Wednesday, April 07, 2010
ഒരു ചിന്ന ഇടവേള
ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,
2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…
ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈംപാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.
വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!
എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!
സസ്നേഹം
ദൃശ്യന്‍
-------------------------------------------------
Thursday, March 18, 2010
സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍: ജീവിതത്തിന്റെ തിരക്കഥ
തിരക്കഥാരൂപത്തിലൊരു കഥ... ഈ കഥയില്‍ സംഭാഷണങ്ങള്‍ ആവശ്യമില്ലല്ലോ അല്ലേ?
സ്വപ്നങ്ങളെ പിന്തുടരാന്‍ നമുക്കായെങ്കില്‍....!
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
സീന്‍ 1
ഇരുട്ട്. തിയറ്ററിലെ പ്രൊജക്ഷന്‍ റൂം.
പ്രൊജക്ടറിന്റെ ശബ്ദം. വളരെ ഫീബിള്‍ ആയി ഒരു സിനിമയുടെ ഡയലോഗുകളും ശബ്ദഘോഷങ്ങളും കേള്‍ക്കാം. കറങ്ങുന്ന ഫിലിം റോളില്‍ നിന്നും സൂംഔട്ട് ആവുന്ന ക്യാമറ. പഴക്കം തോന്നിക്കുന്ന ഒരു ഫിലിം പ്രൊജക്ടറും അതില്‍ വിരലുകള്‍ അമര്‍ത്തി നില്‍ക്കുന്ന കൈലിയും വെള്ളബനിയനും ധരിച്ച ഒരു മനുഷ്യനെയും നമുക്കിപ്പോള്‍ കാണാം. സൂം ഔട്ട് ചെയ്ത ദൃശ്യം ഇപ്പോള്‍ ഒരു പ്രൊജക്ഷന്‍ റൂമിന്റെ വെളിയിലാണ്. മറ്റൊരാളിന്റെ - ഒരു കുട്ടിയുടെ - കാഴ്ചപ്പാടില്‍ ആ മുറി നമുക്ക് കൂടുതല്‍ വ്യക്തമാവുന്നു. പുറത്തേക്ക് നോക്കി ചിരിക്കുന്ന അയാള്‍ കുട്ടിയോട് വരാന്‍ ആംഗ്യം കാണിക്കുന്നു. മുന്നോട്ടു നീങ്ങുന്ന കുട്ടി (ക്യാമറ). അയാളിലൂടെ, പ്രൊജക്ടറിലൂടെ പതിയെ പ്രൊജക്ഷനിലേക്ക് നീങ്ങുന്ന കുട്ടി. പ്രൊജക്ടറിന്റെ മുന്നിലെ ദ്വാരത്തിലൂടെ അവന്റെ മുന്നില്‍ തെളിയുന്ന വെള്ളിത്തിര... കാണികള്‍...
വിടരുന്ന അവന്റെ കണ്ണുകള്‍ (സൈഡ് വ്യൂ - എക്സ്ട്രീം ക്ലോസ് അപ്പ്)
സീന്‍ 2
പകല്‍. കുട്ടിയുടെ വീട്.
കുട്ടിയുടെ കണ്ണുകളില്‍ നിന്ന് സൂം ഔട്ട് ആവുമ്പോള്‍ നാം കാണുന്നത് കയ്യിലൊരു ഫിലിം ബിറ്റുമായി നില്‍കുന്നവ അവനെയാണ്. അത് തിരിച്ചും മറിച്ചും നോക്കുന്ന മൂന്നു വയസ്സുകാരന്‍ (ക്ലോസ്‌അപ്പ്)
സീന്‍ 3
പകല്‍. കുട്ടിയുടെ വീട്. ഇരുട്ട്.
പതിയെ തുറക്കുന്ന ജനല്‍. അകത്തേക്ക് വരുന്ന വെളിച്ചം.
ഒരു കാര്‍ബോര്‍ഡ് ബോക്സിന്റെ ദ്വാരത്തില്‍ നിറുത്തിയിരിക്കുന്ന ഫിലിം ബിറ്റിലൂടെ, ബോക്സില്‍ നിറുത്തി വെച്ചിരിക്കുന്ന ബള്‍ബിലൂടെ ചുമരില്‍ തെളിയുന്ന ചിത്രത്തിലേക്ക് നമ്മുടെ കാഴ്ച നീങ്ങുന്നു.
കുറച്ച് കൂടെ മുതിര്‍ന്ന കുട്ടി. അവന്റെ മുഖത്ത് തെളിയുന്ന വിടര്‍ന്ന ചിരി.
അന്തരീക്ഷത്തില്‍ കയ്യടി.
സീന്‍ 4
തിയേറ്ററിന്റെ ഉള്‍വശം. ഇരുട്ട്.
പത്തു വയസ്സുകാരനായ് കുട്ടി വളര്‍ന്നിരിക്കുന്നു. മുഖത്ത് അതേ ചിരി. സ്ക്രീനില്‍ നിന്നും പ്രസരിക്കുന്ന വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന അവന്‍.
സീന്‍ 5
പകല്‍. സ്കൂള്‍ ഗേറ്റിന് മുന്‍വശം.
അവന്റെതലയ്ക്ക് മുകളില്‍ സിനിമാനോട്ടീസുകള്‍.
സൈക്കിളില്‍ നിന്നും ചുറ്റും വീഴുന്ന സിനിമാനോട്ടീസുകള്‍. ബഹളം കൂട്ടുന്ന സ്കൂള്‍ കുട്ടികള്‍. ഒരു സ്കൂളിലെ ലഞ്ച് ബ്രേക്കാണ്.
കുതിരപ്പുറത്തിരിക്കുന്ന നായകനുള്ള സിനിമാനോട്ടീസില്‍ ആരാധനാപൂര്‍വം നോക്കി നില്‍ക്കുന്ന ഏഴു വയസ്സുകാരന്‍. (ഡോളി സൂം ഷോട്ട്)
സീന്‍ 6
പകല്‍. തിയേറ്ററിന്റെ മുന്‍ഭാഗം.
കുതിരപ്പുറത്തിരിക്കുന്ന നായകന്റെ വലിയ പോസ്റ്ററിന് കീഴെ, ഒന്നര രൂപ ടിക്കറ്റ് കൌണ്ടറിലെ തിരക്കില്‍ നിലതെറ്റി നില്‍കുന്ന കുട്ടി. മുതിര്‍ന്നവരുടെ ബഹളത്തില്‍ ക്യൂവില്‍ നിന്നു അകന്നു പോവാന്‍ അവന്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. വലിയൊരു തള്ളല്‍ അവനെ ക്യൂവില്‍ നിന്നും വേര്‍പ്പെടുത്തുന്നു. തിരികെ കയറാന്‍ ശ്രമിക്കുമ്പോള്‍ കാലില്‍ വീഴുന്ന ലാത്തി. താഴെ നിന്നുള്ള അവന്റെ കാഴ്ചയില്‍ അവനെ ചീത്ത വിളിക്കുന്ന പോലീസുകാരന്‍.
സീന്‍ 7
കുട്ടിയുടെ വീട്. അടുക്കള.
മരുന്നു പുരട്ടിയിരിക്കുന്ന അവന്റെ കാലിലെ മുറിയില്‍ നിന്നും നമ്മുടെ കാഴ്ച അകലുമ്പോള്‍ ചെവി തിരുമുന്ന അവന്റെ അമ്മ, ഉറക്കെ കരയുന്ന കുട്ടി.
സീന്‍ 8
പകല്‍. പിറ്റേന്ന്. അതേ തിയേറ്ററിന്റെ മുന്‍ഭാഗം.
ഒന്നര രൂപ ടിക്കറ്റ് കൌണ്ടര്‍. ആദ്യമുള്ളത് പോലത്തെ തിരക്ക്. തിരക്കില്‍ കഷ്ടപ്പെട്ട് നില്‍ക്കുന്ന കുട്ടി. പോലീസുകാരന്‍ വരുമ്പോള്‍ മുന്നിലുള്ളവനെ മുറുക്കെ പിടിച്ച് വരി തെറ്റാതെ നില്‍ക്കാന്‍ ശ്രമിക്കുന്ന അവന്‍.
സീന്‍ 9
തിയേറ്ററിന്റെ ഉള്‍വശം.
വെള്ളിത്തിരയിലെ വെളിച്ചം മാറിമിന്നുന്ന അവന്റെ മുഖം.വെളിച്ചത്തിന്റെ മിന്നിമായലുകളില്‍ പതിയെ വളരുന്ന അവന്റെ മുഖം. അവനിപ്പോള്‍ ഒരു യുവാവായിരിക്കുന്നു. കൈവിരലുകള്‍ വായില്‍ പിണച്ച് വെച്ച് ഒരു നീണ്ട വിസിലടി അവനില്‍ നിന്നും.
സീന്‍ 10
പകല്‍.
വിസിലടിക്കുന്ന അവന്‍.
ചുറ്റും കൂടുന്ന രണ്ട് മൂന്നു പേര്‍. ഒരു നാടകം അരങ്ങേറുകയാണ്.
ചുറ്റുമുള്ളവര്‍ കാലികളായും അവന്‍ തെളിക്കുന്ന കര്‍ഷകനായും വേദിയിലൂടെ ചലിക്കുന്നു.
സീന്‍ 11
രാത്രി. വീട്ടില്‍ അവന്റെ മുറി.
പുസ്തകം വായിക്കുന്ന അവന്‍. ചുമരിലെ ക്ലോക്കില്‍ സമയം നാലു മണി.
ബ്രൌണ്‍ പേപ്പര്‍ കൊണ്ട് വൃത്തിയില്‍ പൊതിഞ്ഞ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. വായിക്കുന്നതില്‍ ചില ഭാഗങ്ങള്‍ അവന്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട്. “ബസ്സ് കാത്ത് രവി കിടന്നു” എന്ന അവസാനവാചകത്തില്‍ ഒരു ചോദ്യചിഹ്നം ഇട്ടു കൊണ്ട് അവന്‍ പുറകോട്ട് ചാഞ്ഞിരുന്ന് കണ്ണുകളടയ്ക്കുന്നു.
സീന്‍ 12
പകല്‍. കോളേജ്. ക്ലാസ്സ് റൂം.
മുന്നില്‍ തുറന്ന് വെച്ചിരിക്കുന്ന പുസ്തകത്തില്‍ ചോദ്യചിഹ്നങ്ങള്‍ വരച്ചിരിക്കുന്ന അവന്‍. പേജില്‍ ഒരിടത്ത് കുറിച്ചിരിക്കുന്ന ഒരു നാലു വരി കവിത. അവന്റെ മുന്നില്‍ നിന്ന് ആ പുസ്തകം ആരോ എടുക്കുന്നു. അവന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ആ താളില്‍ നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ അവന്റെ കവിത വായിക്കുകയാണ്.
അവനെ നോക്കി ചിരിക്കുന്ന അവള്‍. അവളുടെ കണ്ണുകള്‍ വീണ്ടും കവിതയിലേക്ക്.
സീന്‍ 13
പകല്‍. കോളേജ്. ക്ലാസ്സ് റൂം.
താളുകളില്‍ ഇറ്റ് വീഴുന്ന കണ്ണീര്‍ത്തുള്ളികള്‍.
അവള്‍ കരയുകയാണ്. മുന്നിലുള്ളത് അവന്റെ കൈപ്പടയിലുള്ള ഒരു കഥയാണ്.
അവളുടെ കൈകള്‍ കവരുന്ന അവന്‍.
സീന്‍ 14
രാത്രി. വീട്ടില്‍ അവന്റെ മുറി.
അവളുടെ ഫോട്ടോയിലൂടെ മെല്ലെ ചലിക്കുന്ന അവന്റെ കൈവിരലുകള്‍. അരികില്‍ പാതി എഴുതി നിര്‍ത്തി വെച്ച ഒരു കഥ.
സീന്‍ 15
പകല്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന അവള്‍. താളുകളില്‍ നിന്ന് കണ്ണെടുക്കുമ്പോള്‍ അവ നിറഞ്ഞിരിക്കുന്നു. അച്ചടിയിലൂടെ ചലിക്കുന്ന അവളുടെ വിരലുകള്‍. ആ തലോടല്‍ അവനുള്ളതാണ്.
മുന്നില്‍ ഒരു ചിരിയുമായ് നില്‍കുന്ന അവന്‍.
സീന്‍ 16
പകല്‍. പൂട്ടില്‍ നിന്നും വേര്‍പെടുന്ന താക്കോല്‍.
കോളേജ് ഗേറ്റിന്റെ വാതിലടച്ച് നടന്ന് നീങ്ങുന്ന ഒരു ജീവനക്കാരന്‍.
പുറത്ത് പൂമരത്തിനടിയില്‍ നില്‍ക്കുന്ന അവര്‍. അവളുടെ കൈകളില്‍ അവന്‍ ഒരു ചെപ്പ് വെക്കുന്നു. അവള്‍ അത് തുറന്ന് നോക്കുമ്പോള്‍ ഒരു മഞ്ഞ ചരട്.
അവനെ നോക്കുന്ന അവള്‍. തുളുമ്പിയ കണ്ണുകളില്‍ മെല്ലെ വിരിയുന്ന ചിരി.
സീന്‍ 17
പകല്‍. അവന്റെ മുറി.
പുസ്തകം വായിച്ച് കട്ടിലില്‍ കിടക്കുന്ന അവന്‍.
കയ്യിലൊരു കവറുമായ് കടന്ന് വരുന്ന അമ്മ. അവന്‍ കവര്‍ തുറന്ന് നോക്കുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അപേക്ഷാഫോറം ആണത്. ശ്രദ്ധയോടെ അത് മടക്കി മേശപ്പുറത്ത് വെക്കുന്നു. പോവാന്‍ ഭാവിക്കുന്ന അവന്‍ അമ്മയെ വിളിക്കുന്നു. മേശപ്പുറത്ത് വെച്ച പുസ്തകങ്ങളൊന്നില്‍ നിന്ന് അവന്‍ ഒരു ഫോട്ടോ എടുത്ത് അമ്മക്ക് കൊടുക്കുന്നു. അമ്പരപ്പോടെ അതിലേക്ക് നോക്കി നില്‍കുന്ന അമ്മ. അവന്‍ പതിയെ ഫോട്ടോ വാങ്ങി അതിന്റെ പിന്‍വശം അമ്മക്ക് നേരെ കാണിക്കുന്നു. അതിലെ അക്ഷരങ്ങള്‍ ഇങ്ങനെ പറഞ്ഞിരുന്നു.
“അഞ്ചു വര്‍ഷം കഴിഞ്ഞ് എല്ലാവരുടെയും സമ്മതത്തോടെ - ഞാന്‍ ഒരു ഫിലിം മേക്കറായതിന് ശേഷം!”
ഒന്ന് പുഞ്ചിരിച്ച് അവന്റെ നെറുകയില്‍ കൈവെക്കുന്ന അമ്മ.
സീന്‍ 18
രാത്രി. അവളുടെ മുറി.
വാതില്‍ തുറന്ന് വരുന്ന അവളുടെ അമ്മ. നീട്ടിയ കവര്‍ വാങ്ങി അവള്‍ തുറന്ന് നോക്കുമ്പോള്‍ അതില്‍ ഒരു ചെറുക്കന്റെ ഫോട്ടോ. അവളുടെ അരികില്‍ ഇരിക്കുന്ന അമ്മ. മെല്ലെ എഴുന്നേറ്റ് പോകുന്ന അവള്‍ (ടൈറ്റായി ഫോളോ ചെയ്യുന്ന ക്യാമറ). എന്തോ തീര്‍ച്ചപ്പെടുത്തി, മേശപ്പുറത്തെ പുസ്തകത്തില്‍ നിന്ന് അവന്റെ ഫോട്ടോ എടുത്ത് അമ്മക്ക് കൊടുക്കാന്‍ തിരിയവെ വാതില്‍ക്കല്‍ അച്ഛന്‍.
വിറയ്ക്കുന്ന അവളുടെ കൈകള്‍.
സീന്‍ 19
പകല്‍. പാര്‍ക്ക്.
ബെഞ്ചില്‍ ഇരിക്കുന്ന അവള്‍. എതിര്‍വശത്തെ ബെഞ്ചിലിരിക്കുന്ന അവന്‍. പരസ്പം അറിയാത്തവരെ പോലെ അവര്‍.
അവര്‍ക്കിടയിലെ ശൂന്യതയിലൂടെ നടന്ന് പോകുന്ന അന്യര്‍.
ഒരു സംസാരത്തിന്റെ അവസാനത്തിലാണ് അവര്‍. കലങ്ങിയ കണ്ണുകള്‍ പരസ്പരം മറയ്ക്കാന്‍ ബദ്ധപ്പെടുന്നുണ്ട്.
അവള്‍ എഴുന്നേറ്റ് പോകാന്‍ തുടങ്ങവെ കൂടെ അവനും എഴുന്നേല്‍ക്കുന്നു. ഒന്നും പറയാതെ അവന്‍ തന്റെ വിരലുകള്‍ പൊക്കി ‘അഞ്ച്’ എന്ന് കാണിക്കുന്നു. ഒരപേക്ഷയുണ്ട് അവന്റെ മുഖത്ത്.
നിസ്സഹായയായ് അവള്‍ അവന്റെ അടുത്തേക്ക് വരുന്നു. അവരുടെ മുഖങ്ങള്‍ക്ക് - ജീവിതങ്ങള്‍ക്കിടയില്‍ - അഞ്ച് വിരലുകള്‍. അവള്‍ മെല്ലെ അവന്റെ കൈകള്‍ കവര്‍ന്ന് നാലു വിരലുകള്‍ താഴ്ത്തുന്നു.
തന്റെ മുന്നിലെ ‘ഒരു വര്‍ഷ‘ത്തിനു മുന്നില്‍ പകച്ച് നില്‍കുന്ന അവന്‍!
സീന്‍ 20
രാത്രി. അവന്റെ മുറി.
അപേക്ഷാഫോറം തുറന്നിരിക്കുന്ന അവന്‍. അരികില്‍ പുസ്തകത്താളുകളില്‍ നിന്ന് എത്തി നോക്കുന്ന അവളുടെ ഫോട്ടോ. അവന്‍ മെല്ലെ അതെടുത്ത് നോക്കുന്നു. ഒരു തീരുമാനമെടുക്കാനാവാത്ത ഇരുപത്തിഒന്നുകാരന്റെ നിസ്സഹായാവസ്ഥയില്‍ അവന്‍ ചൂഴുന്നു.
സീന്‍ 21
രാവിലെ. അവളുടെ മുറി.
അവന്റെ ഫോട്ടോയില്‍ നോക്കിയിരിക്കുന്ന അവള്‍. സജലങ്ങളായ കണ്ണുകള്‍.
സീന്‍ 20 – തുടര്‍ച്ച
രാത്രി. അവന്റെ മുറി.
അവന്റെ കയ്യില്‍ കത്തിച്ച് വെച്ച ഒരു മെഴുകുതിരി. മറുകയ്യിലെ ഫോട്ടോ അവള്‍ നാളത്തിനടുത്തേക്ക് കൊണ്ട് വരുന്നു.
നിലത്തേക്ക് വീഴുന്ന ഫോട്ടോ, പടരുന്ന തീനാളങ്ങള്‍.
സീന്‍ 21 തുടര്‍ച്ച
രാവിലെ. അവളുടെ മുറി.
ഫോട്ടോയിലൂടെ ഓടുന്ന അവളുടെ കൈവിരലുകളെ ഇംപോസ് ചെയ്തു കൊണ്ട് ഒരു കോളിംഗ് ബെല്‍.
സീന്‍ 21 തുടര്‍ച്ച
പകല്‍. അവളുടെ വീട്.
തുറക്കുന്ന മുന്‍വാതില്‍.
അമ്പരന്ന് നിലുന്ന അവള്‍. വെളിയില്‍ ചിരിച്ച് കൊണ്ട് അവന്‍.
സീന്‍ 20 തുടര്‍ച്ച
രാത്രി. അവന്റെ മുറി. (തലേ ദിവസം)
തീ ഫോട്ടോയിലെ അവളുടെ മുഖത്തേക്ക് വ്യാപിക്കുമ്പോള്‍ ഉദ്വേഗത്തോടെ നിലത്തിരിക്കുന്ന അവന്‍. കൈകള്‍ കൊണ്ട് ഉറക്കെയടിച്ച് അവന്‍ തീ കെടുത്തുന്നു. അരികുകള്‍ കത്തിയ ഫോട്ടോയില്‍ ബാക്കിയുള്ളത് അവളുടെ കണ്ണുകള്‍ മാത്രം!
ഫ്രെയിമില്‍ ഡോമിനന്റ് ആയി നില്‍കുന്ന ഫോട്ടോ - കണ്ണുകള്‍.
സീന്‍ 21 തുടര്‍ച്ച
പകല്‍. അവളുടെ വീട്.
അവള്‍.
അവളുടെ പിറകില്‍ ഔട്ട് ഓഫ് ഫോക്കസ് ആയി അവളുടെ അച്ഛനും അമ്മയും.
അവര്‍ക്ക് മുന്നില്‍ ഉയരുന്ന അവന്റെ ഒരു വിരല്‍.
വിരലില്‍ നമ്മുടെ കാഴ്ച ഫോക്കസ്‌ഡ് ആവുമ്പോള്‍ അവളുടെ പുഞ്ചിരി പതിയെ തെളിയുന്നതായ് കാണാം.
സീന്‍ 20 തുടര്‍ച്ച
രാത്രി. അവന്റെ മുറി.
കത്തിയെരിയുന്ന അപേക്ഷാഫോറം.
തിളങ്ങുന്ന കണ്ണുകളുള്ള അവളുടെ ഫോട്ടോ.
അണയുന്ന വിളക്ക്. ഇരുട്ട്.
സീന്‍ 22
വര്‍ഷങ്ങള്‍ ശേഷം. പകല്‍. പാര്‍ക്ക്.
