Tuesday, August 07, 2007

ക്രെഡിറ്റ് കാര്‍ഡ്

"ബാംഗ്ലൂരെത്ത്യാ മോനേ?"
കല്പറ്റയില്‍ നിന്നാണ് അയാള്‍ കയറിയത്. കോറത്തുണി കൊണ്ടുണ്ടാക്കിയ വീര്‍ത്തു നില്‍ക്കുന്ന മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടും, തിരുമ്പിയിട്ട് കാലങ്ങളായ് എന്ന് വിളിച്ചോതുന്ന അഴുക്കുവസ്ത്രങ്ങളുമായ് അയാള്‍. അലസമായ് കിടക്കുന്ന, ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്കൂര്‍ന്നു കിടക്കുന്നു. ക്ഷൌരക്കത്തി മറന്നു പോയ മുഖരോമങ്ങള്‍. കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകള്‍ ചടച്ച ആ ശരീരത്തിന്റെ ഭാഗമേ അല്ല എന്ന് തോന്നിപ്പിച്ചു. ബസ്സിലെ മറ്റു വൃത്തിയുള്ള ശരീരങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് കൊണ്ട് അയാള്‍ക്ക് ചുറ്റും പഴകിയ വിയര്‍പ്പു നാറ്റം തളം കെട്ടി നിന്നു. അയാള്‍ ബസ്സില്‍ കയറി, തന്റെ സീറ്റിന്റെ അടുത്തുള്ള കമ്പികാലില്‍ ചാരി നിന്ന മുതല്‍ നഷ്ടമായ ഉറക്കം തിരിച്ചു പിടിക്കാന്‍ റാള്‍ഫ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ആ ചോദ്യം വന്നത്. അവന്‍ തെല്ലരിശത്തോടെ പറഞ്ഞു.
"ഇനിയുമൊരുപാട് സമയം എടുക്കും."
ബസ്സിനു മുന്നിലെ ചില്ലിലൂടെ കാണുന്ന അകലങ്ങളിലേക്ക് നോട്ടം പായിച്ചു കൊണ്ടയാള്‍ കമ്പിക്കാലില്‍ ചാരി നിലത്തേക്കിരുന്നു.
"ഓ... മതി. ഇനി തിരക്കില്ല."

Click here to download the PDF version of this post

റാള്‍ഫ് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും മായാതെ നില്‍ക്കുന്ന വെളിച്ചത്തെയും ലൈറ്റണയ്ക്കാത്ത ഡ്രൈവറെയും അവന്‍ ശപിച്ചു. പ്രൈവറ്റ് ബസ്സില്‍ സീറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ വണ്ടിയില്‍ കയറേണ്ടി വന്ന - എം.ബി.എ. കഴിഞ്ഞ തനിക്കു വെറുമൊരു മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ ജോലി തന്ന - തന്റെ ദൌര്‍ഭാഗ്യത്തെ പഴിച്ചു കൊണ്ട്, നല്ലതെന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഈ മാസത്തെ ടാര്‍ഗറ്റ് ലഭിക്കാത്തതിന് നാളെ ഏരിയാമാനേജറുടെ കയ്യില്‍ നിന്നും കിട്ടാന്‍ പോകുന്ന തെറികളുടെ വൈവിധ്യത്തെയും, തന്നെ കാണുമ്പോള്‍ മുഖം കറുക്കുകയും വഴി മാറി നടക്കുകയും ചെയ്യുന്ന നൂറുകണക്കിന് വരുംകാല കസ്‌റ്റമേഴ്സിനെയും അവന്‍ മറക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ മാസം വിറ്റു തീര്‍ന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തനിക്ക് സമ്മാനിച്ച കമ്മീഷന്‍ തുകയെ കുറിച്ചുള്ള ചിന്ത അവന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ത്തി.

ഒന്നുറക്കം പിടിച്ചു വന്നപ്പോഴേക്കും വണ്ടി ഒന്നു കുലുങ്ങിച്ചാടി. ഒരു വളവും തിരിഞ്ഞ് സഡണ്‍‌ബ്രേക്കിട്ട് നിന്നു.
"ബത്തേരി... ബത്തേരി... പത്ത് മിനിറ്റ് താമസമുണ്ട്. ചായ കുടിക്കേണ്ടവര്‍ക്ക് കുടിക്കാം. മൂത്രമൊഴിക്കേണ്ട‌വര്‍ക്ക് അതാവാം."
ചിലര്‍ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നീങ്ങി തുടങ്ങി. ഉറക്കം മുടങ്ങിയതിലുള്ള നീരസം പ്രകടമാക്കിയ മറ്റു ദേഹങ്ങള്‍ അനങ്ങിയില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് അവനിരിരുന്നു.
"ബാംഗ്ലൂരെത്ത്യാ മോനേ?"
എല്ലാ അസ്വാസ്ഥ്യങ്ങള്‍ക്കുമിടയില്‍ അയാള്‍ അതേ ചോദ്യവും കൊണ്ട് ഒരിക്കല്‍ കൂടി വന്നിരിക്കുന്നു. റാള്‍ഫ് അയാളെ രൂക്ഷമായ് നോക്കി.
"ബാംഗ്ലൂരെത്ത്യാ മോനേ?"
വീണ്ടും അതേ ചോദ്യം.
"ഇല്ല!!!"
കടുപ്പിച്ച് പറഞ്ഞു കൊണ്ട് അവന്‍ എഴുന്നേറ്റു.
"ഓ... മതി. ഇനി തിരക്കില്ല." അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു. കറ വീണ പല്ലുകളും കവിളൊട്ടിയ മുഖവും ആ ശ്രമത്തെ പിന്തുണച്ചില്ല.


"ഒരു കാപ്പി."
"കടി വല്ലതും വേണോ."
"വേണ്ട."
അകലെയല്ലാതെ കാണുന്ന ഇരുട്ട് പിടിച്ച കാടും, ഒരിക്കലുമുറങ്ങാത്തവയെന്ന് അവന് തോന്നിയ ചീവീടുകളുടെ മൂളലും, മെല്ലെ വീശുന്ന കാറ്റിന്റെ തണുപ്പ് ശരീരത്തിലേക്കടിച്ച് കയറുമ്പോള്‍ ഉള്ളിലൂടെയിറങ്ങുന്ന ചുക്കുകാപ്പിയുടെ ചൂടും സ്വാദും ! ഊതിയൂതി ആസ്വദിച്ചു കൊണ്ടവന്‍ കാപ്പി കുടിച്ചു.
മൂത്രപ്പുരയുടെ അടുത്തെത്തിയപ്പോള്‍ മൂക്കിലേക്കടിച്ച രൂക്ഷഗന്ധം, തല്‍ക്കാലം കാര്യം സാധിക്കേണ്ട എന്ന് തീരുമാനത്തിലെത്തിച്ചു. തിരിച്ച് ബസ്സില്‍ കയറി. ഭാഗ്യം! അയാളെ കാണുന്നില്ല. വരാതിരുന്നാല്‍ മതിയായിരുന്നു, ശവം! അവന്‍ ഉറങ്ങാനുള്ള വട്ടം കൂട്ടി.


