Friday, November 14, 2008

മോഹന്‍‌ലാലിന്റെ ‘ മോറ് ‌‘

[സി.കോ - *സിയംകണ്ടത്തെ കോയാക്ക]

നാട്ടിലെ വായനശാലാസായാഹ്നങ്ങളില്‍ പറഞ്ഞ് കേട്ട ഒരു തമാശയാണിത്. സത്യമോ മിഥ്യയോ എന്ന് വ്യക്തമായ് അറിയാത്ത ഒരു സംഭവം ഒന്ന് പൊലിപ്പിച്ച് പറയുകയാണിവിടെ.
-----------------------------------------------------------------------------------------------------------------------------------------

സ്ഥലം: *സിയാംകണ്ടം അങ്ങാടി,
ദിവസം: വെള്ളിയാഴ്ച, സമയം: 1991ന്റെ ആരംഭത്തിലെ ഒരുച്ച സമയം.


സിയാംകണ്ടത്തെ ഏകമുക്രിയായ കുട്ട്യാമുവുമായി പോക്കര്‍ഹാജിയുടെ രണ്ടാമത്തെ ബീവിയെ സംബന്ധിക്കുന്ന ഒരു സംസാരത്തിനിടയിലുണ്ടായ തര്‍ക്കത്തിന്റെ കലിപ്പുമായ് വെള്ളിയാഴ്ച ഉച്ചക്കത്തെ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കോയാക്ക അത് കേട്ടത്. മുന്‍‌സംസാരത്തിന്റെ ചിന്തകള്‍ ‘അലാക്കിന്റെ അവിലും‌കഞ്ഞി‘ പോലെ മനസ്സില്‍ തികട്ടി നില്‍ക്കുമ്പോഴാണ് കോളാമ്പിസ്പീക്കറുകളിലൂടെ ആ സിനിമാഅറിയിപ്പ് വന്നത്. കോളറ വന്ന് ചത്ത അലവിക്കുട്ടിയുടെ ചെക്കന്‍ കുഞ്ഞാമ്മദാണ് തെക്കേലെ ശ്രീധരന്റെ പഴയ ലാംബ്രട്ട സ്കൂട്ടറിലിരുന്ന് അണൌണ്‍‌സ് ചെയ്തത് എന്ന് പൂര്‍വ്വപരിചയത്തില്‍ നിന്ന് കോയാക്ക മനസ്സിലാക്കി. ശ്രീധരന്റെ അച്ഛന്‍ നാരായണന്‍ കൊളംബിലെ തോട്ടത്തില്‍ നിന്ന് പണി പിരിഞ്ഞ് വരുമ്പോള്‍ കൂടെ കൊണ്ട് വന്ന ആ ശകടത്തില്‍, തോളിലൂടെ തൂക്കിയിട്ട മൈക്കിലൂടെ രാമനാട്ടുകര-പുളിക്കല്‍-കുണ്ടോട്ടി പ്രവിശ്യകളിലെ പുതിയ കടയുത്ഘാടനങ്ങളുടേയും സിനിമകളുടേയും വിശേഷങ്ങള്‍ പ്രാസ-താളങ്ങളൊപ്പിച്ച് വിളിച്ച് പറഞ്ഞ് കൊണ്ട് പോകുന്ന കുഞ്ഞാമ്മദ് ആ നാട്ടുകാരുടെ പുതുമ നഷ്ടപെട്ട കാഴ്ചയാണല്ലോ!