സൂം ചെയ്യുന്ന ഒരു സ്റ്റില്‍ക്യാമറ. പിറകില്‍ അവന്‍.
അടുത്ത് പൂവുകള്‍ക്കിടയില്‍ നില്‍ക്കുന്ന അവള്‍. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയിലെ മാറ്റം അവരിലുണ്ട്.
അവളുടെ നെറുകയില്‍ തിളങ്ങി നില്‍കുന്ന സിന്ദൂരം.
സീന്‍ 23
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
ടി വി കണ്ടിരിക്കുന്ന അവന്‍.മടിയില്‍ തുറന്നിരിക്കുന്ന ലാപ്പ്ടോപ്പ്.
മാറുന്ന ചാനല്‍. ദേഷ്യത്തോടെ അവന്‍ നോക്കുമ്പോള്‍ ചിരിച്ച് കൊണ്ട് നില്‍കുന്ന അവള്‍. അവന്റെ അടുത്തിരുന്ന് അവള്‍ ടിവിക്ക് നേരെ ചൂണ്ടി കാണിക്കുന്നു. ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വംസഹ എപ്പിസോഡ്-33”
സീന്‍ 24
പകല്‍. അവരുടെ കിടപ്പ് മുറി.
ഒരു പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കുന്ന അവര്‍. പുറം തിരിഞ്ഞ് കിടന്നുറങ്ങുന്ന അവള്‍. മെല്ലെ അടുത്തേക്ക് നീങ്ങി അവളോട് ചേര്‍ന്ന് കിടക്കുന്ന അവന്‍.
കണ്ണുകള്‍ തുറക്കാതെ പുഞ്ചിരിക്കുന്ന അവള്‍.
സീന്‍ 25
പകല്‍. അവരുടെ വീട്. ബാല്‍ക്കണി.
കാപ്പി കുടിച്ച് കൊണ്ട് ലാപ്പ്ടോപ്പില്‍ ശ്രദ്ധചെലുത്തിയിരിക്കുന്ന അവന്‍. ചിതറി കിടക്കുന്ന മുടിയിഴകള്‍.
അവന്റെ മുന്നിലേക്ക് മെല്ലെ നീളുന്ന ഒരു സ്ട്രിപ്പ്. മുന്നില്‍ ഒരു കുസൃതിചിരിയോടെ അവള്‍.
സീന്‍ 26
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
ടി വി കണ്ടിരിക്കുന്ന അവള്‍. എന്തിനോ വേണ്ടി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഓടി വരുന്ന അവന്‍. അവളെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കാതെ ഒരു ഗ്ലാസ്സില്‍ അവള്‍ക്ക് വെള്ളവും മരുന്നും നല്‍കുന്ന അവന്‍. അവനെ നോക്കി ചിരിച്ച് കൊണ്ട് മരുന്ന് കഴിച്ച് ഗ്ലാസ്സ് അവള്‍ തിരികെ ഏല്പിക്കുന്നു. അത് വാങ്ങി അവളുടെ അടുത്ത് ഇരുന്ന് അവന്‍ ടിവിയിലേക്ക് നോക്കുമ്പോള്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വംസഹ എപ്പിസോഡ്-333”
സീന്‍ 27
പകല്‍. ആശുപത്രി പരിസരം.
ഒരു ഗൈനക്കോളഗിസ്റ്റിന്റെ മുറിയുടെ പുറകിലിരിക്കുന്ന അവന്‍.
അല്പ നേരത്തിന് ശേഷം വാതില്‍ തുറന്ന് വരുന്ന അവള്‍. ആവേശത്തോടെ അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ ‘ഇല്ല’ എന്ന് തലയാട്ടുന്ന അവള്‍.
വിഷണ്ണമാവുന്ന അവന്റെ മുഖം.
സീന്‍ 28
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
സോഫയിലിരിക്കുന്ന അവള്‍. മടിയില്‍ കിടക്കുന്ന അവന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്ന അവളുടെ കൈവിരലുകള്‍.
ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വംസഹ എപ്പിസോഡ്-666”
ടിവി ഓഫ് ചെയ്യുന്ന അവള്‍.
നിലത്ത് വീഴുന്ന റിമോട്ട്.
സീന്‍ 29
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
തെളിയുന്ന ടിവി. ടിവി മറച്ച് കൊണ്ട് നടക്കുന്ന ആളുകള്‍. നമ്മള്‍ അവരുടെ മുഖങ്ങള്‍ കാണുന്നില്ല. വ്വിവിയില്‍ നിന്ന് സൂം ഔട്ട് ചെയ്ത് ക്യാമറ വരുന്നത് അവളുടെ മടിത്തട്ടാണ് - അതിലെ കുഞ്ഞും. ഫ്രെയിമിലേക്ക് വരുന്ന അവന്റെ മുഖം.
ക്ഷീണിച്ചതെങ്കിലും സന്തോഷമുള്ള മുഖം. കുഞ്ഞിന്റെ നെറുകയില്‍ ഒരുമ്മ വെച്ച് അവന്‍ മുകളിലോട്ട് നോക്കുന്നു (അവളുടെ റിയാക്ഷന്‍ നമുക്ക് ഊഹിക്കാം.). അവന്‍ ഫ്രെയിമില്‍ നിന്ന് മാറുമ്പോള്‍ ടിവിയില്‍ തെളിയുന്ന അക്ഷരങ്ങള്‍.
“സര്‍വ്വംസഹ എപ്പിസോഡ്-999”
സീന്‍ 30
പകല്‍. അവരുടെ വീട്. സിറ്റിംഗ് റൂം.
‘2’ എന്ന് അടയാളപ്പെടുത്തിയ ഒരു മെഴുകുതിരി. ഒരു കൈ വന്ന് അത് തെളിയിക്കുന്നു. പുറകില്‍ നീങ്ങുന്ന രൂപങ്ങള്‍ നമുക്ക് കാണാം.
ഫ്രെയിമിലേക്ക് വരുന്ന കുഞ്ഞിന്റെ മുഖം. അവന്‍ വളര്‍ന്നിരിക്കുന്നു കുറച്ച് സൂം ഔട്ട് ചെയ്യുമ്പോള്‍ നമുക്ക് ഒരു ബര്‍ത്ത്ഡേകേക്ക് കാണാം. കുഞ്ഞ് അത് മെല്ലെ ഊതി കെടുത്തുന്നു.
സീന്‍ 31
പകല്‍. അവരുടെ വീട്. കിടപ്പു മുറി
കുഞ്ഞിനെ കിടക്കയിലേക്ക് കിടത്തുന്ന അവള്‍. അവന്‍ മുഖമമര്‍ത്തി കുഞ്ഞിന് ഒരു ഉമ്മ നല്‍കുന്നു. അവളും ഒരുമ്മ നല്‍കി അവന് നേരെ നോക്കുന്നു. അവന്‍ മെല്ലെ മേശക്കരികിലേക്ക് നടക്കുന്നു. തുറന്ന് വെച്ചിരിക്കുന്ന ലാപ്പ്ടോപ്പ്. അവന്‍ മെല്ലെ ലാപ്പ്ടോപ്പ് അടച്ച് ഓഫീസ്‌ബാഗിനുള്ളിലേക്ക് വെച്ച് സിബ്ബിടുന്നു.
അവന് മെല്ലെ വിരലുയര്‍ത്തി ‘രണ്ട്’ എന്ന് കാണിക്കുന്നു.
അവള്‍ ‘പറ്റില്ല’ എന്ന് രീതിയില്‍ തലയാട്ടുന്നു.
അവന്‍ തെല്ല് പരിഭവത്തോടെ മെല്ലെ വിരലുയര്‍ത്തി ‘ഒന്ന്’ എന്ന് കാണിക്കുന്നു.
അവള്‍ ‘പറ്റില്ല’ എന്ന് രീതിയില്‍ തലയാട്ടുന്നു. എന്നിട്ട് ഒരു ചിരിയോടെ വിരലുകളുയര്‍ത്തി ‘അഞ്ച്’ എന്ന് കാണിക്കുന്നു.എന്നിട്ട് രണ്ട് കൈകളുമുയര്‍ത്തി അവന് നേരെ “തംപ്‌സ് അപ്പ്” എന്ന് കാണിക്കുന്നു.
തെളിയുന്ന അവന്റെ മുഖം. നിറഞ്ഞ പുഞ്ചിരി. ഒരു ഡോളി സൂം ഷോട്ടിലൂടെ നമ്മള്‍ കാണുന്ന അവന്റെ മുഖം പതിയെ ആ പഴയ ഏഴു വയസ്സുകാരന്റേതായ് മാറുന്നു - കുതിരപ്പുറത്തിരിക്കുന്ന നായകനുള്ള സിനിമാപോസ്റ്ററില്‍ ആരാധനാപൂര്‍വം നോക്കി നില്‍ക്കുന്ന ഏഴു വയസ്സുകാരന്‍!
അവന്റെ മുകളിലേക്ക് വന്ന് വീഴുന്ന വെളിച്ചം. ചിരിച്ച് കൊണ്ടവന്‍ നില്‍ക്കുമ്പോള്‍ പെട്ടന്ന് വിഷ്വല്‍ ഫ്രീസ് ആവുന്നു.
ക്ലാപ്പിന്റെ ശബ്ദം - നിശബ്ദത – പിന്നെ മുഴക്കത്തോടെ
“സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍”!
ബ്ലാക്ക് ഔട്ട്.
--------------------------------------------------------------- ശുഭം (?) ----------------------------------------------------------------------
Tuesday, May 26, 2009
ഭഗവതിരൂപിണി
പുഴക്കരയിലെ പാറക്കെട്ടുകള്‍ക്ക് പിറകിലുള്ള ഈ കുടിലിലേക്ക് നിമിഷങ്ങള്‍ക്ക് മുന്‍പ് കടന്ന് വരുമ്പോള്‍ തന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കണം എന്ന ഭയം രുദ്രയ്ക്കുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ പടലേടത്തെ കുട്ടിയെ പാറു തിരിച്ചറിയുമെന്നതില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല. പാറുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെടുത്ത് മടിച്ച് മടിച്ച് കൊണ്ടുള്ള നില്‍പ്പിന്റെ പൊരുള്‍ അടിവയറ്റിലേക്കുള്ള ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ തലമുറകളെ ഭൂമിയിലേക്ക് സ്വാഗതം ചെയ്ത ആ കൈത്തഴക്കത്തിനായി. “അകത്തേക്ക് കിടന്നോളു’ എന്ന് മാത്രം പറഞ്ഞ് കൊണ്ട് കൂരയ്ക്കുള്ളിലെ ഇരുട്ടിലേക്ക് പാറു മറഞ്ഞപ്പോള്‍ പിന്തുടരാനേ അവള്‍ക്കായുള്ളൂ.
പുറത്ത് കരിയിലകള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു.
അരിച്ചരിച്ച് നീങ്ങിയ നിമിഷങ്ങളുടെ അസ്വസ്ഥതയില്‍ രുദ്ര കിടന്നു. കളിമണ്‍പാത്രങ്ങള്‍ കലഹിക്കുന്ന ശബ്ദത്തിനിടയില്‍ പാറുവിന്റെ ചുണ്ടുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വന്ന വാക്കുകള്‍ അവ്യക്തമായ് കേട്ടു. തന്റെ അരികിലേക്കടുത്ത് വരുന്ന അതിന്റെ താളത്തില്‍ ഏതോ പ്രാര്‍ത്ഥനകളുടെ പിറുപിറുക്കലുണ്ട്. പാറുവിന്റെ തണുത്ത കൈപ്പത്തി രുദ്രയുടെ നെറ്റിയില്‍ പതിയെ തലോടി. കണ്‍തടങ്ങളിലാകെ പരന്ന കരിമഷിയും നെറ്റിയിലാകമാനം പൂശിയ ഭസ്മവും അതിന്റെ നടുവിലെ കുങ്കുമരാശിയും ‘കുറിയപാറു’വിനെ സുന്ദരിയാക്കിയിട്ടുണ്ടെന്ന് അവള്‍ക്ക് തോന്നി. വെളുവെളുത്ത ഈ മേല്‍മുണ്ട് എപ്പോഴാണ് പാറു ഇട്ടത്?
“ഒന്നും പേടിക്കണ്ട. ഒരു ഉറുമ്പു കടിക്കുന്ന വേദന പോലുമില്ലാതെ പാറു നോക്കിക്കൊള്ളാം.”
കോടിയ ചുണ്ടുകളില്‍ ചിരിയൊളിപ്പിച്ച് കൊണ്ട് രുദ്ര കിടന്നു. തന്റെ വലത്തുകൈപ്പടം രുദ്രയുടെ അടിവയറ്റില്‍ വച്ചപ്പോഴും നെറ്റിയിലെ തലോടല്‍ പാറു തുടര്‍ന്ന് കൊണ്ടേയിരുന്നു. ഓലപ്പഴുതിലൂടെ നേരിയ വെളിച്ചം അവളുടെ അടിവയറ്റിനെ സ്പര്‍ശിച്ച് കൊണ്ടേയിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ വയറ്റാട്ടിപാറു കണ്ണുകളടച്ചപ്പോള്‍ പുറത്തേക്കുള്ള വാതില്‍ അടഞ്ഞു. മുറിയിലെ ഇരുട്ടിന് കനം വെച്ചു.
അടിവയറ്റിനെ തലോടികൊണ്ടിരുന്ന പാറുവിന്റെ കൈകള്‍ ഉടുമുണ്ടിന്റെ കെട്ട് വേര്‍പ്പെടുത്തിയപ്പോള്‍ അവളൊന്ന് പുളഞ്ഞു. കൂടുതല്‍ കനം വെച്ച് കൊണ്ടിരുന്ന ഇരുട്ടില്‍ പാറുവിന്റെ പിറുപിറുക്കലുകള്‍ വ്യക്തമായ് തുടങ്ങി. പൊക്കിള്‍ക്കൊടിയുടെ കീഴേയ്ക്ക് ഭ്രമണപഥം മാറിയ തലോടലിന്റെ വേഗതയില്‍ അരഞ്ഞാണം പൊട്ടിയൂര്‍ന്ന് പോയത് രുദ്രയറിഞ്ഞു.
“കണ്ണടച്ചോളൂ....”
പറഞ്ഞതാര്? കാതുകളില്‍ മുഴങ്ങുന്ന ശബ്ദം കണ്ണിയിണങ്ങാത്ത വാക്കുകളോ അതോ മന്ത്രോച്ചാരണങ്ങളോ? തന്റെ കണ്ണുകള്‍ മുന്‍പേ അടഞ്ഞിരുന്നതായിരുന്നുവെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ മുറുക്കിയടയുമ്പോള്‍ കറുപ്പും കറുപ്പിന്റെ ചുറ്റും മറ്റെല്ലാ നിറങ്ങളും ചേരുന്നു. മറ്റാരുടേയോ ശ്വാസം മുഖത്ത് പതിയുന്നുവോ? ഇല്ല... പക്ഷെ ആ ശ്വാസം ഒന്ന് പതിഞ്ഞിരുന്നെങ്കില്‍.... പൂ പോലെ തന്റെ അരക്കെട്ടുയര്‍ത്തി, നെറ്റിയിലെ വട്ടപൊട്ടിലേക്ക് ചുണ്ടുകളമര്‍ത്തി കൊണ്ട് വിളിച്ചത് ഒന്ന് കൂടെ കേട്ടിരുന്നെങ്കില്‍...
“ഭഗവതിരൂപിണീ....!!!”
ആ വിളി തന്നിലൂര്‍ജ്ജമായ് പടരുന്നു.... അയാളുടെ മുഖമോ മനസ്സില്‍ തെളിഞ്ഞത്... അതോ മറ്റാരോ മാറ്റാന്‍ ചൊല്ലി വിളിച്ചതോ?
“കുട്ടീ, ഗാന്ധര്‍വ്വത്തിന് ദാഹിക്കുന്ന മനസ്സുകളാണ് ചുറ്റും, സൂക്ഷിക്കണം.“
മുത്തശ്ശിയുടെ ശബ്ദം കേട്ടുവോ? അല്ല അത് അയാളുടെ ശബ്ദം പോലെ തന്നെ... അല്പ മുന്‍പ് കണ്ടപ്പോഴും തനിക്കാകര്‍ഷകമായ് തോന്നിയത് ആ ശബ്ദമാണ്. പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദം... ശരീരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും ഒരേ പോലെ മുഴങ്ങുന്ന ആ ശബ്ദം....
ചുമരിലേക്ക് തിരിഞ്ഞിരുന്ന് ഉണങ്ങികൊണ്ടിരുന്ന വ്രണത്തിലെ അടരുകള്‍ പൊളിച്ച് കൊണ്ടിരുന്ന അയാളെയാണ് പൂവള്ളിയിലെ വൈദ്യപ്പുരയിലേക്ക് കടന്ന് ചെന്നപ്പോള്‍ കണ്ടത്... അകമേ തോന്നിയത് സഹതാപമോ പകയോ? അകത്തേക്ക് കയറാന്‍ മടിച്ച് നിന്നപ്പോഴും എന്തിനാണ് അപ്പോളങ്ങോട്ട് ചെന്നത് എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു മനസ്സില്‍. മനസ്സിലുള്ളത് പറയണം. ആ നീറ്റല്‍, വര്‍ഷങ്ങള്‍ പഴുപ്പിച്ചെടുത്ത ആ നീറ്റലിന്റെ സുഖകരമായ പരിണാമം, മനസ്സിലാക്കാനായില്ലെങ്കിലും ഒരു പുരുഷനെങ്കിലും അതറിയണം!
പക്ഷെ അപ്പോള്‍ മുറിയില്‍ വേലുവിനെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എഴുന്നേറ്റ് ഒരരികിലേക്ക് മാറി നിന്ന് തനിക്ക് നില്‍ക്കാനല്‍പ്പം സ്ഥലമുണ്ടാക്കവേ ചിരിച്ചെന്നൊന്ന് വരുത്തി. കണ്ണുകള്‍ നിലത്തും ഉലഞ്ഞിരിക്കുന്ന തന്റെ മേല്‍മുണ്ടിലുമായ് പായിച്ച് കൊണ്ട് വേലു പിറുപിറുത്തു.
“എന്തൊരു ദുര്‍വിധിയാണീശ്വരാ! എല്ലാം ജാതകദോഷം!!!”
അതെയോ... എല്ലാം ജാതകദോഷം തന്നെയോ?
താന്‍ ഒന്നും പ്രതികരിക്കുന്നില്ല എന്ന് കണ്ട് അയാള്‍ തുടര്‍ന്നു.
“പേരു കേട്ട ഇല്ലം... പണം പ്രതാപം. ദുര്‍മന്ത്രവാദവും ഒഴിപ്പിക്കലുകളും തുടങ്ങിയ മുതല്‍ ഞാന്‍ ഭയപ്പെട്ടതാ വള്ളിക്കാട്ടെ മൂസ്സതിന്റെ ഈ പതനം - ഇത്ര നേരത്തെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും! കര്‍മ്മഫലം!”
അതെയോ...? പുരുഷപ്രകൃതിയുടെ കര്‍മ്മങ്ങളെന്തല്ലാമായിരുന്നുവെന്ന് അന്വേഷിച്ചില്ലേ കാര്യസ്ഥന്‍ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. തന്റെ മൌനം അയാളെ അസ്വസ്ഥനാക്കിയോ...
“കുഞ്ഞിനിപ്പോള്‍ എല്ലാം സുഖായല്ലോല്ലേ.... അതും അദ്ദേഹത്തിന്റെ കൈപ്പുണ്യം”
ഒന്നു മൂളിയിരുന്നോ താന്‍. അറിയില്ല. വേലുവിന്റെ കണ്ണുകളില്‍ തന്നെയായിരുനു ശ്രദ്ധ. കണ്ണൊന്ന് പിഴച്ചാല്‍ കൊത്തിപ്പറിക്കാനെന്നോണമാണോ അയാളുടെ നോട്ടം? ആണെങ്കില്‍....
“പകലൊക്കെ മിണ്ടാട്ടല്ല്യാതെ ഇരിക്കും.. രാത്രീലൊക്കെ എന്തൊക്കെയോ പിറുപിറുക്കും... ചെലപ്പോ ആരെയൊക്കെയോ ശപിക്കും.... ശ്ലോകം ചൊല്ലും.... ഇടയ്ക്ക് പെട്ടന്നുള്ള ഒരു നെലവിളിയുണ്ട്, അതാ കഷ്ടം... കേക്കുമ്പം ചങ്കു പറിയും..... എത്ര മനസ്സുകള്‍ സുഖപ്പെടുത്തീതാ ഇദ്ദേഹം... അതിന്റെ പുണ്യം ഇങ്ങനയാണല്ലോ ഈശ്വരന്മാര്‍ കൊടുത്തത്...”
തന്നില്‍ നിന്നും മറുപടിയെന്തെങ്കിലുമുണ്ടാകുമെന്ന് കരുതി വേലു വീണ്ടും കാത്തു. മാത്രകള്‍ മരവിച്ച് നിന്നു.
“കുഞ്ഞുണ്ടാവില്ലേ ഇവിടെ ഇത്തിരി നേരം.... ഞാനൊന്ന് മുറുക്കീട്ട് വരാം... “
വേലു പോവുന്നതും നോക്കി താന്‍ കുറച്ച് നിന്നു. പിന്നില്‍ ചങ്ങലക്കൂട്ടം അനങ്ങുന്നുണ്ടെന്ന് അറിഞ്ഞുവെങ്കിലും തിരിഞ്ഞ് നോക്കിയില്ല. ആ നോട്ടം തന്റെ നേരെ നീളുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. തിരിഞ്ഞൊന്ന് നോക്കാന്‍ അപ്പോള്‍ തനിക്ക് ഇത്തിരി ഭയമുണ്ടായിരുന്നോ? അറിയില്ല, പക്ഷെ മനസ്സിലെന്തോ മുറുക്കമനുഭവപ്പെട്ടിരുന്നു. പിന്നില്‍ ഒരു പിറുപിറുക്കല്‍ കേട്ടു.
