ശങ്ങള്‍ മറക്കുന്നു.”
“ഞാനൊന്നും മറന്നിട്ടില്ല”
“പിന്നെ ഇതിന്‍‌‌റ്റെയൊക്കെ അര്‍ത്ഥം?”
ഉയരങ്ങളില്‍ നിന്നു ഉയരങ്ങളിലേക്കു നീങ്ങുന്ന മഞ്ഞിന്‍പാളികളെ നോക്കി ഞാന്‍ മിണ്ടാതെയിരുന്നു.
ഏതു നിമിഷവും വന്നേക്കാവുന്ന മരണത്തെ പറ്റി ഒട്ടും ഭയമില്ലാതെ മറ്റുളളവര്‍ തീ കായുകയാണ്-തണുപ്പില്‍ നിന്നു രക്ഷ നേടാന്‍!

*******************************************

ജയിലിന്നകത്തെ നിശബ്ദതയെ വെല്ലുവിളിച്ചു കൊണ്ട് നീണ്ട മണിയടി ശബ്ദം മുഴങ്ങി.
“നീ വരുന്നില്ലേ?”
“എനിക്കു വിശപ്പില്ല. ജോസഫേട്ടന്‍ പോയി കഴിച്ചോളൂ”
തണുപ്പ് കുറവാണ്. ഞാന്‍ വലിയ മതില്‍ക്കെട്ടിന്നപ്പുറത്തു കാണുന്ന ആകാശങ്ങളിലേക്ക് നോക്കി കിടന്നു. ആ താരങ്ങളില്‍ എന്‍‌റ്റെ കൂട്ടുകാരുമുണ്ടായിരിക്കാം. തിളങ്ങുന്ന ഒരു നക്ഷത്രം എന്നെ നോക്കി കണ്ണുച്ചിമ്മി - പരിഹാസത്തോടെ!

*******************************************

ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാന്‍ നോക്ക്. വിപ്ലവവും നക്സലിസവുമൊക്കെ പുസ്തകങ്ങളില്‍ വായിക്കാന്‍ കൊള്ളാം, പ്രാ‍വര്‍ത്തികമാക്കാന്‍ നോക്കരുത്.“
മറുപടി അര്‍ഹിക്കാത്ത ഉപദേശങ്ങള്‍. ഞാന്‍ സൂപ്രണ്ടിന്‍‌റ്റെ കാക്കിയിലെ നക്ഷത്രങ്ങളുടെ മിനുക്കവും നോക്കി നിന്നു. അതില്‍ ഇപ്പോള്‍ ചുവപ്പിന്‍‌റ്റെ ലാഞ്ച്നയുണ്ട്; ഞാന്‍ ഇവിടെ വരുമ്പോള്‍ അതിന് ഖദറിന്‍‌റ്റെ വെളുപ്പാണുണ്ടായിരുന്നത്.

*******************************************

ഏഴു വര്‍ഷത്തെ അദ്ധ്വാനത്തിന്‍‌റ്റെ കൂലി അടിവാരത്തിലിരിക്കുന്ന പിച്ചക്കാരന്‍‌റ്റെ ചട്ടിയിലിട്ട്, താഴത്തെ ഉഷ്ണത്തില്‍ നിന്ന് വീണ്ടും ഉയരങ്ങളിലെ തണുപ്പിലേക്ക് കയറുമ്പോള്‍ എന്‍‌റ്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
നനഞ്ഞ് കുളിച്ച് ഇങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍ മനസ്സിന് സന്തോഷമുണ്ട്-അമ്മയുടെ മാറിലെ ചൂടേറ്റ് മുലപ്പാല്‍ നുണയുന്ന ഒരു കൊച്ചുകുട്ടിയുടെ സന്തോഷം!
താഴെ അനാദിയായ ആഴങ്ങളാണ്. ആ ആഴങ്ങളുടെ അവസാനവും തേടി സ്വര്‍ഗ്ഗത്തിന്‍‌റ്റെ വരദാനമായ്, മാലാഖമാരുടെ സര്‍ഗ്ഗസംഗീതവുമായ് മഴത്തുള്ളികള്‍ പൊഴിയുന്നു. പിഴച്ച മോഹങ്ങള്‍ പോലെ ഒഴുകി നടക്കുന്ന കോടമഞ്ഞിന്‍‌റ്റെ തണുപ്പ് മാറ്റാനായ് പുതിയൊരു ഉഷസ്സിന്‍‌റ്റെ ഇളംവെയിലിനായുള്ള എന്‍‌റ്റെ ഈ കാത്തിരിപ്പ് മടുത്തിരിക്കുന്നു.
ഞാന്‍ യാത്ര ആരംഭിക്കുകയാണ്...
ആരും കാണാത്ത കാഴ്ചകള്‍ തേടി...
ആരും നേരിട്ടറിഞ്ഞിട്ടില്ലാത്ത ആ അനുഭവത്തെ തേടി ....
ഒരു കാര്യം തീര്‍ച്ച. ഈ യാത്രയുടെ അവസാനം ഞാനറിയുകയില്ല.
കാരണം, പുതിയ പുതിയ കാഴ്ച്കകള്‍ കണ്ട് തെളിഞ്ഞ മനസ്സുമായ് ആഴങ്ങളിലേക്കുള്ള ഈ പതനത്തിനിടയിലെ ഏതോ ഒരു പുണ്യനിമിഷത്തില്‍...

എന്‍‌റ്റെ ശരീരം ഭൂമിയില്‍ നിന്നു വേര്‍പെട്ടിരിക്കുന്നു.
എന്‍‌റ്റെ ഭാരം കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുന്നു.
സൌന്ദര്യത്തിന്‍‌റ്റെ പുതിയ ഭാവങ്ങള്‍ മുമ്പില്‍ തെളിയുന്നു..മെല്ലെ മെല്ലെ...
തണുപ്പ് കൊടികുത്തി വാഴും ഉയരങ്ങളേ, വിട!

--- ശുഭം ---

Monday, October 30, 2006

ഇതു ഏതാനും ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ, ചിന്തകളുടെ ചിന്തുകളാണ്
(ഒരു കനല്‍ കെടാതെ സൂക്ഷിക്കാനുള്ള ശ്രമമാണ്).
അസാധാരണമായതൊന്നും ഇവിടെ നിന്നു പ്രതീക്ഷിക്കരുത്

ചിന്തുകളിലേക്ക് സ്വാഗതം!!!

സ്നേഹപൂര്‍വ്വം
ദൃശ്യന്‍