Tuesday, April 29, 2008

ടിഫിന്‍ കാരിയര്‍

ഒക്ടോബര്‍ 16. പകല്‍ നേരം.
ആകാശം മുട്ടും വിധം ഉയര്‍ന്ന് നില്‍ക്കുന്ന ആ വെളുത്ത വീട്ടിന്റെ ഉമ്മറത്ത് അവരെ എത്തിച്ച ശേഷം വെളുത്ത ആഢംബരകാറുകള്‍ തിരിച്ച് പോയി. അവര്‍ ഒരേ രാജ്യത്ത് നിന്ന് വന്നവരായിരുന്നു. എല്ലാവരും മുന്‍പ് കണ്ടിട്ടുള്ളവര്‍, അവരവരുടെ പ്രവൃത്തിതലങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവര്‍. നിറഞ്ഞ പുഞ്ചിരിയുമായ് അവര്‍ പരസ്പരം ഹസ്തദാനം ചെയ്തു. ഉപചാരവാക്കുകള്‍ കൈമാറിയ ശേഷം, ഇനിയുള്ള ഒരാഴ്ച തങ്ങള്‍ മാത്രമുള്ള കെട്ടിടത്തിന്റെ സുഭിക്ഷതയിലേക്ക് അവര്‍ ആവേശപൂര്‍വ്വം നടന്ന് കയറി.

ഒരു വലിയ നീലത്തടാകം പോലെയുള്ള സ്വിമ്മിംഗ്‌പൂളിലും കരയിലുമായ്, തമാശകള്‍ പറഞ്ഞും പരസ്പരം കുശലാന്വേഷണം നടത്തിയും, അവര്‍ പകല്‍ മുഴുവന്‍ ചിലവഴിച്ചു. ചൂടു കുറഞ്ഞ സൂര്യന്റെ കീഴില്‍ സംസാരിക്കാന്‍ ചൂടുള്ള വിഷയങ്ങള്‍ ഒരുപാടുണ്ടായിരുന്നു അവര്‍ക്ക്. അവിടെ അവരെ ശല്യപ്പെടുത്താന്‍ ആതിഥേയനോ സഹായികളോ പരിചാരകരോ എന്തിന് ഒരു ഫോണ്‍ പോലുമില്ല എന്ന ചിന്ത അവരുടെ ഉള്ളിലെ ഉല്ലാസികളെ സന്തോഷചിത്തരാക്കി. നീണ്ട താടിയുള്ള ചിലരുടെ താടിരോമങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്ന് നേരിയതായ് മാറി. മുഖക്ഷൌരം ചെയ്തവരുടെ കവിളുകള്‍ക്ക് വെയില്‍ തിളക്കമേകി. തങ്ങളുടേത് മാത്രമായ ഒരു ലോകത്തിന്റെ സ്വകാര്യത അവര്‍ മതി മറന്ന് ആഘോഷിച്ചു.

മണിക്കൂറുകള്‍ നീണ്ട കളിചിരികള്‍ക്കിടയിലെപ്പോഴോ അവര്‍ വിശപ്പറിഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ മുന്‍‌കൂട്ടി ചോദിച്ചറിഞ്ഞ ആതിഥേയന്‍, ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ള ഭക്ഷ്യവിഭവങ്ങളും മറ്റ് അവശ്യസാധനങ്ങളും‍ മുറിയില്‍ ഒരുക്കിയിട്ടുണ്ടാവുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. കൃത്രിമജലാശയത്തിലെ കേളികളവസാനിപ്പിച്ച്, സ്വീകരണമുറിയിലെ മേശവലിപ്പില്‍ നിന്ന് താക്കോലെടുത്ത് അവര്‍ തങ്ങളുടെ മുറികളിലേക്ക് നീങ്ങി. വലിയ ആ കെട്ടിടത്തിലെ ഒരു നില മുഴുവന്‍ ഒരു മുറിയായിരുന്നു. അവിടെ തങ്ങള്‍ ആവശ്യപ്പെട്ടതിലും ആഗ്രഹിച്ചതിലും കൂടുതല്‍ സ്വകാര്യതയും സൌകര്യങ്ങളുണ്ടായിരുന്നു എന്നത് അവരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ ആതിഥേയന്റെ കാരുണ്യത്തിലും സ്നേഹത്തിലും അവര്‍ക്ക് സന്തോഷം തോന്നി.

