Thursday, January 25, 2007

കാക്കത്തൊള്ളായിരം കുന്നിക്കുരു-2

(ഒന്നാം ഭാഗം: http://chinthukal.blogspot.com/2007/01/1.html)

Click here to download the PDF version of this post

പിറ്റേന്ന് നരന്‍ നേരത്തെ ഓഫീസില്‍ നിന്നു വന്നു. പതിവിലും നേരത്തെ അത്താഴം കഴിച്ച് ഉമ്മറത്ത് വന്നിരുന്നു. സായ മോളെ ഉറക്കിക്കിടത്തി, അടുക്കളപ്പണിയെല്ലാം സാവധാനം തീര്‍ത്ത് ഉമ്മറത്തെത്തി, തൂണും ചാരിയിരിക്കുന്ന നരന്‍‌റ്റെ മടിയില്‍ കിടന്ന് പറഞ്ഞു തുടങ്ങി.

പിന്നീടവര്‍ ദിവസവും കാണുമായിരുന്നു. കോളേജില്‍ നിന്നിറങ്ങുമ്പോഴൊക്കെ അവളുടെ നോട്ടം അവന്‍‌റ്റെ പാന്‍ ഷോപ്പിലേക്ക് അറിയാതെ നീളും. അവിടെ സിഗററ്റും പുകച്ചിരിക്കുന്ന കോളേജ്‌കുമാരന്മാര്‍ ആ നോട്ടം തന്താങ്ങള്‍ക്കാണെന്നു പറഞ്ഞു കലഹിക്കും. ഈ സംഭവങ്ങളുടെയൊന്നും അര്‍ത്ഥമറിയാതെ അവന്‍ മിഴിച്ചിരിക്കും. ആ കൊല്ലം മുഴുവന്‍ ഈ സംഭവപരമ്പര തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവം വന്നു. അവള്‍ കഥാരചനയിലും കവിതാരചനയിലും പങ്കെടുത്തു. അയാള്‍ അവരുടെ കോളേജിന്‍‌റ്റെ നാടകം സംവിധാനം ചെയ്തു. അവള്‍ അവസാനദിവസം വരെ കാത്തിരുന്നു. സമാപനചടങ്ങുകള്‍ക്ക് പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിക്കാനായ് അവള് പുറത്തുപോയി‍. ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍! അവര്‍ അതേ ഐസ്ക്രീം പാര്‍ലറിലെ അതേ മുറിയില്‍ രണ്ട് ഫ്രൂട്ട്സലാഡും കഴിച്ചിരുന്നു.

"ഇനിയെന്തെങ്കിലും വേണൊ?" - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
മൌനം.

"ഇഷ്ടമാണൊ എന്നു ചോദിക്കുന്നില്ലേ...?"
അവള്‍ ചോദിച്ചു.
അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
"എന്താ ചോദിക്കുന്നില്ലേ?"
"കുട്ടിക്കെന്നെ... ഇഷ്ടമാണോ?"
"അതെ!!!"
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
അവര്‍ ഒരുമിച്ച് പുറത്തേക്കിറങ്ങി.