"ഡോ കിഴവാ, ഇവിടെ കിടക്കാന്‍ പറ്റില്ല."
ഡ്രൈവറുടെ ആക്രോശം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. മനസ്സില്ലാമനസ്സോടെ തലയുയര്‍ത്തി നോക്കി. അയാള്‍ ബോണറ്റിനരികില്‍ കിടക്കുകയാണ്.
"തന്നോടല്ലേടോ പറഞ്ഞത്. ഇവിടെ കിടക്കാന്‍ പാടില്ല. വന്നേ വന്നേ, ഏണീറ്റേ അവിട്‌ന്ന്..."
കണ്ടക്ടറും രംഗത്തെത്തി. കിഴവന്‍ എണീക്കാന്‍ ഭാവമില്ല.
"ശ്ശെടാ, ഇത് വലിയ ശല്യമായല്ലോ. എടോ, എണീക്കെടോ."
"ഞാനിവ്‌ടെ കെടന്നാലെന്താ സാറേ?"
"ഇവ്‌ടെ ഇങ്ങനെ കെടന്നുറങ്ങാന്‍ പറ്റില്ല. അതോണ്ട് ഡ്രൈവര്‍ക്കാ ബുദ്ധിമുട്ട്.". കണ്ടക്ടര്‍ വിശദീകരിച്ചു.
"അത് ശരിയാ. നിങ്ങള്‍ ഉറങ്ങുന്നത് കണ്ടാല്‍ അയാള്‍ക്കും ഉറക്കം വരില്ലേ?"
ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തും തങ്ങളുടെ ജീവനെ തന്നെ ബാധിക്കാം എന്ന തിരിച്ചറിവുണ്ടായ ഒരു യാത്രക്കാരന്‍ വേഗത്തില്‍ ഇടപെട്ടു.
"അതിന് ഞാനുറങ്ങണില്ല സാറെ. എനിക്കുറക്കല്ല്യാണ്ടായിട്ട് ദെവസം കൊറ്യായി."
അയാള്‍ മെല്ലെ എഴുന്നേറ്റിരിന്നു. അത് ഡ്രൈവര്‍ക്ക് ബോധിച്ചില്ലെന്ന് തോന്നുന്നു. അയാള്‍ വണ്ടിയെടുക്കാനുള്ള ഭാവമില്ല.
"കക്ഷി നല്ല വെള്ളത്തിലാണോ?"
അടുത്ത സീറ്റിലെ യാത്രകാരനന്റെ വക അന്വേഷണം. റാള്‍ഫിന്റെ ക്ഷമ നശിച്ചു. ഈ നാശം കയറിയ മുതല്‍ക്ക് മെനക്കേടാ.
"അങ്ങോരവിടെ ഇരുന്നോട്ടെ. ഇങ്ങക്കെന്താ ചേതം? പോവാന്‍ നോക്ക് സാറേ. ഇപ്പഴേ വൈകി."
മുന്‍‌സീറ്റിലെ ചില യാത്രക്കാരും അതേറ്റ് പിടിച്ചെന്ന് തോന്നുന്നു. വണ്ടി സ്റ്റാര്‍ട്ടായി.
കണ്ണുകള്‍ അടയ്ക്കുമ്പോള്‍, അയാള്‍ തന്നെ നോക്കി നന്ദിപൂര്‍വ്വം ചിരിക്കുകയാണെന്ന് അവന്‍ മനസ്സിലാക്കി. ബസ്സ് വേച്ച് വേച്ച് നീങ്ങി തുടങ്ങി.


ഒരു ബഹളം കേട്ടാണ് അവന്‍ ഉണര്‍ന്നത്. ബസ്സിന്റെ മുന്നില്‍ നിന്നാണ് ശബ്ദഘോഷം.
"ങ്ങളോടല്ലേന്ന് മിണ്ടാതിരിക്കാന്‍ പറഞ്ഞത്.". ഡ്രൈവറുടെ ശബ്ദം അവന്‍ മയക്കത്തിനിടയില്‍ തിരിച്ചറിഞ്ഞു.
"ഒന്ന് പറ മോനെ, ബാംഗ്ലൂരെത്ത്യാ?"
"ഇതിപ്പോ നാലാമത്തെ പ്രാവശ്യാ ഞാന്‍ പറേണത്... എത്ത്യാ ഞാന്‍ പറ്യേലെ?"
"പൊടിയ്ക്കിത്തിരി വട്ടുണ്ടെന്നാ തോന്നുന്നേ."
കൂട്ടത്തില്‍ നിന്നൊരു അശരീരി ശബ്ദം. മുരണ്ട് കൊണ്ട് ബസ്സ് അതിവേഗം സഞ്ചാരം തുടര്‍ന്നു.


"ബാംഗ്ലൂര്‍... ബാംഗ്ലൂര്‍...ലാസ്റ്റ് സ്റ്റോപ്പ്... എല്ലാരും എറങ്ങ്വാ..."
ആദ്യമേ എണീറ്റ ആളുകള്‍ ധൃതിയില്‍ തങ്ങളുടെ ബാഗുകളും പെട്ടികളും എടുത്ത് തുടങ്ങി. ഉറക്കമുണര്‍ന്ന ആളുകള്‍ തങ്ങളുടെ ഊഴം കാത്ത് സീറ്റില്‍ തന്നെ ഇരുന്നു. വേറെ ചിലര്‍ തിടുക്കം കാട്ടി തിക്കും തിരക്കും തുടങ്ങി. പുറത്ത് യാത്രക്കാരെ ക്ഷണിച്ച് കൊണ്ട് ഓട്ടോക്കാരും ടാക്സിക്കാരും, മലയാളം കലര്‍ന്ന കന്നഡത്തില്‍ ബഹളം കൂട്ടി. അലങ്കോലമായ് കിടന്ന തലമുടി ചീകി കൊണ്ട് റാള്‍ഫ് എണീറ്റു.
മണി അഞ്ചരയായതേയുള്ളൂ. ബസ്സ് വരാന്‍ ആറു മണിയെങ്കിലുമാകും. നല്ല തണുപ്പ്. സിറ്റി ബസ്സ്‌സ്റ്റാണ്ടിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍ നിന്ന് കൊണ്ട് അവനൊരു സിഗററ്റിന് തീ കൊളുത്തി.. കഴുത്തിന് ചുറ്റും നല്ല വേദന. ഉറക്കം ശരിയാകാത്തത് കൊണ്ടുള്ള സുഖക്കേട് വേറെയും. അവന്‍ ആഞ്ഞാഞ്ഞ് വലിച്ചു.

