Monday, December 18, 2006

ഉയരങ്ങളിലെ തണുപ്പില്‍ നിന്ന് …


Click here to download the PDF version of this post
ഇപ്പോള്‍ മഴയാണ്.
മൌനത്തിന്‍‌റ്റെ നിമിഷങ്ങളില്‍ വാചാലതയുടെ അസുലഭനിര്‍വൃതിയുണര്‍ത്തുന്ന മനസ്സിലുണര്‍ത്തുന്ന മഴ!
അന്ധകാരത്തിന്‍‌റ്റെ കളിയരങ്ങത്ത്, പ്രകാശരേഖകളെ ആനയിക്കുന്ന മിന്നലിന്‍‌റ്റെ അകമ്പടിയോടെയുള്ള മഴ!
മണ്ണിനോട് യാതൊരു ദാക്ഷിണ്യവുമില്ലാതെ പെയ്യുന്ന ഇത്തരം മഴകളെ എനിക്കിഷ്ട്മല്ല. മഞ്ഞു പെയ്യുന്നത് പോലെയുള്ള ചാറ്റല്‍ മഴയാണ് എനിക്കിഷ്ടം. ആ ചാറ്റലില്‍ ഒരമ്മയുടെ വാത്സല്യമുണ്ട്.
ഞാനിപ്പോള്‍ ഉയര്‍ന്നൊരു മലമുകളിലാണ്. എനിക്ക് ചുറ്റും മരങ്ങളുണ്ട്. വിവിധതരത്തിലുള്ള കുറേയെണ്ണം.
ആകാശത്തെ കീഴടക്കാനുയര്‍ന്നു പൊങ്ങുന്ന മാമരങ്ങള്‍. അവയോടു മത്സരിക്കാന്‍ കെല്പില്ലാത്ത ചെറുവൃക്ഷങ്ങള്‍.
കാറ്റിന്‍‌റ്റെ താളത്തിനൊത്ത്, സന്തോഷിക്കുന്ന ഹൃദയത്തെ പോലെ ചാഞ്ചാടുന്ന മെലിഞ്ഞ മരങ്ങള്‍, കുറ്റിച്ചെടികള്‍, മുള്‍ച്ചെടികള്‍, മാവുകള്‍, തെങ്ങുകള്‍, വാഴകള്‍, തലപ്പത്ത് യക്ഷികളെ ഒളിപ്പിച്ചിരിക്കുന്ന പനകള്‍, പാലമരങ്ങള്‍ ...അവയുടെയൊന്നും തലഭാഗം കാണാനേയില്ല. മഞ്ഞ്...

*******************************************

“മകന്‍ സ്ഥലത്തില്ലാത്തതോണ്ട് ആരേലുമൊന്ന് കൊളുത്തൂ...”
ചെറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ മുന്നോട്ട് വന്നു. കൂട്ടിയിട്ട കരിയിലകള്‍ക്ക് തീ കൊളുത്തുന്ന ലാഘവത്തോടെ...
വിറകുകള്‍ക്കിടയിലെ ശരീരങ്ങളിലെ വിഷത്തെയും നശിപ്പിച്ചു കൊണ്ട് തീനാളങ്ങള്‍ തിമിര്‍ത്തപ്പോള്‍ ഒരമ്മയും മകളും അകലെയേതോ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന എന്നേയും തേടി കൊണ്ട്, ഒഴുകുന്ന പുകച്ചുരുളുകളായ്... ഈ മഞ്ഞു പോലെ...