അകത്തെ ഒരു മുറിയില്‍, വലിയ തീന്‍മേശയുടെ നടുക്ക് ഒരു വലിയ ടിഫിന്‍ കാരിയര്‍ വെച്ചിട്ടുണ്ടായിരുന്നു - അന്നത്തെ ദിവസത്തേക്കുള്ള അത്താഴം! ഓരോരുത്തരും അവരവരുടെ ടിഫിന്‍ കാരിയര്‍ കയ്യിലെടുക്കവേ, ദൂരങ്ങള്‍ക്കപ്പുറത്ത്, തന്റെ മുന്നില്‍ നിരത്തിയ മോണിറ്ററുകളില്‍ അവരുടെ ഓരോ ചലനങ്ങളും സൂക്ഷ്മം വീക്ഷിച്ച് കൊണ്ട് ആതിഥേയന്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നവര്‍ അറിഞ്ഞിരുന്നില്ല.

പത്ത് തട്ടുകളുള്ള വലിയ ഒരു ടിഫിന്‍ കാരിയറായിരുന്നു അത്. കയ്യിലെടുത്തപ്പോള്‍ അറിഞ്ഞ ഭാരം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. കസേര വലിച്ചിട്ട് തട്ടുകളോരോന്നായ് അവര്‍ തുറന്നു. മുകളിലെ തട്ട് തുറന്നപ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട മത്സ്യവിഭവം അവര്‍ കണ്ടു. അതിന്റെ മോഹിപ്പിക്കുന്ന കാഴ്ച വിശപ്പ് കൂട്ടിയതായ് അവര്‍ക്ക് തോന്നി. പിന്നീടുള്ള തട്ടുകളിലും കൊതിയൂറുന്ന ചൂടുള്ള വിഭവങ്ങള്‍ മനോഹരമായ് ഒരുക്കി വെച്ചിരുന്നു. ഒന്‍പതാമത്തെ തട്ടിലെ മധുരപലഹാരത്തിന്റെയും കീഴിലെന്തെന്ന ജിജ്ഞാസയില്‍ അവര്‍ അവസാനത്തെ - പത്താമത്തെ - തട്ട് തുറന്നു. അതില്‍ ചുവപ്പ് നിറത്തിലുള്ള ഒരു കടലാസു കഷ്ണവും കറുത്ത ഒരു പൊതിയുമാണവര്‍ കണ്ടത്. മിടിക്കുന്ന ഹൃദയത്തോടെ അവര്‍ ആ പൊതിയഴിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തീരെ, തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അവരുടെ മുന്നിലെ അഴിഞ്ഞ പൊതിയിലുണ്ടായിരുന്നത് - കറുത്ത ഒരു കൈത്തോക്ക്!

തങ്ങളുടെ ക്രമാതീതമായ ഹൃദയമിടിപ്പിന്റെ ശബ്ദം അവരുടെ കാതുകളില്‍ മുഴങ്ങി. അമ്പരപ്പോടെ അവര്‍ ആ കടലാസു കഷ്ണം കയ്യിലെടുത്തു. ശ്രദ്ധാപൂര്‍വ്വം കുറുകെ രണ്ടായ് മടക്കിയ ആ കടലാസിന്റെ അറ്റത്ത് കാണപ്പെട്ട സ്വര്‍ണ്ണവരകള്‍ മനോഹരവും തിളക്കമാര്‍ന്നതുമായിരുന്നു. വിറയ്ക്കുന്ന കൈകളോടെ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
“നിങ്ങള്‍ക്ക് ആയുധം വെറുപ്പാണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങളിലൊരാള്‍ എന്നോട് ഒരു ആയുധം ആവശ്യപ്പെട്ടിരുന്നു - അത്യന്തം പ്രഹരശേഷിയുള്ള ഒരു തോക്ക്! അതിനാല്‍, സ്വയരക്ഷയ്ക്കായ്, ഒരു ചെറിയ തോക്കെങ്കിലും നിങ്ങളുടെ കയ്യിലുണ്ടായിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. സൂക്ഷിക്കുക-നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്!!!“
ആഹാരം കൊതിച്ച് വന്ന അവരുടെ ഉള്ളില്‍ വെടിയൊച്ചകള്‍ മുഴങ്ങി. മരണമെന്ന സാധ്യത അവരുടെ മനസ്സില്‍ ഭയത്തിന്റെ വിത്തു പാകി. പുറത്തെ ശബ്ദങ്ങള്‍ നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ച് കൊണ്ട് തങ്ങളുടെ മുറിയിലെ ഏകാന്തതയില്‍‍, തീന്മേശയ്ക്ക് മുന്നില്‍, പരിഭ്രമത്തോടെ അവര്‍ ഇരുന്നു.

മോണിറ്ററുകളില്‍ അവരെ നിരീക്ഷിക്കുകയായിരുന്ന ആതിഥേയന്റെ ചുണ്ടുകളുടെ കോണില്‍ നേരിയ മന്ദഹാസം വിടര്‍ന്നു. വരാനിരിക്കുന്ന അനിവാര്യതയെ കാത്തിരിക്കുന്നതിന്റെ മുന്നോടിയായ് അയാളൊരു സിഗററ്റ് കത്തിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിലരെല്ലാം അനങ്ങി തുടങ്ങി. കരുതിയ കാലടികളുമായ് ചിലര്‍ മുറിയിലൂടെ നടന്നു. ചിലര്‍ വാതില്‍പഴുതിലൂടെ പുറത്തേക്ക് നോക്കാന്‍ ശ്രമിച്ചു. മുറിയില്‍ ജാലകങ്ങളോ ബാല്‍ക്കണികളോ ബാഹ്യലോകത്തേക്കുള്ള മറ്റു വല്ല വഴികളും ഉണ്ടോ എന്ന് അന്വേഷിച്ച് ചിലര്‍ പരാജയപ്പെട്ടു. മറ്റു ചിലര്‍ കസേരയില്‍ നിന്നും അനങ്ങിയതേയില്ല. പക്ഷെ ആരും തന്നെ മുന്‍ വാതില്‍ തുറക്കാനോ പുറത്തേക്ക് പോകാനോ തുനിഞ്ഞില്ല!

മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തങ്ങളുടെ മുന്നിലെ ആയുധമൊന്ന് തോടാന്‍ പോലും ധൈര്യപ്പെടാതെ, തീര്‍ച്ചയില്ലാത്ത തങ്ങളുടെ സ്വകാര്യതയില്‍ അവര്‍ ഭയന്നിരിക്കുന്ന കാഴ്ചയുടെ ലഹരിയില്‍ ആതിഥേയന്‍ മനസ്സില്‍ പറഞ്ഞു.
“വിത്ത് മുളച്ചിരിക്കുന്നു. ഭയം അവരില്‍ പതിയെ വേരൂന്നുന്നു. ആഹാരം മോഹിച്ച മനസ്സുകള്‍ ഇപ്പോള്‍ വെടിയൊച്ചയ്ക്കായ് കാതോര്‍ക്കുകയാണ് ! ഞാന്‍ വിജയിച്ചു !!!”

മോണിറ്ററുകള്‍ ഓഫ് ചെയ്ത് അയാള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ഒരു സിഗററ്റിനു കൂടി തീ കൊളുത്തി.

(അനിവാര്യമായ) അവസാനം:
ദിവസങ്ങള്‍ക്ക് ശേഷം ആതിഥേയന്‍ മോണിറ്ററുകള്‍ ഓണ്‍ ചെയ്തപ്പോള്‍ മുറിപ്പാടുകള്‍ ഒന്നുമില്ലാത്ത, ജീവനറ്റ അവരുടെ ശരീരങ്ങളാണ് കണ്ടത്. ഭയം നിറഞ്ഞ മനസ്സുമായ്, ഒരിക്കലും മുഴങ്ങാത്ത വെടിയൊച്ചയും കാതോര്‍ത്തിരുന്ന അവര്‍ മരിച്ചതെങ്ങനെയെന്ന് അയാള്‍ അത്ഭുതപ്പെട്ടില്ല. ഭയത്തിന് മുന്നില്‍ ഭക്ഷണത്തിന് വിലയില്ലെന്ന് അയാള്‍ എന്നോ മനസ്സിലാക്കിയിരുന്നു. ആതിഥേയന്‍ ശബ്ദമില്ലാതെ ചിരിച്ചു.

