(വെറുതെ ഒരു പോസ്റ്റ്)
ചെങ്കടലില്‍ കുളിച്ചു കുട്ടപ്പനായ് ദിനകരന്‍ വന്നതറിയാതെ, വീക്കെന്റുകളുടെ മാനം കളയരുതെന്നു നിര്‍ബന്ധബുദ്ധിയുള്ള അവന്‍, തന്റെ പ്രേമസര്‍വ്വസ്വത്തെ സ്വപ്നം കണ്ട്, ചിരിച്ചു കൊണ്ട്, കമ്പിളിപുതപ്പിനുള്ളിലെ സുഖമുള്ള ചൂടില്‍ മയങ്ങുകയായിരുന്നു. പുലരും വരെയുള്ള ശീട്ടുകളിയെ കുറിച്ചുള്ള ദു:സ്വപ്നങ്ങള്‍ അലട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചു തീര്‍ന്നില്ല, അപ്പോഴേക്കും ഉറങ്ങുന്നവരുടെ(യും) നിത്യശത്രുവായ ക്ഷുദ്രജീവി ചിലച്ചു തുടങ്ങി. ഒരു കൈ മാത്രം കമ്പിളിക്കു പുറത്തേക്ക് നീട്ടി കൊണ്ട് അവനെയെടുത്തു.
“ഹലോ...”
കഴിഞ്ഞ എട്ട് കൊല്ലമായ് കര്‍ണ്ണങ്ങള്‍ക്കമൃതായ ആ ശബ്ദം, മൈലുകള്‍ക്കപ്പുറത്തു നിന്നു തുടങ്ങി ഏതെല്ലാമോ ചാലകങ്ങളിലൂടെ തുടര്‍ന്ന തന്റെ യാത്ര, അവന്റെ കാതുകളില്‍ അവസാനിപ്പിച്ചു. ഉടനെ അടഞ്ഞ് തന്നെ കിടന്നിരുന്ന കണ്ണുകള്‍, സീറോ വാള്‍ട്ട് ബള്‍ബില്‍ ഹൈ-വോള്‍ട്ടേജ് കടന്നാലെന്ന പോലെ തുറന്നു.
“പറ മോളൂ...”
“പുന്നാരം വേണ്ടാ... ഇന്നലെ ഷോപ്പിങ്ങ് വല്ലതും നടത്തിയോ എന്ന് ആദ്യം പറ?”
അവന്റെ നാവില്‍ നിന്ന് ഉടനെ താളത്തില്‍ വന്നു ഒരു സംഗതി (നിമിഷകവി ആയാലുള്ള ഒരു ഗുണമേ) :
“ഇവിടുത്തെ പണി തീര്‍ത്ത് മേയിലോ ജൂണിലോ
വജ്രം പതിച്ചൊരു മാലയും മുല്ലപ്പൂ-
മണമുള്ള അത്തറും ഓവനും മേത്തിട്ടാ-
ലിക്കിളി കൂട്ടുന്ന ഡ്രസ്സുമായ് ഞാന്‍ വരും
നമ്മുടെ പ്രണയം തളിര്‍ത്തൊരാ കാലത്തായ്
ഒന്നിച്ചു പാടിയ പാട്ടുകള്‍ മൊത്തത്തില്‍
കേട്ട് കേട്ട് ഓര്‍ത്തോര്‍ത്തിരിക്കുവാനായൊരു
ഓഡിയോ സിസ്റ്റവും കൊണ്ട് ഞാന്‍ വന്നിടും
* അഞ്ചിലും പിന്നൊയോരൊന്നിലും കൂടിയായ്
നിര്‍ത്താതെ ഗാനങ്ങള്‍ പാടുന്നൊരാ കൊച്ചു-
കുന്ത്രാണ്ടം വായുവില്‍ വീഴാതെ നിര്‍ത്തുവാന്‍
മൊഞ്ചുള്ള അഞ്ചാറു കൂടുകള്‍ പണിയുവാന്‍
ആശാരിയോടു നീ തഞ്ചത്തില്‍ ചൊല്ലണം
* 5.1 music system
മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീ
പലവകചില്ലറ ജംഗമവസ്തുകള്‍ തന്നുടെ
ഡീറ്റൈല്‍സും ചോദിച്ചു പാവം നിന്‍റ്റച്ഛന്‍റ്റെ
ഐ.എസ്.ഡി കാശൂടെ വെറുതെ കളയണ്ട.“
“മനസ്സിലായോടീ പോത്തെ” എന്നു കൂടി ചേര്‍ത്ത് പറഞ്ഞു കൊണ്ട് അവന്‍ ഫോണ്‍ വെച്ചു, ധൃതിയില്‍ കൂടണഞ്ഞു.