നരന് ദേഷ്യം വന്നു.
"എന്നാല്‍ പിന്നെ ഇതാദ്യമേ പറഞ്ഞാ പോരേ?"
"അപ്പോള്‍ അവള്‍ക്ക് പറയാന്‍ തോന്നിയില്ല. അത്ര തന്നെ!"
സായ പ്രതിരോധിച്ചു.
"പിന്നെ ഒരു കൊല്ലം കഴിഞ്ഞ് പറയാന്‍ തോന്നിയതോ?"
"അതിനു പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടായേക്കാം. അവള്‍ക്ക് മാത്രമറിയുന്ന ഒന്ന്."
[ഇനി കാരണങ്ങളൊന്നുമില്ലെങ്കിലും ഞാനത് അവളെ കൊണ്ട് ഇന്നലെ പറയിപ്പിക്കുമോ നരാ... പറഞ്ഞിരുന്നെങ്കില്‍ നീ ഇന്നു നേരത്തെ ഓഫീസില്‍ നിന്നു വരുമായിരുന്നോ? പെണ്ണുങ്ങളുടെ മനസ്സില്‍ മാത്രമല്ല, ബുദ്ധിരാക്ഷസന്മാരെന്ന് നടിക്കുന്ന ഐ.ടി.കാരന്‍‌റ്റെ ഉള്ളിലും തുടരന്‍ ആസ്വദിക്കുന്ന ഒരു ‘പൈങ്കിളി‘ മനസ്സുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലെ?]
"എന്തു കാരണം?"
"അതെനിക്കറിയില്ല, അതന്വേഷിക്കല്‍ എന്‍‌റ്റെ പണിയുമല്ല. ബാക്കി കേള്‍ക്കണമെങ്കില്‍ പറയാം, ഇല്ലെങ്കില്‍ നിര്‍ത്തി പോയി കിടന്നുറങ്ങാം!"
നരന്‍ കീഴടങ്ങി. സായ തുടര്‍ന്നു.

അവര്‍ പ്രണയിച്ചു.
കടലിന്‍‌റ്റെ ആഴങ്ങളോളം ആകാശത്തിന്‍‌റ്റെ അനന്തതയോളം അവര്‍ പരസ്പരം മനസ്സു കൊണ്ടു പ്രണയിച്ചു. എങ്കിലും അവന്‍ ഇടയ്ക്കിടക്ക് അവളോട് ചോദിക്കും.
"എന്നെ ഇഷ്ടമാണോ?"
"അതെ"അവന് ആ ഉത്തരം ബോദ്ധ്യപ്പെടില്ല. അവന്‍ വീണ്ടും ചോദിക്കും.
"എത്ര ഇഷ്ടമാണ്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറയും. അവന്‍ അവളുടെ കരം കൂടുതല്‍ മുറുക്കത്തോടെ ഗ്രഹിക്കും.

ഒരു നാള്‍ അവന്‍ പറഞ്ഞു.
"എനിക്കൊരുമ്മ വേണം!"
അവന് അതൊരാഗ്രഹമായിരുന്നില്ല, ആവശ്യമായിരുന്നു.
അവള്‍ക്കത് മനസ്സിലായി.
"തന്നാല്‍ എനിക്കെന്തു പകരം തരും?"
"എന്തു വേണം?"
അവള്‍ ആലോചിച്ചു.
"കുന്നിക്കുരു."
"എന്ത്?"
"ഒരുമ്മക്ക് ഒരു കുന്നിക്കുരു!!!"
അവനാകെ തകര്‍ന്നു. വിഷമത്തോടെ ചോദിച്ചു.
"കുന്നിക്കുരുവിന് ഞാനെവിടെ പോകും?"
"അതെനിക്കറിയില്ല. പക്ഷെ അത് വേണമെങ്കില്‍ ഇതും വേണം."
അവള്‍ ശഠിച്ചു.

നാല് നാളുകള്‍ക്കു ശേഷം, അവന്‍‌റ്റെ അനിയന്‍ അവള്‍ക്ക് തിരിച്ചു നല്‍കിയ നോട്ട്പുസ്തകത്തിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു- ഇന്നു രാത്രി ഞാന്‍ നിന്‍‌റ്റെ വീട്ടില്‍ വരും, ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ്! കാത്തിരിക്കുക!!

