Wednesday, January 31, 2007

ഒരു മുലപ്പാല്‍ ചിന്ത

Click here to download the PDF version of this post

അടുക്കളഭാഗത്തെ ലൈറ്റഞ്ഞപ്പോള്‍, പേപ്പര്‍ ചുരുട്ടികൂട്ടിയുണ്ടാക്കിയ താത്കാലികആഷ്‌ട്രേയില്‍ പാതി വലിച്ചു തീര്‍ന്ന സിഗരറ്റ് കുത്തികെടുത്തി, മതിലിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, നരന്‍ സായയെ കാ‍ത്തിരുന്നു.

സാധാരണയായ് വീട്ടിലിരുന്ന് വലിക്കാത്തതാണ്. മാളുവിന്‍‌റ്റെ മുന്നില്‍ ആരും സിഗററ്റ് വലിക്കുന്നത് സായക്കിഷ്ടമല്ല. താന്‍ വലിക്കുന്നതേ അവള്‍ക്കത്ര പഥ്യമുള്ള സംഗതിയല്ല. പിന്നെ അതിരു വിടാതിടത്തോളം കാലം, തന്‍‌റ്റെ കുടി-വലി ദുശ്ശീലങ്ങളില്‍ ഇടപെടില്ല എന്ന് കല്യാണത്തിനു മുന്നേ തന്ന ഒരു വാക്കിന്‍‌റ്റെ പുറത്ത് പ്രതിഷേധിക്കാറില്ല എന്നു മാത്രം. അവളെ ശല്യം ചെയ്യാത്ത രീതിയില്‍ ദുശ്ശീലങ്ങളെ നിയന്ത്രിക്കാന്‍ താന്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷെ ഊണ് കഴിഞ്ഞൊരു വലി, പതിവിലും നീളം കൂടിയ ഈ പ്രവര്‍ത്തിദിനത്തില്‍ ആവശ്യമാണെന്നു തോന്നി. ക്ലൈന്റുമായുള്ള ടെലികോള്‍ വിചാരിച്ചതിലേറെ നേരമെടുത്തതിനാല്‍, ഇന്ന് പതിവിലും നേരത്തെ ഓഫീസിലിരിക്കേണ്ടി വന്ന സായയെ പിക്കപ്പ് ചെയ്യാനും പറ്റിയില്ല. അതു കൊണ്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തൊരു തെളിച്ചക്കുറവ്. എന്തായാലും അവള്‍ വരട്ടെ, കിട്ടാനുള്ളത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ!

നിമിഷങ്ങള്‍ കഴിഞ്ഞിട്ടും സായ ഒന്നും മിണ്ടാതെയിരിക്കുകയാണെന്ന തിരിച്ചറിവ് നരനെ അസ്വസ്ഥനാക്കി. പണി തീര്‍ത്ത് വന്ന മുതല്‍ അവള്‍ ചൂരലൂഞ്ഞാലില്‍ എന്തോ ചിന്തിച്ചിരിക്കുകയാണ്. തന്നോടുള്ള പിണക്കമാണ് കാരണമെങ്കില്‍ സംസാ‍രം തുടങ്ങേണ്ട സമയം കഴിഞ്ഞു. ഇത് വേറെന്തോ സംഗതിയായിരിക്കണം. താന്‍ തന്നെ മുന്‍‌കൈ എടുത്ത് ചോദിക്കുകയാണ് നല്ലതെന്ന് നരന് തോന്നി.
"സായാസേ, എന്തു പറ്റിയടോ തനിക്ക്? ആകെ ഒരു മിണ്ടാട്ടമില്ലാതെ...?"
ഒരു ദീര്‍ഘനിശ്വാസമായിരുന്നു മറുപടി. തന്‍‌റ്റെ ചോദ്യം അവള്‍ കേട്ടുവെന്നും മറുപടിയ്ക്കായ് അവള്‍ വാക്കുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്നും തോന്നിയതിനാല്‍ നരന്‍ മൌനവലംബിച്ചു.