*******************************************

ഈ കുന്നിന്‍ച്ചെരുവില്‍ എന്തൊക്കെ തരം ചെടികളാണ്. ഇത്തരം പ്രദേശങ്ങളില്‍ സാധാരണ കാണാത്തവ,എനിക്കായ് തളിര്‍ത്ത പോലെ.
തെച്ചി, ചെമ്പകം, മന്ദാരം, തുളസി, അനന്തശയനം, അങ്ങനെ എന്തെല്ലാം. അവയ്ക്കരികില്‍ വാടി നില്‍ക്കുന്ന ഓര്‍ക്കിഡുകളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ഇവയെയെല്ലാം നനച്ചു കൊണ്ടാണ് മഴ പെയ്യുന്നത്. തളര്‍ന്ന ഇലകളില്‍ ജലകണികകള്‍ ഉണര്‍ത്തുന്ന പ്രത്യാശയുടെ ആനന്ദഹര്‍ഷം ഞാനറിയുന്നില്ല. ആ ദലങ്ങളിലെ ശ്രുതിലയങ്ങള്‍, സ്വപ്നഭംഗങ്ങള്‍, കണ്ണീരിന്‍‌റ്റെ, ചിന്തകളുടെ സൌന്ദര്യം ഒന്നും...ഒന്നും ഞാനറിയുന്നില്ല, ആസ്വദിക്കാനാവുന്നില്ല.കാരണം...?

*******************************************

“അവളെ അവര്‍ കൊന്നു കളയുമോടാ?”
“നീയെന്തിനു ഭയക്കുന്നു? അവളീ ചങ്ങലയിലെ ഒരു കണ്ണി മാത്രം. ഇത്തരം കണ്ണികളറുത്ത് മാറ്റാനാണ് ഏമാന്മാര്‍. അവരെ അറുത്തു മാറ്റാനാണ് നമ്മള്‍. ഇത്തരം അവസാനങ്ങള്‍ മുന്‍കൂട്ടി കാണാതെ അല്ലല്ലോ നമ്മള്‍ ഇറങ്ങിത്തിരിച്ചത്. മരണത്തെ കറുത്ത ചരടില്‍ കഴുത്തില്‍ കോര്‍ത്തവരല്ലേ നമ്മള്‍!”
“പക്ഷേ...”
“പ്രേമം, അല്ലേ?”
ഞാന്‍ തലകുനിച്ചിരുന്നു. അവന് പറയാനുള്ളത് മുഴുവന്‍ പറയട്ടെ.
“എന്തേ ഒന്നും മിണ്ടാത്തത്? നീ നമ്മുടെ ലക്‍ഷ്യങ്ങള്‍ മറക്കുന്നു. ആദര്‍ശങ്ങള്‍ മറക്കുന്നു.”
“ഞാനൊന്നും മറന്നിട്ടില്ല”
“പിന്നെ ഇതിന്‍‌‌റ്റെയൊക്കെ അര്‍ത്ഥം?”
ഉയരങ്ങളില്‍ നിന്നു ഉയരങ്ങളിലേക്കു നീങ്ങുന്ന മഞ്ഞിന്‍പാളികളെ നോക്കി ഞാന്‍ മിണ്ടാതെയിരുന്നു.
ഏതു നിമിഷവും വന്നേക്കാവുന്ന മരണത്തെ പറ്റി ഒട്ടും ഭയമില്ലാതെ മറ്റുളളവര്‍ തീ കായുകയാണ്-തണുപ്പില്‍ നിന്നു രക്ഷ നേടാന്‍!

*******************************************

ജയിലിന്നകത്തെ നിശബ്ദതയെ വെല്ലുവിളിച്ചു കൊണ്ട് നീണ്ട മണിയടി ശബ്ദം മുഴങ്ങി.
“നീ വരുന്നില്ലേ?”
“എനിക്കു വിശപ്പില്ല. ജോസഫേട്ടന്‍ പോയി കഴിച്ചോളൂ”
തണുപ്പ് കുറവാണ്. ഞാന്‍ വലിയ മതില്‍ക്കെട്ടിന്നപ്പുറത്തു കാണുന്ന ആകാശങ്ങളിലേക്ക് നോക്കി കിടന്നു. ആ താരങ്ങളില്‍ എന്‍‌റ്റെ കൂട്ടുകാരുമുണ്ടായിരിക്കാം. തിളങ്ങുന്ന ഒരു നക്ഷത്രം എന്നെ നോക്കി കണ്ണുച്ചിമ്മി - പരിഹാസത്തോടെ!