വാല്‍കഷ്ണം:
‘ഇന്നല്ലെങ്കില്‍ നാളെ ഇതിനു തക്ക മറുപടി കിട്ടാതിരിക്കില്ല‘ എന്നോര്‍ക്കാതെ അവന്‍ കൂര്‍ക്കംവലി ഉച്ഛസ്ഥായിയില്‍ തുടര്‍ന്നപ്പോള്‍, “മുന്‍പ് അവന്റെ കീശയിലും, പക്ഷെ ഇപ്പോള്‍ എന്റെ കീശയിലുമായ ദിനാറുകള്‍“ കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന എന്റെ ചിന്ത തുടര്‍ന്ന്, ഞാനും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
Saturday, March 10, 2007
അക്കരെ നിന്നൊരു ഫോണ്‍വിളി
Monday, March 05, 2007
യഹൂൂൂൂ.... ഞാനും പ്രതിഷേധിച്ചൂ...
യാഹൂവിന്‍റ്റെ ചോരണമാരണത്തില്‍ പ്രതിഷേധം.http://kariveppila.blogspot.com/2007/03/protest-against-plagiarisation-of-yahoo.html
(ലോഗോ- കടപ്പാട് - ഹരീ)
കഥ ഇതു വരെ
Tuesday, February 20, 2007
അറിവിന്‍ പ്രകാശം
തിരയുന്നു ഞാന്‍ നിന്നെ വാചകക്കൂട്ടത്തില്‍
പൊരുളിന്റെ പൊരുളൂറും അക്ഷരക്കൂട്ടത്തില്‍
ഇരുളില്‍, എന്നേകാന്തവഴികളില്‍ നിന്നുടെ
ഭാവനാമണിനാളം തെളിയ്ക്കുവാനായില്ലേ?
എത്രയോ ഗ്രന്ഥങ്ങളതിലെത്രയോ താളുകള്‍
എത്രയോ ചിന്തകള,തുതിര്‍ക്കും തരംഗങ്ങള്‍
ക്ഷരമാകാ വേദത്തിന്‍ സത്താകും ഋക്കുകളിന്‍
ജ്ഞാനേ വിചാരേ പൊലിയും മനസ്സുകള്‍
ഇനിയെത്രയായിരം മന്വന്തരങ്ങള്‍ ഞാന്‍
അലയേണ്ടു ബഹുദൂരമീ തീരാവഴികളില്‍
നിന്നെയും തേടി നിന്നാലയം തേടി,യെന്‍
ആത്മാവില്‍ നിറയുന്ന അറിവിന്‍ പ്രകാശമേ!!!
Monday, February 19, 2007
പ്രവാസം കൊതിച്ചവന്‍
Click here to download the PDF version of this post ഒഴിഞ്ഞ മദ്യക്കുപ്പികളുടെ മുന്നില്‍, ഉറക്കം മയങ്ങി കിടക്കുന്ന കണ്ണുകളും, തീരുമാനത്തിലെത്താനാവാത്ത കുറെയേറെ ചിന്തകളുള്ള മനസ്സുമായ്, ബോംബെയിലെ ഗലികള്‍ക്കുള്ളിലുള്ള ഒരു ഗലിയിലെ ആ ഹോട്ടല്‍മുറിയില്‍ അവരിരുന്നു.
