Wednesday, February 14, 2007

പ്രണയഘട്ടങ്ങള്‍


പ്രണയത്തിന്റെ വിവിധഘട്ടങ്ങള്‍ക്കിടയില്‍ പ്രണയം പ്രണയിതാവിന് നല്‍കുന്നത് വ്യത്യസ്ത ചിന്തകളാണ്, ഭാവങ്ങളാണ്. പ്രണയമെന്തെന്ന് മനസ്സിലാക്കാതെ പ്രണയിക്കുന്നവരുടെ, പ്രണയഘട്ടങ്ങളിലെ ചിന്തകള്‍...

Click here to download the PDF version of this post

പ്രണയം: പുലരി
നിനയാത്ത നേരത്തിളനിലാക്കുളിരു പോല്‍
കാണാക്കിനാക്കളെ മെല്ലെയുണര്‍ത്തി നീ

കാലങ്ങള്‍മായ്ക്കാത്ത കരളിന്‍മുറിപ്പാട്
സംഗീതക്കുളിരാലുറക്കി കിടത്തി നീ

നിന്റെ ഹൃത്തിലെയായിരം വര്‍ണ്ണങ്ങള്‍
മോഹത്തിന്നാകാശമാകെ പകര്‍ത്തിടാം

നിന്നുടെ ഭാവങ്ങള്‍ കണ്ണില്‍ നിറച്ചിടാം

നീ വരും നാളുകളെണ്ണി ഞാന്‍ കാത്തിടാം

നിന്‍വിരല്‍തൊട്ടൊരാ വീണതന്‍തന്ത്രിയില്‍

സ്നേഹത്തിന്‍രാഗങ്ങളോരോന്നായ് മീട്ടിടാം

കാത്തു ഞാന്‍നില്‍ക്കിലുമിന്നെന്റെയോമനേ

എന്‍സ്വരം നിന്നെയുണര്‍ത്തുകയില്ലയോ
?!

പ്രണയം: നട്ടുച്ച
ഇത്ര നാളുമെന്തേ പറയുവാനായില്ലേ
പറയുവാനുള്ളൊരു നാളുമകന്നു പോയ്

പഠിയാതെ പോയൊരാ പാഠങ്ങളൊക്കെയും

മയങ്ങി കിടക്കട്ടെ മറവിതന്‍മാളത്തില്‍!!

പ്രണയം: സായാഹ്നം

നിന്ദിക്കും നിന്‍മൃദുശബ്ദത്തിന്‍ചൂളയില്‍
നീറി പുകയുന്നു കോപത്താലിന്നു ഞാന്‍

ചേരാതെച്ചേര്‍ത്തൊരാ മോഹത്തിന്‍മുത്തുകള്‍

കോര്‍ത്തഴിഞ്ഞൂഴിത്തന്നാഴത്തിലായിതാ

ഓര്‍ത്തിരിക്കാനരുതാത്തതാം സ്വപ്നങ്ങള്‍

പേര്‍ത്തുവരുമ്പോള്‍മനസ്സേ
, വെറുക്ക നീ!!!

പ്രണയം: തനിയാവര്‍ത്തനം, ശുഭം!!!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------

8 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ആ ചിത്രമാ കവിതയേക്കാളും എനിക്കിഷ്ടമായത്...

salil | drishyan said...

പ്രണയം ഒരു വല്ലാത്ത സംഗതിയാണല്ലേ?
സാഹചര്യങ്ങള്‍ നോക്കാതെ, ജീവിതത്തെ കുറിച്ച് ചിന്തിച്ചുണ്ടാക്കിയ സമവാക്യങ്ങള്‍ എല്ലാം തെറ്റിച്ചു കൊണ്ട്, അതു നാമറിയാതെ കടന്നു വരുന്നു. പത്തിനും മുപ്പതിനും അറുപതിനും പ്രണയം നല്‍കുന്ന അനുഭവത്തിന്‍‌റ്റെ മാറ്റിനു മാറ്റമില്ല.
മനസ്സിന്‍‌റ്റെ താളലയങ്ങള്‍ തെറ്റിച്ചു കൊണ്ട് ഒരു കൊടുംകാറ്റ് കണക്കെ വരുന്ന പ്രണയവും, ഹൃദയത്തില്‍ മഞ്ഞുത്തുള്ളിയുറ്റും പോലെയുയരുന്ന പ്രണയവും എല്ലാം നമ്മെ ഒരു പോലെ സന്തോഷിപ്പിക്കുന്നു, വേദനിപ്പിക്കുന്നു.