രാത്രിയായ്. അവള്‍ പടിപ്പുരയില്‍ കാത്തിരുന്നു.
അവന്‍ വന്നു. കറുപ്പ് നിറമുള്ള ഒരു മണിച്ചെപ്പവള്‍ക്കു കൊടുത്തു.
അവളത് തുറന്നു. കുന്നിക്കുരുക്കളുടെ ചുവപ്പുനിറം അവളുടെ കവിളുകളില്‍ പ്രതിഫലിച്ചു.
"ഇതെത്രയുണ്ട്?"
അവള്‍ ചോദിച്ചു.
"കാക്കത്തൊള്ളായിരം!!!"
"അയ്യേ കള്ളം. ഇതത്രയൊന്നുമില്ല?"
"ആരു പറഞ്ഞു? സംശയമുണ്ടെങ്കില്‍ എണ്ണി നോക്കൂ."
അവള്‍ കുന്നിക്കുരുക്കള്‍ എണ്ണിത്തുടങ്ങി. പക്ഷെ, അവളത് എണ്ണിത്തീര്‍ക്കുന്നതിന് മുന്‍പേ അവര്‍ പടിപ്പുരയിലിരിക്കുന്നത് ആരോ കണ്ടു.
വീട്ടുകാര്‍ ഉണര്‍ന്നു. അവരുടെ ബന്ധം നാട്ടിലാകെ പാട്ടായി.
അവളുടെ വീട്ടുകാര്‍ ശക്തിയായ് എതിര്‍ത്തു. വഴക്കായി, കയ്യാങ്കളിയായി.
അവസാനം വേര്‍പിരിയാന്‍ അവര്‍ തീരുമാനിച്ചു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്നെ കെട്ടിപ്പിടിക്കൂ."
നരന്‍ അവളെ തന്നോടു ചേര്‍ത്തു കിടത്തി. സായ കഥ തുടര്‍ന്നു.


വീട്ടുകാര്‍ അവളെ ഒരു വിദേശവാ‍സിയായ വരനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.
കരളില്‍ കാക്കത്തൊള്ളായിരം കുന്നിക്കുരുക്കളും കൊണ്ടവള്‍ അന്യദേശത്തേക്ക് പറന്നു.
ദിവസവും ആകാശത്തുദിക്കുന്ന കുന്നിക്കുരുവും നോക്കി അവനിരുന്നു.
അവന്‍‌റ്റെ കരളിന്‍‌റ്റെ ഖജനാവില്‍ ആ കുന്നിക്കുരുക്കള്‍ അവന്‍ സൂക്ഷിച്ചു വച്ചു.

കാലം കടന്നു പോയി.
അവര്‍ക്ക് വയസ്സായി, അവരുടെ പ്രണയം കൂടുതല്‍ ചെറുപ്പവും.
അവള്‍ അമ്മയായി, അമ്മൂമ്മയായി. അവന്‍ ഭൂമിയില്‍ കൂ‍ടുതല്‍ അനാഥനായി.
വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നു-ഭര്‍ത്താവിന്‍‌റ്റെ ശേഷക്രിയ ചെയ്യാന്‍! അവനത് അറിഞ്ഞുവെങ്കിലും അവളെ കാണാന്‍ ശ്രമിച്ചില്ല. ദിവസങ്ങള്‍ക്ക് ശേഷം അവനൊരു കത്ത് കിട്ടി-ആദ്യമായ് അവള്‍ അവനായ് എഴുതുന്ന കത്ത്.
- ഇന്നു രാത്രി ഞാന്‍ ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ് കാത്തിരിക്കും!!