ഇത്തിരി നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കു ശേഷം സായ നരനോട് ചോദിച്ചു.
"നമ്മള്‍ മാളുവിനെ വളര്‍ത്തുന്ന രീതി ശരിയാണോ നരാ...?"
തികച്ചു അപ്രതീക്ഷിതമായ ആ ചോദ്യം നരന് മനസ്സിലായില്ല. അതു കണ്ടറിഞ്ഞ സായ തുടര്‍ന്നു.
"നമ്മളവള്‍ക്ക് കൊടുക്കുന്ന അറിവുകള്‍, അവള്‍ക്കായ് ചിലവഴിക്കുന്ന സമയം, അവളുമായുള്ള സംസാരത്തിന്‍‌റ്റെ ദൈര്‍ഘ്യം എല്ലാം ... എല്ലാത്തിനെയും കുറിച്ച് വീണ്ടും നമ്മളൊന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നെന്ന് എനിയ്ക്ക് തോന്നുന്നൂ നരാ..."
സായയുടെ വാക്കുകളിലെ പരിഭ്രമം നരന്‍ തിരിച്ചറിഞ്ഞു.
"എന്തേ ഇപ്പോള്‍ നീ ഇങ്ങനെയൊക്കെ ആലോചിക്കാന്‍?"
"ഇന്ന് മോള്‍ക്ക് ഊണ് കൊടുത്ത് കൊണ്ടിരിക്കുമ്പോള്‍ അവള്‍ വെറുതേ കുറേ കാര്യങ്ങള്‍ പറഞ്ഞു. സ്കൂളിലെ വിശേഷങ്ങള്‍‍, അവള്‍ വലുതായാല്‍ എന്താവും, എന്തൊക്കെ ചെയ്യും........ ചെറിയമ്മയെ കൂട്ടി ഗുരുവായൂരില്‍ പോയി കുന്നിക്കുരുവെറ്റി കളിക്കും, അമ്മൂമ്മേനേം വല്യച്ഛനേം നല്ലോണം നോക്കും, അവര്‍ക്കു പഞ്ചസ്സാര ഇട്ട ചായ കൊടുക്കും, അവളുടെ ആയയ്ക്ക് ചുരിദാര്‍ വാങ്ങി കൊടുക്കും, നന്ദുവേട്ടനെ പോലെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കും അങ്ങനെ കുറേയേറെ കാര്യങ്ങള്‍"
"അതിനെന്താ.. അവള്‍ അങ്ങനെ ഒക്കെ ആലോചിക്കുന്നത് നല്ലതല്ലേ?"
"അതെ നരാ... നല്ലതാണ്... പക്ഷെ ഒരുപാട് വേദനയോടെ ഞാന്‍ മനസ്സിലാക്കിയത് അവളുടെ ആലോചനകളില്‍ നമ്മളില്ല എന്ന സത്യമാണ്.. ! അവള്‍ പറഞ്ഞ അവളുടെ നാളെകളില്‍ അവള്‍ നമ്മളെ ചേര്‍ക്കുന്നില്ല... തീരെ... തീരെയില്ല!! അതെന്നെ വേദനിപ്പിക്കുന്നു.. എന്നെ ഭയപ്പെടുത്തുന്നു നരാ ‍!!!"
സായ മെല്ലെ എണീറ്റ് നരന്‍‌റ്റെ അടുത്തേക്ക് വന്നു, അവന്‍‌റ്റെ അരികില്‍ ഇരുന്ന്, തോളില്‍ തല ചായ്ച്ചു.

