Monday, January 01, 2007

അമ്മ



ചൂടും പുകയും നിറഞ്ഞോരടുപ്പിന്‍‌റ്റെ
ചോട്ടിലുരുകി ദഹിക്കുമമ്മ
വറ്റില്ലാക്കഞ്ഞിയൊഴിക്കുമ്പോഴിറ്റിടും
കണ്ണീരില്‍ മെല്ലെ ചിരിക്കുമമ്മ
ആകാശപ്പൂക്കളുണരുന്ന രാത്രികള്‍
താരാട്ടു പാടിനിറയ്‌ക്കുമമ്മ
പറയാതകലങ്ങള്‍ പൂകുന്ന കാലത്തും
ഓര്‍മ്മയില്‍ വാടാതിരിക്കുമമ്മ
സുന്ദരസ്വപ്നത്തിന്‍ പൂമുഖവാതിലില്‍
സ്നേഹത്തിന്‍ നിറവായ് നില്‍ക്കുമമ്മ
പ്രജ്ഞയിലെല്ലാം നിറയുന്ന നേരത്ത്
പ്രാണന്‍‌റ്റെ നാളമായാളുമമ്മ
തലചായ്ക്കാന്‍ മടിയേതുമില്ലെന്നറിയുമ്പോള്‍
ഓര്‍ത്തിടും നമ്മളേ നമ്മുടമ്മ!
നമ്മിലെ ജീവനേ നമ്മുടമ്മ!!!

5 comments:

salil | drishyan said...

ഈ പുതുവത്സരദിനത്തില്‍,
ആദ്യം അമ്മയെ ഓര്‍ക്കാതെ മറ്റു മുഖങ്ങള്‍ മനസ്സില്‍ തിരഞ്ഞവര്‍ക്കും,
എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടും അമ്മയെ മാത്രം ആശംസിക്കന്‍ മറന്നവര്‍ക്കും,
അമ്മയുടെ ഓര്‍മ്മകളില്‍ മനസ്സ് വിങ്ങുന്നവര്‍ക്കും,
അമ്മയെ സ്നേഹിക്കുന്ന, അമ്മ സ്നേഹിക്കുന്ന (മക്കളെ സ്നേഹിക്കാത്ത അമ്മമാരുണ്ടൊ എന്നെനിക്ക് അറിയില്ല, ഞാനിത് വരെ കണ്ടിട്ടില്ല) എല്ലാ ബ്ലോഗര്‍ക്കും
“നമ്മിലെ ജീവനേ നമ്മുടമ്മ” സമര്‍പ്പിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

Unknown said...

ദൃശ്യാ,
പോസ്റ്റുകള്‍ നന്നാവുന്നുണ്ട്. തുടരൂ... :-)

കുറുമാന്‍ said...

പുതുവത്സരമായി, അമ്മയെ അല്ല ലോകത്തെമ്പാടുമുള്ള അമ്മയെകുറിച്ച്, മാതൃസ്നേഹത്തെകുറിച്ചെഴുതിയ കവിത നന്നായി.

അഭിനന്ദനങ്ങള്‍

Mubarak Merchant said...

ദൃശ്യന്‍ വരികളിലൂടെ ഉണര്‍ത്തിയ മാതൃസ്നേഹത്തിനു മുന്‍പില്‍ പ്രണാമം.

Unknown said...

ദൃശ്യാ,
നന്ദി.
താങ്കള്‍ വന്ന് എന്റെ പോസ്റ്റിലെ കവിത ‘അമ്മയ്ക്കൊരുമ്മ’ വായിച്ചു പോയതിനല്ല ,എന്നെ വിളിച്ചു കോണ്ടു വന്ന് ഈ നല്ല കവിത കാട്ടിത്തന്നതിനു്.

എല്ലാ ജലവും കടലിലൊഴുകിച്ചേരുന്നതു പോലെ ,മക്കളായിപ്പിറന്നവരുടെയെല്ലാം സ്‌നേഹം അമ്മയാകുന്ന സ്‌നേഹസാഗരത്തില്‍ ചെന്നുചേരട്ടെ.