“ആരാണീ അവര്‍?
പിസാഹട്ടിലെ ഒരു കോര്‍ണര്‍ടേബിളില്‍ നരന്റെ അരികില്‍ ഇരിക്കുകയായിരുന്ന സായ ചോദിച്ചു.
“കേരളത്തിലെ ഒരു വടക്കന്‍ജില്ലയില്‍ നിന്നുള്ളവരായിരുന്നു അവര്‍ മൂന്നു പേര്‍. ഒരേ നാട്ടുകാര്‍. -- യുടെ തടിമില്ലില്‍ ഒരുമിച്ചു പണി ചെയ്തവര്‍. ഇപ്പോള്‍ഗള്‍ഫിലേക്ക് പോകാനായ് ബോംബെയിലെത്തിയവര്‍.”
“ഓകെ. എന്താ അവരുടെ പേര്?”
“പേര്... പേര് വേണമെന്നു നിര്‍ബന്ധമാണെങ്കില്‍അവരെ നമുക്ക് തല്‍ക്കാലം ‘അ’, ‘ഇ’, ‘ഉ’ എന്ന് വിളിക്കാം.“
“ങ്‌ഹും....ശരി.. എന്നീട്ട്...”
ഇത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കാത്ത മദ്യത്തിന്റെ ഷണ്ഡത്തത്തെ കുറിച്ചായിരുന്നു ‘അ’ ചിന്തിച്ചത്. നികുതിദായകരുടെ പോക്കറ്റ് കാലിയാക്കുന്ന ഇത്തരം മദ്യം നിറുത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തുടങ്ങിയ ചിന്ത, ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയാലുടനെ നാട്ടിലെ ക്ലബ് മുഖേന സ്ഥലം എമ്മെല്ലേയ്ക്ക് കൊടുക്കേണ്ട നിവേദനത്തിന്റെ കരടുരേഖയിലെത്തി നില്‍ക്കുമ്പോളാണ് ‘ഇ’ ചോദിച്ചത്.
“അപ്പോ എന്താ നമ്മുടെ തീരുമാനം?”
സ്വതേ മൌനിയും, കള്ള് - അതെന്തു നിറത്തിലും മണത്തിലും ഗുണത്തിലുമായാലും - കുടിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ മൌനിയാകുന്ന ‘ഉ’, കണ്ണ് മിഴിച്ച് ‘ഇ’യെ നോക്കി. മറ്റുള്ളവരില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാഞ്ഞതിനാല്‍‘ഇ’ തുടര്‍ന്നു.
“നമ്മളിങ്ങനെ ഒന്നും മിണ്ടാതെയിരുന്നിട്ട് കാര്യമില്ല. സമയം പുലരാറായി. എന്തെങ്കിലും തീരുമാനം എടുത്തേ പറ്റൂ?”
വീണ്ടും ആരും പ്രതികരിച്ചില്ല. ഒഴിഞ്ഞ മദ്യക്കുപ്പി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന ‘അ’യെ നോക്കി ‘ഇ’ ചോദിച്ചു.
“......, നീയെന്തു പറയുന്നു? നിനക്ക് .... നിനക്ക് കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലല്ലോ?”
‘അ’ കുപ്പിയില്‍നിന്നു തലയുയര്‍ത്തി ‘ഇ’യെ നോക്കി. അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ആത്മാവിലെന്തോ ആവേശിച്ചത് പോലെ, കുപ്പി ഉറക്കെ നിലത്ത് അടിച്ചുടച്ച് കൊണ്ട് അവന്‍അലറി.
“പിന്നെ എന്റെ പെങ്ങന്മാരെ നീ കെട്ടിച്ചു വിടുമോടാ....?