"മോനേ..."
ആ ശബ്ദം. റാല്‍ഫ് ഞെട്ടിത്തിരിഞ്ഞു നോക്കി. പുഞ്ചിരിക്കാനുള്ള വൃഥാശ്രമവുമായ് അയാള്‍ വീണ്ടുമിതാ തന്റെ മുന്നില്‍! റാള്‍ഫിന് തന്റെ ഗതികേടിനെ വിശ്വസിക്കാനായില്ല. ഇങ്ങോര്‍ ഇവിടെയുമെത്തിയോ? ഇതിനെ പറ്റി പാടെ മറന്നിരിക്കുകയായിരുന്നു. ഇന്നത്തെ ദിവസം മോശമാകാതിരിക്കാന്‍ ഒരു വഴിയും കാണുന്നില്ല.
"നിങ്ങക്കെന്താ വേണ്ടത്?"
അയാള്‍ വലതു കയ്യിലിരുന്ന കവര്‍ അവന്റെ മുന്നിലേക്ക് നീട്ടി.
"ഈ വിലാസം ഏട്യാന്നൊന്ന് ..."
നീരസത്തോടെ അവന്‍ ആ കവറ് വാങ്ങി. അതിന് പുറത്ത് അവന്‍ ജോലി നോക്കുന്ന കമ്പനിയുടെ വലിയ ലോഗോ. ജിജ്ഞാസാപൂര്‍വ്വം അവന്‍ കവര്‍ തുറന്ന് നോക്കി. ക്രെഡിറ്റ് കാര്‍ഡിന്റെ മന്ത്‌ലി സ്റ്റേറ്റ്‌മെന്റാണ്. വര്‍ഷങ്ങള്‍ മുന്‍പുള്ള ഏതോ ഒരു തുക പെരുകി പെരുകി പേജിന്റെ മറുപുറത്ത് വലിയൊരു തുകയായ് നില്‍ക്കുന്നു. കടമെടുത്ത തുകയും, സമയത്തിന് അതടയ്ക്കാത്തതിനാലുള്ള പിഴയും, പിഴയടയ്ക്കാത്തതിനാല്‍ വന്ന പിഴയും, പിന്നെ വേറെ എന്തൊക്കെയോ കണക്കുകളും ചേര്‍ത്ത് വലിയൊരു കുടിശ്ശിക! തന്റെ മുന്നിലെ കടലാസില്‍ കാണുന്ന തുകയും ആ കടലാസുമായ് വന്ന മനുഷ്യനും തമ്മിലുള്ള പൊരുത്തക്കേടിന്റെ മുന്നില്‍ റാള്‍ഫ് അമ്പരന്നു നിന്നു. ഇതു വരെ അയാളോട് കാട്ടാത്തത്ര ആര്‍ദ്രതയോടെ അവന്‍ ചോദിച്ചു.
"ഇതാരുടെ ബില്ലാണ്?"
"ന്റെ ചെക്കന്റെ."
റാള്‍ഫിന്റെ ശ്രദ്ധ വീണ്ടും ആ സ്റ്റേറ്റ്‌മെന്റിലേക്ക് മാറി. വൃത്തിയില്‍ അച്ചടിച്ച ആ ബഹുവര്‍ണ്ണകടലാസിന്റെ ഏറ്റവും മുകളിലായ് കട്ടിയുള്ള അക്ഷരത്തില്‍ കുറിച്ച പേരില്‍ അവന്റെ കണ്ണുടക്കി - വിശ്വനാഥന്‍ വേലായുധന്‍!
അവന്‍ ആ പേര്‍ പതുക്കെ ഒന്നാവര്‍ത്തിച്ചു - വിശ്വനാഥന്‍ വേലായുധന്‍!

ഒരാഘാതമേറ്റ പോലെ റാള്‍ഫ് തന്റെ മുന്നില്‍ നില്‍ക്കുന്ന ആ വൃദ്ധനെ നോക്കി. ജീവനില്ലാത്ത കണ്ണുകളോടെ അയാള്‍ തന്നെ നോക്കി നില്‍ക്കുകയാണെന്ന് ഒരു ഞെട്ടലോടെ അവന്‍ മനസ്സിലാക്കി. നീണ്ട് കൂര്‍ത്ത അയാളുടെ മുഖത്തില്‍, സാധാരണതേതിലും വലിയ ആ ചെവികളില്‍, മുഖരോമങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന കവിളിലെ നുണക്കുഴികളില്‍ അവന്‍ മറ്റൊരു മുഖം തിരഞ്ഞു. അതില്‍, തന്റെ ആദ്യത്തെ ഉപഭോക്താവിന്റെ ഛായ അവന്‍ തിരിച്ചറിഞ്ഞു. വിശ്വനാഥന്‍ വേലായുധന്‍!!!

