Saturday, March 10, 2007

അക്കരെ നിന്നൊരു ഫോണ്‍വിളി

(വെറുതെ ഒരു പോസ്റ്റ്)

ചെങ്കടലില്‍ കുളിച്ചു കുട്ടപ്പനായ് ദിനകരന്‍ വന്നതറിയാതെ, വീക്കെന്റുകളുടെ മാനം കളയരുതെന്നു നിര്‍ബന്ധബുദ്ധിയുള്ള അവന്‍‍, തന്റെ പ്രേമസര്‍വ്വസ്വത്തെ സ്വപ്നം കണ്ട്, ചിരിച്ചു കൊണ്ട്, കമ്പിളിപുതപ്പിനുള്ളിലെ സുഖമുള്ള ചൂടില്‍ മയങ്ങുകയായിരുന്നു. പുലരും വരെയുള്ള ശീട്ടുകളിയെ കുറിച്ചുള്ള ദു:സ്വപ്നങ്ങള്‍ അലട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചു തീര്‍ന്നില്ല, അപ്പോഴേക്കും ഉറങ്ങുന്നവരുടെ(യും) നിത്യശത്രുവായ ക്ഷുദ്രജീവി ചിലച്ചു തുടങ്ങി. ഒരു കൈ മാത്രം കമ്പിളിക്കു പുറത്തേക്ക് നീട്ടി കൊണ്ട് അവനെയെടുത്തു.


ഹലോ...

കഴിഞ്ഞ എട്ട് കൊല്ലമായ് കര്‍ണ്ണങ്ങള്‍ക്കമൃതായ ആ ശബ്ദം, മൈലുകള്‍ക്കപ്പുറത്തു നിന്നു തുടങ്ങി ഏതെല്ലാമോ ചാലകങ്ങളിലൂടെ തുടര്‍ന്ന തന്റെ യാത്ര, അവന്റെ കാതുകളില്‍ അവസാനിപ്പിച്ചു. ഉടനെ അടഞ്ഞ് തന്നെ കിടന്നിരുന്ന കണ്ണുകള്‍, സീറോ വാള്‍ട്ട് ബള്‍ബില്‍ ഹൈ-വോള്‍ട്ടേജ് കടന്നാലെന്ന പോലെ തുറന്നു.


പറ മോളൂ...

പുന്നാരം വേണ്ടാ... ഇന്നലെ ഷോപ്പിങ്ങ് വല്ലതും നടത്തിയോ എന്ന് ആദ്യം പറ
?”

അവന്റെ നാവില്‍ നിന്ന് ഉടനെ താളത്തില്‍ വന്നു ഒരു സംഗതി (നിമിഷകവി ആയാലുള്ള ഒരു ഗുണമേ) :


ഇവിടുത്തെ പണി തീര്‍ത്ത് മേയിലോ ജൂണിലോ

വജ്രം പതിച്ചൊരു മാലയും മുല്ലപ്പൂ-

മണമുള്ള അത്തറും ഓവനും മേത്തിട്ടാ-

ലിക്കിളി കൂട്ടുന്ന ഡ്രസ്സുമായ് ഞാന്‍ വരും


നമ്മുടെ പ്രണയം തളിര്‍ത്തൊരാ കാലത്തായ്

ഒന്നിച്ചു പാടിയ പാട്ടുകള്‍ മൊത്തത്തില്‍

കേട്ട് കേട്ട് ഓര്‍ത്തോര്‍ത്തിരിക്കുവാനായൊരു

ഓഡിയോ സിസ്റ്റവും കൊണ്ട് ഞാന്‍ വന്നിടും


* അഞ്ചിലും പിന്നൊയോരൊന്നിലും കൂടിയായ്

നിര്‍ത്താതെ ഗാനങ്ങള്‍ പാടുന്നൊരാ കൊച്ചു-

കുന്ത്രാണ്ടം വായുവില്‍ വീഴാതെ നിര്‍ത്തുവാന്‍

മൊഞ്ചുള്ള അഞ്ചാറു കൂടുകള്‍ പണിയുവാന്‍

ആശാരിയോടു നീ തഞ്ചത്തില്‍ ചൊല്ലണം

* 5.1 music system


മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീ

പലവകചില്ലറ ജംഗമവസ്തുകള്‍ തന്നുടെ

ഡീറ്റൈല്‍‌സും ചോദിച്ചു പാവം നിന്‍‌റ്റച്ഛന്‍‌റ്റെ

ഐ.എസ്.ഡി കാശൂടെ വെറുതെ കളയണ്ട.



മനസ്സിലായോടീ പോത്തെഎന്നു കൂടി ചേര്‍ത്ത് പറഞ്ഞു കൊണ്ട് അവന്‍ ഫോണ്‍ വെച്ചു, ധൃതിയില്‍ കൂടണഞ്ഞു.


വാല്‍കഷ്ണം:

‘ഇന്നല്ലെങ്കില്‍ നാളെ ഇതിനു തക്ക മറുപടി കിട്ടാതിരിക്കില്ല‘ എന്നോര്‍ക്കാതെ അവന്‍ കൂര്‍ക്കംവലി ഉച്ഛസ്ഥായിയില്‍ തുടര്‍ന്നപ്പോള്‍, “മുന്‍പ് അവന്റെ കീശയിലും, പക്ഷെ ഇപ്പോള്‍ എന്റെ കീശയിലുമായ ദിനാറുകള്‍“ കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന എന്റെ ചിന്ത തുടര്‍ന്ന്, ഞാനും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

5 comments:

Sathees Makkoth | Asha Revamma said...

നിമിഷ കവിത കൊള്ളാം

വല്യമ്മായി said...

:)

ഇട്ടിമാളു അഗ്നിമിത്ര said...

കൊള്ളാലോ കവിത.. അല്ല ഫോണിന്റെ അങ്ങേ തലക്കല്‍ ആരാന്നാ പറഞ്ഞെ?

salil | drishyan said...

സതീശ്, വല്യമ്മായി - നന്ദി.

ഇട്ടിമാളൂ, അങ്ങേ തലക്കല്‍ ആരാന്ന് വായിച്ചിട്ട് മനസ്സിലായില്ലേ ...?അയ്യേ, മോശം!!!
ഒരു ഭാര്യയല്ലാതെ വേറേ ആരെങ്കിലും ഷോപ്പിംഗിനെ കുറിച്ച് ചോദിച്ച് കൊണ്ട് ഒരൂ ഐ.എസ്.ഡി. വിളി ആരംഭിക്കുമോ?
സ്വന്തം ഭാര്യയോടല്ലാതെ വേറേ ആരോടെങ്കിലും ഒരു പുരുഷന്‍ രാവിലെ തന്നെ വന്ന സ്ത്രീശബ്ദത്തെ ‘പോത്തേ’ എന്ന് വിളിക്കുമോ?

നോണ്‍-ബാച്ചികള്‍ക്ക് ഇതിനെ പറ്റിമറിച്ചൊരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല.

സസ്നേഹം
ദൃശ്യന്‍

മുസ്തഫ|musthapha said...

"മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീ
പലവകചില്ലറ ജംഗമവസ്തുകള്‍ തന്നുടെ
ഡീറ്റൈല്‍‌സും ചോദിച്ചു പാവം നിന്‍‌റ്റച്ഛന്‍‌റ്റെ
ഐ.എസ്.ഡി കാശൂടെ വെറുതെ കളയണ്ട“

ഹല്ലാ പിന്നെ :)

ദൃശ്യാ... പോസ്റ്റ് & കവിത ഉഷാറായി :)