നിസ്കാരത്തിന് സമയമുള്ളത് കൊണ്ട് പോക്കറുമായ് തുടങ്ങിയ കുശലാന്വേഷണമാണ് ഇപ്പോള്‍ ഖല്‍‌ബിലൊരു കീറമുട്ടിയായ് കിടക്കുന്നത്. ഒറ്റകേള്‍വിയില്‍ പെണ്ണുകേസാണെന്ന് തോന്നുമെങ്കിലും തര്‍ക്കവിഷയം ഒരു തരത്തില്‍ പറഞ്ഞാല്‍ ജന്തുശാസ്ത്രപരവും മറ്റൊരു തരത്തില്‍ സദാചാരപരവുമാണ്. കഴിഞ്ഞ ആഴ്ച പ്രസവിച്ച ഹാജിയുടെ രണ്ടാമത്തെ ഭാര്യ ബിയ്യാത്തുമ്മയുടെ കുഞ്ഞ്, കഴിഞ്ഞ മാസം ആദ്യപ്രസവം വിജയകരമായ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഹാജിപത്നി കുഞ്ഞാമിനയുടെ മുല കുടിക്കുന്നതാണ് ചര്‍ച്ച വിഷയം. പ്രസ്തുതസംഭവം നടന്നത് നാലം പ്രസവം കഴിഞ്ഞ ബിയ്യാത്തുമ്മയുടെ ‘കറവ വറ്റി’യത് കൊണ്ടാണെന്ന് കുട്ട്യാമുവും അതല്ല വീട്ടിലെ ജോലികള്‍ ഭാഗം വെച്ച് ചെയ്യുന്ന കൂട്ടത്തില്‍ ‘കുട്ടികള്‍ക്ക് പാലു കൊടുക്കല്‍‘ എന്ന കര്‍ത്തവ്യം കുഞ്ഞാമിനയുടേതായ് ഭവിച്ചതാണെന്ന് കോയാക്കയും വാദിച്ചു. ഹാജിയുടെ ആദ്യഭാര്യ ഉമ്മുകുല്‍‌സുവും ബിയ്യാത്തുമ്മയും ഇതിനു മുന്‍പും ഇത്തരത്തില്‍ സപത്നീകര്‍ത്തവ്യം സഭാകമ്പംവിനാ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് ‘കരക്കമ്പി’കളുടെ പിന്‍‌ബലത്തില്‍ കോയാക്ക ചര്‍ച്ചയില്‍ രേഖപ്പെടുത്തി. പേരറിയാത്ത ഒരു നാട്ടുകാരന്റെ മകളുടെ നിക്കാഹിന്റെ ബിരിയാണി മൂക്കറ്റം തിന്ന് പള്ളിയുടെ കോലായിലെ ബഞ്ചില്‍ നടു നിവര്‍ത്തി കിടക്കുകയായിരുന്ന ഒസ്സാന്‍ മൊയ്തീന്‍ കോട്ടുവാ ഇട്ടു കൊണ്ട് അതു ശരി വെച്ചു. മൊയ്തീന്‍ ഉമ്മുകുല്‍‌സുവിന്റെ അകന്ന ഒരു ബന്ധുവായതിനാല്‍ ‘വിളിക്കാത്ത ബിരിയാണി തിന്നാനെന്തിനാണ്‍‌ടാ ജ്ജ് ബന്നത്?’ എന്നാരും ചോദിച്ചില്ല. സംഭവത്തെ കുറിച്ച് ആധികാരികമായൊരു അഭിപ്രായം പറയാന്‍ പോക്കര്‍‌ഹാജിയോട് തന്നെ ചോദിക്കണം എന്ന അവസ്ഥ വന്നത് കൊണ്ടും ബാങ്ക് വിളിക്കാന്‍ നേരമായത് കൊണ്ടും മൊയ്തീനെ കൂടുതല്‍ ശല്യപ്പെടുത്താതെ തര്‍ക്കം നിര്‍ത്തി വെച്ചു. പക്ഷെ നിസ്ക്കാരത്തിനിടയിലും ചര്‍ച്ചയുടെ ചൂടില്‍ നിന്നും കോയക്കയ്ക്ക് രക്ഷപ്പെടാനായില്ല. അങ്ങനെയെങ്കില്‍ പൊരേല് പോയി കെട്ട്യോളുമായ് ഒന്നൂടെ ചിന്തിക്കാം എന്ന് കരുതി നടക്കുമ്പോളാണ് കുഞ്ഞാമ്മദിന്റെ ഈ അറിയിപ്പ്.

“കൊണ്ടോ‍ട്ടി കവിതയില്‍ ഇന്ന്‌ മൊതല്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ മോറ്‌..... മോറ്‌ ..... മോറ്‌ ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ
മോറ്‌..... മോറ്‌ ..... മോറ്‌ ..... !!!!!!”

ജയന്റെ മരണത്തിന് ശേഷം ഇനി ആരുടേയും ‘ഫാനാ’കില്ല എന്ന് തീരുമാനിച്ച കോയാക്കക്ക് മോഹന്‍‌ലാലിന്റെ സിനിമയോട് വലിയ താല്‍‌പര്യം തോന്നിയില്ലെങ്കിലും എന്താണ് കുഞ്ഞാമ്മദ് പറേണത് എന്നൊരു കൌതുകം തോന്നുന്നത് മനുഷ്യസഹജമാണല്ലോ. സിയാംകണ്ടത്തിലെ ഏകചായക്കടയായ സെയ്താലിയുടെ ‘ഹോട്ടല്‍ മദീന’യുടെ മുന്നില്‍ ലാംമ്പ്രട്ട നിര്‍ത്തിട്ട് കൊണ്ടാണ് ഇന്ന് ഓന്റെ നെലോളി. [ഫാന്‍സുകാര്‍ തമ്മില്‍ ഇന്ന് നടക്കുന്ന പുലയാട്ടുകളും അധികപ്രസംഗങ്ങളും കേട്ടു‌കേള്‍‌വി പോലുമല്ലാത്ത ആ കാലത്ത്] മോഹന്‍‌ലാല്‍ ഫാന്‍ അല്ലാത്തത് കൊണ്ട് പുലഭ്യം പറയുകയാണ് കുഞ്ഞാമ്മദെന്ന് ചിന്തിക്കാനാവില്ലല്ലോ! ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം, കോയാക്ക നടത്തത്തിന്റെ വേഗമൊന്ന് കൂട്ടി.