“വട്ടപൊട്ട്.... ചെമ്പരത്തിയുടെ ചുവപ്പുള്ള വട്ടപൊട്ട്”
തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. കാലിലെ വ്രണം വട്ടപൊട്ടായി മാറ്റിയിരിക്കുന്നു. ഉണങ്ങാത്ത ചോരക്കറയുള്ള കൈവിരല്‍ത്തുമ്പ് തന്റെ നെറ്റിക്ക് നേരെ നീട്ടി കൊണ്ട് പ്രതാപിയായ മൂസ്സത് പുലമ്പുന്നു - “വട്ടപ്പൊട്ട്!“.
തനിക്കെന്തോ അതൊരു ഹരമായ് തോന്നി. ചുണ്ടുകള്‍ മന്ദഹസിച്ചു. മുഖം അയാളുടെ കണ്ണുകളുടെ മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു.
“ഇതാ ചുവന്ന വട്ടപ്പൊട്ട്... മൂസ്സതിന്റെ ആവാഹനക്കളത്തില്‍ മതിഭ്രമവുമായ് പഴന്തുണി പോലെ ഇരുന്ന ആ പെണ്ണിന്റെ മുഖത്തെ അതേ വട്ടപ്പൊട്ട്...”
അയാള്‍ക്ക് തന്നെ മനസ്സിലായോ... ആ കണ്ണുകളില്‍ അപ്പോള്‍ സന്ദേഹമുയര്‍ന്നോ?
“നീ...”
“ഞാന്‍ തന്നെ.... അത് ഞാന്‍ തന്നെ... ആഴ്ചകള്‍ക്ക് മുന്‍പ് ഇല്ല്ലത്തെ അറപ്പുരയില്‍ ബ്രഹ്മചാരി കളമൊരുക്കിയത് എനിക്ക് വേണ്ടി തന്നെ.... ആയിരത്തൊന്ന് തിരികള്‍ക്ക് നടുവില്‍ മന്ത്രോച്ചാരണങ്ങള്‍ പൂകൊണ്ട് മൂടിയതും എന്നെ തന്നെ... ചെയ്താലും ചെയ്താലും ആണിന് മതി വരാത്ത പൂജയ്ക്കായ് ഹവസ്സായതും ഞാന്‍ തന്നെ.... ഒടുവില്‍ ഇപ്പോള്‍ വള്ളിക്കാട്ടെ ബ്രഹ്മചാരിയായ മൂസ്സതിന്റെ ഹേതുവാകാനുള്ള സൌഭാഗ്യം സിദ്ധിച്ചതും ഈ രുദ്രയ്ക്ക് തന്നെ! “
“ബ്രഹ്മചാരി.... ഞാന്‍.....”
മനസ്സില്‍ ആവേശം നുര പൊന്തുന്നു. വാക്കുകളില്‍ വജ്രമുനകളുയരുന്നു.
“ബാധയെ തന്നിലേക്കവാഹിച്ച് പെണ്ണിന് രോഗശാന്തി നല്‍കിയ കാര്‍മ്മികനെ ലോകം വാഴ്തും. പക്ഷെ എനിക്ക് മാത്രമറിയാം.... ബോധത്തിനും ബോധക്കേടിനുമിടയില്‍ ഞാന്‍ മാത്രമറിഞ്ഞ രഹസ്യം! മതിയുടെ പാരമ്യത്തില്‍ എന്റെ ബോധോദയം! വര്‍ഷങ്ങളുടെ അശാന്തിയുടെ പകരമായ് ഞാന്‍ കവര്‍ന്നത് അങ്ങയുടെ ബ്രഹ്മചര്യം! അന്ന് അഴിഞ്ഞ് വീണ മടിക്കുത്തില്‍ പരന്ന് കിടന്ന ചോരക്കറയാണ് ഈ വട്ടപ്പൊട്ടില്‍ ജ്വലിച്ച് നിന്നിരുന്നത്. കണ്ടോളൂ.... ഇതിലിപ്പോള്‍ ചെമ്പരത്തിയുടെയല്ല ചോരയുടെ ചുവപ്പാണുള്ളത്.... തിളങ്ങണ ചുവപ്പ്”
താന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മൂസ്സത് നിശ്ചലനായിരുന്നു, പാവം അയാള്‍ക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നുറപ്പ്.
ഏഴു ദിനരാത്രങ്ങള്‍ കൊണ്ട് അയാള്‍ ആവാഹിച്ചെടുത്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍പ്പക്കാവിലെ ഇരുട്ടില്‍ ആരൊക്കെയോ തന്നില്‍ ആഴ്ന്നിറക്കിയ പാപബോധമാണ്. ആ പാപബോധമാണ് അയാളുടെ മനസ്സിലെ മിന്നല്‍പിണറുകള്‍- അത് തന്നേക്കാള്‍ നന്നായി ആര്‍ക്കറിയാം.
കന്യകാത്വം നഷ്ടപ്പെട്ട പെണ്ണിനെ പോലെയോ ബ്രഹ്മചര്യം നഷ്ടപ്പെട്ട പുരുഷന്‍? ശാസ്ത്രങ്ങള്‍ക്കുത്തരമില്ലാത്ത ചോദ്യം!
അല്ല എന്ന് തന്റെ വിവേകം ഉത്തരം നല്‍കി. ആണിന് ബ്രഹ്മചര്യം ഒരലങ്കാരമാണ്. പക്ഷെ പെണ്ണിന് മാനം പകരം വെയ്ക്കാനില്ലാത്തതാണ്.
രുദ്ര മൂസ്സതിനോടല്ല, പെണ്ണ് പുരുഷനോടാണ് പകരം വീട്ടിയിരിക്കുന്നത്!
അതില്‍ പേരുകള്‍ക്കെന്ത് പ്രസക്തി?
മാര്‍ഗ്ഗത്തിനെന്തിന് വിശദീകരണം?
ഇവിടെ താന്‍ തന്നെ ശരി!
അയാളുടെ കണ്ണുകളില്‍ നനവ് പരന്നിരുന്നു. തനിക്കപ്പോള്‍ അയാളോട് സഹതാപം തോന്നിയോ? ഇല്ല... പുരുഷന്‍ സഹതാപമര്‍ഹിക്കുന്നില്ല.
മുഖം ചേര്‍ത്ത് വെച്ച് അയാളുടെ ചുണ്ടുകളില്‍ മുത്തമിട്ട് തിരിഞ്ഞ് നടന്നപ്പോള്‍ അയാളുടെ നെറ്റിയിലും ഒരു വട്ടപ്പൊട്ടുദിച്ച് നിന്നിരുന്നു.
പാറുവിന്റെ കൈവിരലുകള്‍ തന്റെയുള്ളില്‍ ഒന്നുയര്‍ന്ന് താണപ്പോള്‍ ഉറുമ്പു കടിക്കുന്ന പോലത്തെ ആ വേദന രുദ്രയറിഞ്ഞു. പാറുവിന്റെ മന്ത്രോച്ചാരണങ്ങള്‍ നിലച്ചു. അപ്പോഴും കാതുകളില്‍ ആ വിളി മുഴങ്ങുന്നു - “എന്റെ ഭഗവതിരൂപിണീ....!!!”
രുദ്ര ചിരിച്ചു.
“വേദനിക്ക്‍ണ്‌ണ്ടോ?” പാറു ചോദിച്ചു.
ഓലക്കീറുകള്‍ക്കിടയിലൂടെ വീണ വെളിച്ചത്തില്‍ ചുവന്ന വട്ടപ്പൊട്ട് തിളങ്ങി.
അവള്‍ വീണ്ടും ചിരിച്ചു, ഇക്കുറി കുറേ കൂടി ഉറക്കെ....
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
Monday, May 25, 2009
മതപരിഷ്ക്കരണം
വേദിയില്‍ നിന്നുയര്‍ന്ന ഘനഗംഭീരശബ്ദം നദീത്തടങ്ങളും സമതലങ്ങളും മരുഭൂമികളും കവിഞ്ഞ് ഒത്തു കൂടി നില്‍ക്കുകയായിരുന്ന ജനകോടികളെ ഒരുമിച്ച് നിശബ്ദരാക്കി.
“കഴിഞ്ഞ കുറേ മാസങ്ങള്‍ ഞങ്ങള്‍ക്ക്, എന്ന് വെച്ചാല്‍ വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന സുപ്രധാന മത-സാമൂഹ്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക്, വിശ്രമമില്ലാത്ത നിമിഷങ്ങളായിരുന്നു. സംഭവത്തിന്റെ രത്നചുരുക്കം ഇതാണ്. നമ്മുടെ മതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും നിലനില്‍പ്പിനും പ്രചാരണത്തിനുമായ് ‘അദ്ദേഹം’ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ഞാനിവിടെ അധികമൊന്നും പറയേണ്ടതായിട്ടില്ല. നാം ഇന്ന് പിന്തുര്‍ന്ന് പോരുന്ന മതശാസനകളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുശിഷ്യന്മാരുടേയും കാഴ്ചപ്പാടുകളാണ്. കാലഘട്ടങ്ങള്‍ പഴക്കമുള്ള ചില എഴുത്തുകളും കുറിപ്പുകളും അതിന്റെ വിവര്‍ത്തനരേഖകളുംശ്രദ്ധാപൂര്‍വ്വം പഠിക്കുകയായിരുന്ന ഗവേഷണവിദ്യാര്‍ഥികളിലൊരാളാണ് ‘അദ്ദേഹ‘ത്തിന്റെ ഒരാഹ്വാനം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. തുടരന്വേഷണത്തില്‍ ‘അദ്ദേഹം’ പല അവസരത്തിലും ഇങ്ങനെ ആഹ്വാനം ചെയ്തതായ് പറഞ്ഞ് കേട്ടിരുന്നുവെന്ന് സ്വദേശ-വിദേശങ്ങളിളുള്ള ചില പഴമക്കാരും പഴമക്കാരുടെ പരിചയക്കാരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആദ്യവായനയില്‍ അഹിതമായ് തോന്നിയെങ്കിലും പുനര്‍വായനയില്‍ ആ ആഹ്വാനത്തിന്റെ അന്ത:സ്സാരം ഞങ്ങളെ അത്‌ഭുതപ്പെടുത്തുകയും ഉത്‌ബോധരാക്കുകയും ചെയ്തു. ദിനരാത്രങ്ങള്‍ നീണ്ട് നിന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മതപരിപാലനകമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാനം ‘അദ്ദേഹ‘ത്തിന്റെ ഈ ആഹ്വാനം മതഗ്രന്ഥത്തിലൊരു ഭേദഗതിയായ് ഉള്‍പ്പെടുത്തുക എന്നതായിരുന്നു.“
വിശ്വാസസമൂഹം അതിശയത്തോടെ പ്രസ്താവന കേട്ടിരുന്നു. ചിലര്‍ ഭക്തിപൂര്‍വ്വം ആനന്ദചിത്തരായ് നിര്‍വൃതിയണഞ്ഞു. വിവിധശരീരദ്വാരങ്ങളിലൂടെ അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ പുറത്തേക്ക് വന്നു.
“‘അദ്ദേഹ’ത്തിന്റെ ചില സ്വകാര്യഎഴുത്തുകളും കുറിപ്പുകളും സംഭാഷണങ്ങളും വഹിച്ചിരുന്ന, കാലം നമ്മില്‍ നിന്നും ഇത്രനാള്‍ മറച്ച് വെച്ച ആ ‘ആഹ്വാനം’ കോടിക്കണക്കിന് വരുന്ന നമ്മുടെ മതവിശ്വാസികള്‍ക്കായ് ഞാനിതാ പകരുന്നു”
ഒന്ന് മുരടനക്കി കൊണ്ട് അയാള്‍ ‘അദ്ദേഹ‘ത്തിന്റെ ആഹ്വാനമെന്ന് അവകാശപ്പെടുന്ന പുതിയ ഭേദഗതി മൂന്നു തവണ ഉറക്കെ ചൊല്ലി.
“കാരണവര്‍ക്ക് അടുപ്പിലും തൂറാം!....
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!......
കാരണവര്‍ക്ക് അടുപ്പിലും തൂറാം!!!........“
മതഗ്രന്ഥത്തിലെ പുതുപരിവര്‍ത്തനനിയമംഉരുവിട്ടു കൊണ്ട് വിശ്വാസികള്‍ മടങ്ങി. പരിഷ്ക്കരണത്തിന്റെ നവമന്ത്രധ്വനിയില്‍ പുരുഷപ്രജകള്‍ ആനന്ദനിര്‍വൃതിയണഞ്ഞപ്പോള്‍ നിത്യജോലികളില്‍ ഉണ്ടായേക്കാവുന്ന ‘കര്‍മ്മഭാര‘മോര്‍ത്ത് സ്ത്രീപ്രജകള്‍ നിര്‍വ്വികാരപ്പൂര്‍വ്വം കോട്ടുവായിട്ടു.
ആകാശവും ഭൂമിയും അതു പോലെ നിന്നു.
--------------------------------------------------------------------------------------------------------------------------------
Monday, February 23, 2009
തൂറ്റലാടീസ്
പപ്പാമാമയുമായ് ഞങ്ങള്‍ക്കുള്ളത് അച്ഛന്‍ വഴിയുള്ള അത്ര അകലെയല്ലാത്ത ബന്ധമാണ്. പത്മനാഭമേനോന്‍ എന്ന് പേരായിരിക്കും ‘പപ്പന്‍’ എന്നായത് എന്നാണെന്റെ ഊഹം. വീട്ടില്‍ ക്ഷണിക്കാതെ വരുന്ന വിരുന്നുകാരിലൊരുവനായ പപ്പാമാമ എനിക്കിട്ട പേരാണ് ‘തൂറ്റലാടീസ്’. ആ പേരിടാനുള്ള കാരണം സിംപിള്‍. മൂപ്പര്‍ വരുമ്പോഴൊക്കെ എനിക്ക് വയറിളക്കമായിരിക്കും. മൂപ്പര്‍ വരുമ്പോള്‍ മാത്രമല്ല കുട്ടികാലത്ത് മിക്ക സമയങ്ങളിലും എനിക്ക് വയര്‍സംബന്ധമായ് എന്തെങ്കിലുമൊക്കെ അസുഖം ഉണ്ടായികൊണ്ടേയിരുന്നിരുന്നു. കൊച്ചായിരിക്കുമ്പോഴേ ഗ്രഹണി, വിരശല്യം തുടങ്ങിയ മാരകരോഗങ്ങള്‍ നിര്‍ബാധം എന്നെ കീഴടക്കി കൊണ്ടിരുന്നു. ആ കാലത്തെ ഇഷ്ടവിഭവങ്ങളായ കല്ല്, സിമന്റ്, മൂക്കിള, ഇരുമ്പിപ്പുളി, പച്ചമാങ്ങ, പച്ചപറങ്കിമാങ്ങയുടെ പരിപ്പ്, കണ്ണില്‍ കണ്ട ഇലകള്‍ തുടങ്ങിയവ ആ രോഗാവസ്ഥയ്ക്ക് പൂരകങ്ങളായ് വര്‍ത്തിച്ചു. വിരകളുടെ പടയോട്ടത്തില്‍ തിരിഞ്ഞും മറിഞ്ഞും ചന്തിക്കിടയില്‍ കൈവിരലുകള്‍ തിരുകികളിച്ചും എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി തീര്‍ന്നു. ഈ ശല്യങ്ങളൊക്കെ ഒന്ന് ഒഴിവായ് കഴിയുമ്പോള്‍ ആയിരിക്കും ലീക്കേജ് ആരംഭിക്കുന്നത്. കുഴഞ്ഞ് മറിയുന്ന വയറിനുള്ളിലെ കോലാഹലങ്ങള്‍ ചെവിയോര്‍ത്ത് ഞെരങ്ങികഴിയുന്ന രാവുകളാണ് പിന്നെ. വിരയൊഴിച്ചു കളയാനും ശോദന ശരിയാകാനും അമ്മ തന്ന പേരും രുചിയുമില്ലാത്ത മരുന്നുകള്‍ക്കൊന്നും എന്നെ രക്ഷിക്കാനായില്ല. ഇത്തരം ശല്യങ്ങളെല്ലാം കൂടി ദുരിതമാക്കിയ എന്റെ ബാല്യത്തിലേക്കാണ് വെളുത്ത് കൊലുന്നനെയുള്ള പപ്പാമാമ ‘തൂറ്റലാടീസ്’ എന്ന പബ്ലിക്ക് വിളിപ്പേരുമായ് വന്നത്!
കുട്ടിക്കാലത്തെ ആ ദിവസങ്ങളില്‍ പപ്പാമാമയുടെ സാമീപ്യം ഒരു പേടിസ്വപ്നമായിരുന്നു. ശനി-ഞായര്‍ ദിവസങ്ങളിലെ ഒരു സുന്ദര പ്രഭാതം, സ്വാദിഷ്ഠമായ പ്രാതല്‍, കൂട്ടുകാരുമായ് തൊടിയില്‍ വിവിധതരം കളികള്‍ എന്നിങ്ങനെ നല്ല രീതിയില്‍ പോകുന്ന ഒരു പകലിലായിരിക്കും മുന്നറിയിപ്പില്ലാതെ പപ്പാമാമ കയറി വരിക. എന്തെന്നറിയില്ല, എവിടെ നിന്നെന്നറിയില്ല വയറിനുള്ളില്‍ ഒരു സഭാകമ്പമാണ് പിന്നെ. ആധി കയറി ഇടയ്ക്കിടയ്ക്ക് വയറിളകുന്നുണ്ടോ എന്ന് പരിശോധിക്കും. ഒന്നും പോയില്ലെങ്കില്‍ ആശ്വാസം. പരിശ്രമത്തിനൊടുവില്‍ ഇത്തിരിയെങ്ങാനും പോയാല്‍ പിന്നെ ടെന്‍ഷനായി. ഉറച്ചിട്ടാണോ പോയത്, അതോ ഇളകിയിട്ടുണ്ടോ? വൈകീട്ടത്തെ ചായ കഴിഞ്ഞ് മൂപ്പര്‍ പോകുന്ന വരെ കണ്‍വെട്ടത്ത് നിന്നും ഒഴിഞ്ഞ് മാറി നടക്കും. പക്ഷെ പോകാറാവുമ്പോ ഉറക്കെ അകത്തേക്ക് വിളിച്ച് ഒരു ചോദ്യമുണ്ട് - “തൂറ്റലാടീസെവിടെടീ, കണ്ടില്ലല്ലോ” എന്ന്. അത് വരെ കാത്ത് വെച്ചിരുന്ന മണ്ണൊക്കെ കാല്‍ച്ചുവടില്‍ നിന്നൊലിച്ച് പോയ പ്രതീതിയാണ് അപ്പോള്‍.
ശരിക്കും വയറിളക്കമുള്ള ദിവസങ്ങളാണ് കൂടുതല്‍ ഭീകരം. ഒറ്റയ്ക്ക് കക്കൂസില്‍ പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ മുറ്റത്തെ ഒരു തെങ്ങിന്‍ചുവട്ടിലാണ് അമ്മ ഇരുത്തുക. ട്രൌസറൂരി ഷര്‍ട്ട് കയറ്റി അരയ്ക്ക് കുത്തി കുന്തിച്ചിരിന്ന് കാര്യം സാധിക്കുമ്പോള്‍ കണ്ണ് ഗേറ്റിലായിരിക്കും. ദൂരെ ഒരു കഷണ്ടി വെയിലത്ത് തിളങ്ങുന്നുണ്ടോ? ഇത്തിരിയൊന്ന് കൂനി നിലത്ത് ദൃഷ്ടിയൂന്നി കൊണ്ട് ഒരു വെള്ളവസ്ത്രധാരി നടന്ന് വരുന്നുണ്ടോ? കിണറ്റിന്‍ കരയില്‍ പോയി കഴുകി വരുന്നത് വരെ ആ വെപ്രാളം തുടരും. പിന്നീട് ബാല്യത്തിന്റെ സായാഹ്നത്തില്‍ എന്തും ദഹിപ്പിക്കാന്‍ എന്റെ വയറിന് ശേഷി വന്നപ്പോഴും പപ്പാമാമ ആ വിളി ഒഴിവാക്കിയില്ല. പാപ്പാമാമയുടെ മരണശേഷം മറ്റുള്ളവര്‍ക്കൊപ്പം ഞാനും ആ വിളി പതിയെ മറന്നു.
ഇന്ന്, ഇത്തിരിയൊന്ന് തിരിഞ്ഞ് നോക്കുമ്പോള്‍, എന്തോ ആ പേര് ഞാനിഷ്ടപ്പെടുന്നു. പപ്പാമാമയ്ക്ക് മുന്‍പും പിന്‍പും ആരും ആ പേര് എവിടെയും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടില്ല എന്നത് കൊണ്ട് എന്റേത് മാത്രമായ ഒന്നെന്ന് ആ വിളി തോന്നിപ്പിക്കുന്നു. ആ തോന്നല്‍ എന്റെ സന്തോഷമാകുന്നു. ഇന്ന് ശോദന ശരിയാകാത്ത മകനെ ഞാന്‍ സ്വകാര്യത്തില്‍ ‘തൂറ്റലാടീസേ’ എന്ന് വിളിക്കുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാത്ത അവന്‍ അര്‍ത്ഥമറിയാതെ ചിരിക്കുന്നു. ആ ചിരിയില്‍ പപ്പാമാമയുടെ മുഖം തെളിയുന്നു. മഞ്ഞക്കറയുള്ള പല്ലുകള്‍ കാണിച്ച് കൊണ്ടുള്ള ആ പരിഹാസച്ചിരിയിലെ വാത്സല്യം മനസ്സിലെവിടെയോ കൊളുത്തിവലിയ്ക്കുന്നു. ആ ചിരിയും ‘തൂറ്റലാടീസേ’ എന്ന വിളിയും എന്റെ ബാല്യത്തിന്റെ അടയാളമാണ്. അങ്ങനെ എത്രയെത്ര അടയാളങ്ങള്‍ നഷ്ടപെട്ടതാണ് നമ്മുടെയൊക്കെ ജീവിതം?