"അവള്‍ക്കായ് നാം കണ്ടെത്തുന്ന സമയം കൂട്ടണമെന്ന് കരുതി ഞാനിരിക്കെ, മാളു ഇന്നു നടന്ന ഒരു സംഭവം കൂടി പറഞ്ഞു."
"എന്തു സംഭവം?"
മാളു പറഞ്ഞത് ഓര്‍ത്തെടുത്തു കൊണ്ട് സായ തുടര്‍ന്നു.
"ഇന്നും ഇന്നലെയും ഞാന്‍ ഓഫീസില്‍ നിന്ന് വരാന്‍ വൈകിയല്ലോ. ഇന്നലെ നരനുണ്ടായിരുന്നു. ഇന്നു നരനും തിരക്കായ് പോയി. അമ്മയ്ക്ക് കാലിലെ ആ വേദന ഇത്തിരി കൂടുതലായിരുന്നത് കൊണ്ട് അവളെ ഇന്നു പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയില്ല. അതിനാല്‍ അവളും അമ്മയും ഗെയിറ്റിന്റടുത്ത് ഇരുന്ന്, വിമല്‍ കൊണ്ടു കൊടുത്ത ആ കാറില്ലേ, അതും ഉരുട്ടി കളിക്കുകയായിരുന്നു."
"എന്നീട്ട്..?"
"അപ്പോള്‍ ഒരു മുസ്ലീം സ്ത്രീ വന്നത്രേ... കറുത്ത പര്‍ദ്ദയൊക്കെയിട്ട്..മുഖം മാത്രം കാണിച്ചു കൊണ്ട്... "
നരന്‍ മൂളി കൊണ്ടിരുന്നു.
"സക്കാത്തും ചോദിച്ചാണ് അവര്‍ വന്നത്... അമ്മയുമായ് എന്തോക്കെയോ അവര്‍ സംസാരിക്കുകയും ചെയ്തു. അവരുടെ മക്കളെ പറ്റിയും, മക്കള്‍ അവരെ നോക്കത്തതിനെ പറ്റിയുമൊക്കെ...കുറച്ച് മാളുവിന് മനസ്സിലായി, കുറേ മനസ്സിലായതുമില്ലത്രേ."
സായ ഒന്നു പറഞ്ഞു നിര്‍ത്തി, പിന്നേയും തുടര്‍ന്നു
"പിന്നെ അവള്‍ എന്നോട് ചോദിച്ചു..."
സായ പിന്നെയും ഒന്നു നിര്‍ത്തി. ഇക്കുറി ഇടവേള നിമിഷങ്ങള്‍ പിന്നിട്ടു.
"ഇതു പറഞ്ഞു കഴിഞ്ഞ് മാളു ചോദിച്ചു, എന്തിനാ അമ്മേ നമ്മള്‍ മുസ്ലീങ്ങള്‍ക്ക് പൈസ കൊടുക്കുന്നതെന്ന്? അവളുടെ ചോദ്യം കേട്ട് ഞാന്‍ അന്തിച്ച് പോയി."
അത് നരനേയും ചിന്തയിലാഴ്ത്തി. സായ തുടര്‍ന്നു.