അവന്‍ അവിടെയെത്തിയപ്പോള്‍ അവള്‍ പടിപ്പുരയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു-കയ്യിലൊരു മണിച്ചെപ്പുമായ്!
അവര്‍ പരസ്പരം നോക്കി. വര്‍ഷങ്ങളുടെ ഇപ്പുറത്തണ് തങ്ങളെന്ന് അവര്‍ക്കു തോന്നിയില്ല.
അവന്‍ ചോദിച്ചു.
"ഇതിനിയും എണ്ണി തീര്‍ന്നില്ലേ?"
"ഞാനെണ്ണി തിട്ടപ്പെടുത്തിയതാണ്."
"എത്രയുണ്ട്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറഞ്ഞു
മൌനം.
"ഉമ്മ വേണ്ടേ?"
അവള്‍ ചോദിച്ചു. അവന്‍‌റ്റെ മുഖന്‍ പ്രകാശിച്ചു.
"അതിനായ് ഞാന്‍ എന്‍‌റ്റെ മനസ്സു നിറയെ കുന്നിക്കുരു സൂക്ഷിച്ചു വെച്ചിട്ടുണ്ട്."
"മണിച്ചെപ്പിലുള്ളത് കൂടാതെ ഇനിയുമുണ്ടോ?"
"ഉണ്ട്."
"എത്ര?"
"കാക്കത്തൊള്ളായിരം!!!"
"ഈശ്വരാ... അപ്പോള്‍ മൊത്തം എത്രയായി?"
"കാക്കത്തൊള്ളായിരവും കാക്കത്തൊള്ളായിരവും കൂട്ടിയാല്‍...?"
"കൂട്ടിയാല്‍...?"
"കാക്കത്തൊള്ളായിരം!!!!!"
അവര്‍ ചിരിച്ചു.
അവന്‍ അവളുടെ കരം ഗ്രഹിച്ചു. അവളെ തന്നിലേക്കടുപ്പിച്ചു. അവള്‍ പതുക്കെ അവന്‍‌റ്റെയടുത്ത് പറ്റിയിരുന്നു. അവന്‍‌റ്റെ ചുളിവുകള്‍ വീണ കവിളില്‍ മെല്ലെ ഒരുമ്മ വെച്ചു.
അവന്‍ എണ്ണി- "ഒന്ന്."
അവള്‍ ഒരുമ്മ കൂടി കൊടുത്തു... അവന്‍ എണ്ണി.
പ്രണയത്തിന്‍‌റ്റെ സമവാക്യങ്ങള്‍ ഇന്നേ വരെ വിശദീകരിച്ചിട്ടില്ലാത്ത ആ കൂട്ടല്‍ പ്രക്രിയ, ഒരു സംഖ്യയില്‍ നിന്ന് അടുത്ത സംഖ്യയിലേക്ക് തുടര്‍ന്നു. ഒന്നിന്‍‌റ്റെയും കാക്കത്തൊള്ളായിരത്തിന്‍‌റ്റെയുമിടയ്ക്കുള്ള ഏതോ ഒരു സംഖ്യയില്‍ അവന് എണ്ണം പിഴച്ചപ്പോള്‍, അവള്‍ അവന്‍‌റ്റെ ശരീരത്തേക്ക് കുഴഞ്ഞു വീണു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"നരന്‍ ചോദിച്ചു.
"എന്താ എന്നെ കെട്ടിപ്പിടിക്കാത്തേ?"
"ഞാന്‍ കെട്ടിപിടിച്ചിട്ടുണ്ട്."
നരന്‍ അവളെ ഒന്നുകൂടി തന്നോടു ചേര്‍ത്തു കിടത്തി.
"നല്ല കഥ."
"അതിന് കഥ തീര്‍ന്നിട്ടില്ല."
സായ കഥ തുടര്‍ന്നു.

രാവിലെ എഴുന്നേറ്റു വന്ന അവളുടെ മക്കള്‍ കണ്ടത് ഉമ്മറക്കോലായില്‍ മരിച്ചു കിടക്കുന്ന അമ്മയെയാണ്. അവര്‍ അവളെ ആ വളപ്പില്‍ തന്നെ ദഹിപ്പിച്ചു.
ചടങ്ങില്‍ അയാളും പങ്കെടുത്തു.

അന്നു രാത്രി എല്ലാരും ഉറങ്ങിയപ്പോള്‍, കയ്യിലൊരു മണിചെപ്പുമായ് അയാള്‍ പുറത്തിറങ്ങി.
പോകും വഴിയിലെല്ലാം ഓരോ കുന്നിക്കുരു നിലത്തിട്ട് കൊണ്ടയാള്‍ അവളുടെ കുഴിമാടത്തിന്നടുത്തെത്തി.