--------------------------------------------------------------------------------------------------------------------------------
Wednesday, January 21, 2009
വാക്കുകളില്‍ അച്ചടിമഷി പുരളുമ്പോള്‍
എന്റെ ഹൃദയമിടിപ്പ് എനിക്ക് ഉറക്കെ വ്യക്തമായി കേള്‍ക്കാം. അപ്പുറത്തെ മുറിയില്‍ നിന്ന് വെളിച്ചത്തോടൊപ്പം വരുന്ന സംഭാഷണശകലങ്ങള്‍ പക്ഷെ അവ്യക്തമാണ്. എന്റെ മുറിയിലെ ഇരുട്ടിലെത്തുമ്പോഴേക്കും മകന്റേയും ഭാര്യയുടേയും ശ്വാസോച്ഛ്വാസങ്ങളില്‍ അവ മുറിഞ്ഞ് പോകുന്നു. കഷ്ണങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ച് കിടന്നു. അപ്പുറത്ത് അച്ഛനുമമ്മയും‘പുഴ പറഞ്ഞ കഥ’ എന്ന പുസ്തകം വായിക്കുകയാണ്. അതിലെന്റെ ക്രെഡിറ്റ് കാര്‍ഡ് എന്ന കഥയുണ്ട്!
അച്ചടിമഷി പുരണ്ട എന്റെ വാക്കുകള്‍ - അത് കഥയാവട്ടെ കവിതയാവട്ടെ - അച്ഛനുമമ്മയും വായിക്കുന്നത് ടെന്‍ഷനുണ്ടാക്കുന്ന ഒരു സംഗതിയാണ്. കാരണമെന്തെന്നറിയില്ലെനിക്ക്. വായനാശീലത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് അവരോടാണ്. കൂട്ടി വായിക്കാന്‍ ആത്മവിശ്വാസം തോന്നിയ നാളുകളില്‍ പൈക്കോ ക്ലാസിക്സിന്റെ രൂപത്തില്‍ വിശ്വസാഹിത്യത്തിന്റെ ജാലകങ്ങള്‍ അവര്‍ എന്റെ മുന്നില്‍ തുറന്നു വെച്ചു. കല്ലായി റോഡിലെ ‘പൈക്കോ’ എന്ന നീലയും മഞ്ഞയും കലര്‍ന്ന ബോര്‍ഡുള്ള കെട്ടിടവും പാളയം ബസ്സ്‌സ്റ്റാന്‍ഡിലെ കൊച്ച്‌ബുക്ക്‍സ്റ്റാളും പ്രതിമാസകോഴിക്കോട്‌യാത്രകളിലെ സ്ഥിരം സ്റ്റോപ്പുകളായിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നും കടം വാങ്ങി കൊണ്ടു വരുന്ന എണ്ണമറ്റ പുസ്തകകൂട്ടങ്ങള്‍ വായനയ്ക്ക് ആഴവും പരപ്പുമേകിയെങ്കിലും വായിച്ചതിനെ കുറിച്ച് പറയാനും കേള്‍ക്കാനും എന്നെ പഠിപ്പിച്ചത് ദിനാന്ത്യത്തിലെ കുശലംപറച്ചിലുകള്‍ക്കിടയിലും യാത്രകള്‍ക്കിടയിലും അവര്‍ തമ്മില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ്.
ആദ്യമായ് എന്റെ വാക്കുകള്‍ അച്ചടിച്ച് വന്നത് സ്കൂളില്‍ നിന്ന് കിട്ടികൊണ്ടിരുന്ന ‘സ്നേഹസേന’ എന്ന കൊച്ച്‌മാഗസിനിലായിരുന്നു. വാര്‍ഷികവരിസംഖ്യ അടച്ച കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് കൊടുക്കുന്ന ഒരു കോണ്‍വെന്റ് മാസികയായിരുന്നു അത്. ദൈവഭക്തിയും ദൈവവചനങ്ങളും സാരോപദേശകഥകളും കൂടി കലര്‍ന്ന പത്ത് പതിനഞ്ച് പേജുകള്‍ മാത്രമുള്ള ആ കുഞ്ഞ്പുസ്തകങ്ങള്‍ എന്റെ പുസ്തകശേഖരത്തില്‍ ഏറെ കാലമുണ്ടായിരുന്നു. കഴിഞ്ഞ കാലത്തിന്റെ വഴിയോരത്തെവിടെയോ ബാല്യത്തോടൊപ്പം അതുമെനിക്ക് നഷ്ടമായി. സ്നേഹസേനയുടെ കഥാമത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ആ കഥ ഏതെന്ന് പോലുമെനിക്കോര്‍മ്മയില്ല. ആ കഥ വന്ന ലക്കം ഊണ്‍മുറിയില്‍ അച്ഛന്റേയും അമ്മയുടെയും വായനയ്ക്കായ് ഉപേക്ഷിച്ച് വെച്ച ഓര്‍മ്മ മാത്രമേ ഇപ്പൊഴുള്ളൂ. സമ്മാനമായ് ഏതോ സുവിശേഷപുസ്തകമാണ് കിട്ടിയത്. ആ സംഭവത്തെ കുറിച്ച് അവരില്‍ നിന്ന് ഒരു വാക്കോ നോക്കോ ലഭിച്ചതായും ഓര്‍മ്മയില്ല. ഒരു പക്ഷെ അവര്‍ അത് കണ്ടിട്ടേ ഇല്ലായിരിക്കും.
ആദ്യമായ് ഒരു പ്രശംസ ലഭിച്ചത് ഞാന്‍ ‘ആത്മകഥ’ എഴുതാന്‍ തുടങ്ങിയപ്പോഴാണ്. ഗാന്ധിജിയുടെയും നെഹ്രുവിന്റേയും ആത്മകഥ വായിച്ച ഹാങോവറില്‍ ഒരു കൊച്ചുപയ്യന്‍ ആത്മകഥ എഴുതാന്‍ തുടങ്ങുന്നു. എന്തെഴുതണം എന്തിനെഴുതണം എന്നൊന്നുമറിയില്ല. ആരെ പറ്റി എഴുതണം എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് അച്ഛച്ഛന്റെ മുഖമാണ്. ഉച്ചക്ക് ഉറങ്ങുന്ന നേരത്ത് കളിക്കിടയില്‍ ബഹളം വെച്ച ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ വാക്കിംഗ്‌സ്റ്റിക്കുമായ് പാഞ്ഞ് വന്ന മൂപ്പരോടുള്ള ദേഷ്യം മുഴുവന്‍ വാക്കുകളില്‍ തീര്‍ത്തു. ആരു കാണാതെ ഒളിപ്പിച്ച് വെച്ച ആ നോട്ട്ബുക്കിലെ കടലാസുകഷണങ്ങള്‍ അമ്മ എങ്ങനെയോ കണ്ടെത്തി അച്ഛനെ ഏല്‍പ്പിച്ചു എന്നറിഞ്ഞത് ഇടക്കെപ്പോഴോ ഉറക്കമുണര്‍ന്നപ്പോള്‍ അതെ പറ്റി അവര്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ്. ‘നല്ല ഭാഷയാണ് ഇവന്റേത്’ എന്ന അന്ന് അച്ഛന്‍ പറഞ്ഞത് ഇന്നേ വരെ - അത് എന്തിന് വേണ്ടിയാണെങ്കിലും - എനിക്ക് കിട്ടിയ കോമ്പിമെന്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ്.
അഭിമാനത്തിന്റെ ഗര്‍വ്വ് അച്ഛന്റെ മുഖത്ത് ആദ്യമായ് കണ്ടത് മാതൃഭൂമി ബാലപംക്തിയില്‍ ഒരു കഥ അച്ചടിച്ച് വന്നപ്പോഴാണ്. പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അവരുടെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ നൊമ്പരം ‘സാക്ഷി’ എന്ന കഥയായപ്പോള്‍ എനിക്ക് ലഭിച്ചത് അയല്‍പക്കങ്ങളില്‍ ‘ചുമ്മാ കഥയെഴുതുന്നവന്‍’ എന്ന പേരും 75രൂപയുടെ ഒരു മണിയോര്‍ഡറുമാണ്. പോസ്റ്റാപ്പീസില്‍ പോയി 75രൂപ വാങ്ങി വന്ന അച്ഛന്റെ മുഖം മനസ്സില്‍ ഇപ്പൊഴും ഒരു കുളിര്‍മ്മയാണ്. ആ കഥയെ പറ്റി ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും അമ്മയോട് പറഞ്ഞ ‘അവനാദ്യമായ് കിട്ടിയതല്ലേ, ഒരു 25രൂപ ഞാന്‍ പോസ്റ്റ്മാന് കൊടുത്തു’ എന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാന്‍. എം.ടി.യുടെ ‘കാല’ത്തില്‍ സേതുവിന് സമ്മാനം കിട്ടിയ പുസ്തകം നോക്കി ‘ബൈന്‍ഡിംഗ് മോശം’ എന്ന് അഭിപ്രായം പറഞ്ഞ അച്ഛനേക്കാളും ഭേദമാണല്ലോ ഇത് എന്ന് ചിരിച്ച് കൊണ്ട് മനസ്സില്‍ പറഞ്ഞതും കുസൃതിയുള്ള ഒരോര്‍മ്മയായ് നില്‍ക്കുന്നു.
പിന്നെയും പലയിടങ്ങളിലായ് വന്ന കഥകളും മറ്റും അവര്‍ വായിച്ചിട്ടുണ്ടാകാം. പക്ഷെ നേരിട്ടൊരു അഭിപ്രായം ഇത് വരെ പറഞ്ഞിട്ടില്ല. അത് കൊണ്ടാവാം ഇപ്പോഴും അച്ചടി പുരണ്ട എന്റെ വാക്കുകള്‍ അവരുടെ മുന്നിലെത്തുമ്പോള്‍ മുപ്പത് വയസ്സുകാരന്‍ ഒരു മൂന്നു വയസ്സുകാരനാകുന്നത്- ചങ്കിനുള്ളില്‍ പഞ്ചാരിമേളം മുറുകുന്നത്!
രാവേറെയായിരിക്കുന്നു. അടുത്ത മുറിയില്‍ ഇനിയും ലൈറ്റണഞ്ഞിട്ടില്ല. പതിഞ്ഞ സംഭാഷണങ്ങള്‍ക്കായുള്ള എന്റെ കാതോര്‍ക്കലിനിടയില്‍ മകന്‍ എണീറ്റിരിക്കുന്നത് മുറിയിലെ മങ്ങിയ പച്ചവെളിച്ചത്തില്‍ ഞാനറിഞ്ഞു. ഉറക്കത്തിടയിലെ ഈ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകള്‍ അവന്റെ പതിവാണ്. ചോരയുടെ തിരിച്ചറിവില്‍ അവനെന്നെ നോക്കി ചിരിച്ചു. പിന്നെ പുതപ്പിനുള്ളിലൂടെ നൂര്‍ന്ന് കയറി എന്റെ മേലെ കയറി തല ചായ്ച്ച് കിടന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഞാന്‍ കണ്ണടച്ചു. അപ്പുറത്തെ മുറിയിലെ വര്‍ത്തമാനം കൂടുതല്‍ കൂടുതല്‍ അവ്യക്തമായ് കൊണ്ടിരുന്നു. എന്നിട്ടും മനസ്സ് എന്തിനോ കാതോര്‍ത്തിരുന്നു.
----------------------------------------------------------------------------------------
Wednesday, December 17, 2008
സമയം തിരയുന്നവന്‍
പണ്ടൊക്കെ - സൂക്ഷം പറഞ്ഞാല്‍ ഉദരനിമിത്തം നാട് വിടുന്നതിന് മുന്‍പെല്ലാം - എനിക്ക് ഒരുപാട് സമയമുണ്ടായിരുന്നു.
ഉത്സവപറമ്പുകള്‍ മേയാന്‍,
കൂട്ടുകാരുടെ വീടുകള്‍ തെണ്ടാന്‍,
സിനിമകളും നാടകങ്ങളും കാണാന്‍,
വായനശാലയുടെ ഇരുട്ടില്‍ മദ്യം നിറഞ്ഞ പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ വായിലേക്ക് കമിഴ്ത്താന്‍,
തിരുവാതിരരാത്രികളില്‍ പൊറാട്ടിന് പോയപ്പോള്‍ തഹസില്‍ദാരുടെ വീട്ടിലെ നായ പിന്നാലെ പാഞ്ഞത് പറഞ്ഞ് ചിരിക്കാന്‍,
ചെറിയമ്മ പൊതിഞ്ഞ് തന്ന ചോറും കൂട്ടാനും കൊണ്ട് ഫിലിം ഫെസ്റ്റിവുകള്‍ക്ക് പോയി ഡെലിഗേറ്റുകള്‍ക്കിടയില്‍ ഭാവിയിലെ തന്നെ തിരയാന്‍,
മനസ്സില്‍ തികട്ടി വന്ന ചോദ്യം ചോദിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പോരായ്മ അനുവദിക്കാഞ്ഞ ഓപ്പണ്‍ ഫോറങ്ങളില്‍ പങ്കെടുക്കാന്‍,
ഒരു സിനിമ കഴിഞ്ഞ് അടുത്തേത് തുടങ്ങുമ്പോഴേക്ക് തിയറ്ററുകളുടെ ഇടയിലെ ദൂരം ഓടി തീര്‍ക്കാന്‍,
കണ്ണുകള്‍ തിരുമ്മി കൊണ്ട് പാടു പെട്ട് വായിച്ച സബ്‌ടൈറ്റിലുകള്‍ വെറുതെ മനസ്സിലുരുവിടാന്‍,
എനിക്ക് സമയമുണ്ടായിരുന്നു.
ചന്ദ്രികയുടെ മുഖത്തിന് മാത്രം മാറ്റുമുണ്ടാകുന്ന രമണന്റെ പുനര്‍വായനകള്‍ക്ക്,
നൊമ്പരമുണര്‍ത്തുന്ന പഴയ പ്രണയകഥയിലെ നായികയെ കാണുമോ എന്ന് ഉത്കണ്‌ഠാപൂര്‍വ്വം തിരയാനായ് മാത്രം നടത്തുന്ന ബസ്സ് യാത്രകള്‍ക്ക്,
പാരഡൈസിലെ പൊറാട്ടയിലും ബീഫ് കറിയിലും സംതൃപ്തിയടയുമായിരുന്ന പാര്‍ട്ടികള്‍ക്ക്,
കേള്‍ക്കാത്ത ദേശത്തെ കാണാത്തെ മനുഷ്യരുടെ ദുരിതങ്ങളില്‍ ഹൃദയം പിടയുന്ന നിമിഷങ്ങള്‍ക്ക്,
എഴുതിയ കഥ ഇക്കുറി വരുമോ എന്ന് ആധിയോടെ ബാലപംക്തിയിലൂടെയുള്ള കണ്ണോട്ടത്തിന്,
എനിക്ക് സമയമുണ്ടായിരുന്നു.
ആ സമയമെല്ലാം എന്റേതായിരുന്നു!
ഇങ്ങനെയെല്ലാം ചിന്തിച്ച് കാടു കയ്യറിയപ്പോഴാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ കണ്ടെത്തെണം എന്ന് തോന്നിയത്. അത്‌ഭുതം, അധികം വിഷമമില്ലാതെ കണ്ടെത്തുകയും ചെയ്തു.
ഓഫീസ് കാബിനുള്ളിലെ നിമിഷങ്ങള്‍!
അത് മാത്രമാണ് എനിക്ക് എന്തെങ്കിലും സ്വന്തമായ് ആലോചിക്കാന്‍, വായിക്കാന്‍, മനസ്സിന്റെ നൂലൂരി വിട്ട് വെറുതെയിരിക്കാന്‍ കിട്ടുന്ന അപൂര്‍വ്വനിമിഷങ്ങള്‍.
ആ സമയം നീട്ടികിട്ടാന്‍ എന്നെ സഹായിക്കുന്ന ട്രാഫിക്ക് ജാമുകളെ ഞാന്‍ സ്നേഹിക്കുന്നു.
അര്‍ദ്ധനിമിഷം പോലും കാത്ത് നില്‍ക്കാന്‍ ക്ഷമയില്ലാതെ ഇടയിലൂടെ കയറി അത്തരം ബ്ലോക്കുകളെ ഊരാകുടുക്കുകളാക്കുന്ന യാത്രികരെ ഞാന്‍ ഇഷ്ടപ്പെടുന്നു.
മുന്നില്‍ കാണുന്ന താന്തോന്നിത്തരങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് പുകയില്‍ നിന്ന് തന്റെ നാസികകളെ സംരക്ഷിക്കാന്‍ പാടു പെടുന്ന പാവം ട്രാഫിക്ക് പോലീസുകാരനെ ഞാന്‍ ബഹുമാനിക്കുന്നു.
അവരെല്ലാം എനിക്കായ് എന്റേതായ ചില നിമിഷങ്ങളെ സമ്മാനിക്കുന്നു
ഇപ്പോള്‍ ഞാന്‍ വീണ്ടും എന്റെ സമയത്തിന് ഉടമയായിരിക്കുന്നു, ഇത്തിരി നേരത്തേക്കെങ്കിലും!
നന്ദി!!
സസ്നേഹം
ദൃശ്യന്‍
Friday, November 14, 2008
മോഹന്‍ലാലിന്റെ ‘ മോറ് ‘
നാട്ടിലെ വായനശാലാസായാഹ്നങ്ങളില്‍ പറഞ്ഞ് കേട്ട ഒരു തമാശയാണിത്. സത്യമോ മിഥ്യയോ എന്ന് വ്യക്തമായ് അറിയാത്ത ഒരു സംഭവം ഒന്ന് പൊലിപ്പിച്ച് പറയുകയാണിവിടെ.
-----------------------------------------------------------------------------------------------------------------------------------------
സ്ഥലം: *സിയാംകണ്ടം അങ്ങാടി,
ദിവസം: വെള്ളിയാഴ്ച, സമയം: 1991ന്റെ ആരംഭത്തിലെ ഒരുച്ച സമയം.
സിയാംകണ്ടത്തെ ഏകമുക്രിയായ കുട്ട്യാമുവുമായി പോക്കര്‍ഹാജിയുടെ രണ്ടാമത്തെ ബീവിയെ സംബന്ധിക്കുന്ന ഒരു സംസാരത്തിനിടയിലുണ്ടായ തര്‍ക്കത്തിന്റെ കലിപ്പുമായ് വെള്ളിയാഴ്ച ഉച്ചക്കത്തെ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കോയാക്ക അത് കേട്ടത്. മുന്‍സംസാരത്തിന്റെ ചിന്തകള്‍ ‘അലാക്കിന്റെ അവിലുംകഞ്ഞി‘ പോലെ മനസ്സില്‍ തികട്ടി നില്‍ക്കുമ്പോഴാണ് കോളാമ്പിസ്പീക്കറുകളിലൂടെ ആ സിനിമാഅറിയിപ്പ് വന്നത്. കോളറ വന്ന് ചത്ത അലവിക്കുട്ടിയുടെ ചെക്കന്‍ കുഞ്ഞാമ്മദാണ് തെക്കേലെ ശ്രീധരന്റെ പഴയ ലാംബ്രട്ട സ്കൂട്ടറിലിരുന്ന് അണൌണ്‍സ് ചെയ്തത് എന്ന് പൂര്‍വ്വപരിചയത്തില്‍ നിന്ന് കോയാക്ക മനസ്സിലാക്കി. ശ്രീധരന്റെ അച്ഛന്‍ നാരായണന്‍ കൊളംബിലെ തോട്ടത്തില്‍ നിന്ന് പണി പിരിഞ്ഞ് വരുമ്പോള്‍ കൂടെ കൊണ്ട് വന്ന ആ ശകടത്തില്‍, തോളിലൂടെ തൂക്കിയിട്ട മൈക്കിലൂടെ രാമനാട്ടുകര-പുളിക്കല്‍-കുണ്ടോട്ടി പ്രവിശ്യകളിലെ പുതിയ കടയുത്ഘാടനങ്ങളുടേയും സിനിമകളുടേയും വിശേഷങ്ങള്‍ പ്രാസ-താളങ്ങളൊപ്പിച്ച് വിളിച്ച് പറഞ്ഞ് കൊണ്ട് പോകുന്ന കുഞ്ഞാമ്മദ് ആ നാട്ടുകാരുടെ പുതുമ നഷ്ടപെട്ട കാഴ്ചയാണല്ലോ!