"മതങ്ങളേയും മനുഷ്യരേയും പറ്റി അങ്ങനെ ഒരു കാഴ്ച്ചപ്പാട് അവള്‍ക്ക് കൊടുക്കാതിരിക്കാന്‍ നമ്മള്‍ നന്നേ ശ്രമിച്ചിട്ടില്ലേ നരാ... ഓണവും കൃസ്തുമസ്സും റംസാനും ഒക്കെ നമ്മള്‍ ആഘോഷിക്കാറില്ലേ? അമ്പലത്തിലും പള്ളിയിലും നമ്മള്‍ അവളെ കൊണ്ടുപോയിട്ടില്ലേ? പിന്നെ അവള്‍ക്ക് എവിടുന്ന് കിട്ടി ഈ വേര്‍തിരിവിന്‍‌റ്റെ കാഴ്ച്ചപ്പാട് ?"
സായ വിഷമത്തോടെ ചോദിച്ചു. നരന്‍ അവളെ ആശ്വസിപ്പിക്കാനായ് പറഞ്ഞു.
"സ്കൂളില്‍ വെച്ച് ആരെങ്കിലും പറഞ്ഞ് കേട്ടതാവും... അല്ലെങ്കില്‍ ഏതെങ്കിലും ടിവി പരിപാടിയില്‍ നിന്നാവാം. ഇന്നത്തെ കുട്ടികള്‍ പൊതുവേ ഇങ്ങനെയാ, ചെറിയ കാര്യങ്ങള്‍ വരെ വളരെ പെട്ടന്ന് പിടിച്ചെടുക്കും. നീ അതത്ര കാര്യമാക്കേണ്ട സായാ..."
"ശരിയായിരിക്കാം നരാ... പക്ഷെ...."
സായയുടെ വാക്കുകള്‍ ഇടറി.
നരന്‍ അവളെ തന്നിലേക്ക് ചേര്‍ത്തണച്ചു. അവള്‍ അവനോട് പറ്റിയിരുന്നു.
"നമ്മുടെ മോളുടെ ചിന്തകള്‍ നമ്മളറിയാതെ പോകരുത്. അവളുടെ വര്‍ത്തമാനത്തിലും ഭാവിയിലും നമ്മളുണ്ടാവണം. നമ്മള്‍ അവള്‍ക്കായ് കൂടുതല്‍ സമയം കണ്ടെത്തണം നരാ... ഇനിയും കൂടുതല്‍ ..."
നരന്‍ അവളെ സമാധാനിപ്പിച്ചു.
"കണ്ടെത്താം സായാ... കണ്ടെത്താം... നമുക്കൊരു രണ്ട്മൂന്ന് ദിവസത്തെ ബ്രേക്കെടുക്കാം, എങ്ങൊട്ടെങ്കിലും ഒരു യാത്ര പോകാം... നമ്മള്‍ മൂന്നു പേരും മാത്രം മതി... നമുക്കായ് മാത്രമുള്ള ഒരു യാത്ര...."
സായയുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിയുന്നത് കൌതുകത്തോടെ നരന്‍ കണ്ടു. അവന്‍ അവളെ കൂടുതല്‍ മുറുക്കത്തോടെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
"എന്നീട്ട് മോളുടെ ചോദ്യത്തിന് എന്തുത്തരം കൊടുത്തുവെന്ന് നീ പറഞ്ഞില്ല."
"ഞാന്‍ കൊടുത്ത ഉത്തരം അവള്‍ക്കു മനസ്സിലായോ എന്നെനിക്കറിയില്ല നരാ.. പക്ഷെ ഞാന്‍ പറഞ്ഞത് കേട്ടതിന് ശേഷം അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല."
"എന്തേ നീ പറഞ്ഞത്?"
"ഞാന്‍ പറഞ്ഞു - എല്ലാ അമ്മിഞ്ഞകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന്!"
സായയുടെ ചുണ്ടിലെ മന്ദഹാസം നരനിലേക്കും പടര്‍ന്നു.