‘ഇ’ ഒന്നും മിണ്ടിയില്ല. നിലത്തു വീണ കുപ്പിച്ചില്ലുകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട്, ഒന്നും മിണ്ടാതെ ‘ഉ’ ഇരുന്നു.
അസുഖകരമായ മൌനം അവര്‍ക്കിടയില്‍വിറങ്ങലടിച്ചു നിന്നു.
‘ഇ’ നിലത്ത് നിന്നെഴുന്നേറ്റ് കട്ടിലിലേക്കിരുന്നു. തമ്മില്‍ തമ്മില്‍ നോക്കാനാവാതെ നിലത്തിരിക്കുന്ന ‘അ’യെയും ‘ഉ’നെയും നോക്കി.
ഇനിയും മൌനമവലംബിച്ചിട്ട് കാര്യമില്ലെന്ന് ‘ഇ’യ്ക്ക് തോന്നി. ‘ഇ’യുടെ നോട്ടം തന്നിലേക്കാണ് നീളുന്നതെന്ന് മനസ്സിലാക്കിയ ‘ഉ’ പറഞ്ഞു.
“എന്നോട് ചോദിക്കണ്ട. വീട്ടുകാരറിയാതെ വീടിന്റെ ആധാരം പണയം വെച്ചത് പോരാഞ്ഞ് ഭാര്യേടേം മക്കള്‍ടേം മേത്തെ ലാസ്റ്റ് തരി പൊന്നു പോലും വിറ്റാ ഇത്രയും ....... എനിയ്ക്കാവില്ലാ...“
‘ഉ’ ദയനീയതയോടെ ‘ഇ’യെ നോക്കി. ആ നോട്ടം താങ്ങാനാവാതെ ‘ഇ’ പറഞ്ഞു.
“പിന്നെ നമ്മളെന്തു ചെയ്യും??? ആകെ രണ്ടു വിസയേ ശരിയാക്കാനാവൂ എന്ന് ആ ഏജന്റ് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? നമ്മളിലൊരാള്‍ഒഴിഞ്ഞേ പറ്റൂ...!!!“
ആ ഒരാള്‍ ആരെന്ന ചോദ്യത്തോടെ അവന അവര്‍ രണ്ട് പേരെ നോക്കി, അവര തിരിച്ച് അവനേയും! അവരെ രണ്ട് പേരെയും നോക്കാതെ, ഒഴിഞ്ഞ ഒരു സോഡാക്കുപ്പി ഉരുട്ടി കളിച്ചു കൊണ്ട് ‘അ’ നിലത്തിരുന്നു.
പരസ്പരം ഒരു വാക്കുമുരിയാടാന്‍ ധൈര്യമില്ലാതെ അവര്‍ ആ ഹോട്ടല്‍മുറിയിലെ പുഴുങ്ങുന്ന ചൂടില്‍ഇരുന്നു.
‘ഇ’ പറഞ്ഞു. ആരും മറുമൊഴി നല്‍കിയില്ല.
“എനിക്ക് വല്ലതും കഴിക്കണം... ആരെങ്കിലും വരുന്നോ?”
വീണ്ടും മറുപടി ഒന്നും കാണാഞ്ഞതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ് അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.
കഴിക്കണമെന്നു പറഞ്ഞു പുറത്തേക്കിറങ്ങിയെങ്കിലും, ‘ഇ’ നേരെ നടന്നത് ഗലിക്കപ്പുറത്തുള്ള കടല്‍ക്കരയിലേക്കായിരുന്നു. തുടരെ തുടരെയുയര്‍ന്നു വന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ചിതറിക്കിടക്കുന്ന ചിന്തകള്‍ക്കിടയില്‍ തിരഞ്ഞു കൊണ്ട്, ഒരിക്കലും ശാന്തമാകാത്ത ആ കടല്‍ക്കരയില്‍ അശാന്തമായ മനസ്സുമായ് ‘ഇ’ കിടന്നു.