"വിലാസം അറ്യോ മോനേ?"
അയാളുടെ വിറയാര്‍ന്ന ശബ്ദം അവനെ ചുറ്റുപാടിലേക്ക് തിരിച്ചു കൊണ്ടു വന്നു.
"ആ... ഈ റോഡിന്റെ അപ്പുറം, ദാ ആ കാണുന്ന കറുത്ത ചില്ലിട്ട വലിയ കെട്ടിടമില്ലേ, അത് തന്നെ."
കുറച്ച് ദൂരെയായ് , ആകാശങ്ങളിലേക്ക് നോക്കി തലയുയര്‍ത്തി നില്‍ക്കുന്ന ആ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ അവന്‍ ചൂണ്ടി കാണിച്ചു. ആ കാഴ്ചയില്‍ എന്തോ ഓര്‍ത്തു നിന്ന അയാളുടെ മുഖത്ത് പതുക്കെ ദേഷ്യം ഇരമ്പി കയറവെ, റാള്‍ഫിന്റെ ചിന്തകള്‍ വാക്കുകളായ് പുറത്ത് വന്നു.
"ഇത് ... ഇത് ... നിങ്ങളുടെ മകനാണോ...?"
അതു വരെയുണ്ടായിരുന്ന ദേഷ്യം മനസ്സിലെ വിഷമത്തിന് വഴി മാറി. അത് അയാളുടെ മുഖത്ത് തെളിഞ്ഞു. അതേയെന്ന അര്‍ത്ഥത്തില്‍ അയാള്‍ മൂളി.
"ഈ ബില്ല്..?"
"അവന്‍ വര്‌ത്തി വെച്ച കടം. ആകെയുള്ള മോന്‍... പട്ടണത്തില്‌ പണി തേടി വന്ന മോന്‍... അവന്‍ വര്‌ത്തി വെച്ച കടം."
അയാളുടെ ശബ്ദം വല്ലാതെ വിറച്ചു തുടങ്ങി. സംസാരിക്കാന്‍ അയാള്‍ പ്രയാസപ്പെടുന്നതായ് അവന് തോന്നി. ബട്ടനുകള്‍ വേര്‍പ്പെട്ട് അലസമായ് കിടക്കുന്ന ഷര്‍ട്ടിനിടയിലൂടെ അഴുക്ക് പുരണ്ട നെഞ്ചില്‍ നീണ്ട നഖങ്ങളുള്ള കൈവിരലുകളോടിച്ച് ദുസ്സഹമായ വ്യഥയോടെ അയാള്‍ നിലത്തിരുന്നു.
"മോന്‍ ഇപ്പോ...?"
എന്തോ പറയാന്‍ അയാള്‍ ശ്രമിച്ചു. പറയാനാഞ്ഞ വാക്കുകളിലെ നൊമ്പരമോര്‍ത്ത് പറയാനാകാതെ അയാള്‍ ഒരു നെടുവീര്‍പ്പോടെ കണ്ണുകളടച്ചു.
ശ്വാസത്തിന്റെ താളം തിരിച്ചു കിട്ടിയപ്പോള്‍ അയാള്‍ - വല്ലാത്തൊരാവേശത്തോടെ - തുടര്‍ന്നു.
"ഈ പട്ടണം അവനെ നശിപ്പിച്ചു. അവന്റെ രാത്രികള്‍, പകലുകള്‍ ഇവിടെയുള്ളവര്‍ കട്ടു. അവന് കാശ് കൊടുത്ത് കൊടുത്ത് അവനെ കടക്കാരനാക്കി. കടം കൂട്യപ്പോള്‍ അവനെ പേടിപ്പിച്ചു. ഉപദ്രവിച്ചു. സഹിക്കാഞ്ഞ് ... ന്റെ മോന്‍ ന്റെടുത്ത് ഓടിയെത്തിയപ്പോള്‍ അവെടെയും അവരെത്തി. ഒടുക്കം, അവനെ കൊണ്ട് വേണ്ടാത്തത് തോന്നിപ്പിച്ച്.... നെല്ലിമലേന്റെ ചോട്ടീന്ന് ... ന്നെ ക്കൊണ്ടന്നെ ...ന്റെ മോന്റെ ശവം പെറ്‌ക്കിയെടുപ്പിച്ചു! ഇപ്പഴും.... ഇപ്പഴും ദാ അവന്റെ ശരീരത്തിന്റെ മണം..."
അയാള്‍ തന്റെ ശരീരം മണത്തു. മുഖം തോളിലമര്‍ത്തി പൊട്ടിക്കരഞ്ഞു.
തണുത്തുറഞ്ഞ നിശബ്ദത അവര്‍ക്കിടയില്‍ വേദനിച്ച് നിന്നു. ആ വേദന പതുക്കെ തന്നിലേക്ക് പകരുന്നതായ് റാള്‍ഫിന് തോന്നി.


കുറച്ച് സമയത്തിന് ശേഷം, ചിന്തകള്‍ ഒന്ന് ശമിച്ചപ്പോള്‍, റാള്‍ഫ് ചുറ്റും നോക്കി. അയാള്‍ അവിടെയില്ല! അവന്‍ ഏണീറ്റ് മുന്നോട്ട് നടന്നു. ബസ്സ് സ്റ്റാന്‍‌ഡിന് പുറത്തെത്തിയപ്പോള്‍, ദൂരെയായ് നടന്ന് നീങ്ങുന്ന അയാളെ കണ്ടു. കറുത്ത ചില്ലിട്ട ആ കെട്ടിടത്തെ ലക്ഷ്യമാക്കി, അയാള്‍ക്ക് പിറകെ അവനും നടന്നു.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

"നശിച്ചു പോട്ടെ! നീയും നിന്റെ മക്കളും നശിച്ച് പോട്ടെ!!!"
രണ്ട് കൈകളിലുമായ് കോരിയെടുത്ത മലം ആ കെട്ടിടത്തിന്റെ ഭിത്തികളില്‍ തേച്ച് പിടിപ്പിച്ച് കൊണ്ട്, വന്യമായ ഭാവത്തോടെ അയാള്‍ ഉറക്കെയുറക്കെ പറഞ്ഞു. വേച്ച് വേച്ച് നടക്കുന്ന നഗ്നമായ ആ ശരീരം ചുട്ടു പഴുത്ത ദേഷ്യത്താല്‍ വിറച്ചു.
"നശിച്ചു പോട്ടെ! നീയും നിന്റെ എല്ലാതും നശിച്ച് നശിച്ച് പോട്ടെ!!!"
കെട്ടിടത്തിന്റെ കറുത്ത ചില്ലുകളില്‍ അയാളുടെ വിസ്സര്‍ജ്ജനത്തിന്റെ മഞ്ഞ നിറം തിളങ്ങി നിന്നു. ഉദിച്ചുയരുകയായിരുന്ന സൂര്യന്റെ കിരണങ്ങള്‍ അതിന് മാറ്റ് കൂട്ടി.

ഒന്നു തടുക്കാന്‍ പോയപ്പോള്‍ കിട്ടിയ പ്രഹരത്തിന്റെ ഭീതിദമായ ഓര്‍മ്മ, ഒരിക്കല്‍ കൂടി അയാളെ തടുക്കുന്നതില്‍ നിന്നും സെക്യൂരിറ്റി ഗാര്‍ഡിനെ പിന്തിരിപ്പിച്ചു. കെട്ടിടത്തിന്റെ രണ്ടാം ഗെയിറ്റിനരികിലെ സെക്യൂരിറ്റിക്കാരെ വിളിക്കാന്‍ പോലും മറന്നു നിന്ന അയാള്‍ക്ക് പിറകില്‍, അപൂര്‍വ്വമായ ആ കാഴ്ച കാണാന്‍ നാലഞ്ച് വഴിയാത്രകാരും സ്ഥാനം പിടിച്ചു.