നിസ്കാരത്തിന് സമയമുള്ളത് കൊണ്ട് പോക്കറുമായ് തുടങ്ങിയ കുശലാന്വേഷണമാണ് ഇപ്പോള്‍ ഖല്‍ബിലൊരു കീറമുട്ടിയായ് കിടക്കുന്നത്. ഒറ്റകേള്‍വിയില്‍ പെണ്ണുകേസാണെന്ന് തോന്നുമെങ്കിലും തര്‍ക്കവിഷയം ഒരു തരത്തില്‍ പറഞ്ഞാല്‍ ജന്തുശാസ്ത്രപരവും മറ്റൊരു തരത്തില്‍ സദാചാരപരവുമാണ്. കഴിഞ്ഞ ആഴ്ച പ്രസവിച്ച ഹാജിയുടെ രണ്ടാമത്തെ ഭാര്യ ബിയ്യാത്തുമ്മയുടെ കുഞ്ഞ്, കഴിഞ്ഞ മാസം ആദ്യപ്രസവം വിജയകരമായ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഹാജിപത്നി കുഞ്ഞാമിനയുടെ മുല കുടിക്കുന്നതാണ് ചര്‍ച്ച വിഷയം. പ്രസ്തുതസംഭവം നടന്നത് നാലം പ്രസവം കഴിഞ്ഞ ബിയ്യാത്തുമ്മയുടെ ‘കറവ വറ്റി’യത് കൊണ്ടാണെന്ന് കുട്ട്യാമുവും അതല്ല വീട്ടിലെ ജോലികള്‍ ഭാഗം വെച്ച് ചെയ്യുന്ന കൂട്ടത്തില്‍ ‘കുട്ടികള്‍ക്ക് പാലു കൊടുക്കല്‍‘ എന്ന കര്‍ത്തവ്യം കുഞ്ഞാമിനയുടേതായ് ഭവിച്ചതാണെന്ന് കോയാക്കയും വാദിച്ചു. ഹാജിയുടെ ആദ്യഭാര്യ ഉമ്മുകുല്‍സുവും ബിയ്യാത്തുമ്മയും ഇതിനു മുന്‍പും ഇത്തരത്തില്‍ സപത്നീകര്‍ത്തവ്യം സഭാകമ്പംവിനാ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് ‘കരക്കമ്പി’കളുടെ പിന്‍ബലത്തില്‍ കോയാക്ക ചര്‍ച്ചയില്‍ രേഖപ്പെടുത്തി. പേരറിയാത്ത ഒരു നാട്ടുകാരന്റെ മകളുടെ നിക്കാഹിന്റെ ബിരിയാണി മൂക്കറ്റം തിന്ന് പള്ളിയുടെ കോലായിലെ ബഞ്ചില്‍ നടു നിവര്‍ത്തി കിടക്കുകയായിരുന്ന ഒസ്സാന്‍ മൊയ്തീന്‍ കോട്ടുവാ ഇട്ടു കൊണ്ട് അതു ശരി വെച്ചു. മൊയ്തീന്‍ ഉമ്മുകുല്‍സുവിന്റെ അകന്ന ഒരു ബന്ധുവായതിനാല്‍ ‘വിളിക്കാത്ത ബിരിയാണി തിന്നാനെന്തിനാണ്‍ടാ ജ്ജ് ബന്നത്?’ എന്നാരും ചോദിച്ചില്ല. സംഭവത്തെ കുറിച്ച് ആധികാരികമായൊരു അഭിപ്രായം പറയാന്‍ പോക്കര്‍ഹാജിയോട് തന്നെ ചോദിക്കണം എന്ന അവസ്ഥ വന്നത് കൊണ്ടും ബാങ്ക് വിളിക്കാന്‍ നേരമായത് കൊണ്ടും മൊയ്തീനെ കൂടുതല്‍ ശല്യപ്പെടുത്താതെ തര്‍ക്കം നിര്‍ത്തി വെച്ചു. പക്ഷെ നിസ്ക്കാരത്തിനിടയിലും ചര്‍ച്ചയുടെ ചൂടില്‍ നിന്നും കോയക്കയ്ക്ക് രക്ഷപ്പെടാനായില്ല. അങ്ങനെയെങ്കില്‍ പൊരേല് പോയി കെട്ട്യോളുമായ് ഒന്നൂടെ ചിന്തിക്കാം എന്ന് കരുതി നടക്കുമ്പോളാണ് കുഞ്ഞാമ്മദിന്റെ ഈ അറിയിപ്പ്.
“കൊണ്ടോട്ടി കവിതയില്‍ ഇന്ന് മൊതല്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ മോറ്..... മോറ് ..... മോറ് ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മോറ്..... മോറ് ..... മോറ് ..... !!!!!!”
ജയന്റെ മരണത്തിന് ശേഷം ഇനി ആരുടേയും ‘ഫാനാ’കില്ല എന്ന് തീരുമാനിച്ച കോയാക്കക്ക് മോഹന്‍ലാലിന്റെ സിനിമയോട് വലിയ താല്‍പര്യം തോന്നിയില്ലെങ്കിലും എന്താണ് കുഞ്ഞാമ്മദ് പറേണത് എന്നൊരു കൌതുകം തോന്നുന്നത് മനുഷ്യസഹജമാണല്ലോ. സിയാംകണ്ടത്തിലെ ഏകചായക്കടയായ സെയ്താലിയുടെ ‘ഹോട്ടല്‍ മദീന’യുടെ മുന്നില്‍ ലാംമ്പ്രട്ട നിര്‍ത്തിട്ട് കൊണ്ടാണ് ഇന്ന് ഓന്റെ നെലോളി. [ഫാന്‍സുകാര്‍ തമ്മില്‍ ഇന്ന് നടക്കുന്ന പുലയാട്ടുകളും അധികപ്രസംഗങ്ങളും കേട്ടുകേള്‍വി പോലുമല്ലാത്ത ആ കാലത്ത്] മോഹന്‍ലാല്‍ ഫാന്‍ അല്ലാത്തത് കൊണ്ട് പുലഭ്യം പറയുകയാണ് കുഞ്ഞാമ്മദെന്ന് ചിന്തിക്കാനാവില്ലല്ലോ! ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം, കോയാക്ക നടത്തത്തിന്റെ വേഗമൊന്ന് കൂട്ടി.
“അല്ലാ കുഞ്ഞാമ്മദേ, ജ്ജെന്ത്‌ത്താണീ കാണിക്ക്‍ണത്?”
“എന്തിത്യേന്യ് കോയാക്ക?”
“ജ്ജെന്ത്‌നാണ്‌ങ്ങനെ തോന്ന്യാസം പറഞ്ഞ് നട്‌ക്ക്‍ണ്‌ത്?”
“ന്ത് തോന്ന്യാസം“
“ജ്ജിപ്പോ ബിളിച്ച് പറ്‌ഞ്ഞ്‌ല്ല്യേ, അതൊന്നൂടെ പറഞ്ഞാ?”
കുഞ്ഞാമ്മദ് മൈക്ക് കയ്യിലെടുത്തു.
“പ്‌ഫ ഹിമാറെ ആ കോലുംകഷ്‌ണം തോള്ളേല്‍ ബെക്കാന്‍ണ്ടെ പറേടാ.”
മൈക്ക് അടുത്തില്ലാതെ തന്റെ കഴിവ് മുഴുവനായ് പുറത്ത് കാണിക്കാനാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് , കോയക്കയുടെ ആവശ്യം മുഴുവന്‍ നിരാകരിക്കാതെ, ഇത്തിരി മാറ്റി നിര്‍ത്തി കൊണ്ട് കുഞ്ഞാമ്മദ് വിളിച്ച് പറഞ്ഞു.
“ഇന്ന് മൊതല്‍ കൊണ്ടോട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ മോറ്..... മോറ് ..... മോറ് ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മോറ്..... മോറ് ..... മോറ് ..... !!!!!!”
“അതെന്തോന്ന് സിനിമയാണ്ടാ...എന്ത്‌ത്ത് പേരാ ഇത്?”
“പുത്യേ സിനിമയാണിക്കാ, പക്‍ചേങ്കില് പാട്ടൂല്യാ ഡന്‍സൂല്യാ...സ്റ്റണ്ടും പോരാ... ന്നാ നോട്ടീസ്”
കുഞ്ഞാമ്മദ് നീട്ടിയ മഞ്ഞ നിറത്തിലുള്ള കടലാസുകഷ്ണം വാങ്ങി കോയാക്ക നോക്കി. നേരാണ്. മോഹന്‍ലാലിന്റെ സിനിമ തന്ന്യാണ്. പോലീസ് വേഷത്തില്‍ മൂപ്പര് മസില് പിടിച്ച് നിക്കണ്‌ണ്ട്. അക്ഷരം ബായിക്കാനാണ് പാട്. സാക്ഷരതാക്ലാസ്സിലെ കല്യാണിടീച്ചറെ മനസ്സില്‍ വിചാരിച്ച് കൊണ്ട് കോയാക്ക തപ്പി തടഞ്ഞ് വായിക്കാന്‍ ശ്രമിച്ചു.
“മ....മ.... മ്..മു...ക.. അല്ല, ഖ... ഖാ... ഖം... മുഖം, മൊകം!”
മുഖം, അപ്പോ അതാണ് സിനിമേടേ പേര്. അതിനാണീ പഹയന്‍...! ഒഴിയാന്‍ സമയം കൊടുക്കാതെ കുഞ്ഞാമ്മദിന്റെ ചെവിയില്‍ കയറി പിടിച്ച് തിരുമ്മി കൊണ്ട് കോയാക്ക പറഞ്ഞു.
“ടാ, ഇത് ‘മോറ് ‘ന്നാണോ ബായിക്ക്യാ...മൊകംന്നല്ലേ... സ്കോളീല്‍ പോണ്ട നേരത്ത് കണ്ണീകണ്ട പാടത്തൊക്കെ ഗോട്ടീകളിച്ച് നടന്നീട്ട് ഓന്റെ ബായന കണ്ടില്ല്ലേ മോഹന്‍ലാലിന്റെ ‘മോറ്‌ന്ന്‘, സെയ്താനേ...”
“ബ്‌ട് ക്കാ... ബ്‌ട്‌ന്ന്...”
ഒരു വിധത്തില്‍ കൈ തട്ടി മാറ്റി കൊണ്ട് കുഞ്ഞാമ്മദ് കുതറി മാറി.
“സിനെമാഹാളിലെ നായരേട്ടന്‍ മൊകംന്ന് പറഞ്ഞ്. പക്‍ചെ, അത് ഞമ്മക്ക് മാത്രം അറിഞ്ഞോണ്ടെന്താ കാര്യം... ബാക്കിളോര്‌ക്ക് മനസ്സിലാവാന്‍ മേണ്ട്യല്ലേ ഞമ്മള് ‘മോറ് ‘ന്ന് ബായിച്ചത്. ങ്ങള് സബൂറാക്കീ, അള്ളാണേ ഇനി അങ്ങനെ ബായിക്കൂല!!!“
ഇക്കുറി സ്റ്റന്‍ഡായി നിന്നത് കോയാക്കയായിരുന്നു. വിവരല്ല്യാത്തോനാണെങ്കിലും ഇപ്പോ ഓന്‍ പറേണത് കാര്യാണ്. ഇബ്‌ട്‌ത്തെ പാതി ആള്യോള്‍ക്ക് മര്യാദക്ക് അര്‍ത്ഥം മനസ്സിലാവണങ്ക്‍ല് ഇങ്ങനെ പറയാതെ നിവര്‍ത്തിയില്ല!
ഒരു ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട് കോയാക്ക വീട്ടിലേക്ക് നടക്കുമ്പോള്‍ ശരവേഗത്തില്‍ പോവുകയായിരുന്ന ലാമ്പ്രട്ടസ്കൂട്ടറില്‍ നിന്ന് വീണ്ടും കുഞ്ഞാമ്മദിന്റെ അണൌന്‍സ്‌മെന്റുയര്‍ന്നു.
“ഇന്ന് മൊതല്‍ കൊണ്ടോട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ **മീന്ത..... മീന്ത ..... മീന്ത !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മീന്ത..... മീന്ത ..... മീന്ത !!!!!!”
[**മീന്ത = മോന്ത = മുഖം]
- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -
*മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ പെട്ട ചെറുകാവ് പഞ്ചായത്തിലെ ഒരു ചെറിയ അങ്ങാടിയാണ് സിയാംകണ്ടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ അന്യദേശങ്ങളിലേക്കുള്ള ആകാശവഴികളിലേക്ക് കയറുന്നത് സിയാംകണ്ടത്തിന് മുകളിലൂടെയാണ്.
---------------------------------------------------------------------------------------------------------------------------------------------
Thursday, October 30, 2008
(സി.കോ) പച്ചപെയിന്‍റ്റടിച്ച ടെറസ്സ്
[സി.കോ - സിയംകണ്ടത്തെ കോയാക്ക]
സ്ഥലം: *സിയാംകണ്ടത്തെ ഒരു പാടശേഖരം, ദിവസം: വെള്ളിയാഴ്ച, സമയം: ഉച്ചനേരം
ഇദേടുത്തേക്ക് പോണതാര്‌ക്കും?
ഒറ്റവരമ്പ് കൈതത്തോട്ടിലെ വെള്ളത്തില്‍ ലയിച്ച് ചേരുന്ന മൂലയ്ക്ക്, കമ്പിക്കുട മൂന്നാംകാലാക്കി നിന്നു കൊണ്ട് കോയാക്ക ചിന്തിച്ചു. വലത്തെ കാലില്‍ പുതുതായ് മുള പൊട്ടിയ ചൊറിയുടെ വ്രണപ്പാടിലൂടെ ഇടതു കാല്‍ പ്രേമപുരസ്സരം തലോടുന്നുണ്ടായിരുന്നു. മനസ്സിലെ ചിന്തകളുടെ ഭാരത്തിനനുസരിച്ച് തലോടലിന്റെ വേഗതയും മാറി. തലയ്ക്കു മുകളില്‍ കൂടി കരിപ്പൂരില്‍ നിന്ന് ഏതോ ഒരു ദേശത്തേക്കുള്ള യാത്രക്കാരെ വഹിച്ച് കൊണ്ട് വിമാനം കുതിച്ചുയര്‍ന്നു. സൂര്യവെളിച്ചമേറ്റ് വിമാനത്തിന്റെ അരികുകള്‍ തിളങ്ങി. അതിലേക്കാളേറെ, കോയാക്കയുടെ കണ്ണുകളും!
“ദെന്ത്‌ത്താ കോയാക്കാ ഇജ്ജ് മേപ്പോട്ടും നോക്കി വായും പൊളിച്ച് നിക്കണത്. അന്നെ ആരേലും കോടേല് കോര്‍ത്ത് ബെച്ചാ?” [കോടേല് = കുടയില്‍]
കോയാക്ക ഞെട്ടി തിരിഞ്ഞ് നോക്കി. മൊയ് ല്യാരാണ്. പള്ളി കഴിഞ്ഞുള്ള വരവായിരിക്കും.
“ഇല്ലാന്ന്.. ഞാനിങ്ങനെ... ആ പെയിന്റര്‍ കുഞ്ഞന്റോടേക്ക് പോവാണ്. മിനിഞ്ഞാന്ന് മൊതല് ഓനെ തപ്പി നടക്കാ ഞമ്മള്... പിടി തരില്ലാന്ന് ബെച്ചാ...”
“ഇയ്യെന്തിനാണപ്പാ ഓനെ തപ്പണത്. അന്റെ പൊര്യല്ലേ ഇത്തിരി കാലം മുന്നേ വെള്ള പൂശീത്?” [പൊര്യല്ലേ = പുരയല്ലേ]
കോയാക്ക ഒന്ന് മടിച്ച് നിന്നു. ഇങ്ങേരോട് പറഞ്ഞാല്‍ നാട് മൊത്തം പാട്ടാക്കും. പറഞ്ഞില്ലെങ്കില്‍ മറ്റെന്തെങ്കിലും കഥ പറഞ്ഞ് പരത്തുകയും ചെയ്യും. ഒന്നാലോചിച്ചാല്‍ പറയുന്നത് തന്നെയാ നല്ലത്. കുറച്ച് നാട്ടുകാര്‍ കൂടെ അറിയുന്നത് നല്ലതല്ലേ! ഞമ്മക്കുമിരിക്കട്ടെ ഇത്തിരി പവ്വറ്!
“അതെന്താച്ചാ മൊയ്‌ല്യാരേ, ഓനെ കൊണ്ട് ഞമ്മന്റെ പൊരേന്റെ ടെറസ്സൊന്നു പെയിന്റടിപ്പിക്കാനാ...”
“അള്ളാ അതെന്തിനാപ്പാ ടെറസ്സ് പെയിന്റടിപ്പിക്കണത്? അന്റെ കയ്യില്‍ കാശ് ഓള്ളെലും കൂടി പോയാ?”
“ഇങ്ങളോട് പറേണോണ്ടെന്താണ്. (ശബ്ദം താഴ്ത്തി) അതിലൊരു ബുദ്ധിന്‍ണ്ട്.”
“അതെന്ത് പുത്തി?”
“ഇങ്ങക്കറിയാലോ ഞമ്മള് ഹജ്ജിന് പോണ കാരിയം.”
“അള്ളാണേ അത് ഞമ്മള് മറന്ന് പോയി. ജ്ജ് നസീബുള്ളോനാടാ. അല്ല എന്നാ ഇയ്യ് പോണത്?”
“മറ്റന്നാള്. ബെളുപ്പിന് ആറരയ്ക്കാ ബിമാനം.”
“ഇന്‍ഷാ അള്ളാ, എല്ലാം ഉഷാറായി ബരട്ടെ. അല്ലാന്ന് അതും ടെറസ്സിലെ പെയിന്റടിയുമായി എന്താ ബന്ധം?”
“ഹജ്ജ്‌ന്ന് പറഞ്ഞാ ഞമ്മള്‌ക്ക് എല്ലാം അള്ളാഹുവിലേക്കുള്ള സമര്‍പ്പണമാണല്ലാ. ഇന്‍ഷാ അള്ളാ, പോയി തിരിച്ച് വരണ വരെ ഹലാക്കിലെ ഒരു ടെന്‍ഷനാര്‌ക്കും. ഞമ്മക്കാണെ കെട്ട്യോളേം കുട്ട്യോളേം വിട്ട് നിന്ന് ശീലോല്ല്യാ. അപ്പോ പിന്നെ നാട്ടീന്ന് ബ്‌ട്‌ണേന്റെ മുന്നെ ഒന്നൂടെ പൊരൊയൊന്ന് കാണണംന്നൊരു പൂതി.”
“അയിന് ജ്ജ് പൊരേന്നല്ലെ ബിമാനത്താവളത്തീക്ക് പോണത്?”
“അത് അങ്ങനന്യാണ് മൊയ്‌ല്യാരെ, പക്ഷേങ്കീ, വിമാനം കേറാന്‍ വെളിച്ചാവണേനും മുന്നേ പൊരേന്നെറങ്ങൂലേ. വിമാനത്തീ കേറി കയ്‌ഞ്ഞ്യാ പിന്നെ അതൊരു ബെഷമാവൂം. ഞമ്മടെ ട്രാവല്‍സിലെ ഷുക്കൂറാ ഈ ഐഡിയ പറഞ്ഞത്. പൊരേന്റെ ടെറസ് പെയിന്റടിക്കാന്‍. ഗള്‍ഫിലേക്ക് പോയ് ബരണ തോനെ പേര് ചെയ്യിന്‌ണ്ട്‌ത്രെ ഇത്.“
“യ്‌ക്കങ്ങ്‌ട് പുടി കിട്ടീല്യാ കോയാക്കാ....”
“ഞമ്മന്റെ പൊരേന്റെ ടെറസ്സില് നല്ല പളപളാ മിന്നണ പച്ച പെയിന്റടിച്ചീന്ന് ബെയ്ക്ക്യാ, അപ്പൊ പിന്നെ ബിമാനം പറന്ന് കയിഞ്ഞ് ജനാലേലൂടെ ചോട്ടിലേക്ക് നോക്കിയാല് ഞമ്മക്ക് ഒന്നൂടേ പൊര കാണാലോ - അതും ആകാശത്തൂന്ന്!”
“ന്റെ റബ്ബില്ലാലായ തമ്പിരാനേ, അതൊരു അലാക്കിലെ ഐഡിയ തന്ന്യാണല്ലാ”
മൊയ്‌ല്യാര്‍ വണ്ടറടിച്ചു നിന്നു.
“അതല്ലേ ഞമ്മളത് ചെയ്യാന്ന് ഒറപ്പിച്ചത്.“
“അതുഷാറായി. നല്ല അസ്സല്‍ പുത്ത്യന്നെ. അല്ല ഹജ്ജ്ന് പോണേന് മുന്നേ ഇയ്യ് പള്ളീലേക്കിറങ്ങല്‌ണ്ടാവോ?”
“ഇന്ന് ഞമ്മള് ഫജ്‌റ്‌ന് ബന്നീര്‍ന്ന്, ഉച്ചക്ക് ഇത്തിരി പണിണ്ടേര്‍ന്നോണ്ട് നിസ്കാരം വീട്ടീന്ന് കയ്‌ച്ച്. വൈകീട്ട് മഗ്‌റീബിന് ബരാം.”
“എന്നാ അപ്പം കാണാ... ഞമ്മള്‌ന്നാ അങ്ങട്ട് നീങ്ങട്ടെ, ബയറ് ബല്ലാതെ പയ്‌ക്ക്‍ണ്”
വിശന്ന് കായുന്ന വയറുമായ് മൊയ്‌ല്യാര്‍ വീട്ടിലേക്ക് വെച്ച് പിടിച്ചു ; പച്ച പെയിന്റടിച്ച ടെറസ്സുള്ള വീടും കിനാവു കണ്ട് കോയാക്ക പെയിന്ററെ അന്വേഷിച്ച് മുന്നോട്ട് നീങ്ങി. സിയാംകണ്ടത്തിന്റെ ആകാശത്ത് മറ്റൊരു വിമാനം പ്രത്യക്ഷമായി.
സ്ഥലം: പച്ചപെയിന്റടിച്ച ടെറസ്സ്, ദിവസം: ഞായറാഴ്ച ,സമയം: പ്രഭാതം
പച്ചപെയിന്റടിച്ച ടെറസ്സില്‍ നിന്ന് കൊണ്ട് ഫാത്തിമയും മക്കളും ആകാശം വലം വെയ്ക്കുന്ന വിമാനത്തെ നോക്കി കൈകള്‍ വീശി. “ബാപ്പാ റ്റാറ്റാ“ എന്നു നിലവിളിച്ചു കൊണ്ട് ആറാറ് മാസം പ്രായവ്യത്യാസമുള്ള കോയാക്കയുടെ മൂന്നു മക്കളും ചാടികളിച്ചു. ചാട്ടത്തിന്റെ ഊക്കിനനുസരിച്ച് അവരുടെ മൂക്കില്‍ നിന്നും മൂക്കള ഒലിച്ച് കൊണ്ടേയിരുന്നു. മേഘക്കാടിനിടയില്‍ വിമാനം അപ്രത്യക്ഷമായപ്പോള്‍ അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു - “റബ്ബില്ലാലായ തമ്പിരാനേ, യ്യ് അങ്ങേരെ കാത്തോളണേ!”. വിമാനം ഇപ്പൊഴും തങ്ങള്‍ക്ക് കാണുന്നുണ്ടെന്നും ഇല്ലെന്നും തര്‍ക്കിച്ച് കൊണ്ട് മക്കള്‍ റ്റാറ്റ കാണിച്ച് കൊണ്ടേയിരുന്നു, മൂക്കള ഒലിച്ച് കൊണ്ടേയും! പച്ചപെയിന്റടിച്ച ടെറസ്സ് സൂര്യന്റെ ആദ്യകിരണങ്ങളില്‍ തിളങ്ങി.