പര്യവസാനം:
നാളുകള്‍ക്ക് ശേഷം, നരന്‍ നേരത്തെ ഓഫീസില്‍ നിന്ന് വന്ന ഒരു ദിവസം.
മാളുവിന്‍‌റ്റെ സ്കൂള്‍ബാഗ് തുറന്ന് ടിഫിന്‍ബോക്സെടുത്തു കൊണ്ട് സായ ചോദിച്ചു.
“ഇന്നെന്താ മാളൂ നീ ഉച്ചയ്ക്കൊന്നും കഴിയ്ക്കാഞ്ഞേ?”
മാളു ഒന്നും മിണ്ടിയില്ല.
സായ ദേഷ്യം പിടിച്ചു കൊണ്ട് അവളുടെ അടുത്തേക്കു വന്നു.
വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വെച്ച്, അമ്മയുടെയും മകളുടെയും വഴക്ക് ദൂരെ നിന്നു കണ്ട് കൊണ്ട്, നരന്‍ കസേരയില്‍ തന്നെ ഇരുന്നു.
“എന്നു മുതലാ നീ ഈ സ്വഭാവം തുടങ്ങിയേ?”
അമ്മയുടെ ഭാവമാറ്റം കണ്ട് മാളു മുഖം താഴ്ത്തി പതുക്കെ പറഞ്ഞു.
“എനിക്കു കഴിക്കാന്‍ തോന്നിയില്ല.”
“അതെന്താ നിനക്ക് തോന്നഞ്ഞതെന്ന്? ഉച്ചയ്ക്ക് മുഴുവനും കഴിക്കണംന്ന് അമ്മ പറഞ്ഞിട്ടില്ലെ?”
സായയുടെ ദേഷ്യം വര്‍ദ്ധിച്ചു.
“സോറി അമ്മേ... ഞാന്‍ ലഞ്ച് ബ്രേക്കിന് കഴിക്കാന്‍ പോകാനിരുന്നതാ... പക്ഷെ എന്‍‌റ്റെ കൂടെ വരാന്‍ പറഞ്ഞപ്പോ റസീന വന്നില്ല....”
“അതെന്താ അവള്‍ വന്നാലെ നിനക്ക് കഴിക്കാന്‍ പറ്റുള്ളൊ?”
“അതല്ലമ്മേ.. അവള്‍ക്ക് നൊമ്പാണത്രേ... അവള്‍ ഒന്നും കഴിക്കാതിരിക്കുമ്പോ കഴിക്കാന്‍ എനിക്കു തോന്നിയില്ലാ... സോറി അമ്മേ...”
സായ ഒന്നും മിണ്ടാനാകാതെ നിന്നു.
മാളുവിന്‍‌റ്റെ കണ്ണുകളിലെ നനവ് തങ്ങളിലേക്കും പടരുന്നത് നരനും സായയും അറിഞ്ഞു.

മാളുവിനെ ഉറക്കിക്കിടത്തിയതിന് ശേഷം ഉമ്മറത്തേക്ക് വന്ന സായയോട് നരന്‍ പറഞ്ഞു.
“എല്ലാ മുലകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന് അവള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നു തോന്നുന്നു, അല്ലേ സായാ...?”
സായ ചിരിച്ചു.

------------------- ശുഭം -------------------

20 comments:

ശാലിനി said...

എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്. ഈ കുടുംബത്തെ നല്ല ഇഷ്ടമായി.

salil | drishyan said...

തന്റെ കുഞ്ഞിനെ വളര്‍ത്തുന്നതിലുള്ള ഒരമ്മയുടെ വ്യാകുലത വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്‍‌റ്റെ വാക്കുകളില്‍ നിന്നു അനുഭവിച്ചറിഞ്ഞു..

ആ അനുഭവം, ചില കുഞ്ഞുങ്ങള്‍ കാണിച്ച വേര്‍തിരിവിന്‍‌റ്റെ ചില കാഴ്ച്ചപ്പാടുകള്‍, ‘എല്ലാ മുലകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന തിരിച്ചറിവ്... എല്ലാമൊന്നു ചേര്‍ന്നപ്പോളുണ്ടായ ‘ഒരു മുലപ്പാല്‍ ചിന്ത‘ നിങ്ങള്‍ക്കായ് കുറിക്കുന്നു.

വായനയും പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രതീക്ഷിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

വല്യമ്മായി said...

ഇന്നാണ് ആദ്യമായി ഇവിടെ.എല്ലാ കഥകളും വായിച്ചു.കുഞ്ഞുങ്ങള്‍ക്ക് മതമില്ല,വലിയവരാണ് അവരെ വേലികെട്ടി തിരിക്കുന്നത്.ആശംസകള്‍

Anonymous said...

ആദ്യമായാണു ദൃശ്യനെ കാണുന്നത്. ഒരുപാടു സ്പര്‍ശിച്ചു ഈ "ഒരു മുലപ്പാല്‍ ചിന്ത". ബ്ളോഗിലെ വിഷമയമായ പോസ്റ്റുകള്‍ക്കും അടിപിടികള്‍ക്കുമിടയില്‍ ഇത്തരം നല്ല സൃഷ്ടികള്‍ വായിക്കപ്പെടാതെ പോവരുത്.

ഒരുപാടിഷ്ടമായി.

Nousher

ബിന്ദു said...