നടന്നതെല്ലാം ഒന്നോര്‍ത്തെടുക്കാനാകാതെ റാള്‍ഫ് സ്തംഭിച്ചു നിന്നു. കുറച്ച് മുന്‍പ്, കെട്ടിടമടുക്കും തോറും അയാളുടെ വേഗത വര്‍ദ്ധിച്ചത് അവന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ തന്റെ കയ്യിലെ ഭാണ്ഡം ശ്രദ്ധയോടെ ഒരരികില്‍ വെച്ച്, കാറ്റിന്റെ വേഗത്തില്‍ അയാള്‍ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുമെന്നും അവിടെയിരുന്ന് തന്നെ മലവിസര്‍ജ്ജനം നടത്തുമെന്നും ഭ്രാന്തമായ ചിന്തയില്‍ പോലും ആരും കരുതില്ലല്ലോ! ഉറക്കച്ചടവിലായിരുന്ന സെക്യൂരിറ്റിക്കാരനും ഒന്നും തന്നെ മനസ്സിലായി കാണില്ല. ഇത്ര നേരത്തെ ആയതിനാല്‍ ചുറ്റുവട്ടത്തൊന്നും പോലീസുകാരുമില്ല.

തന്റെ വിസര്‍ജ്ജനത്തിന്റെ ശേഷിപ്പുകള്‍ ആ കെട്ടിടത്തിലാകെ തന്നാല്‍ കഴിയും വിധം പകര്‍ത്തിയെന്ന് ബോദ്ധ്യമായപ്പോള്‍ അയാള്‍ നിലത്ത് വെച്ച ഭാണ്ഡത്തിനരികിലെത്തി. ലോലമായ എന്തോ ഒന്ന് കൈകാര്യം ചെയ്യുന്ന പോലെ പതിയെ തുറന്നു. ഒരു മണ്‍‌കലവും ഒരു പൊതിക്കെട്ടും എടുത്ത് പുറത്തേക്ക് വെച്ചു. അപ്പോള്‍ അയാളുടെ മുഖത്ത് കണ്ട ഭാവമാറ്റത്തില്‍ നിന്ന് ആ മണ്‍‌കലത്തിനുള്ളില്‍ എന്തായിരിക്കുമെന്ന് അവന്‍ ഊഹിച്ചു.

അയാള്‍ ഭാണ്ഡകെട്ടെടുത്ത് തിരിച്ച് കെട്ടിടത്തിനരികിലേക്ക് നടന്നു. തൊണ്ട പൊട്ടുമാറുറക്കെ നിലവിളിച്ച് കൊണ്ട് അയാള്‍ അത് മുകളിലേക്കെറിഞ്ഞു. അതിനുള്ളില്‍ നിന്ന് നോട്ടുകള്‍ കാറ്റിലേക്കിറങ്ങി. ചില്ലറകള്‍ നിലം പതിച്ചു.
"ഇന്നാ ഏട്‌ത്തോ... ന്റെ എല്ലാം നീ എടുത്തോടാ പിശാചേ... കൂര വിറ്റതും നെലം വിറ്റതും എല്ലാം... എല്ലാം നീയെടുത്തോ.... എന്നാലും എന്റെ മോനെ തിരിച്ചു തരാന്‍.....ആ...."
ഇത്ര നാളും ഉള്ളില്‍ സൂക്ഷിച്ച കണ്ണീരെല്ലാം അണപൊട്ടിയൊഴുകിയപ്പോള്‍, വല്ലാത്ത വേദനയോടെ അയാള്‍ കരഞ്ഞു. ഭാഷയും ഭാഷകള്‍ക്കതീതമായ കദനവും മനസ്സിലാകാത്ത ജനം മിഴിച്ചു നിന്നു.

മനസ്സിലെ വിങ്ങല്‍ ഒന്നടങ്ങിയപ്പോള്‍ അയാള്‍ ധൃതിയില്‍ എഴുന്നേറ്റ് ചുറ്റും നോക്കി. പൊതിക്കെട്ടെടുത്ത് കെട്ടിടത്തിന് മുന്നിലെ ഫൌണ്ട‌ന്‍‌ന്റെ അരികിലേക്ക് നടന്നു. അതിലേക്കിറങ്ങി അയാള്‍ മുങ്ങി. പലവട്ടം മുങ്ങി നിവര്‍ന്ന് ശവം നാറുന്ന തന്റെ ശരീരം ശുദ്ധിയാക്കി. അറപ്പ് കൊണ്ടോ ഭയം കൊണ്ടോ, ആരും അയാളെ തടുത്തില്ല.
കുളി കഴിഞ്ഞ്, പൊതിക്കെട്ടഴിച്ച് അയാള്‍ അലക്കിയ വസ്ത്രങ്ങള്‍ ധരിച്ചു. ചുറ്റുമുള്ളവരുടെ ശ്രദ്ധ അപ്പോള്‍ ചിതറി കിടക്കുന്ന നോട്ടുകളിലായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ കണക്കില്‍ കിട്ടാകടമായ് മാറിയ മകന്റെ ചിതാഭസ്മവുമായ് ആ അച്ഛന്‍ നടന്നു നീങ്ങി.
നടന്നതെല്ലാം മറക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു കൊണ്ട്, ഇനിയും പൂര്‍ത്തീകരിക്കാനാവാത്ത സെയില്‍‌സ് ടാര്‍ഗറ്റിന്റെ കണക്കുകളും, കസ്റ്റമേഴ്‌സിനായ് കമ്പനി നല്‍കുന്ന പുതിയ ഓഫറുകളുടെ മൂല്യങ്ങളും മനസ്സില്‍ ആവാഹിച്ച്, അവന്‍ ആ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി.

നഗരം ചലനം തുടര്‍ന്നു..
-------------------------------------------- ശുഭം --------------------------------------------

29 comments:

salil | drishyan said...