സ്ഥലം: സിയാംകണ്ടത്തിന്റെ ആകാശം, ദിവസം: ഞായറാഴ്ച ,സമയം: പ്രഭാതം
ഭൂമിയില്‍ കുടുംബം തനിയ്ക്കായ് പ്രാര്‍ത്ഥിക്കുമ്പോള്‍ കോയാക്കയുടെ മനസ്സില്‍ ഫാത്തിമയും മക്കളുമില്ലായിരുന്നു. ഇന്നലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പെയിന്റര്‍ കുഞ്ഞന്‍ പണി കഴിച്ച പച്ചപെയിന്റടിച്ച ടെറസ്സില്ലായിരുന്നു. വായുവില്‍ ചാഞ്ഞും ചാഞ്ചാടിയും ആകാശപേടകം നീങ്ങുമ്പോള്‍, അടിമുടി വിറച്ച് സീറ്റ്ബെല്‍ട്ടില്‍ അള്ളിപിടിച്ച് കൊണ്ടിരിക്കുന്ന കോയാക്കയുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു.
“ന്റെ പടച്ചോനേ, ഇതും ഹാജിയാന്മാര്‍ക്കുള്ള അന്റെയൊരു പരീക്ഷയാണോ?”
----------------------------------------------------------------------------------------------
Wednesday, June 11, 2008
മോഷ്ടിച്ചവയില്‍ എന്‍റ്റെ വല്ലതും കണ്ടോ?
ഈ ബ്ലോഗ് കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ച സിജിയ്ക്കും, ചുക്കാന്‍ പിടിച്ച ഇഞ്ചിപ്പെണ്ണ്, കണ്ണൂരാന്‍, മയൂര, വല്യമ്മായി തുടങ്ങിയ എല്ലാവര്‍ക്കും ഭാവുകങ്ങള്‍. സ്ഥിരം അടിപിടികള്‍ക്കും, കരിവാരിത്തേക്കലുകള്‍ക്കും ഇടയില്‍ ഇത്തരം കൂട്ടായ്മകളും ബ്ലോഗര്‍ക്കിടയില്‍ ഉണ്ടാകുന്നു എന്ന അറിവ് സന്തോഷകരമാണ്. അതു കൊണ്ട് - അത് കൊണ്ട് മാത്രം - കേരള്‍സിനോട് ഒരിഷ്ടം തോന്നുന്നു.
കേരള്‍സ്.കോമിനും അതു പോലെ ചെയ്തത് തെറ്റെന്നറിഞ്ഞിട്ടും മന:പൂര്‍വ്വം തിരുത്താത്ത എല്ലാ ധനമോഹികള്‍ക്കുമെതിരെയുള്ള ഈ സന്ധിയില്ലാസമരത്തിന് ഞാനുമെന്റെ പിന്തുണ പ്രഖ്യാപിക്കുന്നു.
References:
http://chithrangal.blogspot.com/2008/06/blog-post_04.html
http://entenaalukettu.blogspot.com/2008/05/blog-post_28.html
http://rithubhedangal.blogspot.com/2008/05/kerals.html
http://rithubhedangal.blogspot.com/2008/05/kerals.html
സസ്നേഹം
ദൃശ്യന്‍
Tuesday, April 29, 2008
ടിഫിന്‍ കാരിയര്‍
ആകാശം മുട്ടും വിധം ഉയര്‍ന്ന് നില്‍ക്കുന്ന ആ വെളുത്ത വീട്ടിന്റെ ഉമ്മറത്ത് അവരെ എത്തിച്ച ശേഷം വെളുത്ത ആഢംബരകാറുകള്‍ തിരിച്ച് പോയി. അവര്‍ ഒരേ രാജ്യത്ത് നിന്ന് വന്നവരായിരുന്നു. എല്ലാവരും മുന്‍പ് കണ്ടിട്ടുള്ളവര്‍, അവരവരുടെ പ്രവൃത്തിതലങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവര്‍. നിറഞ്ഞ പുഞ്ചിരിയുമായ് അവര്‍ പരസ്പരം ഹസ്തദാനം ചെയ്തു. ഉപചാരവാക്കുകള്‍ കൈമാറിയ ശേഷം, ഇനിയുള്ള ഒരാഴ്ച തങ്ങള്‍ മാത്രമുള്ള കെട്ടിടത്തിന്റെ സുഭിക്ഷതയിലേക്ക് അവര്‍ ആവേശപൂര്‍വ്വം നടന്ന് കയറി.
ഒരു വലിയ നീലത്തടാകം പോലെയുള്ള സ്വിമ്മിംഗ്‌പൂളിലും കരയിലുമായ്, തമാശകള്‍ പറഞ്ഞും പരസ്പരം കുശലാന്വേഷണം നടത്തിയും, അവര്‍ പകല്‍ മുഴുവന്‍ ചിലവഴിച്ചു. ചൂടു കുറഞ്ഞ സൂര്യന്റെ കീഴില്‍ സംസാരിക്കാന്‍ ചൂടുള്ള വിഷയങ്ങള്‍ ഒരുപാടുണ്ടായിരുന്നു അവര്‍ക്ക്. അവിടെ അവരെ ശല്യപ്പെടുത്താന്‍ ആതിഥേയനോ സഹായികളോ പരിചാരകരോ എന്തിന് ഒരു ഫോണ്‍ പോലുമില്ല എന്ന ചിന്ത അവരുടെ ഉള്ളിലെ ഉല്ലാസികളെ സന്തോഷചിത്തരാക്കി. നീണ്ട താടിയുള്ള ചിലരുടെ താടിരോമങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്ന് നേരിയതായ് മാറി. മുഖക്ഷൌരം ചെയ്തവരുടെ കവിളുകള്‍ക്ക് വെയില്‍ തിളക്കമേകി. തങ്ങളുടേത് മാത്രമായ ഒരു ലോകത്തിന്റെ സ്വകാര്യത അവര്‍ മതി മറന്ന് ആഘോഷിച്ചു.
മണിക്കൂറുകള്‍ നീണ്ട കളിചിരികള്‍ക്കിടയിലെപ്പോഴോ അവര്‍ വിശപ്പറിഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി ചോദിച്ചറിഞ്ഞ ആതിഥേയന്‍, ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ള ഭക്ഷ്യവിഭവങ്ങളും മറ്റ് അവശ്യസാധനങ്ങളും മുറിയില്‍ ഒരുക്കിയിട്ടുണ്ടാവുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. കൃത്രിമജലാശയത്തിലെ കേളികളവസാനിപ്പിച്ച്, സ്വീകരണമുറിയിലെ മേശവലിപ്പില്‍ നിന്ന് താക്കോലെടുത്ത് അവര്‍ തങ്ങളുടെ മുറികളിലേക്ക് നീങ്ങി. വലിയ ആ കെട്ടിടത്തിലെ ഒരു നില മുഴുവന്‍ ഒരു മുറിയായിരുന്നു. അവിടെ തങ്ങള്‍ ആവശ്യപ്പെട്ടതിലും ആഗ്രഹിച്ചതിലും കൂടുതല്‍ സ്വകാര്യതയും സൌകര്യങ്ങളുണ്ടായിരുന്നു എന്നത് അവരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ ആതിഥേയന്റെ കാരുണ്യത്തിലും സ്നേഹത്തിലും അവര്‍ക്ക് സന്തോഷം തോന്നി.
അകത്തെ ഒരു മുറിയില്‍, വലിയ തീന്‍മേശയുടെ നടുക്ക് ഒരു വലിയ ടിഫിന്‍ കാരിയര്‍ വെച്ചിട്ടുണ്ടായിരുന്നു - അന്നത്തെ ദിവസത്തേക്കുള്ള അത്താഴം! ഓരോരുത്തരും അവരവരുടെ ടിഫിന്‍ കാരിയര്‍ കയ്യിലെടുക്കവേ, ദൂരങ്ങള്‍ക്കപ്പുറത്ത്, തന്റെ മുന്നില്‍ നിരത്തിയ മോണിറ്ററുകളില്‍ അവരുടെ ഓരോ ചലനങ്ങളും സൂക്ഷ്മം വീക്ഷിച്ച് കൊണ്ട് ആതിഥേയന്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നവര്‍ അറിഞ്ഞിരുന്നില്ല.
പത്ത് തട്ടുകളുള്ള വലിയ ഒരു ടിഫിന്‍ കാരിയറായിരുന്നു അത്. കയ്യിലെടുത്തപ്പോള്‍ അറിഞ്ഞ ഭാരം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. കസേര വലിച്ചിട്ട് തട്ടുകളോരോന്നായ് അവര്‍ തുറന്നു. മുകളിലെ തട്ട് തുറന്നപ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട മത്സ്യവിഭവം അവര്‍ കണ്ടു. അതിന്റെ മോഹിപ്പിക്കുന്ന കാഴ്ച വിശപ്പ് കൂട്ടിയതായ് അവര്‍ക്ക് തോന്നി. പിന്നീടുള്ള തട്ടുകളിലും കൊതിയൂറുന്ന ചൂടുള്ള വിഭവങ്ങള്‍ മനോഹരമായ് ഒരുക്കി വെച്ചിരുന്നു. ഒന്‍പതാമത്തെ തട്ടിലെ മധുരപലഹാരത്തിന്റെയും കീഴിലെന്തെന്ന ജിജ്ഞാസയില്‍ അവര്‍ അവസാനത്തെ - പത്താമത്തെ - തട്ട് തുറന്നു. അതില്‍ ചുവപ്പ് നിറത്തിലുള്ള ഒരു കടലാസു കഷ്ണവും കറുത്ത ഒരു പൊതിയുമാണവര്‍ കണ്ടത്. മിടിക്കുന്ന ഹൃദയത്തോടെ അവര്‍ ആ പൊതിയഴിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തീരെ, തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അവരുടെ മുന്നിലെ അഴിഞ്ഞ പൊതിയിലുണ്ടായിരുന്നത് - കറുത്ത ഒരു കൈത്തോക്ക്!
തങ്ങളുടെ ക്രമാതീതമായ ഹൃദയമിടിപ്പിന്റെ ശബ്ദം അവരുടെ കാതുകളില്‍ മുഴങ്ങി. അമ്പരപ്പോടെ അവര്‍ ആ കടലാസു കഷ്ണം കയ്യിലെടുത്തു. ശ്രദ്ധാപൂര്‍വ്വം കുറുകെ രണ്ടായ് മടക്കിയ ആ കടലാസിന്റെ അറ്റത്ത് കാണപ്പെട്ട സ്വര്‍ണ്ണവരകള്‍ മനോഹരവും തിളക്കമാര്‍ന്നതുമായിരുന്നു. വിറയ്ക്കുന്ന കൈകളോടെ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
“നിങ്ങള്‍ക്ക് ആയുധം വെറുപ്പാണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങളിലൊരാള്‍ എന്നോട് ഒരു ആയുധം ആവശ്യപ്പെട്ടിരുന്നു - അത്യന്തം പ്രഹരശേഷിയുള്ള ഒരു തോക്ക്! അതിനാല്‍, സ്വയരക്ഷയ്ക്കായ്, ഒരു ചെറിയ തോക്കെങ്കിലും നിങ്ങളുടെ കയ്യിലുണ്ടായിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. സൂക്ഷിക്കുക-നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്!!!“
ആഹാരം കൊതിച്ച് വന്ന അവരുടെ ഉള്ളില്‍ വെടിയൊച്ചകള്‍ മുഴങ്ങി. മരണമെന്ന സാധ്യത അവരുടെ മനസ്സില്‍ ഭയത്തിന്റെ വിത്തു പാകി. പുറത്തെ ശബ്ദങ്ങള്‍ നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ച് കൊണ്ട് തങ്ങളുടെ മുറിയിലെ ഏകാന്തതയില്‍, തീന്മേശയ്ക്ക് മുന്നില്‍, പരിഭ്രമത്തോടെ അവര്‍ ഇരുന്നു.
മോണിറ്ററുകളില്‍ അവരെ നിരീക്ഷിക്കുകയായിരുന്ന ആതിഥേയന്റെ ചുണ്ടുകളുടെ കോണില്‍ നേരിയ മന്ദഹാസം വിടര്‍ന്നു. വരാനിരിക്കുന്ന അനിവാര്യതയെ കാത്തിരിക്കുന്നതിന്റെ മുന്നോടിയായ് അയാളൊരു സിഗററ്റ് കത്തിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിലരെല്ലാം അനങ്ങി തുടങ്ങി. കരുതിയ കാലടികളുമായ് ചിലര്‍ മുറിയിലൂടെ നടന്നു. ചിലര്‍ വാതില്‍പഴുതിലൂടെ പുറത്തേക്ക് നോക്കാന്‍ ശ്രമിച്ചു. മുറിയില്‍ ജാലകങ്ങളോ ബാല്‍ക്കണികളോ ബാഹ്യലോകത്തേക്കുള്ള മറ്റു വല്ല വഴികളും ഉണ്ടോ എന്ന് അന്വേഷിച്ച് ചിലര്‍ പരാജയപ്പെട്ടു. മറ്റു ചിലര്‍ കസേരയില്‍ നിന്നും അനങ്ങിയതേയില്ല. പക്ഷെ ആരും തന്നെ മുന്‍ വാതില്‍ തുറക്കാനോ പുറത്തേക്ക് പോകാനോ തുനിഞ്ഞില്ല!
മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തങ്ങളുടെ മുന്നിലെ ആയുധമൊന്ന് തോടാന്‍ പോലും ധൈര്യപ്പെടാതെ, തീര്‍ച്ചയില്ലാത്ത തങ്ങളുടെ സ്വകാര്യതയില്‍ അവര്‍ ഭയന്നിരിക്കുന്ന കാഴ്ചയുടെ ലഹരിയില്‍ ആതിഥേയന്‍ മനസ്സില്‍ പറഞ്ഞു.
“വിത്ത് മുളച്ചിരിക്കുന്നു. ഭയം അവരില്‍ പതിയെ വേരൂന്നുന്നു. ആഹാരം മോഹിച്ച മനസ്സുകള്‍ ഇപ്പോള്‍ വെടിയൊച്ചയ്ക്കായ് കാതോര്‍ക്കുകയാണ് ! ഞാന്‍ വിജയിച്ചു !!!”
മോണിറ്ററുകള്‍ ഓഫ് ചെയ്ത് അയാള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ഒരു സിഗററ്റിനു കൂടി തീ കൊളുത്തി.
(അനിവാര്യമായ) അവസാനം:
ദിവസങ്ങള്‍ക്ക് ശേഷം ആതിഥേയന്‍ മോണിറ്ററുകള്‍ ഓണ്‍ ചെയ്തപ്പോള്‍ മുറിപ്പാടുകള്‍ ഒന്നുമില്ലാത്ത, ജീവനറ്റ അവരുടെ ശരീരങ്ങളാണ് കണ്ടത്. ഭയം നിറഞ്ഞ മനസ്സുമായ്, ഒരിക്കലും മുഴങ്ങാത്ത വെടിയൊച്ചയും കാതോര്‍ത്തിരുന്ന അവര്‍ മരിച്ചതെങ്ങനെയെന്ന് അയാള്‍ അത്ഭുതപ്പെട്ടില്ല. ഭയത്തിന് മുന്നില്‍ ഭക്ഷണത്തിന് വിലയില്ലെന്ന് അയാള്‍ എന്നോ മനസ്സിലാക്കിയിരുന്നു. ആതിഥേയന്‍ ശബ്ദമില്ലാതെ ചിരിച്ചു.
ഒന്‍പത് തട്ടുകളില്‍ പഴകിയ ആഹാരവുമായ് ടിഫിന്‍ കാരിയര്‍ തീന്‍ മേശയ്ക്ക് മുകളില്‍ തന്നെയുണ്ടായിരുന്നു, മുന്നില്‍ ഉപയോഗിക്കാത്ത കറുത്ത കൈത്തോക്കും!
Friday, October 26, 2007
വേട്ടനായ
മയക്കുമരുന്ന് കുത്തിവയ്ക്കവേ ചോക്ലേറ്റിന്റെ കവര്‍ കീറിയത് അയാളെ പരിഭ്രാന്തിയിലാഴ്ത്തി. പുറത്തിറങ്ങി പുതിയതൊന്ന് വാങ്ങിയ ശേഷം കാറിലേക്ക് കയറുമ്പോള്‍ അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തവണയായ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇക്കുറി ഇത്തിരി കൂടുതലാണെന്ന് തോന്നുന്നു. അയാള്‍ ഏ.സി. കൂട്ടി വെച്ചു.ഇനി പത്തുപതിനഞ്ച് മിനിറ്റ് കൂടിയുണ്ട്. ഒരു സിഗററ്റ് എടുത്ത് കൊളുത്തി, ആഞ്ഞാഞ്ഞു വലിച്ച്, അയാള്‍ പദ്ധതി ഒന്നു കൂടി വിശകലനം ചെയ്തു ഉറപ്പ് വരുത്തി. ഇല്ല, ലൂപ്പ്‌ഹോള്‍സ് ഒന്നുമില്ല. അല്ലെങ്കിലും തന്റെ പ്ലാനിംഗ് തെറ്റാന്‍ സാദ്ധ്യതകള്‍ കുറവാണ്. അത്രയും ശ്രദ്ധയോടെയല്ലേ ഓരോന്നും താന്‍ ചെയ്യാറ്. പതിവു പോലെ ഇന്നലെയും, ചിലത് ഒഴിച്ച് മറ്റെല്ലാ ചാനലുകളും പത്രങ്ങളും ഇത്തരം സംഭവങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാം ഒരു ഗവേഷണവിദ്യാര്‍ത്ഥിയുടെ ഉത്സുകതയോടെ താന്‍ പഠിക്കാറുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്ന രീതിയും പിടിക്കപ്പെടുന്നവന്‍ കാണിച്ച പാളിച്ചകളും തന്റെ ലാപ്പ്ടോപ്പില്‍ സുരക്ഷിതമായ ഒരിടത്ത് സൂക്ഷിക്കുകയും ഇടയ്ക്കിടയ്ക്ക് വായിച്ച് രസിക്കുകയും ചെയ്യാറുണ്ട്. അതു കൊണ്ടൊക്കെയാണ് ഇന്നേ വരെ തന്റെ പ്രവര്‍ത്തികളില്‍ ആര്‍ക്കുമൊരു തുമ്പും ലഭിക്കാത്തത്. അയാള്‍ക്ക് സ്വയം അഭിനന്ദിച്ചു കൊണ്ട് മനസ്സാ ഒന്ന് ചിരിച്ചു!
റോഡിനു മറുവശം ബസ്സ് കാത്തു നില്‍ക്കുന്നവരെ നോക്കി അയാള്‍ സീറ്റിലേക്ക് ചാഞ്ഞു. ഓഫീസ് വിട്ടു പോകുന്ന വീട്ടമ്മമാര്‍. കോഫീഷോപ്പില്‍ കത്തിയടിച്ചിരിക്കുന്ന കോളേജ്കുകുമാരികള്‍. രസിപ്പിക്കാനാവാത്ത ആ കാഴ്ചകളില്‍ നിന്ന് മനസ്സ് വേര്‍പ്പെടുത്തിയെടുത്ത് അയാള്‍ അവളെ കുറിച്ചാലോചിച്ചു. അയാളുടെ ശരീരം കൂടുതല്‍ വിറച്ചു. മൂന്നാഴ്ചയായി അവള്‍ മനസ്സില്‍ കയറിയിട്ട്. ഇതു വരെ പറ്റിയ ഒരു സന്ദര്‍ഭം ഉണ്ടാക്കാനായില്ല. വിചാരിക്കാതെ വന്ന ഓഫീസ് ജോലികള്‍ക്കിടയില്‍ ഇതു തന്നെ ആയിരുന്നു ചിന്ത. രണ്ടാഴ്ചയായി ഈ നേരം ഇവിടെയിരുന്ന് അവളെ നിരീക്ഷിക്കുന്നു. കഴിഞ്ഞ നാലു ദിവസങ്ങളില്‍ സംസാരിക്കുകയും ചെയ്തു. അതു മതി. തനിക്ക് അത്രയും സമയം തന്നെ ധാരാളം!
സ്കൂള്‍ ഗേറ്റ് തുറന്ന് വിദ്യാര്‍ഥികള്‍ പുറത്തേക്ക് വന്നു തുടങ്ങി. കുറഞ്ഞ നിമിഷങ്ങളിലെ ഈ കാത്തിരിപ്പാണ് ദുസ്സഹം. പതുക്കെയൊഴിഞ്ഞ കൂട്ടത്തിനൊടുവില്‍ അവളെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി. നുണക്കുഴികള്‍ മാറ്റ് കൂട്ടുന്ന ചിരിയില്‍, മുട്ടിനുമൊത്തിരി മേലേ അവസാനിക്കുന്ന ഫ്രോക്ക് കാണിച്ചു തരുന്ന വെളുപ്പില്‍, അയാള്‍ സ്വയം മറന്നു. മനസ്സിലെ ലഹരി പതുക്കെ തലയ്ക്കുള്ളില്‍ നിറഞ്ഞു. ശരീരം ആലില പോലെ വിറച്ചു.
