“ഈ നിമിഷം നാം മരിക്കുകയാണെങ്കില്‍, ഒന്നാലോചിച്ചു നോക്കൂ, എന്തൊക്കെയായിരിക്കും നമുക്ക് നഷ്ടപ്പെടുന്നത്?”
ഇടുങ്ങിയ ക്ലാസ്സുമുറിയില്‍ അവര്‍ മാത്രം അവശേഷിച്ചപ്പോള്‍ അവന് അവളോട് ചോദിച്ചു.
പ്രകാശം തത്തി കളിക്കുന്ന കണ്ണുകളോടെ അവള് പറഞ്ഞു.
“മരണത്തെ കുറിച്ചേ നിനക്ക് പറയാനുള്ളൂ…?”
“മരണം സുന്ദരമല്ലേ? അതല്ലേ ഏറ്റവും സുന്ദരമായ കാല്പനികാനുഭവം? ദൈവം ക്രൂരനാണ്. അവന് മനുഷ്യര്‍ക്ക് ആ അനുഭൂതി നല്‍കിയില്ല.”
“ദൈവത്തെ പഴിക്കരുത്. ആ അനുഭൂതിക്കായ് ദൈവവും കൊതിക്കുകയാവും.”
“ദൈവത്തിനും മോഹഭംഗങ്ങള്‍, അല്ലേ?”
“വിഷമിക്കണ്ട. മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹത്തീരങ്ങള്‍ വിളിക്കും എന്ന് മുന്‍പോരാള്‍ പാടിയിട്ടുണ്ട്.”
“തുടങ്ങി നീ അല്ലെ?”
അവന് എപ്പോഴും ഒരു കാര്യത്തില്‍ അവളോട് പരിഭവിക്കുന്നു. അവന് കവിതകളെ സ്നേഹിക്കുന്നു, അവള് പഴയ സിനിമാഗാനങ്ങളേയും. അവള് അതിനെ ‘സംഗീതത്തിന്റ്റെ മാസ്മരികത സ്പര്‍ശിച്ച കവിതകള്‍‘ എന്ന് വിളിക്കുമ്പോള്‍ അവന് അതംഗീകരിക്കാറില്ല. പക്ഷെ അവനും അവയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എങ്കിലും അവന്റ്റെ മനസ്സില്‍ കവിതകള്‍ക്കായിരുന്നു എന്നും സ്ഥാനം.
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കവിതകള്‍!
ജീവിതത്തെ, അതിന്റ്റെ മൂല്യത്തെ, അതിന്റ്റെ നിസ്സാരതയെ, ഭാവതലങ്ങളെ എല്ലാം ഉള്‍കൊള്ളുന്ന കവിതകള്‍!
അവള്‍ക്കത് ‘ദഹിച്ചിരുന്നില്ലെങ്കിലും‘ അവനിലൂടെ അവളും അവയെ ഇഷ്ടപ്പെട്ടിരുന്നു.
“നാം മരിച്ചു കൊണ്ടിരിക്കും തോറും ഈ ഭൂമി കൂടുതല്‍ സുന്ദരമായി കൊണ്ടിരിക്കുകയാണ്. “
“നാം മരിക്കാതിരിക്കട്ടെ.”
അവര്‍ കമിതാക്കളാണെന്ന് തെറ്റിദ്ധരിക്കരുതേ!
അത് സത്യമല്ല, അസത്യവുമല്ല!
(ചില കാര്യങ്ങള്‍ അങ്ങനെയാണല്ലോ? ചിലപ്പോള്‍ സത്യം, ചിലപ്പോള്‍ അസത്യം! ലോകത്തില്‍ ഒന്നും സത്യമായ് നിലകൊള്ളുന്നില്ല. ഒന്നും അസത്യമായ് ഭവിക്കുന്നുമില്ല!)
ഇത് അവര്‍ പരിചിതരായിട്ട് അഞ്ചാം വര്‍ഷം.
ഈ അഞ്ചു വര്‍ഷക്കാലം അവന് അവളെ മൌനമായ് സ്നേഹിക്കുന്നു. അവള് അവനെ ഹൃദയത്തില്‍ വെച്ചാരാധിക്കുന്നു. ഒരിക്കലും ആ വിഗ്രഹത്തെ അവള് വാക്കുകളാല്‍ തകര്‍ത്തിരുന്നില്ല. അവള് സ്വതവേ മൌനിയായിരുന്നു. കണ്ണുകളില്‍ വിഷാദവും പ്രകാശവും ഇടകലര്‍ത്തിയവളായിരുന്നു. ആ വിഷാദത്തില്‍ അവന് കവിതകള്‍ കണ്ടു; ആ പ്രകാശത്തില്‍ ജീവിതവും!