“അല്ലാ കുഞ്ഞാമ്മദേ, ജ്ജെന്ത്‌ത്താണീ കാണിക്ക്‍ണ‌ത്?”
“എന്തിത്യേന്യ് കോയാക്ക?”
“ജ്ജെന്ത്‌നാണ്‌ങ്ങനെ തോന്ന്യാസം പറഞ്ഞ് നട്‌ക്ക്‍ണ്‌ത്?”
“ന്ത് തോന്ന്യാസം“
“ജ്ജിപ്പോ ബിളിച്ച് പറ്‌ഞ്ഞ്‌ല്ല്യേ, അതൊന്നൂടെ പറഞ്ഞാ?”
കുഞ്ഞാമ്മദ് മൈക്ക് കയ്യിലെടുത്തു.
“പ്‌ഫ‌ ഹിമാറെ ആ കോലും‌കഷ്‌ണം തോള്ളേല്‍ ബെക്കാന്‍‌ണ്ടെ പറേടാ.”
മൈക്ക് അടുത്തില്ലാതെ തന്റെ കഴിവ് മുഴുവനായ് പുറത്ത് കാണിക്കാനാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് , കോയക്കയുടെ ആവശ്യം മുഴുവന്‍ നിരാകരിക്കാതെ, ഇത്തിരി മാറ്റി നിര്‍ത്തി കൊണ്ട് കുഞ്ഞാമ്മദ് വിളിച്ച് പറഞ്ഞു.

“ഇന്ന്‌ മൊതല്‍ കൊണ്ടോ‍ട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ
മോറ്‌..... മോറ്‌ ..... മോറ്‌ ..... !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മോറ്‌..... മോറ്‌ ..... മോറ്‌ ..... !!!!!!”

“അതെന്തോന്ന് സിനിമയാണ്ടാ...എന്ത്‌ത്ത് പേരാ ഇത്?”
“പുത്യേ സിനിമയാണിക്കാ, പക്‍ചേങ്കില് പാട്ടൂല്യാ ഡന്‍‌സൂല്യാ...സ്റ്റണ്ടും പോരാ... ന്നാ നോട്ടീസ്”
കുഞ്ഞാമ്മദ് നീട്ടിയ മഞ്ഞ നിറത്തിലുള്ള കടലാസു‌കഷ്ണം വാങ്ങി കോയാക്ക നോക്കി. നേരാണ്. മോഹന്‍ലാലിന്റെ സിനിമ തന്ന്യാണ്. പോലീസ് വേഷത്തില്‍ മൂപ്പര്‌ മസില്‌ പിടിച്ച് നിക്കണ്‌ണ്ട്. അക്ഷരം ബായിക്കാനാണ് പാട്. സാക്ഷരതാക്ലാസ്സിലെ കല്യാണിടീച്ചറെ മനസ്സില്‍ വിചാരിച്ച് കൊണ്ട് കോയാക്ക തപ്പി തടഞ്ഞ് വായിക്കാന്‍ ശ്രമിച്ചു.
“മ....മ.... മ്..മു...ക.. അല്ല, ഖ... ഖാ... ഖം... മുഖം, മൊകം!”
മുഖം, അപ്പോ അതാണ് സിനിമേടേ പേര്. അതിനാണീ പഹയന്‍...! ഒഴിയാന്‍ സമയം കൊടുക്കാതെ കുഞ്ഞാമ്മദിന്റെ ചെവിയില്‍ കയറി പിടിച്ച് തിരുമ്മി കൊണ്ട് കോയാക്ക പറഞ്ഞു.
“ടാ, ഇത് ‘മോറ്‌ ‘ന്നാണോ ബായിക്ക്യാ...മൊകംന്നല്ലേ... സ്കോളീല്‍ പോണ്ട നേരത്ത് കണ്ണീകണ്ട പാടത്തൊക്കെ ഗോട്ടീകളിച്ച് നടന്നീട്ട് ഓന്റെ ബായന കണ്ടില്ല്ലേ മോഹന്‍‌ലാലിന്റെ ‘മോറ്‌ന്ന്‌‌‘, സെയ്താനേ...”
“ബ്‌ട്‌ ക്കാ... ബ്‌ട്‌ന്ന്...”
ഒരു വിധത്തില്‍ കൈ തട്ടി മാറ്റി കൊണ്ട് കുഞ്ഞാമ്മദ് കുതറി മാറി.
“സിനെമാഹാളിലെ നായരേട്ടന്‍ മൊകംന്ന് പറഞ്ഞ്. പക്‍ചെ, അത് ഞമ്മക്ക് മാത്രം അറിഞ്ഞോണ്ടെന്താ കാര്യം... ബാക്കിളോര്‌ക്ക് മനസ്സിലാവാന്‍ മേണ്ട്യല്ലേ ഞമ്മള്‌ ‘മോറ്‌ ‘ന്ന്‌ ബായിച്ചത്. ങ്ങള്‌ സബൂറാക്കീ, അള്ളാണേ ഇനി അങ്ങനെ ബായിക്കൂല!!!“
ഇക്കുറി സ്റ്റന്‍ഡായി നിന്നത് കോയാക്കയായിരുന്നു. വിവരല്ല്യാത്തോനാണെങ്കിലും ഇപ്പോ ഓന്‍ പറേണത് കാര്യാണ്. ഇബ്‌ട്‌ത്തെ പാതി ആള്യോള്‍‌ക്ക് മര്യാദക്ക് അര്‍ത്ഥം മനസ്സിലാവണങ്ക്‍ല്‌ ഇങ്ങനെ പറയാതെ നിവര്‍ത്തിയില്ല!