വളരെ വളരെ നന്നായിട്ടുണ്ട്. നല്ലൊരു സന്ദേശം ഉണ്ടിതില്‍. മകളുടെ കാര്യത്തില്‍ വ്യാകുലപ്പെടുന്ന അമ്മയെ എനിക്ക് ശരിക്കു മനസ്സിലാവുന്നു. :)

സു | Su said...
This comment has been removed by the author.
സു | Su said...

നന്നായിട്ടുണ്ട്. അതിര്‍വരമ്പുകള്‍ ജനിക്കുമ്പോള്‍ തിരിച്ചറിയപ്പെടുന്നില്ല. പിന്നെയാണ് വിലക്കുകള്‍ വരുന്നത്. കൂട്ടുകാരനും കൂട്ടുകാരിയും തമ്മിലുള്ള വ്യത്യാസം വരുന്നത്. അമ്പലവും പള്ളിയും തമ്മിലുള്ള വ്യത്യാസം വരുന്നത്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസം വരുന്നത്. കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ഉത്തരം പറയാന്‍ വല്യവര്‍ പഠിച്ചില്ലെങ്കില്‍, കുഞ്ഞുങ്ങള്‍ നമ്മളെ ഒഴിവാക്കി ചിന്തിക്കാന്‍ തുടങ്ങും എന്ന് എനിക്ക് മനസ്സിലായി.

എന്തൊക്കെ ചോദ്യങ്ങള്‍...

അതിന് എന്തൊക്കെയാവണം ഉത്തരങ്ങള്‍...

ഞാന്‍ തല പുകച്ചുകൊണ്ടിരിക്കുകയാണ്.

ഇട്ടിമാളു അഗ്നിമിത്ര said...

അച്ഛനെയും അമ്മയേയും വേറിട്ടു ചിന്തിക്കേണ്ടതില്ലാത്തോണ്ടാവും മാളു അവരെ കുറിച്ചു പറയാതിരുന്നത്.. എന്തെ അങ്ങിനെ ആയിക്കൂടെ... ?? ഞാന്‍ കൊച്ചിലെ ഓരോന്നു ചോദിക്കുമ്പോള്‍ അമ്മ എന്നെ ഓടിക്കും .. അമ്മ അച്ചനോട് ഇതുപോലെ എന്നെ കുറിച്ചു പറഞ്ഞിരിക്കുമോ.. ആവോ.. അടുത്ത തവണ നാട്ടില്‍ പോവുമ്പോള്‍ ചോദിക്കാം ..

Peelikkutty!!!!! said...

നല്ല പോസ്റ്റ്.

സജിത്ത്|Sajith VK said...

നല്ല പോസ്റ്റ്

salil | drishyan said...

ശാലിനി: നര-സായ-മാളു കുടുംബത്തെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വായിച്ച പോസ്റ്റുകളെ പറ്റിയുള്ള അഭിപ്രായങ്ങളറിയാനാഗ്രഹിക്കുന്നു.

അനോണിമസ്സ്: താങ്കളുടെ അഭിപ്രായം വിനയപൂര്‍വ്വം ഏറ്റുവാങ്ങുന്നു. ഭൂലോകത്തിലും ബൂലോകത്തിലും നല്ലതും ചീത്തതുമുണ്ടാകും. നല്ലതും ചീത്തതും വേര്‍തിരിച്ചറിയാന്‍ നമുക്കു കഴിയട്ടേ, അല്ലേ അനോണിമസ്സേ....

വല്യമ്മായി: ദൃശ്യന്‍‌റ്റെ കുറിപ്പുകളിലേക്ക് സുസ്വാഗതം. വായിച്ചപ്പോള്‍ തോന്നിയതെന്തോ അതു പറയുക. ഏതഭിപ്രായവും നിറഞ്ഞ മനസ്സോടെ സ്വീകരിക്കപ്പെടും. :-)

ബിന്ദൂ, സന്തോഷം. വാക്കുകളിലെ ആത്മാര്‍ത്ഥതയില്‍ വളരെ വളരെ സന്തോഷം.