ആ സ്നേഹബന്ധം ഇന്നും ആ രണ്ടു ഹൃദയങ്ങളില്‍, ഉള്ളിന്റ്റെ ഉള്ളില്‍, ഒരു നൊമ്പരമായ് അവശേഷിക്കുന്നു.
“ഇന്നു നാം പിരിയുന്നു.”
“ചിലപ്പോള്‍ എന്നെന്നേക്കുമായ് ഒരിക്കലും കാണാതിരിക്കാം. ചിലപ്പോള്‍ ഈ വിശാലമായ ലോകത്ത് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം.”
“അന്ന് നിന്റ്റെ മുഖത്ത് ഒരു പുഞ്ചിരി കരുതണേ.”
“ഈ മനസ്സില്‍ പുഞ്ചിരികള്‍ ഞാന്‍ സൂക്ഷിച്ച് വെയ്ക്കും.”
അവന് വാക്കുകള്‍ക്ക് കടിഞ്ഞാണിട്ടു. അവ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. അപകടം!
“ഏതാള്‍ക്കൂട്ടത്തിനിടയിലും നീ എന്നെ തിരിച്ചറിയുമോ?”
“ഈ കണ്ണൂകളിലെ പ്രകാശം ഞാന്‍ മറക്കുകില്ല.”
ഒന്നു നിര്‍ത്തിയിട്ടവന്‍ തുടര്‍ന്നു.
“ഞാന്‍ ഇരുട്ടിനെ ഭയക്കുന്നു.”
“പേടിത്തൊണ്ടന്‍!”
“കോമ്പ്ലിമെന്റ്റിനു നന്ദി!”
“സൂക്ഷിച്ചു വെയ്ക്കുക.”
“തീര്‍ച്ചയായും.”
അവര്‍ മൌനം പൂകി.
ഈ നിമിഷം നാം മരിച്ചാല്‍….?
ആ വാക്കുകള്‍ അവരുടെ മനസ്സില്‍ മുഴങ്ങുകയാണ്. നഷ്ടപ്പെടുന്നവ വിലപിടിപ്പുള്ളതാണോ?
ഹൃദയത്തിന്റ്റെ അടിത്താട്ടില്‍ ഒളിഞ്ഞു കിടക്കുന്ന മോഹങ്ങള്‍, അവയുടെ നൊമ്പരങ്ങള്‍…
എല്ലാം നഷ്ടപ്പെടുകയില്ലേ?
മനസ്സിലെ നൊമ്പരങ്ങള്‍ മരണത്താല്‍ മറക്കുന്നതിനേക്കാള്‍ സുഖം അവയെ താലോലിക്കുന്നതാണ്. ഹൃദയത്തിന്റ്റെ പിടച്ചിലിനുമുണ്ട് ഒരു മധുരം!
അവളുടെ കണ്ണുകളില്‍ അവന് നോക്കി. അവന്റ്റെ മനസ്സ് പിടഞ്ഞു. ആ പിടച്ചിലിന്റ്റെ നോവ് അവന്റ്റെ ഹൃദയത്തില്‍ കവിതയായി.
നിന്റ്റെ കണ്ണൂകളില്‍ കവിത വിരിയുമ്പോള്‍,
എന്റ്റെ അക്ഷരങ്ങളെ ഞാനകറ്റി നിര്‍ത്തുന്നു
കാരണം,
*‘സാഹിത്യത്തിലെ ആ ഏകാന്തപഥിക‘യെ പോലെ
ഒരു ആമയാണ് ഞാന്‍,
അംഗങ്ങള്‍ ഉള്‍ഭയത്താലുള്‍വലിയുന്ന ആമ.
അവന് നാവിനെ അടക്കി നിര്‍ത്തി.
അവളുടെയും വിചാരങ്ങള്‍ അതു തന്നെയാണെന്ന് അവനറിഞ്ഞിരുന്നില്ല. അവനങ്ങനെ വിചാരിക്കുമെന്നു അവള് കരുതിയതുമില്ല!
മണിയടിശബ്ദം വരാന്തയിലൂടെ അവര്‍ക്കരികിലെത്തി.
അവന് എഴുന്നേറ്റു.
അവള് കസേരയില്‍ ഒന്നു കൂടി അമര്‍ന്നിരുന്നു.
“വരട്ടെ.”
“കഴിഞ്ഞാല്‍, ഇനിയും കാണാം.”
“ഈശ്വരഹിതം!”
“കവിതകളെഴുതുക. താളുകളില്‍ സൂക്ഷിക്കാതെ അവയ്ക്ക് ശാപമോക്ഷം നല്‍കുക.”
കണ്ണുകളാല്‍ വിട ചൊല്ലി അവന് തിരിഞ്ഞു നടന്നു.