നിമിഷങ്ങള്‍ മണിക്കൂറുകളായി. ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് ‘ഇ’ എഴുന്നേറ്റു. കൂട്ടുകാരാണ്. വിശപ്പ് കൂടിയപ്പോള്‍ എണീറ്റതാവും. തന്നെ കണ്ടപ്പോള്‍ അവര്‍ അവിടെ തന്നെ നിന്നു. പിന്നെ അരികിലുള്ള മതിലിന്നരികിലേക്ക് മാറി നിന്നു. അതു കണ്ടപ്പോള്‍ ‘ഇ’യ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നി. അല്ലെങ്കിലും ഇതു മലയാളികളുടെ ഒരു വര്‍ഗ്ഗസ്വഭാവമാണെന്ന് ‘ഇ’ ഓര്‍ത്തു. ഒരുത്തന്‍ കര്‍മ്മപരിപാടിയില്‍ മുഴുകുന്നത് കണ്ടാല്‍ മതി, കാണുന്നവനും ഉടനെ വരും ശങ്ക! എഴുന്നേറ്റ് നിന്ന് ഒരു മറയ്ക്കായ് നോക്കി. അടുത്തൊന്നും കാണാഞ്ഞതിനാല്‍ കടലിലേക്കൊഴുക്കാം എന്നു കരുതി.
രാവിലെ ഒന്നു കൂടി ഏജന്റിനെ കാണാന്‍പോകാം. കാലില്‍ വീണാലും വേണ്ടില്ല, ഒരു വിസ കൂടി എങ്ങനെയെങ്കിലും തരപ്പെടുത്താന്‍ കരഞ്ഞ് പറയണം. അയാള്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല. ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരുമായിരിക്കും.
മുന്നിലുള്ള കടലും കടലിക്കരെയുള്ള കാണാദേശവും നോക്കി അവന്‍നിന്നു.
പൂര്‍വ്വജന്മങ്ങളില്‍നിന്നെന്ന പോലെ ഒരു പ്രഹരം!!! ശരീരത്തില്‍ ഒളിച്ചിരുന്ന എല്ലാ വേദനകളും ഒരുമിച്ച് തലയ്ക്കു പിന്നില്‍ ഒത്തുകൂടിയിരിക്കുന്നു... പ്രജ്ഞയില്‍ തുളച്ചിറങ്ങുന്ന വേദന...
കൂട് വിട്ടു ആഹാരം തേടി പറവകള്‍ ആകാശങ്ങളിലൂടെ പറന്നു പോകുന്നത് കണ്ട് കൊണ്ടവന്‍ കടലിലേക്ക് വീണു... ഒരുപാട് പ്രവാസികളുടെ വ്യഥകളും വൃഥാമോഹങ്ങളും തന്നില്‍ ലയിപ്പിച്ച കടല്‍, അവന്റെ മുറിവിലും ഉപ്പ് പകരാന്‍ തിരകളോട് പറഞ്ഞു. കടലിക്കരെയുള്ള കാണാദേശത്തേക്ക് അവനും രക്തം പുരണ്ടൊരു സോഡാക്കുപ്പിയും യാത്ര തുടങ്ങി..
തിരകള്‍ അവരെ പിന്തുടര്‍ന്നു.
നരന്‍പറഞ്ഞു നിര്‍ത്തി.
തണുത്ത് മരവിച്ച പിസയ്ക്ക് മുന്നില്‍, നുരകളടങ്ങിയ പെപ്സികുപ്പിയും കയ്യില്‍പിടിച്ചിരിക്കുകയായിരുന്ന സായ എഴുന്നേറ്റ് വന്ന് നരന്റെ അടുത്തിരുന്നു. അവന്റെ കയ്യോട് തന്റെ കൈ ചേര്‍ത്ത് വച്ചു.