ചോക്ലേറ്റ് കയ്യിലെടുത്ത്, കാറിന്റെ വാതില്‍ തുറന്ന് അയാള്‍ മെല്ലെ ആ നാലു വയസ്സുകാരിയുടെ അടുത്തേക്ക് നടന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
അയാളുടെ ശരീരത്തിലെ ആഴമേറിയ മുറിവുകളില്‍ നിന്ന് ചോര വാര്‍ന്നു കൊണ്ടേയിരുന്നു. നഗരാതിര്‍ത്തിയിലെ ഒഴിഞ്ഞ ആ കെട്ടിടത്തിനുള്ളില്‍ ഒന്നു ചലിക്കാന്‍ പോലുമാവാതെ അയാള്‍ കിടന്നു.
ഒരായിരം കുപ്പിച്ചില്ലുകള്‍ തുളച്ചിറങ്ങിയ വേദന. മേലാകെ പൊള്ളുന്നു. അരയ്ക്ക് താഴെ കനല്‍ വാരിയിട്ടത് പോലെ വേദന!.
അയാള്‍ പതുക്കെ തല അനക്കാന്‍ ശ്രമിച്ചു. ഇത്തിരി ദൂരെയായ് അവള്‍ കിടക്കുന്നു.
ഭ്രാന്തമായ വീര്യത്തോടെ തന്നെ ആക്രമിച്ച ഈ ജന്തുക്കള്‍ അവളെ ഒന്നു തൊട്ടിട്ടു പോലുമില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി.
ഇണയ്ക്കായ് തമ്മില്‍ തല്ലിയും, പരസ്പരം കടിച്ചും പറിച്ചും, നായ്ക്കള്‍ ബഹളം വച്ചു കൊണ്ടേയിരുന്നു. അവയില്‍ ചിലത് തന്റെ ശരീരത്തില്‍ നക്കുകയും തുടകള്‍ക്കിടയില്‍ കടിക്കുകയും ചെയ്യുന്നു. ബഹളങ്ങളില്‍ പങ്കെടുക്കാതെ അരികില്‍ നില്‍ക്കുന്ന ഒരു വെളുത്ത നായ നക്കിതോര്‍ത്തുന്നത് ചോരയില്‍ കുതിര്‍ന്ന തന്റെ വൃഷണങ്ങളാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു.
അവള്‍ ഒന്നനങ്ങിയോ? ആ മുഖം ആ നിമിഷത്തിലും അയാളെ മോഹിപ്പിച്ചു.
ഉദ്ധാരണത്തിന്റെയും സ്ഖലനത്തിന്റെയും ഇടയിലെ അവസ്ഥയും മരണവും ഒന്നു പോലെയാണെന്ന് അയാള്‍ക്ക് തോന്നി. കണ്ണുകള്‍ അടയുന്ന വരെ അവളെ തന്നെ നോക്കി അയാള്‍ കിടന്നു.
ഇരകളുടെയും ഇണകളുടെയും പലവിധശബ്ദങ്ങള്‍ ചുറ്റിലും നിറയവേ, വെളുത്ത ആ നായ പതിയെ അയാളുടെ വൃഷണത്തിലേക്ക് പല്ലുകളാഴ്ത്തി.
Wednesday, September 26, 2007
ഇനിയുമുറങ്ങാത്ത ‘മേഘമല്‍ഹാര്‍’
"യരുശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും, ഒരു ദിവ്യജ്വാലയും തന്നെ!"
- ശലോമോന്റെ ഉത്തമഗീതം (Solomon's Song of the songs) എട്ടാം അദ്ധ്യായം 4,6 വരികള്‍
"നിന്നെ പ്രണയിക്കാതിരിക്കാനാകുന്നില്ല എന്നത് എന്റെ ദൌര്‍ബല്യമെങ്കില്‍, ആ ദൌര്‍ബല്യത്തെ ഞാന്‍ പ്രണയിക്കുന്നു!"
അവര്‍ക്കായ് അവളുണ്ടാക്കിയ ഇമെയില്‍ ഐഡിയിലേക്ക് രവി എഴുതിയ ഇ-മെയിലിലെ അവസാനവാചകം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞിരുന്നുവെന്ന് ജലജ അറിഞ്ഞു. കണ്‍പോളകള്‍ ഒന്നടച്ച് തുറന്നപ്പോള്‍ കണ്ണീരിന്റെ ചൂട് കവിളുകളില്‍ പടര്‍ന്നു. ലാപ്പ്ടോപ്പിന്റെ അടിയില്‍ കുടുങ്ങിക്കിടന്ന ചുരിദാറിന്റെ തലപ്പ് വലിച്ചെടുത്ത് അവള്‍ കണ്ണുകളൊപ്പി.
തമ്മില്‍ തമ്മില്‍ അയച്ച ഒരുപാട് സന്ദേശങ്ങള്‍. സന്തോഷിക്കുമ്പോഴും വ്യസനിക്കുമ്പോഴും നെഞ്ചിനെ ആയാസപ്പെടുത്താന്‍ കുറിച്ച വാക്കുകള്‍. പലയാവര്‍ത്തി വായിച്ച വാചകങ്ങള്‍. എല്ലാം സൂക്ഷിച്ചു വെച്ച, തങ്ങള്‍ക്ക് മാത്രമറിയാവുന്ന, തനിക്കും അവനും മാത്രം സന്ദേശങ്ങളയക്കാവുന്ന ഒരിടം. അവനോട് പറയാതെ, ഇവിടെ നിന്നും അവനെ അകറ്റി നിര്‍ത്താന്‍ പോവുകയാണ്. ഈ വേദന ഇനി അവന് വേണ്ട! മുന്‍കൂട്ടി നിശ്ചയിച്ച പോലെ, അവള്‍ അതിന്റെ പാസ്സ്‌വേര്‍ഡ് മാറ്റി. മധുരനൊമ്പരങ്ങളുടെ ഈ സ്വകാര്യസമ്പത്ത് ഇനി തനിക്ക് മാത്രം!
അഹോരാത്രം കന്യാകുമാരിയെ വണങ്ങുന്ന തിരമാലകളുടെ ശബ്ദം തുറന്നിട്ട വലിയ ജാലകങ്ങളിലൂടെ അവള്‍ക്കരികിലെത്തി.
Click here to download the PDF version of this post
അവള്‍ ലാപ്പ്ടോപ്പ് മടക്കി കട്ടിലിനരികിലെ സൈഡ്‌ടേബിളിലേക്ക് വെച്ചു. ഈ രാത്രി ഇനി ഉറങ്ങാനാകുമെന്ന് തോന്നുന്നില്ല. പതിയെ അരിച്ചരിച്ചെത്തുന്ന തണുപ്പ്. അവള്‍ കാലുകള്‍ കമ്പിളിക്കുള്ളിലേക്ക് പൂഴ്ത്തവേ ടി.വി.യുടെ റിമോട്ട് കയ്യില്‍ തടഞ്ഞു. ഇത്തിരി നേരം വല്ലതും കണ്ടിരിക്കാം. മലയാളം ചാനലുകള്‍ വല്ലതും ഉണ്ടാവാതിരിക്കില്ല. ചാനലുകളിലൂടെയുള്ള തിരച്ചില്‍, ഏഷ്യാനെറ്റിലെത്തിയപ്പോള്‍ നിര്‍ത്തി.എതോ സിനിമ തുടങ്ങുകയാണെന്ന് തോന്നുന്നു. ലൈറ്റണച്ച്, ഇത്തിരി കൂടെ കമ്പിളി മേലോട്ടുയര്‍ത്തി അവള്‍ തന്റെ കിടപ്പ് ശരിയാക്കി.
ഒരു സാന്ത്വനം പോലെ അനുഭവപ്പെട്ട തിരമാലകളുടെ ശബ്ദം മനസ്സില്‍ നിറയ്ക്കാന്‍ ജലജ ശ്രമിച്ചു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോള്‍ കൊണ്ടു പോകാന്‍ ഇതു മാത്രമേ തനിക്ക് വേണ്ടു. അവന്‍ പറഞ്ഞത് എത്ര ശരിയാണ്! ഇവിടത്തെ കടലിന് എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആ ഒരു നിമിഷം, അവന്‍ മുന്‍പ് പാതി കളിയായും പാതി കാര്യമായും പറഞ്ഞ ആ കന്യാകുമാരി യാത്ര നടത്താമായിരുന്നു എന്നവള്‍ക്ക് തോന്നി. എങ്കില്‍, രവിക്ക് ചുറ്റും എന്നും അനുഭവിച്ചിരുന്ന അദൃശ്യമായ ആ സുരക്ഷാവലയത്തിനുള്ളിലായേനേ തന്റെ ഈ കിടപ്പ്. ആ ചിന്ത തന്നെ ജലജയുടെ മനസ്സില്‍ പുതുമഴയുടെ കുളിരുറവാക്കി.
ടിവിയില്‍ പരസ്യങ്ങള്‍ ഓടിമായുകയാണ്. കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ പൊതിഞ്ഞ ഒരു അറബ്‌യുവതി ഒരു കുഞ്ഞിനെ മടിയിലിരുത്തി എന്തോ ഒരു പാനീയം നല്‍കുന്നു.
കണ്ണനിപ്പോള്‍ ഉറങ്ങി കാണണം. കിടക്കുന്നതിന് മുന്‍പ് ചന്ദ്രേട്ടന്‍ അവനെ ടോയ്‌ലറ്റില്‍ കൊണ്ട് പോയി കാണുമോ എന്തോ? ഇടക്കാലത്ത് നിര്‍ത്തിയതായിരുന്നു കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം. അടുത്തിടെ രണ്ടു വട്ടം ഉറക്കത്തില്‍ കാര്യം സാധിച്ചിരുന്നു. രാവിലെ എണീറ്റ് അടുക്കളയില്‍ വന്ന് ഫ്രിഡ്‌ജും ചാരി മിണ്ടാതെ നില്‍ക്കുന്നത് കണ്ടാലറിയാം പണി പറ്റിച്ചിട്ടുണ്ടെന്ന്. ഓഫീസ് ആവശ്യത്തിനിടെയുള്ള ഇത്തരം യാത്രകളില്‍ എന്തെങ്കിലും മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അതവനെയാണ്. അടുത്തിടെയായ് എന്തിനുമേതിനും താന്‍ തന്നെ വേണം. ഒരു തരത്തില്‍ ചിന്തിച്ചാല്‍ കണ്ണന്‍ ഇല്ലെങ്കില്‍ രവിയുമായ് ഇപ്പോള്‍ ഉണ്ടാക്കിയെടുത്ത ഈ അകല്‍ച്ച ഉണ്ടാകുമായിരുന്നില്ലല്ലൊ? രവിയെ കുറിച്ചുള്ള ചിന്ത വീണ്ടും അവളില്‍ മധുരമായ അസ്വസ്ഥതയുളവാക്കി. അല്ലെങ്കിലും അവനെ മറക്കാന്‍ ശ്രമിച്ചു തുടങ്ങിയപ്പോളാണ് തന്റെ മനസ്സില്‍ ആ പ്രണയം ഇത്രയധികം ആഴ്ന്നിറങ്ങിയിരുന്നു എന്ന് ബോധ്യമായത്. അത് മറക്കാനാകാത്തതിനാലല്ലേ, ദില്ലിയില്‍ നിന്നും മൂന്ന് ദിവസത്തിനായ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വന്ന മിസ്സിസ്സ് ജലജ ചന്ദ്രന്‍, ഇന്ന് ഈ കന്യാകുമാരിയിലെ കേരളാഹൌസിലെ പതിനെട്ടാം നമ്പര്‍ മുറിയില്‍ ഒറ്റക്ക് കിടക്കുന്നത്-ആരാരുമറിയാതെ!
ടിവി സ്ക്രീനിലെ ചിത്രങ്ങളില്‍ അവളുടെ കണ്ണുകളുടക്കി. മേഘമല്‍ഹാര്‍ ആണ് സിനിമ! ആകസ്മികമായ ആ യാദൃശ്ചികത അവളില്‍ അമ്പരപ്പുളവാക്കി. കണ്ട അന്ന് മുതല്‍, പിന്നെയുള്ള എണ്ണമറിയാതെ കാഴ്ചകള്‍ക്ക് ഇടയിലും ഒടുവിലും, മനസ്സില്‍ ഒരു വിങ്ങലായ് നില്‍ക്കുന്ന ഈ സിനിമയെ കുറിച്ച് വൈകുന്നേരം കടലിന്റെ അസ്തമയനിറഭേദങ്ങള്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണ്. രവിയെ കുറിച്ചോര്‍ക്കുമ്പോള്‍, തങ്ങളുടെ ബന്ധത്തെ കുറിച്ചോര്‍ക്കുമ്പോള്‍ , മനസ്സിന് ധൈര്യം പകരാന്‍ , ചെയ്യുന്നത് മുഴുവന്‍ പാപമല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കാന്‍, താന്‍ കണ്ടെത്തിയ അത്താണികളില്‍ പ്രമുഖമായിരുന്നു ഗൌരിയും മേഘമല്‍ഹാറും. വളരെ നാളുകള്‍ക്ക് മുന്‍പ്, അവനുമായ് ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോളാണ് അവനും ഇതേ കാരണങ്ങള്‍ ബോധപൂര്‍വ്വം കണ്ടെത്തിയിരുന്നു എന്നറിഞ്ഞത്. അന്ന് മുതല്‍ ഇതിലെ കഥാപാത്രങ്ങളെ തന്റെ ചുറ്റുമുള്ളവരുമായ് താരതമ്യം ചെയ്യാന്‍ പരോക്ഷമായ് ശ്രമിക്കുന്നുമുണ്ടായിരുന്നു. പക്ഷെ, ഇന്ന്, കന്യാകുമാരിയിലെ ഈ രാത്രിയിലെ ഈ കാഴ്ച തീരെ അപ്രതീക്ഷിതം! അവള്‍ മെല്ലെ സിനിമയില്‍ മുഴുകി.
ഒരു മഞ്ജുഹര്‍ഷമായ് *രാജീവിന്റെ ഹൃദയത്തില്‍ തുളുമ്പുന്ന *നന്ദിതയുടെ നിനവുകള്‍ പോലെ, പ്രണയത്തിന്റെ മീട്ടാതന്ത്രികള്‍ മൌനമാര്‍ന്നിരുന്ന തന്റെ മനസ്സിന്റെ താഴ്വരകളില്‍ രവിയുടെ സാമീപ്യമുണര്‍ത്തിയ സംഗീതം കുളിര്‍മഴയായ് പെയ്തിറങ്ങിയത് ജലജ ഒരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള കണ്ണുപൊത്തിക്കളിക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ചിന്തകളെ തത്‌ക്കാലത്തേക്ക് മാറ്റി നിര്‍ത്തിക്കൊണ്ട്, ആ ഗാനശകലങ്ങളില്‍ ശ്രദ്ധയൂന്നി കണ്ണുകളച്ച് അവള്‍ കിടന്നു. നിറുകയില്‍ നാളങ്ങള്‍ ചാര്‍ത്തുന്ന ചിരാതുകള്‍ നീന്തി നടക്കുന്ന യമുനയും രാപ്പകലുകളുടെ വിടവാങ്ങലുകള്‍ക്ക് മൂകസാക്ഷിയായ കടലിലെ തിരകളും മനസ്സിലാവാഹിച്ച്, അറിയാതെ അവള്‍ പതിയെ മയക്കത്തിലേക്കൂര്‍ന്ന് വീണു.
കടല്‍ തന്റെ സംഗീതാലാപനം തുടര്‍ന്നു.
എത്ര മാത്രകള്‍ക്കൊടുക്കമെന്നറിയില്ല, അവള്‍ ഉറക്കം ഞെട്ടിയുണര്‍ന്നു. റോഡിലെ സോഡിയം ലൈറ്റുകളുടെ പ്രകാശവും കടലലകളുടെ തീരാഗാനവും മുറിയില്‍ നിറഞ്ഞു നില്‍ക്കുന്നു. അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഉറക്കം വീണ്ടും കടാക്ഷിക്കുന്ന ലക്ഷണമില്ല. ഓര്‍ക്കും തോറും കൂടുന്ന ഉഷ്ണവും. അവള്‍ പതുക്കെ എണീറ്റ് ജനലിനരികിലേക്ക് നടന്നു. ശാന്തമായ കടല്‍. സൂര്യനില്‍ നിന്നേറ്റ് വാങ്ങിയ പ്രകാശം നിര്‍ലോഭം കടലിലേക്ക് കുടയുന്ന ചന്ദ്രനോടവള്‍ക്ക് ഇഷ്ടം തോന്നി. മെല്ലെ തഴുകുന്ന കാറ്റ്. മനസ്സും ശരീരവും ഒരു പോലെ ശാന്തമാകുന്നു. ഒന്നു കടല്‍ക്കരയിലൂടെ നടന്നാലോ? ആ ചിന്തയുടെ ഒടുക്കം അകാരണമായ ഒരു ഭയം അവളിലൂറി കൂടി. ഇത്തിരി കഴിഞ്ഞപ്പോള്‍ എന്തിനു ഭയം തോന്നണം എന്നായി ചിന്ത. കൂടുതല്‍ തല പുകയ്ക്കാന്‍ നില്‍ക്കാതെ ഒന്നു പുറത്തിറങ്ങി നോക്കാന്‍ അവള്‍ തീരുമാനിച്ചു.
കോറിഡോറിലൂടെ, തനിക്കും കോണിപ്പടികള്‍ക്കും കുറുകെ എന്തോ ഒന്ന് പെട്ടെന്ന് ഓടി പോയതായ് ജലജയ്ക്ക് തോന്നി. പോകണോ? ഈ രാത്രി, ഒരു പെണ്ണ് തനിച്ച്....! ആലോചനകള്‍ക്കിടയില്‍ നടന്ന് നടന്ന് കടല്‍ത്തീരത്തെത്തിയത് അവളറിഞ്ഞില്ല. പാദങ്ങളെ പതുക്കെ ജലവിതാനം തഴുകി. ലൈറ്റ്‌ഹൌസിന്റെ പ്രകാശരേഖ അവളിലൂടെ കടന്നു പോയി. അത് ലൈറ്റ്‌ഹൌസിന്റെ വെളിച്ചമോ അതോ കപ്പല്‍യാത്രക്കാരെ തുണച്ചിരുന്ന കന്യാകുമാരിയുടെ മൂക്കുത്തിയിലെ പ്രകാശമോ? ഉത്തരമറിഞ്ഞിട്ടും അവള്‍ ഉത്തരമാലോചിച്ചു. ഇഷ്ടപ്രാണേശ്വരനെ കാത്തുകാത്തിരുന്ന് ഒടുക്കം നിരാശയാല്‍ അലങ്കാരകോപ്പുകളും സ്വപ്നങ്ങളുമെല്ലാം കടലിനും തീരത്തിനുമായ് വീതിച്ച് കൊടുത്ത ദേവിയെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സ് കലങ്ങും. ആ മധുരനൊമ്പരം നുണഞ്ഞു കൊണ്ട് അവള്‍ മണലിലിരുന്നു. "എന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ?"
അപ്രതീക്ഷിതമായ് പുറകില്‍ നിന്നൊരു സ്ത്രീ ശബ്ധം! ജലജയുടെ മനസ്സിലൊരു വെള്ളിടി വെട്ടി. ഭയം കൊണ്ടു അവളാകെ തരിച്ചു പോയി. മേലാകെ മരവിച്ച പോലെ! പുറകില്‍ ഒരു നിഴലായ് ആരോ ഉണ്ട്. തിരിഞ്ഞ് നോക്കാന്‍ ധൈര്യമനുവദിക്കുന്നില്ല. പതുക്കെ ആ നിഴല്‍ അവളെ ചുറ്റി മുന്നിലേക്ക് വന്നു. മിനുക്കങ്ങളൊന്നുമില്ലാത്ത നഗ്നമായ പാദങ്ങള്‍. അവള്‍ പതുക്കെ മുകളിലേക്ക് നോക്കി. തനിക്ക് തെറ്റിയില്ല. കേട്ടത് സ്ത്രീ ശബ്ധം തന്നെ.
"ചോദിച്ചത് കേട്ടില്ല്യേ? എന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ?"
അവള്‍ അവരെ വിസ്തരിച്ചൊന്ന് നോക്കി. നോട്ടം മുകളിലേക്ക് എത്തും തോറും വെളിച്ചം കണ്ണില്‍ കുത്തുന്നു. വെളിച്ചത്തിന്റെ മുന്നാമ്പുറത്ത് അവരുടെ മുഖം അവ്യക്തമായിരുന്നു. എഴുന്നേറ്റു കൊണ്ടവള്‍ പറഞ്ഞു.
"ഞാന്‍ ... വെറുതെ.... വെറുതെ കാറ്റ് കൊള്ളാന്‍..."
"ങ്‌ഹും.... കന്യാകുമാരിയിലെ കടലിനും കടലിന്റെ കാറ്റിനും ഒരു പ്രത്യേക സുഖാ... എത്ര കണ്ടാലും കൊണ്ടാലും മതി വരില്ല...."
സൂര്യനിറങ്ങി പോയ കടല്‍വഴികളില്‍ കണ്ണും നട്ട് നില്‍ക്കുന്ന ആ സ്ത്രീയെ അവള്‍ പഠിച്ചു. വെള്ള പ്രിന്റുള്ള ചുവപ്പ് കോട്ടണ്‍ സാരി. ചുവന്ന വട്ടപ്പൊട്ട്. ഫ്രെയിമില്ലാത്ത കണ്ണടക്കിടയിലൂടെ കണ്‍കള്‍ക്കടിയില്‍ കറുപ്പ് നിറം തെളിഞ്ഞു നില്‍ക്കുന്നു. മെടയാതെ അലസമായി കിടക്കുന്ന മുടി. കൈത്തണ്ടയില്‍ ഒറ്റയ്ക്കിരിക്കുന്ന, നിറം മങ്ങിയ സ്വര്‍ണ്ണവള. കാതുകളില്‍ പതിഞ്ഞ് കിടക്കുന്ന വെളുത്ത മുത്തുള്ള സ്റ്റഡ് അവര്‍ക്ക് ചേരുന്നേയില്ലെന്ന് ജലജയ്ക്ക് തോന്നി.