ഇത്തരത്തില്‍ ചിന്തിച്ചാല്‍ പ്രണയം മരണം പോലെയാണ്.

ഒരു വ്യത്യാസം മാത്രം, പ്രണയത്തില്‍ എണ്ണങ്ങളും ഘട്ടങ്ങളുമാകാം. നമുക്കെത്ര വേണമെങ്കിലും, എത്ര പേരെ വേണമെങ്കിലും പ്രേമിക്കാം, പ്രേമിക്കാതിരിക്കാം.
ഒരു പ്രണയത്തിന്‍‌റ്റെ സായാഹ്നത്തിലൂടെ മറ്റൊരു പ്രണയത്തിന്‍‌റ്റെ പുലരിയിലെത്താം.

ഇത്തരത്തില്‍ ചിന്തിച്ചാല്‍ പ്രണയം പിറവി പോലെയാണ്, ജീവിതം പോലെയാണ്.

പ്രണയം, മരണം പോലെയോ ജീവിതം പോലെയോ?

എന്തായാലും, പ്രണയം ഒരു വല്ലാത്ത സംഗതിയാണല്ലേ.

പ്രണയത്തിന്‍‌റ്റെ വിവിധഘട്ടങ്ങള്‍ക്കിടയില്‍ പ്രണയം പ്രണയിതാവിന് നല്‍കുന്നത് വ്യത്യസ്ത ചിന്തകളാണ്, ഭാവങ്ങളാണ്.
പ്രണയമെന്തെന്ന് മനസ്സിലാക്കാതെ പ്രണയിക്കുന്നവരുടെ, പ്രണയഘട്ടങ്ങളിലെ ചിന്തകള്‍...

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. ഇതു ഒരു ഒന്നൊന്നര പ്രണയമാണല്ലോ.. നമിച്ചിരിക്കുന്നു.. നല്ല ഫ്ലോ ഉണ്ട് വായിക്കാന്‍ ..

salil | drishyan said...

ഇട്ടിമാളൂ.. വന്നതിനും അഭിപ്രായം പറഞ്ഞതിനും പെരുത്ത് നന്ദിട്ടോ....
എന്താണെന്നറിയില്ല, ഞാന്‍ ഡ്രാഫ്റ്റ് ആയി ഇട്ട പോസ്റ്റ് പബ്ലിഷ് ആയി വന്നു. അപ്പോഴാണ് തന്‍‌റ്റെ ആദ്യത്തെ കമന്‍‌റ്റ് വന്നത്. അതു കുറേ കഴിഞ്ഞ് കണ്ടപ്പോഴാ പോസ്റ്റ് ‘പോസ്റ്റായി’ എന്നറിഞ്ഞത്. ചിലപ്പോ ഞാന്‍ എന്തെങ്കിലും ഹിക്കുമത്തൊപ്പിച്ചതാവാനും മതി. പിന്നെ പോസ്റ്റ് ശരിയാക്കാനും സമയം കിട്ടിയില്ല. ഇപ്പോ ‘അറ്റകുറ്റപണികള്‍’ പൂര്‍ണ്ണമായും കഴിഞ്ഞു.

ഏതോ ഒരു ബ്ലോഗ്സുഹൃത്ത് പോസ്റ്റിന്‍‌റ്റെ PDF ഡൌണ്‍ലോഡ് ചെയ്യന്‍ നോക്കിയിട്ട് FAIL ആയി എന്ന ഒരു മെസ്സേജ് എന്‍‌റ്റെ ഇ-മെയിലില്‍ വന്നു. ഇനി ഒന്നു നോക്കുക, ഡൌണ്‍ലോഡ് ആവേണ്ടതാണ്‍.