സമര്‍പ്പണം:
രണ്ടറ്റം കൂട്ടി മുട്ടിക്കുവാനുള്ള തത്രപാടിനിടയിലും, ഒരീടുമില്ലാതെ കാശു തരാന്‍ തയ്യാറായി വന്ന ഗ്ലോറിഫൈഡ് കടക്കെണിയില്‍ വീഴാന്‍ സമയം കണ്ടെത്തിയ, ജീവിതം ദുരിതമാക്കി തീര്‍ത്ത മനുഷ്യ ജന്മങ്ങള്‍ക്ക്!

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ... കണ്മുന്നിലെ അക്ഷരങ്ങള്‍ക്കപ്പുറത്ത് ഒളിച്ചുവെച്ചിരിക്കുന്ന ദൃശ്യങ്ങള്‍ .. നഗരം എല്ലാം തരുമ്പോഴും പകരം ചോദിക്കുന്നത് നമ്മെ തന്നെ ആണല്ലെ... ഏവര്‍ക്കും അത് ബാധകമാണ്.. അപ്പൊഴും കാഴ്ചക്കാരുടെ കണ്ണില്‍ നിസ്സംഗത മാത്രം ...

Areekkodan | അരീക്കോടന്‍ said...

ദൃശ്യാ...

G.MANU said...

ethra janmgangal ithupole

ശാലിനി said...

ദൃശ്യാ,
കയ്യിലിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് എന്നെ നോക്കി ചിരിക്കുന്നു. ഇട്ടിമാളു പറഞ്ഞതുപോലെ നഗരം തരുന്നതിനൊക്കെ പകരം വയ്ക്കേണ്ടത് നമ്മളെ തന്നെ.

സായയെ കണ്ടിട്ട് ഒരുപാടുനാളായല്ലോ?

മുസ്തഫ|musthapha said...

ദൃശ്യാ... വളരെ നന്നായി പറഞ്ഞിരിക്കുന്നു ചുറ്റിലും ജീവിച്ചിരിക്കുന്നവരുടെ ഈ കഥ...

വിനയന്‍ said...

ദ്യശ്യാ
എന്റെ കയിലിരിക്കുന്ന ബഹുവര്‍ണ കാഡുകള്‍ എന്നെ നോക്കി ചിരിക്കുന്നു.വരികളില്‍ കൊടും യാഥാര്‍ത്ത്യത്തിന്റെ തിളക്കം.

നന്ദി

കണ്ണൂരാന്‍ - KANNURAN said...

കുറെക്കാലം കൂടി വന്നതാ ഇവിടെ.. കഥ നന്നായി... ഒടുക്കം തികച്ചും അമ്പരപ്പിച്ചു കളഞ്ഞു...

Anonymous said...

ദൃശ്യാ, വായിച്ചു തീര്‍ന്നപ്പോളുള്ള വികാരം പ്രകടിപ്പിക്കാന്‍ അറിയുന്ന വാക്കുകള്‍ പോരാതെ
വരുന്നു.

നന്നായിട്ടുണ്ട്, എന്നു മാത്രം.

സാല്‍ജോҐsaljo said...

എത്ര ശരി.

മുകളില്‍ ഗീത പറഞ്ഞതു തന്നെ.. വാക്കുകളില്ല.

ഉറുമ്പ്‌ /ANT said...

അക്ഷരങള്‍ ചിത്രങളാകുന്ന വിസ്‌മയം.
നന്നായിരിക്കുന്നു.

സു | Su said...

ദൃശ്യന്‍ :) പതിവുപോലെ നന്നായിട്ടുണ്ട്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരുപാട് അടുപ്പിക്കുന്നു.

മയൂര said...

ഹൃദയസ്പര്‍ശി ആയ കഥ......

ഇക്കു said...

വളരെ നന്നായി പറഞിരിക്കുന്നു..

സാരംഗി said...

ക്രെഡിറ്റ് കാര്‍ഡ് പലപ്പോഴും ഉപകാരപ്രദമാകാറുണ്ട്. പ്രത്യേകിച്ച് കാശില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍. പക്ഷേ അത് ഒരു കടമാണെന്ന് പലപ്പോഴും പലരും മറന്നുപോകുന്നു. തിരിച്ചടക്കാതെ വരുമ്പോള്‍ കഴുത്തില്‍ മുറുകുന്ന ചരട്. കഥ ഇഷ്ടമായി.

ദിവാസ്വപ്നം said...

കഥ ടച്ചിംഗ് ആയിട്ടുണ്ട്.

ബയാന്‍ said...

മലാഭിഷേകം ഒഴിവാക്കിയിരുന്നെങ്കില്‍; കഥ നന്നായിരിക്കുന്നു.

salil | drishyan said...

ഇട്ടിമാളൂ, ആകര്‍ഷിക്കപ്പെടുകയാണ് എന്ന് തിരിച്ചറിയാതെ നാമെല്ലാം നഗരത്തിലേക്ക് അടുക്കപെടുന്നു. ടാഗോര്‍ പറഞ്ഞ പോലെ “It is very simple to be happy, but it is very difficult to be simple.“. ആ ബുദ്ധിമുട്ടിന്റെ പ്രേരകങ്ങളാണ് ഈ ക്രെഡിറ്റ് കാര്‍ഡുള്‍പ്പടെ നാം അടിമകളായ് മാറിയ മിക്കതും! നിസ്സംഗരായ ഒരു പറ്റം ആളുകളുടെ കൂട്ടത്തില്‍ ചേരാനാണ് ഞാനുള്‍പ്പടെ മിക്കവര്‍ക്കും താല്പര്യം. അതിനൊരു മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയും നമുക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.

അരീക്കോടാ, പേരു വിളിച്ചു ഒന്നും പറയാതെ മറഞ്ഞതെന്തിനെന്ന് മനസ്സിലായില്ല.

മനൂ, ഇനിയുമിതു പോലെ എത്ര ജന്മങ്ങള്‍ കൂടി വരാനിരിക്കുന്നു.

ശാലിനീ, ആ ചിരി തിരിച്ചറിഞ്ഞാല്‍ കുഴപ്പമില്ല. വിശ്വസികാനാവുന്ന ഒരു സുഹൃത്തിന്‍‌റ്റെ ചിരിയാണ് അവിടെ കാണുന്നതെങ്കില്‍ കുഴപ്പമില്ല. കഥക്കുള്ള വട്ടം കൂട്ടി കൊണ്ട്, സായ ചുറ്റുവട്ടങ്ങളില്‍ തന്നെയുണ്ട്. ഒരു പൈങ്കിളിക്കഥ കേട്ട മയക്കത്തിലാണവള്‍! :-)

വിനയാ, ആ തിളക്കം കണ്ടതിന് നന്ദി.