*******************************************

ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാന്‍ നോക്ക്. വിപ്ലവവും നക്സലിസവുമൊക്കെ പുസ്തകങ്ങളില്‍ വായിക്കാന്‍ കൊള്ളാം, പ്രാ‍വര്‍ത്തികമാക്കാന്‍ നോക്കരുത്.“
മറുപടി അര്‍ഹിക്കാത്ത ഉപദേശങ്ങള്‍. ഞാന്‍ സൂപ്രണ്ടിന്‍‌റ്റെ കാക്കിയിലെ നക്ഷത്രങ്ങളുടെ മിനുക്കവും നോക്കി നിന്നു. അതില്‍ ഇപ്പോള്‍ ചുവപ്പിന്‍‌റ്റെ ലാഞ്ച്നയുണ്ട്; ഞാന്‍ ഇവിടെ വരുമ്പോള്‍ അതിന് ഖദറിന്‍‌റ്റെ വെളുപ്പാണുണ്ടായിരുന്നത്.

*******************************************

ഏഴു വര്‍ഷത്തെ അദ്ധ്വാനത്തിന്‍‌റ്റെ കൂലി അടിവാരത്തിലിരിക്കുന്ന പിച്ചക്കാരന്‍‌റ്റെ ചട്ടിയിലിട്ട്, താഴത്തെ ഉഷ്ണത്തില്‍ നിന്ന് വീണ്ടും ഉയരങ്ങളിലെ തണുപ്പിലേക്ക് കയറുമ്പോള്‍ എന്‍‌റ്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
നനഞ്ഞ് കുളിച്ച് ഇങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍ മനസ്സിന് സന്തോഷമുണ്ട്-അമ്മയുടെ മാറിലെ ചൂടേറ്റ് മുലപ്പാല്‍ നുണയുന്ന ഒരു കൊച്ചുകുട്ടിയുടെ സന്തോഷം!
താഴെ അനാദിയായ ആഴങ്ങളാണ്. ആ ആഴങ്ങളുടെ അവസാനവും തേടി സ്വര്‍ഗ്ഗത്തിന്‍‌റ്റെ വരദാനമായ്, മാലാഖമാരുടെ സര്‍ഗ്ഗസംഗീതവുമായ് മഴത്തുള്ളികള്‍ പൊഴിയുന്നു. പിഴച്ച മോഹങ്ങള്‍ പോലെ ഒഴുകി നടക്കുന്ന കോടമഞ്ഞിന്‍‌റ്റെ തണുപ്പ് മാറ്റാനായ് പുതിയൊരു ഉഷസ്സിന്‍‌റ്റെ ഇളംവെയിലിനായുള്ള എന്‍‌റ്റെ ഈ കാത്തിരിപ്പ് മടുത്തിരിക്കുന്നു.
ഞാന്‍ യാത്ര ആരംഭിക്കുകയാണ്...
ആരും കാണാത്ത കാഴ്ചകള്‍ തേടി...
ആരും നേരിട്ടറിഞ്ഞിട്ടില്ലാത്ത ആ അനുഭവത്തെ തേടി ....
ഒരു കാര്യം തീര്‍ച്ച. ഈ യാത്രയുടെ അവസാനം ഞാനറിയുകയില്ല.
കാരണം, പുതിയ പുതിയ കാഴ്ച്കകള്‍ കണ്ട് തെളിഞ്ഞ മനസ്സുമായ് ആഴങ്ങളിലേക്കുള്ള ഈ പതനത്തിനിടയിലെ ഏതോ ഒരു പുണ്യനിമിഷത്തില്‍...

എന്‍‌റ്റെ ശരീരം ഭൂമിയില്‍ നിന്നു വേര്‍പെട്ടിരിക്കുന്നു.
എന്‍‌റ്റെ ഭാരം കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുന്നു.
സൌന്ദര്യത്തിന്‍‌റ്റെ പുതിയ ഭാവങ്ങള്‍ മുമ്പില്‍ തെളിയുന്നു..മെല്ലെ മെല്ലെ...
തണുപ്പ് കൊടികുത്തി വാഴും ഉയരങ്ങളേ, വിട!

--- ശുഭം ---

No comments: