Wednesday, December 17, 2008

സമയം തിരയുന്നവന്‍

ഒരു ദിവസത്തില്‍ ‘എന്റെ സ്വന്തം’ എന്ന് തോന്നുന്ന എത്ര നിമിഷങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍? രാവിലെ ഉറക്കമെഴുന്നേറ്റ് രാത്രി ഉറങ്ങുന്നത് വരെയുള്ള നിമിഷങ്ങള്‍ പലര്‍ക്കുമായ് ഓഹരി വെച്ച് നാം ജീവിക്കുന്നു. ഉറങ്ങുന്ന നിമിഷങ്ങള്‍ നാമറിയാതെ കടന്നു പോകുന്നു. മനസ്സിലിട്ട് തട്ടി കളിക്കാന്‍, ഇല്ലാത്ത മധുരം നുണയാന്‍ വല്ലപ്പോഴും അവ നമുക്ക് സ്വപ്നങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ അല്ല. രാത്രിയിലും ഉറക്കമില്ലാത്തവരുടെ കാര്യം അതിലും കഷ്ടമാണ്. ഇരുട്ടിലൊളിച്ച് കളിക്കുന്ന കൂര്‍ക്കം വലികളും തിരിയലും മറിയലുകളുമെല്ലാം വിഷമത്തിന്റെ കാഠിന്യം കൂട്ടുന്നു. ഉറക്കത്തിന് വേണ്ടിയുള്ള ആ കാത്തിരിപ്പിനില്ല തെല്ലും കാല്പനികത!
പണ്ടൊക്കെ - സൂക്ഷം പറഞ്ഞാല്‍ ഉദരനിമിത്തം നാട് വിടുന്നതിന് മുന്‍പെല്ലാം - എനിക്ക് ഒരുപാട് സമയമുണ്ടായിരുന്നു.

ഉത്സവപറമ്പുകള്‍ മേയാന്‍,
കൂട്ടുകാരുടെ വീടുകള്‍ തെണ്ടാന്‍,
സിനിമകളും നാടകങ്ങളും കാണാന്‍,
വായനശാലയുടെ ഇരുട്ടില്‍ മദ്യം നിറഞ്ഞ പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ വായിലേക്ക് കമിഴ്ത്താന്‍,
തിരുവാതിരരാത്രികളില്‍ പൊറാട്ടിന് പോയപ്പോള്‍ തഹസില്‍ദാരുടെ വീട്ടിലെ നായ പിന്നാലെ പാഞ്ഞത് പറഞ്ഞ് ചിരിക്കാന്‍,
ചെറിയമ്മ പൊതിഞ്ഞ് തന്ന ചോറും കൂട്ടാനും കൊണ്ട് ഫിലിം ഫെസ്റ്റിവുകള്‍ക്ക് പോയി ഡെലിഗേറ്റുകള്‍ക്കിടയില്‍ ഭാവിയിലെ തന്നെ തിരയാന്‍‍,
മനസ്സില്‍ തികട്ടി വന്ന ചോദ്യം ചോദിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പോരായ്മ അനുവദിക്കാഞ്ഞ ഓപ്പണ്‍ ഫോറങ്ങളില്‍ പങ്കെടുക്കാന്‍,
ഒരു സിനിമ കഴിഞ്ഞ് അടുത്തേത് തുടങ്ങുമ്പോഴേക്ക് തിയറ്ററുകളുടെ ഇടയിലെ ദൂരം ഓടി തീര്‍ക്കാന്‍,
കണ്ണുകള്‍ തിരുമ്മി കൊണ്ട് പാടു പെട്ട് വായിച്ച സബ്‌ടൈറ്റിലുകള്‍ വെറുതെ മനസ്സിലുരുവിടാന്‍,
എനിക്ക് സമയമുണ്ടായിരുന്നു.

ചന്ദ്രികയുടെ മുഖത്തിന് മാത്രം മാറ്റുമുണ്ടാകുന്ന രമണന്റെ പുനര്‍വായനകള്‍ക്ക്,
നൊമ്പരമുണര്‍ത്തുന്ന പഴയ പ്രണയകഥയിലെ നായികയെ കാണുമോ എന്ന് ഉത്കണ്‌ഠാപൂര്‍വ്വം തിരയാനായ് മാത്രം നടത്തുന്ന ബസ്സ് യാത്രകള്‍ക്ക്,
പാരഡൈസിലെ പൊറാട്ടയിലും ബീഫ് കറിയിലും സംതൃപ്തിയടയുമായിരുന്ന പാര്‍ട്ടികള്‍ക്ക്,
കേള്‍ക്കാത്ത ദേശത്തെ കാണാത്തെ മനുഷ്യരുടെ ദുരിതങ്ങളില്‍ ഹൃദയം പിടയുന്ന നിമിഷങ്ങള്‍ക്ക്,
എഴുതിയ കഥ ഇക്കുറി വരുമോ എന്ന് ആധിയോടെ ബാലപംക്തിയിലൂടെയുള്ള കണ്ണോട്ടത്തിന്,
എനിക്ക് സമയമുണ്ടായിരുന്നു.
ആ സമയമെല്ലാം എന്റേതായിരുന്നു!

ഇങ്ങനെയെല്ലാം ചിന്തിച്ച് കാടു കയ്യറിയപ്പോഴാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ കണ്ടെത്തെണം എന്ന് തോന്നിയത്. അത്‌ഭുതം, അധികം വിഷമമില്ലാതെ കണ്ടെത്തുകയും ചെയ്തു.
ഓഫീസ് കാബിനുള്ളിലെ നിമിഷങ്ങള്‍!
അത് മാത്രമാണ് എനിക്ക് എന്തെങ്കിലും സ്വന്തമായ് ആലോചിക്കാന്‍, വായിക്കാന്‍, മനസ്സിന്റെ നൂലൂരി വിട്ട് വെറുതെയിരിക്കാന്‍ കിട്ടുന്ന അപൂര്‍വ്വനിമിഷങ്ങള്‍.
ആ സമയം നീട്ടികിട്ടാന്‍ എന്നെ സഹായിക്കുന്ന ട്രാഫിക്ക് ജാമുകളെ ഞാന്‍ സ്നേഹിക്കുന്നു.
അര്‍ദ്ധനിമിഷം പോലും കാത്ത് നില്‍ക്കാന്‍ ക്ഷമയില്ലാതെ ഇടയിലൂടെ കയറി അത്തരം ബ്ലോക്കുകളെ ഊരാകുടുക്കുകളാക്കുന്ന യാത്രികരെ ഞാന്‍ ഇഷ്ടപ്പെടുന്നു.
മുന്നില്‍ കാണുന്ന താന്തോന്നിത്തരങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് പുകയില്‍ നിന്ന് തന്റെ നാസികകളെ സംരക്ഷിക്കാന്‍ പാടു പെടുന്ന പാവം ട്രാഫിക്ക് പോലീസുകാരനെ ഞാന്‍ ബഹുമാനിക്കുന്നു.
അവരെല്ലാം എനിക്കായ് എന്റേതായ ചില നിമിഷങ്ങളെ സമ്മാനിക്കുന്നു
ഇപ്പോള്‍ ഞാന്‍ വീണ്ടും എന്റെ സമയത്തിന് ഉടമയായിരിക്കുന്നു, ഇത്തിരി നേരത്തേക്കെങ്കിലും!
നന്ദി!!

സസ്നേഹം
ദൃശ്യന്‍

8 comments:

salil | drishyan said...

ഒരു ദിവസത്തില്‍ ‘എന്റെ സ്വന്തം’ എന്ന് തോന്നുന്ന എത്ര നിമിഷങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍? ഇങ്ങനെ ചിന്തിച്ച് കാടു കയ്യറിയപ്പോഴാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ കണ്ടെത്തെണം എന്ന് തോന്നിയത്. അത്‌ഭുതം, അധികം വിഷമമില്ലാതെ കണ്ടെത്തുകയും ചെയ്തു.

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

വളരെ ശരിയാണ് മാഷേ. പണ്ട് എല്ലാത്തിനും ഇഷ്ടം പോലെ സമയമുണ്ടായിരുന്നു...

ഇട്ടിമാളു അഗ്നിമിത്ര said...

വെറുതെ മനുഷ്യനെ വട്ടാക്കാണല്ലെ.. എനിക്ക് എന്റെന്ന് പറയാന്‍ ഇപ്പൊ ഏതാ സമയം ഉള്ളതെന്ന് ആലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല..

എന്നാലും ഉള്ളത് പറയാലൊ.. ട്രെയിന്‍ യാത്രകളിലെ ഒറ്റപെടുന്ന സമയങ്ങള്‍ തന്നെയാണ് എനിക്ക് എന്റേതു മാത്രമായി തോന്നാറ്.. ആള്‍കൂട്ടത്തില്‍ തനിയെ.. (സിനിമയുടെ പേരല്ല)

Anonymous said...

പോസ്റ്റ് വായിക്കുമ്പോള്‍ എന്‍റെ ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് ചിന്തപോയി, അറിയാതെയാണെങ്കിലും. വര്‍ത്തമാനകാലം നമ്മുടേതല്ലാത്തതുപോലെയാണ് നമുക്ക് പലപ്പോഴും അനുഭവപ്പെടാറ്. ഒരു പത്ത് വര്‍ഷത്തിന് ശേഷം ഇക്കാലഘട്ടം മഹനീയമാണെന്ന് ഒരു പക്ഷേ നാം കരുതിയേക്കാം. അന്നും നാം ഇതുപോലെ പോസ്റ്റിടും. അതിനാല്‍ എനിക്ക് തോന്നുന്നത് സമയത്തിന്‍റെ ഗതിവിഗതികളെ കുറിച്ച് അമിതമായി ആകുലപ്പെടേണ്ടന്നാണ്.

വല്യമ്മായി said...

ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുള്ളത് :)

smitha adharsh said...

ശരിക്കും അതെ....ഒന്നിനും സമയം തികയാതെ ആയിരിക്കുന്നു...

Nithyadarsanangal said...

വളരെ ശരിയാണ് മാഷേ...
ഇപ്പോള്‍ എല്ലാവര്‍ക്കും തിരക്കാണ്‌...
സ്വന്തമെന്ന് പറയാന്‍ അല്‍പ്പം പോലും സമയമില്ല... മറ്റുള്ളവരെ സഹായിക്കാനുമില്ല സമയം...
എന്തോ, ഒത്തിരി ചിന്തിപ്പിച്ചു.

മുസ്തഫ|musthapha said...

നന്ദി മാഷെ,
സമയമുണ്ടായിരുന്ന ആ സമയങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചതിന്...
അന്വേഷിച്ചപ്പോള്‍ എനിക്കും കാണാനാവുന്നുണ്ട് സ്വന്തമായ നിമിഷങ്ങളെ :)