കണ്ണൂരാനേ, നന്ദി. ഇനി ഇടയ്ക്കിടക്ക് വരുമല്ലോ, അല്ലേ?

ഗീതാ/സാല്‍ജോ വാക്കുകള്‍ ഇനി വേറെയെന്തിന്? പറായാനുള്ളത് ഞാന്‍ അറിയുന്നു. പറഞ്ഞ വാക്കുകള്‍‍ക്കും പറയാന്‍ കിട്ടാഞ്ഞ വാക്കുകള്‍ക്കും നന്ദി. ഇനിയും വരിക.

അഗ്രജാ, നന്ദി. കഥകള്‍ പിറക്കുന്നത് മിക്കപ്പോഴും നമ്മുടെ ചുറ്റുപാടുകളില്‍ നിന്നല്ലേ?

ഉറുമ്പേ, ആ കമന്‍‌റ്റ് എന്നെ ശരിക്കും കോരിത്തരിപ്പിച്ചു. പക്ഷെ, അതിന്‍‌റ്റെ അര്‍ത്ഥതലങ്ങള്‍ എന്നെ ഇത്തിരി ഭയപ്പെടുത്തി കേട്ടോ. സത്യത്തില്‍ ചിത്രങ്ങള്‍ അക്ഷരങ്ങളാക്കാനാ ഞാന്‍ ശ്രമിച്ചത്. അതില്‍ ഇത്തിരിയെങ്കിലും ഞാന്‍ വിജയിച്ചല്ലോ,....അല്ലേ? നന്ദി.

സൂ, പതിവിനേക്കാളും നന്നാക്കാനാവും എന്‍‌റ്റെ ഇനിയത്തെ ശ്രമം. ജീവിതത്തിന്‍‌റ്റെ കൊച്ചു കൊച്ചു തുരുത്തുകളിലേക്ക് വായനക്കാരെ തന്‍‌റ്റെ വരികള്‍ എങ്ങനെ അടുപ്പിക്കുന്നോ, അതു പോലെ, ഞാന്‍ കണ്ട/മനസ്സിലാക്കിയ ഇത്തിരിവട്ടത്തിലേക്ക് വെളിച്ചം വീശുന്ന കഥകള്‍ എഴുതാനാവും (മിക്കപ്പൊഴും) എന്‍‌റ്റെ ശ്രമം. നന്ദി.

മയൂര, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

ഇക്കു, നല്ല വാക്കുകള്‍ക്ക് നന്ദി.

സാരംഗീ, നാമറിയാതെ പ്രയോഗിച്ചാല്‍, നാമറിയാതെ കഴുത്തില്‍ മുറുകുന്ന ചരട്. സത്യം. നന്ദി.

ദിവ, വളരെ നന്ദി.

സ്നേഹിതരേ, കഥ വന്ന് വായിച്ചവര്‍ക്കും, അഭിപ്രായം തുറന്നു പറഞ്ഞവര്‍ക്കും, ഒന്നും പറയാതെ വായിച്ച് പോയവര്‍ക്കും നന്ദി!!!

സസ്നേഹം
ദൃശ്യന്‍

salil | drishyan said...

ബയാന്‍, എന്‍‌റ്റെ മറ്റു ചില കൂട്ടുകാരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. എഴുതുമ്പോള്‍ ‘അങ്ങനെ എഴുതണോ?’ എന്ന് എന്നില്‍ സംശയം ജനിപ്പിച്ച ഭാഗം. അത് ‘ധര്‍മ്മപുരാണം’ ഹാങ്‌ഓവര്‍ ഒന്നുമല്ല കേട്ടോ. അതിന് എന്‍‌റ്റെ മറ്റു കൂട്ടുകാര്‍ക്ക് കൊടുത്ത വിശദീകരണം മാത്രമേ ഇപ്പൊഴും എന്‍‌റ്റെ പക്കലുള്ളൂ.

അടിസ്ഥാനപരമായി ആ കഥപാത്രം ഒരു നിരക്ഷരന്‍ ആണ്. അയാള്‍ക്ക് credit card എന്ന concept പോലും അറിയില്ല- "അവന് കാശ് കൊടുത്ത് കൊടുത്ത് അവനെ കടക്കാരനാക്കി. കടം കൂട്യപ്പോള്‍ അവനെ പേടിപ്പിച്ചു. ഉപദ്രവിച്ചു." -- ഇത്രയേ അയാള്‍ക്ക് അറിവുള്ളൂ. പിന്നെ ലീഗല്‍ ആയോ വളരെ നഗരികമായോ പ്രതികരണം , മകന്‍‌റ്റെ മരണം മാനസികമായ് ബാധിച്ച ആ കഥാപാത്രത്തിന് യോജിക്കില്ല എന്ന് തോന്നി. ഇത്തിരി abnormal ആയി അയാള്‍ പെരുമാറി എന്ന് വരും. ‘ക്രെഡിറ്റ് കാര്‍ഡ്’ ഒരു വ്യക്തിയായിരുന്നെങ്കില്‍ അയാള്‍ ‘അവനെ’ കൊല്ലുമായിരുന്നു. പക്ഷെ, ‘ക്രെഡിറ്റ് കാര്‍ഡ്’ എന്ന ‘പ്രസ്ഥാന‘ത്തെ അപമാനിക്കാന്‍ അയാളുടെ ആവനാഴിയില്‍ ഇതിലും വലിയ ‘പ്രാക്ടിക്കല്‍’ വഴികള്‍ ഒന്നുമില്ല. ഒരു ചീത്തവിളി കൊണ്ടോ, മുഖത്തൊരാട്ടല്‍ കൊണ്ടോ ശമിക്കുന്നതോ കുറയുന്നതോ അല്ല അയാളുടെ മനസ്സിലുള്ള കോപം. മലമെടുത്ത് അയാള്‍ തേക്കുന്നത് ഒരുപാട് establishmentകളുടെ മുഖത്താണ് - നഗരം, അവിടത്തെ നിര്‍വികാരരായ മനുഷ്യര്‍, ക്രെഡിറ്റ് കമ്പനികള്‍ പോലെയുള്ള വ്യാവസായികകുത്തകകള്‍ തുടങ്ങിയവയുടെ. അതൊരു മലാഭിഷേകം അല്ല. സമനില തെറ്റിയ ഒരു മനസ്സിന്‍‌റ്റെ പ്രതികരണം മാത്രം. പിന്നെ ഇത്തിരി eccentric ആക്കി എന്നത് ശരിയാണ്. ആ വിമര്‍ശനം/അഭിപ്രായം മാനിക്കുന്നു.