ഒന്‍പത് തട്ടുകളില്‍ പഴകിയ ആഹാരവുമായ് ടിഫിന്‍ കാരിയര്‍ തീന്‍ മേശയ്ക്ക് മുകളില്‍ തന്നെയുണ്ടായിരുന്നു, മുന്നില്‍ ഉപയോഗിക്കാത്ത കറുത്ത കൈത്തോക്കും!

5 comments:

salil | drishyan said...

ഒക്ടോബര്‍ - വിപ്ലവവും അധിനിവേശവും കയറ്റിറക്കങ്ങള്‍ കണ്ട ഈ മാസം തന്നെയാണ് ലോകഭക്ഷ്യദിനവും ആഘോഷിക്കപ്പെടുന്നത് എന്നത് യാദൃശ്ചികമാവാം. ആഹാരവും ആയുധവും ഏതൊരു ജനതയുടേയും മുന്നിലെ സമസ്യയാക്കി മാറ്റാന്‍ പോന്ന ശക്തികള്‍ എല്ലാ സംഭവങ്ങളും ഒരു പോലെ ആഘോഷിച്ച് പോരുന്നു. അവരുടെ സന്തോഷം തങ്ങളുടേതാക്കി മാറ്റി കൊണ്ട് ജനതയും ഈ ആഘോഷത്തില്‍ പങ്കു ചേരുന്നു - അനിവാര്യമായ അവസാനത്തെ കുറിച്ച് ചിന്തയേതുമില്ലാതെ!!

നിങ്ങളുടെ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കുമായ് ഒരു പുതിയ പോസ്റ്റ് കൂടി...

സസ്നേഹം
ദൃശ്യന്‍

chithrakaran ചിത്രകാരന്‍ said...

ദാര്‍ശനിക ഉള്‍ക്കഴ്ച്ചയോടെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സൃഷ്ടികൂടിയായി ടിഫിന്‍ കാരിയര്‍ വിലയിരുത്തപ്പെടുമ്പോള്‍ കഥക്ക് മഹത്വമുണ്ടാകുന്നു.
അതെ, ഏതു സാഹിത്യ-കലാ രൂപത്തിലൂടേയാണെങ്കിലും സാമൂഹ്യമായ ഇടപെടല്‍ കാലം ആവശ്യപ്പെടുന്നു.
നന്നായിരിക്കുന്നു ആ ശ്രമം.

കണ്ണൂരാന്‍ - KANNURAN said...

കഥാ പാത്രങ്ങളുടെ ഭീതി വായനക്കാരനിലേക്കും സംക്രമിക്കുന്നത് അത്ഭുതത്തോടെയാണ് ഞാനറിഞ്ഞത്. അതിശക്തമായ കഥ, അടുത്ത കാലത്തു വായിച്ച ഏറ്റവും നല്ല രാഷ്ട്രീയ കഥ. ശക്തമായ തിരിച്ചു വരവായിത്.

ഇട്ടിമാളു അഗ്നിമിത്ര said...

മനുഷ്യനെ പേടിപ്പിക്കുന്നൊ...

ഇതിലും ഭേദം പട്ടിണികിടക്കുന്നതാ..

salil | drishyan said...

ചിത്രകാരാ, വളരെ ശരിയാണ്‍. കാലാകാലങ്ങളായ് കാലമതാവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു, ആവശ്യപെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും - നാമെത്ര ഒഴിഞ്ഞ് മാറിയാലും. ഭക്ഷണവും ആയുധവും തമ്മിലുള്ള ഈ അനാശാസ്യബന്ധം - ഈ സ്ഥിതിവിശേഷം - തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

കണ്ണൂരാനേ, നല്ല വാക്കുകള്‍ക്കും വായനയ്ക്കും നന്ദി.

മാളൂസേ,
അങ്ങനെ പറയല്ലേ, അനുഭവിച്ചിട്ടില്ലെങ്കിലും അനുഭവിച്ചവര്‍ പറഞ്ഞറിഞ്ഞത് ഈ പട്ടിണി അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാ..

സസ്നേഹം
ദൃശ്യന്‍