അവന്റ്റെ നോട്ടത്തില്‍ നിന്നൊഴിഞ്ഞു മാറി അവള് കസേരയില്‍ നിന്നെഴുന്നേറ്റു.
അവന് വാതില്‍ കടന്ന് തിരിഞ്ഞപ്പോള്‍ അവള് എതിര്‍വശത്തേക്ക് നടന്നു.
ഒരു വിളിക്കായ് കാതോര്‍ത്ത് ഇരുവരും നടന്നകലുമ്പോള്‍ ചക്രവാളത്തില്‍ ഒരു പുഷ്പം മെല്ലെ കൊഴിയുന്നു!
---------------------------------------------------------------------
*രാജലക്ഷ്മിയുടെ ‘നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന കവിതയെ കുറിക്കുന്നു
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago
10 comments:
അറിയാതെ വിടര്‍ന്ന് പറയാതെ പൊഴിയുന്ന പ്രണയം ഹൃദയത്തിന്റ്റെ പിടച്ചിലാണ്.
ആ പിടച്ചിലിന്റ്റെ നൊമ്പരപ്പാട് നിങ്ങള്‍ക്കായ് - പറയാതെ...
സസ്നേഹം
ദൃശ്യന്‍
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെങ്കില്‍
അത്രമേല്‍ ഭ്രാന്തനുമായിരുന്നു
അത്രക്കനാഥമായെന്റെ സ്നേഹം
പിന്നെ അത്രക്കകന്നുപോയ് നമ്മള് രണ്ടും
(ഓറ്മ്മയില് നിന്നാണെ.. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക..)
നല്ല കഥ.. പറയാത്ത പ്രണയം പറയാനാണോ... ഇത്രനാള്‍ ഒന്നും പറയാതിരുന്നെ...?
കൊള്ളാം.:)
പറയാതെ പറഞ്ഞത് നന്നായിട്ടുണ്ട്.
പ്രണയം...പരീക്ഷണം...പരീക്ഷ...
ഒടുവില്‍, ജയിച്ചോ തോറ്റോ, ജയിപ്പിച്ചോ തോല്പ്പിച്ചോ എന്നറിയാതെ മറഞ്ഞ് പോകുന്നു.
ദൃശ്യാ... നന്നായിരിക്കുന്നു... ഈ പറയാതെ പറഞ്ഞത് :)
മാളൂസേ, ഇത്തിരി കാലം നല്ല തിരക്കായിരുന്നു, അതാ കാണാഞ്ഞേ. എവിടുന്നാ ഈ കവിത?
നന്ദി വേണു.
സൂ, പരീക്ഷയും പരീക്ഷണവും പ്രണയത്തിന്റ്റെ അനുബന്ധഘടകങ്ങളാണ്. പരീക്ഷയും പരീക്ഷണങ്ങളും കാലക്രമേണ ക്ഷയിച്ചുപോകുന്നെങ്കിലും പ്രണയം മറയാതെ നിലനില്ക്കുന്നു- ഒരു വിങ്ങലായോ കുറേ ഓര്മകളായോ അതു നമ്മില്‍ തന്നെ കുടിയിരിക്കുന്നു.
അഗ്രജാ, നന്ദി.
പറയാത്ത പ്രണയത്തിന്റ്റെ നൊമ്പരം വന്നു വായിച്ച് കമന്റ്റാതെ പോയവര്‍ക്കും നന്ദി.
സസ്നേഹം
ദൃശ്യന്‍
“മനസ്സിലെ നൊമ്പരങ്ങള്‍ മരണത്താല്‍ മറക്കുന്നതിനേക്കാള്‍ സുഖം അവയെ താലോലിക്കുന്നതാണ്. ഹൃദയത്തിന്റ്റെ പിടച്ചിലിനുമുണ്ട് ഒരു മധുരം!“ -- പ്രണയത്തിന്റ്റെ ഇത്തിരി നൊമ്പരപാട് ഒത്തിരി നന്നായിട്ടുണ്ട്. കാണാതെ, പറയാതെ പോവുന്ന ഇത്തരം പ്രണയങ്ങള്‍ ഒട്ടുമിക്ക പേരുടെയും ജീവിതത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംഭാഷണങ്ങളും അവതരണവും ഇഷ്ടമായി.
അണോണിമസ്സേ,
വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. കാണാതെ, പറയാതെ പോവുന്ന ഇത്തരം പ്രണയങ്ങള്‍ ഒട്ടുമിക്ക പേരുടെയും ജീവിതത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ എനിക്കും സംശയമില്ല.
സസ്നേഹം
ദൃശ്യന്‍
പറയാതെ പറയുന്നത് നന്നായി
ഇനിയും പറയണേ...
ഷാന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സസ്നേഹം
ദൃശ്യന്‍
Post a Comment