ഇത്തരം അഭിപ്രായങ്ങള്‍ നല്‍കുന്ന സന്തോഷവും ഊര്‍ജ്ജവും പറഞ്ഞറിയിക്കാനാവാത്തതാണ്.

സസ്നേഹം
ദൃശ്യന്‍

salil | drishyan said...

സൂ.... “അതിര്‍വരമ്പുകള്‍ ജനിക്കുമ്പോള്‍ തിരിച്ചറിയപ്പെടുന്നില്ല“-പരമാര്‍ത്ഥം!!! അതിര്‍വരമ്പേതെന്ന് നമ്മളാദ്യം തിരിച്ചറിയണം, എങ്കിലേ അതു നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ നമ്മുക്കാവൂ അല്ലേ... നമ്മുക്കെല്ലാം അതിനു കഴിയട്ടെ.... പിന്നെ, ഞാനും ഉത്തരങ്ങള്‍ മനസ്സില്‍ ചൊല്ലി പഠിക്കുകയാണ്.

ഇട്ടിമാളൂസ്... അങ്ങനെയുമാകാം.. ചെറിയ മനസ്സുകളുടെ വലിയ ചിന്തകള്‍ മനസ്സിലാക്കാന്‍ ലേശം വിഷമമാണ്. പിന്നെ അടുത്ത തവണ നാട്ടില്‍ പോയി ചോദിച്ചു കിട്ടുന്ന ഉത്തരം പറഞ്ഞു തരണേ...:-)

പീലിക്കുട്ടി, സജിത്ത്.... വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോയം.. :-)))))

സസ്നേഹം
ദൃശ്യന്‍

Anonymous said...

Hrudayathe sparsicha post..congrats.

Sameer C. Thiruthikad said...

വായിച്ചു... ഇഷ്ടപ്പെട്ടു... കൂവല്‍ സ്റ്റോറി വായിച്ചാണിവിടെ എത്തിയത്... :)

Promod P P said...

ദൃശ്യന്‍.. കഥ നന്നായിട്ടുണ്ട്
ഒന്നു കൂടെ ആറ്റിക്കുറുക്കിയിരുന്നെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നു.

ആശംസകള്‍

salil | drishyan said...

മരീചികേ,
താങ്കളുടെ വാക്കുകള്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. നന്ദി.

സമീറെ,
നേരിട്ടെങ്ങനെ ‘കൂവല്‍‌സ്റ്റോറി‘യിലെത്തി?
അവിടെ നിന്ന് ഇവിടെയെത്തി വായിച്ചഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം.

തഥാഗതാ..
വന്നു വായിച്ചു അനുഭവപ്പെട്ട അഭിപ്രായം പറഞ്ഞതില്‍ വളരെ വളരെ സന്തോഷം. ഒന്നൂടെ വായിച്ചപ്പോള്‍ എനിക്കും തോന്നി. പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ആറ്റികുറുക്കാനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്നു തീരെയുണ്ടായിരുന്നില്ല എന്നതു പരമാര്‍ത്ഥം!!! ഒരൊറ്റ ഇരുപ്പില്‍ എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്തതാണ് (തീര്‍ന്നപ്പോളേക്ക് നേരം ഒത്തിരി വൈകിയിരുന്നു, പിറ്റേന്ന് ഓഫീസുമുണ്ടായിരുന്നു!!!). എന്തായാലും ഇത് ഒന്നുകൂടി കുറുക്കാന്‍ തീരുമാനിച്ചു. :-)

Unknown said...

എനിക്കു എഴുതാന്‍ വാക്കുകളില്ല...കുട്ടികള്‍ക്കു ഇങ്ങനെ പറഞ്ഞു കൊടുക്കാന്‍‍ ഗുജറാത്തിലെയും മാറാടിലെയും അമ്മമാര്‍ക്കു പണ്ടു കഴിഞ്ഞിരുന്നെങ്കില്‍....നന്നായിരിക്കുന്നു.

salil | drishyan said...