പിറ്റേന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്, അവളുടെ കുഴിമാടത്തിന്നരികില്‍ മരിച്ചു കിടക്കുന്ന അയാളെയായിരുന്നു.
ആ കുഴിമാടത്തില്‍ പൂക്കള്‍ വിരിഞ്ഞ പോലെ എണ്ണിയാല്‍ തീരാത്തത്രയും കുന്നിക്കുരുക്കളുണ്ടായിരുന്നു-കാക്കത്തൊള്ളായിരം കുന്നിക്കുരുക്കള്‍!!!


പര്യവസാനം:
നരന്‍‌റ്റെ മാറോട് ചേര്‍ന്നു കിടന്നു ഒരുറക്കം കഴിഞ്ഞെഴുന്നേറ്റ സായ ചോദിച്ചു.
"ഉറങ്ങിയില്ലേ ഇതു വരെ?"
"ഉറക്കം വന്നില്ല."
"എന്തേ?"
"ഞാനാലോച്ചിക്കുകയായിരുന്നു... ചില മനുഷ്യരെ മനസ്സിലാക്കാന്‍ എന്തു പ്രയാസമാണ്?..."
ഒരു നിമിഷാര്‍ദ്ധത്തെ മൌനത്തിന് ശേഷം, നരന്‍‌റ്റെ അഭിപ്രായത്തോട് സായ കൂട്ടിച്ചേര്‍ത്തു.
"ചില ബന്ധങ്ങളേയും...!!!"
എന്നീട്ട് സായ നരനെ തന്നാല്‍ കഴിയുന്നത്ര മുറുക്കെ കെട്ടിപ്പിടിച്ചു.

------------------ ശുഭം ------------------

6 comments:

salil | drishyan said...

ബൂലോകചങ്ങാതിമാരേ,

‘കാക്കത്തൊള്ളായിരം കുന്നിക്കുരു‘വിന്‍‌റ്റെ അവസാനഭാഗം കുറിക്കുന്നു.

കുന്നുക്കുരുവിന്‍‌റ്റെ കഥ രണ്ടായ് പകുത്ത് പറയാമെന്ന് കരുതിയത് ‘മനോരമ’ തന്ത്രം ഉദ്ദേശിച്ചിട്ടല്ല-സത്യം.
ഒന്നാമത് ദൈര്‍ഘ്യം ഇത്തിരി കൂടുതലാണെന്നതാണ്.
രണ്ടാമത്, ഇതു മുഴുവന്‍ ഒരൊറ്റയിരിപ്പിന് ഒരു പ്രത്യേക മൂഡില്‍ എഴുതിയതാണ്. ആദ്യഭാഗം പോസ്റ്റ് ചെയ്തത് ഒരു പ്രൂഫും ചെയ്യാതെയും. രണ്ടാം ഭാഗം വായിച്ചു തിരുത്തണോ എന്ന കണ്‍ഫ്യൂഷണിലായിരുന്നു കുറച്ചു നാള്‍. പിന്നെ തോന്നി ആവശ്യമില്ല, ഒരു സാദാകഥപറച്ചിലിന്‍‌റ്റെ രീതി തന്നെ അവലംബിക്കാമെന്ന്-കാരണം പാര്‍വതി സൂചിപ്പിച്ചതു പോലെ, തന്തു 70ലേതാണല്ലോ.

കുന്നിക്കുരുവിന്‍‌റ്റെ നിരാസത്തിന്‍‌റ്റെ അര്‍ത്ഥങ്ങളെ പറ്റി ചിന്തിച്ചവരെ ഞാന്‍ നിരാശപ്പെടുത്തിയോ എന്നറിയില്ല. പെണ്ണിന്‍‌റ്റെ മനസ്സിലെ ആലോചനകള്‍ ഊഹങ്ങള്‍ക്കപ്പുറത്താണെന്ന് പറയാനാണ് ഇതു കുറിക്കുമ്പോള്‍ എനിക്കു തോന്നിയത്. അതു എന്‍‌റ്റെ തോന്നല്‍. പക്ഷെ, എന്തു കൊണ്ടായിരിക്കും അവള്‍ ആദ്യം അവന്‍‌റ്റെ പ്രണയം നിരസിച്ചതെന്നതിനെ കുറിച്ചുള്ള നിങ്ങളുടെ ഊഹങ്ങളറിയാന്‍ താല്പര്യപ്പെടുന്നു.