സസ്നേഹം
ദൃശ്യന്‍

mumsy-മുംസി said...

അടുത്ത ദിവസങ്ങളില്‍ വായിച്ച ഏറ്റവും നല്ല കവിത .
ഇങ്ങനെയൊക്കെ എനിക്കും എഴുതനമെന്നുണ്ട്. പക്ഷെ എന്റെ ശുഷ്കമായ ഭാഷ അതിനനുവദിക്കുന്നില്ല. (പി ഡി എഫ് ഫോര്‍മാറ്റ് കിട്ടിയില്ല.)

Peelikkutty!!!!! said...

പ്രണയം ഒരു വല്ലാത്ത സംഗതിയാണല്ലേ...രാവിലെ..ഉച്ച വൈകുന്നേരം..എന്തായാലും സഗതി കൊള്ളാം:)

sandoz said...

ദ്രിശ്യാ....കവിത വായിച്ചു...എനിക്കൊന്നും മനസ്സിലായില്ല.

ആ 'ഫോട്ടത്തിന്റെ' അടിക്കുറിപ്പിനു വേണമെങ്കില്‍ ഒരു വിയോജനക്കുറിപ്പ്‌ ആകാം.

പ്രണയം വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്കുമല്ലാ....ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുമല്ലാ.......കമ്പ്ലീറ്റ്‌ സമയം ഇരുട്ടില്‍ തന്നയാ..... ആവേശത്തിന്റെ പുറത്ത്‌ ഒരു നൂറു വാട്ടിന്റെ ബള്‍ബൊക്കെ കത്തിച്ച്‌ രസിക്കും....അത്‌ ഫ്യൂസ്‌ ആകുന്നത്‌ വരെ...അല്ലെങ്കില്‍ കറന്റ്‌ പോകുന്നത്‌ വരെ....പിന്നേം തഥൈവ......

salil | drishyan said...

മുംസീ,
അഭിനന്ദനങ്ങള്‍ക്ക് ഒരായിരം നന്ദി. എഴുതാന്‍ തുടങ്ങുമ്പോല്‍ ഭാഷയെ പറ്റി വല്ലാതെ ചിന്തിക്കേണ്ട. എഴുതുക, വീണ്ടും എഴുതുക, എഴുതിയെഴുതി തെളിയുക. പി ഡി എഫ് ഫോര്‍മാറ്റ് ഇപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കൂ, കിട്ടേണ്ടതാണ്.

പീലിക്കുട്ട്യേ, താങ്ക്സുണ്ട്ട്ടോ.... :-)

സാന്‍ഡോസേ, അതു താന്‍ ശരിക്കും പറഞ്ഞതാണോ? ഇതില്‍ മനസ്സിലാവാത്തതായ് എന്താണുള്ളത്? താന്‍ പറഞ്ഞത് തന്നെയേ ഞാനും പറഞ്ഞുള്ളൂട്ടോ.

“ആവേശത്തിന്റെ പുറത്ത്‌ ഒരു നൂറു വാട്ടിന്റെ ബള്‍ബൊക്കെ കത്തിച്ച്‌ രസിക്കും“ - ഞാന്‍ പറഞ്ഞ പ്രണയത്തിന്‍‌റ്റെ പുലരി
“..കറന്റ്‌ പോകുന്നത്‌ വരെ“ - ഞാന്‍ പറഞ്ഞ പ്രണയത്തിന്‍‌റ്റെ സായാഹ്നം
ഇതിനിടയ്ക്കുള്ള ‘പ്രണയത്തിന്‍‌റ്റെ നട്ടുച്ച‘യില്‍ എല്ലാ ഭാവങ്ങളും ഉച്ചസ്ഥായിയിലായിരിക്കും.
“പിന്നേം തഥൈവ..“ - ഞാന്‍ സൂചിപ്പിച്ച തനിയാവര്‍ത്തനം.

ഇത്രയേ ഞാനും പറഞ്ഞുള്ളൂട്ടോ...

വന്നു, വായിച്ച് കമന്‍‌റ്റാതെ പോയ എല്ലാവര്‍ക്കും നന്ദി.

സസ്നേഹം
ദൃശ്യന്‍