ആ അസുഖകരമായ മൌനത്തില്‍, അന്തരീക്ഷത്തിലെ ഇളംതണുപ്പില്‍, ദേശങ്ങളുടെ അകലങ്ങള്‍ക്കിടയിലടിക്കുന്ന കടല്‍തിരമാലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത് അവര്‍ ഇരുന്നു. മുന്നിലെ ടി.വി.യില്‍നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വര്‍ണ്ണകാഴ്ചകളില്‍ കണ്ണുകളുടക്കിയപ്പോള്‍, തങ്ങളുടെ മനസ്സുകളിലെ ചൂട് കണ്ണീരായ് പൊഴിഞ്ഞത് അവര്‍അറിഞ്ഞില്ല.
Wednesday, February 14, 2007
പ്രണയഘട്ടങ്ങള്‍

പ്രണയത്തിന്റെ വിവിധഘട്ടങ്ങള്‍ക്കിടയില്‍ പ്രണയം പ്രണയിതാവിന് നല്‍കുന്നത് വ്യത്യസ്ത ചിന്തകളാണ്, ഭാവങ്ങളാണ്. പ്രണയമെന്തെന്ന് മനസ്സിലാക്കാതെ പ്രണയിക്കുന്നവരുടെ, പ്രണയഘട്ടങ്ങളിലെ ചിന്തകള്‍...
Click here to download the PDF version of this post
പ്രണയം: പുലരി
നിനയാത്ത നേരത്തിളനിലാക്കുളിരു പോല്‍
കാണാക്കിനാക്കളെ മെല്ലെയുണര്‍ത്തി നീ
കാലങ്ങള്‍മായ്ക്കാത്ത കരളിന്‍മുറിപ്പാട്
സംഗീതക്കുളിരാലുറക്കി കിടത്തി നീ
നിന്റെ ഹൃത്തിലെയായിരം വര്‍ണ്ണങ്ങള്‍
മോഹത്തിന്നാകാശമാകെ പകര്‍ത്തിടാം
നിന്നുടെ ഭാവങ്ങള്‍ കണ്ണില്‍ നിറച്ചിടാം
നീ വരും നാളുകളെണ്ണി ഞാന്‍ കാത്തിടാം
നിന്‍വിരല്‍തൊട്ടൊരാ വീണതന്‍തന്ത്രിയില്‍
സ്നേഹത്തിന്‍രാഗങ്ങളോരോന്നായ് മീട്ടിടാം
കാത്തു ഞാന്‍നില്‍ക്കിലുമിന്നെന്റെയോമനേ
എന്‍സ്വരം നിന്നെയുണര്‍ത്തുകയില്ലയോ?!
പ്രണയം: നട്ടുച്ച
ഇത്ര നാളുമെന്തേ പറയുവാനായില്ലേ
പറയുവാനുള്ളൊരു നാളുമകന്നു പോയ്
പഠിയാതെ പോയൊരാ പാഠങ്ങളൊക്കെയും
മയങ്ങി കിടക്കട്ടെ മറവിതന്‍മാളത്തില്‍!!
പ്രണയം: സായാഹ്നം
നിന്ദിക്കും നിന്‍മൃദുശബ്ദത്തിന്‍ചൂളയില്‍
നീറി പുകയുന്നു കോപത്താലിന്നു ഞാന്‍
ചേരാതെച്ചേര്‍ത്തൊരാ മോഹത്തിന്‍മുത്തുകള്‍
കോര്‍ത്തഴിഞ്ഞൂഴിത്തന്നാഴത്തിലായിതാ
ഓര്‍ത്തിരിക്കാനരുതാത്തതാം സ്വപ്നങ്ങള്‍
പേര്‍ത്തുവരുമ്പോള്‍മനസ്സേ, വെറുക്ക നീ!!!
പ്രണയം: തനിയാവര്‍ത്തനം, ശുഭം!!!
-------------------------------------------------------------