"കുറച്ച് നേരായ് ഞാന്‍ കുട്ട്യെ, ദാ അവിടെ നിന്ന്, ശ്രദ്ധിക്ക്‍ണൂ. നടന്ന് വരുന്നത് കണ്ടപ്പോള്‍ ആദ്യം ഭയം തോന്നി. ജീവിതം മനുഷ്യനെ കൊണ്ട് എന്തൊക്ക്യാ ചിന്തിപ്പിക്ക്യാന്നറീല്ലല്ലോ. പിന്നെ പൂഴിയിലിരിക്കണ കണ്ടപ്പളാ ഒന്നാശ്വാസായത്. ഞാന്‍ ബുദ്ധിമുട്ടിയ്ക്ക്യല്ല്ലല്ലോ?"
"ഏയ്, ഇല്ല.". അവള്‍ ഭംഗിവാക്കു പറഞ്ഞു.
ഇപ്പോള്‍, കന്യാകുമാരിയില്‍ നിന്ന് മടങ്ങും വരെയും, ആരോടും സംസാരിക്കാനുള്ള മൂഡിലല്ല താന്‍. പക്ഷെ അവരുടെ മുഖത്ത് നോക്കി മറുത്തൊന്ന് പറയാന്‍ തോന്നിയില്ല. എവിടെയോ കണ്ട് മറന്ന പോലെ ഒരു മുഖം. ഓര്‍മ്മകള്‍ ചിതറിക്കിടക്കുന്നു.
"എന്തു പറ്റി കുട്ടീ? മനസ്സ് ശരിയില്ലെന്ന് മുഖം പറയുന്നുണ്ടല്ലോ?"
അവളുടെ കണ്ണുകളിലേക്ക് അവര്‍ ഉറ്റിനോക്കി. എവിടെയാണ് താനിവരെ കണ്ടിരിക്കുന്നത്? ഒരു പിടിയും കിട്ടുന്നില്ല. അവര്‍ തുടര്‍ന്നു.
"ചില വിചാരങ്ങള്‍ ഇങ്ങന്യാ, ഉള്ളില്‍ തന്നെ ഇട്ടാല്‍ മനസ്സിന് ദഹിപ്പിക്കാനായി എന്ന് വരില്ല. ആരോടെങ്കിലും പറഞ്ഞ് കൊണ്ട് പുറത്തേക്ക് കളയുന്നതാ നല്ലത്. എന്നോട് പറയാന്‍ പറ്റുന്നതാണെങ്കില്‍ ആവാം."
അവളുടെ വരണ്ട കണ്ണുകള്‍ പറയുന്ന കഥകള്‍ക്കായ് അവര്‍ മനസ്സോര്‍ത്തു. കടല്‍ ഇരമ്പിക്കൊണ്ടേയിരുന്നു. മടിച്ച് മടിച്ച്, ഹൃദയത്തിന്റെ മിടിച്ചിലുകള്‍ അക്ഷരങ്ങളായ് മാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു തുടങ്ങി. അവര്‍ നടത്തം തുടര്‍ന്നു.
മനസ്സിലെ വിങ്ങലുകള്‍ ഒന്നൊഴിയാതെ, മന:പാഠമാക്കിയതുരുവിടുന്ന കുട്ടിയെ പോലെ, പറഞ്ഞു തീര്‍ത്തപ്പോള്‍, ഇത്രയും ഭാരം താന്‍ നെഞ്ചിലേറ്റിയിരുന്നോ എന്നവള്‍ അത്ഭുതപ്പെട്ടു.
അവര്‍ തന്നെ പറ്റി എന്തു കരുതുന്നുണ്ടാകും? ഛെ, വേണ്ടായിരുന്നു. അല്ലെങ്കിലും ഇതൊക്കെ ആരോടും, രവിയോട് പോലും, പറയണമെന്ന് തനിക്കില്ലായിരുന്നു. അവനെ തന്നിലേക്കടുപ്പിച്ചത് തന്നെ താന്‍ ചെയ്ത കൊടിയ അപരാധം! വെറുതെ മനസ്സമാധാനത്തോടെ കഴിഞ്ഞ അവനെ.... അരുവിയായ് പിറന്ന് പുഴയായ് മാറിയ അവന്റെ പ്രണയം, തന്നേക്കാള്‍ അവനെ ബാധിക്കുന്നു (അതോ...?) എന്ന് തിരിച്ചറിഞ്ഞപ്പോളാണ് ആ തെറ്റ് അവസാനിപ്പിക്കാന്‍, അവനെ തന്നില്‍ നിന്ന് പറിച്ചെറിയാന്‍, താന്‍ തന്നെ മുന്‍കൈയെടുക്കണം എന്ന് തീരുമാനിച്ചത്. നിരന്തരമായ അവന്റെ വിളികളും ഇ-മെയിലുകളും താന്‍ അവഗണിച്ചു. കുടുംബങ്ങള്‍ തമ്മില്‍ കണ്ട അവസരങ്ങളില്‍ അവനേക്കാളേറെ അവന്റെ ഭാര്യയോട് സംസാരിക്കാന്‍ ശ്രമിച്ചു. അവനോട് വരുതിയില്‍ നിന്ന് മാത്രം സംസാരിച്ചു, ഒഴിവാകാനാകാഞ്ഞ സംസാരങ്ങള്‍ വാക്കുകളിലൊതുക്കി. അവന്റെ കണ്ണുകളിലെ വേദന കാണുന്നില്ലെന്ന് നടിച്ചു. തന്നോടുള്ള അവന്റെ ദേഷ്യം കൂടി വരുന്നത് മനസ്സിലാക്കി - ഒത്തിരി സങ്കടത്തോടെ! പക്ഷെ, എന്തൊക്കെയോ തനിക്ക് നഷ്ടപ്പെടുന്നതായ് ഇടയ്ക്കിടെ തോന്നി പോകുന്നു. എങ്കിലും എല്ലാം എല്ലാവരുടെയും നല്ലതിനെന്ന് ...
"മറക്കാനാകുന്നില്ല എന്നതാണോ ഇപ്പോഴത്തെ പ്രശ്നം? അതോ മറക്കാന്‍ കഴിയുന്നു എന്നതോ?"
അവരുടെ ചോദ്യം ചിന്തകളില്‍ നിന്നവളെ വേര്‍പ്പെടുത്തി.
"അറിയില്ല... എനിക്കറിയില്ല... അതിനെ പറ്റി, ഇതിന്റെയൊക്കെ റിയാലിറ്റിയെ പറ്റി ആലോചിക്കാന്‍ എനിക്ക് പേടിയാണ്. ഒരാളോട് ഇതൊക്കെ സംസാരിക്കാന്‍ പോലും..."
അറിയാതെ ജലജ വിതുമ്പി.
"അങ്ങനെയൊക്കെ തോന്നാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോളാലോചിക്കുമ്പോള്‍ തെറ്റാണോ എന്ന് സംശയം തോന്നുന്നെങ്കിലും, എനിക്കത് വലിയൊരു ശരിയായിരുന്നു. ജീവിതത്തിലെ വലിയൊരു ശരി."
"ഇത്തരമൊരു ബന്ധം ഒരുപാട് തെറ്റുകള്‍ക്കും പ്രേരിപ്പിക്കും. അതാണ് പ്രശ്നം."
"സമൂഹം പ്രതീക്ഷിക്കുന്ന തെറ്റുകള്‍ക്ക് അവനെന്നെ പ്രേരിപ്പിച്ചിട്ടില്ല, അതിരുകളില്ലാത്ത ആഗ്രഹങ്ങളുണ്ടെങ്കിലും. കൈകോര്‍ക്കലുകളില്‍ തുടങ്ങി നെഞ്ചോട് ചേര്‍ത്ത ചുംബനങ്ങളില്‍ മാത്രമൊടുങ്ങുന്ന സമാഗമങ്ങള്‍, അവയുടെ ശരിയും തെറ്റും കൂട്ടിക്കിഴിക്കാന്‍ ഞാന്‍ ഇതേ വരെ ശ്രമിച്ചിട്ടുമില്ല. എങ്കിലും ചിലപ്പോള്‍, ചില നേരങ്ങളില്‍ ചന്ദ്രേട്ടനെ കാണുമ്പോള്‍... അപ്പോള്‍ മാത്രം..."
അവളുടെ വാക്കുകള്‍ മുറിഞ്ഞു.
"ങ്‌ഹും....എനിക്ക് മനസ്സിലാകും. മറ്റാരേക്കാളും... നിര്‍വചിക്കാനാവാത്ത ഈ ബന്ധത്തിന്റെ കാല്പനികതയും അതുണ്ടാക്കുന്ന പാപഭാരവും എനിക്ക് മനസ്സിലാകും."
അവരുടെ മുഖത്ത് നോക്കുമ്പോള്‍, കണ്ണീരിനിടയിലും ജലജയ്ക്ക് ആശ്വാസം തോന്നി. അവര്‍ പതുക്കെ അരികിലേക്ക് വന്ന്, അവളുടെ നെറുകയിലൂടെ വിരലുകളോടിച്ചു.
"കരയാതിരിക്കൂ കുട്ടീ.... ജീവിതം പഠിപ്പിക്കുന്ന വലിയ പാഠങ്ങളില്‍ ചിലത് മാത്രമാണിതെല്ലാം. സുഗമമായ ഒഴുക്കിനെ തടുക്കുന്ന ചെറിയ തടയിണകള്‍. എല്ലാം ശരിയാകും. എല്ലാം മറക്കാന്‍ ഈശ്വരന്‍ സഹായിക്കും."
വീശിയടിച്ച കാറ്റിലുടഞ്ഞ കണ്ണീര്‍ക്കണങ്ങള്‍ അവള്‍ തുടച്ച് കളഞ്ഞു. ദൂരെ വെളിച്ചത്തിന്റെ പൊട്ടുപൊടികള്‍ കാണുന്നുണ്ട്. അകലങ്ങളിലെ നക്ഷത്രങ്ങളോ നങ്കൂരമിട്ട കപ്പലുകളോ എന്ന് തിരിച്ചറിയുന്നില്ല.
"സമയം ഒരുപാടായ്. കുട്ടി പൊയ്ക്കോളൂ."
"ങ്‌ഹും... നേരം കുറേയായ്." അവള്‍ ശരി വെച്ചു.
"പേടിയുണ്ടോ ഒറ്റയ്ക്ക് പോകാന്‍? ഞാന്‍ തിരികെ കൊണ്ട് വിടണോ?"
"അപ്പോ ചേച്ചി....ചേച്ചിയെങ്ങോട്ടാ?" അവള്‍ അമ്പരപ്പോടെ ചോദിച്ചു.
"ഞാന്‍... ഞാനാ പാറക്കെട്ടുകള്‍ വരെ ..."
ഇത്തിരി ദൂരെയായ് കാണുന്ന, ഇരുട്ടിലൊളിച്ചിരിക്കുന്ന പാറക്കെട്ടുകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
"അവിടെ ... അവിടെയെന്താ ഈ നേരത്ത്..?"
അവര്‍ ആ ചോദ്യം പ്രതീക്ഷിരുന്നുവെന്ന് തോന്നുന്നു. വിടര്‍ന്ന ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
"എന്നെയും കാത്തൊരാള്‍ അവിടെ ഇരിപ്പുണ്ടാകണം."
‘ആര്?’ എന്നവള്‍ ചോദിച്ചില്ല. ചോദിച്ചാലും അവര്‍ മറുപടി പറഞ്ഞേക്കില്ലെന്ന് ജലജയ്ക്ക് തോന്നി. അവര്‍ മുന്നോട്ടേക്ക് നടന്നു. അവള്‍ പിറകെയും.
പാറക്കെട്ടുകള്‍ അടുക്കും തോറും തന്റെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിക്കുന്നത് ജലജ അറിഞ്ഞു. വിസ്മയകരമായ ഈ രാത്രിയില്‍ താനൊരാളെ കൂടെ കണ്ടുമുട്ടാന്‍ പോകുന്നു. കാറ്റിന്റെ ഗതിവിഗതികള്‍ക്കൊപ്പം അവളും നടന്നു നീങ്ങി.
"ഞാന്‍ പറഞ്ഞില്ലേ എന്നെ കാത്ത് ഇവിടെ ഇരിപ്പുണ്ടാകുമെന്ന്. അതാ നോക്കൂ..."
ഒരു കൊച്ചുകുട്ടിയുടെ ഭാവഹാവാദികളോടെ അവര്‍ ഉറക്കെ പറഞ്ഞു. കാതുകളില്‍ പതിഞ്ഞ് കിടക്കുന്ന വെളുത്ത മുത്തുള്ള സ്റ്റഡ് അവര്‍ക്ക് ഇപ്പോള്‍ നല്ല പോലെ ചേരുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി. നേര്‍മയുള്ള ആ ഇരുട്ടില്‍, ഇത്തിരി ഭയത്തോടെ അയാളെ അവള്‍ നോക്കി കണ്ടു. കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് കടലില്‍ ദൃഷ്ടിയുറപ്പിച്ച് ഒരു മനുഷ്യന്‍ ഇരിക്കുന്നു! കടുംനീല പാന്റും ഇന്‍ചെയ്യാതെ കിടക്കുന്ന, കോളര്‍ ബട്ടണ്‍ ഇല്ലാത്ത, വെള്ള ഹാഫ്‌കൈഷര്‍ട്ടും. നരച്ച് തുടങ്ങിയ കൃതാവ്, മീശ. മൂക്കിന്റെ വലത്ത് ഭാഗത്തായ് കറുത്ത മറുക്. കീശക്കുള്ളില്‍ നിന്നെത്തി നോക്കുന്ന കണ്ണടക്കവര്‍.
അവരുടെ വരവ് പ്രതീക്ഷിച്ചിട്ടെന്നോണം അയാള്‍ തിരിഞ്ഞു നോക്കി. അയാള്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചോ? അതോ തന്റെ തോന്നലണോ? ഇല്ല. തന്നെ അയാള്‍ കണ്ടിട്ടേ ഇല്ല എന്ന് ജലജയ്ക്ക് തോന്നി. അവരെ തന്നെ നോക്കി നില്‍ക്കുകയാണ് അയാള്‍. അവള്‍ അയാളേയും!
ഒരാണിന്റെ കണ്ണുകളില്‍ ഇത്രയേറെ വേദന ഇന്നേ വരെ കണ്ടിട്ടില്ല. ജലജ അറിയാതെ രവിയെ ഓര്‍ത്തു. അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ താന്‍ എന്നും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ചന്ദ്രേട്ടന്റെ സാന്നിദ്ധ്യത്തില്‍. നഗരത്തിലെ തിരക്കേറിയ ഷോപ്പിംഗ്‌മാളില്‍ വെച്ച് കുടുംബസമേതം അവസാനം കണ്ടപ്പോളും അവന്റെ കണ്ണുകളുടെ കാഴ്ചയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അവരുടെ കുശലം പറച്ചിലുകളില്‍ നിന്ന് താനിത്തിരി മാറി നിന്നെങ്കിലും, യാത്രാമൊഴിയോതവേ കണ്ണുകള്‍ അറിയാതെ കൊളുത്തി വലിച്ചതിന്റെ നൊമ്പരം ഇന്നും താനനുഭവിക്കുന്നു. വേര്‍പ്പാടിനിടയിലെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഓര്‍മ്മ അവളില്‍ മെല്ലെ ഒരു നെടുനിശ്വാസമായ് മാറി. കടല്‍ അതിനു താളം പിടിച്ചു.
അവര്‍ തിരിഞ്ഞു നിന്ന് അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പ്രണയത്തിന്റെ വിവിധവിതാനങ്ങള്‍ ഹൃദയത്തില്‍ കാക്കാനുള്ള സിദ്ധി, ദൈവം പെണ്ണിനു മാത്രം നല്‍കിയ വരം! സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രിയമായെതെന്തും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നമുക്കാകും. വിഷമിക്കാതിരിക്കൂ. രവിയുടെയും ചന്ദ്രന്റെയും നടുവില്‍ മനസ്സുലഞ്ഞു നില്‍ക്കുന്ന ജലജയെ ദൈവം കാണാതിരിക്കില്ല."
അവര്‍ മന്ദഹസിച്ചു. ആ ചിരിയില്‍ നിറയെ സ്നേഹമാണെന്ന് അവള്‍ക്ക് തോന്നി.
കണ്ണുകള്‍ കൊണ്ട് വിട പറഞ്ഞ് കൊണ്ടവര്‍ നടന്ന് നീങ്ങവേ അവള്‍ വിളിച്ച് ചോദിച്ചു.
"ചേച്ചീടെ പേര് പറഞ്ഞില്ല."
അവര്‍ തിരിഞ്ഞ് നിന്ന് അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു.
"നന്ദിത... നന്ദിത മേനോന്‍!"
അവര്‍ തിരിഞ്ഞു നടന്നു.
വരണ്ട മനസ്സുകളില്‍ നിന്ന് പുറത്തേക്ക് വരാനാകാതെ വാക്കുകള്‍ വിമ്മിഷ്ടപ്പെട്ടു നില്‍ക്കെ അവര്‍ അയാള്‍ക്കരികിലേക്ക് നീങ്ങി, ആ പാറപ്പുറത്തിരുന്നു. അയാളിലേക്ക് ചേര്‍ന്നിരിക്കുമ്പോള്‍ അവരില്‍ പ്രസന്നഭാവം തിരികെ വന്നത് പോലെ. അയാളുടെ തളര്‍ന്ന ശരീരത്തിലേക്ക് അവര്‍ തല ചായ്ച്ചു. കിഴക്കിന്റെ തെളിച്ചം പതുക്കെ കൂടുന്നുണ്ടായിരുന്നു.
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ പൂത്ത പോലെ, ചെമ്പകത്തിന്റെ സുഗന്ധം കടല്‍ക്കാറ്റില്‍ നിറഞ്ഞു.
നഷ്ടസ്മൃതികളുടെ വര്‍ണ്ണപ്പൊട്ടുകള്‍ കലര്‍ന്ന കന്യാകുമാരിയിലെ മണല്‍പ്പരപ്പിലൂടെ കയറി വന്ന കടല്‍ അവരുടെ കാലുകള്‍ തടവവെ, ആര്‍ത്തലച്ചടിക്കുന്ന തിരമാലകളുടെ ഉപ്പുരസം അവളറിഞ്ഞു.
തന്റെ നെഞ്ചിലെ ഭാരം കുറയുന്നതായ് ജലജയ്ക്ക് തോന്നി.
ജനലഴികള്‍ക്കിടയിലൂടെ വന്ന തണുത്ത കാറ്റിന്റെ തലോടലില്‍ അവള്‍ പതുക്കെ ഉണര്‍ന്നു. ഉദയാസ്തമയങ്ങള്‍ക്കിടയില്‍ നിലയ്ക്കാതെ തുടരുന്ന തിരയുടെയും തീരത്തിന്റെയും പ്രണയഭാവം മുഴുവനാവാഹിച്ച പോലെയുള്ള ആ സ്വരം അവളുടെ കാതുകളില്‍ മുഴങ്ങി.
"ഹലോ..."
"ഹലോ..."
ഹിന്ദുസ്ഥാനിരാഗത്തിന്റെ ആരോഹണാവരോഹണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ആ സംബോധന.
തിരമാലകളുടെ ഇരമ്പലിനൊടുവില്‍ പ്രളയമേഘങ്ങളോട് അനുഗ്രഹവര്‍ഷം പൊഴിയുവാന്‍ അപേക്ഷിക്കുന്ന ഗാനമുയരവെ, ‘മേഘമല്‍ഹാറിന്റെ‘ അവസാനടൈറ്റിലുകള്‍ ടി.വി.യില്‍ തെളിഞ്ഞു.
ബോധത്തിന്റെയും അബോധത്തിന്റെയും അവസ്ഥാന്തരങ്ങള്‍ക്കിടയില്‍ ‘മേഘമല്‍ഹാര്‍‘ തീര്‍ത്ത സ്വപ്നശകലങ്ങളില്‍ നിന്നുണരുവാന്‍ വിസ്സമ്മതിച്ച് കൊണ്ട് ജലജ കട്ടിലില്‍ മലര്‍ന്നു കിടന്നു. പുറത്ത്, പ്രതലം മറയ്ക്കുന്ന ഗഹനതയില്‍ മുത്തും പവിഴവും നിറച്ച കടല്‍, സമാഗമത്തിന്റെ ആഹ്ലാദവും വേര്‍പ്പാടിന്റെ വേദനയും നിറഞ്ഞ തനിയാവര്‍ത്തനം തുടര്‍ന്നു.
തന്റെ മനസ്സ് എന്നത്തേക്കാളുമേറെ ശാന്തമായെന്ന് ജലജയ്ക്ക് തോന്നി. കണ്ണനെ മനസ്സിലോര്‍ക്കാന്‍ അവള്‍ ശ്രമിച്ചു. അറിയാതെ ചന്ദ്രേട്ടനും രവിയും ഓര്‍മ്മയില്‍ തെളിയുന്നു. അവള്‍ മന്ദഹസിച്ചു. എന്നീട്ട് പതിയെ മനസ്സിലുരുവിട്ടു.
"നിന്നെ പ്രണയിക്കാതിരിക്കാനാകുന്നില്ല എന്നത് എന്റെ ദൌര്‍ബല്യമെങ്കില്‍, ആ ദൌര്‍ബല്യത്തെ ഞാനും പ്രണയിക്കുന്നു-മൌനമായ് !"
--------------------------------------------------------------------------------------------------
* കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന മലയാളചലച്ചിത്രത്തിലെ നായകകഥാപാത്രങ്ങള്‍.
Friday, August 24, 2007
ഓണചിന്ത
ഇക്കുറിയോണമൊടുങ്ങുമ്പോള്‍
പൂക്കളമെല്ലാമൊഴിയുമ്പോള്‍
കാക്കുക നെഞ്ചിനകത്തളത്തില്‍
വാടാതെ നില്‍ക്കുമൊരോണപ്പൂവ് !!!
- ദൃശ്യന്‍