പിന്നെ അവസാനഭാഗത്ത് ഇത്തിരി കൂടെ details ആലോചിച്ച് വെച്ചിരുന്നു. പക്ഷെ മനസ്സിലെ visuals ഫലപ്രദമായി അക്ഷരങ്ങളാക്കാനുള്ള എന്‍‌റ്റെ കഴിവു കേട് കൊണ്ടും, കഥയ്ക്ക് നീളം കൂടുമോ എന്ന പേടി കൊണ്ടും അത് നടന്നില്ല. ക്ഷമിക്കുമല്ലോ.

ഒരിക്കല്‍ കൂടി, കഥ വന്ന് വായിച്ചവര്‍ക്കും, അഭിപ്രായം തുറന്നു പറഞ്ഞവര്‍ക്കും, ഒന്നും പറയാതെ വായിച്ച് പോയവര്‍ക്കും നന്ദി!!!

സസ്നേഹം
ദൃശ്യന്‍

യതി said...

നന്നായിട്ടുണ്ട്....
നഗരം പശ്ചാത്തലമായി ഒരുപാടു രചനകള്‍ വായിച്ചു ,ബ്ലോഗുകളിലൂടെ....ഇതു മനസ്സില്‍ നില്‍ക്കുന്നതായി തോന്നി...അഭിനന്ദനങ്ങള്‍.

[ nardnahc hsemus ] said...

very very touching!

Dinkan-ഡിങ്കന്‍ said...

ഹൃദ്യമായ ഒരു കഥ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു

മൂര്‍ത്തി said...

കഥ നന്നായിട്ടുണ്ട്. ഒരു എഡിറ്റിംഗ് കൂടി നടത്തിയാല്‍ ഒന്നു കൂടി നന്നാവും എന്ന് തോന്നുന്നു.
ബയാന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് കമന്റിടാന്‍ ഉദ്ദേശിച്ചിരിക്കെയാണ് വിശദീകരണം കണ്ടത്. എങ്കിലും ആ ഭാഗം ഇത്തിരി കൂടിപ്പോയി എന്നു തന്നെ തോന്നുന്നു. “കെട്ടിടത്തിന്റെ കറുത്ത ചില്ലുകളില്‍ അയാളുടെ വിസ്സര്‍ജ്ജനത്തിന്റെ മഞ്ഞ നിറം തിളങ്ങി നിന്നു“ ഇത് പോലുള്ള ചില സൂചനകളില്‍ നിര്‍ത്താമായിരുന്നു ..
qw_er_ty

salil | drishyan said...

മൂര്‍ത്തീ, വളരെ നന്ദി. ശരി തന്നെ, ആ ഭാഗത്തെ കുറിച്ച് എനിക്ക് ലഭിച്ചത് സമ്മിശ്രപ്രതികരണങ്ങളാണ്. അവസാനരംഗം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. പിന്നെ ഞാന്‍ മുന്നേ പറഞ്ഞ പോലെ, ആ നിരക്ഷരന്‍ മലമെടുത്ത് തേക്കുന്നത് ഒരുപാട് establishmentകളുടെ മുഖത്താണ് - നഗരം, അവിടത്തെ നിര്‍വികാരരായ മനുഷ്യര്‍, ക്രെഡിറ്റ് കമ്പനികള്‍ പോലെയുള്ള വ്യാവസായികകുത്തകകള്‍ തുടങ്ങിയവയുടെ. അതൊരു മലാഭിഷേകം അല്ല. സമനില തെറ്റിയ ഒരു മനസ്സിന്‍‌റ്റെ പ്രതികരണം മാത്രം. മൂര്‍ത്തി അഭിപ്രായപ്പെട്ടത് എനിക്കിഷ്ടമായി. ആ ഭാഗം അധികം പറയാതെ, സൂചനകളില്‍ ഒതുക്കി പറഞ്ഞാല്‍ നന്നാകുമായിരുന്നു എന്ന് ഇടയ്ക്കെനിക്കും തോന്നി. :-)

യതീ, നന്ദി. ഈ കഥ മനസ്സില്‍ നില്‍കുന്ന വരെ ഈ ബ്ലോഗും മനസ്സില്‍ നില്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

സുമേഷ്, കഥ മനസ്സിനെ സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

ഡിങ്കാ, നന്ദി-വായനയ്ക്കും അഭിപ്രായത്തിനും.

കഥ വന്ന് വായിച്ചവര്‍ക്കും, അഭിപ്രായം തുറന്നു പറഞ്ഞവര്‍ക്കും, ഒന്നും പറയാതെ വായിച്ച് പോയവര്‍ക്കും നന്ദി!!!

സസ്നേഹം
ദൃശ്യന്‍

Anonymous said...

everythng is gud abt the story except tht shd it hv been so (i dnt get a word for it) in the end?

athine ithra
bheebhalsamaakkendiyirunnilla.

Anonymous said...

credit card vayichu.
nannayi,ottum pratheekshikkatha oru climax.........gud

പ്രിയ said...
This comment has been removed by the author.
പ്രിയ said...

ദുഖവും പേടിയും ഒരു പോലെ മനസില് നിറച്ചു ഈ കഥ, "നന്നായിരിക്കുന്നു കഥ" എന്ന് പോലും പറയാന് വയ്യാത്ത വിധത്തില്. ക്രെഡിറ്റ് കാര്ഡിന്റെ ഭീകരത അറിയാം. എന്നാലും ഇതു കൂടുതല് ഭീകരം ആക്കി .

salil | drishyan said...

വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി പ്രിയ.
ക്രെഡിറ്റ് കാര്‍ഡുകള്‍ ‘ഭീകരമാണോ’ അല്ലയോ എന്ന് ചിന്തിക്കുന്നതോ പോട്ടെ, ‘അത് തനിക്ക് ആവശ്യമാണൊ അല്ലയോ?’ എന്ന് പോലും ചിന്തിക്കാതെയാണ് പലരും വാങ്ങുന്നത്. സൂക്ഷിച്ചും കണ്ടും ഉപയോഗിക്കാനുള്ള പ്രായോഗികബുദ്ധിയില്ലാത്തവര്‍ക്ക് അത് തലയ്ക്ക് മുകളില്‍ സ്വയം കെട്ടി തൂക്കിയ വാള്‍ ആയി മാറും.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം.
സസ്നേഹം
ദൃശ്യന്‍