നന്ദി മൃദുല്‍.
അമ്മയുടെ മുലപാലിലൂടെ കിട്ടുന്ന (ജനിതക)സ്വഭാവങ്ങള്‍, വളര്‍ന്നു വരുന്ന ചുറ്റുപാടുകളിലെ സമീപനങ്ങള്‍, താല്പര്യങ്ങളിലൂടെ (വായന, സിനിമ, ചര്‍ച്ചകള്‍ മുതലായവ) സ്വയം ഉണ്ടാക്കിയെടുക്കുന്ന അറിവ്... ഇതെല്ലാമാണ് ഒരു മനുഷ്യനെ (നല്ലവനോ ചീത്തവനോ, ആരുമായി കൊള്ളട്ടെ) ഉണ്ടാക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് വളരെ വളരെ വലുതാണ്. നമ്മുടെ മക്കള്‍ക്ക് നല്ല ചിന്തകളുണ്ടാകണമെങ്കില്‍, നല്ല ചിന്തകള്‍ പകര്‍ന്നു കൊടുക്കാന്‍ നമുക്കു കഴിയണമെങ്കില്‍, ആദ്യം നമുക്ക് ചിന്തിക്കാനുള്ള കഴിവുണ്ടാകണം. നമുക്കറിയാവുന്ന അമ്മമാരൊക്കെ “എല്ലാ മുലകളിലേയും പാലിന്‍ ഒരേ രുചിയും ഗുണവുമാണ്” എന്ന സത്യം അവരുടെ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനായ്‍ നമുക്ക് ശ്രമിക്കാം.

സസ്നേഹം
ദൃശ്യന്‍

Kaithamullu said...

ഇവിടെ എത്താന്‍ താമസിച്ചെന്ന തോന്നല്‍ വായിച്ചു കഴിഞ്ഞപ്പോള്‍....

-മുലപ്പാല്‍ ചിന്ത നന്നായി.
അവസാനം moral of the story എന്ന് പറയും പോലെ തോന്നിയോ?

ഇനിയും നല്ല ‘അനുഭവങ്ങള്‍’ പ്രതീക്ഷിക്കുന്നു.

ദൃശ്യന്‍ said...

കൈതമുള്ളേ,
വന്നതിനും കമന്‌റ്റിയതിനും നന്ദി.
moral of the story എന്ന് പറയും പോലെ തോന്നിക്കണം എന്ന് തന്നെ ആയിരുന്നു ഉദ്ദ്ദേശ്യം :-)

“ഒരു ITകാര‌റ്റെ സാദാ ആഗ്രഹം“ മുതലുള്ള മിക്ക പോസ്റ്റുകളിലും നരന്‍, സായാ എന്നീ കഥാപാത്രങ്ങിലൂടെ കഥകള്‍ പറയാനാണ്‍ ഞാന്‍ ശ്രമിച്ചത് അഥവാ ശ്രമിക്കുന്നത്. അതിന്‍‌റ്റെ കാരണങ്ങളിലൊന്ന് ബ്ലോഗില്‍ വരുന്ന വായനക്കാരുടെ തരത്തിലുള്ള വൈവിധ്യമാണ്. എല്ലാവരും വരികള്‍ക്കിടയിലൂടെ വായിക്കണമെന്നു നിര്‍ബന്ധമില്ലല്ലോ. ചിലപ്പോള്‍ പറയാനാഗ്രഹിച്ചത് നല്ലവിധത്തില്‍ പറയാന്‍ എനിക്ക് കഴിഞ്ഞെന്നും വരില്ല. പക്ഷെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് എല്ലാവര്‍ക്കും മനസ്സിലാകണമെന്ന ദുരാഗ്രഹം എനിക്കുണ്ടാകുന്നത് തികച്ചും സാധാരണമാണല്ലോ. അതിനാലാണ്‍ ഈ അവതരണരീതി അവലംബിച്ചത്.

നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

സസ്നേഹം
ദൃശ്യന്‍