ഒരു ദീര്‍ഘ‌നിശ്വാസം വിട്ടു കൊണ്ട് കോയാക്ക വീട്ടിലേക്ക് നടക്കുമ്പോള്‍ ശരവേഗത്തില്‍ പോവുകയായിരുന്ന ലാമ്പ്രട്ട‌സ്കൂട്ടറില്‍ നിന്ന് വീണ്ടും കുഞ്ഞാമ്മദിന്റെ അണൌന്‍സ്‌മെന്റുയര്‍ന്നു.

“ഇന്ന്‌ മൊതല്‍ കൊണ്ടോ‍ട്ടി കവിതയില്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ **മീന്ത..... മീന്ത ..... മീന്ത !!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ
മീന്ത..... മീന്ത ..... മീന്ത !!!!!!”

[**മീന്ത = മോന്ത = മുഖം]
- - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -- - - - - - - - - - - - - - - - - -
*മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ പെട്ട ചെറുകാവ് പഞ്ചായത്തിലെ ഒരു ചെറിയ അങ്ങാടിയാണ് സിയാംകണ്ടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ അന്യദേശങ്ങളിലേക്കുള്ള ആകാശവഴികളിലേക്ക് കയറുന്നത് സിയാംകണ്ടത്തിന് മുകളിലൂടെയാണ്.
---------------------------------------------------------------------------------------------------------------------------------------------

2 comments:

salil | drishyan said...

ശ്രീധരന്റെ അച്ഛന്‍ നാരായണന്‍ കൊളംബിലെ തോട്ടത്തില്‍ നിന്ന് പണി പിരിഞ്ഞ് വരുമ്പോള്‍ കൂടെ കൊണ്ട് വന്ന പഴയ ലാമ്പ്രട്ട സ്കൂട്ടറിലിരുന്ന്‍, തോളിലൂടെ തൂക്കിയിട്ട മൈക്കിലൂടെ പ്രാസ-താളങ്ങളൊപ്പിച്ച് കൊണ്ട് കുഞ്ഞാമ്മദ് അണൌണ്‍‌സ് ചെയ്തു - “കൊണ്ടോ‍ട്ടി കവിതയില്‍ ഇന്ന്‌ മൊതല്‍ അടിപൊളി സിനിമ മോഹന്‍ലാലിന്റെ മോറ്‌ ... മോറ്‌....മോറ്‌...!! ഞമ്മന്റെ ലാലേട്ടന്‍ പോലീസായി ബീണ്ടും അഭിനയ്‌ക്ക്‍ണ പുത്യേ സിനിമ മോറ്‌ ... മോറ്‌....മോറ്‌...!!!!!!”

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ഈ “മോറ്” എനിക്ക് ഇഷ്ടപ്പെട്ട ഒരു ഫിലിം ആയിരുന്നു..