ഇക്കാസിന്‍‌റ്റെ ചിന്ത പോയ രീതി സമ്മതിച്ചിരിക്കുന്നു. ഞാന്‍ കുറിച്ചു വെച്ചതു അവന്‍ ഊഹിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. :-)

തുറന്ന അഭിപ്രായങ്ങള്‍ക്കായ് കാത്തിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

അവള്‍ സായയുടെ കഥാപാത്രമല്ലെ .. അപ്പോള്‍ ചിന്തകളും .... ഒട്ടൊരഹന്തയോടെ അവള്‍ ഇപ്പോള്‍ ഇഷ്ടമാണെന്നു പറയും എന്നു കരുതി ചോദിക്കുമ്പോള്‍ അവള്ക്കൊരു കുത്തു കൊടുക്കാന്‍ തോന്നി.. അതായിരിക്കാം ആ പൂച്ചനിരാസം ... അപ്രതീക്ഷിതമായി, കൈവിട്ടുപോയതെന്നു തോന്നുന്നത് തിരിച്ചു കിട്ടുമ്പോള്‍ ഒരു സന്തോഷവും സുഖവുമൊക്കെയില്ലെ..

സു | Su said...

കഥ തീര്‍ന്നോ?

നല്ല കഥ. ഒരു ഉമ്മയ്ക്ക് കുന്നിക്കുരു ചോദിക്കുന്ന കാലമൊക്കെ തീര്‍ന്നു. ;)

അവസാനത്തെ നാലഞ്ച് വരികള്‍ എനിക്കിഷ്ടമായി.

salil | drishyan said...

ശരിയാണ് ഇട്ടിമാളൂസ്... അപ്രതീക്ഷിതമായി, കൈവിട്ടുപോയതെന്നു തോന്നുന്നത് തിരിച്ചു കിട്ടുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതും, കാലത്തിന് മനസ്സില്‍ നിന്നു മായ്ച്ചു കളയാനാകാത്തതുമാണ്.

സൂ, കഥ തീര്‍ന്നു. ഒരു ഉമ്മയ്ക്ക് കുന്നിക്കുരു ചോദിക്കുന്ന കാലമൊക്കെ തീര്‍ന്നു എന്നത് ശരി തന്നെ, പക്ഷെ ആ കാലം തീര്‍ത്തും മനസ്സില്‍ നിന്നു ഉപേക്ഷിക്കാത്തവര്‍ ഇന്നുമുണ്ടാകാമല്ലോ, അല്ല ഉണ്ട്? പിന്നെ ‘അവള്‍’ കുന്നിക്കുരു ചോദിച്ചത് ഉമ്മയുടെ വിലയായല്ല, ഉമ്മയുടെ ഓര്‍മ്മയ്ക്കായാണ്. പിന്നെ പണം കൊടുത്താല്‍ കിട്ടാത്തതായ് കൊണ്ടിരിക്കുന്നു നമ്മുടെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍കുന്ന പലതും!!!

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ശരിയുത്തരം പറഞ്ഞതിനു സമ്മാനം ഉണ്ടോ?

ദൃശ്യന്‍ said...

ഇട്ടിമാളൂ.. ഈ കമന്‌റ്റ് ഇപ്പോഴാണ്‍ കണ്ടത്.
ഏതു ശരിയുത്തരമാണ്‍ ഉദ്ദ്യേശിച്ചതെന്ന് മനസ്സിലായില്ലാട്ടോ... :-(

സസ്നേഹം
ദൃശ്യന്‍